'തീക്കരുത്തിന്റെ മഹാവിജയം' എന്നാണത് വിശേഷിപ്പിക്കപ്പെട്ടത്. ദേശസ്‌നേഹത്തിന്റെ പതാകകള്‍ വാനോളം ഉയരത്തില്‍ പാറി. ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയാകാശത്തേക്ക് കുതിച്ച വാര്‍ത്ത ആഘോഷമായി.
ആണവായുധവും വഹിച്ച് 5000 കിലോമീറ്ററപ്പുറമുള്ള ശത്രുസങ്കേതത്തില്‍ പ്രഹരമേല്പിക്കാന്‍ കഴിവുള്ള മിസൈലാണത്. ഏഷ്യാവന്‍കര പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും അഗ്നി-5ന്റെ പരിധിക്കുള്ളില്‍ വരും. ചൈനയുടെ ഏതുകോണിലും പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നതാണ് അഗ്നി-5ന്റെ പ്രാധാന്യമുയര്‍ത്തുന്നത്. ഈ വിജയത്തോടെ ഇത്രയും പ്രഹരശേഷിയുള്ള മിസൈല്‍ സ്വന്തമായുള്ള അഞ്ചു രാഷ്ട്രങ്ങളുടെ ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചു. യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമായുള്ള രാഷ്ട്രങ്ങള്‍. അഭിമാനിക്കാനുള്ള കണക്കുകള്‍ ഇങ്ങനെ ഏറെയുണ്ട്.
അതിനിടെ പ്രതിരോധവിദഗ്ധര്‍ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഷ്യ-പസഫിക് മേഖലയില്‍ പുതിയ കാലത്തെ ആയുധപ്പന്തയം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. അഗ്നി വിജയം എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായി. അതിവേഗമാണ് ഈ കളി പുരോഗമിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കക്കും സോവിയറ്റ് യൂണിയനുമിടയിലെ ആയുധപ്പന്തയത്തിനു ശേഷം ഇങ്ങനെയൊരു പന്തയം ആദ്യമായിട്ടാവണം.
ആണവായുധവും വഹിച്ച് 5000 കിലോമീറ്ററപ്പുറമുള്ള ശത്രുസങ്കേതത്തില്‍ പ്രഹരമേല്പിക്കാന്‍ കഴിവുള്ള മിസൈലാണത്. ഏഷ്യാവന്‍കര പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും അഗ്നി-5ന്റെ പരിധിക്കുള്ളില്‍ വരും. ചൈനയുടെ ഏതുകോണിലും പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നതാണ് അഗ്നി-5ന്റെ പ്രാധാന്യമുയര്‍ത്തുന്നത്. ഈ വിജയത്തോടെ ഇത്രയും പ്രഹരശേഷിയുള്ള മിസൈല്‍ സ്വന്തമായുള്ള അഞ്ചു രാഷ്ട്രങ്ങളുടെ ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചു. യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമായുള്ള രാഷ്ട്രങ്ങള്‍. അഭിമാനിക്കാനുള്ള കണക്കുകള്‍ ഇങ്ങനെ ഏറെയുണ്ട്.
അതിനിടെ പ്രതിരോധവിദഗ്ധര്‍ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഷ്യ-പസഫിക് മേഖലയില്‍ പുതിയ കാലത്തെ ആയുധപ്പന്തയം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. അഗ്നി വിജയം എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായി. അതിവേഗമാണ് ഈ കളി പുരോഗമിക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കക്കും സോവിയറ്റ് യൂണിയനുമിടയിലെ ആയുധപ്പന്തയത്തിനു ശേഷം ഇങ്ങനെയൊരു പന്തയം ആദ്യമായിട്ടാവണം.
