Monday, May 7, 2012

സാര്‍കോസി അകത്തോ പുറത്തോ?

ലോകത്ത് ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന 68 പേരില്‍ ഒരാളാണ്. ഡേവിഡ് ബെക്കാമിനെയും ബ്രാഡ്പിറ്റിനെയും പോലെ. സംഗതി കണ്ടെത്തിയത് വാനിറ്റി ഫെയര്‍ എന്ന ഇന്റര്‍നാഷനല്‍ മാഗസിന്‍. നന്നായി വസ്ത്രം ധരിക്കുന്നതിലല്ല കാര്യം എന്ന് നികളസ് സാര്‍കോസിക്ക് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ഫ്രാന്‍സിന്റെ പ്രസിഡന്റ് എന്നുപറഞ്ഞാല്‍ ചില്ലറക്കാര്യമൊന്നുമല്ല. മൗലികചിന്തയുടെ കാന്തസ്പര്‍ശംകൊണ്ട് ലോകജനതയെ പ്രകമ്പനം കൊള്ളിച്ച വോള്‍ട്ടയറും റൂസ്സോയും ജനിച്ച നാട്. ഭാവനയുടെ മഹാഗോപുരങ്ങള്‍ കൊണ്ട് ജീവകാമനകളെ ജ്വലിപ്പിച്ചുനിര്‍ത്തിയ വിക്ടര്‍ ഹ്യൂഗോയും അലക്സാണ്ടര്‍ ഡ്യുമാസും ബോദലേറും വളര്‍ന്ന എഴുത്തിന്റെ നിത്യഹരിതഭൂമി. ദക്കാര്‍ത്തെയുടെയും സാര്‍ത്രിന്റെയും ജന്മംകൊണ്ട് ധന്യമായ, ദാര്‍ശനികതയുടെയും ധൈഷണികതയുടെയും ദേശം. മലയാളികള്‍ക്ക് അയല്‍ക്കാരെപ്പോലെ സുപരിചിതരായ ഫൂക്കോ, ദറീദ, ലകാന്‍, ദല്യൂസ്, ലോത്ത്യാര്‍ തുടങ്ങിയ ഉത്തരാധുനിക ചിന്തകര്‍ ലോകത്തിന്റെ പ്രജ്ഞയില്‍ സ്ഫോടനാത്മകമായ വിള്ളലുകള്‍ തീര്‍ക്കുന്നത് ഇവിടെനിന്ന്. അങ്ങനെയുള്ള മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ലെങ്കില്‍ ഇരുന്ന കസേര കാണില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ നികളസ് സാര്‍കോസി.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവോട്ടെടുപ്പ് ഇന്നു നടക്കും. അവസാന പ്രതീക്ഷയും അസ്തമിച്ച മട്ടിലാണിപ്പോള്‍. രണ്ടാമതും പ്രസിഡന്റ് പദവിയില്‍ തുടരാനാവുമെന്ന വ്യാമോഹത്തിന് തിരിച്ചടിയേല്‍ക്കുമോ എന്ന ഭീതിയുമുണ്ട്. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ടിരുന്നു. അതിനിടയില്‍ വിടാതെ പിന്തുടരുന്ന വിനകള്‍ വേറെ. മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് അഞ്ചുകോടി യൂറോ കൈപ്പറ്റിയെന്ന ആരോപണം. അതും ഇന്ന് നടക്കുന്ന വിധിയെഴുത്തില്‍ കാര്യമായി പ്രതിഫലിക്കുമെന്ന് കരുതുന്ന നിരീക്ഷകര്‍ ഏറെ. എലിസി കൊട്ടാരത്തിലെ താമസം വിടണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സാര്‍കോസിയുടെ മനംവിങ്ങുന്നു.

