കത്തെഴുത്ത്, കവിതയെഴുത്ത്, തിരക്കഥയെഴുത്ത് തുടങ്ങിയവയാണ് ഭരണത്തിലിരിക്കുമ്പോള്‍ കലൈജ്ഞര്‍ കരുണാനിധിയുടെ മുഖ്യവിനോദങ്ങള്‍. കത്തെഴുത്ത് മിക്കപ്പോഴും 'കുത്തെഴുത്താ'വും. കത്ത് ആദ്യം വെളിച്ചം കാണുക പാര്‍ട്ടി പത്രമായ 'മുരശൊലി'യിലാണ്.
ഓരോ കത്ത് പുറത്തുവരുമ്പോഴും ആദ്യത്തെ കുത്തേല്‍ക്കുന്നത് പത്രക്കാര്‍ക്കാണ്. സംഘകാല തമിഴ് സാഹിത്യവും ഉപമകളുമായതിനാല്‍ ഒരുമാതിരിപ്പെട്ട തമിഴ് അഗരാദികളിലൊന്നും (നിഘണ്ടു) അര്‍ഥം കണ്ടെത്താനാവില്ല. കത്തിലൂടെ ആര്‍ക്കാണ് കുത്തേറ്റതെന്നറിയാന്‍ പലപ്പോഴും റിട്ടയേഡ് തമിഴ് പ്രഫസര്‍മാരുടെ സഹായം തേടേണ്ടിവരും. കവിതകള്‍ക്ക് ഈ പ്രശ്നമില്ല. തൂണിനെക്കുറിച്ചും തുരുമ്പിനെക്കുറിച്ചും കവിതകളെഴുതും. വായില്‍ തോന്നുന്നതെന്തും 'സിഗ്സാഗ്' സ്റ്റൈലില്‍ അടുക്കിയാല്‍ കലൈജ്ഞര്‍ കവിതയായി.
ഭാര്യയുടെ കന്നിപ്രസവത്തിന് കാത്തുനില്‍ക്കുന്നവന്റെ വെപ്രാളത്തോടെയാണ് കലൈജ്ഞറുടെ തിരക്കഥാ പ്രസവത്തിനായി ലോട്ടറി രാജാവ് മാര്‍ട്ടിന്‍ കാത്തുനിന്നിരുന്നത്. അഞ്ചു കൊല്ലത്തെ ഭരണത്തിനിടയില്‍ നാലു തിരക്കഥകള്‍ സിനിമയായി. കഥയുടെ 'ഗുണം' കൊണ്ട് എല്ലാം പൊളിഞ്ഞുപാളീസായി. എങ്കിലും കലൈജ്ഞര്‍ സിനിമയുടെ മേല്‍വിലാസത്തില്‍ തമിഴകത്തിന്റെ തെക്കും വടക്കും മണ്ടിനടന്ന് പാവങ്ങളുടെ ഭൂമി വെട്ടിപ്പിടിക്കാനും പൊലീസിന്റെ കണ്മുന്നില്‍ വ്യാജലോട്ടറി വിറ്റ് കോടികള്‍ കീശയിലാക്കാനും മാര്‍ട്ടിന് ലൈസന്‍സ് കിട്ടി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് തൊപ്പിവിറ്റ് ജീവിച്ച പോലെ തിരക്കഥ വിറ്റുകിട്ടിയ കാശുകൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന് കലൈജ്ഞര്‍ക്ക് പറയാന്‍ അവസരവും കിട്ടി.
ഭരണത്തിലല്ലാതിരിക്കുമ്പോള്‍ മുഖ്യവിനോദം സംഘകാല സാഹിത്യപാരായണവും കി. വീരമണിയുമൊത്തുള്ള വെടിപറച്ചിലുമാണ്. ഭാര്യാമക്കളോടുള്ള സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഗോപാലപുരത്തെയും സി.ഐ.ടി നഗറിലെയും വസതികളിലേക്ക് മാറി മാറി യാത്രചെയ്യും. ഗോപാലപുരത്ത് രണ്ടാം ഭാര്യ ദയാളു അമ്മാളും സി.ഐ.ടി നഗറില്‍ മൂന്നാം ഭാര്യ രാജാത്തിയമ്മാളും കലൈജ്ഞറെ പരിചരിക്കാന്‍ മത്സരിക്കുന്നു. ആറു മാസത്തെ തിഹാര്‍ ജയില്‍ പര്യടനത്തിനു ശേഷം മടങ്ങിയെത്തിയ മകള്‍ കനിമൊഴി ഉള്ളതിനാല്‍ ഇപ്പോള്‍ ഏറിയ പങ്കും സമയം ചെലവഴിക്കുന്നത് സി.ഐ.ടി നഗറിലാണ്.
