റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ പൈശാചികമായി അറുകൊല ചെയ്യപ്പെട്ടതില്‍പിന്നെ അതേപ്പറ്റിയുള്ള പൊലീസ് അന്വേഷണ വാര്‍ത്തകളും ചര്‍ച്ചകളും രാഷ്ട്രീയ വിവാദങ്ങളുംകൊണ്ട് മുഖരിതമാണ് കേരളത്തിന്‍െറ പൊതു അന്തരീക്ഷം. അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒരുപോലെ നിത്യേന പുതിയ കഥകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. സ്ഥിരീകരിക്കപ്പെട്ട വസ്തുതകളേക്കാള്‍ ഊഹാപോഹങ്ങളും പ്രത്യേകമായി ചിലരെ ഉന്നംവെച്ചുള്ള വാര്‍ത്തകളുമാണ് ഏറിയ പങ്കും. അതിനിടയില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും പ്രകടിപ്പിക്കപ്പെടുന്നു. എന്തായാലും, ഏറെ ദിവസങ്ങള്‍ തുടരാനിടയില്ലാത്ത വിഷയമായി ചന്ദ്രശേഖരന്‍െറ കൊലപാതകവും കലാശിക്കും എന്നാണ് മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന സൂചന. വിശിഷ്യ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ വീറും ചൂടും കെട്ടടങ്ങാനുള്ള സാധ്യത നിരാകരിച്ചുകൂടാ.
എന്നാല്‍, പ്രമാദമായ ഈ കേസിന്‍െറ അന്വേഷണം എങ്ങനെ നീങ്ങിയാലും ആരൊക്കെ അതില്‍ പ്രതികളാക്കപ്പെട്ടാലും ആരൊക്കെ ഒഴിവാക്കപ്പെട്ടാലും ബാക്കിനില്‍ക്കുന്ന അതീവഗൗരവതരമായ സത്യം തീരെ അവഗണിക്കപ്പെടുന്നതാണ് ഏറ്റവും അപകടകരമായിട്ടുള്ളത്. അത് സംസ്ഥാനത്തിന്‍െറ സൈ്വരജീവിതത്തിനും രാഷ്ട്രീയത്തിനും വന്‍ ഭീഷണിയായി വളര്‍ന്നിരിക്കുന്ന ക്രിമിനലിസവും ഗുണ്ടായിസവുമാണ്.
ചന്ദ്രശേഖരന്‍െറ വധസംഭവത്തില്‍ എല്ലാ ഭിന്നാഭിപ്രായങ്ങള്‍ക്കും അതീതമായി സമ്മതിക്കപ്പെട്ട കാര്യം ക്വട്ടേഷന്‍ സംഘമാണ് അത് നടത്തിയത് എന്നുള്ളതാണ്. അവരെ ആരെങ്കിലും നിയോഗിച്ചതാണോ, ഗൂഢാലോചനയുടെ ഫലമാണോ, എങ്കില്‍ അതാര്, ഏതുതലത്തില്‍ എന്നെല്ലാമുള്ള ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണ് വിവാദം മുഴുവന്‍. 2007ല്‍ ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത് പാസാക്കിയ, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം അഥവാ ഗുണ്ടാ ആക്ട് നിലവില്‍വന്നശേഷവും കേരളം ഗുണ്ടാമുക്തമായില്ലെന്നു മാത്രമല്ല ഗുണ്ടായിസവും മാഫിയതാണ്ഡവവും ക്വട്ടേഷന്‍ സംഘങ്ങളും പൂര്‍വാധികം വര്‍ധിച്ചിട്ടേയുള്ളൂ എന്നാണ് തെളിയുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മൊത്തം 164 പേര്‍ മാത്രമാണ് പിടികൂടപ്പെട്ടിരുന്നത്. ചില ജില്ലകളിലാവട്ടെ ഒരാള്‍പോലും ഗുണ്ടാ ആക്ടനുസരിച്ച് ജയിലിലടക്കപ്പെട്ടില്ല. 2009 ആഗസ്റ്റ് 21ന് ഒരു കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കെ, ഗുണ്ടാ സംഘങ്ങള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണം ഭയാനകമാംവിധം പെരുകുകയാണെന്ന് കേരള ഹൈകോടതി നിരീക്ഷിക്കുകയുണ്ടായി. നിയമവാഴ്ചക്ക് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ ക്രിമിനലിസം സമൂഹത്തില്‍ വര്‍ധിക്കുകയാണെന്ന് മറ്റൊരു കേസ് പരിഗണിക്കുമ്പോഴും 2009 സെപ്റ്റംബര്‍ ഒമ്പതിന് ഹൈകോടതി ചൂണ്ടിക്കാട്ടി. കര്‍ശന നിയമം ഉണ്ടായിട്ടും സാങ്കേതിക പിഴവുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും മൂലം കരുതല്‍ തടങ്കല്‍ ഉത്തരവുകളില്‍നിന്ന് ക്രിമിനലുകള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എന്നിട്ടോ? സര്‍ക്കാറിന്‍െറയോ പൊലീസിന്‍െറയോ ഭാഗത്തുനിന്ന് ഒരു തിരുത്തല്‍ നടപടിയും ജാഗ്രതയും ഉണ്ടായില്ല. മാത്രമല്ല, ജയിലില്‍നിന്ന് പുറത്തുവന്ന ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി 2006-2010 കാലയളവില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചത്. അദ്ദേഹം അതു പറയുമ്പോള്‍ ഗുണ്ടാ ആക്ട് പ്രകാരം 122 പേരായിരുന്നു ജയിലുകളിലുണ്ടായിരുന്നത്. അതിന് എത്രയോ മടങ്ങാണ് കേരളത്തില്‍ സാമൂഹികവിരുദ്ധരായ കൊടും ക്രിമിനലുകളുടെ എണ്ണം എന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസിന്‍െറയും പണച്ചാക്കുകളുടെയും സംരക്ഷണം അവര്‍ക്ക് നിര്‍ബാധം ലഭിക്കുന്നതുകൊണ്ട് നിയമത്തിന്‍െറ കരങ്ങള്‍ അവരിലേക്ക് നീളുന്നില്ല. സംഭവവശാല്‍ അറസ്റ്റിലായാലോ, താമസിയാതെ ജാമ്യം ലഭിക്കുന്നു. ജാമ്യം നിഷേധിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവര്‍ക്ക് ഒരു തത്ത്വദീക്ഷയുമില്ലാതെ കുറുക്കുവഴിയില്‍ പരോള്‍ ലഭിക്കുന്നു. പരോളില്‍ ഇറങ്ങിയ കുറ്റവാളികള്‍ മുങ്ങുന്നു. അങ്ങനെ കൂടുതല്‍ ശക്തി സംഭരിച്ചും കൂട്ടാളികളെ സംഘടിപ്പിച്ചും അവിഹിത മാര്‍ഗേണ പണം സ്വരൂപിച്ചും മാഫിയസംഘങ്ങളും ക്വട്ടേഷന്‍ കൂട്ടായ്മകളുമായി പ്രവര്‍ത്തനം തുടരുന്നു. നമ്മുടെ സെന്‍ട്രല്‍ ജയിലുകള്‍തന്നെ ക്രിമിനലുകളുടെ പറുദീസകളാണെന്ന നഗ്നസത്യം ആര്‍ക്ക് നിഷേധിക്കാനാവും? മദ്യം, മയക്കുമരുന്ന്, പെണ്ണ്, മൊബൈല്‍ഫോണ്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ജയില്‍പുള്ളികള്‍ക്ക് ലഭ്യമാണ്. ഇതിന്‍െറ വിശ്വരൂപം സവിസ്തരം പ്രതിപാദിക്കുന്ന ഒരു തടവുകാരന്‍െറ കത്ത് അല്‍പം മുമ്പ് ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. ഭരണാധികാരികളുടെയും ജയില്‍ അധികൃതരുടെയും അറിവും ഒത്താശകളും കൂടാതെ ഇതൊന്നും നടക്കില്ല എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
നിലവില്‍ പൊലീസിന്‍െറ കണക്കുപ്രകാരം 2600 ഗുണ്ടകളാണത്രെ സംസ്ഥാനത്തുള്ളത്. യഥാര്‍ഥത്തില്‍ ചില ജില്ലയില്‍ മാത്രമുണ്ടാവും അത്രയും ഗുണ്ടകള്‍. അവരില്‍ പത്തിലൊന്നിന്‍െറ പേരില്‍പോലും ഗുണ്ടാനിയമം പ്രയോഗിക്കപ്പെടുന്നില്ല. ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന ഗുണ്ടാനിയമത്തെ രൂക്ഷമായി എതിര്‍ത്തയാളാണ് അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഗുണ്ടകള്‍ക്ക് രാഷ്ട്രീയ മാനം നല്‍കുന്നതാണ് നിയമം എന്നായിരുന്നു അദ്ദേഹത്തിന്‍െറ അഭിപ്രായം. ‘ഗുണ്ടകളുടെ ദയാദാക്ഷിണ്യത്തിലാണ് കേരളം എന്നും ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഗുണ്ടാവിരുദ്ധ നിയമം ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നതാണെന്നും’ ആരോപിച്ച ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കെ ഗുണ്ടാനിയമം തിരുത്തി എഴുതി പുതിയ കര്‍ശന നിയമം കൊണ്ടുവരാനും അത് സര്‍വശക്തിയുമുപയോഗിച്ച് നടപ്പാക്കി കേരളത്തെ ഗുണ്ടാമുക്തമാക്കാനും ആരാണ് തടസ്സം?
തീര്‍ച്ചയായും അദ്ദേഹമത് ചെയ്താല്‍ സൈ്വരജീവിതം ആഗ്രഹിക്കുന്ന, ഗുണ്ടകളെ പേടിച്ചുകഴിയുന്ന മുഴുവന്‍ കേരളീയരുടെയും പൂര്‍ണ പിന്തുണ അദ്ദേഹത്തിനും സര്‍ക്കാറിനും ലഭിക്കും. അതിപ്രധാനമായ ഈ വശത്തെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാതെ ടി.പി. ചന്ദ്രശേഖരന്‍െറ മൃഗീയ വധം രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ പോയാല്‍ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയകളും പൂര്‍വാധികം കരുത്തോടെ സംസ്ഥാനത്തെ വിറപ്പിക്കുമെന്നും അവരുടെ ദാക്ഷിണ്യത്തില്‍ കേരളം കഴിയേണ്ടിവരുമെന്നുമുള്ള കാര്യത്തില്‍ സംശയം വേണ്ട
.
.
No comments:
Post a Comment