Thursday, May 10, 2012

ശബരിഗിരി കീഴടക്കിയ അഴിമതിരാജന്‍


വര്‍ഷത്തെശബരിമലഉല്‍സവംകൊടിയിറങ്ങിയത് അഴിമതിപാരായണോല്‍സവത്തിനു കൊടിയേറ്റിയ ശേഷം മാത്രമാണ്. അനധികൃതവും ആചാരാനുഷ്ഠാനങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ടും നടത്തിയ ഒരു ദേവപ്രശ്നമാണ് അതിനു വഴിവെച്ചത്. അനാവശ്യ ദേവപ്രശ്നംയഥാര്‍ഥ 'പ്രശ്നം' തന്നെ ആയി. അഴിമതിയുടെ കൊടുമുടി കയറി ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജന്‍ നടത്തിയ പച്ചയായ പല വെട്ടിപ്പുകള്‍ക്കും വെളിച്ചം കാണാനായത് ഇതോടെയാണ്.

തനിക്ക് പണം വെട്ടിക്കാനായി മാത്രം ഒട്ടേറെ വികസനപദ്ധതികള്‍ക്ക് രൂപം നല്‍കി, അവയൊക്കെ നടപ്പിലാക്കനുള്ള ശ്രമമായിരുന്നു ഈ അഴിമതിരാജന്‍ നടത്തിവന്നിരുന്നത്. ഇപ്പോള്‍ അന്വേഷണവിധേയമായി സസ്പെന്‍ഷനിലായ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യൂണിയനുകളും ജീവനക്കാരും. പുതിയ പല കഥകളും പുറത്തായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ ചെറിയൊരു അന്വേഷണമാണ് ഇദ്ദേഹത്തിന്റെ പൂര്‍ണ്ണ ചരിത്രം വ്യക്തമാക്കുന്നത്. 
പുണ്യദര്‍ശനം എന്ന മാസികയുടെ മെയ് മാസപ്പതിപ്പില്‍ ജി.വേണുഗോപാല്‍ എഴുതിയ ഒരു ലേഖനം ദേവസ്വം ബോര്‍ഡിലെ ഒരു സംഘടന ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് പ്രചരിപ്പിക്കുന്നു. 'ശബരിമലയില്‍ ദേവഹിതത്തിന്റെ പേരില്‍ നടന്ന അവിഹിതങ്ങള്‍ അന്വേഷിക്കണം' എന്ന പേരിലാണ് ആ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേവസ്വം ജീവനക്കാരുടെ ഒരു സംഘടന മാത്രമാണ് ഇതു പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെങ്കിലും പാര്‍ട്ടി-യൂണിയന്‍ ഭേദമന്യേ ക്ഷേത്രജീവനക്കാരിലെല്ലാം ഇതെത്തുന്നുണ്ട്, പ്രത്യേകിച്ച് കോട്ടയത്ത്. അതിനര്‍ഥം സ്വന്തം തട്ടകത്തില്‍ പോലും സമ്മതനല്ല രാജന്‍ എന്നതാണ്.  
വര്‍ഷങ്ങള്‍ക്കു മുന്നേ അഴിമതിവീരനെന്ന നിലയില്‍ ദേവസ്വം ജീവനക്കാരുടെ ഇടയില്‍ കുപ്രസിദ്ധി നേടിയിരുന്നുവെന്നു വ്യക്തം.കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്തുള്ള ഒരു ഹൈ ക്ലാസ്സ് ബാറില്‍ ഇദ്ദേഹത്തിനു ഷെയര്‍ ഉണ്ടെന്ന് തെളിയക്കപ്പെടാത്ത ആരോപണവുമുണ്ട്.
