Friday, May 25, 2012

രേഖയുടെ ജീവിതം ഒരു ഫ്‌ളാഷ്‌ബാക്ക്‌

രേഖയുടെ ജീവിതം സിനിമാക്കഥയെ വെല്ലും. 29 വയസിനിടയില്‍ നാലുപേര്‍ക്കൊപ്പമുള്ള ജീവിതം. പതിനാറാം വയസിലെ പ്രണയം എത്തിനിന്നത്‌ യൂസഫുമായുള്ള വിവാഹത്തില്‍.

പൊടുന്നനെ ഒരുനാള്‍ അങ്കിളെന്നു വിളിച്ചയാള്‍ക്കൊപ്പം ജീവിക്കേണ്ടിവരുന്നു. പിന്നീടു കലാരഞ്‌ജിനി-ഉര്‍വശി കല്‍പനയുടെ സഹോദരന്‍ കമല്‍റോയിയുടെ ഭാര്യയായി. അതും കടന്ന്‌ അഭിലാഷിന്റെ ഭാര്യയും കുട്ടിയുടെ അമ്മയുമായി. ഒടുവില്‍ അഭിലാഷും ജീവിതത്തില്‍നിന്നു നടന്നകന്നപ്പോള്‍ കുഞ്ഞുമായി രേഖ തനിയെ. മറ്റുള്ളവര്‍ എങ്ങനെ വ്യാഖ്യാനിച്ചാലും കണ്ണീരില്‍കുതിര്‍ന്ന ജീവിതമുണ്ടു രേഖയ്‌ക്ക്. ആ ഒറ്റപ്പെടലിന്റെ വേദനയില്‍നിന്നു രേഖ പറയുന്നു തന്റെ ജീവിതകഥ. ആ കണ്ണീര്‍ക്കഥ. 

ഒന്നരവര്‍ഷം മുമ്പ്‌ ഒരു സ്വകാര്യചാനലിലെ രാത്രിപരിപാടികളിലൊന്നില്‍ രണ്ടു സ്‌ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം. ഒരാള്‍ രേഖ. മറ്റൊരാള്‍ ഗോപിക. ഇരുവരും ഒരു പുരുഷനുവേണ്ടിയാണു വാഗ്വാദം നടത്തുന്നത്‌. ഭര്‍ത്താവ്‌ അഭിലാഷിനുവേണ്ടി. സുന്ദരിയും ടി.വി താരവുമായ രേഖ അന്ന്‌ ആറുമാസം ഗര്‍ഭിണിയാണ്‌. അഭിലാഷിന്റെ ആദ്യഭാര്യ ഗോപിക വന്നതു രണ്ട്‌ ആണ്‍മക്കള്‍ക്കൊപ്പം. അഭിലാഷ്‌ ഇരിക്കുന്നത്‌ രേഖയ്‌ക്കൊപ്പം. അവളുടെ പക്ഷംചേര്‍ന്നാണു സംസാരിക്കുന്നതും. കാഴ്‌ചയില്‍ മറുവശത്ത്‌ നിസഹായതയോടെ ആദ്യഭാര്യ ഗോപിക. എനിക്കു സ്‌നേഹവും പരിഗണനയും ലഭിച്ചത്‌ രേഖയില്‍നിന്നാണെന്നും താനൊരിക്കലും രേഖയെ വിട്ടുപോകില്ലെന്നും അഭിലാഷ്‌ പലവട്ടം പറയാതെപറഞ്ഞു. 

ഗോപികയെ ഉപേക്ഷിച്ചയാള്‍ ഒരുപക്ഷേ രേഖയെയും ഉപേക്ഷിച്ചേക്കാമെന്നു പരിപാടിയില്‍ പങ്കെടുത്ത നിയമ- മാനസിക ഉപദേഷ്‌ടാക്കള്‍ സന്ദേഹിച്ചപ്പോള്‍ അഭിലാഷ്‌ ഉറപ്പിച്ചുപറഞ്ഞു:

''രേഖയെ ഉപേക്ഷിച്ചു മറ്റൊരു സ്‌ത്രീയുടെ അടുത്തുപോയാലും തിരികെ ഗോപികയുടെ അടുത്തേക്കു ഞാന്‍ പോകില്ല.'' 

ഭര്‍ത്താവില്‍നിന്ന്‌ ഈ വാക്കുകള്‍ കേട്ടതും ഗോപിക തിരിച്ചടിച്ചു. 

''എത്രയോ വട്ടം അഭിലാഷ്‌ചേട്ടന്‍ എന്നോടു പറഞ്ഞിരിക്കുന്നു. രേഖ ആളത്ര ശരിയല്ല. അവള്‍ മൂന്നുപേരുടെ ഭാര്യയായിരുന്നു. ഇപ്പോള്‍ അവളുടെ വയറ്റില്‍ കിടക്കുന്ന കുട്ടിപോലും എന്റേതാണെന്ന്‌ എനിക്കുറപ്പില്ലെന്ന്‌.'' അപ്പോഴൊക്കെയും നിറഞ്ഞ കണ്ണുകളോടെ നിശബ്‌ദയായി ഇരുന്നതേയുള്ളൂ രേഖ. 

ചിലരെങ്കിലും അതിശയപ്പെട്ടിട്ടുണ്ടാവുമോ? തന്റെ കുഞ്ഞിന്റെ പിതൃത്വത്തില്‍ മറ്റൊരു സ്‌ത്രീ ചോദ്യംചെയ്‌താല്‍ ഇത്രയും നിസഹായതയോടെ ഇരിക്കേണ്ടതുണ്ടോ രേഖയെന്ന്‌. ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാവില്ല. ആര്‍ക്കുമുന്നിലും ഭാര്യയും മക്കളുമുള്ളയാളെ അടിച്ചെടുത്തവളല്ലേ രേഖ! ആ നിസഹായത അഭിലാഷ്‌മാത്രം ആ നിമിഷം തിരിച്ചറിഞ്ഞു. ''രേഖയുടെ വയറ്റില്‍ കിടക്കുന്ന കുട്ടി എന്റേതാണ്‌.'' 

രണ്ടു സ്‌ത്രീകള്‍ക്കിടയില്‍ ഒരാള്‍. അയാളാകട്ടെ സ്വന്തം മക്കളെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താന്‍കൂടി തയാറായില്ല. പക്ഷേ അപ്പോഴും രേഖ പറഞ്ഞു.

''അഭിക്കു വേണമെങ്കില്‍ ഗോപികയ്‌ക്കൊപ്പവും മക്കള്‍ക്കൊപ്പവും പോകാം. ഞാനെന്റെ കുട്ടിയെ വളര്‍ത്തിക്കോളാം.'' ഒരു സ്‌ത്രീയുടെ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും സാമീപ്യമാണ്‌ രേഖയില്‍ കണ്ടത്‌. ഒരു താരത്തിന്റെ ഗ്ലാമറും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുമ്പോഴും നിസഹായതയുടെ പടുകുഴിയില്‍ വീണുപോയവളുടെ നിശബ്‌ദതയിലായിരുന്നു ആ ഷോയിലുടനീളം രേഖ. നിറംമങ്ങിയ സാധാരണ ഒരു ചുരിദാറും കരഞ്ഞുകലങ്ങിയ കണ്ണുകളുമായെത്തിയ ഗോപികയും മക്കളും ഷോയുടെ മുഴുവന്‍ സിമ്പതിയും സ്വന്തമാക്കി മടങ്ങുമ്പോള്‍ ലോകത്തുടനീളമുള്ള മലയാളി രേഖയെ കുടുംബം കുളംതോണ്ടിയവള്‍ എന്നു മുദ്രകുത്തി. 

''അവളൊരു സുന്ദരിക്കോത. അവനെ വശീകരിച്ചു. അതും രണ്ടു മക്കളുള്ള ഒരാളെ.'' ഓഫീസുകളില്‍... വീടുകളില്‍... പിന്നെ എവിടെയൊക്കെയോ ഈ ചര്‍ച്ചകള്‍. അപ്പോഴും സംശയം ബാക്കിയായി. പണത്തിന്റെയോ ഗ്ലാമറിന്റെയോ പകിട്ടില്ലാത്ത അഭിലാഷില്‍ രേഖയെപ്പോലൊരു പെണ്‍കുട്ടി എങ്ങനെ എത്തിപ്പെട്ടു. താന്‍ അഭിനയിച്ചുകിട്ടുന്ന പണംകൊണ്ടാണ്‌ തങ്ങളിപ്പോള്‍ ജീവിക്കുന്നതെന്നും ഇപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ അവസരം കുറവ്‌. അതിനാല്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും ഷോയില്‍ പരിതപിച്ചു രേഖയെപ്പോലൊരു പെണ്ണിനെ സംരക്ഷിക്കാന്‍കൂടി കഴിയുന്നില്ലേ അഭിലാഷിന്‌. ആ ചിന്തയാണു രേഖയുടെ ജീവിതത്തിന്‌ ഒരു ദുരിതമുണ്ടാകുമെന്ന ചിന്തയുണര്‍ത്തിയത്‌. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ പൊള്ളാച്ചിയിലാണ്‌. ആദ്യം സംസാരിച്ചത്‌ അഭിലാഷ്‌. 

''ഷോ കഴിഞ്ഞതോടെ ഞങ്ങള്‍ ആകെ പ്രശ്‌നത്തിലാണ്‌. ഒന്നും സംസാരിക്കാറില്ല'' എന്ന്‌ അഭിലാഷ്‌. 

''അഭിയേട്ടനു താല്‍പര്യമില്ല. അതുമല്ല എന്റെ ബന്ധുക്കള്‍ക്കു ഞാന്‍മുലം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന്‌ ആഗ്രഹിക്കുന്നു.'' രേഖയും ഒഴിഞ്ഞു. എങ്കിലും രേഖയുടെ ജീവിതം ഉത്തരംകിട്ടാത്ത ചോദ്യമായി മനസില്‍ നിറഞ്ഞുനിന്നു. 

വളരെ ചെറിയ പ്രായത്തിനുള്ളില്‍ നാലുപേരുടെ ഭാര്യയാകുക... എന്നിട്ടും എവിടെയൊക്കെയോ സ്‌നേഹം നഷ്‌ടപ്പെടേണ്ടിവന്നവളാകണം. ഒരു വേദനതന്നെയായി രേഖ. അവിചാരിതമായി അടുത്തയിടെ രേഖയെ ഫോണില്‍ കിട്ടുന്നു.

''രേഖാ എന്തുണ്ട്‌ വിശേഷം. കുഞ്ഞ്‌ ആണോ പെണ്ണോ?'' 

ഒരിക്കല്‍കൂടി നേരില്‍ കണ്ടിട്ടില്ലെങ്കിലും രേഖയുടെ വിശേഷം അറിയാന്‍ അത്ര കൗതുകമായിരുന്നു.

''മോന്‍ -ഉത്രട്ടാതി നക്ഷത്രം. അയാന്‍ എന്നു പേരിട്ടു. അവനിപ്പോള്‍ ഒമ്പതുമാസം.'' 

''പിന്നെന്തുവിശേഷം. സുഖമായിരിക്കുന്നോ?''

വിശേഷം അഭിലാഷ്‌ തിരികെ ഗോപികയുടെ അടുത്തു പോയി. തിരുവനന്തപുരത്തെ ഒരു വാടകവീട്ടില്‍ ഞാനും മോനും മാത്രം. സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടണമേയെന്നാണു പ്രാര്‍ത്ഥന. മകനെ വളര്‍ത്തണ്ടേ. അതുകൊണ്ട്‌ പലരെയും കോണ്ടാക്‌ടുചെയ്‌ത് ഞാനിവിടെയുണ്ടെന്നു പറഞ്ഞിട്ടുണ്ട്‌.'' 

ഇനിയെങ്കിലും രേഖയ്‌ക്കു സ്വന്തം കഥ തുറന്നുപറഞ്ഞുകൂടേയെന്നു ചോദിച്ചപ്പോള്‍ നിശബ്‌ദം രേഖ വീണ്ടും കരയുന്നു. 

''ആരെയും വേദനിപ്പിക്കുക വയ്യ. ജീവിതത്തില്‍ വേദന എത്ര അനുഭവിച്ചവളാണു ഞാന്‍. ഇനി ജീവിക്കാന്‍ ഒരു ധൈര്യമുണ്ട്‌. മോനുണ്ടല്ലോ. അവനില്ലായിരുന്നെങ്കില്‍ ആത്മഹത്യചെയ്യാമായിരുന്നു.''

തനിയെ മകനെ വളര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു രേഖ. അവനു മൂന്നുനേരം ആഹാരം... വസ്‌ത്രം... വീട്ടുവാടക.

''ഒരു സ്വകാര്യകമ്പനിയില്‍ കസ്‌റ്റമര്‍ കെയര്‍ ഓഫീസറായി ജോലിക്കു വിളിക്കുന്നുണ്ട്‌. അഭിനയം വേണ്ടെന്നുവച്ച്‌ ജോലിക്കു കയറിയാലോയെന്നുണ്ട്‌. തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെ നന്നായി സംസാരിക്കാന്‍ പറ്റുമെനിക്ക്‌. എങ്കിലും അഭിനയിക്കാനാണ്‌ എന്റെ മോഹം.''

നേരില്‍ കാണുമ്പോള്‍ നിറം മങ്ങിയ രേഖാജീവിതമാണ്‌ കണ്ടത്‌. ചെറിയ വാടകവീട്ടില്‍ കുഞ്ഞിനൊപ്പം. പരിമിതമായ സൗകര്യങ്ങള്‍. നിലത്തിട്ട ബെഡില്‍ കുഞ്ഞ്‌ ഉറങ്ങുന്നു... ഇരിക്കാന്‍ രണ്ടു കസേര... ആഡംബരം കണ്ടതു രേഖയുടെ സുന്ദരമായ കുറച്ചു വസ്‌ത്രങ്ങളില്‍ മാത്രം. പകല്‍ സഹായിയായി വന്നുപോകുന്ന സ്‌ത്രീപോലും പരിതപിച്ചു.