ഫാഷിസ്റ്റിന്റെ മനസ്സ് ഒളിപ്പിച്ചാണ് ഇത്രയുംകാലം എലിസികൊട്ടാരത്തിലെ കസേരയില്‍ അമര്‍ന്നിരുന്നത്. ആറുകോടി നാല്‍പതുലക്ഷം ജനങ്ങള്‍. അവിടെ നിരവധി കുടിയേറ്റക്കാര്‍. പല മതങ്ങള്‍, പല വിശ്വാസങ്ങള്‍. അവിടെ അധികാരത്തിലിരിക്കുന്ന ഒരാള്‍ക്ക് വിശാലമാനവികത എന്ന ഗുണം അവശ്യം വേണ്ടതാണ്. സാര്‍കോസിക്ക് ഇല്ലാതെപോയതും അതുതന്നെ. രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 'തൊട്ടുകൂടാത്തവന്‍' എന്നുവിളിച്ച വര്‍ണവെറി ഇന്നും വിട്ടുപോയിട്ടില്ല. എലിസികൊട്ടാരത്തില്‍ ഒരു തൊട്ടുകൂടാത്തവന്‍ പ്രവേശിച്ചുവെന്ന വര്‍ണവെറിയുടെ വിഷംതീണ്ടിയ വാര്‍ത്തയുമായി വന്നത് ഒരു പത്രമായിരുന്നു എങ്കില്‍ ആ പത്രത്തിന്റെ അസുഖം കൂടിയും കുറഞ്ഞും സാര്‍കോസിയിലും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ആഫ്രിക്കന്‍ വംശജരായ യുവജനങ്ങള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞത് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ. കുടിയേറ്റക്കാര്‍ക്ക് എങ്ങനെ പ്രതീക്ഷയര്‍പ്പിക്കാനാവും ഇങ്ങനെയൊരാളില്‍? ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് 2005ല്‍ കുടിയേറ്റക്കാരായ നിരവധി തൊഴിലാളികളെ അന്യായമായി തിരിച്ചയച്ചതിന്റെ അപൂര്‍വബഹുമതിയും സാര്‍കോസിക്കു സ്വന്തം. കറുത്തവര്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വെളുത്ത ക്രിസ്ത്യാനിയുടെ വിജയമാവും സാര്‍കോസിയുടേത് എന്ന സെനഗല്‍ കുടിയേറ്റക്കാരന്റെ അഭിപ്രായം കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നിലെ വര്‍ഗീയതയുടെ അടിയൊഴുക്കിന് അടിവരയിട്ടിരുന്നു. വംശശുദ്ധിയുടെ മഹത്ത്വത്തെക്കുറിച്ച് അഡോള്‍ഫ് ഹിറ്റ്ലര്‍ പറഞ്ഞതെല്ലാം സാര്‍കോസിയും സമ്മതിക്കുന്ന കാര്യങ്ങളാണ്. ഇറാഖ് അധിനിവേശത്തിന്റെ കാര്യത്തിലും ഫലസ്തീന്‍ പ്രശ്നത്തിലും യജമാനന്‍ ബുഷ് തന്നെ. വലതന്‍മാര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ട്. പിന്തിരിപ്പന്‍ നയങ്ങളുടെ കാര്യത്തില്‍ എപ്പോഴും കാണും ഒരു ഒത്തുപൊരുത്തം. തെല്ലുമുണ്ടാവില്ല അതില്‍ നേരിന്റെയും നെറിയുടെയും പക്ഷം. പ്രശ്നമേതായാലും ജനവിരുദ്ധപക്ഷത്തേ നില്‍ക്കൂ എന്ന നിര്‍ബന്ധബുദ്ധിയാണ് അവരെ മറ്റുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. നവലിബറലിസം, നവയാഥാസ്ഥിതികത എന്നിവയുടെ ശക്തനായ പ്രയോക്താവായി വിലസിയപ്പോള്‍ നാടുമുഴുവന്‍ കൂടെ നിന്നു. അതുകൊണ്ട് കലയുടെയും ചിന്തയുടെയും ഈ കേദാരഭൂമിയെ കൂടുതല്‍ വലത്തോട്ടു നയിക്കാന്‍ നിയുക്തനായതാണ്. എന്നാല്‍, എന്നും വലത്തുതന്നെ നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരല്ല ഫ്രഞ്ചുകാര്‍.

