കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ ആഗോളതലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആശയദിശാപരമായ പ്രതിസന്ധി ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കുഴപ്പത്തിലാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങളും സിദ്ധാന്തങ്ങളും കാലഹരണപ്പെട്ടതുകൊണ്ടല്ല ഇതു സംഭവിച്ചത്. മറിച്ച് അദ്ദേഹം പറഞ്ഞവയില്‍ തങ്ങള്‍ക്ക് താല്പര്യമുള്ളത് മാത്രം കണ്ടെത്തി അതിന് മുകളില്‍ വിപ്ലവപാര്‍ട്ടികളുടെ മണിമന്ദിരങ്ങള്‍ പടുത്തുയര്‍ത്തിയ പ്രത്യയശാസ്ത്രപടുക്കളുടെ ഹ്രസ്വദൃഷ്ടിയാണതിനു കാരണം. കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ പ്രസ്ഥാനങ്ങളായി മാറി തുടങ്ങിയ കാലഘട്ടത്തില്‍, അന്നത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി മാര്‍ക്‌സിയന്‍ ചിന്തകളെ വെട്ടിമെരുക്കി വ്യാഖ്യാനിച്ച്, അതില്‍ പ്രസ്ഥാനങ്ങളുടെ അടിത്തറ പണിതു.
പിന്നീട്, പക്ഷെ കാലം മാറി. ശാസ്ത്രവും സംസ്‌കാരങ്ങളും പുരോഗമിച്ചു. മനുഷ്യരുടെ ജീവിതരീതികളിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. അത് സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളില്‍ പ്രതിഫലിക്കാനും തുടങ്ങി. ഈ മാറ്റങ്ങളില്‍ ഒരു പ്രധാനചാലകശക്തിയായിരുന്നു, മാര്‍ക്‌സിയന്‍ തത്വങ്ങളില്‍ വേരുറപ്പിച്ച കമ്യൂണിസ്റ്റ് വ്യവസ്ഥിതികള്‍. പക്ഷെ പുറംലോകത്തെ മാറ്റങ്ങള്‍ക്കായി പ്രേരിപ്പിക്കുമ്പോഴും സ്വയം മാറ്റങ്ങള്‍ക്ക് പുറംതിരിഞ്ഞു നിന്നു, ലോക കമ്യൂണിസ്റ്റ് ചട്ടക്കൂടുകള്‍. കാരണം അപ്പോഴേക്കും കമ്യൂണിസം എന്ന ശാസത്രശാഖ ഒരു മതമായി മാറിയിരുന്നു. 'മൂലധനം' വിശുദ്ധഗ്രന്ഥവും കാള്‍മാര്‍ക്‌സ് ദൈവപുരുഷനുമായൊരു മതം (അവതാരങ്ങള്‍ പിന്നീട് ധാരാളമുണ്ടായി. ലെനിന്‍, മാവോ, കാസ്‌ട്രോ തുടങ്ങി ഇന്ത്യയില്‍ എ.കെ.ജി, ജ്യോതിബസു, ഇ.എം.എസ്... അങ്ങനെ നീളുന്നു കമ്മ്യൂണിസ്റ്റ് അവതാരങ്ങളുടെ പട്ടിക).മതമായാല്‍ പിന്നെ തത്വങ്ങളില്‍ മാറ്റമുണ്ടാകാന്‍ പാടില്ലല്ലോ.
തുറവിയില്ലായ്മ, കാര്‍ക്കശ്യം, ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്ന നിഷ്ഠൂരത ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖചിഹ്നങ്ങളായി. മനുഷ്യസ്‌നേഹികളായിരുന്ന, അങ്ങനെ ആയിരിക്കേണ്ട കമ്മ്യൂണിസ്റ്റുകള്‍ അസഹിഷ്ണുക്കളായ (കമ്യൂണിസ്റ്റ്) മത തീവ്രവാദികളായി മാറി. ആശയപരമോ പ്രവര്‍ത്തനപരമോ ആയ ഭിന്നതകളെ, അത് പ്രസ്ഥാനത്തിനുള്ളിലായാലും പുറത്തായാലും ഉള്‍ക്കൊള്ളാനാവാത്ത വിധം അടച്ചുവെയ്ക്കപ്പെട്ടതായിരിക്കണം ഒരു കമ്യൂണിസ്റ്റുകാരന്റെ മനസ്സ് എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ച് ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി, സി.പി.ഐ(എം) ശീലിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ഈയൊരു ശൈലിയുടെ സ്വാഭാവിക പ്രതിഫലനങ്ങളാണ് ഈ അടുത്ത ദിവസങ്ങളില്‍ നടന്ന ടി.പി.ചന്ദ്രശേഖരന്‍ വധം വരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ .
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുവാനുള്ള ശേഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എമ്മിന് നഷ്ടമായിരിക്കുന്നു. കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വം മനുഷ്യസ്‌നേഹത്തിലും സാഹോദര്യത്തിലും ഊന്നി നില്‍ക്കുന്നതാണെന്ന് ഇന്നത്തെ സഖാക്കള്‍ക്കറിയില്ല. കമ്യൂണിസ്റ്റുകള്‍ വിപ്ലവകാരികളാണ്; വിപ്ലവങ്ങള്‍ക്കായാണ് കമ്യൂണിസം എന്നതാണ് ഇന്നത്തെ പൊതു കാഴ്ചപ്പാട്. മാര്‍ഗം ലക്ഷ്യത്തെക്കാള്‍ പ്രാധാന്യം നേടിയിരിക്കുന്നു എന്നര്‍ത്ഥം. മാനവസാഹോദര്യത്തിലൂന്നിയുള്ള ഒരു നവലോക നിര്‍മ്മിതിക്കായിട്ടായിരുന്നല്ലോ വിപ്ലവം എന്ന മാര്‍ഗം ആദ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരുന്നത്. വിപ്ലവം എന്നത് കമ്യൂണിസ്റ്റ് ജീവിതക്രമത്തിലേക്കുള്ള അനേകപാതകളില്‍ ഒന്നുമാത്രമായിരുന്നു. പക്ഷെ വിപ്ലവമാണ് കമ്യൂണിസം എന്നായതോടെ കമ്യൂണിസ്റ്റുകള്‍ നിഷ്ഠൂരരും കൊലപാതകികളുമാവുന്നത് അനുവദനീയമെന്ന നില വന്നു. പ്രസ്ഥാനത്തിനുവേണ്ടി കൊല ചെയ്യുക എന്നത് ഒരു ഉത്തമ പ്രവര്‍ത്തകന്റെ കടമയാണെന്നുമായി. അതുകൊണ്ടാണല്ലൊ ഒരുമിച്ച് ഉണ്ടുറങ്ങി ഒരേ സ്വപ്നങ്ങള്‍ പങ്കുവെച്ച് ജീവിച്ച ചന്ദ്രശേഖരനെന്ന സുഹൃത്തിനെ കൊലയാളികള്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ഉത്തമ കമ്യൂണിസ്റ്റായ രവീന്ദ്രന് കഴിഞ്ഞത്. കൊലയ്ക്കുള്ള പ്രതിഫലം എണ്ണിക്കൊടുത്തതോ മറ്റൊരു കമ്യൂണിസ്റ്റ് സുഹൃത്തായ രാമചന്ദ്രനും.
എന്തു പറ്റി ഈ സി.പി.എമ്മുകാര്‍ക്ക്? ഇത്ര വലിയ അപചയം സംഭവിക്കുവാന്‍ എന്താണ് കാരണം? ഒരുകാലത്ത് സമൂഹത്തിലെ ഒറ്റപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും രക്ഷാകേന്ദ്രമായി വളര്‍ന്നു വന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. അന്നതിന് മനുഷ്യസ്‌നേഹിയുടെ മുഖമായിരുന്നു. ഇന്നത് കറുത്തിരുണ്ട് ബീഭത്സമായിരിക്കുന്നു. പാര്‍ട്ടിയുടെ ബൗദ്ധീക ദാര്‍ശനീകതലങ്ങള്‍ക്ക് രൂപം പകര്‍ന്ന താത്വികാചാര്യന്മാരും സഖാക്കളെ കൂട്ടിയിണക്കി പാര്‍ട്ടിയെ വളര്‍ത്തിയ സംഘാടകപ്രമുഖരുമടങ്ങിയ ഒന്നാം തലമുറ പാര്‍ട്ടിയുടെ അമരത്തുനിന്നും മാറിത്തുടങ്ങിയ കാലത്ത് ആരംഭിച്ചതാണ് ഈ മാറ്റം. അണികളുള്‍പ്പെടെയുള്ള പാര്‍ട്ടി സ്വത്ത് സംരക്ഷിക്കാനായി പാര്‍ട്ടി വളര്‍ത്തിയെടുത്ത അംഗരക്ഷകര്‍ ഗുണ്ടകളായി വളരുകയും അവസാനം അവര്‍ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ കയറി പറ്റുകയും ചെയ്ത കാലത്താണ് ഈ മാറ്റത്തിന് ഗതിവേഗമുണ്ടായത്. പിന്നീട്, ധാര്‍ഷ്ട്യവും താന്‍പോരായ്മയും നിറഞ്ഞ ഏകാധിപത്യ പ്രവണത കാണിക്കുന്ന പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിനെ നയിക്കുവാന്‍ തുടങ്ങിയതോടെ ഈ മാറ്റം ഉച്ചസ്ഥായിയിലായി. അതോടെ പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നു. എന്നും പാര്‍ട്ടിയുടെ ബലമായിരുന്ന അടിസ്ഥാനവര്‍ഗം പാര്‍ട്ടിയെ കയ്യൊഴിഞ്ഞു തുടങ്ങി. എന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.