''ആ പരിപാടി കണ്ടപ്പോള്‍ ഞാനും വെറുത്തതാണു രേഖയെ. പക്ഷേ അടുത്തറിഞ്ഞപ്പോള്‍ പാവം ആ കൊച്ചിന്റെ വിധിയോര്‍ത്തു സങ്കടപ്പെടാത്ത ദിവസങ്ങളില്ല. സീരിയലുകളൊക്കെ കിട്ടി കുറച്ചു പൈസയെങ്കിലും കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ഞാന്‍ പറഞ്ഞിട്ടുണ്ട്‌ ഇനി അവന്‍ (അഭിലാഷ്‌) വന്നു വിളിച്ചാലും കുട്ടി പോകരുത്‌. തനിയെ ജീവിക്കണമെന്ന്‌.'' 

രേഖയ്‌ക്കു ആ ധൈര്യമുണ്ടോ?

''എനിക്കു ഭര്‍ത്താവിന്റെ ആനുകൂല്യങ്ങളൊന്നും വേണ്ട. പക്ഷേ എന്റെ മോന്റെ അച്‌ഛനെ അവനു വേണ്ടേ. പിന്നീടൊരിക്കല്‍ അതോര്‍ത്ത്‌ അവന്‍ സങ്കടപ്പെട്ടാലോ.'' 

ആ സങ്കടമേയുള്ളോ?

''അതല്ല. മനസു നിറഞ്ഞു സ്‌നേഹിച്ചതാണ്‌ ഞാന്‍ അഭിയെ. പരാജയപ്പെട്ട മൂന്നു ദാമ്പത്യജീവിതത്തിനുശേഷം സ്‌നേഹത്തോടെ എന്നെ കൈപിടിച്ചു ജീവിതത്തിലേക്കു കൈനടത്തിച്ചയാള്‍... പാതിവഴിയില്‍ എന്നെ ഇട്ടിട്ടു പോയെങ്കിലും എനിക്ക്‌ സ്‌നേഹമുണ്ട്‌... ഇല്ലെന്നു പറഞ്ഞാല്‍ അതു കള്ളമാകും.'' 

സിനിമയില്‍ മാത്രം കണ്ടുപരിചയമുള്ള ജീവിതമുഹൂര്‍ത്തങ്ങളെന്നു തോന്നിപ്പോകാം. പക്ഷേ അതാണു രേഖയുടെ ജീവിതം. ആ ജീവിതത്തിന്റെ ഫ്‌ളാഷ്‌ബാക്കിലേക്കു പോകുംമുമ്പ്‌ മറ്റുള്ളവര്‍ ധരിക്കുംപോലെ ഭാര്യയും മക്കളുമുള്ള അഭിലാഷിനെ തട്ടിയെടുത്തതോ രേഖ എന്നുകൂടി അറിയേണ്ടതില്ലേ. അവസാനകഥയില്‍നിന്നാണു രേഖ പറഞ്ഞുതുടങ്ങുന്നത്‌. നേരായ കഥ. അഭിലാഷിനെ കണ്ടുമുട്ടിയത്‌... പരിചയപ്പെട്ടത്‌... ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയത്‌... ആ കണ്ടുമുട്ടല്‍ ആരംഭിക്കുന്നത്‌ 'നുണക്കഥ'യില്‍നിന്നാണ്‌. ജഗതി ശ്രീകുമാര്‍ അടക്കം ഒരുനിര അഭിനയിച്ച ജോണ്‍സണ്‍ സംവിധാനം ചെയ്‌ത 'നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനില്‍നിന്ന്‌. ആ കഥ രേഖ പറഞ്ഞുതുടങ്ങുന്നു:-

മൂന്നു പരാജയപ്പെട്ട വിവാഹജീവിതത്തില്‍നിന്നുള്ള പിടിച്ചുകയറ്റത്തിന്റെ നാളുകളായിരുന്നു അത്‌. ജീവിക്കാന്‍ പണം വേണം. അതിനൊരു തൊഴിലും. ആകെ അറിയുന്ന ജോലി അഭിനയമാണ്‌. അതുകൊണ്ട്‌ സീരിയലിലും സിനിമയിലെ ചെറിയ വേഷങ്ങളിലുമായി ഞാന്‍ മടങ്ങിവന്നു. തിരുവനന്തപുരത്ത്‌ ഷൂട്ടുചെയ്യുന്ന 'നുണക്കഥ'യുടെ ലൊക്കേഷനില്‍ എത്തിയത്‌ അഞ്ചുദിവസത്തെ വര്‍ക്കിനാണ്‌. പക്ഷേ റെഡ്‌ കാമറയെന്ന പുതിയതരം കാമറയായതിനാല്‍ ചില സാങ്കേതിക പരിമിതികള്‍മൂലം ഷൂട്ടിംഗ്‌ കൂടുതല്‍ ദിവസം നീണ്ടു. ലൊക്കേഷനിലെ കാര്‍ഡ്രൈവറായിരുന്നു അഭിലാഷ്‌. എങ്കിലും സംവിധായകനടക്കം പലരുടെയും അടുത്ത സുഹൃത്ത്‌. കോറിയോഗ്രാഫിയും ചെയ്യാറുണ്ടെന്നു പറഞ്ഞു.

ആ സെറ്റില്‍വച്ചു പരിചയപ്പെട്ടെങ്കിലും ഡ്രൈവറായ അഭിലാഷിനോട്‌ എനിക്കു വലിയ അടുപ്പമുണ്ടായിരുന്നില്ല. ആ സമയത്ത്‌ ഒരു ചാനലില്‍ ടെലിവിഷന്‍താരങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ബീനാ ആന്റണിയുടെ ഗ്രൂപ്പിനൊപ്പം എന്നെ തെരഞ്ഞെടുത്തു. ആ സമയത്ത്‌ അഭിലാഷിന്റെ കാര്യം ഓര്‍ത്തു. ആ സംഘത്തിനെ നൃത്തംപഠിപ്പിക്കാന്‍ അവസരമുണ്ടെന്ന്‌ ഞാന്‍ അഭിലാഷിനെ അറിയിച്ചു. നൃത്തം പരിശീലിച്ചുതുടങ്ങിയപ്പോഴാണ്‌ നൃത്തം പഠിച്ചാല്‍ കൂടുതല്‍ ഗുണകരമാകുമല്ലോയെന്ന്‌ ഞാനാലോചിച്ചത്‌. അക്കാര്യം അഭിലാഷിനോടു പറഞ്ഞു. അതിനെന്താ എനിക്കൊപ്പമുള്ള ഒരു പയ്യനെ വീട്ടിലേക്കു വിട്ടുതരാം. ഫീസ്‌ തന്നാല്‍ മതി''യെന്നു പറഞ്ഞു. പക്ഷേ വന്നത്‌ അഭിലാഷ്‌.

''അയ്യോ അതെന്താ അഭിലാഷ്‌. മറ്റാരെയെങ്കിലും വിട്ടാല്‍ മതിയായിരുന്നല്ലോ?'' 

''ആ ഫീസ്‌ എനിക്കു തന്നാല്‍ മതി.'' വീട്ടില്‍ വന്നു നൃത്തം പഠിപ്പിക്കുമ്പോഴാണ്‌ അഭിലാഷിനെക്കുറിച്ച്‌ കൂടുതല്‍ എന്നോടു പറയുന്നത്‌. വിവാഹിതനാണെന്നും രണ്ടു കുട്ടികള്‍ ഉണ്ടെന്നും പറഞ്ഞപ്പോള്‍ ബൈക്കില്‍ അവരെയും കൂട്ടി ഒരിക്കല്‍ വരൂവെന്നു ഞാന്‍ ക്ഷണിച്ചു. അപ്പോള്‍ അഭിലാഷ്‌ വളരെ ദു:ഖിതനായി പറഞ്ഞു: ''ഞാനും ഭാര്യയും വേര്‍പിരിഞ്ഞവരാണ്‌. മക്കള്‍ അവള്‍ക്കൊപ്പമാണ്‌. മക്കളെപ്പോലും അവള്‍ എന്നെ കാണിക്കില്ല.'' അഭിലാഷിന്റെ സങ്കടം കണ്ടപ്പോള്‍ സത്യത്തില്‍ അവരെ ഒന്നിപ്പിക്കണം എന്നാശയായി എനിക്ക്‌. ദാമ്പത്യം വേര്‍പെടുന്നതിന്റെ വേദന നന്നായി അറിയുന്നവളാണു ഞാന്‍. പോരാത്തതിന്‌ രണ്ടു കുട്ടികളുമുണ്ട്‌. പക്ഷേ അഭിലാഷിന്‌ ഒട്ടും പ്രതീക്ഷയില്ല.

''ഒരുപാടു പ്രശ്‌നങ്ങളുണ്ട്‌. ഒരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല.'' അന്ന്‌ എന്റെ കഴുത്തില്‍ ഞാന്‍ യൂസഫ്‌ എന്നു പച്ചകുത്തിയിരുന്നു. അതാരുടെ പേരാണെന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: പതിനാറാം വയസില്‍ ഞാന്‍ സ്‌നേഹിച്ചയാള്‍, ഒടുവില്‍ പതിനെട്ടാം വയസില്‍ രജിസ്‌റ്റര്‍വിവാഹം കഴിച്ച യൂസഫിന്റെ പേരാണെന്ന്‌ ഒരു മടിയുംകൂടാതെ പറയാനായി എനിക്ക്‌. പലപ്പോഴായി ഞാനെന്റെ കഥ പറഞ്ഞു. യൂസഫ്‌ എന്നെ പിരിഞ്ഞുപോയശേഷം അച്‌ഛന്‍ എന്റെ സംരക്ഷണം മറ്റൊരാളെ ഏല്‍പിച്ചു. അന്നുവരെ ഞാന്‍ അങ്കിള്‍ എന്നു വിളിച്ചിരുന്ന നിഖില്‍ അങ്ങനെ എന്റെ ജീവിതത്തിലേക്ക്‌. പ്രായക്കൂടുതല്‍ അടക്കം എത്രയോ പ്രശ്‌നങ്ങള്‍ നേരിട്ട ജീവിതത്തിനിടയിലാണ്‌ ഒരു ആശ്വാസംപോലെ കമല്‍റോയ്‌ എത്തുന്നത്‌. കലാരഞ്‌ജിനി- കല്‍പന- ഉര്‍വശിയുടെ സഹോദരന്‍ കമല്‍റോയിയുടെ ഭാര്യയായത്‌ കമലിന്റെ സ്‌നേഹത്തിനു പുറത്താണ്‌. സ്‌നേഹവും ആശ്വാസവുമാകുമെന്നു കരുതിയ കമലും കുടുംബവും തന്നതും വേദനയാണ്‌. ഒരിക്കലും മായാത്ത സങ്കടങ്ങള്‍. ഈ സങ്കടക്കഥകള്‍ കേട്ടിട്ടാവണം ഒരിക്കല്‍ അഭി ചോദിച്ചു: 

''രേഖയും ഭര്‍ത്താവില്ലാതെ ജീവിക്കുന്നു. ഞാന്‍ ഭാര്യയുമില്ലാതെ. എങ്കില്‍ നമുക്ക്‌ ഒന്നിച്ചു ജീവിച്ചുകൂടെ. ഒരാശ്വാസം ആകില്ലേ.''

അത്തരം ആശ്വാസങ്ങളിലൊന്നും പെട്ടെന്നു വീണുപോകാതിരിക്കാന്‍ തക്ക പാകപ്പെട്ട മനസായിക്കഴിഞ്ഞിരുന്നു എനിക്ക്‌. ഞാന്‍ എതിര്‍ത്തു. ''അയ്യോ ഞാനില്ല. ഇതിനോടകം മൂന്നുതവണ വീണുപോയവളാണു ഞാന്‍.'' പക്ഷേ അഭി എന്നെ വിടാതെ പിന്‍തുടര്‍ന്നു. 

ഒറ്റപ്പെടലിന്റെ വേദനയില്‍നിന്നു സ്‌നേഹത്തിന്റെ താങ്ങിലേറ്റി എന്നെ നടത്തി. കുറേനാളുകള്‍ക്കുശേഷം സന്തോഷം ഞാനറിഞ്ഞു... മനസു നിറഞ്ഞു ചിരിച്ചു... അഭിക്കൊപ്പം നൃത്തംകളിച്ചു. ജീവിതം വീണ്ടും തിരിച്ചുവരുംപോലെ. ആ നാളിലൊന്നില്‍ ഞാന്‍ പറയേണ്ടിവന്നു ആ സമ്മതം. അച്‌ഛനും അമ്മയുമില്ലാത്ത അഭിലാഷിന്‌ ആകെയിപ്പോള്‍ ഉള്ളതു വളര്‍ത്തമ്മയാണ്‌. ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ ആ ഒറ്റപ്പെട്ട മനുഷ്യന്‍ ഇനി എനിക്കൊപ്പമുണ്ടാകും... ഒരിക്കലും ഉപേക്ഷിക്കില്ലെന്ന ധൈര്യം എനിക്കൊപ്പം കൂടി. ആരുമില്ലാത്തയാളല്ലേ എന്നെ ഇട്ടിട്ടുപോകില്ലല്ലോയെന്ന ധൈര്യം. 2010 ജൂണിലാണ്‌ ഈ സംഭവം. ജൂലൈയോടെ തിരുവനന്തപുരത്തെ വീട്ടില്‍ ഞങ്ങള്‍ ഒന്നിച്ചു കഴിഞ്ഞുതുടങ്ങി. അധികം കഴിയുംമുമ്പേ ഗോപികയുടെ ഒരു ഫോണ്‍കോള്‍. അവള്‍ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും എനിക്കൊരു മാറ്റം ആവശ്യമാണെന്നുമുള്ള സങ്കടമായി അഭിക്ക്‌. അങ്ങനെ ഞങ്ങള്‍ തൃശൂരിലെ എന്റെ ചേച്ചിയുടെ വീട്ടിലേക്കു തല്‍ക്കാലം മാറി. പിന്നീടു കൂര്‍ക്കഞ്ചേരിയില്‍ വാടകവീടെടുത്തു താമസമായി. തൃപ്രയാള്‍ ക്ഷേത്രത്തില്‍ പോയി താലികെട്ടുചടങ്ങു നടത്തി. ഒന്നിച്ചു ജീവിച്ചുതുടങ്ങിയ നാളുകള്‍ സന്തോഷത്തിന്റേതായി. ആ നവംബര്‍ നാലിന്‌ ഞാനാ വിശേഷം അറിഞ്ഞു. ഞാന്‍ അമ്മയാകുന്നു.

