Sunday, May 6, 2012

ചിട്ടിചരിതം


കേരളത്തില്‍ പൊതുവെയുള്ള ധാരണ ആത്മീയതയാണ് ഏറ്റവും മൂല്യമുള്ള ചരക്കെന്നാണ്. എന്നാല്‍ ആത്മീയതയെപ്പോലും എടുക്കാച്ചരക്കാക്കാന്‍ പോന്ന കച്ചവടമൂല്യം പണത്തിനു തന്നെയാണെന്നതാണു് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വസ്തുത. ഇടിവെട്ടി മഴപെയ്യുമ്പോള്‍ കൂണുകള്‍ മുളച്ചുപൊന്തുംപോലെയാണ്, ഏതാനും മാസങ്ങളായി ടി.വി ചാനലുകളില്‍ ചിട്ടിപ്പരസ്യങ്ങള്‍ പെരുകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ചിട്ടിക്കമ്പനികളുടെ ബാന്‍ഡ് വാഗണ്‍!

എന്തോ സംഭവിച്ചതു പോലെ പെട്ടെന്ന് കുറേ ചിട്ടികമ്പനികളുടെ പരസ്യങ്ങള്‍ ഇറങ്ങിയിരിക്കുന്നു, അതില്‍ പലതും നാം ആദ്യം കേള്‍ക്കുന്നതും, എന്നാല്‍ നൂറു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്താണ് ചിട്ടിമേഖലയിലെ ഈ "ബൂം" നു കാരണം? ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ആനുകൂല്യങ്ങളോ ഇളവുകളോ മറ്റോ ലഭിക്കുമോ? അതോ നാമറിയാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കിയോ?

ഈ വര്‍ഷം തുടങ്ങി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 68 ചിട്ടി/കുറി കമ്പനികള്‍, അതില്‍ 38 കമ്പനികളും നമ്മുടെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ തന്നെ. അതായത് പകുതിയിലധികവും. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയാണ് ഈ വര്‍ഷം രണ്ടാമത്, 44 കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആന്ധ്രയില്‍ 21 ഉം, തമിഴ് നാട്ടില്‍ 18 ഉം വീതം കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടി റജിസ്റ്റര്‍ ചെയ്യപ്പെട്ടതു വെറും 21 കമ്പനികളും!
കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടകം എന്നീ നാലു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രാജ്യത്തിന്റെ 'ചിട്ടി-സ്രോതസ്സുകളി'ല്‍ സിംഹഭാഗവും. രണ്ട് വര്‍ഷം മുന്‍പ് ബില്‍ ഗേറ്റ്സ് ഫൌണ്ടേഷന്റെ ധനസഹായത്തോടെ ഐ.എഫ്.എം.ആര്‍ നടത്തിയ പഠനം വ്യക്തമാക്കിയത് 11088  കോടി രൂപയാണ് ഈ നാലു സംസ്ഥാനങ്ങളിലെ ചിട്ടി കമ്പനികളിലൂടെ ഒഴുകിനടക്കുന്നതെന്നാണ്.
ഓള്‍ കേരള കുറി ഫോര്‍മെന്‍സ് അസോസിയേഷന്റെ കുറച്ചുകാലം മുമ്പുള്ള കണക്കു പ്രകാരം കേരളത്തില്‍ ഏകദേശം അയ്യായിരത്തോളം ചിട്ടിക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു (ശ്രദ്ധിക്കുക: രണ്ട് വര്‍ഷം മുന്‍പുള്ള കണക്ക്, രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ മാത്രം). ഈ അയ്യായിരത്തില്‍ മൂവായിരത്തിലധികവും തൃശ്ശൂര്‍ ജില്ലയില്‍ തന്നെ. ഏതാണ്ട് 35,500 പേര്‍ നേരിട്ടും, അത്രതന്നെ പേര്‍ നേരിട്ടല്ലാതെയും ഈ കമ്പനികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നു.
റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ചിട്ടികള്‍ എണ്ണി തിട്ടപ്പെടുത്തുക എന്നത് ചിലപ്പോ സെന്‍സസ് എടുക്കുന്നതിലും ദുഷ്കരമായ ജോലിയായേക്കും. പത്ത് വീട്ടമ്മമാര്‍ കൂടുന്ന ഏത് ഗ്രാമപ്രദേശത്തും ഉണ്ടാവും കുറഞ്ഞത് ഒരു ചിട്ടി. അല്ലെങ്കില്‍ ഒരു കുടുംബത്തില്‍ അംഗങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നിട്ടുള്ളത് ചിലപ്പോ അംഗസംഖ്യയേക്കാള്‍ കൂടുതല്‍ ചിട്ടികളിലായിരിക്കും. ഇതെല്ലാം കൂടി കണക്കു കൂട്ടുമ്പോള്‍ കോടികളുടെ എണ്ണം പിന്നെയും കൂടും. 