1955 ജനുവരി 28ന് ജനനം. ഹംഗറിയില്‍നിന്നു കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. നിയമത്തില്‍ ബിരുദം. 1968ല്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഫ്രാന്‍സിനെ പിടിച്ചുകുലുക്കിയ കാലത്ത് കൗമാരക്കാരനായിരുന്നു. ഫ്രാന്‍സിലും യൂറോപ്പിലും നവ ഇടതുപക്ഷത്തിന്റെ കാഹളം മുഴങ്ങിയ കാലം. മൂന്നാംലോക ഐക്യദാര്‍ഢ്യം, അമേരിക്കന്‍, ഇസ്രായേല്‍ വിരുദ്ധത തുടങ്ങിയ ഇടതുപക്ഷ ആശയങ്ങളൊന്നും അന്ന് തലയില്‍ കയറിയില്ല. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള വിദ്യാര്‍ഥിജനതയില്‍ ഇന്നും ആവേശമുളവാക്കുന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ ആശയസംഹിതകള്‍ ഒട്ടുംതന്നെ കുട്ടിക്കാലത്തു ബാധിച്ചില്ല. വലതുവശം ചേര്‍ന്നുതന്നെ നടന്നു. 22ാംവയസ്സില്‍ സിറ്റി കൗണ്‍സിലറായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് ഏറ്റവും പ്രായം കുറഞ്ഞ മേയറായി. അതില്‍പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അധികാര രാഷ്ട്രീയത്തിന്റെ പടവുകള്‍ ഓരോന്നായി കയറിത്തുടങ്ങി. 2004ല്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ യു.എം.പിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക് വില്ലെപിന്‍ സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007 മെയ് പതിനാറിന് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിച്ച് ഫ്രഞ്ച് പ്രസിഡന്റായി. പന്ത്രണ്ടുവര്‍ഷം അധികാരത്തിലിരുന്ന ജാക് ഷിറാകിന്റെ പിന്‍ഗാമിയെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹംഗേറിയന്‍ കുടിയേറ്റക്കാരന്റെ പുത്രനായ സാര്‍കോസി വിജയം കണ്ടു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ 23ാം പ്രസിഡന്റ്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം പിറന്ന ആദ്യപ്രസിഡന്റ്. ഇറ്റലിവംശജയായ പാട്ടുകാരി കാര്‍ല ബ്രൂണിയാണ് ഇപ്പോള്‍ ഭാര്യ. മേരി ഡൊമിനിക്, സിസിലിയ എന്നിവര്‍ക്കുശേഷം വന്ന സഹധര്‍മിണി.
സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ ഫ്രാങ്സ്വാ ഓലന്‍ഡ് തന്നെയാണിപ്പോള്‍ മുഖ്യശത്രു. ഒന്നാംഘട്ടത്തില്‍ അങ്ങോര്‍ ആറുശതമാനം ഭൂരിപക്ഷത്തോടെ ഒരു പണത്തൂക്കം മുന്നില്‍. അപ്പോള്‍ ഇനി സോഷ്യലിസത്തിന്റെ കാലമാണോ എന്ന് ചിലര്‍ സംശയിച്ചേക്കാം. അതിനും സാധ്യത കാണുന്നുണ്ട്. കുറേനാള്‍ വലതനായ സാര്‍കോസി ഭരിച്ചു. ഇനി അല്‍പം ചുവന്നാല്‍ കൊള്ളാമെന്നുണ്ടാവും ഫ്രഞ്ച് ജനതക്കും യൂറോപ്യന്മാര്‍ക്കും. എങ്ങോട്ടും ചായാതെ വലതുവശം ചേര്‍ന്നുള്ള യാത്രയായിരുന്നു സാര്‍കോസിയുടേത്. അമേരിക്കയോടും സാമ്രാജ്യത്വത്തോടും നിരുപാധികമായ വിധേയത്വം പ്രഖ്യാപിച്ചുകൊണ്ടാണ് കസേരയില്‍ ഇരുന്നതുതന്നെ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ നികുതികള്‍ വെട്ടിക്കുറച്ചും ജോലിസമയം ദീര്‍ഘിപ്പിച്ചും വിപണിക്കു ഗുണകരമാവുന്ന രീതിയില്‍ ഫ്രഞ്ച് സാമ്പത്തിക മേഖലയെ ഉടച്ചുവാര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിപണി അധിഷ്ഠിത പരിഷ്കാരങ്ങളുടെ പാക്കേജാണ് ആദ്യമായി അവതരിപ്പിച്ചത്.

കര്‍ക്കശ ഫാഷിസ്റ്റ് മനഃസ്ഥിതിയില്‍നിന്ന് തെല്ല് മാറിയിട്ടുണ്ടെന്ന് തോന്നിപ്പിക്കാന്‍ ഈ ഭരണകാലത്ത് ചില കാര്യങ്ങളൊക്കെ ചെയ്തു. ഫ്രഞ്ച്സമൂഹത്തിലെ ഇസ്ലാമിക ഉദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പള്ളികള്‍ക്ക് സബ്സിഡി അനുവദിച്ചു. എന്നാല്‍, ഫ്രാന്‍സിന്റെ വേരുകള്‍ ക്രിസ്തുമതത്തിലാണെന്ന് മൈക്കു കൈയില്‍ കിട്ടുമ്പോഴൊക്കെ പേര്‍ത്തും പേര്‍ത്തും പറഞ്ഞു.

സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഉറപ്പാണ്, യൂറോപ്പിനെ പണ്ടെന്നോ പിടികൂടിയ ദുര്‍ഭൂതത്തിന്റെ നിഴലെങ്കിലും മടങ്ങിവരുന്നതിന്റെ സൂചനയാവും അത്. കുടംവിട്ട് കുടിയൊഴിഞ്ഞ ദുര്‍ഭൂതത്തിന്റെ ചുവപ്പന്‍നിഴലുകള്‍ എവിടെയൊക്കെയോ ബാക്കിയുണ്ട്. സോഷ്യലിസമായും മറ്റും ഇടത്തോട്ടു ചെരിഞ്ഞുനിന്ന പൊടിപ്പുകള്‍ തളിര്‍ത്തുതുടങ്ങിയിട്ടുണ്ട്. പാരീസ് കമ്യൂണിന്റെ പരാജയത്തില്‍ തുടങ്ങിയ ഫ്രഞ്ച് സോഷ്യലിസത്തിന്റെ ശിരച്ഛേദത്തില്‍ ചരിത്രം അവസാനിക്കുന്നില്ല എന്നായിരിക്കും ഒരുപക്ഷേ ഫ്രാങ്സ്വാ ഓലന്‍ഡ് പ്രഖ്യാപിക്കുക. കാത്തിരുന്നു കാണാം.

-Madhyamam

No comments:

Post a Comment