ഭീതിയില്‍ നിന്ന് തുടക്കം
ഭയം എന്ന വികാരം തന്നെയാണ് യുദ്ധത്തിന്റെ അടിസ്ഥാനഘടകം. ഇരമ്പിയെത്തുന്ന ഒരു പോര്‍വിമാനം ബോംബ് വര്‍ഷിക്കുമോയെന്ന ഭീതി, കുതിച്ചെത്തുന്ന മിസൈല്‍ എല്ലാം ചാരക്കൂനയാക്കുമോയെന്ന ആശങ്ക, തീതുപ്പുന്ന മെഷീന്‍ ഗണ്‍ നെഞ്ചിനു നേരെ ഉയരുമോയെന്ന പേടി...ആണവായുധ വ്യാപനത്തിന് കാരണമായതും ഇതൊക്കെ തന്നെയാണെന്ന് ചരിത്രം പറയുന്നു. ലോകത്താദ്യം ആണവായുധം നിര്‍മ്മിച്ചത് അമേരിക്കയാണ്, രണ്ടാം ലോക മഹായുദ്ധകാലത്ത്. ജര്‍മ്മനിയത് ഉണ്ടാക്കുമോയെന്ന പേടിച്ചാണ് അവരതിന് മുതിര്‍ന്നത്. പിന്നാലെ അമേരിക്കയെ പേടിച്ച് സോവിയറ്റ് യൂണിയന്‍ ആണവായുധം നിര്‍മ്മിച്ചു. അടുത്തത് ചൈനയുടെ ഊഴം, യു.എസ്.എസ്.ആറിനെയായിരുന്നു സഖാക്കള്‍ക്ക് പേടി. ചൈന ബോംബിട്ടാലത്തെ കഥയാലോചിച്ച് തലപുകഞ്ഞ ഇന്ത്യയും നിര്‍മ്മിച്ചു സ്വന്തം ബോംബ്. ഉറക്കം നഷ്ടപ്പെട്ട പാകിസ്താനും വൈകാതെ ഇതേ വഴി പിന്തുടര്‍ന്നു. അണുവായുധത്തിന്റെ വ്യാപനം ചെയിന്‍ റിയാക്ഷന്‍ പോലെയാക്കി ഭയം.
ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഈ ഭയം തന്നെയാണ് ഏഷ്യയിലിപ്പോള്‍ ശക്തമായ ആയുധപ്പന്തയത്തിന് വഴിയൊരുക്കുന്നത്.
ലോകത്ത് അതിവേഗം പുരോഗമിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ചൈനയുടേത്. പണക്കൊഴുപ്പിനൊപ്പം യുദ്ധസന്നാഹത്തിലും ഒന്നാമതെത്തണമെന്ന ചിന്ത തന്നെയാകണം അവരെ സൈനികരംഗത്തെ വിപഌവങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. യു.എസ്സും യു.കെ. ഉള്‍പ്പടെയുള്ള സഖ്യകക്ഷികളുമൊക്കെ പ്രതിരോധവിഹിതം കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. സോവിയറ്റ് അനന്തര യുഗത്തിലെ സേനയെ പുനരുജ്ജീവിപ്പിക്കാന്‍ റഷ്യ പെടാപ്പാടു പെടുന്നു. അതിനിടെയാണ് ഈ ഏഷ്യന്‍ ആയുധ പന്തയം കൊഴുത്തുതുടങ്ങുന്നത്.
അമേരിക്കയുടെ ആഗോള സൈനിക മേധാവിത്വം നോക്കുമ്പോള്‍ ചൈന ഇപ്പോളും ബഹുദൂരം പിന്നിലാണ്. എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നവീകരണത്തിനും വികസനത്തിനുമായി ചൈന സ്വീകരിക്കുന്ന നടപടികള്‍ അമേരിക്കയുടെ മനസ്സിലും തീ കോരിയിടുന്നു. ചൈനപ്പട്ടാളത്തിന്റെ ആധുനികീകരണവും കരയിലും ആകാശത്തും സൈബര്‍ലോകത്തു പോലുമുള്ള ആധികാരികത്വവും ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പെന്റഗണ്‍ ഈയിടെ പുറത്തു വി്ട്ട ഒരു റിപ്പോര്‍ട്ട് പറയുന്നു. 2009ല്‍ പ്രതിരോധമേഖലക്കായി 15000 കോടി ഡോളറാണ് ചൈന ചെലവിട്ടതെന്നാണ് യു.എസ് പ്രതിരോധവകുപ്പിന്റെ കണക്ക്. ആയുധഇറക്കുമതിക്ക് ചെലവായത് ഇതിനു പുറമെ. ആകണക്ക് ചൈന പുറത്തുവിടാറില്ല.