ഇത്രനാളും ദാമ്പത്യജീവിതത്തിന്റെ ഭാഗമായെങ്കിലും അമ്മയാകാന്‍ കഴിയാഞ്ഞതിന്റെ സങ്കടം മനസിലുണ്ടായിരുന്നെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്‌. പക്ഷേ ആ സന്തോഷവും ദൈവം അത്രനാള്‍ ആസ്വദിച്ചുകഴിയാന്‍ അവസരം തന്നില്ല. അപ്പോഴേക്കും ഗോപികയുടെ നിഴല്‍ വീണുതുടങ്ങി ജീവിതത്തിലേക്ക്‌...

അങ്ങനെ ചാനലില്‍ ഒരു ദാമ്പത്യപ്രശ്‌നപരിഹാരപരിപാടിയില്‍ പങ്കെടുക്കേണ്ടിവന്നു. ആ പരിപാടിയില്‍ എന്നെ വളരെയേറെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗോപിക മാത്രമല്ല അതിനു പിന്നിലെന്നു തിരിച്ചറിയാന്‍ എനിക്ക്‌ അധികദിവസം വേണ്ടിവന്നില്ല. 

ആ പരിപാടിക്കുശേഷം പലവട്ടം ഞാന്‍ പറഞ്ഞതാണ്‌ അഭി മടങ്ങിപ്പോകാന്‍. കാരണം ജീവിക്കാന്‍ അത്ര ബുദ്ധിമുട്ട്‌. ടി വിയില്‍ പരിപാടി വന്നതോടെ സമൂഹത്തിന്റെ പരിഹാസം എന്നെ അത്രമേല്‍ മൂടിക്കഴിഞ്ഞു. തൃശൂരിലെ താമസം മാറ്റാന്‍ നിര്‍ബന്ധിതയായി. അങ്ങനെ പാലക്കാട്ടുള്ള രണ്ടാമത്തെ ചേച്ചിയുടെ വീട്ടില്‍ താമസമായി. ചേച്ചി തന്ന സാന്ത്വനം വളരെ വലുതാണ്‌. അപ്പോള്‍ ചേച്ചിയുടെ മകള്‍ക്കാണു പ്രശ്‌നം. ഞാന്‍ കാരണം അവള്‍ക്കു നാണക്കേട്‌. അവരെയൊക്കെ ജീവനോളം സ്‌നേഹിക്കുന്ന എനിക്ക്‌ ആ സങ്കടം കാണുകവയ്യ. എല്ലാരില്‍നിന്നും വളരെ ദൂരെ ദൂരെ ഒരിടത്തു താമസിക്കണമെന്ന മോഹം പൊള്ളാച്ചിയിലെ രണ്ടുമുറി ഓടിട്ട വാടകവീട്ടിലേക്ക്‌ എത്തിച്ചു. വരുമാനമില്ല. ഞാനെന്റെ കാറു വിറ്റുകിട്ടിയ പണംകൊണ്ടാണ്‌ ജീവിക്കുന്നത്‌. ചുട്ടുപൊള്ളിക്കുന്ന പൊള്ളാച്ചിയിലെ ജീവിതം ഗര്‍ഭിണികൂടിയായ എനിക്കു താങ്ങാനാവുന്നതിലും അധികമായി. അവിടുത്തെ വെള്ളം എന്റെ ശരീരത്തില്‍ ഉണ്ടാക്കിയ ആകുലതകള്‍ വലുതാണ്‌. ആശുപത്രിയില്‍ അഡ്‌മിറ്റുചെയ്യേണ്ടിവന്നു. മൂത്രപരിശോധനയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. ആശുപത്രി വിടുമ്പോഴേ തീരുമാനിച്ചു. ഇനി ഈ ഒറ്റപ്പെട്ട ജീവിതം വയ്യ. മനുഷ്യന്‍ ജീവിക്കുന്ന ഒരിടം മതി. അങ്ങനെ പാലക്കാടിനടുത്തുള്ള 'പാറ' എന്ന സ്‌ഥലത്തേക്ക്‌ അയാനെ പ്രസവിക്കുന്നത്‌ ഇവിടെയുള്ള പാല്‍ന ആശുപത്രിയിലാണ്‌. 2011 ജൂണ്‍ 23 ന്‌. ആശുപത്രിക്കിടക്കയില്‍ കുഞ്ഞിനെ എന്റെ കൈയില്‍ തരുമ്പോള്‍ അഭി എന്നോടു പറഞ്ഞു: 

''അമ്മയാരെന്നുകൂടി അറിയാതെ വളര്‍ന്നവനാണു ഞാന്‍. അമ്മയുടെ മുലപ്പാല്‌ കുടിക്കാന്‍കൂടി ഭാഗ്യംകിട്ടാത്തയാള്‍.'' ഒരുനിമിഷം എന്റെ കണ്ണാണു നിറഞ്ഞത്‌. ആ നേരം അഭിയുടെ അമ്മയായി ഞാന്‍. 

എന്റെ അയാനെ മുലയൂട്ടുംമുമ്പ്‌ ഞാന്‍ അഭിയെ മുലയൂട്ടി. അപ്പോള്‍ അഭി എന്റെ കൊച്ചുമകന്‍തന്നെയെന്ന്‌ തോന്നിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായി എല്ലാവിധത്തിലും സന്തോഷിച്ച ദിവസങ്ങളായിരുന്നു. പക്ഷേ അഭിയുടെ മനസ്‌ മെല്ലെ മെല്ലെ മാറിത്തുടങ്ങി. രണ്ടു കുടുംബവും ഒന്നിച്ചു ജീവിക്കണമെന്ന രീതിയില്‍ ഒരു മാറ്റം. അന്നുവരെ ഞാന്‍ വിളിച്ചുകൊടുത്താല്‍ മാത്രം മക്കളോടുപോലും സംസാരിച്ചിരുന്ന അഭി ഞാനറിയാതെ ഗോപികയെ വിളിക്കാന്‍ തുടങ്ങി... ഒരുദിവസം തിരുവനന്തപുരത്തു പോയിവന്നു. അതിലൊന്നും എനിക്കു പരാതിയുണ്ടായിരുന്നില്ല. പക്ഷേ രണ്ടുപേരും ഒന്നിച്ചു ജീവിക്കണം... മക്കള്‍ ഒന്നിച്ചു ജീവിക്കണമെന്ന വാശിയായപ്പോള്‍ ഞാന്‍ ഒരു വ്യവസ്‌ഥവച്ചു: ''അങ്ങനെയെങ്കില്‍ വളര്‍ത്തമ്മ അഭിയുടെ മൂത്ത രണ്ടു മക്കള്‍ക്കായി പകുത്തുനല്‍കിയ സ്വത്തിലൊരു വീതം അയാനും നല്‍കാന്‍ കഴിയുമോ. എങ്കില്‍ ഞാന്‍ ഒന്നിച്ചു താമസിക്കാം.'' 

അതു ഞാനെങ്ങനെ പറയുമെന്നായി അഭി. അങ്ങനെയൊന്നും ചോദിക്കുന്നവളല്ല ഞാന്‍. വരും ലക്കങ്ങളില്‍ എന്റെ കഥ വായിക്കുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. എന്റെ അച്‌ഛന്റെ രണ്ടാംവിവാഹത്തിലെ മകളായ ഞാന്‍ അച്‌ഛന്റെ സ്വത്തിന്റെ ഒരുപങ്കും ഇന്നേവരെ ചോദിച്ചിട്ടില്ല. ആ ഞാനാണ്‌ അത്തരത്തില്‍ അഭിയോടു ചോദിക്കുന്നത്‌. സത്യത്തില്‍ വല്ലാത്ത ആത്മനിന്ദയാണ്‌ അന്ന്‌ ഉള്ളാലെ അനുഭവിച്ചത്‌. എങ്കിലും എന്നിലെ അമ്മയ്‌ക്ക് അതു ചോദിക്കാതെ തരമില്ലാതായി. മെല്ലെ മെല്ലെ എന്റെ കൈയിലെ പണം തീര്‍ന്നുവന്നു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുതുടങ്ങി. ആ നാളില്‍ അഭിയുടെ കാര്‍ വില്‍ക്കുന്നു. അതു വിറ്റുകിട്ടിയ പണത്തില്‍ പാതി പണം ആദ്യമായി അഭി അയാന്റെ പേരില്‍ ബാങ്കിലിട്ടുനല്‍കി. തന്നതു തന്നില്ലായെന്നതു പറയാനാവില്ല എനിക്ക്‌. എന്റെയൊപ്പമുള്ളപ്പോഴാണു കാര്‍ വില്‍ക്കുന്നത്‌. അതിസാമര്‍ത്ഥ്യക്കാരിയായിരുന്നെങ്കില്‍ എനിക്കാ പണം മുഴുവന്‍ എടുക്കാമായിരുന്നു. പക്ഷേ മറ്റു രണ്ടു മക്കള്‍ക്കുംകൂടി കൊടുക്കണമെന്നു നിര്‍ബന്ധിച്ചതു ഞാനാണ്‌. അതെന്റെ ഔദാര്യമല്ല. ആ മക്കള്‍ക്ക്‌ അച്‌ഛന്റെ മേലുള്ള അവകാശമാണ്‌. അതു മറ്റാരെക്കാളും തിരിച്ചറിയുന്നവളാണു ഞാന്‍. ആ മൂന്നുമാസം ഗോപികയും ഞാനും ഒന്നിച്ചു ജീവിക്കണമെന്ന വാശിയിലായി അഭി. എനിക്കു മടിയില്ല. എങ്കിലും ഒന്നിച്ചു ജീവിക്കുമ്പോള്‍ എന്തെങ്കിലും എന്നെ പറഞ്ഞാല്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭയന്നു ഞാന്‍. 

അതുകൊണ്ട്‌ ആ ജീവിതത്തിനു ഞാനൊരു വലിയ 'നോ' പറഞ്ഞു. ആ സമയത്തു ഗോപിക എന്നോടു ഫോണില്‍ പറഞ്ഞുകരയും: ''ഞാന്‍ ഒരുപാടു സ്‌നേഹിച്ച മനുഷ്യനാണ്‌...'' എന്നൊക്കെ. അതുകേള്‍ക്കുമ്പോള്‍ എനിക്കു സങ്കടമാകും. ഗോപികയുടെ സങ്കടങ്ങള്‍ക്കുമേല്‍ എന്റെ സങ്കടങ്ങളെ ഞാന്‍ മാറ്റിവച്ചു. അഭി എന്റെയൊപ്പം വേണമെന്നു ഞാന്‍ വാശിപിടിച്ചില്ല. അങ്ങനെ അഭി ഗോപികയ്‌ക്കൊപ്പം പോയി. 

അതിനുശേഷവും സംഭവങ്ങള്‍ നിരവധിയാണ്‌. പക്ഷേ അതിനുമുമ്പ്‌ എന്റെ ഓര്‍മ്മയില്‍ വന്നുനിറയുന്ന കുട്ടിക്കാലം മുതലുള്ള ജീവിതകഥകൂടി പറഞ്ഞേ മതിയാകൂ... ആദ്യനാളുകളില്‍ മമ്മൂട്ടിക്കു ഡബ്‌ചെയ്‌തിരുന്ന രതീഷാണ്‌ എന്റെ അച്‌ഛന്‍. ആര്‍ട്ടിസ്‌റ്റായ രാധാദേവിയാണ്‌ അമ്മ. ഇരുവരുടെയും രണ്ടാംവിവാഹം. പിന്നീട്‌ അവര്‍ വേര്‍പിരിഞ്ഞശേഷം ഇരുവര്‍ക്കുമൊപ്പം മാറി മാറിയുള്ള എന്റെ ജീവിതം... സങ്കടങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം... പിന്നീട്‌ കമല്‍റോയ്‌ അടക്കം മൂന്നുപേരുടെ ദാമ്പത്യം പങ്കിടേണ്ടിവന്ന ദുരിതകാലം. അക്കഥ പറയാം ഞാന്‍. എന്നിട്ടു തീരുമാനിക്കൂ. ഞാന്‍ എന്തുതെറ്റാണു ചെയ്‌തത്‌.

എന്നും രാത്രിയില്‍ മദ്യപിച്ചെത്തുന്ന നിര്‍മ്മല്‍ എന്നെ പലവിധത്തില്‍ പീഡിപ്പിക്കും. എങ്കിലും ഭാര്യയെന്നനിലയില്‍ അതൊക്കെ അനുഭവിച്ചു ജീവിക്കേണ്ടവളാണെന്ന ധാരണയിലായിരുന്നു ഞാന്‍.

സീരിയല്‍ അഭിനയം രണ്ടാമത്‌ ആരംഭിച്ചത്‌ നിര്‍മ്മലിന്റെ നിര്‍ബന്ധംകൊണ്ടാണ്‌. പലയിടത്തും ഞങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ പലരും 'അച്‌ഛനാ'ണോയെന്നു ചോദിക്കും. അപ്പോള്‍ ഞാന്‍ പറയും: 'ഭര്‍ത്താവാണ്‌.' ആ നേരം നിര്‍മ്മല്‍ ഒന്നും മിണ്ടില്ല. 

