അതിനു തൊട്ടു പിന്നാലെ വന്ന ഉറൂബ്, എസ്.കെ.പൊറ്റെക്കാട് തുടങ്ങിയവരിലൂടെ നോവല്‍ രചനയും വായനയും തിടംവച്ചു. ഒരു ദേശത്തിന്റെ കഥ, തെരുവിന്റെ കഥ, മൂടുപടം, വിഷകന്യക, നാടന്‍പ്രേമം, കബീന മുതലായവയാണ് എസ്.കെ.പൊറ്റെക്കാടിന്റെ സംഭാവനകള്‍. മലയാളത്തില്‍ തത്വചിന്താപരമായ നോവലിന് എത്തിപ്പിടിക്കാനാവുന്ന ഉയരങ്ങളെ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും കാട്ടിത്തന്നു. ഉമ്മാച്ചു, അമ്മിണി, അണിയറ, മിണ്ടാപ്പെണ്ണ് തുടങ്ങിയവയാണ് മറ്റു കൃതികള്‍. നാഗവള്ളി ആര്‍.എസ്.കുറുപ്പിനെപ്പോലുള്ള നോവലിസ്റ്റുകളുടെ പേരുകളും എടുത്ത് പറയേണ്ടവയാണ്.
ഇടക്കാലത്ത് ഒന്നു മങ്ങിയ പ്രൗഢി വീണ്ടെടുക്കുന്ന സമയമാണ് നോവലിനെ സംബന്ധിച്ചിടത്തോളം ഇന്ന്. ചെറുകഥ വളരെ പ്രധാനപ്പെട്ട സാഹിത്യരൂപമാവുകയും, പുതുതായി രംഗത്തെത്തിയ നിരവധി എഴുത്തുകാര്‍ ചെറുകഥയില്‍ ഏകാഗ്രമനസ്‌കാരായി ഉറച്ചുനില്‍ക്കുകയും ചെയ്‌തപ്പോഴാണ് നോവല്‍ ഒന്ന് തളര്‍ന്നത്. എന്നാല്‍, ബി.മുരളി, ജി.ആര്‍.ഇന്ദുഗോപന്‍, കെ.പി.സുധീര തുടങ്ങിയ പുതിയ എഴുത്തുകാരും എന്‍.എസ്.മാധവന്‍, സാറാ ജോസഫ് തുടങ്ങിയ പഴയ എഴുത്തുകാരും നോവലുകളുമായി രംഗത്ത് പ്രത്യക്ഷപ്പെട്ടതോടെ നോവല്‍ പഴയ പ്രതാപം വീണ്ടെടുത്തുതുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍, വിപണനസാധ്യത ഏറ്റവുമധികമുള്ള സാഹിത്യരൂപമെന്ന നിലയിലും നോവല്‍ മറ്റു സാഹിത്യരൂപങ്ങളെ ഏറെ പിന്നിലാക്കിയിരിക്കുകയാണ്.
മലയാളത്തില്‍ നോവല്‍ എന്ന സാഹിത്യശാഖ തുടങ്ങുന്നത് എന്നുമുതല്‍ക്കാണ്, ഏതു കൃതി മുതല്‍ക്കാണ് എന്ന കാര്യത്തിലൊക്കെ പലവിധ വാദങ്ങളും തര്‍ക്കങ്ങളും നിലവിലുണ്ട്. ഇംഗ്ലിഷ് നോവലുകളെ അനുകരിച്ചാണ് മലയാളത്തില്‍ നോവല്‍പ്രസ്ഥാനം ആവിര്‍ഭവിച്ചത്. കേരളത്തില്‍ ഇംഗ്ലീഷുകാരായ ആളുകളുടെ വാസം തന്നെയാണ് മലയാളത്തിലെ ആദ്യനോവലിന്റെ ആവിര്‍ഭാവത്തിനും കാരണം.
വിപുലമായ അര്‍ഥത്തില്‍ നോവലെന്ന് തികച്ചും വിളിക്കാന്‍ ചില പണ്‌ഡിതന്മാര്‍ മടിക്കുന്ന പുല്ലേരിക്കുഞ്ചുവാണ് (1882) മലയാളത്തിലെ ആദ്യനോവലെന്ന് സാങ്കേതികാര്‍ഥത്തില്‍ പറയാം. ആര്‍ച്ച് ഡീക്കന്‍സ് കോശിയാണ് ഇതിന്റെ കര്‍ത്താവ്. കോളിന്‍സ് മദാമ്മയെഴുതിയ ഘാതുകവധം (1878)ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് അവര്‍ തന്നെയെഴുതിയ ഇംഗ്ലീഷ് നോവലിന്റെ പരിഭാഷയാണെന്നതിനാല്‍ സ്വതന്ത്രനോവലായി കണക്കാക്കാനാവില്ല. 1858ല്‍ ഒരു ബംഗാളിനോവലിന്റെ പരിഭാഷയും വന്നിട്ടുണ്ട്. 1866ല്‍ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് എഴുതിയ ആള്‍മാറാട്ടം അഥവാ ഒരു നല്ല കേളീസല്ലാപം എന്ന കൃതി ഷേക്‌സ്‌പിയറിന്റെ കോമഡി ഓഫ് എറേഴ്‌സിന്റെ സ്വതന്ത്രവിവര്‍ത്തനമായിരുന്നു.
