അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന നിശ്ശബ്ദമായിരിക്കെ അക്കാര്യം നികത്തിയത് കോടതികളാണ്. രാജ്നാരായണ്‍ കേസിലെ (1975) സുപ്രീംകോടതിവിധി വിവരാവകാശത്തിന്റെ കാര്യത്തില്‍ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കാം. 'പാരമ്പര്യമായ മാര്‍ഗത്തിലൂടെ പാരമ്പര്യേതര നീതിസ്രോതസ്സുകള്‍ കണ്ടെത്തുന്ന' മലയാളിയായ ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ വിധിന്യായം, അറിയാനുള്ള അവകാശത്തിന് നിയമപരിരക്ഷ നല്‍കാത്ത സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിക്കുന്നു. പൊതുകാര്യങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ സുപ്രീംകോടതി പറയുന്നുണ്ട്.1982ലെ പ്രഖ്യാതമായ 'ജഡ്ജസ് കേസി'ല്‍, മൗലികാവകാശത്തില്‍, അറിയാനുള്ള പൗരന്റെ അവകാശവും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. 'തുറന്ന സര്‍ക്കാര്‍ എന്നത് പുതിയ ജനാധിപത്യ സംസ്കാരമാണ്. ദരിദ്രരും നിരക്ഷരരുമായ ജനലക്ഷങ്ങള്‍ക്കായി സോഷ്യലിസ്റ്റ് സാമൂഹികക്രമം ലക്ഷ്യംവെക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അറിയാനുള്ള അവകാശം അത്യന്താപേക്ഷിതമാണ്' -സുപ്രീംകോടതി ഊന്നിപ്പറയുന്നു. എസ്.പി. ഗുപ്ത കേസിലെ വിധിന്യായത്തിന്റെ ചുവടുപിടിച്ച് ബോംബെ ഹൈകോടതിയുടെ 1986ലെ വിധിയും വിവരാവകാശത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലായി.
വിവരങ്ങള്‍ തേടുന്ന സാധാരണക്കാരനും സാമൂഹികപ്രവര്‍ത്തകരുടെ സംഘടനയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് കോടതി ആ വിധിയില്‍ പരിശോധിച്ചു.ഭരണകാര്യങ്ങളില്‍ പങ്കാളിയാകാനും സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങള്‍ അറിയാനുമുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യഥാര്‍ഥ ജനാധിപത്യം പുലരില്ല. വിവരം നല്‍കാതിരിക്കുന്നതും തെറ്റായും അപൂര്‍ണമായും പക്ഷപാതപരമായും വിവരങ്ങള്‍ നല്‍കുന്നതുമെല്ലാം ജനാധിപത്യത്തെ അപഹാസ്യമാക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ ഓര്‍മിപ്പിച്ചു.19ാം അനുച്ഛേദം പോലെത്തന്നെ 21ാം അനുച്ഛേദവും അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെ 21ാം അനുച്ഛേദത്തിന് മാനുഷികമുഖം നല്‍കി മൗലികാവകാശങ്ങള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തീര്‍ക്കാന്‍ നമ്മുടെ കോടതികള്‍ക്ക് കഴിഞ്ഞു.ഭരണകൂടത്തിന്റെ ഉപശാലകളിലെ പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവരുമെന്നതിനാല്‍ വിവരാവകാശനിയമത്തെ ഏറ്റവും ശക്തമായി ചെറുക്കുന്നത് ബ്യൂറോക്രസിയായിരിക്കും എന്നാണ് എല്ലാവരും കരുതിയത്.