ചിട്ടി ഫണ്ടുകളുമായി കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ അമരത്ത് തൃശ്ശൂര്‍ എത്തിയത് 1800 കളിലാണ്. 'കുറി' ആരംഭിച്ചതും തൃശ്ശുരില്‍ തന്നെ. ക്രമേണ ചിട്ടി സ്ഥാപങ്ങള്‍ ബാങ്കിങ് മേഖലയുടെ വളര്‍ച്ചയ്ക്ക് വിത്തു പാകി. ജ്വല്ലറിരംഗത്തെ മുന്നേറ്റത്തിലൂടെ 'ഇന്ത്യയുടെ സുവര്‍ണ്ണനഗരം' എന്ന് അറിയപ്പെടുന്ന തൃശ്ശിവപേരൂര്‍ പതുക്കെ ഇന്ത്യയുടെ 'ബാങ്കിങ് നഗരം' എന്ന പേരും നേടി. ‌
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 1930 കളിലെ കണക്കനുസരിച്ച് 58 ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ ആണ് തൃശ്ശൂരില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആ ഗാംഭീര്യത്തിനു അല്പം പോലും കോട്ടം വരാതെ കാത്തുസൂക്ഷിക്കുകയാണ് നമ്മുടെ ചിട്ടി കമ്പനികള്‍. നിലവിലെ കണക്കനുസരിച്ച് ഏകദേശം 4200 ചിട്ടി സ്ഥാപനങ്ങള്‍ ഇപ്പോള്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ഗവണ്മെന്റ് സംരംഭമായ കെ.എസ്.എഫ്.ഇ യുടെ ആസ്ഥാനവും മറ്റൊരിടത്തുമല്ല. 1969 ല്‍ 2 ലക്ഷം രൂപമുതല്‍മുടക്കുമായാണ് അവര്‍ പ്രവര്‍ത്തനമാരംഭിച്ചത്.  31/3/2010 വരെയുള്ള കാലയളവില്‍ 325 കോടി രൂപായാണ് കെ.എസ്.എഫ്.ഇ, ഗവണ്മെന്റിന് ഗ്യാരന്റി കമ്മീഷന്‍, സര്‍വീസ് ചാര്‍ജ്ജ്, ഡിവിഡന്റ് എന്നീ ഇനങ്ങളിലായി നല്‍കിയിട്ടുള്ളത്. കണക്കുകൂട്ടലുകള്‍ തെറ്റാതെ കണക്കുകള്‍ കൂടുമ്പോള്‍ വരുമാനവും കൂട്ടുന്നു ചിട്ടികള്‍.
കെ.എസ്.എഫ്.ഇ നല്‍കുന്ന കണക്കുകള്‍ പ്രകാരം അല്പാല്പമായി വര്‍ധിച്ചു കൊണ്ടിരുന്ന അവരുടെ ബിസിനസ്സ്, 2009-2010 കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വര്‍ധിച്ചു. ചിട്ടിക്ക് തൃശ്ശൂരിലുള്ള മാര്‍ക്കറ്റ് അറിഞ്ഞ് തന്നെയാണ് ഗവണ്മെന്റ്കെ.എസ്.എഫ്.ഇ യുമായി പ്രവര്‍ത്തിക്കുന്നത്. 1975 ല്‍ കേരള ചിട്ടീസ് ആക്ടില്‍ പല നിയമങ്ങളിലും കെ.എസ്.എഫ്.ഇ ക്ക് പഴുതു നല്‍കിയത് അങ്ങനെയാണ്.