പക്ഷേ വീട്ടില്‍ വരുമ്പോള്‍ ആ സംഭവം പറഞ്ഞു വഴക്കുണ്ടാക്കും. ഒരുദിവസം ഒരു ചെറിയ ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു. ഒരു ഗുണ്ടുമണി. എനിക്ക്‌ അസിസ്‌റ്റന്റായി കൊണ്ടുവന്നതാണെന്നു പറഞ്ഞു. സെറ്റില്‍ പോകുമ്പോള്‍ സാരിയൊക്കെ ഉടുക്കാന്‍ സഹായിക്കുമെന്ന്‌. ഞാന്‍ വേണ്ടെന്നു പറഞ്ഞു: 'എങ്ങനെയാണ്‌ ഈ കൊച്ചു ആണ്‍കുട്ടിയെക്കൊണ്ട്‌?'

നിര്‍മ്മല്‍ നിര്‍ബന്ധിച്ചു. അനുസരിക്കാതെ വയ്യ. ആദ്യദിവസം സെറ്റില്‍ ഞാന്‍ ഒപ്പം കൂട്ടി. രാത്രിയില്‍ വീട്ടില്‍ വന്നു. കഴിക്കാന്‍ എന്തുവേണമെന്നു ചോദിച്ചു ഞാന്‍. വീട്ടിലുള്ള ചോറും ചപ്പാത്തിയുമൊന്നും പോരാ. ബിരിയാണി വേണം. 

വലിയ നിര്‍ബന്ധത്തോടെയാണ്‌ അവന്‍ പറയുന്നത്‌. എനിക്കു ദേഷ്യമായി. ചേട്ടനോടു വിളിച്ചുപറയാനാണ്‌ അവന്‍ പറയുന്നത്‌. നിര്‍മ്മലിനെ വിളിച്ചുപറയേണ്ട താമസം. രാത്രിയില്‍ ബിരിയാണിയുമായി വന്നു. ഇതൊന്നും കാണാനുള്ള ക്ഷമ എനിക്കുണ്ടായില്ല. ഞാന്‍ പോയിക്കിടന്നു. പാതിരാത്രിയില്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ ബെഡ്‌ഡില്‍ നിര്‍മ്മല്‍ ഇല്ല. ചിലസമയത്തു മുറിയിലെ ദിവാനില്‍ കിടക്കുക പതിവുണ്ട്‌. പക്ഷേ ദിവാനിലും ഇല്ല. അപ്പോള്‍ ഞാന്‍ കരുതി ബാത്‌റൂമില്‍ പോയതാകും. ലൈറ്റിടാതെ, ശബ്‌ദമുണ്ടാക്കാതെ ഞാന്‍ വാതില്‍ തുറന്നു ഹാളിലെത്തി. വാതില്‍ തുറന്നതും കേള്‍ക്കാം എന്തോ ഒരു മുറുമുറുപ്പ്‌. ആ ചെറിയ പയ്യന്റെ അടുത്ത്‌ നിര്‍മ്മല്‍. ഞാന്‍ ലൈറ്റിട്ടതും അവര്‍ രണ്ടുപേരും ഞെട്ടിപ്പോയി.

കലച്ചേച്ചി നല്‍കിയ സാന്ത്വനം

ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞാനാകെ വിഷമിച്ചുപോയി. പിറ്റേന്നു ലൊക്കേഷനില്‍ ചെന്നിട്ട്‌ എനിക്ക്‌ രാത്രിസംഭവമാണു മനസില്‍. ആരോടാണു ഞാനിതു പറയുക എന്ന ആധി. അച്‌ഛനോടു വിളിച്ചുപറഞ്ഞാലോയെന്നുപോലും തോന്നി ഒരുവേള. ആരോടും പറയാനും പറയാതിരിക്കാനും പറ്റാത്ത എന്റെ മുഖം കണ്ടിട്ടാവണം സെറ്റിലുണ്ടായിരുന്ന കലച്ചേച്ചി (കലാരഞ്‌ജിനി) എന്നോടു ചോദിച്ചു: 'എന്തുപറ്റി , എന്താടീ?' 

ഞാനൊന്നുമില്ലെന്നു പറഞ്ഞു. എങ്കിലും എന്റെ കണ്ണുനിറഞ്ഞു. അപ്പോഴേക്കും എന്റെ നിയന്ത്രണംവിട്ടു. കാര്യം പറഞ്ഞു. കലച്ചേച്ചി എന്നെ കുറേ ആശ്വസിപ്പിച്ചു. എന്റെ സ്വന്തം ചേട്ടത്തിയെപ്പോലെയാണു കലച്ചേച്ചി.

'ഇങ്ങനെ ചിലരുണ്ട്‌. 'വൃത്തികെട്ടവന്മാര്‍' എന്നു കലച്ചേച്ചി പറയുമ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി. ഒരു വീട്ടില്‍ ഉണ്ടെങ്കിലും ഒന്നിച്ചൊരു ജീവിതമായിരുന്നില്ല പിന്നീട്‌. ഒരു വീട്ടില്‍ ഉണ്ടെന്നേയുള്ളൂ. എങ്കിലും ഭക്ഷണം ഉണ്ടാക്കാനും വിളമ്പിക്കൊടുക്കാനും മടിച്ചില്ല. പിന്നീട്‌ ഈ പയ്യനെ പറഞ്ഞുവിട്ടു. പകരം ഗൗരിയെന്ന തമിഴ്‌ പെണ്‍കുട്ടിയെ കൊണ്ടുവന്നു. 

ശരീരത്തില്‍ സ്വാമി

അവളെ സ്വന്തം അനിയത്തിയെപ്പോലെയാണു ഞാന്‍ കണ്ടത്‌. അവള്‍ക്കു നല്ല വസ്‌ത്രവും ആഭരണങ്ങളുമൊക്കെ വാങ്ങിക്കൊടുക്കും. ഒരുദിവസം മുറി തുടയ്‌ക്കാന്‍ പറഞ്ഞിട്ടു കേട്ടില്ല. പകരം ഒരു പേപ്പറില്‍ എഴുതിയ കത്തു തന്നു. 

''ഞാന്‍ സ്വന്തം ചേച്ചിയെപ്പോലെയാണു കരുതുന്നത്‌. പക്ഷേ അണ്ണന്‍ അങ്ങനെയല്ല കാണുന്നത്‌. രാത്രിയില്‍ എന്റെ ശരീരത്തില്‍ സ്വാമി (ദൈവം) കയറുന്നുണ്ട്‌. കാവിമുണ്ടുടുത്ത്‌ ഒരു രൂപം എന്റെ ശരീരത്തില്‍ വന്നുവീഴുക പതിവാണ്‌. ഇപ്പോള്‍ മാസമുറ തെറ്റിയിരിക്കുന്നു.'' ഒറ്റയടി കൊടുത്തു ഞാന്‍.

സ്വാമി എന്നത്‌ എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല. ഞാന്‍ എപ്പോഴും അവളോടു പറയും അടുത്ത മുറിയില്‍ കുറ്റിയിട്ടേ കിടക്കാവൂ. പക്ഷേ അവള്‍ അടുക്കളയിലേ കിടക്കൂ. അന്നു നിര്‍മ്മല്‍ വന്നപ്പോള്‍ ഞാന്‍ 'സ്വാമി'ക്കാര്യം പറഞ്ഞു. എടുത്തടിച്ചപോലെ 'അതിന്‌ ഞാനാണോ കാരണക്കാരന്‍' എന്നു ചോദിച്ചു. എന്നിട്ട്‌ നേരേചെന്ന്‌ അവളുടെ വയറ്റില്‍ ഒരു തൊഴി. പാവം അതു ദൂരെ തെറിച്ചുപോയിക്കിടന്നു. ഗര്‍ഭത്തിന്‌ ഉത്തരവാദി അടുത്ത വീട്ടിലെ ആളാകും എന്നായി നിര്‍മ്മല്‍. എപ്പോഴും 'എന്തിനാണ്‌ ഈ പ്രായമുള്ള ആളെ കല്യാണം കഴിച്ച'തെന്ന്‌ എന്നോടു ചോദിക്കുന്ന ഒരു പെണ്ണുണ്ട്‌ അയലത്ത്‌. അവളുടെ ഭര്‍ത്താവാണു കാരണക്കാരന്‍ എന്നാണു നിര്‍മ്മല്‍ പറയുന്നത്‌. ആ വേളയില്‍ ഭാഗ്യം എനിക്കൊപ്പമായിരുന്നു. അക്കുറി മാസമുറ അല്‍പം താമസിച്ചതു മാത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രശ്‌നം. ഞാനുംകൂടിച്ചേര്‍ന്ന്‌ അവളെ സ്വന്തം വീട്ടില്‍ കൊണ്ടാക്കി. തമിഴ്‌നാട്ടിലെ ഏതോ ഒരു കുഗ്രാമക്കാരിയാണ്‌. ഒരു കൊച്ചു പെണ്‍കുട്ടി... എന്തെങ്കിലും സംഭവിച്ചാല്‍...?

എനിക്കു പേടിയുണ്ടെന്നു ഞാന്‍ നിര്‍മ്മലിനോടു പറഞ്ഞു. എങ്കിലും ഭയക്കാനൊന്നുമില്ലെന്നു തോന്നിയിരുന്നു. കാരണം എപ്പോഴേ ഞാന്‍ ഗര്‍ഭം ധരിച്ചേനെ. എന്നാല്‍ എന്റെ എന്തോ തകരാറുകൊണ്ടാണ്‌ ഗര്‍ഭം ധരിക്കാത്തതെന്നായിരുന്നു നിര്‍മ്മലിന്റെ പക്ഷം. അങ്ങനെ പലതരം ടെസ്‌റ്റുകള്‍ നടത്തി. ഒരമ്മയാകാനുള്ള മോഹം അത്രയധികമായിരുന്നു. യൂസഫിന്റെ നിര്‍ബന്ധത്തില്‍ ആദ്യഗര്‍ഭം അബോര്‍ഷന്‍ നടത്തിയതു മുതല്‍ എന്നിലെ അമ്മ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ ആശുപത്രിയിലെ വേദനിപ്പിക്കുന്ന ടെസ്‌റ്റുകള്‍ക്കുപോലും വിധേയയായി. സാധാരണയായി ഒരു ട്യൂബ്‌ടെസ്‌റ്റു നടത്തുക അനസ്‌തേഷ്യ നല്‍കിയിട്ടാണ്‌. പക്ഷേ അതിനു ചെലവേറുമെന്നതിനാല്‍ അനസ്‌തേഷ്യ വേണ്ടെന്നു പറഞ്ഞു നിര്‍മ്മല്‍. അധികം വേദനയില്ലെന്നു പറഞ്ഞു തിയേറ്ററില്‍ കയറ്റി. പക്ഷേ സര്‍വലോകവും കാണുന്നത്ര വേദന. ടെസ്‌റ്റിന്റെ ഫലംവന്നപ്പോള്‍ എനിക്ക്‌ അനുകൂലം. എനിക്കു യാതൊരു പ്രശ്‌നവുമില്ല. പക്ഷേ ഒരു കുഞ്ഞില്ലെങ്കിലും ഭര്‍ത്താവിനൊപ്പം സ്വസ്‌ഥമായി ജീവിക്കാനേ ആഗ്രഹിച്ചുള്ളൂ. കാരണം എനിക്കു താങ്ങും തണലുമായി നിര്‍മ്മലേയുള്ളൂ. എന്നാല്‍ നിര്‍മ്മലിനു ശാരീരികമായി പീഡിപ്പിച്ചു രസിക്കാന്‍ ഒരു ശരീരം മാത്രമായിരുന്നു ഞാന്‍. 

സിഗരറ്റ്‌ കുത്തി വേദനിപ്പിക്കും

അടിയും ഇടിയും എന്തിന്‌ സിഗരറ്റുകുറ്റി ദേഹത്തു കുത്തി വേദനിപ്പിക്കുന്ന സ്വഭാവംവരെയുണ്ടായിരുന്നു നിര്‍മ്മലിന്‌. മറ്റുള്ളവര്‍ക്കു മുന്നില്‍ മാന്യനാണ്‌ നിര്‍മ്മല്‍. യൂസഫെന്ന മുസ്ലീംപയ്യന്‍ ഉപേക്ഷിച്ചിട്ടു പോയ പെണ്ണിന്‌ ഒരുജീവിതം കൊടുത്തവന്‍. പക്ഷേ വീട്ടില്‍ എനിക്കാ പരിഗണനയല്ല തന്നത്‌. വേദനകളില്‍നിന്ന്‌ വേദനകളിലേക്കായിമാത്രം പകുത്തെടുത്ത രാപ്പകലുകള്‍. ആ സമയത്ത്‌ യൂസഫ്‌ എന്നെ വിളിക്കാന്‍തുടങ്ങി. 

''എന്റെ ജീവിതം ശരിയാകുന്നില്ല. എനിക്കു ജീവിക്കണമെങ്കില്‍ നീ വേണം. നീ ഇല്ലാതെ പറ്റില്ല' എന്നമട്ടിലാണ്‌ യൂസഫിന്റെ സംസാരം.

