Saturday, May 19, 2012

ബോളിവുഡ് ബൊണാന്‍സാ!




അല്ലെങ്കിലും ഈ ബോളിവുഡ് താരങ്ങള്‍ എന്നും എല്ലാവര്‍ക്കും മാതൃകയാണ്. അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അനുകരിക്കാന്‍ നമ്മള്‍ തയ്യാറാകുകയാണെങ്കില്‍ ഈ ലോകം എത്ര സുന്ദരമായിത്തീരുമെന്നതു പ്രവചിക്കാനാവില്ല. പിന്നെ, അവര്‍ ചെയ്യുന്നതു പലതും നാം മനസ്സിലാക്കുന്നില്ലെന്നുമാത്രം. കാരണം, സൂഫികളെയും യോഗികളെയും പോലെ വിചിത്രമായ രീതിയിലാണ് അവരതു ചെയ്യുന്നത്.
അല്ലെങ്കില്‍ സല്‍മാന്‍ ഖാനെ നോക്കുക. അദ്ദേഹം കൃഷ്ണമൃഗങ്ങളെ വേട്ടയാടുകയോ കൊല്ലുകയോ മറ്റോ ചെയ്തു. അതിന് ആ പാവത്തിനെ പിടിച്ച് ജയിലിലിടുകയും കുറ്റം ആരോപിക്കുകയും ഒക്കെ നമ്മള്‍ ചെയ്തു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്തത് നാം മനസ്സിലാക്കിയതില്‍നിന്നു നേരേ വിപരീതമായിരുന്നു. അദ്ദേഹം കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊല്ലുന്നതുവരെ ഈ ഇന്ത്യാമഹാരാജ്യത്ത്, കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ പാടില്ല എന്നൊരു നിയമമുണ്ടെന്നുള്ളത് അറിയാവുന്നവര്‍ വിരലിലെണ്ണാവുന്നവരായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്റെ പ്രവൃത്തിയോടെ കോടിക്കണക്കിനു മനുഷ്യരിലേക്കാണ് ആ സന്ദേശം, ആ വാര്‍ത്ത, ആ അറിവ് എത്തിച്ചേര്‍ന്നത്. അതോടെ, എത്രയോ ലക്ഷം ആളുകളായിരിക്കണം കൃഷ്ണമൃഗവേട്ടാചിന്തയില്‍നിന്ന് പിന്മാറിയത്. യഥാര്‍ത്ഥത്തില്‍ ഇതാണു ബോധവല്‍ക്കരണം എന്നു പറയുന്നത്. ഇതിനപ്പുറം ഒരു ബോധവല്‍ക്കരണമില്ല.
മറ്റൊരു അര്‍ത്ഥം കൂടി ആ മാന്‍വേട്ടയ്ക്കുപിന്നിലുണ്ട്. മറ്റാരും ആ പാവം കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊല്ലാതിരിക്കാന്‍ കൂടിയായിരുന്നു സല്‍മാന്‍മോന്‍ മാനുകളെ വേട്ടയാടിക്കൊന്നത്. ഒരിക്കല്‍ മരിച്ചാല്‍ പിന്നെ മരിച്ചെന്നുപറഞ്ഞാലും മരിക്കാന്‍ പറ്റില്ലെന്നതാണല്ലോ ആഗോളസത്യം.
അതുപോലെതന്നെയാണ് റോഡരികില്‍ കിടന്നുറങ്ങിയിരുന്നവരുടെ മേല്‍ കാര്‍ കയറ്റിക്കൊന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബോധവല്‍ക്കരണപരിപാടിയും. വഴിയരികില്‍ കിടന്നുറങ്ങിയാല്‍, മദ്യപിച്ചു വണ്ടിയോടിക്കുന്നവര്‍ നിങ്ങളെ ഇടിച്ചുകൊല്ലാനിടയുണ്ട് എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം എന്തൊരു വിജയമാണു സാധിച്ചെടുത്തത്. അതിനുപുറമേ, വഴിയരികില്‍ കിടന്നുറങ്ങുന്നവരെപ്രതി ധാരാളം ആളുകളില്‍ ഒരു അനുതാപമുണര്‍ത്താനും ഏതല്‍പ്രവൃത്തിയാല്‍ സാധിതമാകുകയുണ്ടായി.