അഗ്നിയുടെ കുതിപ്പ്
ഇനി മിസൈലിലേക്ക്. ഡി.എഫ്-41 അതാണ് ചൈനയുടെ ഭൂഖണ്ഡാന്തര മിസൈലിന്റെ പേര്. സഞ്ചാര ശേഷി 15000 കിലോമീറ്റര്‍ വരെ. അഗ്നി-5ന്റെ മൂന്നിരട്ടി ശേഷി വരും. ഇതു തന്നെയാണ് അഗ്നി-5 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയിലെ യുദ്ധതന്ത്രജ്ഞര്‍ തയ്യാറായതിനു കാരണവും. അയല്‍ രാഷ്്ട്രത്തിന്റെ ആയുധപ്പുരയിലെ ആഗ്നേയാസ്ത്രം സ്വാഭാവികമായും പ്രതിരോധസിദ്ധാന്തങ്ങളില്‍ വന്‍ഭീഷണി തന്നെയാണ്. ചൈനയുടെ സൈനികശക്തിയും സമ്പദ്ശക്തിയും ഒരു പോലെ കുതിക്കുന്നതാണ് ഇന്ത്യന്‍ പ്രതിരോധവിദഗ്ധരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ആയുധപ്പന്തയത്തിന് ഇന്ത്യ എതിരാണ്. എന്നാല്‍ ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കാനും ദേശീയതാത്പര്യം ഉയര്‍ത്തിപ്പിടിക്കാനും രാജ്യം പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറയുന്നു. ഇന്ത്യ മാത്രമല്ല, അറബിക്കടല്‍ മുതല്‍ ശാന്തസമുദ്രം വരെയുള്ള ഓരോ രാജ്യവും ചൈനയുടെ മുന്നേറ്റത്തില്‍ ആശങ്കാകുലരാണെന്നതാണ് സത്യം.
2100 മൈല്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യ-ചൈന അതിര്‍ത്തി. അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പെരുകി വരികയാണ്. പലപ്പോഴും നയതന്ത്രബന്ധത്തിലെ വിള്ളലിനും ഇത് കാരണമാകുന്നു. അങ്ങനെയാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക സന്നാഹങ്ങള്‍ കൂട്ടുന്നത്. പാകിസ്താനല്ല ഇന്ത്യയുടെ യഥാര്‍ഥ എതിരാളി, ചൈനയാണെന്ന വാദവും പ്രതിരോധ വിദഗ്ധര്‍ക്കിടയിലുണ്ട്.
കപ്പല്‍ച്ചാലുകളില്‍ ചൈനക്കുള്ള മേധാവിത്വമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു സംഗതി. പാകിസ്താന്‍, ശ്രീലങ്ക, ബംഗഌദേശ് എന്നീ രാജ്യങ്ങളിലെ തുറമുഖവികസനത്തിന് ചൈന വന്‍സാമ്പത്തികസഹായമാണ് നല്‍കിവരുന്നത്. പശ്്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഊര്‍ജ്ജ, ധാതു ഇറക്കുമതിക്കായി സുരക്ഷിത പാതയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനികമേധാവിത്വവും അവര്‍ ലക്ഷ്യമിടുന്നു. മുമ്പ് ബ്രിട്ടണും സ്‌പെയിനും പോര്‍ച്ചുഗലുമൊക്കെ ചെയ്ത പോലെ പ്രകൃതി വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സൈനികശക്തി പ്രയോജനപ്പെടുത്തുകയെന്നതാണ് പദ്ധതി. ഇന്ത്യയിലേക്കും വിദൂരങ്ങളില്‍ നിന്നാണ് എണ്ണയുള്‍പ്പെടെയുള്ള ഉല്പന്നങ്ങളെത്തുന്നത്. സുരക്ഷിത പാത ഒരുക്കേണ്ട കാലം അതിക്രമിച്ചുവെന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു.
അഗ്നി-5 വിജയത്തിന്റെ ആഹഌദത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരു കാര്യം ആവര്‍ത്തിച്ചു: പ്രയോഗിക്കാനുദ്ദേശിച്ചല്ല ഇന്ത്യ ഇത്തരം മിസൈലുകളും മറ്റും സ്വന്തമാക്കുന്നത്. കരുത്താര്‍ജ്ജിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ രക്ഷയാണ് പ്രധാനം.
എതിരാളികള്‍ക്ക് മുന്നറിയിപ്പ്
മന്‍മോഹന്‍ പറഞ്ഞത് മുഖവിലക്കെടുക്കാം. അയല്‍പക്കത്തെ വന്‍ശക്തിക്ക് മൂന്നിരട്ടി ശേഷിയുള്ള മിസൈലുള്ളപ്പോള്‍ ആ രാജ്യത്തെ ഏതു മുക്കും മൂലയും ഭസ്മമാക്കാന്‍ ശേഷിയുള്ള മിസൈല്‍ നമുക്കും വേണമെന്നത് യുദ്ധ തന്ത്രങ്ങളുടെ ഭാഗമാണ്. അങ്ങനെയാണ് അഗ്നി-5 വികസിപ്പിച്ചെടുക്കാന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം(ഡി.ആര്‍.ഡി.ഒ) തയ്യാറായത്. തങ്ങളുടെ കൈയിലുള്ള മാരകായുധം പ്രയോഗിക്കുന്നതില്‍ നിന്ന് ശത്രു രാജ്യത്തെ പിന്തിരിപ്പിക്കുകയാണ് ഇതിനു പിന്നിലെ മുഖ്യലക്ഷ്യം. പരീക്ഷണം ഏറെക്കുറെ പരസ്യമായി നടത്തുന്നതും ലക്ഷ്യപരിധിയും പ്രഹരശേഷിയുമൊക്കെ പരസ്യപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ്. അത് ആയുധസമ്പന്നരായ രാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ്.
