എസ്സേയ്‌സ് / ബി.എം സുഹറ
പണത്തോടും ആഡംബരത്തോടുമൊക്കെയുള്ള അമിതമായ മോഹം മനുഷ്യരെ അഴിമതിയിലേക്കും മോഹഭംഗങ്ങളിലേക്കും കൂപ്പുകുത്തിച്ചുകൊണ്ടിരിക്കുകയാണ്. വേഷത്തിലും ഭാവത്തിലും അടിമുടി പരിഷ്‌ക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സുകള്‍ വളരെ ഇടുങ്ങിയതാണല്ലോ എന്ന് അവരുമായി ഇടപഴകുമ്പോള്‍ നിരാശ തോന്നാറുണ്ട്.
ജാതിമത ചിന്തകള്‍ക്ക് അതീതരാണെന്ന് ഭാവിക്കുന്നവരുടെ ഉള്ളില്‍ പോലും ജാതിചിന്തയുടെ അതിപ്രസരമാണ് കാണാന്‍ കഴിയുന്നത്. പുരോഗമനവാദികളെന്ന് സ്വയം വാദിക്കുന്നവര്‍ ജാതിയുടെയും മതത്തിന്റേയും പേരില്‍ സത്യാന്വേഷണം നടത്തുന്നതു കണ്ട് അത്ഭുതപ്പെട്ടുപോയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. വേഷം കൊണ്ടും ഭാവം കൊണ്ടും തങ്ങളുടെ ജാതി പ്രകടിപ്പിക്കുന്നവര്‍ക്കേ സ്വന്തം സമുദായത്തില്‍ നിലനില്‍പ്പുള്ളൂ എന്ന ചിന്ത ജനങ്ങളെ അസ്വസ്ഥരും അസംപ്തൃപ്തരാക്കുന്നു. അതുകൊണ്ട് വിവിധ മതങ്ങളിലും ജാതികളിലും പെട്ടവര്‍ വസ്ത്രധാരണത്തിലൂടെ, ആചാരങ്ങളിലൂടെ, സമൂഹത്തേയും സമുദായത്തേയും ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതിനായി അവര്‍ ആധുനികതയെ കൂട്ടുപിടിക്കുന്നു.
കാലത്തിനനുസരിച്ച് കോലംകെട്ടണമെന്നാണ് പഴഞ്ചൊല്ലെങ്കിലും ആധുനികതയുടെ പേരില്‍ കോമാളി വേഷം കെട്ടുന്നവര്‍ ആണായാലും പെണ്ണായാലും കാണികള്‍ക്ക് പഴഞ്ചൊല്ലിലെ പതിരുകളാണ്. വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്, മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യമുള്ളപോലെ ഏതൊരുവ്യക്തിക്കും അവനവന്റെ ഇഷ്ടത്തിനൊത്ത് വേഷം ധരിക്കുവാനുളള സ്വാതന്ത്ര്യവുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അരോചകമല്ലാത്ത വേഷം ധരിക്കുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേ മാന്യതയുടെയും സംസ്‌ക്കാരത്തിന്റെയും അടയാളമായിട്ടാണ് കാണാറുള്ളത്. ഇന്നും അതെ.
ഒരാളെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തുന്നത് വേഷവിധാനത്തിലൂടെയാണ്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് വേഷം ധരിക്കുന്നത് എന്നല്ല ഇതിനര്‍ത്ഥം. സ്ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നത് പുരുഷന്‍മാരെ ആകര്‍ഷിക്കാനും വശീകരിക്കാനുമാണെന്ന ചിന്താഗതി പണ്ടുമുതലേ നമ്മുടെ നാട്ടില്‍ നിലവിലുള്ളതാണ്. അത് തിരുത്തിക്കുറിക്കാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. വസ്ത്രധാരണം വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. മാന്യമായ വേഷം ഏതൊരാളുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നതില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. അവര്‍ക്കിണങ്ങുന്ന, നഗ്‌നത പ്രകടിപ്പിക്കാത്ത വേഷമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതതുനാടുകളിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ ലോകമെമ്പാടും നിലവിലുള്ളത്. കാലാനുചിതമായ മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വേഷമാണ് മലയാളികള്‍ ധരിച്ചിരുന്നത്. വിഭിന്ന മതക്കാരെ വേഷത്തിലൂടെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഒറ്റമുണ്ടും റൗക്കയുമായിരുന്നു കേരളത്തിലെ ഉന്നതജാതിക്കാരായ ഹിന്ദുസ്ത്രീകളുടെ വേഷം. പുറത്തിറങ്ങുമ്പോള്‍ മേല്‍മുണ്ട് പതിവായിരുന്നു. എന്നാല്‍ കീഴാള സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല.
എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ മുറ്റമടിക്കാനും നെല്ലുകുത്താനും വന്നിരുന്ന മാതയും ചോയിച്ചിയും റൗക്കയിട്ടിരുന്നില്ല. മുട്ടോളമെത്തുന്ന ഒറ്റമുണ്ട്മാത്രമുടുത്തിട്ടാണ് അവരുടെ സഞ്ചാരം. അന്ന് ഗ്രാമത്തിലുള്ളവരാരും അവരോട് അശ്ലീലം പറയുകയോ മോശമായി പ്രവര്‍ത്തിക്കുകയോ പതിവില്ലായിരുന്നു. കാച്ചിയും പെങ്കുപ്പായവും തട്ടവുമായിരുന്നു മുസ്ലീം സ്ത്രീകളുടെ വേഷം. വീട്ടിലാകുമ്പോള്‍ തട്ടം തലയില്‍ ചുറ്റിക്കെട്ടുകയാണ് പതിവെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ തട്ടം കൊണ്ട് അവരും മാറുമറയ്ക്കും.
ഞങ്ങളുടെ നാട്ടില്‍ അന്ന് കൃസ്ത്യാനികള്‍ ഇല്ലാത്തതുകൊണ്ട് അവരുടെ വേഷത്തെക്കുറിച്ച് എനിയ്ക്ക് വലിയ പിടിപാടില്ല. അക്കാലത്ത് സ്ത്രീകള്‍ അധികമായി പുറത്തിറങ്ങുന്ന പതിവുണ്ടായിരുന്നില്ല. കല്ല്യാണത്തിനായാലും മരണവീട്ടിലായാലും സ്ത്രീകള്‍ക്ക് പ്രത്യേക ഇടങ്ങളുയണ്ടായിരുന്നതുകൊണ്ട് പുരുഷന്‍മാരുമായി അധികം ഇടപെടാനുള്ള അവസരം അവര്‍ക്കുണ്ടായിരുന്നില്ല.
ഇന്ന് സ്ഥിതി മാറി. ഒരാളുടെ വരുമാനം കൊണ്ട് കുടുംബംപുലര്‍ത്താന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ത്രീകള്‍ക്കും കൂട്ടത്തോടെ പുറംലോകത്തേക്കിറങ്ങേണ്ടിവന്നു. പുരുഷന്‍മാര്‍ പ്രവര്ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാണ്. അതുകൊണ്ടുതന്നെ പുരുഷന്‍മാരെപ്പോലെ സ്ത്രീക്കും രാത്രികാലങ്ങളിലും അസമയങ്ങളിലും പുറത്തിറങ്ങേണ്ടിവരുന്നു. പരമ്പരാഗതവേഷം ഇതിനു തടസ്സമായതിനാല്‍ സാരിയും ചുരിദാറും പോലുള്ള സൗകര്യപ്രദമായ വേഷങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്.
