Tuesday, May 22, 2012

ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം


“ശരിയാണ്, അതെല്ലാം നടന്നിട്ട് കാലം കുറേ കഴിഞ്ഞു. എന്നാല്‍ അതെന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.” സുപ്രസിദ്ധ ഇസ്രയേലി സാഹിത്യകാരന്‍ യിസ്ഹാര്‍ സ്മിലാന്‍സ്കിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഖിര്‍ബെത് ഖിസെ എന്ന നോവല്‍ ആരംഭിക്കുന്നതിങ്ങനെയാണ്. ഹിബ്രുവില്‍ 1949 ല്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങിയത് അടുത്തിടയാണ്. അതുല്യമായ ഈ കൃതിശില്‍പ്പത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ അറബി പരിഭാഷ ഇതെഴുമ്പോള്‍ എന്റെ മേശപ്പുറത്തുണ്ട്. ഖിര്‍ബ ഖിസ്അഃ ഖര്‍യത്തുന്‍ അറബിയ്യത്തുന്‍ ലം യഉദ് ലഹാ വജൂദ് (ഖിര്‍ബത് ഖിസഃ നിലവിലില്ലാത്ത ഒരറബി ഗ്രാമം) എന്നു പേര്‍. പരിഭാഷ തൌഫീഖ് ഫയ്യാദ്.
ഖിര്‍ബെത് ഖിസെ എന്ന സാങ്കല്‍പിക ഗ്രാമമാണ് നോവലിന്റെ പശ്ചാത്തലം. ശിശിരത്തിലെ ഒരു പുലര്‍ക്കാലത്ത് മൂന്നു ബെറ്റാലിയനുകളില്‍ നിന്നുള്ള ഇസ്രയേലി ഭടന്മാര്‍ ഖിര്‍ബെത് ഖിസെ ഗ്രാമാതിര്‍ത്തിയില്‍ മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കാത്തു നില്‍ക്കുന്നു. കയ്യിലുള്ള ദൂരദര്‍ശിനിയിലൂടെ നോക്കി ഗ്രാമത്തിലെ ചലനങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാം. അവിടെയുള്ള ചെറുപ്പക്കാരും പ്രായമായവരുമെല്ലാം തങ്ങളുടെ അന്നത്തെ ദിവസം തുടങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ നിയന്ത്രണത്തില്‍ വരാനുള്ള ഗ്രാമത്തെ അവര്‍ വീക്ഷിച്ചു. പിടിച്ചെടുക്കാന്‍ പോകുന്ന മണിമാളികകളും തകര്‍ക്കാന്‍ പോകുന്ന വീടുകളും നശിപ്പിക്കാന്‍ പോകുന്ന പച്ചക്കറിപ്പടര്‍പ്പുകളുമെല്ലാം അവര്‍ തങ്ങളുടെ ബൈനോക്കുലറിലൂടെ നോക്കിക്കണ്ടു.
യിസ്ഹാര്‍ സ്മിലാന്‍സ്കി
യിസ്ഹാര്‍ സ്മിലാന്‍സ്കി
സ്വാഗതാഖ്യാനത്തിലുള്ള കഥ എഴുതാനരംഭിച്ചപ്പോള്‍, എങ്ങനെ കഥ മുമ്പോട്ട് കൊണ്ടു പോകണമെന്നോ, എന്തു പറയണമെന്നോ മുഖ്യ കഥാപാത്രമായ ആഖ്യാതാവിനു തന്നെ വലിയ നിശ്ചയം പോരായിരുന്നു എന്ന് വായനക്കാരന് തോന്നും. താന്‍ കണ്ടതും അനുഭവിച്ചതും ഇനിയും മനസ്സില്‍ സൂക്ഷിക്കാന്‍ അയാള്‍ക്കാകില്ല. കഥ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ തന്നെ സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ തനിക്കാകുമോ എന്നും അയാള്‍ക്കു തീര്‍ച്ചയില്ല. ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാര്യം സത്യം പറയുന്നതാണെന്നയാള്‍ക്ക് തോന്നി. കഥ പറയാന്‍ സാധിക്കുമോ എന്നതു പോലെ തന്നെ പ്രധാനമാണ് താനെഴുതിയത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമോ എന്നതും.