ടി. അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് നോവലിന്റെ ലക്ഷണങ്ങളോട് ഏറെക്കുറെ നീതി പുലര്‍ത്തുന്ന ആദ്യമലയാളകൃതിയെന്ന് പറയാം. 1887ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന് ഷേക്‌സ്‌പിയറിന്റെ സിംബലിന്‍ നാടകവുമായി ആശയസാമ്യമുണ്ടായിരുന്നു എന്നത് വേറേ കാര്യം.
മലയാളനോവലിന്റെ ആരംഭകാലത്ത് ചരിത്രനോവലുകള്‍ക്കായിരുന്നു പ്രാധാന്യം. വലിയകോയിത്തമ്പുരാന്‍ പരിഭാഷപ്പെടുത്തിയ ഡച്ചുനോവലായ അക്‌ബര്‍ (1894) അത്തരം നോവലുകള്‍ക്ക് ഒരു പ്രോത്സാഹനമായി.
സി.വി.യും ചന്തുമേനോനും
ചരിത്രനോവല്‍, സാമൂഹ്യനോവല്‍ എന്നിങ്ങനെ രണ്ട് പ്രബലശാഖകളായി നോവല്‍ വളരാന്‍ തുടങ്ങുകയാണ്, സി.വി.രാമന്‍പിള്ള, ഒ.ചന്തുമേനോന്‍ എന്നീ പ്രതിഭാശാലികളിലൂടെ. വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ഐവാന്‍ഹോവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സി.വി. രചിച്ച മാര്‍ത്താണ്ഡവര്‍മ (1891) ഒരു സംഭവം തന്നെയായി മാറി. ധര്‍മരാജ, രാമരാജാബഹദൂര്‍ എന്നീ നോവലുകളും സി.വി.യുടെ രചനാഗുണം വിളിച്ചോതുന്നു.
അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍, സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരളസിംഹം, പറങ്കിപ്പടയാളി, പുണര്‍കോട്ടുസ്വരൂപം, കല്യാണമല്‍, അമ്പാടി നാരായണപ്പൊതുവാളിന്റെ കേരളപുത്രന്‍, പുത്തേഴത്തിന്റെ ശക്തന്‍ തമ്പുരാന്‍, പള്ളത്തുരാമന്റെ അമൃതപുളിനം, ടി.രാമന്‍ നമ്പീശന്റെ കേരളേശ്വരന്‍ തുടങ്ങി എണ്ണമറ്റ ചരിത്രനോവലുകളിലൂടെ സി.വി.തുറന്നിട്ട ശാഖ വളര്‍ന്നു. എങ്കിലും കൂടതല്‍ പുഷ്‌ടിയുണ്ടായതും ജനപ്രിയത ഏറ്റുവാങ്ങിയതും ഒ. ചന്തുമേനോന്‍ സമാരംഭിച്ച സാമൂഹ്യ-റൊമാന്റിക് നോവല്‍ എന്ന ശാഖയാണ്.
1889 ഡിസംബറിലാണ് ചന്തുമേനോന്‍ ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. തികച്ചും ലക്ഷണയുക്തമായ ആദ്യമലയാളനോവല്‍ എന്ന് പണ്‌ഡിതരും ആസ്വാദകരും വാഴ്‌ത്തുന്നത് ഈ നോവലിനെയാണ്. ജെയ്‌ന്‍ ഓസ്റ്റിന്റെയും മറ്റും ആംഗലേയനോവലുകളുമായുള്ള അടുപ്പമാണ് ചന്തുമേനോന് രചനയ്‌ക്ക് പ്രേരകമായത്. ശാരദ എന്ന രണ്ടാംനോവലിന്റെ രചന പൂര്‍ത്തിയാക്കും മുമ്പേ ചന്തുമേനോന്‍ നിര്യാതനായി. മറ്റൊരു പ്രമുഖനോവലിസ്റ്റായിരുന്ന സി.അന്തപ്പായി അടക്കം നിരവധി ആളുകള്‍ ശാരദയുടെ ബാക്കി എഴുതിയിട്ടുണ്ട്.