വിഭിന്ന ജാതിക്കാര്‍ ജാതി വിളിച്ചോതുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നെങ്കിലും അക്കാലത്ത് വേഷം മതത്തിന്റെ അടയാളമായി ആരും കണ്ടിരുന്നില്ല. വേഷവും ഭാഷയും വ്യത്യസ്തമായിരുന്നെങ്കിലും മനുഷ്യമനസ്സുകള്‍ ഒന്നായിരുന്നു. വേഷം കൊണ്ട് മാത്രമല്ല ഭാഷകൊണ്ടും വിവിധമതസ്ഥരെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ഈ വ്യത്യാസം അവര്‍ക്ക് പരസ്പരം ഇടപഴകി ജീവിക്കുന്നതിന് തടസ്സമേയായിരുന്നില്ല. വേഷം മതത്തിന്റെ അടയാളമാണെന്ന പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ചന്ദനക്കുറിയും കൈയിലെ ചരടും പര്‍ദ്ദയും പരിഷ്‌ക്കാരത്തിന്റെ ചിഹ്നങ്ങളായി മാറിയത്. അതോടെ മനുഷ്യമനസ്സുകള്‍ തമ്മില്‍ അകലാന്‍ തുടങ്ങി.
ഇന്നത്തെ തലമുറ സ്വന്തം പൈതൃകത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റി മറുനാടന്‍ സംസ്‌ക്കാരത്തെ വാരിപ്പുണരാനുള്ള ബദ്ധപ്പാടിലാണ്. ആഗോളവത്ക്കരണവും ഉദാരവല്‍ക്കരണവും ഇതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിതരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തയാണ് ഭാരതം. അതിനുവേണ്ടിയാണ് ദൃശ്യമാധ്യമങ്ങളിലൂടെ ആഗോളവത്ക്കരണത്തിന്റെ മൂല്യങ്ങള്‍ അവര്‍ നാടുനീളെ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ ഫാഷന്‍ ഷോകളും സൗന്ദര്യമത്സരങ്ങളും നടത്തുന്നത് നമ്മുടെ നാടിനെ ഉദ്ധരിക്കാനല്ല. മറിച്ച് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനാണ്.
ഇതുമനസ്സിലാക്കാതെ നമ്മുടെ പെണ്‍കുട്ടികള്‍ പലപ്പോഴും ചതിയിലകപ്പെട്ടു പോകുന്നു. ആഡംബരഭ്രമം പല പെണ്‍കുട്ടികളെയും ജീവിതം തന്നെ താറുമാറാക്കുന്നു. ഡിസൈനര്‍ വസ്ത്രത്തിനും ആഡംബരവസ്തുക്കള്‍ക്കും മൊബൈല്‍ ഫോണിനും വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളും അവരെ അതിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളും ഇന്ന് കേരളത്തിലുണ്ട് എന്നത് അതിശയോക്തിയല്ല. സ്വന്തം ശരീരം വില്‍പ്പനച്ചരക്കാണെന്ന് വിളിച്ചോതുന്ന തരത്തിലുള്ള വേഷം മാന്യതയുടെയും ആധുനികതയുടെയും അടയാളമാണെന്ന് വാദിക്കുന്നവരോട് യോജിക്കാന്‍ എനിയ്ക്ക് സാധിക്കുന്നില്ല.
സ്വന്തം നഗ്‌നത വെളിപ്പെടുത്താതെയുള്ള വസ്ത്രധാരണമാണ് മാന്യമായ വേഷമെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെ ആരെങ്കിലും പഴഞ്ചനെന്ന് മുദ്രകുത്തുന്നതിലും എനിയ്ക്ക് വിയോജിപ്പില്ല. ഞാന്‍ യാഥാസ്ഥിതിക വാദിയായതുകൊണ്ടാണ് സാരികൊണ്ട് തലമറിക്കുന്നതെന്ന് ഞാന്‍ കേള്‍ക്കേയും അല്ലാതെയും പലരും അഭിപ്രായം പറയുന്നത് എന്റെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും കേട്ടതായി നടിക്കാറില്ല. സാഹിത്യ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ കൂടെയുള്ള എഴുത്തുകാരികളില്‍ ചിലരെങ്കിലും എന്റെ വേഷത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കാറുണ്ട്. എന്റെ വേഷവും അഭിപ്രായവും തമ്മില്‍ ചേരില്ലെന്ന് കളിയായും കാര്യമായും പറയാറുമുണ്ട്. ഇതിനൊന്നും ഞാന്‍ മറുപടി പറയാറില്ല. കാരണം വസ്ത്രം ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നതുപോലെ ശീലം കൂടിയാണ്.