ഇനി ശബരിമലയിലേക്ക്. ശ്രീ ജി. വേണുഗോപാല്‍ തന്റെ ലേഖനത്തില്‍ വിശേഷിപ്പിച്ചതു പോലെ ഉല്‍സവദിവസം മലയില്‍ നടന്ന ദേവപ്രശ്നം കവടിനിരത്തിയാല്‍ പോലും കണ്ടെത്താന്‍ കഴിയാത്ത കപടതന്ത്രങ്ങളുടെ ഭാഗം തന്നെ. ബോര്‍ഡ് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ വിശ്വസ്തനാണ് രാജന്‍ എന്നത് ബോര്‍ഡില്‍ തന്നെ പരസ്യമായ രഹസ്യമാണ്. ആ ഒരൊറ്റ കാരണം കൊണ്ട് ശബരിമലയില്‍ എത്തിച്ചേര്‍ന്ന ഇദ്ദേഹത്തിനു പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തലായി ആദ്യ വഴി.
ദേവപ്രശ്നം മാറ്റിനിര്‍ത്തിയാല്‍ പോലും ഈ ശബരിമല സീസണ്‍ അഴിമതിയുടെ ഉല്‍സവമായിരുന്നു. ഒട്ടേറെ തിരിമറികളിലൂടെ കോടികളുടെ അധിക ചെലവാണ് ഇയാള്‍ ഉണ്ടാക്കിയതത്രേ. അതിനൊരു ഉദാഹരണമായി അറിയുവാന്‍ കഴിഞ്ഞത് മെസ്സ് നടത്തിപ്പിലെ അപാകത. ജീവനക്കാരുടെ ഭക്ഷണകാര്യങ്ങള്‍ക്കു വേണ്ടി മാത്രം നടത്തുന്ന മെസ്സിന്റെ നടത്തിപ്പില്‍ ഈ സീസണില്‍ ഒന്നര കോടിയുടെ അധിക ചെലവ് ഉണ്ടായത്രേ.
ദേവസ്വം ബോര്‍ഡില്‍ നിന്ന് പണം ചെലവഴിക്കുമ്പോള്‍ അതിന്റെ പങ്കു പറ്റാമെന്ന ബുദ്ധിയാണ് ഇദ്ദേഹത്തിന്റെ തലയിലുദിച്ചത്. സ്ഥിരം ചെലവുകളിലൂടെ തന്റെ 'ചെലവ്' നടത്താനാവില്ലയെന്ന് ബോധ്യപ്പെട്ടപ്പോള്‍ കണ്ടെത്തിയ വഴിയാണ് വികസനം. വികസനത്തിന്റെ പേരു പറഞ്ഞ് നിര്‍മ്മാണങ്ങള്‍ നടത്തി, അതിലൂടെ സ്വന്തം വീതം കൈക്കൊള്ളാമെന്ന് സ്വപ്നം കണ്ടു. ആചാരാനുഷ്ഠാനങ്ങളുടെ മറവില്‍ പണം പറ്റാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം പയറ്റിനോക്കി. അതിലൊന്നായി കേട്ടത് ധ്വജ-പുനഃപ്രതിഷ്ഠയ്ക്കുള്ള രാജന്റെ ശ്രമമായിരുന്നു. കൊടിമരത്തില്‍ പെയിന്റടിച്ച് അശുദ്ധമാക്കിയ ശേഷം പുതിയ കൊടിമരം പ്രതിഷ്ഠിക്കാനും, അതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും പണപ്പിരിവ് ആരംഭിച്ചതായും ആരോപണമുണ്ട്. ശ്രീകോവിലിനു ഇരുവശത്തുമുള്ള ദ്വാരപാലകരെ മാറ്റിപ്പണിയാനായി അളവെടുപ്പിനു മാന്നാറില്‍ നിന്നുള്ള നിര്‍മ്മാണ വിദഗ്ദ്ധരെ എത്തിച്ചതായും ആരോപണമുള്ളതായി വേണുഗോപാലിന്റെ ലേഖനം പറയുന്നുണ്ട്.