ഇന്ദുലേഖയുടെ വരവോടെ, മലയാളത്തില്‍ നോവലുകളുടെ കുത്തൊഴുക്കായി എന്ന് പറയാം. മിക്കതും ഇന്ദുലേഖയുടെ വികലാനുകരണങ്ങളായിരുന്നു. അനുകര്‍ത്താക്കളെ അപഹസിക്കാന്‍ കൂടി ലക്ഷ്യം വച്ച്, ഇന്ദുലേഖയെ പാരഡി ചെയ്യുന്ന പറങ്ങോടീപരിണയം (രാമന്‍കുട്ടി മേനോന്‍) എന്നൊരു നോവല്‍ തന്നെ രചിക്കപ്പെട്ടു എന്നു പറയുമ്പോള്‍ അനുകരണഭ്രമം മനസ്സിലാക്കാമല്ലോ. മീനാക്ഷി (ചാത്തുനായര്‍), ഇന്ദുമതീസ്വയംവരം (അമ്മാമന്‍ തമ്പുരാന്‍), നാലുപേരിലൊരുത്തന്‍ (സി.അന്തപ്പായി), പരിഷ്‌കാരപ്പാതി (കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍), സരസ്വതീവിജയം (പോത്തേരി കുഞ്ഞമ്പു) തുടങ്ങിയ നോവലുകള്‍ എടുത്തുപറയണം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ നോവല്‍ കൂടതല്‍ ശക്തമായ ഒരു മാധ്യമമായി വികസിച്ചു. കൊച്ചീപ്പന്‍ തരകന്റെ ബാലികാസദനം, കെ.എം.പണിക്കരുടെ ദൊരശ്ശിണി തുടങ്ങിയ നോവലുകള്‍ ശ്രദ്ധേയമായി. സാമൂഹികരംഗത്ത് കോളിളക്കം സൃഷ്‌ടിച്ചുകൊണ്ട് മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്‌ഫന്റെ മകള്‍ (1930) രംഗപ്രവേശം ചെയ്‌തു. നോവല്‍ സാഹിത്യവും കേരളസമൂഹവും നവോത്ഥാനത്തിന്റെ പാതയിലേക്ക് കടക്കുന്ന കാലമായിരുന്നു പിന്നെ.
തകഴി, ദേവ്, ബഷീര്‍
പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം, പ്രത്യേകിച്ച് ഫ്രഞ്ചുസാഹിത്യവുമായി നമ്മുടെ എഴുത്തുകാര്‍ക്കുണ്ടായ അടുപ്പം എഴുത്തിലും ശില്‌പഘടനയിലും മാറ്റം വരുത്തുന്ന നല്ല കാഴ്‌ചയാണ് പിന്നീട് കാണുന്നത്. കേസരി ബാലകൃഷ്‌ണപിള്ള വഹിച്ച സ്‌തുത്യര്‍ഹമായ ഭാഷാസേവനത്തെ ഈ പ്രകരണത്തിലാണ് ഓര്‍ക്കേണ്ടത്. ബത്സാക്ക്, മോപ്പസാങ്, ഇബ്‌സന്‍, ചെക്കോവ്, യൂഗോ, ടോള്‍സ്റ്റോയി തുടങ്ങി വിവിധഭാഷകളിലെ ലോകസാഹിത്യകാരന്മാര്‍ മലയാളിസാഹിത്യകാരന്മാര്‍ക്ക് സഹോദരന്മാരെപ്പോലെയായി. അസ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠയും, കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രം ലോകമൊട്ടാകെ വരുത്തിക്കൊണ്ടിരുന്ന പരിവര്‍ത്തനവും, സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അവബോധവും, ചുറ്റുമുള്ള നിസ്സാരമനുഷ്യരുടെ ജീവിതം നോക്കിക്കാണാനുള്ള ഔത്സുക്യം നമ്മുടെ എഴുത്തുകാരില്‍ വര്‍ധിപ്പിച്ചു. അങ്ങനെ മലയാളനോവല്‍ചരിത്രത്തിലെ നിര്‍ണായകമായ ഒരു തലമുറ ഉദയം ചെയ്യുകയുണ്ടായി. തികച്ചും വ്യത്യസ്‌തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ട് നോവലിന്റെ സാമൂഹ്യധര്‍മം കൂടി നിറവേറ്റാന്‍ ആ എഴുത്തുകാര്‍ യത്‌നിച്ചു. തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, പി.കേശവദേവ് എന്നിവരടങ്ങിയ ഒരു തലമുറയാണത്.
തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ഏണിപ്പടികള്‍, അനുഭവങ്ങല്‍ പാളിച്ചകള്‍, ചെമ്മീന്‍, കയര്‍, ഔസേപ്പിന്റെ മക്കള്‍, ബലൂണ്‍ തുടങ്ങി നിരവധി നോവലുകള്‍ രചിച്ചുകൊണ്ട് നോവല്‍ശാഖയ്‌ക്ക് കരുത്തുപകര്‍ന്നൂ, തകഴി. ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍, വില്‌പനക്കാരന്‍ തുടങ്ങിയ നോവലുകളുമായി കേശവദേവും സജീവത പുലര്‍ത്തി. മലയാളം കണ്ട ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്ന പേരിന് അര്‍ഹനായ ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട്, ശബ്‌ദങ്ങള്‍ തുടങ്ങിയ കൃതികള്‍ നോവല്‍ രചനയുടെ ശില്‌പഘടനയെയും സാഹിത്യത്തിലെ ലബ്‌ധപ്രതിഷ്‌ഠങ്ങളായ മാമൂലുകളെയും അട്ടിമറിച്ചു.