നോവലിന്റെ തുടക്കത്തില്‍ സ്മിലാന്‍സ്കി നല്‍കുന്ന സൂചന ‘നാം’ എന്നും ‘അവര്‍’ എന്നുമുള്ള ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് കഥ പുരോഗമിക്കുക എന്നാണ്. ‘നാം’ നമ്മുടെ ഭൂമി ഏറ്റെടുക്കുന്നു. അവരോ? അവര്‍ വാസ്തവത്തില്‍ അസ്തിത്വം തന്നെ ഇല്ലാത്തവരാണ്. ഇനി, അസ്തിത്വമുണ്ടെങ്കില്‍ തന്നെ, ‘ഒലീവ് മരങ്ങള്‍ക്കു ചോട്ടിലെ നിഴലുകളായി മാത്രം’. ‘നാം’ ഉല്‍കൃഷ്ടര്‍, ‘അവര്‍’ ഭീരുക്കള്‍ ഒരു ചെറുത്തു നില്‍പിന് പോലും ശ്രമിക്കാതെ പലായനം ചെയ്യുന്നവര്‍. അതുകൊണ്ട് തന്നെ അവര്‍ നിര്‍ദയരും ക്രൂരന്മാരുമാണ്; ചെകുത്താനു മാത്രം മനസ്സിലാകുന്ന യുക്തി.
തങ്ങള്‍ വലയം ചെയ്തിരിക്കുന്ന ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന മലമുകളില്‍ യുവ സൈനികര്‍ ഒലീവ് മരങ്ങളില്‍ ചാരി വര്‍ത്തമാനം പറഞ്ഞ് നേരം പോക്കി. ചിലര്‍ ബൈനോക്കുലറിലൂടെ ഗ്രാമത്തെ നിരീക്ഷിച്ചു. കാത്തിരിപ്പ് അനിവാര്യമാണ്. പുതുതായെന്തോ സംഭവിക്കാനുള്ള കാത്തിരിപ്പ്. തങ്ങള്‍ സജ്ജരാക്കപ്പെട്ടതെന്തിനു വേണ്ടിയായിരുന്നോ അതിന് വേണ്ടി മാത്രമുള്ള കാത്തിരിപ്പ്.
ആദ്യം അവര്‍ വെടിയുതിര്‍ത്തത് ഗ്രാമത്തിന്റെ താഴ്ന്ന ഭാഗത്തേക്കാണ്; തലയുയര്‍ത്തി നിന്ന വലിയ വീടുകള്‍ക്കു നേരെ. അവ ഒരിക്കലും ആരുടെ കണ്ണിലും പെടാതെ പോകില്ല. പിന്നീട് യന്ത്രത്തോക്കുകള്‍ ഇടതടവില്ലാതെ തീ തുപ്പിക്കൊണ്ടിരുന്നു. ചുമരായ ചുമരൊക്കെ ബുള്ളറ്റുകള്‍ തുളച്ചു കേറി വികൃതമായിക്കൊണ്ടിരുന്നു.