പുതിയ കാലത്തെ പാര്‍ട്ടിക്കു വേണ്ടാത്ത ഒരു പഴയകാല കമ്യൂണിസ്റ്റ്കാരനില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചതുമൂലമാണ് അങ്ങനെ സംഭവിച്ചത്. സി.പി.ഐയില്‍ നിന്ന് പുറത്തു വന്ന് സി.പി.എം രൂപീകരിച്ച ആ 32 സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ വി.എസ്.അച്യുതാനന്ദനെ, പക്ഷെ ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ട. പാര്‍ട്ടിയില്‍ ജനപിന്തുണയുള്ള നേതാക്കളില്‍ ഒന്നാമത് അദ്ദേഹമാണ് എന്നതിനാല്‍ സി.പി.എം അദ്ദേഹത്തെ പുറത്താക്കുന്നില്ല എന്ന് മാത്രം.
നേതാക്കളുടെ ജീവിതശൈലിയുടെയും തെറ്റായ ദിശയിലുള്ള പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളുടെയും അഴിമതികഥകളുടെയുമൊക്കെ പേരില്‍ ജനങ്ങളില്‍ നിന്നകന്നുകൊണ്ടിരുന്ന പാര്‍ട്ടിയുടെ അടിവേരിളക്കാന്‍ പ്രാപ്തമായൊരു ആഘാതമായിരുന്നു ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ ജനരോഷം. ഈ കൊലപാതകം ആസൂത്രണം ചെയ്തവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു അതിന്റെ അനന്തര ഫലങ്ങള്‍. ഒരുപാട് കണക്കുകൂട്ടി, ലാഭനഷ്ടങ്ങള്‍ വ്യക്തമായും മനസ്സിലായെന്നുറപ്പിച്ച ശേഷമാണ് ഈ കൊല നടത്തിയത്. ഈ കൊലയും ഒന്നോ രണ്ടോ ദിവസത്തെ മാധ്യമങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കു ശേഷം പതിവുപോലെ നിശബ്ദതയിലേക്ക് ആണ്ടുപോകും എന്നവര്‍ കരുതി. ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ടതുപോലെ ഇതും പെട്ടെന്നുള്ള ഒരു ഞെട്ടലിനു ശേഷം ജനം മറവിയിലേക്ക് തള്ളിവിടുമെന്നവര്‍ കണക്കുകൂട്ടി. പക്ഷെ കൂട്ടിയ കണക്കുകള്‍ പലതും തെറ്റിപ്പോകുന്നതുപോലെയാണിപ്പോള്‍ കാര്യങ്ങള്‍. കാണാതെ പോയ ഏതൊക്കെയോ ചോദ്യങ്ങള്‍ ഉത്തരങ്ങളായെത്തുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതിന്റെ ഉത്ഭവത്തിനു ശേഷം കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ സ്വത്വപ്രതിസന്ധിയായി മാറുകയാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതകത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം. ഇതിനെ അതിജീവിക്കാന്‍ പാര്‍ട്ടി ഏത് തരത്തിലുള്ള നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തില്‍ സി.പി.എമ്മിന്റെ ഇനിയുള്ള നിലനില്‍പും വളര്‍ച്ചയും.
No comments:
Post a Comment