മലയാളനോവല്‍ശാഖയില്‍ ശക്തമായ ഒരു ഭാവുകത്വപരിണാമം നടക്കുന്നത് തൊട്ടുടുത്ത തലമുറയിലെ അതിശക്തനായ ഒരെഴുത്തുകാരന്റെ രംഗപ്രവേശത്തോടെയാണ്. എസ്.കെ.പൊറ്റെക്കാടിന്റെ രചനകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന എം.ടി.വാസുദേവന്‍ നായരാണ് അത്തരമൊരു രചനാരുചിവികാസത്തിന് കളമൊരുക്കിയത്.
വൈയക്തികാനുഭവത്തിന്റെ ആവിഷ്‌കാരത്തിന് നോവല്‍ എന്ന മാധ്യമം എത്രമാത്രം ശക്തമാണ് എന്ന് എംടി കാട്ടിത്തന്നു. ഒപ്പം തന്നെ വിശ്വസാഹിത്യവുമായുള്ള അഗാധപരിചയം, വ്യക്തിയുടെ അസ്‌തിത്വത്തെപ്പറ്റിയുള്ള ദീര്‍ഘങ്ങളായ ചോദ്യങ്ങളെക്കൂടി ആ നോവലുകളില്‍ നിബന്ധിപ്പിക്കുവാന്‍ അദ്ദേഹത്തിന് കരുത്തുനല്‍കി. നാലുകെട്ട്, അസുരവിത്ത്, കാലം, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും, വിലാപയാത്ര, രണ്ടാമൂഴം എന്നിവയാണ് പ്രമുഖകൃതികള്‍. വാരണാസിയാണ് ഒടുവിലെഴുതിയത്.
എംടിയുടെ അത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാലത്ത് തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന നിരവധി എഴുത്തുകാരുണ്ട്. മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ (വേരുകള്‍, യന്ത്രം, ദ്വന്ദ്വയുദ്ധം, യക്ഷി) കെ.സുരേന്ദ്രന്‍ (മരണം ദുര്‍ബലം, താളം, കാട്ടുകുരങ്ങ്, ജ്വാല, മായ, പതാക), ജി.എന്‍.പണിക്കര്‍, പി.അയ്യനേത്ത് (വാഴ്‌വേ മായം), ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ (ആനപ്പക, അമൃതമഥനം,ആട്ടുകട്ടില്‍), ഇ.എം.കോവൂര്‍ (മലകള്‍), ജി.വിവേകാനന്ദന്‍ (കള്ള്, കള്ളിച്ചെല്ലമ്മ, ശ്രുതിഭംഗം), നന്തനാര്‍ (അനുഭവങ്ങള്‍, ഉണ്ണിക്കുട്ടന്റെ ലോകം) തുടങ്ങിയവരുടെ പേരുകള്‍ ശ്രദ്ധേയം.
ശാസ്‌ത്രം, രാഷ്‌ട്രീയം, പ്രകൃതി എന്നീ സംഗതികളെ നോവലിന്റെ രൂപഭാവഘടനകളില്‍ സമന്വയിപ്പിച്ചുകൊണ്ട് സ്‌പന്ദമാപിനികളെ നന്ദി, പുള്ളിപ്പുലികളും വെള്ളിക്ഷത്രങ്ങളും, പുഴ മുതല്‍ പുഴ വരെ തുടങ്ങിയ നോവലുകളെഴുതി സി.രാധാകൃഷ്‌ണനും, വ്യത്യസ്‌തമായ സ്വരം കേള്‍പ്പിക്കുന്ന എണ്ണപ്പാടത്തിന്റെ കഥ പറഞ്ഞ എന്‍ പി മുഹമ്മദും, ഏറ്റവും മികച്ച വനിതാനോവലിസ്റ്റെന്ന നിലയില്‍ നെല്ലും ആഗ്നേയവും നിഴലുറങ്ങുന്ന വഴികളും മറ്റും രചിച്ച വത്സലയും, ഉജ്വലവളര്‍ച്ചയുടെ ധ്വനികള്‍ കേള്‍പ്പിച്ചുകൊണ്ട് ഒരു വഴിയും കുറേ നിഴലുകളും എഴുതിയ രാജലക്ഷ്‌മിയും മറ്റും ഇക്കൂട്ടത്തില്‍ പ്രത്യേകം ഉയര്‍ന്നു നില്‍ക്കുന്നു.