ഭാര്യാമക്കളെ താലോലിച്ചും സൊള്ളുപറഞ്ഞും കഴിയേണ്ടിവരുന്നതിന്റെ മുഷിപ്പ് മാറ്റാന്‍ കലൈജ്ഞര്‍ കണ്ടെത്തുന്ന മറ്റൊരു വിനോദമാണ് ശ്രീലങ്കന്‍ തമിഴ് സ്നേഹം. ഭരണത്തില്‍നിന്ന് ഇറങ്ങി കുറച്ചുകാലം കഴിയുമ്പോഴാണ് ഈ വിനോദം തുടങ്ങുന്നത്. കമിഴ്ന്നുവീണാല്‍ കാല്‍പണവും കൊണ്ടേ പൊങ്ങാവൂ എന്നതാണ് പോളിസി. സംഗതി വിനോദമാണെങ്കിലും അതിലൂടെ ആരെയൊക്കെ കുത്തണമെന്നും വെട്ടിനിരത്തണമെന്നും കക്ഷി കണക്കുകൂട്ടിയിരിക്കും.
ഏതു വിനോദവും ആസൂത്രണം ചെയ്യുന്നതിനു മുമ്പ് കി. വീരമണിയുമായി കൂടിയാലോചന നടത്തും. 'ദ്രാവിഡര്‍ കഴകം' പ്രസിഡന്റാണ് വീരമണി. 'ദ്രാവിഡര്‍ കഴകം' ഡി.എം.കെ.യുടെ മാതാവാണെന്നാണ് വെപ്പ്. കരുണാനിധി കുരക്കാന്‍ പറഞ്ഞാല്‍ കുരക്കുക, കടിക്കാന്‍ പറഞ്ഞാല്‍ കടിക്കുക, ഒന്നും പറഞ്ഞില്ലെങ്കില്‍ പുറം ചൊറിഞ്ഞുകൊടുക്കുക തുടങ്ങിയവയാണ് വീരമണിയുടെ ജോലികള്‍. ചെലവിനുള്ളത് കലൈജ്ഞര്‍ നല്‍കും. എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ കരുണാനിധി ആദ്യം അത് അറിയിക്കുന്നത് വീരമണിയെയാണ്. വീരമണി പത്രസമ്മേളനം വിളിച്ച് സ്വന്തം നിലക്ക് അക്കാര്യം വിളിച്ചുകൂവും. തുടര്‍ന്ന് 'പൊതു ആവശ്യ'മെന്ന മേമ്പൊടിയോടെ കലൈജ്ഞര്‍ കാര്യപരിപാടിയിലേക്ക് കടക്കും. ലോക ക്ളാസിക്കല്‍ തമിഴ് സമ്മേളനം മുതല്‍ 'ടെസോ'യുടെ ഉയിര്‍ത്തെഴുന്നേല്‍പ് വരെയുള്ള കലൈജ്ഞര്‍ വിനോദങ്ങള്‍ അരങ്ങേറിയത് ഈ രീതിയിലാണ്.
1969 ഫെബ്രുവരി പത്തു മുതല്‍ '76 ജനുവരി 31 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു കരുണാനിധി. ഡി.എം.കെ യോഗങ്ങള്‍ക്ക് ആളെക്കൂട്ടാന്‍ താന്‍തന്നെ കൈപിടിച്ചു കൊണ്ടുവന്ന സിനിമാനടന്‍ എം.ജി. രാമചന്ദ്രന്‍ പാര്‍ട്ടിയും ഭരണവും അണ്ണാക്ക് തൊടാതെ വിഴുങ്ങിയ ശേഷം പന്തീരാണ്ടുകാലം പണിയൊന്നുമില്ലാതെ തേരാപാരാ നടന്നു. അക്കാലത്താണ് കലൈജ്ഞര്‍ക്ക് ആദ്യം ശ്രീലങ്കന്‍ തമിഴരോട് സ്നേഹം തോന്നിയത്. പിന്നീട് എല്‍.ടി.ടി.ഇ തലവനായി മാറിയ വേലുപ്പിള്ള പ്രഭാകരനുള്‍പ്പെടെ ശ്രീലങ്കന്‍ തമിഴര്‍ ചെറു സായുധസംഘങ്ങളുണ്ടാക്കി തമിഴകത്ത് തമ്പടിച്ച കാലം. തമിഴ് തീവ്രവാദികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നത് മുഖ്യമന്ത്രി എം.ജി.ആര്‍ തന്നെ. അദ്ദേഹമാണെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ഉറ്റതോഴന്‍.