ഒരു ഗ്രാമത്തില്‍ നിന്ന് അവിടത്തെ നിവാസികളെ പേടിപ്പിച്ച് നിര്‍ത്തി ആട്ടിയോടിക്കുന്നതെങ്ങനെയെന്നുള്ളുതിന്റെ വിവരണമാണീ നോവല്‍. ഗ്രാമവാസികള്‍ക്ക് ഇനിയൊരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം എങ്ങനെ ഗ്രാമത്തെ തരിപ്പണമാക്കാം എന്നതിനെക്കുറിച്ചെല്ലാം വായന പുരോഗമിക്കുന്തോറും വായനക്കാരന് വ്യക്തമായി ചിത്രവും വിവരവും ലഭിക്കുന്നു. പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ മധ്യാഹ്നത്തോടെ ലക്ഷ്യം കണ്ടു. ഇനി പിറ്റേന്ന് അടുത്ത ഗ്രാമത്തിലേക്ക്…
A land without a people for a people without a land (ഭൂമിയില്ലാത്ത (ജൂത) ജനതക്കൊരു ജനങ്ങളില്ലാത്ത (ഫലസ്തീന്‍) ഭൂമി എന്നായിരുന്നുവല്ലോ ഇസ്രയേലിന്റെ സ്ഥാപനത്തിനു വേണ്ടി നിലം ശരിപ്പെടുത്താനായി പ്രചരിപ്പിക്കപ്പെട്ട വലിയ നുണ. ഫലസ്തീനെക്കുറിച്ച് ആളില്ലാത്ത ഭൂപ്രദേശം എന്ന മിത്ത് എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്ന് ശക്തമായ ആഖ്യാനത്തിലൂടെ സ്മിലാന്‍സ്കി വിശദീകരിച്ചു തരുന്നു. ഈ ഗ്രാമത്തില്‍ വന്ന് പട്ടാളക്കാര്‍ക്ക് എന്തും സ്വന്തമാക്കാം. ഫലസ്തീന്‍ ജനങ്ങളില്ലാത്ത ഭൂമിയാണെന്നും, അറബികളെ പുറത്താക്കുന്നതിന് മുമ്പു തന്നെ അവര്‍ക്കാ ഗ്രാമത്തിനുമേല്‍ അവകാശമുണ്ടായിരുന്നു എന്നുമൊക്കെയാണല്ലോ അവരെ പഠിപ്പിച്ചിരുന്നത്.
‘അപരന്‍’ എന്ന ധാരണ സുസംഘടിതമായി സൃഷ്ടിച്ചെടുക്കുന്നതെങ്ങനെയെന്ന് ഒരു പക്ഷേ അവര്‍ പഠിച്ചത് തങ്ങളുടെ പീഡകരായ നാസികളില്‍ നിന്നു തന്നെയാകാം. അസ്തിത്വം തന്നെയില്ലാത്ത അപരന്‍ ദുഷ്ടനാണ്, ക്രൂരനാണ്, ഭീരുവാണ്, അസംസ്കൃതനാണ്, യാതൊരുപകാരവുമില്ലാത്തവനും കൊള്ളരുതാത്തവനുമാണ്, വിശ്വസിക്കാന്‍ കൊള്ളാത്തവനും മടിയനുമാണ്. ഒരു വിലയുമില്ലാത്ത അപരന്‍ അതുകൊണ്ട് തന്നെ ഗൌരവത്തിലെടുക്കപ്പെടേണ്ടവനല്ല… അങ്ങനെ പോകുന്നു തിരസ്കരണത്തിന്റെ തികഞ്ഞ അവസ്ഥ. ഗ്രാമത്തിലൂടെ നടന്നു നീങ്ങുന്ന, തങ്ങള്‍ ബൈനോക്കുലറിലൂടെ കണ്ടുകൊണ്ടിരിക്കുന്ന അപരന്‍ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നേ ഇല്ല!
1947-48 കാലത്ത് അപ്രത്യക്ഷമായ 418 ഫലസ്തീന്‍ ഗ്രാമങ്ങളില്‍ വാസ്തവത്തില്‍ എന്തു നടന്നുവെന്ന് വെറും നൂറില്‍ പരം പേജുകളിലായി സ്മിലാന്‍സ്കി വരച്ചിടുന്നു. ഗ്രാമം സാങ്കല്‍പ്പികമായതു കൊണ്ട് ഈ അവസ്ഥ ഫലസ്തീനിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. ബലപ്രയോഗത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അപ്രത്യക്ഷമായ നൂറു കണക്കിന് ഗ്രാമങ്ങളുടെ കഥയായി നമുക്കതിനെ കണക്കാക്കാം. വിയറ്റ്നാമിലെ സോംഗ് മൈ ഗ്രാമത്തെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. ഗസ്സയ്ക്കു നേരെ ആക്രമണത്തിന് പുറപ്പെടാനിരിക്കുന്ന ഇസ്രയേലി പട്ടാളക്കാരിലാരെങ്കിലും ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ തങ്ങളുടെ ചെയ്തികള്‍ പുറത്തുനിന്നെങ്ങനെ വീക്ഷിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാമായിരുന്നു. വേണമെങ്കില്‍, അവര്‍ക്ക് തങ്ങളുടെ റോള്‍ എന്താണെന്നും മുന്‍തലമുറയില്‍ നിന്ന് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്താണെന്നും വ്യക്തമായി അറിയാനാകുമായിരുന്നു.