രചനയുടെ സാരള്യത്തിനിടയിലും മനുഷ്യാത്മാവിന്റെ അഗാധവിലാപങ്ങളെ ശ്രദ്ധേയമാംവിധം ആവിഷ്‌കരിച്ചു ഫലിപ്പിക്കാന്‍ കഴിഞ്ഞ പാറപ്പുറത്തും (അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, ആകാശത്തിലെ പറവകള്‍) വിചിത്രമായ അനുഭവങ്ങളുടെ കുത്തൊഴുക്കു പറഞ്ഞൊപ്പിക്കാന്‍ വിശേഷപ്പെട്ട ഭാഷയും രൂപഘടനയും കഥാപാത്രവിന്യാസവും സാധിച്ചെടുത്ത കോവിലനും (തോറ്റങ്ങള്‍, ഭരതന്‍, ഏഴാമെടങ്ങള്‍, ഏ മൈനസ് ബി, ജന്മാന്തരങ്ങള്‍) മറ്റും മലയാളനോവലിന്റെ അഭിമാനങ്ങളാണ്. ലളിതാംബിക അന്തര്‍ജനം (അഗ്നിസാക്ഷി) പി.കെ.ബാലകൃഷ്‌ണന്‍ (ഇനി ഞാന്‍ ഉറങ്ങട്ടെ), വെട്ടൂര്‍ (ജീവിക്കാന്‍ മറന്നുപോയ സ്‌ത്രീ), വൈക്കം ചന്ദ്രശേഖരന്‍ നായര്‍ (നഖങ്ങള്‍), ഇ.വാസു (ചുവപ്പുനാട), പെരുമ്പടവം ശ്രീധരന്‍ (അഭയം,ഒരു സങ്കീര്‍ത്തനം പോലെ), യു.എ.ഖാദര്‍ (ചങ്ങല), എസ്.കെ.വസന്തന്‍ (അരക്കില്ലം), പോഞ്ഞിക്കര റാഫി (സ്വര്‍ഗദൂതന്‍), ജോസഫ് മുണ്ടശേരി (പ്രൊഫസര്‍), പി.എ.മുഹമ്മദ് കോയ (സുല്‍ത്താന്‍ വീട്), പമ്മന്‍ (ഭ്രാന്ത്) തുടങ്ങി അനേകം നോവലിസ്റ്റുകളുടെ പേര്, മലയാളസാഹിത്യശാഖയുടെ ഈ ഘട്ടത്തിലെ വികാസത്തിന്റെ ഒപ്പം നാമോര്‍ക്കേണ്ടതായി വരും.
ഇതിനിടെ, വേറേ ചിലരുടെ പേരുകള്‍ ഒന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അതില്‍പ്രധാനം നോവലിനെ ജനകീയവത്‌ക്കരിച്ച മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. എന്നിവരാണ്. പാടാത്ത പൈങ്കിളി, മയിലാടും കുന്ന് വെളുത്ത കത്രീന, ജഗജില്ലി തുടങ്ങി എണ്ണമറ്റ കൃതികളിലൂടെ മധ്യതിരുവിതാംകൂറിലെ ക്രിസ്‌ത്യന്‍ ജീവിതത്തിലെ ചില ഏടുകള്‍ വര്‍ക്കി തുറന്നുകാട്ടി. ബോറിസ് പസ്‌തര്‍നക്കിന്റെ ഡോ.ഷിവാഗോ പോലെ ഒരു ക്ലാസിക് കൃതി വിവര്‍ത്തനം ചെയ്‌ത വര്‍ക്കി തന്റെ രചനാസാമര്‍ഥ്യത്തെ ധൂര്‍ത്തടിക്കുകയായിരുന്നു സത്യത്തില്‍. ചരസ്, ഭാര്യ, അധ്യാപിക തുടങ്ങിയ നോവലുകളിലൂടെ കാനം ആ പാത പിന്തുടര്‍ന്നു.
പാറപ്പുറം (1904ല്‍ ഒന്നാംഭാഗം, 1905ല്‍ രണ്ടാംഭാഗം) എന്ന നോവലില്‍ തുടങ്ങുന്ന രാഷ്‌ടീയനോവലിന്റെ ധാരയാണ് മറ്റൊന്ന്. കെ.നാരായണഗുരുക്കളാണ് പാറപ്പുറം എഴുതിയത്. ഉദയഭാനു (കെ.രാമകൃഷ്‌ണപിള്ള) ആണ് മറ്റൊരു പ്രമുഖകൃതി.
ചുവന്നവാലുമായി ചിലര്‍
എല്ലാ അര്‍ഥത്തിലും വെട്ടും തിരുത്തുമായി വന്ന അടുത്ത തലമുറയാണ് മലയാളത്തില്‍ നോവലുകളുടെ വിഭ്രാമകവസന്തം വിരിയിച്ചത്. ആധുനികത എന്ന പുതിയ സരണിയുടെ ഉദ്‌ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്. ലോകസാഹിത്യത്തില്‍ ആല്‍ബേര്‍ കാമു, ഫ്രാന്‍സ് കാഫ്‌ക, സാര്‍ത്രേ, നീഷേ, ആന്‍ദ്രേ ഴീദ്, ഷെനെ തുടങ്ങിയവരുടെ കൃതികള്‍ സൃഷ്‌ടിച്ച അമ്പരപ്പും ആഘാതവും അതേപടി ഉള്‍ക്കൊണ്ട്, മലയാളത്തിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ എല്ലാ രചനാനിയമങ്ങളെയും അതിലംഘിച്ചുകൊണ്ട് തങ്ങളുടെ നോവലുകളുമായി കടന്നുവന്നു. എം.മുകുന്ദന്‍, ഒ.വി.വിജയന്‍, ആനന്ദ്, കാക്കനാടന്‍, പുനത്തില്‍ കുഞ്ഞബ്‌ദുള്ള, പി.പത്മരാജന്‍, സേതു, മാടമ്പ് കുഞ്ഞുകുട്ടന്‍, മാധവിക്കുട്ടി, സി.വി.ബാലകൃഷ്‌ണന്‍ തുടങ്ങിയവരാണ് നോവല്‍സാഹിത്യത്തില്‍ അമ്പരപ്പിന്റെ ഇടിമുഴക്കം സൃഷ്‌ടിച്ചത്.