യൂസഫിനെ ഉപേക്ഷിച്ചശേഷം ആദ്യമായി യൂസഫിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നെന്നെ തൊട്ട കാലമായിരുന്നു. എന്നെപ്പോലൊരു പെണ്ണിനെ എന്തിനാണു യൂസഫ്‌ ഉപേക്ഷിച്ചുപോയത്‌. അതുകൊണ്ടാണല്ലോ ഈ സങ്കടങ്ങളൊക്കെ ഞാന്‍ അനുഭവിക്കേണ്ടിവന്നതെന്ന ചിന്തയായിരുന്നു എനിക്ക്‌. സത്യത്തില്‍ എത്ര ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതാണ്‌ ഞാന്‍ യൂസഫിനെ. ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ വലിയ സങ്കടത്തോടെയാണ്‌ യൂസഫ്‌ സംസാരിച്ചത്‌. 'ഞാന്‍ കാരണമാണല്ലോ നിനക്ക്‌ ഇങ്ങനെ പല പ്രശ്‌നങ്ങള്‍ നേരിട്ട'തെന്ന കുറ്റബോധം ഉണ്ടായിരുന്നു യൂസഫിന്‌. ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ രേഖയെന്നു വിളിക്കില്ലായിരുന്നു യൂസഫ്‌. പകരം 'രേവുമ്മാ'യെന്നു വിളിക്കും. എന്നും താരമായി നില്‍ക്കണമെന്നു പ്രോത്സാഹിപ്പിക്കും. പലരും പറയുംപോലെ 'രേവുമ്മാ നിനക്കു നടി ജ്യോതിക'യുടെ മുഖച്‌ഛായയുണ്ടെന്നു പറയുമായിരുന്നു യൂസഫ്‌. സത്യത്തില്‍ ഭര്‍ത്താവ്‌, ഭാര്യ എന്ന ചട്ടക്കൂട്ടിലായിരുന്നില്ല ഞങ്ങള്‍. നല്ല കൂട്ടുകാരെപ്പോലെ അടിച്ചുപൊളിച്ചൊരു ദാമ്പത്യം. പക്ഷേ അതും ആത്മാര്‍ത്ഥ സ്‌നേഹമായിരുന്നില്ല എന്നറിയാന്‍ കാലങ്ങളെടുത്തു. എന്നാല്‍ അഭിലാഷ്‌ ജീവിതത്തിലേക്കു വന്നശേഷം യൂസഫിനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടേയില്ല. അഭിയേട്ടന്‍ എന്തെങ്കിലും പറഞ്ഞാലും 'നട്ടെല്ലില്ലാത്തവന്‍... പോയി' എന്നുപറഞ്ഞു സംസാരം മാറ്റുമായിരുന്നു. സത്യത്തില്‍ അഭിയെ സ്‌നേഹിച്ചതുപോലെ മറ്റാരെയും സ്‌നേഹിച്ചിട്ടില്ലായെന്നു തോന്നിയിരുന്നു. അക്കാര്യം അഭിലാഷിനോടും പറഞ്ഞിട്ടുണ്ട്‌.

'എനിക്ക്‌ യൂസഫിനോടു ദേഷ്യമാണ്‌ അഭിയേട്ടാ' എന്നുപറഞ്ഞതു വെറുതെയായിരുന്നില്ല. എന്റെ വയറ്റില്‍ ആദ്യമായി പൊടിഞ്ഞ കുഞ്ഞിനെ കൊന്നുകളഞ്ഞവന്‍ എന്ന ഇമേജാണ്‌ യൂസഫിനുള്ളത്‌. എന്നാല്‍ അഭിയേട്ടന്‍ എനിക്കൊരു കുഞ്ഞിനെ തന്നവനാണ്‌. ആ ചാനല്‍പരിപാടി കഴിഞ്ഞ്‌ 'ജീവിച്ചാല്‍ രേഖയുടെ കൂടെ' എന്നുപറഞ്ഞ്‌ എത്രയോ പേരുടെ മുന്നിലൂടെ എന്നെ മുറുക്കിപ്പിടിച്ചു നടത്തിയവനാണ്‌ അഭിയേട്ടന്‍. ആദ്യമായാണ്‌ എന്റെ ഒരു ഭര്‍ത്താവില്‍നിന്ന്‌ അത്തരം സുരക്ഷിതത്വം അനുഭവിച്ചത്‌. അമ്മ, ഭാര്യ, മക്കള്‍... എന്നിവരെപ്പോലും ഉപേക്ഷിച്ച്‌ എന്റെകൂടെ വരുന്നു. ഇന്നേവരെ ജീവിതത്തില്‍ അത്തരം ഒരു സ്‌നേഹം ആരും തന്നിട്ടില്ല. എന്റെ അച്‌ഛന്റെയും അമ്മയുടെയും വീട്ടില്‍ എത്ര ബന്ധുക്കള്‍... അപ്പച്ചിമാര്‍, കൊച്ചമ്മമാര്‍... ആരും എനിക്കു സ്‌നേഹത്തോടെ ഒരുരുള ചോറു തന്നിട്ടില്ല. എന്റെ ചേട്ടന്റെ 'മകള്‍' അല്ലെങ്കില്‍ 'എന്റെ' എന്ന്‌ ഒരു ബന്ധുവും എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതല്‍ 'ഇവള്‍ ഞങ്ങളുടെ ആരും അല്ല' എന്നവിധമുള്ള അകല്‍ച്ചയേ കാട്ടിയിട്ടുള്ളൂ. കുട്ടിക്കാലത്ത്‌ അത്തരം ഒരു സ്‌നേഹവാക്കിന്‌ എത്ര കൊതിച്ചിട്ടുണ്ടെന്നോ. യൂസഫില്‍നിന്നും പിന്നീടു നിര്‍മ്മലില്‍നിന്നുപോലുമോ എന്നെ പരിഗണിക്കുന്നതായി തോന്നിട്ടില്ല. എന്നാല്‍ മനസ്‌ തകര്‍ന്നിരുന്നപ്പോള്‍ യൂസഫ്‌ വിളിച്ചത്‌ ഒരാശ്വാസംതന്നെയായിരുന്നു. 

എന്നാല്‍ ഓരോരോ പ്രശ്‌നങ്ങള്‍ എന്നിലേക്കു വന്നുചേരുമ്പോള്‍ ഒരു സ്‌നേഹത്തണല്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. ആ തണലില്‍നിന്നു മറ്റൊരാളെ മനസാപോലും ആഗ്രഹിച്ചില്ല. എന്നിട്ടും നാലുപേരുടെ ഭാര്യയാകേണ്ടിവന്നവളാണു ഞാന്‍. എന്നിട്ടും ആത്മസംയമനത്തോടെ നില്‍ക്കാനേ ശ്രമിച്ചിട്ടുള്ളൂ. യൂസഫ്‌ ഫോണില്‍ വിളിക്കുമ്പോഴും യൂസഫിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പിന്‍തിരിപ്പിച്ചതു ഞാനാണ്‌. 

അത്തരം വേദനകള്‍ക്കിടയിലാണ്‌ കമലേ( ഉര്‍വശിയുടെ സഹോദരന്‍ കമല്‍റോയ്‌) ട്ടന്റെ രംഗപ്രവേശം. തിരുവനന്തപുരത്തുവച്ചാണു കാണുന്നത്‌. ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ ചെന്നൈയില്‍വച്ച്‌ കുട്ടിക്കാലംമുതലേ അറിയുമായിരുന്നെങ്കിലും വളരെനാളുകള്‍ക്കുശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്‌. അന്നു മകനും ഭാര്യയുമായി അകന്നുനില്‍ക്കുകയാണ്‌ കമലേട്ടന്‍. എന്റെ സങ്കടങ്ങള്‍ കാണുമ്പോള്‍ കമലേട്ടന്‍ ആശ്വസിപ്പിക്കും.' എന്താ മക്കളേ നീ എപ്പോഴും കരച്ചില്‍. എന്താ മക്കളേ പ്രശ്‌നം?' മക്കളേന്നു വിളിച്ചാണു കമലേട്ടന്‍ ആശ്വസിപ്പിച്ചിരുന്നത്‌. 

നിര്‍മ്മല്‍ 'എന്നെ ദ്രോഹിക്കുക മാത്രമല്ല, എന്റെ അച്‌ഛനെ കൊല്ലുമെന്നുമൊക്കെ ഭീഷണിപ്പെടുത്തുകയാണ്‌.' ഞാന്‍ കമലേട്ടന്റെ മുന്നില്‍ വാവിട്ടുകരഞ്ഞാണ്‌ കാര്യങ്ങള്‍ പറയുന്നത്‌. 

'എന്നാല്‍ നമുക്കു കാണണമല്ലോ. ഞാന്‍ വരാം നിന്റെ കൂടെ' എന്നായി കമലേട്ടന്‍. വേണ്ടെന്നു പറഞ്ഞു ഞാന്‍. കാരണം അതു പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കുകയേയുള്ളൂ. എന്നാല്‍ കമലേട്ടന്‍ തന്ന സ്‌നേഹപരിഗണനകള്‍ എന്നെ ആശ്വസിപ്പിച്ചു. ഈസമയത്താണ്‌ രക്‌തം ഛര്‍ദ്ദിച്ച്‌ കമലേട്ടന്‍ ആശുപത്രിയിലായത്‌. ബന്ധുക്കള്‍ ആരുമില്ല. ഞാനും എന്റെ ചേച്ചിയും കൂടിയാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. മഞ്ഞപ്പിത്തം കൂടിയതാണ്‌ പ്രശ്‌നം. അന്നു കലച്ചേച്ചിയും മിനി (കല്‍പന) ച്ചേച്ചിയുമൊക്കെ വിളിച്ചു.: 'ഞങ്ങള്‍ വരണോയെന്നു' ചോദിച്ചു. തല്‍ക്കാലം ഞാന്‍ നോക്കിക്കോളാം എന്ന്‌ ആശ്വസിപ്പിച്ചു. ഞാനും നിര്‍മ്മലുമായുള്ള പ്രശ്‌നം ശരിയായി അറിയാവുന്ന ആളാണ്‌ കലച്ചേച്ചി. കുറച്ചുദിവസം എനിക്കൊപ്പം വീട്ടില്‍ താമസിച്ചിട്ടുണ്ട്‌. അന്നു കലച്ചേച്ചിയും അച്‌ഛനോടു പറഞ്ഞിരുന്നു: 'രതീഷേട്ടാ ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കണം.'

നിര്‍മ്മലിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങള്‍ കൂടിക്കൂടി വരുന്ന ദിവസങ്ങളിലൊന്നില്‍ ചെന്നൈയില്‍നിന്ന്‌ അച്‌ഛന്‍ വീട്ടില്‍ വന്നു. അന്നു വീട്ടില്‍ സഹായിയായി നിന്നിരുന്ന ജയച്ചേച്ചി അച്‌ഛനോടു പറഞ്ഞു:

'അതിനെ എത്രയും വേഗം കൊണ്ടുപൊയ്‌ക്കോണം. അല്ലെങ്കില്‍ അതിന്റെ പൊടിപോലും കിട്ടത്തില്ല.'

അന്ന്‌ അച്‌ഛനൊപ്പം ഇറങ്ങിപ്പോയത്‌ മെല്ലെ കമല്‍റോയിയുടെ ജീവിതത്തിലേക്കാണെന്നു തോന്നിപ്പോവുകയാണ്‌ ഇപ്പോള്‍. എന്നെ സ്വന്തം അനിയത്തിയെപ്പോലെ കരുതുന്ന ചേച്ചിമാരുടെ പൊന്ന്‌ അനിയന്റെ ഭാര്യയായി സ്വസ്‌ഥമായൊരു ജീവിതം സ്വപ്‌നംകണ്ടുപോയി ഞാന്‍. കാരണം കുടുംബം എന്നുമെന്റെ സ്വപ്‌നമായിരുന്നു. അച്‌ഛന്‍... അമ്മ... മക്കള്‍... പക്ഷേ സ്വപ്‌നംപോലൊരു ജീവിതം വച്ചുനീട്ടാന്‍ കമലേട്ടനും കഴിയാതെപോയി. തന്നത്‌ അപ്പാടേ വേദനകള്‍... കടല്‍പോലെ സങ്കടങ്ങള്‍... ആ സങ്കടക്കടലിലേക്ക്‌.

കമല്‍ തന്ന ജീവിതം
എന്നും എന്റെ ജീവിതം തീപിടിച്ചതുപോലെയാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ഒരു ചെറിയ നെരിപ്പോടില്‍നിന്ന്‌ ആളിപ്പടരുന്ന അഗ്നികുണ്ഡത്തിലേക്കു വീണുപോകുന്ന അവസ്‌ഥ. എന്റെ ജീവിതത്തില്‍ വന്നുപോയവരൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വേദനിപ്പിച്ചുകൊണ്ടിരുന്നു. അടുത്ത ബന്ധുക്കള്‍ മുതല്‍ ഭര്‍ത്താക്കന്മാര്‍വരെ അതില്‍നിന്നു മാറിനില്‍ക്കുന്നില്ല. പക്ഷേ എന്നെ വേദനിപ്പിച്ചു കടന്നുപോയവരുടെ മുന്നിലൊക്കെ ''എനിക്കു ജീവിതം തരൂ... എന്നെ സ്‌നേഹിക്കൂ'' എന്ന്‌ കേണപേക്ഷിച്ചിട്ടേയുള്ളൂ ഞാന്‍.

യൂസഫിനു മുന്നിലും നിര്‍മ്മലിനു മുന്നിലും കെഞ്ചിയത്‌ ആ ജീവിതത്തിനുവേണ്ടിയാണ്‌. നിര്‍മ്മല്‍ എന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന കാലത്തും ഞാന്‍ പ്രതീക്ഷിച്ചത്‌ നിര്‍മ്മലിനൊപ്പം സ്വപ്‌നംപോലെ പറന്നുനടക്കാന്‍ കഴിയുന്ന ഭാവിജീവിതമാണ്‌. അന്നൊക്കെ വീട്ടില്‍ വളര്‍ത്തുന്ന ലൗവ്‌ബേര്‍ഡ്‌സിന്റെ കൂട്ടില്‍ച്ചെന്ന്‌ മനസിനെ ആശ്വസിപ്പിക്കാനായി ഒരു ഭാഗ്യപരീക്ഷണം നടത്തും. കൂട്‌ തുറന്നുവയ്‌ക്കും. എന്നിട്ട്‌ ലൗവ്‌ ബേര്‍ഡ്‌സിനോടു പറയും: ''പ്ലീസ്‌ പക്ഷികളേ നിങ്ങള്‍ പറന്നുപോകൂ... പറന്നുപോകൂ...''

