| ജനകീയ സാഹിത്യകാരനായതിനാല്‍ പൈങ്കിളി സാഹിത്യത്തിന്റെ അപ്പസ്‌തോലന്‍ എന്ന് ഒരു വിഭാഗം ബുദ്ധിജീവി നിരൂപകരാല്‍ ആക്ഷേപിക്കപ്പെട്ട എഴുത്തുകാരനാണല്ലോ മുട്ടത്തുവര്‍ക്കി. ജീവിച്ചിരുന്നപ്പോള്‍ ഒരു വരവരച്ച് നമ്മുടെ പ്രധാന സാഹിത്യ കെങ്കേമന്‍മാര്‍ മുട്ടത്തുവര്‍ക്കിയുമായി അകലം പാലിച്ചു. ബുദ്ധിജീവി നിരൂപകരും കെങ്കേമന്‍ എഴുത്തുകാരും മാറ്റിനിര്‍ത്തിയ മുട്ടത്തുവര്‍ക്കിയുടെ പേരില്‍ അദ്ദേഹത്തിന്റെ മരണശേഷം ഏര്‍പ്പെടുത്തിയ അവാര്‍ഡിനായി മേല്‍പ്പറഞ്ഞ കെങ്കേമന്‍മാര്‍ കൈനീട്ടുന്നതും നമ്മള്‍ കണ്ടു, ഇപ്പോഴും കാണുന്നു. അവാര്‍ഡ് തുകയുടെ ആകര്‍ഷണത്താല്‍ പഴയ ഭ്രഷ്‌ടിനെ ഇക്കൂര്‍ തന്ത്രപൂര്‍വം ഒഴിവാക്കി. ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുപോലുമില്ലെന്ന മട്ടിലായിരുന്നു അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രസംഗങ്ങള്‍. വാസ്‌തവത്തില്‍ മുട്ടത്തുവര്‍ക്കിയോടുള്ള വിരോധത്തിന് കാരണം എന്തായിരുന്നു? മുന്‍നിര എഴുത്തുകാരെല്ലാം ഒരു കാലത്ത് സിനിമയുടെ പടിവാതില്‍ക്കല്‍ തങ്ങളുടെ കൃതികളുമായി കാത്തുകെട്ടിക്കിടന്നിരുന്നു. ലോകനിലവാരത്തിലുള്ളതെന്ന് സ്വയം വിശേഷിപ്പിച്ചിട്ടും ആ കൃതികളെ സിനിമാക്കാര്‍ ഒന്നു നോക്കുകപോലുമുണ്ടായില്ല. പക്ഷേ, മുട്ടത്തുവര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി' എന്ന നോവലിനെ സിനിമയാക്കിയപ്പോള്‍ ഇക്കൂട്ടരുടെ കണ്ണ് മഞ്ഞളിച്ചു. അവര്‍ തിരിച്ചടിക്കാന്‍ അവസരം കാത്തുനിന്നു. 'പാടാത്ത പൈങ്കിളി' എന്ന പേരിലെ പൈങ്കിളിയെ ഇവര്‍ പരിഹാസം കലര്‍ത്തി ആക്ഷേപിച്ചു. വെറും അസൂയയില്‍ നിന്നുറവെടുത്ത ഈ ആക്ഷേപത്തെ തങ്ങളാല്‍ കഴിയുംവിധം പരിപോഷിപ്പിച്ചു ഈ കെങ്കേമന്‍മാര്‍. പാടാത്ത പൈങ്കിളിയുടെ വിജയം മുട്ടത്തുവര്‍ക്കിയെ സിനിമയില്‍ ചിരപ്രതിഷ്‌ഠിതനാക്കി. അങ്ങനെ മലയാള സിനിമയുടെ അവിഭാജ്യ എഴുത്തുകാരനായി മാറിയ വാര്‍ക്കിക്കും ചരിത്രമെഴുത്തിന്റെ ഭാഗമായി അച്‌ഛന്‍ ഒരു കത്തയച്ചു. കൃത്യമായി മറുപടിയും അദ്ദേഹമയച്ചു. അക്കമിട്ട് വിവരിച്ച സത്യങ്ങള്‍ വാസ്‌തവത്തില്‍ അദ്ദേഹത്തിന്റെ വേദനയായിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: 1. മലയാളത്തില്‍ ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട നോവല്‍ എന്റെ 'പാടാത്ത പൈങ്കളി'. 2. ആദ്യമായി അഖിലേന്ത്യാടിസ്‌ഥാനത്തില്‍ പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങിയ ചിത്രം 'പാടാത്ത പൈങ്കിളി'. (നീലക്കുയിലിന് ലഭിച്ചത് റീജണല്‍ അവാര്‍ഡായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.) 