ഒ.വി.വിജയനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തനായ എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ് മലയാളവായനക്കാരുടെ വേദപുസ്‌തകമായിത്തീര്‍ന്ന കൃതി. ഇന്ത്യന്‍ സിനിമയ്‌ക്ക് പഥേര്‍പാഞ്ചാലി എന്താണോ, അതുപോലെയാണ് മലയാളസാഹിത്യത്തിന് ഖസാക്കിന്റെ ഇതിഹാസം. ധര്‍മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നിവയാണ് മറ്റ് നോവലുകള്‍.
എം.മുകുന്ദനാണ് എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും കേരളത്തിലെ ചെറുപ്പക്കാരെ ഏറ്റവുമേറെ സ്വാധീനിച്ച എഴുത്തുകാരന്‍. ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ചുള്ള തോറ്റങ്ങളായി മാറീ, അദ്ദേഹത്തിന്റെ നോവലുകള്‍. രൂപപരമായ പരീക്ഷണങ്ങളും മുകുന്ദനെ വ്യത്യസ്‌തനാക്കുന്നു. കൂട്ടം തെറ്റി മേയുന്നവര്‍, ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുമ്പോള്‍, ദല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ഈലോകം അതിലൊരു മനുഷ്യന്‍, ആദിത്യനും രാധയും മറ്റു ചിലരും എന്നിവയാണ് പ്രധാനകൃതികള്‍.
മലയാളനോവലിനെ ദേശീയവല്‍ക്കരിച്ച നോവലിസ്റ്റ് ആനന്ദാണ്. ആള്‍ക്കൂട്ടമെന്ന രൂക്ഷമായ നോവലുമായാണ് ആനന്ദിന്റെ കടന്നുവരവ്. ചരിത്രത്തിന്റെയും മറ്റ് സാമൂഹ്യശാസ്‌ത്രങ്ങളുടെയും ഇടപെടലും രാഷ്‌ട്രീയമാനങ്ങളുള്ള ഇതിവൃത്തങ്ങളും വേരുകളില്ലാത്ത ഭാഷയും ആനന്ദിന്റെ നോവലുകളെ എടുത്തറിയിക്കുന്നു. മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്‌നേശ്വരനും എന്നിവയാണ് മുഖ്യനോവലുകള്‍.
അശുഭരോഗത്തിന്റെ പൂക്കള്‍ വിരിയുന്ന ഭാവനയാണ് കാക്കനാടന്റേത്. ഉഷ്‌ണമേഖല, വസൂരി, ഏഴാംമുദ്ര, സാക്ഷി, അജ്ഞതയുടെ താഴ്‌വര തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
ഭാവനയുടെ പുതിയ ഭൂപടങ്ങള്‍ നിവര്‍ത്താനുള്ള കഴിവും ഭാഷയുടെ പുതിയ വിന്യാസക്രമവുമാണ് പുനത്തിലിനെ ശ്രദ്ധേയനാക്കിയത്. മിത്തിന്റെ പുനര്‍വിവരണം സാധിക്കുന്ന സ്‌മാരകശിലകള്‍ക്കു പുറമേ എഴുതിയ കന്യാവനങ്ങള്‍, മരുന്ന്, അലിഗഡിലെ തടവുകാരന്‍, കലീഫ തുടങ്ങിയ നോവലുകള്‍ കുഞ്ഞബ്‌ദുള്ളയെ പ്രശസ്‌തനാക്കി. ഇന്ന് ഏറ്റവും കൂടുതല്‍ എഴുതുന്ന നോവലിസ്റ്റുകളിലൊരാളാണ് കുഞ്ഞബ്‌ദുള്ള.
പാണ്‌ഡവപുരമെന്ന ഒറ്റ നോവലുകൊണ്ട് സേതു മാജികല്‍ റിയലിസത്തിന്റെ സാധ്യതകള്‍ മലയാളത്തില്‍ പരീക്ഷിക്കുകയാണ് ചെയ്‌തത്. കിരാതം, നിയോഗം, കൈമുദ്രകള്‍ എന്നിവയാണ് പ്രമുഖരചനകള്‍.