കേന്ദ്ര നിയമപ്രകാരം ചിട്ടിനടത്തുന്നയാള്‍ ചിട്ടി തുടങ്ങുന്നതിനു മുന്‍പ് ചിട്ടി തുകയുടെ നൂറു ശതമാനം തുകയും ട്രഷറിയില്‍ കെട്ടിവയ്ക്കേണ്ടതാണ്. ചിട്ടി പൂര്‍ത്തിയായ ശേഷം ആ തുക പിന്‍വലിക്കാം. ഇങ്ങനെയുള്ള പല നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതു മൂലം, ഈ നിയമങ്ങളൊന്നും ബാധകമല്ലാത്ത ജമ്മു കാശ്മീരില്‍ നിന്നും കമ്പനികള്‍ റജിസ്റ്റര്‍ ചെയ്ത് എത്തുന്നു..!
കണക്കുകള്‍ പരിശോധിച്ചു വളരെ പിന്നിലേക്ക് പോയാല്‍ ചിലപ്പോള്‍ കേരളത്തിലുള്ള ചിട്ടിക്കമ്പനികളെ എണ്ണത്തില്‍ തോല്പ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ ചിട്ടി കമ്പനികളും മതിയാവില്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം എന്ന ആദ്യ ലേഖനം സൂചിപ്പിച്ചതു പോലെ മുളച്ചു പൊങ്ങുന്ന കൂണുകള്‍ പോലെയാണ് കേരളത്തില്‍ ചിട്ടികമ്പനികള്‍ പെരുകുന്നത്.
പാപ്പരായ അമേരിക്കന്‍ ബാങ്കുകള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിവെച്ചതുപോലെ കേരളത്തില്‍, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം തൃശ്ശൂരില്‍ എങ്കിലുമൊരു സാമ്പത്തിക തളര്‍ച്ച ഉണ്ടാക്കാന്‍ കഴിവുള്ള ചിട്ടികമ്പനികള്‍ ഒട്ടേറെയുണ്ട്. അങ്ങനൊരു അവസ്ഥ ഉണ്ടാവരുതെന്ന് ആഗ്രഹിച്ച കേരളത്തിലെ ക്രാന്തദര്‍ശികള്‍ ദി കേരള ചിട്ടീസ് ആക്റ്റിനു രൂപം നല്‍കിയിരുന്നു, 1975 ല്‍ തന്നെ.
കേരളത്തെ സംബന്ധിച്ചിടത്തോളം ചിട്ടികള്‍ക്കുള്ള സ്വാധീനം ചെറുതല്ല. എന്നാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ മുഴുവനായി നോക്കുമ്പോള്‍ അവയ്ക്ക് കേരളത്തിലുള്ളയത്ര തന്നെ പ്രാധാന്യം ഇല്ല. അതുകൊണ്ട് ദേശീയതലത്തില്‍ ചിട്ടികള്‍ക്ക് കട്ടിയേറിയ മൂക്കുകയറിടേണ്ട സാഹചര്യമില്ലയെന്നു തന്നെ പറയാം. എന്നാല്‍ കേരളത്തിനു അതു പോരാ. അതിനാല്‍ തന്നെ നമുക്ക് സ്വയം സംരക്ഷിക്കാന്‍ ഒരു നിയമം അവശ്യമായിരുന്നു. 
നമ്മുടെ ചിട്ടി നിയമം പ്രകാരം ചിട്ടി ഫോര്‍മാന്‍, അതായത് ചിട്ടി നടത്തിപ്പുകാരന്‍ ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. മറ്റു ബിസിനസ്സ് എല്ലാം പൊട്ടി നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കൈയില്‍ കാശില്ലാത്ത സമയം ചുളുവില്‍ തുടങ്ങി സമ്പന്നനാകാവുന്ന ഒന്നല്ല ചിട്ടി. നിയമത്തിലെ പ്രധാന വ്യവസ്ഥ എന്തെന്നാല്‍ ചിട്ടി ആരംഭിക്കുന്നതിനു