3. മദ്ധ്യതിരുവിതാംകൂറിലെ ൈക്രസ്‌തവ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയത് എന്റെ നോവലുകളാണ്. 4. കെ.എസ്. സേതുമാധവന്‍ ആദ്യമായി ഡയറക്‌ട് ചെയ്‌ത മലയാളചിത്രം എന്റെ 'ജ്‌ഞാനസുന്ദരി'. 5. ശാരദ ആദ്യമായി മലയാളത്തിലഭിനയിച്ച ചിത്രം എന്റെ 'ഇണപ്രാവുകള്‍'. 6. മലയാള സിനിമയ്‌ക്ക് ഏറ്റവും കൂടുതല്‍ കഥകള്‍ സംഭാവന ചെയ്‌തിട്ടുള്ളത് ഞാനാണ്. 7. മി. സുബ്രഹ്‌മണ്യത്തിന് ഒരു നല്ല ഡയറക്‌ടര്‍ എന്ന നിലയിലും നസീറിനെ തമിഴ്‌നാട്ടിലേക്കാകര്‍ഷിക്കുന്നതിനും ബഹദൂറിനെ ഒരു നല്ല ഹാസ്യനടനാക്കിയതും എന്റെ കഥകളിലൂടെയാണ്. 8. ജാതി, വര്‍ഗീയ, പ്രാദേശിക, രാഷ്‌ട്രീയ ക്ലിക്കുകളില്‍ ഒന്നും പെടാതെ, കൈമണി, കാക്കപിടുത്തം മുതലായ കലകള്‍ അറിഞ്ഞുകൂടാതെ, തനിക്കുതാന്‍പോന്നവനായി സ്വതന്ത്രനായി നില്‍ക്കുന്നതുകൊണ്ട് ഏറ്റവും നല്ല കഥയെഴുത്ത് അവാര്‍ഡ് ലഭിക്കാത്ത ഏക കഥാകൃത്ത്. ഈ വിധ എട്ട് കാരണങ്ങളില്‍ തന്റെ സിനിമാ ജീവിതത്തെ അപഗ്രഥിച്ചു മുട്ടത്തുവര്‍ക്കി. ഇതില്‍ എട്ടാമത്തെ കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹം നേരിട്ട അവഗണനകള്‍ക്ക് കാരണവുമാണ്. വാസ്‌തവത്തില്‍ ഒരു അവാര്‍ഡ് ലബ്‌ധിക്ക് കാരണം ഇത്രയും 'കലകള്‍' ഭംഗിയായി ചെയ്യുന്നതുകൊണ്ടാണന്നല്ലേ അദ്ദേഹം പറഞ്ഞിരിക്കുന്നത്. എങ്ങനെയും ഒരവാര്‍ഡ് കമ്മറ്റിയില്‍ കയറിപ്പറ്റി ഇഷ്‌ടക്കാര്‍ക്ക് (ഇഷ്‌ടം ചെയ്യേണ്ടത് എങ്ങനെയെന്ന് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്ലപോലെ അറിയാം.) അവാര്‍ഡുകള്‍ വിളമ്പുന്നത് ഇന്നും നാം കാണുന്നില്ലേ? അവാര്‍ഡിന് മാനദണ്‌ഡങ്ങളായി സ്വീകരിക്കുന്നത് ജഡ്‌ജിമാര്‍ സ്വന്തമായി പുലര്‍ത്തുന്ന മാനദണ്‌ഡങ്ങളാണല്ലോ. മുട്ടത്തുവര്‍ക്കി എട്ടാമതായി പറഞ്ഞിരിക്കുന്ന 'കല'കള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തിരസ്‌കൃതനായി. പൈങ്കിളി സാഹിത്യം എന്ന് വിളിച്ചാക്ഷേപിച്ചവരില്‍ പലരും പല കാലങ്ങളിലായി അവാര്‍ഡ് കമ്മറ്റികളില്‍ കയറിപ്പറ്റിയവരാണ്. അവരെല്ലാം ആ കലാകാരന്റെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ യാതൊരു വിദ്വേഷവും കൂടാതെ കൈനീട്ടി വാങ്ങുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. |
Friday, May 18, 2012
മുട്ടത്തുവര്‍ക്കിയുടെ 8 സിനിമാവേദനകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment