Wednesday, May 16, 2012

പൈലറ്റ് സമരം: ഒരു ലയന ദുരന്തം

പളര്‍പ്പും ലയനവും എന്തെന്നു മലയാളിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. "വളരുന്തോറും പിളരുകയും പിളരുന്തോറും വളരുക'യും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് തന്നെ നിരവധി പിളര്‍പ്പു-ലയന നാടകങ്ങള്‍ മലയാളികള്‍ക്കു കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പിളര്‍പ്പുകളും ലയനങ്ങളും ജനങ്ങളെ കാര്യമായി ബുദ്ധിമുട്ടിച്ച ചരിത്രമില്ല. 

എന്നാല്‍, ഒരു ലയനം ആയിരക്കണക്കിനു വിമാന യാത്രക്കാരെ വലയ്ക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങള്‍ പലതായി. ഇന്ത്യയുടെ സ്വന്തം വിമാന സര്‍വീസ് എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്കാണു യാത്രക്കാരെ വലയ്ക്കുന്നത്.
സമരമെന്നു പറഞ്ഞാല്‍, പ്രഖ്യാപിത സമരമൊന്നുമല്ല. പൈലറ്റുമാര്‍ക്കു കൂട്ടത്തോടെ അസുഖം പിടിക്കുന്നു! എന്തു ചെയ്യാം, ജോലിക്കു ഹാജരാകാന്‍ അവര്‍ക്കു സാധിക്കില്ലല്ലോ! സൂക്കേടു പിടിച്ച പൈലറ്റുമാര്‍ കൂട്ടത്തോടെ ഹാജരാകാത്തതാണു വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം. അഷ്ടിക്കു വക തേടി വിദേശത്തു കഷ്ടപ്പെടുന്നവര്‍ ജോയ്നിങ് തീയതിക്കു മുന്‍പ് എത്തിച്ചേരാന്‍ കഴിയുമോയെന്നു ടെന്‍ഷനടിച്ചു വിമാനത്താവളത്തില്‍ ഇരിക്കുന്നതൊന്നും സൂക്കേടു പിടിച്ച പൈലറ്റുമാര്‍ക്കു പ്രശ്നമല്ല. 


സമരം നിയമ വിരുദ്ധമെന്നു കോടതി. സമരക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി അജിത് സിങ് വിരട്ടുകയും ചെയ്തു. പക്ഷേ, സമരം കൊഴുക്കുകയാണ്. മുടങ്ങുന്ന സര്‍വീസുകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. എന്താണു പൈലറ്റുമാരെ സൂക്കേട് പിടിപ്പച്ചത്? 2007ലെ എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനമാണു രോഗ കാരണം.
എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഒരു വിമാനം സ്വന്തമാക്കി, ബോയിങ് 787 ഡ്രീംലൈനര്‍. ആധുനിക സൗകര്യങ്ങളുള്ള പുതുപുത്തന്‍ വിമാനം. ഇതു പറത്താന്‍ എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കാനും തീരുമാനിച്ചു. എന്നാല്‍, എല്ലാ വിഭാഗം പൈലറ്റുമാര്‍ക്കും പരിശീലനം നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഇപ്പോള്‍ അപ്രഖ്യാപിത "സൂക്കേട്'സമരം നടത്തുന്നത്.


മുന്‍പു രാജ്യാന്തര സര്‍വീസിന് എയര്‍ ഇന്ത്യയും ആഭ്യന്തര സര്‍വീസിന് ഇന്ത്യന്‍ എയര്‍ലൈന്‍സും ഉണ്ടായിരുന്നു. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 2007 ഓഗസ്റ്റില്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചു.
ലയനത്തിനു മുന്‍പ് ഇരു വിഭാഗങ്ങളിലെയും സേവന-വേതന വ്യവസ്ഥകള്‍ രണ്ടായിരുന്നു. എയര്‍ലൈന്‍സ് ജീവനക്കാരേക്കാള്‍ മികച്ച പ്രതിഫലമാണ് എയര്‍ ഇനന്ത്യക്കാര്‍ക്കു ലഭിച്ചിരുന്നത്. ലയന ശേഷം പ്രതിഫലം സംബന്ധിച്ചു വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 


