Wednesday, May 16, 2012

ചില കൊലവെറിപ്പാട്ടുകള്‍


അടുത്തകാലത്തെ പാട്ടുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ 'കൊലവെറി' തരംഗമാണ്ആദ്യം ശ്രദ്ധയില്‍ പെടുക. 'വൈ ദിസ് കൊലവെറി ഡി ' തയ്യാറാക്കുമ്പോള്‍ സിനിമാഗാന രംഗത്ത്‌ ഒരു പുതിയ തരംഗം സൃഷ്ടിക്കുക എന്ന ഉദ്ദേശമൊന്നും ധനുഷിനോ കൂട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. എന്നല്ല പാട്ട് ഹിറ്റാകുമോ എന്ന ആത്മവിശ്വാസം പോലും ധനുഷിനു ഇല്ലായിരുന്നു. പക്ഷെ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു 'സുനാമി' തരംഗം തന്നെയാണ് ഉണ്ടായത് - സോഷ്യല്‍ മീഡിയ വഴി അത് ആഗോള തലത്തില്‍ പ്രചരിച്ചു... പരിഭാഷകള്‍, പാരഡികള്‍, അനിമേഷനുകള്‍... അങ്ങനെ 'കൊലവെറി' പാട്ട് പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി.

ഒരു സിനിമാ ഗാനത്തിന്റെതായി നിര്‍വചിക്കപ്പെടുന്ന ഘടനയെ, കരുതിക്കൂട്ടിയല്ലെങ്കിലും, നിരാകരിക്കുന്ന പാട്ട് (നമ്മുടെ മ്യുസിക്കല്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജിമാര്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന തുണ്ടുപല്ലവി, ചരണം, ശ്രുതി, സംഗതി, ലാന്റിംഗ് നോട്സ്.. എന്നിങ്ങനെയുള്ള 'സംഭവങ്ങള്‍' ഒന്നും അതിലില്ല !). എന്നിട്ടും അത് ദേശ-പ്രായഭേദമേന്യേ ജനപ്രീതി നേടിയിരിക്കുന്നു. പാട്ടിന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാതെ ആര്‍ക്കും ഏറ്റുപാടാം ഏതുവിധേനയും പാടാം എന്നതാവാം അതിന്റെ വിജയ രഹസ്യം (പാട്ടിനു ആത്മാവ് ഉണ്ടായിട്ടു വേണ്ടേ മുറിവേല്‍ക്കാന്‍ !).
ഗൌരവമായി സിനിമഗാനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് 'കൊലവെറി' അലോസരമുണര്‍ത്താന്‍ കാരണം അതിലെ വരികളുടെ പരിഹാസ്യതയാണ്. മുറി ഇംഗ്ലീഷിലെ വിഡ്ഢിത്ത ജല്‍പ്പനങ്ങള്‍ എങ്ങനെ ജനകോടികള്‍ ഏറ്റുപാടി എന്നാണ് പലരും അത്ഭുതപ്പെട്ടത്. .“Tamil 'nonsense' film song goes viral in India” എന്ന് BBC എഴുതി.
പക്ഷെ അതൊരിക്കലും 'കൊലവെറി' യെ തള്ളിപ്പറയാന്‍ കാരണമാകുന്നില്ല. എന്തെന്നാല്‍ Nonsense Songs / Scat Songs എന്നറിയപ്പെടുന്ന ഒരു വിഭാഗം തന്നെ പാട്ടുകളില്‍ ഉണ്ട് എന്നതിന് ഗൂഗിള്‍ സാക്ഷി (Check: squidoo, wikipedia). ശ്രോതാക്കള്‍ക്ക് ക്ഷിപ്രരസം നല്‍കുക എന്ന ഉദ്ദേശം മാത്രം മുന്‍നിര്‍ത്തി അര്‍ത്ഥശൂന്യമായ ചൊല്ലുകള്‍ ആലപിക്കുക. ഭാവഗീതം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ അപലപിക്കുമെങ്കിലും Nonsense Songs / Scat Songs ഉണ്ടാക്കുക അത്ര എളുപ്പമെന്നു പറയാനാവില്ല. ഹാസ്യഗാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍പ്പോലും അര്‍ത്ഥശൂന്യഗാനങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. എന്നാല്‍ അത്തരത്തിലുള്ളവയൊക്കെ മിക്കപ്പോഴും ജനപ്രീതി പിടിച്ചു പറ്റിയിട്ടും ഉണ്ട് -ശബ്ദലേഖനം ചെയ്തു പാട്ടുകള്‍ വില്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍. നിരര്‍ത്ഥകപദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാശ്ചാത്യ ഗാനങ്ങളുടെ ഒരു ലിസ്റ്റ് ഈ ലിങ്കില്‍ കാണാം.