കൃഷ്ണമൃഗവേട്ടയില്‍ സല്‍മാന്‍ ഖാനോടു സഹകരിച്ച മറ്റൊരു ഖാനുണ്ട്. അദ്ദേഹവും ഇതേ ബോധവല്‍ക്കരണപരിപാടിയാണു ചെയ്തത്. അതുകൊണ്ടാണ് ഇവരൊക്കെ സെയ്ഫ് ആയി രക്ഷപ്പെടുന്നതും. ഈ സെയ്ഫ് ആയ ഖാന്‍ പണ്ട് വിദ്യാഭ്യാസകാലത്ത് ജെഎ​ന്‍യുവില്‍ ചെന്ന് ഒരു പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാനോ മറ്റോ ശ്രമിച്ചതിന് അടിവാങ്ങി തടിതപ്പിയ കാര്യം ഷാജഹാന്‍ മാടമ്പാട്ട് തന്റെ ജെഎന്‍യു സ്മരണകളില്‍ അയവിറക്കുന്നുണ്ട്. അതും ഒരു ബോധവല്‍ക്കരണപരിപാടിയായിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷ എങ്ങനെയൊക്കെ നടപ്പാക്കണം എന്നതായിരുന്നു വിഷയം. ആ സേഫ്റ്റിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ അന്നും ബുദ്ധിജീവികളായിരുന്നിട്ടും അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലായില്ല.
ഇനി ആമിര്‍ ഖാന്റെ കാര്യം. അദ്ദേഹം കൊക്കക്കോളയുടെയും പെപ്സിക്കോളയുടെയും പരസ്യങ്ങളില്‍ മാറിമാറി അഭിനയിച്ചു. ഇതില്‍നിന്നു നിങ്ങള്‍ മനസ്സിലാക്കിയത് അദ്ദേഹം ധാര്‍മികതയില്ലാതെ പണക്കൊതികാരണം അങ്ങനെ ചെയ്തു എന്നാണ്. സത്യം മറിച്ചായിരുന്നു. ഇതിലൊന്നും ഒരര്‍ത്ഥവുമില്ല. പെപ്സിതന്നെ കോക്ക ആന്റ് വൈസ് വേഴ്സ എന്നു ജനതയെ തെര്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഇതുപോലെയിതാ, ഇപ്പോള്‍ ഷാരുഖ് ഖാനും ഒരു ബോധവല്‍ക്കരണം നടത്തിയിരിക്കുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത ടീമിന്റെ ഉടമ കൂടിയായ അദ്ദേഹം മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റും ചീത്ത പറഞ്ഞുവത്രേ. അതിന്റെ പേരില്‍ അദ്ദേഹത്തെ ആജീവനാന്തം വിലക്കിയിരിക്കുകയാണ്. ഷാരുഖ് പറയുന്നത് തന്റെ മകളോടും മറ്റു ചില പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നതു കണ്ടതുമൂലമാണ് താനങ്ങനെ ചെയ്തതെന്നാണ്. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും പറയുന്നത് അതു തെറ്റാണെന്നും ഷാരുഖ് പെണ്ണുങ്ങളുടെ കാര്യം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നും സത്യത്തില്‍ അദ്ദേഹം സുരക്ഷാജീവനക്കാരിലെ സ്ത്രീകളെയടക്കം ചീത്തവിളിക്കുകയായിരുന്നുവെന്നാണ്.
എന്തായാലെന്താ? ഇതിലൂടെ രണ്ടു വ്യത്യസ്തബോധവല്‍ക്കരണങ്ങളാണു ഷാരുഖ് ലക്ഷ്യം വയ്ക്കുന്നത്. ഒന്ന്, എത്ര ഉന്നതനായാലും മര്യാദ വിട്ടു പെരുമാറാന്‍ പാടില്ല, അങ്ങനെ പെരുമാറിയാല്‍ ശിക്ഷിക്കപ്പെടും. രണ്ട്, സ്ത്രീകളോട് അപമര്യാദയായി പെരുമാറരുത്. ചെയ്തി കാണുമ്പോള്‍ ഇതിങ്ങനെയാണോ ഷാരുഖ് ഉദ്ദേശിച്ചത് എന്നു നിങ്ങള്‍ക്കു സംശയം തോന്നിയേക്കാം. പക്ഷേ, മനസ്സിലാക്കുക സൂഫികളും ഋഷിമാരുമൊക്കെ ഇങ്ങനെ അസംബന്ധങ്ങളിലൂടെയും ഉപമാകഥകളിലൂടെയുമൊക്കെയാണ് നിങ്ങളോടു സംസാരിച്ചിരുന്നത്. നമ്മുടെ മാതൃകാപുരുഷന്മാരെ കുറേക്കൂടി ആഴത്തില്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതീ കാലത്തിന്റെ ആവശ്യമാണ്.

No comments:

Post a Comment