ഞാനെന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ സമൂഹമോ സമുദായമോ അല്ല. ഈയടുത്തകാലത്ത് ഒരു മരണവീട്ടില്‍ വെച്ച് എന്നെ ശാസിക്കാനും തിരുത്താനും അധികാരമുള്ള ഗുരുസ്ഥാനീയനായ ഒരു വ്യക്തി എന്റെ വേഷത്തെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനൊരു വിശദീകരണം നല്‍കണമെന്ന് എനിയ്ക്ക് തോന്നി. എങ്കിലും ആ സന്ദര്‍ഭം അതിന് യോജിച്ചതല്ലാത്തതുകൊണ്ട് വെറുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളമായിട്ടല്ല ഞാന്‍ ദേഹം മറയുന്ന വിധം സാരി തലയോടെ പുതയ്ക്കാന്‍ തുടങ്ങിയത്. തീവണ്ടിയിലും ബസ്സിലും യാത്രചെയ്യുമ്പോഴുണ്ടാകുന്ന ചില ദുരനുഭവങ്ങളാണ് വാസ്തവത്തില്‍ ഇന്നത്തെ വേഷം തിരഞ്ഞെടുക്കാന്‍ എന്നെ പ്രരിപ്പിച്ചത്. നിങ്ങളുടെ ശിരോവസ്ത്രങ്ങള്‍ മാറിലേക്കു താഴ്ത്തിയിടുകയും ശരീരഭാഗങ്ങള്‍ വേണ്ടവിധം മറയ്ക്കുകയും ചെയ്യണമെന്ന്് ഖുര്‍ആന്‍ സ്ത്രീകളെ അനുശാസിച്ചത് വെറുതെയല്ലെന്നു ബോധ്യപ്പെടാനും ഈ അനുഭവങ്ങള്‍ ഇടയാക്കി. യാത്രയ്ക്കിടയില്‍ അറിയാതെ സ്ഥാനം തെറ്റിപ്പോകുന്ന സാരിക്കിടയിലൂടെ തോണ്ടാനും അങ്ങനെ വികാരശമനം നേടാനുമുള്ള കേരളത്തിലെ പുരുഷന്‍മാരുടെ ഹീനമായ പെരുമാറ്റത്തോടുള്ള എന്റെ എതിര്‍പ്പിന്റെ പ്രതീകം കൂടിയാണ് എന്റെ ഇന്നത്തെ വേഷം.
ഞങ്ങളുടെ കാലത്ത് ചേലക്കുപ്പായമെന്നറിയപ്പെടുന്ന ഫ്രോക്കായിരുന്നു പെണ്‍കുട്ടികള്‍ ധരിച്ചിരുന്നത്. മുതിരുമ്പോള്‍ ഫ്രോക്ക് പാവാടയ്ക്ക് വഴിമാറുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ തലയില്‍ തട്ടം കൂടി ധരിക്കുമായിരുന്നു. അറുപതുകളുടെ അവസാനത്തോടെയാണെന്നു തോന്നുന്നു ഉത്തരേന്ത്യന്‍ വേഷമായ സല്‍വാര്‍ കമ്മീസ് കേരളത്തിലും പ്രചരിച്ചത്. പാവാടയേക്കാള്‍ ശരീരം നന്നായി മറയ്ക്കുന്നതുകൊണ്ടാവാം മുസ്ലീം പെണ്‍കുട്ടികള്‍ പാവാടയ്ക്കു പകരം സല്‍വാര്‍ കമ്മീസ് ധരിച്ചുതുടങ്ങിയത്.
സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് സല്‍വാര്‍കമ്മീസായിരുന്നു എന്റെയും വേഷം. പ്രൊവിഡന്‍സ് സ്‌കൂളില്‍ മുട്ടുവരെ എത്തുന്ന ഷോര്‍ട്‌സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു യൂനിഫോം. കാലുകാണിക്കുന്നത് ഹറാമാണെന്നു പറഞ്ഞ് ഉമ്മ ബഹളം കൂട്ടി. സല്‍വാര്‍കമ്മീസ് ധരിക്കാനുള്ള അനുവാദം കിട്ടുമെന്ന് എന്റെ സഹോദരി ഉമ്മി അബ്ദുള്ള പറഞ്ഞത് ഉമ്മയ്ക്ക് വലിയ ആശ്വാസമായി. പ്രത്യേക അനുമതി വാങ്ങി സല്‍വാര്‍കമ്മീസ് ധരിക്കുന്ന മുസ്ലീം കുട്ടികള്‍ വേറെയുമുണ്ടായിരുന്നു. കേരളത്തില്‍ സല്‍വാര്‍ കമ്മീസ് ഏറെക്കാലം മുസ്ലീം വേഷമായിരുന്നു. പിന്നീടാണ് അതിന് ജാതിയില്ലാതായത്.
വിവാഹം കഴിയുന്നതോടെ നഗരത്തില്‍ താമസിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ സാരിയിലേക്ക് കൂടുമാറുന്നു. ഉള്‍പ്രദേശത്തുകാര്‍ കാച്ചിയും വട്ടക്കുപ്പായവും നീളക്കുപ്പായവും ഓരോരോ നാടിന്റെ രീതിയനുസരിച്ച് ധരിക്കുന്നു. തിരുവനന്തപുരത്ത് 1971 ല്‍ ഞാന്‍ വിവാഹിതയായി ചെല്ലുന്ന കാലത്ത് മുണ്ടും നേര്യേതും വയറുമറയ്ക്കുന്ന ഇറക്കമുള്ള ബ്ലൗസുമായിരുന്നു പ്രായം ചെന്ന മുസ്ലീം സ്ത്രീകളുടെ വേഷം. നേര്യേത് മാറത്തുകൂടി ചുറ്റി തലമറയ്ക്കുകയായിരുന്നു പതിവ്. ചെറുപ്പക്കാരികള്‍ തലമറയ്ക്കുന്നത് അപൂര്‍വമായിരുന്നു. ഗള്‍ഫ് സംസ്‌ക്കാരത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരവാസികള്‍പോലും പര്‍ദ്ദയും സ്‌കാര്‍ഫും ധരിച്ചുതുടങ്ങിയത്.
ഉപഭോഗസംസ്‌ക്കാരത്തിന്റെ ഭാഗമായിട്ടാണ് വാസ്തവത്തില്‍ പര്‍ദ്ദ കേരളത്തില്‍ സാര്‍വത്രികമായത്. ഒരു പ്രത്യേക വസ്ത്ര നിര്‍മ്മാണകമ്പനി കച്ചവടലാഭം ലക്ഷ്യമാക്കി പര്‍ദ്ദ ഇസ്ലാമിക വേഷമാണെന്നു പ്രചരിപ്പിക്കുകയും സമുദായസംഘടനകള്‍ അതേറ്റുപിടിക്കുകയുമാണുണ്ടായത്. സ്ത്രീകള്‍ ഗള്‍ഫ് നാടുകളിലേക്കു പോകാന്‍ തുടങ്ങിയതും പര്‍ദ്ദയക്ക് കേരളത്തില്‍ പ്രിയമേറി. അതുവരെ പാശ്ചാത്യവേഷങ്ങളോട് താത്പര്യം പ്രകടിപ്പിച്ച ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വിഭാഗം മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും അതോടെ അറബി ഫാഷന്‍ തരംഗത്തിന്റെ പിന്നാലെ പോകാന്‍ തുടങ്ങി.