അപ്പോള്‍ 'കൊലവെറി' പുതിയ തരംഗമൊന്നും അല്ലായെന്ന് ചുരുക്കം. 'കൊലവെറി'ക്ക് മുന്‍പ്, ഇത്തരം ഒരു non-sense ഗാനത്തിന് ഇതുപോലെ പ്രശസ്തി കിട്ടിയിട്ടുണ്ടോ എന്ന ചരിത്രകൌതുകത്തിലേക്ക്പുറകോട്ടു പോയിനോക്കാം.
അറുപത്തിനാല് വര്‍ഷം മുന്‍പ് അതിനു സമാനമായി ഇന്ത്യയിലും വിദേശത്തും ഒരു സിനിമാഗാനം വന്‍ഹിറ്റായി മാറി എന്ന് കേട്ടാല്‍ അത്ഭുതം തോന്നില്ലേ? 1947 ല്‍ പുറത്തിറങ്ങിയ'ഷെഹനായി' എന്ന ഹിന്ദി ചിത്രത്തിലെ 'സണ്ടെ-കെ-സണ്ടെ' - അതിവിടെ കാണാം, കേള്‍ക്കാം
ചിത്രത്തിന്റെ സംവിധായകന്‍ P.L. സന്തോഷിയുടെ രചന, C. രാമചന്ദ്രയുടെ സംഗീതം. ചിതല്‍കര്‍, മീന കപൂര്‍, ഷംഷാദ് ബീഗം എന്നിവരുടെ ശബ്ദം. आना मेरी जान मेरी जान Sunday के Sunday ... സംഗതി ഏതാണ്ട് കൊലവെറി സ്റ്റൈല്‍ തന്നെ.
'കൊലവെറി' നാട്ടിലും ആഗോളതലത്തിലും ഹിറ്റ്‌ ആയതു വൈറല്‍ മാര്‍ക്കെറ്റിങ്ങിലൂടെ ആയിരുന്നു എന്നത് നേര്. എന്നാല്‍ സണ്ടേ-കെ-സണ്ടേയുടെ കാലംവച്ച് നോക്കുമ്പോള്‍ അതിനു സിദ്ധിച്ച ജനപ്രീതി തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്. രാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടുന്നതിനു തൊട്ടുമുന്‍പാണെന്നു ശ്രദ്ധിക്കണം. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ playback ഗാനം ഇറങ്ങിയിട്ട് ഒരു വ്യാഴവട്ടം ആകുന്നേയുള്ളൂ. മീഡിയ പ്ലെയറുകളോ കാസെറ്റിടുന്ന ടേപ്പ് റിക്കാര്‍ഡറുകളോ ഒന്നും സങ്കല്പത്തില്‍ പോലുമില്ലാത്ത കാലം. TV എന്നല്ല, ട്രാന്‍സിസ്റ്റര്‍ റേഡിയോ പോലും ഇല്ലാത്ത കാലം (ഭീമന്‍ വാല്‍വ്റേഡിയോ വേണം പ്രക്ഷേപണം കേള്‍ക്കാന്‍ - വ്യക്തികള്‍ക്ക് അതുപയോഗിക്കാന്‍ ലൈസന്‍സും എടുക്കണം !). അന്ന് ഒരു ഇന്ത്യന്‍ ഗാനം ബ്രിട്ടണിലും മറ്റും അംഗീകരിക്കപ്പെട്ടത് എങ്ങനെ എന്നതാണ് ചോദ്യമെങ്കില്‍ സംഗീതവ്യവസായത്തിന്റെ ആദ്യ കാലത്തെക്കുറിച്ച് അറിയണം.