നിയമത്തിന്റെ തുടക്കം മുതല്‍ തന്നെ ഉദ്യോഗസ്ഥര്‍ ഈ നിയമത്തെ എതിര്‍ത്തു എന്നത് നേരാണ്. പക്ഷേ, പിന്നീട് വിവരാവകാശ കമീഷന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് നിയമം നടപ്പാക്കാന്‍ അവര്‍ തയാറായി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അപ്രതീക്ഷിതമായ ഒരിടത്തുനിന്നാണ് ഏറ്റവും ശക്തമായ ഒരു പ്രതിരോധം ഈ നിയമത്തിനുണ്ടായത്- ജുഡീഷ്യറിയുടെ ഭരണവിഭാഗത്തുനിന്ന്.സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണനില്‍ തുടങ്ങി നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയില്‍ എത്തിനില്‍ക്കുന്നു ഈ എതിര്‍പ്പ്. രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപര്‍ ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എസ്.സി. അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
അപേക്ഷ നിരാകരിച്ചതിനെ പിന്‍താങ്ങി കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് തന്നെ പരസ്യമായി രംഗത്തുവന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ജ. കെ.ജി. ബാലകൃഷ്ണന്റെ നിലപാട്. ആവശ്യപ്പെട്ട രേഖകള്‍ സുപ്രീംകോടതി രജിസ്ട്രി അപേക്ഷകന് നല്‍കണമെന്ന് കേന്ദ്ര വിവരാവകാശകമീഷന്‍ ഉത്തരവിട്ടു. കമീഷന്റെ ഈ തീരുമാനത്തെ സുപ്രീംകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദല്‍ഹി ഹൈകോടതിയുടെ സിംഗിള്‍ബെഞ്ച് മുമ്പാകെ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പ്രതിനിധി അതിനുതാഴെയുള്ള ഒരു കോടതിയില്‍ ഹരജിയുമായി സമീപിക്കേണ്ടിവന്ന അസാധാരണമായ സംഭവത്തിന് നിയമലോകം സാക്ഷിയായി. സിംഗിള്‍ബെഞ്ചും പിന്നീട് ഫുള്‍ബെഞ്ചും സുപ്രീംകോടതിക്കെതിരായി വിധിപറഞ്ഞതോടെ പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പാകെ തന്നെയെത്തി. സുപ്രീംകോടതിയുടെ ഒരു ഭരണഘടനാബെഞ്ച് വിശദമായ വാദത്തിനായി പ്രശ്നം പരിഗണിക്കവെ ജുഡീഷ്യറിയുടെ ഭരണവിഭാഗത്തിന്റെ ഈ നിലപാട് ദേശീയസംവാദത്തിനുതന്നെ തുടക്കം കുറിച്ചു.
ജഡ്ജിമാര്‍ പൊതുസേവകരാണ്. അതിനാല്‍ പൊതുജനപരിശോധനക്ക് അവര്‍ വിധേയരാകണമെന്നും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. 'സീസര്‍ മാത്രമല്ല സീസറുടെ ഭാര്യയും കുട്ടികളും സംശയങ്ങള്‍ക്കതീതരായിരിക്കണമെന്ന്' അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശൈലേന്ദ്രകുമാറും പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് കണ്ണനും 'തങ്ങള്‍ സ്വത്തുവിവരം സ്വയം പ്രഖ്യാപിക്കുന്നു'വെന്നറിയിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 'മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ' എന്ന പഴമൊഴി മാധ്യമങ്ങള്‍ ന്യായാധിപരെ ഓര്‍മിപ്പിച്ചു. ചീഫ് ജസ്റ്റിസ് തീര്‍ത്ത പ്രതിരോധം ദുര്‍ബലമായി. സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജഡ്ജിമാര്‍ നിര്‍ബന്ധിതരായി. ഹൈകോടതികളും ഈ തീരുമാനം പിന്‍തുടര്‍ന്നു.