പക്ഷേ പക്ഷികളൊന്നും പറന്നുപോകില്ല. സാധാരണ കൂടു തുറന്നുവച്ചാല്‍ പക്ഷികള്‍ പറന്നുപോകേണ്ടതാണ്‌. ഇതു പറന്നുപോകില്ല. അതോടെ എനിക്കു സങ്കടമാകും. അങ്ങനെ പക്ഷികള്‍ പറന്നുപോയാല്‍ നമ്മുടെ ജീവിതത്തിലേക്കു സന്തോഷം വന്നുചേരുമെന്നാണ്‌ വിശ്വാസം. പക്ഷികള്‍ എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചൂവെന്നു വേണം കരുതാന്‍. കാരണം ജീവിതത്തിലേക്കു കൂടുതല്‍ കൂടുതല്‍ സങ്കടങ്ങള്‍ കരുതിവച്ചതേയുള്ളൂ നിര്‍മ്മല്‍. ഒരുദിവസം ലൗവ്‌ബേര്‍ഡ്‌സിനു തീറ്റകൊടുത്തു താഴേക്കുള്ള പടികള്‍ ഇറങ്ങുമ്പോള്‍ നിര്‍മ്മല്‍ എന്നെ പിന്നില്‍നിന്ന്‌ ഒരു ചവിട്ട്‌. സ്‌റ്റെയര്‍കെയ്‌സിനു മുകളില്‍നിന്നു താഴെവന്നു വീണു ഞാന്‍. ചുണ്ടുകള്‍ പൊട്ടി. ദേഹത്തു പലഭാഗത്തും മുറിവ്‌.

ശ്രുതിയുടെ ഉപദേശം: പിറ്റേന്നു സീരിയലിന്റെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ എല്ലാവരും അതേക്കുറിച്ചു ചോദിച്ചു. എന്റെ മുഖമാകെ നീരുവന്നിരിക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍. ആ സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ കന്നടനടി ശ്രുതിയാണ്‌. 'കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍' എന്ന സിനിമയില്‍ നായികയായി വന്നയാളാണു ശ്രുതി. ചേച്ചി എന്നെ അടുത്തുവിളിച്ച്‌ ഇരുത്തി.

''ആരാ ഇങ്ങനെയൊക്കെ ചെയ്‌തത്‌.''

ഭര്‍ത്താവാണെന്നു പറഞ്ഞപ്പോള്‍ അയാളെ എനിക്ക്‌ ഒന്നു കാണണമെന്നു പറഞ്ഞു. അങ്ങനെ കാണണമെന്നു പറഞ്ഞാല്‍ അതു കേള്‍ക്കുന്ന ആളല്ല നിര്‍മ്മല്‍. ഭാഗ്യത്തിനു ശ്രുതിയെ കാണാന്‍ തയ്യാറായി . അവര്‍ കുറേ ഉപദേശിച്ചു. ''എന്തിനാണ്‌ അവരെ ദ്രോഹിക്കുന്നത്‌. വേണ്ടെങ്കില്‍ ഉപേക്ഷിക്കുക. നിങ്ങള്‍ എപ്പോഴെങ്കിലും അവളുടെ പുറം കണ്ടിട്ടുണ്ടോ. നിറയെ അടിച്ച പാടുകളാണ്‌. കുട്ടിയെ ഈവിധം ഉപദ്രവിക്കരുത്‌. ഇത്രയും നല്ല ആര്‍ട്ടിസ്‌റ്റാണെന്ന്‌ അഭിമാനിക്കുന്നയാളല്ലേ താങ്കള്‍. അങ്ങനെയുള്ള താങ്കള്‍ ഒരിക്കലും ഇങ്ങനെ ദ്രോഹിക്കാന്‍ പാടുള്ളതല്ല.''

''ഇനി ഒരിക്കലും ഈ രീതിയില്‍ ദ്രോഹിക്കില്ല. സോറി... സോറി ശ്രുതി. ഒരു തെറ്റ്‌ ആര്‍ക്കാണു സംഭവിക്കാത്തത്‌.'' വളരെ നേര്‍ത്ത ശബ്‌ദത്തില്‍ കുറ്റബോധത്തോടെയാണ്‌ നിര്‍മ്മല്‍ സംസാരിച്ചത്‌. ഞാന്‍ ആശ്വസിച്ചു. ഉപദേശിക്കാനും നേര്‍വഴി നടത്താനും അടുത്ത ബന്ധുക്കള്‍ക്കു പകരം ദൈവം തന്ന ബന്ധുവാണു ശ്രുതിയെന്നു തോന്നിപ്പോയി. പക്ഷേ രാത്രിയില്‍ എന്നോട്‌ ഇതിനെല്ലാം ഞാന്‍ പകരംവീട്ടുമെന്ന രീതിയിലാണ്‌ നിര്‍മ്മല്‍ വന്നത്‌. അയാം നിര്‍മ്മല്‍.''

''നീയെന്താ കരുതിയത്‌. അവള്‍ ഉപദേശിച്ചാല്‍ ഞാന്‍ മാറുമെന്നോ... അവള്‍ നീ പറഞ്ഞതൊക്കെ വിശ്വസിച്ചു. അവളാരാ ... ക.... ന്ന...ട... ക്കാ... രി...'' വല്ലാതെ ഇഴഞ്ഞിഴഞ്ഞു പുച്‌ഛത്തോടെയാണ്‌ നിര്‍മ്മലിന്റെ സംസാരം.

''യൂ നോ... അയാം നിര്‍മ്മല്‍...'' എന്നുപറഞ്ഞു സ്വന്തം നെഞ്ചില്‍ ആഞ്ഞിടിച്ച്‌ എന്നെ പരിഹസിക്കുകയാണ്‌.

''ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്യുന്നുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം ഞാന്‍ നിര്‍മ്മലാണ്‌.'' വല്ലാതെ ശബ്‌ദമുയര്‍ത്തിയാണ്‌ നിര്‍മ്മല്‍ സംസാരിക്കുന്നത്‌.

ഈ സംസാരം കേള്‍ക്കുമ്പോഴേ എന്റെ ഹൃദയം പടപടാന്നു ഇടിച്ചുതുടങ്ങും. ഇനി പലവിധത്തില്‍ പീഡനം ആരംഭിക്കും. ഒരു ചെറിയ സ്‌റ്റൂളില്‍ എന്നോട്‌ ഇരിക്കാന്‍ പറയും. പേടിച്ച്‌ അതില്‍ കൂനിപ്പിടിച്ചിരിക്കുമ്പോള്‍ നിര്‍മ്മല്‍ എന്റെ തലയ്‌ക്കുമുകളിലൂടെ കാലുയര്‍ത്തി കറക്കും. ആ സമയത്ത്‌ ഇരിപ്പില്‍ എന്തെങ്കിലും മാറ്റംവരുത്തിയാല്‍ കാല്‍ ആഞ്ഞുവന്ന്‌ എന്റെ ദേഹത്തു മുട്ടും. എന്നത്തെയുംപോലെ പലവിധത്തില്‍ എന്നെ അടിക്കും. എന്റെ ചേച്ചിയുടെ മകള്‍ വീട്ടിലുണ്ട്‌. അവള്‍ വന്നു തടഞ്ഞു. ''അങ്കിള്‍ രേഖച്ചിറ്റയെ ഒന്നും ചെയ്യരുത്‌... പ്ലീസ്‌.'' എന്നെപ്പോലെ അവളും അങ്കിളെന്നാണു വിളിച്ചിരുന്നത്‌. ഞാനും അവളും തമ്മില്‍ പ്രായത്തില്‍ മാസത്തിന്റെ വ്യത്യാസമേയുള്ളൂ. അവളെപ്പോലെ നിര്‍മ്മലിനെ അങ്കിളെന്നു വിളിച്ചിരുന്ന ഞാന്‍ പിന്നീടു നിര്‍മ്മലെന്നും നിര്‍മ്മല്‍ചേട്ടായെന്നുമൊക്കെ വിളിച്ചുതുടങ്ങിയതാണ്‌.

അച്‌ഛന്‍ പറഞ്ഞു ഇറങ്ങാം.

അന്നു രാത്രിയില്‍ ഞാന്‍ കുറേ കരഞ്ഞു. ചേച്ചിയുടെ മകള്‍ എന്നോടു ചോദിച്ചു:

''എന്തിനാ രേഖച്ചിറ്റേ ഇങ്ങനെ കഴിയുന്നത്‌. വേണ്ടെന്നുവച്ചൂടെ ഈ അങ്കിളിനെ.''

ഇരുട്ടില്‍ എന്റെ കണ്ണു നിറയുന്നത്‌ അവള്‍ കാണുന്നില്ല എന്ന ആശ്വാസം. ശരീരത്തിന്റെ വേദനകളേക്കാള്‍ മനസിന്റെ വേദനകളാണു വലുതെന്നു പറഞ്ഞില്ലേ ഞാന്‍. ഇതെല്ലാം അറിഞ്ഞ്‌ അച്‌ഛന്‍ വീട്ടിലെത്തി. അന്ന്‌ അച്‌ഛനെ അടിക്കാന്‍വരെ നോക്കി. ആ സമയത്തു കോഴിക്കോട്ടെ വീട്ടില്‍ നിര്‍മ്മലിന്റെ ചേട്ടന്റെ ആണ്ടുബലി. അവിടേക്കു പോകാന്‍ തയാറായിനില്‍ക്കുകയാണു നിര്‍മ്മല്‍. എനിക്കു കടുത്ത പനി. എങ്കിലും ഞാനും ചെല്ലണമെന്നു നിര്‍ബന്ധം. അപ്പോള്‍മാത്രം അച്‌ഛന്‍ ഇടപെട്ടു.

''അവള്‍ക്കു നല്ല പനിയല്ലേ. മരണമൊന്നുമല്ലല്ലോ. തല്‍ക്കാലം നിര്‍മ്മല്‍ പോയിട്ടു വാ.'' അച്‌ഛനെ അനുസരിച്ചു നിര്‍മ്മല്‍.

നിര്‍മ്മല്‍ പോയശേഷം:

അന്നു നിര്‍മ്മല്‍ പോയതും അച്‌ഛന്‍ എന്റെ സഹോദരനെ വിളിച്ചിട്ടു പറഞ്ഞു: ''രവീ നീയെല്ലാം വാരിക്കെട്ട്‌. നമുക്ക്‌ ഇവളെയുംകൊണ്ടു പോകാം.'' എനിക്ക്‌ അത്ഭുതമായി.

''നിനക്ക്‌ നിന്റേതായ എല്ലാം ഇവിടുന്ന്‌ എടുക്കാം. മതി ഈ പൊറുതി.''

അച്‌ഛന്‍ എനിക്ക്‌ ആത്മബലം തന്നു. എന്റെ തുണികള്‍ മാത്രമേ ഞാനെടുത്തുള്ളൂ. തുണി അടുക്കിയെടുക്കുന്നതിനിടയിലാണു മുറിയുടെ മൂലയില്‍ അടച്ചുവച്ചിരുന്ന നിര്‍മ്മലിന്റെ ഒരു പെട്ടി അച്‌ഛന്‍ ശ്രദ്ധിച്ചത്‌. അച്‌ഛനതു തുറന്നുനോക്കിയതും പെട്ടിനിറയെ സൂപ്പര്‍ലോട്ടോ ടിക്കറ്റുകള്‍. നിര്‍മ്മലിന്‌ ആ സമയത്തു വല്ലാത്ത ക്രേസായിരുന്നു ലോട്ടറിയോട്‌. അങ്ങനെ വരുത്തിയ കടങ്ങള്‍ നിരവധിയാണ്‌. അതുമൊക്കെ വീട്ടിലെ സ്വൈരത്തിനു തടസം വരുത്തീന്നു വേണം കരുതാന്‍.

ചേച്ചിയുടെ വീട്ടില്‍:

അന്ന്‌ അവിടെനിന്നു നേരേ പോയത്‌ തൃശൂരിലെ ചേച്ചിയുടെ വീട്ടിലേക്കാണ്‌. എന്റെ അമ്മയുടെ മകളാണ്‌ ഈ ചേച്ചി. എന്റെ അച്‌ഛനെ 'ചാച്ചായി' എന്നാണു ചേച്ചി വിളിക്കുന്നത്‌. ചേച്ചിയാണ്‌ അങ്ങോട്ടു ചെല്ലാന്‍ അച്‌ഛനോടു പറഞ്ഞത്‌.

പിന്നീടും അഭിനയം തുടര്‍ന്നു ഞാന്‍.

ലൊക്കേഷനിലെത്തി അവിടുത്തെ ആഹാരം കഴിച്ച്‌ അവര്‍ തരുന്ന മുറിയില്‍ താമസിച്ചുള്ള അഭിനയം. അങ്ങനെ തിരുവനന്തപുരം അമൃത ഹോട്ടലില്‍ താമസിക്കുന്ന സമയത്ത്‌ നിര്‍മ്മല്‍ എന്നെ തേടിയെത്തി.

''നീ ഇപ്പോള്‍ എന്റെകൂടെ വന്നേ പറ്റൂ...''

എന്റെ ഒപ്പം ചേച്ചിയുണ്ട്‌. പോകുന്നതു ചേച്ചി എതിര്‍ത്തെങ്കിലും ഞാന്‍ ധൈര്യമായി ഒപ്പം പോയി. എന്തും സംഭവിക്കട്ടെയെന്നു വിചാരിച്ച്‌. മരണത്തെപ്പോലും പേടിക്കണമെന്നു തോന്നിയില്ല.

''പോകരുത്‌ രേഖാ... അവന്‍ അടിക്കും...

നിന്നെ കൊല്ലും...'' എന്നൊക്കെ പറഞ്ഞ്‌ ഒരേ കരച്ചിലാണു ചേച്ചി. നിര്‍മ്മലിനൊപ്പം പുറപ്പെടുമ്പോള്‍ ചേച്ചിയുടെ ഈ കരച്ചില്‍ പിന്നില്‍ കേള്‍ക്കാം. അന്നു ഞാന്‍ പോയിക്കഴിഞ്ഞപ്പോള്‍ ചേച്ചി കമലേട്ടനെ വിളിച്ചു. കുട്ടിക്കാലത്ത്‌ ചെന്നൈയില്‍ കഴിയുന്നകാലത്തേ കമലേട്ടന്റെ കുടുംബത്തെ അറിയാവുന്നയാളാണു ചേച്ചിയും. കമലേട്ടനെ വീട്ടില്‍ വിളിക്കുന്ന പേരാണ്‌ ചേച്ചിയും വിളിക്കുക.