ഭ്രഷ്‌ട്, അശ്വത്ഥാമാവ് എന്നീ നോവലുകളുടെ വിഭ്രാന്താന്തരീക്ഷം കൊണ്ട് മലയാളഭാവുകത്വത്തെ വിഭ്രമിപ്പിച്ച നോവലിസ്റ്റാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. കോളനി, ഉത്തരകോളനി, നിഷാദം, എന്തരോ മഹാനുഭാവലു, അവിഘ്‌നമസ്‌തു തുടങ്ങി അനേകം കൃതികള്‍ എഴുതി. മനോമി, കടല്‍ മയൂരം, കവാടം തുടങ്ങിയ നോവലുകള്‍ എഴുതിയ മാധവിക്കുട്ടിക്ക് പക്ഷേ, ചെറുകഥയിലെ രചനാസാമര്‍ഥ്യം നോവലില്‍ കൈവന്നില്ല. ഓഹരി എന്ന നോവലിലൂടെ പ്രശസ്‌തനായ കെ.എല്‍.മോഹനവര്‍മയുമായി ചേര്‍ന്ന് അമാവാസി എന്നൊരു നോവല്‍മാധവിക്കുട്ടി എഴുതിയിരുന്നു.
പരിണാമം എന്ന ഒറ്റനോവല്‍ തന്നെ എം.പി.നാരായണപിള്ള തന്റെ രചനാരീതിയുടെ സവിശേഷത തെളിയിക്കുന്നു. ഉദകപ്പോള, പെരുവഴിയമ്പലം, പ്രതിമയും രാജകുമാരിയും തുടങ്ങിയ അനേകം നോവലുകളുടെ കര്‍ത്താവാണ് സിനിമാസംവിധായകന്‍ കൂടിയായ പി.പത്മരാജന്‍.
ബൈബിളിലെ ഇയ്യോബിന്റെ പുസ്‌തകമാണ് അസ്‌ത്വിതദര്‍ശനാഭിമുഖരായ എഴുത്തുകാരുടെ വേദപുസ്‌തകമെന്ന് തെളിയിക്കുന്ന നോവലാണ് സി.വി.ബാലകൃഷ്‌ണന്റെ ആയുസിന്റെ പുസ്‌തകം. ജീവിതമേ നീ എന്ത്, ഉപരോധം, കണ്ണാടിക്കടല്‍, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ രചനകള്‍. ശേഷക്രിയ, പിതൃതര്‍പ്പണം തുടങ്ങിയ ചെറുനോവലുകളാണ് എം.സുകുമാരന്റെ സംഭാവനകള്‍.
ആധുനികരുടെ ആദ്യതലമുറയ്‌ക്കൊപ്പം എഴുത്തുതുടങ്ങിയ സക്കറിയ ചെറുകഥയില്‍ നിന്ന് നോവലിലേക്ക് വരുന്നത് താമസിച്ചാണ്. ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും, പ്രെയിസ് ദ ലോഡ്, ഇഷ്‌ടികയും ആശാരിയും, എന്തുണ്ട് വിശേഷം പീലാത്തോസേ, ഇതാണെന്റെ പേര്, അയ്യപ്പത്തിന്തകത്തോം തുടങ്ങിയ, അദ്ദേഹത്തിന്റെ കൃതികള്‍ നോവല്‍ എന്ന പേരിലാണ് പുറത്തുവന്നതെങ്കിലും അവയെ നോവല്‍ എന്ന് വിളിക്കാമോ എന്ന് സംശയമുണ്ട്. പി.സുരേന്ദ്രന്‍ (ജൈവം, മായാപുരാണം, കാവേരിയുടെ പുരുഷന്‍), കെ.പി.രാമനുണ്ണി (സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം), ടി.വി.കൊച്ചുബാവ (വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ) തുടങ്ങിയവരാണ് ആധുനികാനന്തരരുടെ ആദ്യതലമുറയില്‍ നോവലെഴുത്തിനു ഒരുങ്ങിയവര്‍. താമസിച്ച് നോവലെഴുത്തു തുടങ്ങിയ സാറാജോസഫ് (ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്) ചെറുകഥ വിട്ട് നോവലെഴുത്തില്‍ മാത്രം ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ്.