പക്ഷേ എല്ലാം അവിടം കൊണ്ടു തീരുമോ? ഒരിക്കലുമില്ല. നെഞ്ചിടിപ്പുകൂടുന്ന മറ്റു രാജ്യങ്ങള്‍ പുതിയ കോപ്പിനായി അണിയറപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. ചൈന മാത്രമല്ല പാകിസ്താനും അതിലുള്‍പ്പെടുമെന്ന് ഉറപ്പ്്. ആയുധപ്പന്തയത്തിന്റെ വഴി അങ്ങനെ അതിവേഗം തുറക്കപ്പെടുകയാണ്. പാകിസ്താന് ഭൂഖണ്ഡാന്തരമിസൈല്‍ സ്വന്തമായില്ല. സ്ത്യത്തില്‍ ഇന്ത്യയെ നേരിടാന്‍ അവര്‍ക്ക് ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ശേഷിയുള്ള ആഗ്നേയാസ്ത്രങ്ങളൊന്നും ആവശ്യമില്ല. ഷഹീന്‍-2 ആണ് പാകിസ്താന്റെ മികച്ച മിസൈല്‍. 2000 കിലോമീറ്ററാണ് സഞ്ചാരശേഷി. ഇതിനു പുറമെ ഒട്ടേറെ ഹ്രസ്വദൂര ആണവമിസൈലുകളും അവരുടെ ആയുധശേഖരത്തിലുണ്ട്. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള മാരകശേഷിയുള്ള മിസൈലുകള്‍ പണിപ്പുരയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡി.ആര്‍.ഡി.ഒക്ക് ഇനി വിശ്രമമില്ലാദിനങ്ങള്‍ തന്നെയാവുമെന്നതാണ് അതിന്റെ അനന്തരഫലം.
മറ്റു രാജ്യങ്ങളുടെ വഴിയും വ്യത്യസ്തമല്ല. യുദ്ധസന്നാഹങ്ങളുടെ കാര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുകയാണ് ജപ്പാന്‍. മുങ്ങിക്കപ്പലുകളും പടക്കപ്പലുകളും പോര്‍വിമാനങ്ങളും വാങ്ങിക്കൂട്ടാനുള്ള പദ്ധതി അവര്‍ തയ്യാറാക്കുന്നു. ദക്ഷിണകൊറിയയും വിയറ്റ്‌നാമും മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നു. മലേഷ്യയില്‍ ആയുധഇറക്കുമതി കൂടി വരികയാണ്. സിംഗപ്പൂരിന് ലോകത്തെ 10 മുന്‍നിര ആയുധഇറക്കുമതിക്കാരുടെ കൂട്ടത്തിലാണ് സ്ഥാനം. ഓസ്‌ട്രേലിയ 30000 കോടി ഡോളറാണ് ആയുധഇറക്കുമതിക്കായി ചെലവിടാന്‍ പദ്ധതിയിടുന്നത്. അഗ്നി പരീക്ഷണം വിജയിച്ചതിന് തൊട്ടു പിന്നാലെ അമേരിക്കന്‍ സഖ്യകക്ഷിയായ ദക്ഷിണകൊറിയ നടത്തിയ ഒരു പ്രഖ്യാപനം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. ഉത്തരകൊറിയയുടെ ഏതു കോണിലും പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് അവര്‍ പരസ്യമായി അറിയിച്ചത്. ഇതിന്റെ സഞ്ചാരശേഷി 930 മൈല്‍ വരും.