''ഓമൂട്ടാ അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം.''

പക്ഷേ ഞാന്‍ ഇതൊന്നും അറിയുന്നില്ല. നിര്‍മ്മലിനൊപ്പം വാടകവീട്ടില്‍ ചെല്ലുമ്പോള്‍ താഴത്തെനിലയില്‍ താമസിക്കുന്ന വീടിന്റെ ഉടമയെ വിളിച്ചു ഞാന്‍ ഒരുകാര്യം പറഞ്ഞു.

''ഈ വ്യക്‌തിയുടെ ഒപ്പം ഞാന്‍ മുകളിലേക്കു പോവുകയാണ്‌. എനിക്കെന്തെങ്കിലും സംഭവിച്ചാലും അതിനു കാരണക്കാരന്‍ നിര്‍മ്മലാണ്‌.''

രാത്രിയില്‍ നിര്‍മ്മല്‍വക അട്ടഹാസം തുടങ്ങി.

''ഞാന്‍ വിചാരിച്ചാല്‍ തിരിച്ചു കൊണ്ടുവരും. കാരണം ഞാന്‍ നിര്‍മ്മലാണ്‌.''

അന്നു ആദ്യമായി ഞാന്‍ പ്രതികരിച്ചു.

''എന്നെ അടിച്ചാല്‍ ഞാന്‍ പഴയതുപോലെയായിരിക്കില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും സംസാരിച്ചോളൂ... പക്ഷേ എന്റെ ദേഹത്ത്‌ തൊട്ടുദ്രോഹിക്കാന്‍ പറ്റില്ല.''

പിറ്റേന്ന്‌ ലൊക്കേഷനില്‍നിന്നു വന്ന വണ്ടിയില്‍ കയറി ഞാന്‍ തിരിച്ചുപോരുകയും ചെയ്‌തു. സംഭവമൊക്കെ കമലേട്ടന്‍ അറിഞ്ഞു. എന്നെ അന്ന്‌ ഏറെ സാന്ത്വനിപ്പിച്ചത്‌ കമലേട്ടനാണ്‌. അന്ന്‌ ആ സാന്ത്വനം ആഗ്രഹിച്ചുപോയി ഞാനും.

''മോളേ ഞാനിനി വെള്ളമടിയൊക്കെ നിര്‍ത്താം. നമുക്ക്‌ ഒന്നിച്ചുജീവിക്കാം.

മക്കളേ'യെന്ന്‌ അപേക്ഷിക്കുകയാണു കമലേട്ടന്‍. ആ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആദ്യം കലച്ചേച്ചിയാണ്‌ ഞങ്ങളുടെ ബന്ധം അംഗീകരിച്ചത്‌.

പിന്നീട്‌ കമലേട്ടന്റെ അമ്മ. എങ്കിലും അവരുടെ വീട്ടിലേക്കു ചെല്ലാനൊന്നും പറഞ്ഞില്ല. പക്ഷേ ആ വിളിക്കൊന്നും കാത്തുനിന്നില്ല കമലേട്ടന്‍. അവരെയൊക്കെ മറികടന്ന്‌ ഒരുദിവസം കമലേട്ടന്‍ എന്നെയും കൂട്ടി ചെന്നൈയില്‍ അവരുടെ വീട്ടില്‍ പോയി. ഞങ്ങള്‍ വാടകവീട്ടിലാണു താമസം. ഞാന്‍ എന്തെങ്കിലും ഉണ്ടാക്കിയാല്‍ 'മക്കളേ ഇത്‌ അമ്മയ്‌ക്ക് ഭയങ്കര ഇഷ്‌ടമാണെന്ന്‌'' പറഞ്ഞ്‌ അതില്‍ ഒരുപങ്ക്‌ അമ്മയ്‌ക്കു കൊണ്ടുപോയിക്കൊടുക്കും. കമലേട്ടന്റെ ആദ്യവിവാഹത്തിലെ മകന്‍ അമ്പാടിയും ഞങ്ങള്‍ക്കൊപ്പം ഇടയ്‌ക്കു വന്നുനില്‍ക്കും. കമലേട്ടന്റെ ആദ്യഭാര്യ രേഖയില്‍നിന്ന്‌ നിയമപ്രകാരം വേര്‍പെട്ടെങ്കിലും മകനെ കൂട്ടിക്കൊണ്ടുവരും കമലേട്ടന്‍. എനിക്കു വലിയ ഇഷ്‌ടമായിരുന്നു അമ്പാടിയെ. എന്റെ പെറ്റായി അമ്പാടി. എന്നോട്‌ അമ്പാടി കാട്ടുന്ന സ്‌നേഹം കാണുമ്പോള്‍ കമലേട്ടന്‍ അമ്പാടിയോടു പറയും: ''നിന്നെ പ്രസവിച്ചത്‌ ആ അമ്മയല്ല. ഈ അമ്മയാണ്‌ എന്നൊക്കെ. അപ്പോഴൊക്കെ എനിക്കു മനസിലായി. ഏഴു വയസുകാരന്‍ അമ്പാടിയെ വിട്ടുകൊടുക്കാതിരിക്കാനാണ്‌ കമലേട്ടന്റെ പദ്ധതി. എനിക്കതില്‍ വിഷമം തോന്നി. ഞാന്‍ എതിര്‍ത്തു.

''കമലേട്ടാ അങ്ങനെ പറയരുത്‌. നിങ്ങളുമായി അകന്നുനില്‍ക്കുകയാണെങ്കിലും നൊന്തുപ്രസവിച്ച അമ്മയെ അമ്പാടിയില്‍നിന്നു അകറ്റരുത്‌...

''അല്ല മക്കളേ... ഒരുവര്‍ഷമെങ്കിലും അവന്‍ എന്റെകൂടെ നില്‍ക്കട്ടെ.'' മകനെ അടുത്തുനിര്‍ത്താന്‍ കൊതിക്കുകയാണ്‌ കമലേട്ടന്‍.

''അമ്മാ ഞാന്‍ പോകില്ല. എനിക്ക്‌ ഈ അമ്മയുടെയും അച്‌ഛന്റെയുംകൂടെ നിന്നാല്‍ മതി'' എന്നമട്ടിലായി അമ്പാടിയും.

അങ്ങനെയൊക്കെ പറഞ്ഞാലും സ്വന്തം അമ്മയെ തള്ളിപ്പറയാന്‍ പറ്റുമോ അമ്പാടിക്ക്‌. ഒരുദിവസം അമ്മ വന്നുവിളിച്ചപ്പോള്‍ അവന്‍ പോയി. എന്നാലും അമ്പാടിക്ക്‌ സ്‌നേഹമുണ്ടായിരുന്നു. സത്യത്തില്‍ നാലുപേര്‍ക്കൊപ്പം ജീവിച്ചെങ്കിലും സ്‌നേഹത്തോടെ...അതിലേറെ ധൈര്യത്തോടെ എന്നെ ജീവിതത്തിലേക്കു ചേര്‍ത്തുനിര്‍ത്തിയത്‌ കമലേട്ടന്‍ മാത്രമാണ്‌. ധൈര്യമായിരുന്നു കമലേട്ടന്റെ മുഖമുദ്ര. അതുകൊണ്ടാണല്ലോ അമ്മയും പെങ്ങന്മാരും താമസിക്കുന്ന വീട്ടിലേക്ക്‌. ''ഇവളെന്റെ പെണ്ണാണ്‌'' എന്നുപറഞ്ഞ്‌ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കമലേട്ടനു കഴിഞ്ഞത്‌. എല്ലാവിധത്തിലും സന്തോഷമായിരുന്നു ആ ഇത്തിരി ജീവിതം. ആ സന്തോഷം എന്നും നിലനില്‍ക്കണമേയെന്ന്‌ ഓരോ നിമിഷവും പ്രാര്‍ത്ഥിച്ചുകഴിഞ്ഞ നാളുകള്‍. പക്ഷേ പാമ്പുകടിച്ചവന്റെ തലയില്‍ ഇടിയേറ്റതുപോലെയാണ്‌ ആ സംഭവം ഉണ്ടായത്‌്. ആ സംഭവമാണ്‌ മെല്ലെ ഞങ്ങളെ തമ്മില്‍ പാടേ അകറ്റിയത്‌.... ആ സംഭവം ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നും ഞങ്ങള്‍ സന്തോഷമായി ജീവിച്ചേനെ. ആ സംഭവം.. അത്‌ മറക്കാന്‍ പറ്റില്ല. എന്റെ സന്തോഷം നിറഞ്ഞ ആ ജീവിതം തകര്‍ത്തുകളഞ്ഞ ആ സംഭവത്തിനൊപ്പം ആ ജീവിതത്തില്‍ അനുഭവിച്ച കുറേയേറെ വേദനകളുണ്ട്‌. കമലേട്ടനേക്കാള്‍ അദ്ദേഹത്തിന്റെ കുടുംബം തന്ന വേദനകള്‍കൂടി ചേര്‍ന്നതായിരുന്നു ആ ജീവിതം.

ഉര്‍വശിമാത്രം സ്‌നേഹം തന്നു

കമലേട്ടന്‍ പുതിയ ഒരാളായിമാറുകയായിരുന്നു. മദ്യപാനമൊക്കെ നിര്‍ത്തി പുതിയ ജീവിതം. ആ സമയത്താണ്‌ 'ഉണ്ണിയാര്‍ച്ച' സീരിയല്‍ ചെയ്യുന്നത്‌. എല്ലാവിധത്തിലും ജീവിതം അല്ലലില്ലാതെ കഴിയുന്ന സമയം. അപ്പോഴാണ്‌ അച്‌ഛന്റെ മരണം. ശേഷം ഒന്നൊന്നായി വീണ്ടും പ്രശ്‌നങ്ങള്‍. അതും അപകടത്തിന്റെരൂപത്തില്‍. ആരോ കമലേട്ടന്റെ തലയ്‌ക്കടിച്ച്‌ ആശുപത്രിയിലായി. ഓര്‍മ്മപോലും നഷ്‌ടമായ അവസ്‌ഥ. നല്ലരീതിയില്‍ ജീവിക്കുന്നതിനിടയിലാണ്‌ ഈ അപകടം. എന്നോട്‌ വല്ലാതെ സ്‌നേഹം കിട്ടിയിരുന്നു കമലേട്ടന്‍. സ്‌നേഹക്കൂടുതല്‍ എന്നത്‌ പൊസസീവ്‌നെസ്‌ പോലെയാണെന്നു തോന്നയിട്ടുണ്ട്‌. താമസിക്കുന്ന വീടിന്റെ ജനല്‍ തുറന്നിടാന്‍ പാടില്ല... വാതില്‍ എപ്പോഴും അടച്ചിടണം.'' എന്റെ ഭാര്യ അവള്‍ എനിക്കുമാത്രം'' എന്നു കരുതുമ്പോള്‍ എത്രതവണ സന്തോഷംകൊണ്ട്‌ കണ്ണുനിറഞ്ഞിട്ടുണ്ടെന്നോ. കാറില്‍ യാത്രചെയ്യുമ്പോള്‍ കൈ പുറത്തിടരുതെന്നുവരെ പറയും. ''ലിപ്‌സ്റ്റിക്കിടുമ്പോള്‍ അതു വേണ്ട. അല്ലാത്ത സൗന്ദര്യം മതി നിനക്ക്‌'' എന്നുപറയും. പുരികം ത്രെഡ്‌ ചെയ്യാന്‍ പോലും സമ്മതിക്കില്ല. എല്ലാത്തിനും പറയുന്ന കാരണം : ''നീ എന്റേതല്ലേ. ഈ സൗന്ദര്യം മതി നിനക്ക്‌.'' ഒരുപക്ഷേ അപകടം പറ്റിയതിനുശേഷം ജീവിതത്തിലെ അനിശ്‌ചിതാവസ്‌ഥയാണ്‌ ഞങ്ങളുടെ ജീവിതത്തേയും തുലാസില്‍ ഏറ്റിയതെന്നു തോന്നുന്നു. ആ അപകടം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നും കമലേട്ടന്റെ ഭാര്യയായി കഴിഞ്ഞേനെ ഞാന്‍.

സീനുണ്ടാക്കാതെ:

അപകടമറിയുമ്പോള്‍ ഞാന്‍ ലൊക്കേഷനിലാണ്‌. അപകടമറിഞ്ഞ്‌ അമൃത ആശുപത്രിയില്‍ ചെല്ലുമ്പോള്‍ മനസാകെ തളര്‍ന്നുപോയി. കരഞ്ഞുനിലവിളിച്ചാണ്‌ ചെന്നുകയറിയത്‌. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കമലേട്ടന്റെ അമ്മ മനോജ്‌( മനോജ്‌ കെ. ജയന്‍)ചേട്ടന്റെ അമ്മ, കലച്ചേച്ചി കല്‍പനയൊക്കെ അവിടെയുണ്ട്‌. ആകെ വിഷമിച്ചു ചെന്നുകയറുമ്പോള്‍ കല്‍പന ആദ്യം എന്നോടു പറഞ്ഞത്‌: ''വെറുതെ സീനുണ്ടാക്കാതെ അവിടെയെങ്ങാനും പോയിരിക്ക്‌.''