'ഗ്രാമഫോണ്‍ പെട്ടി'യുടെ വരവോടെയാണ് 'സംഗീതവ്യവസായം' രൂപപ്പെട്ടത്. പുറപ്പെടുവിച്ചു കഴിയുന്ന മാത്രയില്‍ വായുവില്‍ വിലയിക്കുന്ന ശബ്ദത്തെ രേഖപ്പെടുത്തി പിന്നെയും കേള്‍ക്കാന്‍ പ്രാപ്തമാക്കുന്ന അത്ഭുതവിദ്യ കണ്ടെത്തിയത് എഡിസണ്‍. അദ്ദേഹത്തിന്റെ phonograph യന്ത്രം പരിഷ്കരിച്ചു, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പല കമ്പനികളും ജനങ്ങളെ ശബ്ദരേഖ കേള്‍പ്പിച്ചു രസിപ്പിക്കുന്ന "gramophone" എന്ന കണ്‍സ്യുമര്‍ ഉപകരണങ്ങള്‍ വിറ്റു തുടങ്ങി. ഇന്നത്തെ തലമുറയ്ക്ക് അതൊരു പുരാവസ്തുവാണ്‌ (ചാനലില്‍ പഴയപാട്ട് എന്ന് പറഞ്ഞു തുടങ്ങുമ്പോള്‍ കാട്ടുന്ന കുടയും ചക്രവുമുള്ള സാധനം !). എന്നാല്‍ അന്ന് ഗ്രാമഫോണ്‍ ഒരു ഹൈ-ടെക് Talking Machine ആയിരുന്നു. ആദ്യകാലത്ത് ലോഹത്തകിടു പൊതിഞ്ഞ പുട്ടുകുറ്റി പോലത്തെ സിലിണ്ടറുകളില്‍ ആയിരുന്നു ശബ്ദലേഖനം. രണ്ടു മിനിട്ട് സമയത്തേക്ക് മാത്രം കേള്‍ക്കാം. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ് കൂടുതല്‍ സൌകര്യപ്രദമായ അരക്കിന്റെ (shellac) ഡിസ്കുകള്‍ ഇറങ്ങിയത്‌ - ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍. അതിലായാലും മൂന്ന് മിനിട്ടാണ് ശബ്ദം കേള്‍ക്കാനാവുക. എന്നിട്ടും പാട്ടും പ്രസംഗവും ഒക്കെ 'പിടിച്ചു വെക്കുന്ന' ഗ്രാമഫോണ്‍ ആഗോളതലത്തില്‍ വന്‍തരംഗം സൃഷ്ടിച്ചു. സംഗീതവ്യവസായത്തിലെ കുത്തകകള്‍ വളര്‍ന്നു പടര്‍ന്നു.
അന്ന് റിക്കാര്‍ഡുകളില്‍ ശബ്ദരേഖ കട്ട് ചെയ്യുന്ന (പകര്‍പ്പെടുക്കല്‍) മികച്ച കേന്ദ്രം ജര്‍മനിയിലെ ഹാനോവര്‍ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടെ അത് തടസ്സപ്പെട്ടു; ബ്രിട്ടനിലെ ഗ്രാമഫോണ്‍ കമ്പനിക്കാര്‍ പ്രതിസന്ധിയില്‍ ആയി. അതോടൊപ്പം shellac ക്ഷാമം കൂടി വന്നു. ഒരു പോംവഴി തേടി അവരെത്തിയത് ഇന്ത്യയിലാണ് - ഇവിടെ അരക്ക് സുലഭമായിരുന്നു (പ്രത്യേകിച്ച് ബംഗാളില്‍). അങ്ങനെ യുറോപ്പിലെ വന്‍മ്യൂസിക്‌ കുത്തകകള്‍ കല്‍ക്കട്ടയിലേക്ക്‌ ചേക്കേറി. സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ടതോടൊപ്പം കൂടുതല്‍ വിപണന സാധ്യതയും തുറന്നു കിട്ടി - വിവിധ ഭാഷകളിലെ വിവിധ സംഗീതരൂപങ്ങളുടെ ഖനിയാണല്ലോ ഇന്ത്യ. ഗ്രാമഫോണ്‍ ഡിസ്കുകള്‍ ഇവിടെ 'കട്ട്' ചെയ്യിച്ചു ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെടുന്ന സ്ഥിതിയായി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സിനിമയിലെ ഗാനശാഖയും വളര്‍ന്നത്‌. (അന്നു ഗ്രാമഫോണ്‍ പെട്ടിയും പാട്ടിന്റെ റിക്കാര്‍ഡുകളും സാധാരണക്കാരന്‌ അപ്രാപ്യമായ ആഡംബരം ആയിരുന്നു എന്നതും ശ്രദ്ധിക്കണം). His Master's Voice (HMV) എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കിയിരുന്ന ഗ്രാമഫോണ്‍ കമ്പനി ആയിരുന്നു അന്ന് ഏറ്റവും വ്യവസ്ഥാപിതം (ഇവര്‍ പിന്നീട് EMI കമ്പനി ആയി മാറി) - ലണ്ടന്‍ ആസ്ഥാനമായുള്ള കുത്തക. ഇന്ത്യ കോളനിയും. പാട്ടുകളുടെ രാജ്യാന്തര സഞ്ചാരം എളുപ്പം നടന്നു.