മുന്‍പ് ഫോര്‍മാന്‍, ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന രജിസ്ട്രാര്‍ മുന്‍പാകെ സെക്യൂരിറ്റി സമര്‍പ്പിക്കണം എന്നതാണ്. ചിട്ടിവരിക്കാര്‍ക്കായി ആദ്യം തന്നെ ഒരു ബോണ്ട് എക്സിക്യൂട്ട് ചെയ്യണം, ചിട്ടി തുകയുടെ ഇരട്ടി തുക മൂല്യമുള്ള തന്റെ ഏതെങ്കിലും ആസ്തി ചാര്‍ജ് ചെയ്തുകൊണ്ട്. അത് വീടോ വസ്തുവോ എന്തുമാവാം. അതല്ലെങ്കില്‍ ഒരു അംഗീകൃത ബാങ്കില്‍ ചിട്ടിത്തുകയ്ക്ക് തുല്യമായ ഡെപ്പോസിറ്റ്, ചിട്ടിത്തുകയുടെ ഒന്നര മടങ്ങ് തുകയ്ക്ക് ഗവണ്മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപം എന്നിവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.  
എളുപ്പത്തിലും വിദ്യാഭ്യാസയോഗ്യതയും കാര്യമായ മുടക്കുമുതലും ഒന്നുമില്ലാതെ തുടങ്ങി നല്ല ലാഭം നേടിയെടുക്കുന്ന ബിസിനസ്സ് എന്ന നിലയിലുമാണ് പലരും ചിട്ടി, കുറി എന്നിവ തുടങ്ങുന്നത്. എന്നാല്‍ കേരളത്തിന്റെ ചിട്ടി നിയമത്തിന്റെ പിന്നാലെ പോയാല്‍ ഒട്ടേറെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന കണ്ടെത്തലാണ് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴാണല്ലോ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കേണ്ടത്. എന്നാല്‍ കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്താലോ? അങ്ങനെയാണ് അത്ര കഠിനനിയമങ്ങളില്ലാത്ത ബംഗളുരുവില്‍ എത്തിച്ചേര്‍ന്നത്. അവിടെ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തശേഷം കേരളത്തിലെത്തുക.
എന്നാല്‍ പതിയെ അവിടെയും നിയമങ്ങള്‍ മുറുകാന്‍ തുടങ്ങി. അതോടെ അവിടവും വിട്ടു. പിന്നെ നേരേ പോയത് ഹരിയാനയിലേക്കാണ്. ഹരിയാനയിലെ ഫരീദാബാദ് ആയി പിന്നീടുള്ള താവളം. ചിട്ടികളായ ചിട്ടികളൊക്കെ അവിടെ നിന്നായി. കേന്ദ്ര നിയമങ്ങള്‍ മാത്രം ബാധകമായ ഫരീദാബാദില്‍ വലിയ പൊല്ലാപ്പുകളില്ലാതെ കേരള ചിട്ടികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, അവിടം ആസ്ഥാനം ആക്കപ്പെട്ടു. എന്നാല്‍ അവിടെ കച്ചോടം നടത്താതെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തട്ടകം തീര്‍ത്തു.
അനന്തു വാസുദേവ്

No comments:

Post a Comment