ചൈനയുടെ സമുദ്രാധിപത്യം
ചെറിയൊരു തീപ്പൊരി ഈ മേഖലയില്‍ അഗ്നി വിതച്ചേക്കും. അത് ഭൂവിഭാഗങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഭാഗമാകാം, വ്യോമാതിര്‍ത്തി ലംഘിച്ചതിനെച്ചൊല്ലിയാകാം, കടലിലെ നിയന്ത്രണാതിര്‍ത്തിയെ പറ്റിയാകാം.... ലോകത്തെ ഭൂരിഭാഗം എണ്ണ, ചരക്കുകപ്പലുകള്‍ ഈ മേഖലയിലൂടെയാണ് സഞ്ചരിക്കുന്നത്. മേഖലയിലെ ദൗര്‍ബല്യം ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിക്ക് ഇടയാക്കാം.
ചൈനയുടെ സമുദ്രാധിപത്യം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍ മറ്റു രാജ്യങ്ങള്‍ പാശ്ചാത്യ ശക്തികളുമായി ചേര്‍ന്നുള്ള സംയുക്തസൈനികാഭ്യാസം പതിവാക്കുന്നുത്.
കടുത്ത ആശങ്ക വിതക്കുന്നതാണ് ഏഷ്യയിലെ ആയുധപ്പന്തയമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായി സ്‌ഫോടകാത്മകമെന്ന് വിശേഷിപ്പിക്കാവുന്ന ചില ഘടകങ്ങളെ മറച്ചുവെച്ചുകൊണ്ടാണ് അഗ്നിയുടെ കുതിപ്പും മറ്റും ആഘോഷിക്കപ്പെടുന്നത്. ലോകത്തെ ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണ്. അവരില്‍ വലിയൊരു വിഭാഗം ദാരിദ്ര്യരേഖക്കു താഴെ. കുതിച്ചുയരുന്ന തൊഴിലില്ലായ്മയും സാമൂഹിക സുരക്ഷാക്കുറവും വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടാതെയാണ് സര്‍ക്കാറുകള്‍ സഹസ്രകോടികളൊഴുക്കി ആയുധപ്പുരകളുടെ വലിപ്പം കൂട്ടുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 3200 കോടി ഡോളറോളമായിരുന്നു. ഒരു ദശകത്തിനിടെ പ്രതിരോധവിഹിതത്തിലുണ്ടായ വര്‍ധന 151 ശതമാനമാണ്. സമീപഭാവിയില്‍ ഇത് പ്രതിവര്‍ഷം 8.33 ശതമാനം ഉയരുമെന്ന് സര്‍ക്കാര്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങളിലെ ആയുധക്കമ്പനികളെല്ലാം കഴുകന്‍ കണ്ണുകളുമായി ഇന്ത്യക്കു മുകളില്‍ വട്ടമിട്ടുപറക്കുന്നത് വെറുതെയല്ല. കരാറുകള്‍ക്കായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്നാലെ നടക്കുന്നുമുണ്ട്.
പട്ടിണിക്കാരായി ദശലക്ഷങ്ങളുള്ള ഒരു രാജ്യത്തിന് ഇത്തരമൊരു ആയുധപ്പന്തയം താങ്ങാനാവുമോ എന്നതാണ് ചോദ്യം. ഇന്ത്യയെ സംബന്ധിച്ചായാലും മറ്റേതു രാജ്യത്തെ സംബന്ധിച്ചായാലും ഈ ചോദ്യം പ്രസക്തമാണ്. ലളിതമായി പറഞ്ഞാല്‍ ആയുധപ്പന്തയം കുതിരപ്പന്തയം പോലെ ഒരു ലഹരിയാണ്. തലക്കു പിടിച്ചാല്‍ ഊരിപ്പോരാന്‍ പാട്. ബില്യണ്‍ ഡോളര്‍ ബിസിനസ്സാണത്. എല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. തീകൊണ്ടു തല ചൊറിയരുതെന്നാണ് പഴമൊഴി. പക്ഷേ ആകാശത്തേക്ക് കുതിക്കുന്ന തീപ്പന്തങ്ങളുടെ കാര്യത്തില്‍ പഴമൊഴിക്ക് പ്രസക്തിയുണ്ടാവാന്‍ സാധ്യതയില്ല. വിജയങ്ങള്‍ അഭിമാനനേട്ടമെന്ന് വാനോളം വാഴ്ത്തപ്പെടും. കരഘോഷങ്ങള്‍ക്കിടയില്‍ എതിര്‍ശബ്ദങ്ങള്‍ ആരും കേള്‍ക്കാതെ ഒടുങ്ങുകയും ചെയ്യും. ചരിത്രത്തിന്റെ വൈരുദ്ധ്യങ്ങളിലൊന്നാണത്.
No comments:
Post a Comment