‌‌ലണ്ടനില്‍ ഹിന്ദി സിനിമാ പാട്ടിന്റെ ഒരു വന്‍ആരാധകവൃന്ദം രൂപപ്പെട്ടിരുന്നു. ആംഗലേയം കലര്‍ത്തിയതുകൊണ്ടോ ഈണത്തിന്റെ പാശ്ചാത്യ ടച്ച് കൊണ്ടോ ആവാം 'സണ്ടെ-കെ-സണ്ടെ' ബ്രിട്ടനിലാകമാനം വന്‍ പോപ്പുലാരിറ്റി നേടി. ഇന്ത്യയില്‍ പ്രത്യേകിച്ച് പറയുകയും വേണ്ട. ഭാരതം സ്വാതന്ത്ര്യം നേടുന്ന സമയം ദേശീയഗാനം ഏതു വേണമെന്ന്ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു - അപ്പോള്‍ ഒരു ദേശീയ പത്രം കളിയായി എഴുതിയത്രേ - "ഇനി 'സണ്ടെ-കെ-സണ്ടെ' ദേശീയഗാനമായി തിരഞ്ഞെടുക്കപ്പെടുമോ എന്തോ "... ! അതില്‍ നിന്ന് പാട്ടിന്റെ ജനപ്രീതി ഊഹിക്കാം.
പാട്ടില്‍ കേള്‍ക്കുന്ന പുരുഷശബ്ദം (റിക്കാര്‍ഡില്‍ 'ചിതല്‍ക്കര്‍' എന്ന പേരില്‍) മറ്റാരുടേതുമല്ല - അത് സംഗീതസംവിധാനം ചെയ്ത C.രാമചന്ദ്രയുടേത് തന്നെ ! 1945 -55 കാലത്ത് ഹിന്ദി സിനിമയില്‍ പാശ്ചാത്യസംഗീതത്തിന്റെ ചുവടുപിടിച്ചു പുതിയ ട്രെന്‍ഡ് കൊണ്ടുവന്ന പ്രതിഭാശാലി. റഫിയും മുകേഷും കിഷോര്‍ കുമാറും രംഗത്ത്‌ വരുന്നതിനു തൊട്ടു മുന്‍പ് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സ്വന്തം ഈണത്തില്‍ പാടിയിട്ടുണ്ട്. 'അല്‍ബേല' എന്ന ചിത്രത്തിലെ (1951) പ്രസരിപ്പ് തുളുമ്പുന്ന ഈ ഗാനങ്ങള്‍ കേള്‍ക്കുക -
शाम ढले खिड़की तले..
शोला जो भड़के...
ഇതേ ചിത്രത്തിലെ धीरे से आजा रे ഏറ്റവും മികച്ച താരാട്ട് പാട്ടുകളില്‍ ഒന്നായി എണ്ണപ്പെടുന്നു.
C.രാമചന്ദ്ര യെപ്പറ്റി നല്ലൊരു വിലയിരുത്തല്‍ ഇവിടെ...
കുറച്ചു ഗാനങ്ങള്‍ കൂടി:
ഇതില്‍ 'അനാര്‍ക്കലി' ഹിന്ദി സിനിമ (1953) എക്കാലവും ആദരിക്കുന്ന work ആയിരുന്നു. പ്രത്യേകിച്ച് ലത മംഗേഷ്‌കറുടെ 'യെ സിന്ദഗി ഉസി കി ഹൈ...'.
C. രാമചന്ദ്ര സൃഷ്ടിച്ച ട്രെന്റിന്റെ വഴിയെ SD ബര്‍മനും ശങ്കര്‍-ജയ്‌കിഷനും കൌതുകമാര്‍ന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഇറക്കിയിരുന്നു. തുടര്‍ന്നുള്ള ദശകത്തിലെ ഹിന്ദി ഗാനങ്ങള്‍ നോക്കിയാല്‍ ഏറ്റവും പ്രശസ്തി പിടിച്ചു പറ്റിയത് കിഷോറിന്റെ "ഈന മീന ഡീക...".