തമിഴ് തീവ്രവാദികള്‍ തമിഴ്നാട്ടില്‍ തമ്പടിച്ച് തങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപണമുന്നയിച്ചതോടെ ഇവരെ തമിഴ്നാട്ടില്‍നിന്ന് പുറത്താക്കാന്‍ 1985ല്‍ കേന്ദ്രത്തിലെ രാജീവ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരെ ആയിരക്കണക്കിന് തമിഴര്‍ ന്യൂദല്‍ഹിയിലെത്തി പ്രതിഷേധപ്രകടനം നടത്തി. എം.ജി.ആറിനും കോണ്‍ഗ്രസിനുമെതിരെ കിട്ടിയ ആയുധമെന്ന നിലക്ക് ഈ പ്രശ്നത്തെ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട കരുണാനിധി 1985 മേയ് 13ന് രൂപം കൊടുത്ത സംഘടനയാണ് ടെസോ (തമിഴ് ഈഴം സപ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍). സ്വതന്ത്ര തമിഴ് ഈഴത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ മധുരയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ടെസോ രൂപം കൊണ്ടത്. കരുണാനിധി തന്നെയായിരുന്നു അധ്യക്ഷന്‍. കി. വീരമണി, മധുരൈ നെടുമാരന്‍ എന്ന പഴ. നെടുമാരന്‍ എന്നിവര്‍ മെംബര്‍മാരും. പാര്‍ട്ടി അണികളില്‍ ഒട്ടുമുക്കാലും എം.ജി.ആറിനൊപ്പം എ.ഐ.എ.ഡി.എം.കെ.യില്‍ ചേക്കേറിയ ശേഷം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലായിരുന്ന ഡി.എം.കെ.ക്ക് 'ടെസോ' നല്‍കിയ ഊര്‍ജം ചെറുതല്ല. കരുണാനിധിയുടെ ആഹ്വാനപ്രകാരം നടന്ന ട്രെയിന്‍ തടയല്‍ സമരം വന്‍വിജയമായി. ടെസോ അംഗമായ നെടുമാരന്‍ ശ്രീലങ്കയിലെത്തി അവിടത്തെ തമിഴരുടെ ദുരിതങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് അത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്കയെ പ്രതിഷേധമറിയിച്ചു. ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാനസേനയെ അയക്കാന്‍ രാജീവിനെ പ്രേരിപ്പിച്ചത് ഈ സംഭവവികാസങ്ങളാണ്. അത് ഒടുവില്‍ രാജീവിന്റെ തന്നെ അന്ത്യത്തില്‍ കലാശിച്ചു.
എം.ജി.ആറിന്റെ മരണശേഷം 1989ല്‍ വീണ്ടും മുഖ്യമന്ത്രിയായതോടെ കരുണാനിധി 'ടെസോ'യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1991ല്‍ അധികാരമൊഴിയേണ്ടിവന്ന കരുണാനിധി പിന്നീട് പലതവണ മുഖ്യമന്ത്രിയായെങ്കിലും ശ്രീലങ്കന്‍ തമിഴരെക്കുറിച്ച് അധികമൊന്നും പറഞ്ഞിട്ടില്ല. 2009ല്‍ ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുമായുള്ള അന്തിമയുദ്ധത്തില്‍ പതിനായിരക്കണക്കിന് തമിഴ് വംശജരെ ഉന്മൂലനം ചെയ്തപ്പോഴും വാ തുറക്കാതിരുന്ന കലൈജ്ഞര്‍ യുദ്ധം അവസാനിച്ചുവെന്ന് ഉറപ്പായ ശേഷം ചെന്നൈ മെറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തില്‍ നാലു മണിക്കൂര്‍ ഉപവാസം നടത്തി. പ്രഭാതഭക്ഷണത്തിനുശേഷം ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പു വരെ നടത്തിയ നിരാഹാരസമരം യുദ്ധം തീര്‍ന്നുവെന്ന് മഹീന്ദ രാജപക്സെ പ്രസ്താവിച്ചതോടെ അവസാനിപ്പിക്കുകയായിരുന്നു. '85ല്‍ ടെസോ രൂപവത്കരിച്ചതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അധികാരത്തിലേക്കുള്ള തിരിച്ചുവരവിനും കരുണാനിധി വഴിയൊരുക്കിയെങ്കില്‍ ഇത്തവണ അത് പുനരുജ്ജീവിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത് ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികളെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതില്‍ പ്രധാനം കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യത്തില്‍നിന്ന് ഇറക്കിവിടലാണ്. കേന്ദ്രത്തില്‍ ഒരിക്കല്‍കൂടി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ജയലളിതക്കെതിരെ ശക്തമായ രാഷ്ട്രീയസഖ്യം അനിവാര്യമാണ്. കോണ്‍ഗ്രസിനെ ഇറക്കിവിട്ടാല്‍ ഇടതുകക്ഷികള്‍, വൈക്കോയുടെ എം.ഡി.എം.കെ, വിജയകാന്തിന്റെ ഡി.എം.ഡി.കെ, പാട്ടാളി മക്കള്‍ കക്ഷി എന്നിവയെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാമെന്ന് കലൈജ്ഞര്‍ കണക്കുകൂട്ടുന്നു.