പര്‍ദ്ദയോട് എനിയ്ക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ല. പക്ഷേ, പര്‍ദ്ദ പരിഷ്‌കൃത ഇസ്ലാമിക വേഷമാണെന്ന് പ്രചരിപ്പിക്കുകയും കച്ചവടവല്‍ക്കരിക്കുകയും സ്ത്രീസൗന്ദര്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള പര്‍ദ്ദകള്‍ മാര്‍ക്കറ്റില്‍ സുലഭമാവുകയും ചെയ്തതോടെ അതുകൊണ്ടുദ്ദേശിച്ച കാര്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ശരീരത്തിന്റെ വടിവ് പ്രകടിപ്പിക്കുന്ന വസ്ത്രം ധരിച്ച് അന്യരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുതെന്ന് ഖുര്‍ആന്‍ സ്ത്രീകളെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിന് കടക വിരുദ്ധമായിട്ടാണ് ആയിരത്തൊന്നുതരം പര്‍ദ്ദകളെന്ന വിശേഷണത്തോടുള്ള കമ്പനിക്കാരുടെ പരസ്യങ്ങള്‍. സ്ത്രീകളോട് ശിരോവസ്ത്രം അണിയാനും അവ മാറിലേക്ക വലിച്ചിടാനും നിര്‍ദ്ദേശിച്ചത് അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മറന്നുപോകുന്ന തരത്തിലുള്ളതാണ് ഇന്നത്തെ ഗള്‍ഫ് നിവാസികളായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രധാരണരീതി.
തലമറയ്ക്കാനുളള സ്‌കാര്‍ഫുകള്‍ പോലും ഇന്ന് ഫാഷന്റെ അടയാളമാണ്. അറബി സത്രീകളെ അനുകരിച്ച് മുടി മേലോട്ട് ഉയര്ത്തിക്കെട്ടി മുഖസൗന്ദര്യം വെളിവാക്കുന്ന രീതിയിലുള്ള ശിരോവസ്ത്രമാണ് ഇന്നത്തെ ഫാഷന്‍. ഓരോ ഡ്രസ്സിനും യോജിക്കുന്ന രീതിയിലുള്ള വിലകൂടിയ സ്‌കാര്‍ഫുകള്‍ക്ക് വേണ്ടി പണവും ഏറെ ചെലവാക്കേണ്ടി വരുന്നു. സമയവും പാഴാക്കേണ്ടി വരുന്നു. അതേസമയം അതുകൊണ്ടുദ്ദേശിച്ച കാര്യം സഫലമാകുന്നുമില്ല.
കേരളം അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ജാതിമതഭേദം ഇക്കാര്യത്തിലില്ല. അങ്ങനെ വേണംതാനും. കാലം മുന്നോട്ടുകുതിക്കുമ്പോള്‍ ഒപ്പം പായാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യകുലത്തിനു നിലനില്‍പ്പില്ല. പക്ഷേ സ്വന്തം സംസ്‌ക്കാരവും പൈതൃകവും മറന്നുകൊണ്ടുളള ആധുനികതയുടെ പിന്നാലെയുള്ള നെട്ടോട്ടം നമ്മുടെ ഭാവി തലമുറയുടെ എവിടെക്കൊണ്ടെത്തിക്കുമെന്നതിനെ കുറിച്ച് ഒരു പുനരാലോചന അനിവാര്യമാണ്.
കടപ്പാട്: സംഘടിത മാസിക
No comments:
Post a Comment