1957 ലെ 'ആഷ' എന്ന ചിത്രം. അസ്സല്‍ scat song . ഇതിന്റെ സംഗീതവും C.രാമചന്ദ്രയുടേത് !
ഇത്രയും പറയുമ്പോള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഇത്തരം നിരര്‍ത്ഥക ഹിറ്റ് ഗാനങ്ങള്‍ നിങ്ങളുടെ മനസ്സില്‍ തെളിയുന്നുണ്ടാവും. ഇവ തന്നെയും പല വിധത്തിലുണ്ടെന്നും കാണാം - അര്‍ത്ഥമുള്ള പദങ്ങള്‍ ഉണ്ടായിട്ടും മൊത്തത്തില്‍ അര്‍ത്ഥസംപുഷ്ടി ഇല്ലാത്തവ, മറ്റു ഭാഷാപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചവ, ഒരു ഭാഷയിലുമില്ലാത്ത വിചിത്രപദങ്ങള്‍ ചേര്‍ത്തവ...
മലയാളത്തിന്റെ കാര്യമെടുത്താല്‍ ഹാസ്യ ഗാനങ്ങള്‍ കുറെയുണ്ടെങ്കിലും നോണ്‍സെന്‍സ് സോങ്ങ്സ് ഏറെയൊന്നും ഇല്ല. ഇതില്‍ ആദ്യം ഓര്‍മ വരുന്നത് "എ ബി സി ഡി - ചേട്ടന്‍ കേഡി - അനിയന് പേടി ..."
1975 ഇല്‍ ഇറങ്ങിയ 'അയോധ്യ' യിലെത്. വരികളില്‍ മിക്സ്‌ ചെയ്തിരിക്കുന്നത് ഹിന്ദിയാണ്‌. എഴുതിയത് ഭാസ്കരന്‍ മാഷ്‌ . പാടിയതോ - സാക്ഷാല്‍ കിഷോര്‍ കുമാര്‍ ! കിഷോര്‍ദായുടെ ഒരേയൊരു മലയാള ഗാനം. ആലാപനത്തില്‍ ഇത്ര ഹാസ്യം നിറക്കാന്‍ മറ്റാര്‍ക്ക് സാധിക്കും? മലയാളം ഉച്ചരിക്കുന്നതിലും അദ്ദേഹം അന്യഭാഷാഗായകരെകാള്‍ ഏറെ മികവു കാട്ടിയിരിക്കുന്നു. കിഷോര്‍ദായുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു സല്യൂട്ട് ..!
സിനിമയില്‍ മറ്റു പാട്ടുകളിലെന്ന പോലെ 'നോണ്‍സെന്‍സ് സോങ്ങ്സ്'ന്റെ കാര്യത്തിലും ആദ്യം പാട്ടുണ്ടാക്കി പിന്നീട് സന്ദര്‍ഭം സൃഷ്ടിച്ചു ചിത്രീകരിക്കുന്ന രീതിയാണ് (കൊലവെറിയുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു). എന്നാല്‍ സിനിമയിലെ സന്ദര്‍ഭം അനുസരിച്ച് ഒരു non-sense song ഉണ്ടാക്കി സംവിധാനം ചെയ്തു ലോകസിനിമാപ്രേക്ഷകരെ കയ്യിലെടുത്ത ഒരാളുണ്ട്. അദ്ദേഹം തന്നെയാണ് അത് പാടിയതും അഭിനയിച്ചതും - ചാര്‍ളി ചാപ്ലിന്‍ എന്ന ലജന്റ്റ്. അതിപ്രശസ്തമായ 'മോഡേണ്‍ ടൈംസ്‌'ലെ (1936) ആ ഗാനസന്ദര്‍ഭം ഇവിടെ:
പശ്ചാത്തലം ഇപ്രകാരം - തൊഴിലാളി സമരത്തിന്‌ ശേഷം പട്ടിണിയായ 'ട്രാമ്പ്' ഒരു ഹോട്ടലില്‍ തന്റെ കൂട്ടുകാരി നര്‍ത്തകിയായി ജോലിയെടുക്കുന്നത് കാണുന്നു. ജീവിത മാര്‍ഗത്തിന് അവിടെ പാട്ട് പാടി കാണികളെ രസിപ്പിക്കുന്ന പണി അയാള്‍ ഏല്‍ക്കുന്നു. കൂട്ടുകാരി പാട്ടും അഭിനയവും പഠിപ്പിച്ചു. ഒരു കുഴപ്പം - ട്രാമ്പ് വരികള്‍ മറന്നു പോകുന്നു. പരിഹാരമായി ഷര്‍ട്ടിന്റെ 'കഫില്‍' എഴുതി 'കോപ്പിയടിക്കാന്‍ ' പുറപ്പെട്ടു. അഭിനയിക്കാനുള്ള entry step -ന്റെ തിടുക്കത്തില്‍ കഫ് തെറിച്ചുപോകുന്നതോടെ ട്രാമ്പ് പ്രേക്ഷകരില്‍ ചിരി വിതറുകയായി. തുടര്‍ന്നു അയാള്‍ നില്‍ക്കക്കള്ളിയില്ലാതെ വായില്‍ വന്നതൊക്കെ പാടുന്നു. കാണികളെ ആര്‍ത്താര്‍ത്തു ചിരിപ്പിച്ച ആ sequence ലിറിക്കുകളോടെ ചുവടെ കാണാം:
സംസാരിക്കുന്ന സിനിമ വന്നിട്ടും വര്‍ഷങ്ങളോളം നിശ്ശബ്ദചിത്രങ്ങളില്‍ മുറുകെ പിടിച്ച ആളാണ്‌ ചാപ്ലിന്‍ . സിനിമയില്‍ ആശയവിനിമയത്തിന് സംഭാഷണം ആവശ്യമില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു (തന്റെ silent block busters ലൂടെ അത് തെളിയിക്കുകയും ചെയ്തു). എന്നാലും ആഗോളപ്രേക്ഷകര്‍ അദ്ദേഹത്തിന്റെ ശബ്ദം സൌണ്ട് ട്രാക്കിലൂടെ കേള്‍ക്കാന്‍ ആഗ്രഹമുന്നയിച്ചുകൊണ്ടിരുന്നു. ചാപ്ലിന്‍ ഒടുവില്‍ വഴങ്ങി - പക്ഷെ സംഭാഷണം വേണ്ട എന്ന നിലപാടിന് കോട്ടം വരാതിരിക്കാന്‍ 'മോഡേണ്‍ ടൈംസ്‌'-ല്‍ ഗാനം തിരഞ്ഞെടുത്തു. അത് ഹാസ്യത്തിന്റെ അംശം പരമാവധി ആവാഹിക്കാന്‍ പാകത്തിലുള്ള ഒരു nonsense song തന്നെ ആവണമെന്ന് തീരുമാനിച്ചതിന്റെ ഇന്റലിജന്‍സ് എടുത്തു പറയണം (ഈയൊരു കഴിവാണല്ലോ അദ്ദേഹത്തെ ആ രംഗത്തെ ജീനിയസ് ആക്കിയത് !).
Landing note: ഒരു റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി കൊലവെറി ആലപിച്ചപ്പോള്‍ ജഡ്ജായ ഗായകന്‍ ജയചന്ദ്രന്‍ അത് ബഹിഷ്കരിച്ചത് വലിയ വാര്‍ത്തയായിരുന്നു. തന്റെ കരിയറിന്റെ ആദ്യകാലത്ത് അന്തമാതിരി ഒരു വെസ്റ്റേണ്‍ അര്‍ത്ഥശൂന്യഗാനമാണ് അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി ഉയര്‍ത്തിയതെന്ന കാര്യം ഭാവഗായകന്‍ മറന്നു! 1974 ല്‍ ഇറങ്ങിയ 'മാന്യശ്രീ വിശ്വാമിത്രന്‍' സിനിമയിലെ 'ഹാ.. സംഗീത മധുരനാദം...'. സംഗീത സംവിധായകന്‍ ശ്യാമിന്റെ ആദ്യസംരംഭം. അന്നത്തെ 'ഹിപ്പി' പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ 'ഹരേ രാമ ഹരേ കൃഷ്ണ'യിലെ 'ദം മാരോ ദം ..' അനുകരിച്ചുണ്ടാക്കിയത്. ഇന്ന് ഏറെയൊന്നും കേള്‍ക്കാനില്ലെങ്കിലും 'സംഗീത മധുരനാദം...' അന്നൊരു മെഗാഹിറ്റായിരുന്നു.
മനോജ്‌ കോമത്ത്
(ഗ്രാമഫോണിന്റെ ആരാധകനായ ലേഖകന്‍ തിരുവനന്തപുരത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യുട്ടില്‍ ജോലി ചെയ്യുന്നു. മെയില്‍ : manoj@scientist.com)

No comments:

Post a Comment