ഇപ്പോഴും ഇരുകൂട്ടരുടെയും സേവന-വേതന വ്യവസ്ഥകള്‍ രണ്ടായിത്തന്നെ തുടരുന്നു. രാജ്യാന്തര സര്‍വീസുകാര്‍ക്കു ലഭിക്കുന്നതിനു തുല്യമായ വേതനം തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സര്‍വീസുകാര്‍ നരവധി തവണ സമരവും നടത്തി. ഏതാനും മാസം മുന്‍പ് ഇവര്‍ നടത്തിയ സമരം 10 ദിവസം നീണ്ടു. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടും എയര്‍ ഇന്ത്യയ്ക്കു നഷ്ടവും ഉണ്ടാക്കാനല്ലാതെ, സമരംകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായുമില്ല. പഴയ സേവന-വേതന വ്യവസ്ഥയില്‍ അവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.
ഇപ്പോള്‍ പ്രശ്നം ഇതൊന്നുമല്ല. ഡ്രീംലൈനര്‍ വിമാനത്തില്‍ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ മാനെജ്മെന്‍റ് തീരുമാനിച്ചതാണു പ്രശ്നം. പ്രസ്റ്റീജ് വിമാനത്തിലെ പരിശീലനം തങ്ങള്‍ക്കു മാത്രമാകണമെന്നാണ് എയര്‍ ഇന്ത്യക്കാരുടെ വാശി. അതിനാണവര്‍ സമരം നടത്തുന്നത്. 


സമരം മൂലം രാജ്യാന്തര സര്‍വീസുകള്‍ താറുമാറായിട്ടുണ്ട്. അധികൃതര്‍ 20 ഓളം പൈലറ്റുമാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. സൂക്കേടു ബാധിച്ച മറ്റുള്ളവര്‍ക്കു ജോലിക്കു ഹാജരാകാന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുകൊണ്ടൊന്നും സമരം ശമിച്ചില്ല. സമരക്കാരുടെ എണ്ണം കൂടുകയാണുണ്ടായത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 30,000 കോടി രൂപയുടെ മൂലധന സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ തികയുന്നതിനു മുന്‍പു നടക്കുന്ന ഈ സമരം കമ്പനിയെ കൂടുതല്‍ നഷ്ടത്തിലാക്കുമെന്നു തീര്‍ച്ച. 


സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനൊപ്പം അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടേയെന്ന മറുചോദ്യവും ഉയരുന്നുണ്ട്. ലയന കാലത്തു തന്നെ അതിനുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു. സേവന-വേതന വ്യവസ്ഥകളിലും മനുഷ്യ വിഭവ ശേഷിയുടെ വിന്യാസത്തിലും ഉണ്ടായ അപാകത പരിഹരിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുമതിയോടെ എയര്‍ ഇന്ത്യ ഡയറക്റ്റര്‍ ബോര്‍ഡ് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയും ചെയ്തു. മുന്‍ സുപ്രീം കോടതി ജഡ്ജി ഡി.എന്‍. ധര്‍മാധികരി സമിതി അധ്യക്ഷനും സയ്ദ് നസീര്‍ അലി, പ്രൊഫ. രവി ദോല്‍കിയ, രാജേശ്വ ദയാല്‍ എന്നിവര്‍ അംഗങ്ങളുമായായിരുന്നു. അതിനിടെയാണ് എയര്‍ ഇന്ത്യ എയര്‍ ക്രാഫ്റ്റ് അസോസിയേഷനും ഓള്‍ ഇന്ത്യ എയര്‍ ക്രാഫ്റ്റ് എന്‍ജിനീയേഴ്സ് അസോസിയേഷനും ഡല്‍ഹി ഹൈക്കോടതിയില്‍ ലയനത്തിനെതിരേ ഹര്‍ജി നല്‍കിയത്. അതിന്‍റെ അവസാന കേസ് കഴിഞ്ഞ ഏപ്രിലില്‍ തള്ളി. കേസ് നിലനിന്നിരുന്നതിനാല്‍ സമിതിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമായില്ല. സമതി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു റിപ്പോര്‍ട്ട് തയാറാക്കുകയും അതു നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സമരവും യാത്രക്കാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാമായിരുന്നു. 

No comments:

Post a Comment