പുതുതലമുറയും വ്യത്യസ്‌തധാരകളും
ഏറ്റവും പുതിയ എഴുത്തുകാരില്‍ ബി.മുരളി (ആളകമ്പടി), ജി.ആര്‍. ഇന്ദുഗോപന്‍ (കൊടിയടയാളം, മണല്‍ജീവികള്‍, മുതലനീര്, ഐസ് -170 ഡിഗ്രി), സെബാസ്റ്റ്യന്‍ പള്ളിത്തോട് (ആഞ്ഞൂസ് ദേയി), കെ.എ.സെബാസ്റ്റ്യന്‍ (രാജാക്കന്മാരുടെ പുസ്‌തകം), കെ.പി.സുധീര (ഗംഗ),വി.ജെ.ജെയിംസ് (പുറപ്പാടിന്റെ പുസ്‌തകം, ചോരശാസ്‌ത്രം) എന്നിവര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കഥയെഴുത്തില്‍ വ്യത്യസ്‌തയുടെ ആവിര്‍ഭാവമായി അരങ്ങേറിയ മേതില്‍ രാധാകൃഷ്‌ണന്റെയും എന്‍.എസ്.മാധവന്റെയും എന്‍.പ്രഭാകരന്റെയും പേരുകള്‍ എടുത്തുപറയേണ്ടവയില്‍പ്പെടുന്നു. മേതില്‍ തന്റെ രചനയുടെ ആദ്യഘട്ടത്തിലെ സൂര്യവംശവും രണ്ടാം ഘട്ടത്തിലെ ലൈംഗികതയെക്കുറിച്ച് ഒരുപന്യാസവും കൊണ്ട് ശ്രദ്ധനേടി. എന്‍ പ്രഭാകരന്‍ എഴുത്തിന്റെ തിരിച്ചുവരവിലാണ് ഏഴിനും മീതെ, ബഹുവചനം, ജീവന്റെ തെളിവുകള്‍, തീയൂര്‍ രേഖകള്‍ തുടങ്ങിയ നോവലുകള്‍ രചിച്ചത്. മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ മലയാളനോവലിന്റെ പുതിയ മുഖമാണ്.
വേറിട്ടു പറയേണ്ട മറ്റൊരു എഴുത്തുകാരന്‍ വി.കെ.എന്‍. ആണ്. പ്രതിനോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന നോവലുകളാണ് അദ്ദേഹത്തിന്റെത്. രചനാതന്ത്രത്തിന്റെ അനിതരസാധാരണത്വവും ഭാഷയിലുള്ള ക്രീഡയും ആ നോവലുകളെ അനുപമമാക്കുന്നു. ജനറല്‍ ചാത്തന്‍സ്, പിതാമഹന്‍, കുടിനീര്, മഞ്ചല്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, അനന്തരം, സര്‍ ചാത്തുവിന്റെ റൂളിംഗ്, അധികാരം, അസുരവാണി, പെണ്‍പട, കാവി തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കൊച്ചരേത്തി എന്ന നോവലിലൂടെ ശ്രദ്ധ പിടിച്ചുവാങ്ങിയ നാരായന്‍ ദളിത് ജീവിതത്തിന്റെ രേഖാകാരനാണ്. ഇക്കൂട്ടത്തില്‍ മാവേലിമന്റം എഴുതിയ കെ.ജെ.ബേബിയെയും പെരുമാള്‍പാറ എഴുതിയ മാങ്ങാനം കുട്ടപ്പനെയും കൂടി ഓര്‍ക്കേണ്ടതാണ്.
ഇക്കൂട്ടത്തില്‍ പേരെടുത്ത പറയാന്‍ കഴിയാതെ പോയ എണ്ണമറ്റ നോവലിസ്റ്റുകളില്‍ ചിലരെങ്കിലും മലയാളനോവല്‍സാഹിത്യ ശാഖയ്‌ക്ക് മറക്കാനാവാത്ത സംഭാവനകള്‍ അര്‍പ്പിച്ചവരായിരിക്കും. മറ്റുള്ളവരും എണ്ണം കൊണ്ടോ ഗുണം കൊണ്ടോ ഈ ശാഖയെ പോഷിപ്പിച്ചവര്‍ തന്നെ. അക്‌ബര്‍ കക്കട്ടില്‍, പി.കെ.മോഹനന്‍, സുമംഗല, ടി.സി.ജോണ്‍, പി.ആര്‍.നാഥന്‍, ഉണ്ണികൃഷ്‌ണന്‍ തിരുവാഴിയോട്, ശ്രീധരന്‍ ചമ്പാട്, ബാലകൃഷ്‌ണന്‍ മാങ്ങാട്, സാറാതോമസ്, ടി.എന്‍.ഗോപകുമാര്‍ എന്നു വേണ്ട ഏറ്റവും പുതിയ തലമുറയായ പി.കണ്ണനും ഇ.പി.ശ്രീകുമാറും കെ.ജെ.ജെയിംസും വരെയുള്ള നൂറുകണക്കിന് എഴുത്തുകാരെ ഒഴിവാക്കിയത് ഉദ്ദേശ്യപൂര്‍വമല്ല.
ഏതായാലും മലയാളത്തിലെ നോവല്‍സാഹിത്യശാഖ വീണ്ടും ഉജ്വലവസന്തം വിരിയിക്കാനുള്ള ഒരുക്കത്തിലാണിന്ന് എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. പഴയ തലമുറയിലെ എംടി മുതല്‍ മുകുന്ദന്‍, കുഞ്ഞബ്‌ദുള്ള മുതല്‍പ്പേര്‍ വഴി ഏറ്റവും പുതിയ എഴുത്തുകാരനായ ഇന്ദുഗോപന്‍ വരെയുള്ളവര്‍ അനലസമായ രചനാപന്ഥാവിലാണ്. അതുകൊണ്ട് തന്നെ വ്യത്യസ്‌തമായ വഴികളില്‍ ഇനിയും മലയാളനോവല്‍ വളരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ശ്യാം നരേന്ദ്രന്‍
No comments:
Post a Comment