ഇതൊന്നും പോരാതെയാണ് അന്നദാനമണ്ഡപ നിര്‍മ്മാണത്തിനും ഭസ്മക്കുള പുനര്‍നിര്‍മ്മാണത്തിനും രാജന്‍ ശ്രമങ്ങളാരംഭിച്ചത്. വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും, ആചാരങ്ങളും മറ്റും തെറ്റിക്കാതെയാണ് ഇത് നടത്തുന്നതെന്നും ബോധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തിടുക്കത്തിലുള്ള ദേവപ്രശ്നം. പക്ഷേ ദേവപ്രശ്നം നടത്തുവാന്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ആ നാടകം അരങ്ങേറിയത്.
ദേവപ്രശ്നം നടത്തേണ്ടതുണ്ടെങ്കില്‍ താഴെത്തട്ടുമുതല്‍ ബോര്‍ഡ് തലം വരെ വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണം ശബരിമലയില്‍ പ്രശ്നം വെയ്ക്കുവാന്‍. അനുമതിക്കായി എക്സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയോടെയും, താഴമണ്‍ മഠത്തിലെ തന്ത്രിയുടെ സമ്മതപത്രത്തോടുകൂടിയും വേണം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അപേക്ഷിക്കാന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ല. ഇതൊന്നുമില്ലാതെ, അതും ഉല്‍സവകാലത്ത് ഇങ്ങനൊരു നാടകം നടത്തണമെങ്കില്‍ രാജന്റെ ധൈര്യവും, അതിനുള്ള കാരണവും എന്താവുമെന്ന് ഊഹിക്കാമല്ലോ. തന്റെ നടപടികളൊക്കെ ദൈവചിന്തയോടും ഭക്തിയോടും കൂടിയാണെന്ന് കാണിക്കുവാന്‍ നടത്തിയ ഈ കളികള്‍ സന്നിധാനത്തെ ചടങ്ങുകളും മറ്റും ആചാരപ്രകാരമല്ല നടക്കുന്നതെന്ന തെറ്റായ സന്ദേശം ഭക്തരിലെത്തിച്ചു. 
ഈ ചടങ്ങുകള്‍ക്ക് തലേ ദിവസം രാത്രിയാണ് രാജന്‍ തന്ത്രിയുടെ അനുമതി വാങ്ങാനെത്തുന്നത്. അനുമതിയില്ലതെ പ്രശ്നം പാടില്ലെന്നു അദ്ദേഹം ശഠിച്ചെങ്കിലും പ്രശ്നസമയത്ത് അദ്ദേഹത്തെയും മേല്‍ശാന്തിയേയും മണ്ഡപത്തിലെത്തിക്കാന്‍ കഴിഞ്ഞത് രാജനെന്ന തന്ത്രജ്ഞന്റെ വിജയമായി വേണുഗോപാല്‍ കാണുന്നു. ആ അരങ്ങില്‍ കാണിപ്പയ്യൂരിനെ പോലുള്ള വ്യക്തികളെ വിളിച്ചു വരുത്തി വിവാദത്തില്‍ പെടുത്തുക കൂടി ചെയ്യുകയുണ്ടായി.
പാണ്ടിത്താവളത്തില്‍ ഇന്‍സിനേറ്ററിനടുത്തായി അന്നദാന മണ്ഡപം നിര്‍മ്മിക്കുവാനുള്ള ദേവഹിതമറിയല്‍ ആയിരുന്നു ആദ്യം. അതിനു അനുവാദം ലഭിച്ചതോടെ പോക്കറ്റ് നിറക്കാനുള്ള അടുത്ത മാര്‍ഗ്ഗം പുറത്തെടുത്തു രാജന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേവസ്വം ബോര്‍ഡ് നിയമപരമായി, ആചാരാനുഷ്ഠാനങ്ങളും മറ്റും പിന്തുടര്‍ന്ന്, അക്കാലത്തെ പ്രശസ്ത ജ്യോതിഷരുടെ മേല്‍നോട്ടത്തില്‍ ദേവഹിതമറിഞ്ഞ ശേഷം നടത്തിയ ഭസ്മക്കുളത്തിന്റെ പുനര്‍നിര്‍മ്മാണം ശരിയല്ല എന്നതായി അടുത്ത കണ്ടെത്തല്‍. ഭസ്മക്കുളത്തിന്റെ നിലവിലെ സ്ഥാനം ശരിയാണോയെന്ന് നോക്കാനായി രാജന്റെ ആവശ്യം. സ്ഥാനം ശരിയല്ല എന്നും, പഴയ സ്ഥലത്തു തന്നെ പുനര്‍നിര്‍മ്മിക്കണമെന്നും പ്രശ്നവിധി എത്തി. 
ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നടന്ന ദേവപ്രശ്നത്തിനൊടുവില്‍  യഥാര്‍ത്ഥ പ്രശ്നമെത്തി. അതേ ദിവസം രാത്രി ശബരീശന്റെ പള്ളിനായാട്ട് കഴിഞ്ഞ് തന്റെ സീറ്റില്‍ വന്നിരുന്ന രാജനു ഉടന്‍ തന്നെ കൈയ്യിലെത്തി സസ്പെന്‍ഷന്‍ ഓര്‍ഡര്‍ . അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാണ് അന്നു രാത്രി കൂടിയ അടിയന്തിര ബോര്‍ഡ് യോഗത്തിലെ തീരുമാനം.
അന്വേഷണം എത്രത്തോളം പിന്നോട്ട് പോകുമെന്നറിയില്ല. കുറേ പിന്നിലേക്ക് പോയാല്‍ തിരുനക്കരയിലെ കഥകളും അറിയാം. രാജന്‍ സാര്‍ കാണിക്ക പൊട്ടിക്കാനുള്ള അധികാരത്തിലെത്തിയപ്പോള്‍ കാണിക്ക ദിവസം ഒരു കാണിക്ക വഞ്ചി കുറവു വന്നതും, ശബരിമല സീസണ്‍ കഴിയുമ്പോള്‍ ലക്ഷങ്ങള്‍ വീഴാറുള്ള തിരുനക്കരയിലെ സോപാനത്തിലെ കാണിക്ക വഞ്ചിയില്‍ അത്തവണ ആയിരങ്ങള്‍ മാത്രം വീണതുമൊക്കെ പരസ്യമായ രഹസ്യങ്ങള്‍. ഏറ്റുമാനൂരില്‍ വിജിലന്‍സും കേസുമൊക്കെ ആയ സമയത്ത് പിടിപാടുപയോഗിച്ച് നേരേ ശബരിമല കയറിയതും തള്ളിക്കളയാവുന്ന ആരോപണങ്ങളല്ല. 
അന്വേഷണത്തിനെത്തിയ കമ്മീഷന്‍ തന്ത്രിയോടു 'കമ്മീഷന്‍' തന്നാല്‍ മകനു അനുകൂല റിപ്പോര്‍ട്ട് എഴുതാമെന്നു പറഞ്ഞതും, ബോര്‍ഡിലെ അഴിമതികള്‍ അവസാനിപ്പിക്കുമെന്നു പറഞ്ഞെത്തിയ മറ്റൊരു കമ്മീഷന്‍ തന്റെ ബന്ധുക്കള്‍ 'കമ്മീഷന്‍' ഇല്ലാതെ ബോര്‍ഡ് ജീവനക്കാരായതറിഞ്ഞ് അഴിമതി ഇല്ലയെന്ന് പറഞ്ഞ് പത്തി താഴ്ത്തിയതുമൊക്കെ രഹസ്യമായ ആരോപണങ്ങളായിരിക്കേ, ഈ കേസ് അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷന്‍ എത്തുമോയെന്നും, അത് 'കമ്മീഷന്‍' കൊടുത്ത് ഒതുക്കുമോയെന്നും കാത്തിരുന്നു കാണാം.
അനന്തു വാസുദേവ്
malayal.am

No comments:

Post a Comment