എന്നാല്‍ വിവരാവകാശനിയമപ്രകാരം സ്വത്തുവിവരം വെളിപ്പെടുത്താന്‍ ജുഡീഷ്യറി ഇതുവരെയും തയാറായിട്ടില്ല എന്ന വൈരുധ്യം ഇപ്പോഴും നിലനില്‍ക്കുന്നു.കോടതി നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന ഹരജി പരിഗണിക്കവെ വിവരാവകാശ നിയമത്തിന്റെ പ്രയോഗത്തെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കപാഡിയ നടത്തിയ പരാമര്‍ശം വിവാദമായി. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയുള്ള കപാഡിയ പക്ഷേ, വിവരാവകാശനിയമത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം പരിധികടന്നുപോയെന്നഭിപ്രായപ്പെട്ട് കേന്ദ്ര വിവരാവകാശ കമീഷണര്‍ ശൈലേഷ്ഗാന്ധി രംഗത്തുവന്നു. 'വിവരാവകാശം നല്ലതാണ്. പക്ഷേ, ഈ അവകാശം ചിലപ്പോള്‍ പരിധി കടക്കുന്നുണ്ട്. നിയമത്തിന് പരിധി വേണം' എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളെയാണ് ശൈലേഷ് ഗാന്ധി എതിര്‍ത്തത്.
'രാജ്യത്തെ ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശങ്ങള്‍ നിഷേധാത്മകമായ ഫലമായിരിക്കും നിയമം നടപ്പാക്കുന്നവരില്‍ ഉണ്ടാക്കുക. ഈ വാക്കുകള്‍ ഉദ്ധരിച്ചായിരിക്കും ഇനി അവര്‍ അപേക്ഷകരെ നേരിടുക' -ശൈലേഷ് ഗാന്ധി ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. 'നിസ്സാരകാര്യങ്ങള്‍ക്കായി വിവരാവകാശനിയമത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. ഈ ദുരുപയോഗ സാധ്യത മറ്റു നിയമങ്ങള്‍ക്കുമുണ്ട് എന്ന കാര്യം നാം സമ്മതിക്കുന്നു. പക്ഷേ, വിവരാവകാശ നിയമത്തെ മാത്രം എന്തിന് ശക്തമായി എതിര്‍ക്കുന്നു'വെന്നാണ് ശൈലേഷ് ഗാന്ധിയുടെ ചോദ്യം.
പിന്‍കുറിപ്പ്ബ്രിട്ടീഷ് സാമ്രാജ്വത്വശക്തികള്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ സ്വതന്ത്രയായതും 'നാം നമുക്കുതന്നെ സമര്‍പ്പിച്ച ഭരണഘടന' നിലവില്‍ വന്നതും ഇന്ത്യ റിപ്പബ്ലിക് ആയതും എല്ലാം നാട്ടിന്‍പുറത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. ഈ സംഭവങ്ങളൊന്നും അറിയാത്ത ഒരു കൂട്ടര്‍ ആറു പതിറ്റാണ്ടുകള്‍ക്കുശേഷവും നമ്മുടെ നാട്ടിലുണ്ടെന്നറിയുക. ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായതിനാല്‍ വിവരാവകാശനിയമം ബാധകമല്ലെന്ന് പറഞ്ഞത് കല്‍ക്കത്ത ഹൈകോടതിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്നെയാണ്! സംഭവം ഇങ്ങനെ:വിവരം നിഷേധിക്കപ്പെട്ട ഒരാള്‍ ഹൈകോടതിക്കെതിരെ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചു. വിവരം നല്‍കാത്തതിന് കമീഷന്‍ ഓഫിസറോട് വിശദീകരണം തേടി. 'വിക്ടോറിയാ രാജ്ഞിയുടെ കീഴിലായതിനാല്‍ വിവരാവകാശ കമീഷന്റെ മാത്രമല്ല രാഷ്ട്രപതിയുടെ പോലും അധികാരപരിധി തങ്ങള്‍ക്ക് ബാധകമല്ല.' ഈ മറുപടി കേട്ട് മുഖ്യവിവരാവകാശ കമീഷണര്‍ വജാഹത്ത് ഹബീബുല്ല തരിച്ചിരുന്നുപോയി. കാരണം വിക്ടോറിയാ രാജ്ഞിയുടെ ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം സ്ഥാപിച്ചതാണ് കല്‍ക്കത്ത ഹൈകോടതിയെന്ന വിവരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇമ്രാന്‍ ഹാസിഫ് ആണ് കമീഷനെ അറിയിച്ചത്.
No comments:
Post a Comment