ശ്രീലങ്കന്‍ പ്രശ്നത്തില്‍ കടുത്ത നിലപാടുകളെടുത്താല്‍ കോണ്‍ഗ്രസ് സ്വമേധയാ ഒഴിഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഈ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി സ്വതന്ത്ര ഈഴത്തെക്കുറിച്ച് ഡി.എം.കെ അധ്യക്ഷന്‍ വാചാലനാവുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ പരിണാമമാണ് ഏപ്രില്‍ 30ന് അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ടെസോയുടെ ആദ്യയോഗം. തമിഴ് ഈഴവുമായി ബന്ധപ്പെട്ട ഡി.എം.കെ നിലപാടുകളോടുള്ള സോണിയയുടെ അതൃപ്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കരുണാനിധിയെ നേരില്‍ അറിയിച്ചതായും സൂചനയുണ്ട്. ഇതോടെ, കരുണാനിധിയുടെ ആദ്യലക്ഷ്യം വിജയത്തോടടുക്കുകയാണ്.
പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ മക്കളായ സ്റ്റാലിനും അഴഗിരിയുമായുള്ള പോരാട്ടം തെരുവുയുദ്ധത്തിന്റെ നിലയിലെത്തിയിരിക്കെ പാര്‍ട്ടി അണികളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് മറ്റൊരു ലക്ഷ്യം. അച്ഛനേക്കാള്‍ വളര്‍ന്ന മക്കളെ നിയന്ത്രിക്കുന്നതിനേക്കാള്‍ അണികളുടെ കണ്ണുകെട്ടുകയാണ് നല്ലതെന്ന ഗതികേടിലാണ് കലൈജ്ഞര്‍. പാര്‍ട്ടിയില്‍ സ്റ്റാലിന്‍-അഴഗിരി പോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ തിഹാര്‍ ജയിലില്‍ മുന്‍ മന്ത്രി എ. രാജയെ സന്ദര്‍ശിച്ച അഴഗിരി 2ജി ഇടപാടില്‍ സ്റ്റാലിനുള്ള പങ്ക് പരസ്യമായി പറയണമെന്ന് ആവശ്യപ്പെടുന്നിടത്തോളം എത്തിയിരിക്കുകയാണ് അനന്തരാവകാശിത്തര്‍ക്കം.
ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ് ഈഴം സ്ഥാപിക്കുന്നതിനെക്കുറിച്ച് ലങ്കന്‍ തമിഴര്‍ക്കിടയില്‍ പൊതുവോട്ടെടുപ്പ് നടത്താന്‍ ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നതായി കരുണാനിധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ, അങ്ങനെ സംഭവിച്ചാല്‍ അത് ടെസോ പ്രമേയം പാസാക്കിയതുകൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടേക്കും. 2009ല്‍ താന്‍ നാലു മണിക്കൂര്‍ നിരാഹാരമനുഷ്ഠിച്ചതുകൊണ്ട് ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെട്ട പോലെ. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം പോലും ചില നേരങ്ങളില്‍ ഈ ദ്രാവിഡനേതാവിനു മുന്നില്‍ സുല്ലിടുമെന്നുറപ്പ്.
-Madhyamam
No comments:
Post a Comment