ഫലസ്തീനിലെ, ഓസ്ട്രിയയിലെ, ജര്‍മനിയിലെ… നിങ്ങളുടെ വീടുകളില്‍ നിന്ന്, അമേരിക്കയിലെ നിങ്ങളുടെ തമ്പുകളില്‍ നിന്ന് നിങ്ങള്‍ ഓടിപ്പോന്നിരിക്കുന്നു. ഇന്ന്, നിങ്ങള്‍ക്ക് മടങ്ങിപ്പോകാനായി ആ വീടുകളോ തമ്പുകളോ അവിടെ അവശേഷിക്കുന്നില്ല. ഒരിക്കല്‍ നിങ്ങളവിടെ കഴിഞ്ഞിരുന്നു. ഇപ്പോഴും നിങ്ങള്‍ ജീവിക്കുന്നു, നിങ്ങളുടെ കഥ മറവിയിലേക്ക് മറഞ്ഞു കൂടാ എന്നാണ് നോവലിസ്റ്റിന് പറയാനുള്ളത്. ഹിബ്രു സാഹിത്യത്തില്‍ അത് വിശദമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; ഖിര്‍ബെത് ഖിസെയിലൂടെ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായ 418 ഗ്രാമങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട രേഖ.
ആരും ഒന്നും പഠിക്കുന്നില്ല, തിരുത്തുന്നില്ല. അതുകൊണ്ടാണല്ലോ ഘടികാരസമാനമായ കൃത്യതയോടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നത്. രണ്ടാം ലോക യുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള കരാര്‍ ഒപ്പിട്ടതിന്റെ തൊട്ടു പിറകെയാണ് നക്ബ അരങ്ങേറുന്നത്. മഷി ഉണങ്ങുന്നതിന് മുമ്പ് ലോകം ദുരന്തത്തെ മറന്നു. ഓരോ ഫലസ്തീനിയും വേദനയുടെ കൈപ്പ് കുടിച്ച് ദുരിതക്കടല്‍ നീന്തി അഭയാര്‍ത്ഥി ക്യാംപുകളില്‍ ചെന്നു കേറി. പിന്നീട് ഇതുവരെ ഈ ക്യാംപുകള്‍ തന്നെയായിരുന്നു അവരുടെയും അവരുടെ മക്കളുടെയും മക്കളുടെ മക്കളുടെയും മേല്‍വിലാസം.
പറഞ്ഞതു പോലെ, ചരിത്രത്തില്‍ നിന്ന് ആരും ഒന്നും പഠിച്ചില്ലെന്നാണ് ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം. അഥവാ വേണ്ടപോലെ പഠിച്ചില്ല. വിയറ്റ്നാം യുദ്ധം വന്‍ശക്തിയുടെ നിലപാടുകള്‍ മുച്ചൂടും മാറാന്‍ കാരണമാകേണ്ടതായിരുന്നു. പിന്നീടൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചു കൊണ്ടു പോയ ജോര്‍ജ് ബുഷ് രണ്ടാമന്‍ ഇറാഖില്‍ അമേരിക്ക വിജയിച്ചുവെന്ന് പ്രഖ്യാപിച്ചു. സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ അദ്ദേഹത്തിനെങ്ങനെയത് പറയാനാകും? 15 ലക്ഷം കുഴിമാടങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജനാധിപത്യത്തിനു വേണ്ടിയുള്ള യുദ്ധത്തിന്റെ പ്രത്യക്ഷ ഫലം. ഈ കൊടും ക്രൂരതയുടെ പേരില്‍ ആരും വിചാരണ ചെയ്യപ്പെടാനോ ശിക്ഷിക്കപ്പെടാനോ പോകുന്നില്ല. ഇറാഖിലും അഫ്ഗാനിലുമെല്ലാം ‘ഖിര്‍ബെത് ഖിസെ’കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അപരന്റെ വീടുകള്‍ തവിടുപൊടിയാക്കുക, വീട്ടുകാരെ ഓടിക്കുക, ഓടുന്നില്ലെങ്കില്‍ അയാള്‍ കൊല്ലപ്പെടും. എല്ലാം കഴിഞ്ഞ് നാളെ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള സുനിശ്ചിതത്വം; അധിനിവേശക്കാരനെ സ്വതന്ത്രനായി വിലസാന്‍ വിടുകയും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം അധിനിവിഷ്ടനുമേല്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ നീതി.
യിസ്ഹാര്‍ സ്മിലാന്‍സ്കി
യിസ്ഹാര്‍ സ്മിലാന്‍സ്കി
ഖിര്‍ബെത് ഖിസെ പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം, ഇസ്രയേലി/ അമേരിക്കന്‍/ നാറ്റോ പട്ടാളക്കാരന്‍ തന്റെ എ 16 കളിപ്പാട്ടം വളരെ കൂളായി പറത്തുന്നത് കോടിക്കണക്കിനാളുകള്‍ തല്‍സമയം കണ്ടുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിച്ച് അയാള്‍ തന്റെ ആയുധവര്‍ഷത്തിലെ വൈദഗ്ദ്ധ്യത്തിന്റെ അങ്ങേത്തല, തുറന്നുപിടിച്ച ശതകോടി കണ്ണുകള്‍ക്കു മുമ്പില്‍ പുറത്തെടുക്കുന്നു. പട്ടാള ക്യാമ്പില്‍ തിരിച്ചെത്തി ടെലിവിഷന്‍ കാണാന്‍ മെനക്കെടാതെ നേരെ തന്റെ കംപ്യൂട്ടിറില്‍ കയറ്റിയിരിക്കുന്ന ഏറ്റവും പുതിയ ഗെയ്മിലേക്ക് ഊളിയിടുന്നു.
ഗസ്സയിലെ കാര്യമെടുക്കൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടോടിപ്പോയവരെ ഒരു മതില്‍ കെട്ടി വളഞ്ഞുവച്ചിരിക്കുന്നു. എവിടെയും പോകാനില്ല. കാഴ്ച ബംഗ്ളാവുകളിലെ കൂടുകളില്‍ മൃഗങ്ങളെന്ന പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബൈത്ലേഹമിലേക്കോ, ഈജിപ്തിലേക്കോ, ജോര്‍ഡനിലേക്കോ, ലെബനാനിലേക്കോ, സ്വീഡനിലേക്കോ ഓടിപ്പോകാമായിരുന്നു. ഇന്നതിന് കഴിയില്ല. കാരണം നാലുപാടും മതിലുകളാണ്. മെഡിറ്ററേനിയനില്‍ നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തു നിന്ന് യുദ്ധ വിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധ ടാങ്കുകള്‍. ഏതു സമയവുംപതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടി നില്‍ക്കുന്ന തഥാകഥിത അന്തര്‍ദേശീയ സമൂഹത്തിന്റെ കണ്ണില്‍ പുഴുക്കള്‍ മാത്രമായ കുറേ ജന്മങ്ങള്‍.
സ്മിലാന്‍സ്കിയുടെ പുസ്തകം നിരോധിക്കാന്‍ തുടക്കത്തില്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും എതിര്‍പ്പുകളില്‍ അത് വിഫലമാവുകയായിരുന്നു. മനസ്സാക്ഷിയുടെ ശബ്ദം എന്ന് ഈ കൃതി വാഴ്ത്തപ്പെടാനുണ്ടായ കാരണം കുടിയിറക്കപ്പെട്ടവരോടുള്ള അതിന്റെ അനുഭാവവും ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായിരുന്നു. മുന്‍ ഇസ്രയേലി പ്രധാനമന്ത്രി മെനാഹം ബെഗിനെ ചോരയുടെ ആള്‍ എന്ന് വിളിച്ച് ലിക്കുദ് പാര്‍ട്ടിയുടെ നിതാന്ത ശത്രുത ഏറ്റുവാങ്ങിയ സ്മിലാന്സ്കി, 2003 ല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കുമേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വിസമ്മതിച്ച ഇസ്രയേലി പൈലറ്റുമാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്ന ആദ്യത്തെ പ്രമുഖനായിരുന്നു. 2006 ല്‍ 89ാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.

No comments:

Post a Comment