നീരസത്തോടെയാണു സംസാരം. ''മക്കളേ പോട്ടെ... അവന്‌ കുഴപ്പമില്ലെന്നോ...'' പറഞ്ഞിരുന്നെങ്കില്‍ എനിക്ക്‌ ആശ്വാസമാകുമായിരുന്നു. അങ്ങനെ ഒരു വാക്ക്‌ ആരില്‍നിന്നും ലഭിച്ചില്ല. കമലേട്ടനുമായുള്ള തന്റെ ജീവിതത്തില്‍ എന്നും ശത്രുത കാണിച്ചയാളാണ്‌ കല്‍പന. ആ ഒരു ദേഷ്യമാകണം ഈ വേളയിലും കാണിച്ചത്‌. ആശുപതിയില്‍നിന്നു തിരിച്ചുപോയത്‌ തൃപ്പൂണിത്തുറയിലെ കമലേട്ടന്റെ വീട്ടിലാണ്‌. വീല്‍ച്ചെയറിലാണ്‌ കമലേട്ടന്‍... തലയൊക്കെ പൂര്‍ണമായി മൊട്ടയടിച്ച രൂപം. കുറേക്കാലം കിടക്കയില്‍... പിന്നീട്‌ ഇരിക്കാമെന്നായി. മൂത്രവും മലവുമൊക്കെയെടുത്ത്‌ കമലേട്ടനെ ശുശ്രൂഷിച്ച്‌ ഞാന്‍ ഒപ്പമുണ്ടായി. അതോടെ സീരിയലില്‍ ഉപേക്ഷിച്ചു.

ജോലിക്കാരിയെപ്പോലെ:

ഒരു രോഗിയെ പരിചരിക്കാന്‍ നില്‍ക്കുന്ന അവസ്‌ഥയിലാണു ഞാന്‍ ആ വീട്ടിലെ മരുമകള്‍ എന്ന സ്‌ഥാനമല്ല. ഒരു ജോലിക്കാരിയുടെപോലൊരു ജീവിതം. ഞാന്‍ ഒരു നേരമെങ്കിലും ആഹാരം കഴിക്കുന്നുണ്ടോയെന്നുപോലും അന്വേഷിക്കാന്‍ ആരുമുണ്ടായില്ല. കമലേട്ടന്‍ ശരിയായ ബോധജീവിതത്തിലുമല്ല. എല്ലാംകൊണ്ടും തളര്‍ന്നുപോയ സമയം. അന്നു പൊടി (ഉര്‍വശി) ച്ചേച്ചി ചെന്നൈയിലാണ്‌. ഇടയ്‌ക്ക് കമലേട്ടന്റെ വിശേഷങ്ങള്‍ അറിയാന്‍ വിളിക്കും പൊടിച്ചേച്ചി. എന്നോടു സ്‌നേഹത്തോടെ പെരുമാറിയിരുന്ന ആ വീട്ടിലെ ഏക അംഗം.

രേഖ പൊയ്‌ക്കോളൂ: 

ഓര്‍മ്മയുള്ള സമയത്ത്‌ കമലേട്ടന്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. 'ഏത്‌ പാതിരാത്രിയിലും എന്റെ അമ്മ വിളിച്ചാല്‍ നീ ഒപ്പം പോകണം. അതിന്‌ കമലേട്ടന്റെ അനുവാദം വേണ്ട.'' അതുകൊണ്ട്‌ കമലേട്ടനു സുഖമില്ലാതിരിക്കുന്ന സമയത്തും ഞാന്‍ നോക്കിയത്‌ അമ്മയുടെ കാര്യമാണ്‌. കമലേട്ടന്റെ അമ്മയുള്ള വീട്ടിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. അതൊരു ധൈര്യമായിരുന്നു. എങ്കിലും മറ്റുള്ളവരില്‍നിന്നു മോശപ്പെട്ട പെരുമാറ്റം എന്നെ എത്രമാത്രം വേദനകളില്‍ പെടുത്തിയെന്നോ. പക്ഷേ എല്ലാം സഹിച്ചു. കാരണം എനിക്കു വേണ്ടിയിരുന്നത്‌ കമലേട്ടന്റെ ഓര്‍മ്മകളുള്ള ജീവിതമാണ്‌. അതിനായി രണ്ടാമതൊരു ഓപ്പറേഷന്‍കൂടി വേണം. അതിനായി അമൃത ആശുപത്രിയില്‍ അഡ്‌മിറ്റാക്കിയ ദിനം അമ്മ എന്നോടു പറഞ്ഞു: ''ഇനി രേഖ ഇവിടെ നില്‍ക്കണ്ട. പൊയ്‌ക്കോളൂ. ഇനി നിന്നെക്കൂടി നോക്കാന്‍ പറ്റില്ല.'' അമ്മ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എനിക്കവിടെ സ്‌ഥാനമില്ലല്ലോ. അപ്പോള്‍ കമലേട്ടന്റെ വാക്കുകളാണ്‌ ഓര്‍ത്തത്‌...'' ഏതു പാതിരാത്രിയിലും അമ്മ വിളിച്ചാല്‍...'' ആ വീട്ടിലെ പ്രധാനപ്പെട്ട വ്യക്‌തിയാണ്‌ അമ്മ. അമ്മ പറഞ്ഞാല്‍ അത്‌ അനുസരിക്കാനേ പറ്റൂ. ഒരു വിഷുദിനത്തിലോ അതോ വിഷുവിനു പിറ്റേന്നോ ആണ്‌ അമ്മ എന്നോടിങ്ങനെ പറയുന്നത്‌. ആ വാക്കനുസരിച്ച്‌ ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ല. ഇട്ടിരുന്ന അതേ വേഷത്തില്‍ ഞാനാ മുറിവിട്ടിറങ്ങി. എന്റെ കൈയില്‍ അഞ്ചിന്റെ പൈസയില്ല. മുറിയില്‍നിന്നിറങ്ങിയതും കല്‍പന എന്നോടു പറഞ്ഞു: ''ആ മാല ഇങ്ങു ഊരിത്തരണം.'' കമലേട്ടന്റെ അമ്മ വാങ്ങിക്കൊടുത്ത മാലയാണെന്ന ധാരണയിലായിരിക്കണം കല്‍പന അതു ചോദിച്ചത്‌. കമലേട്ടന്റെ അമ്മ കമലേട്ടന്‌ ഉണ്ടാക്കിക്കൊടുത്ത മാല. ഒരുദിവസം കമലേട്ടന്‍ ആ മാല വില്‍ക്കാന്‍ തുടങ്ങി. അപ്പോള്‍ എന്റെ കഴുത്തില്‍ കിടന്ന മാലയും ബാക്കി പൈസയും കമലേട്ടനു കൊടുത്തിട്ട്‌ ഞാന്‍ വാങ്ങിയിട്ടതാണ്‌ ആ മാല. ആ മാലയാണ്‌ ഇപ്പോള്‍ തിരികെ ചോദിക്കുന്നത്‌. ആശുപത്രിമുറിയില്‍ പഴയ കാര്യങ്ങളൊന്നും വിസ്‌തരിക്കാന്‍ തോന്നിയില്ല. പറഞ്ഞാലും അതൊന്നും വിശ്വസിക്കാനും വഴിയില്ല. താലിയെടുത്തിട്ടു മാല ഊരിക്കൊടുത്തു. ഞാന്‍ അവിടെനിന്നും ഇറങ്ങി. എങ്ങോട്ടു പോകണമെന്നറിയില്ല... ആശുപത്രിയുടെ പുറത്തെത്തുമ്പോള്‍ എന്റെ മുന്നില്‍ ആശ്വാസമായി നിന്നത്‌ റെയില്‍വേട്രാക്കാണ്‌.

ട്രെയിന്‍ വരുമ്പോള്‍ ഓടി മുന്നില്‍ നില്‍ക്കുക. മരിക്കുക. അതായിരുന്നു ചിന്ത. പാട്ടയൊക്കെ വില്‍ക്കുന്ന ഒരു സ്‌ഥലമുണ്ടവിടെ. അവിടെ കുറേനേരം ഇരുന്നു. പാട്ടു വെറുക്കുന്ന ഒരു സ്‌ത്രീ വന്ന്‌ എന്നോട്‌ ചോദിച്ചു: ''എന്തുപറ്റി മോളേ... എന്തിനാ കരയുന്നത്‌?''

പൊടിച്ചേച്ചിയുടെ സാന്ത്വനം:

കമലേട്ടനെ അബോധാവസ്‌ഥയില്‍ ഇട്ടിട്ടുപോകാന്‍ പറ്റുമായിരുന്നില്ല എനിക്ക്‌. ഞാന്‍ തൃശൂരിലെ ചേച്ചിയെ വിളിച്ചു. പക്ഷേ കാര്യം പറഞ്ഞില്ല. പലവട്ടം അവരൊക്കെ ആശുപത്രിയില്‍ കമലേട്ടനെ കാണാന്‍ വന്നപ്പോള്‍ അവരാരും കാണാന്‍ അനുവദിച്ചില്ല. അതുകൊണ്ട്‌ ആ സമയത്തു ചേച്ചിയോട്‌ കൂടുതലൊന്നും പറയാന്‍ തോന്നിയില്ല. പകരം മനസില്‍ വന്നത്‌ ഡബിംഗ്‌ ആര്‍ട്ടിസ്‌റ്റ് ആനന്ദവല്ലി ആന്റിയാണ്‌. എന്റെ്‌ അച്‌ഛന്റെയും അമ്മയുടെയും സുഹൃത്താണ്‌. ഞാന്‍ ആന്റിയെ വിളിച്ചു കാര്യം പറഞ്ഞു. ആന്റിയുടെ മകന്‍ ദീപുച്ചേട്ടനോടും കമലേട്ടന്റെയും സുഹൃത്താണ്‌ ദീപുച്ചേട്ടന്‍. അപ്പോള്‍ അവര്‍ പറഞ്ഞു.

''നീ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കൂ. അവിടെ ഒരു കാര്‍ വിടാം.'' അങ്ങനെ ദീപുച്ചേട്ടന്റെ സുഹൃത്ത്‌ കാറുമായി വന്നു. നേരേ എറണാകുളം റെയില്‍വേസ്‌റ്റേഷനില്‍ കൊണ്ടുപോയി തിരുവനന്തപുരത്തിനുള്ള ടിക്കറ്റെടുത്തുതന്നു. കൈയില്‍ 500 രൂപയും. തിരുവനന്തപുരം സ്‌റ്റേഷനില്‍ ദീപുച്ചേട്ടന്‍ വന്നു. അവരുടെ വീട്ടില്‍ ചെന്നതും എന്നെ കെട്ടിപ്പിടിച്ചു ആനന്ദവല്ലിയാന്റി ഒരേ കരച്ചില്‍. ആന്റി അപ്പോഴേ കമലേട്ടന്റെ അമ്മയെ വിളിച്ചു.

''ചേച്ചി രേഖയ്‌ക്ക് ഒന്നു കൊടുക്കാമോ?''

''അയ്യോ അവള്‍ പോയി. അവള്‍ക്ക്‌ ഇതൊന്നും അല്ലല്ലോ വേണ്ടത്‌.''

അതു കേട്ടതും ആന്റിക്ക്‌ കാര്യം പിടികിട്ടി. ആന്റി പൊടിച്ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ ചേച്ചി പറഞ്ഞതനുസരിച്ച്‌ എറണാകുളത്തു ചെന്നു ഞാന്‍. അഡ്വക്കേറ്റ്‌ സുബ്ബലക്ഷ്‌മിയുടെ വീട്ടില്‍ചെന്ന്‌ അവരെ കണ്ടു.

ഗുരുവായൂരിലെ കല്യാണം:

കമലിനെ എങ്ങനെയെങ്കിലും ചെന്നൈയില്‍ കൊണ്ടുപോയി ചികില്‍സിപ്പിക്കണമെന്നാണു പൊടിച്ചേച്ചിക്ക്‌ ആഗ്രഹം. ഇതിനായി ഞങ്ങളുടെ കല്യാണം നടത്തിയ അമ്പലത്തിലെ വിവാഹരസീത്‌ വേണമെന്നു പറഞ്ഞു അഡ്വക്കേറ്റ്‌. ഞങ്ങള്‍ വിവാഹം കഴിച്ചത്‌ പട്ടാമ്പിയിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ്‌. ആ രസീത്‌, ഐഡറ്റിന്റി കാര്‍ഡ്‌ അടക്കം പലതും കമലേട്ടന്റെ വീട്ടിലുള്ള എന്റെ പെട്ടിയിലാണ്‌. അതെടുക്കാനായി രണ്ടു പോലീസുകാരെയും കൂട്ടിയാണ്‌ സുബലക്ഷ്‌മി മാഡം ആ വീട്ടിലേക്കു വിട്ടത്‌. ഞാന്‍ കാര്യം പറഞ്ഞു. അവിടെ എല്ലാ പെര്‍ഫോമന്‍സും നടത്താന്‍ കാത്തിരിക്കുകയായിരുന്നു കല്‍പന.

''ഏതു പെട്ടിയാണ്‌. ഓ ആ ബ്ലാക്ക്‌ പെട്ടി.

അമ്പോറ്റീ... (കലച്ചേച്ചിയുടെ മകന്‍) ... മക്കളേ... രേഖ അമ്മായി ഇതെന്റെ മാത്രമാണെന്നു പറഞ്ഞു. തലക്കീഴില്‍വച്ച്‌ ഉറങ്ങിക്കൊണ്ടിരുന്ന ആ പെട്ടിയിങ്ങ്‌ എടുത്തോണ്ടു വാ മോനേ.''

പെട്ടി തുറന്നതും എന്റെ സാധനങ്ങള്‍ ഒന്നുമില്ല. എട്ടാംക്ലാസ്‌ വരെ പഠിച്ച എന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ അടക്കം ഒന്നുമില്ല... പകരം കമലേട്ടന്‍ പലപ്പോഴായി വാങ്ങിക്കൂട്ടിയിരുന്ന കുറച്ചു മോശം സിനിമകളുടെ സി ഡി കളുടെ കൂമ്പാരം.

''ഇതെന്റെ പെട്ടിയല്ല.'' ഞാന്‍ ധൈര്യത്തോടെ പറഞ്ഞു.

''അയ്യോ ഇതല്ലേ നിന്റെ ജീവിതമാണെന്നു പറഞ്ഞു നീ കാത്തുവച്ചിരുന്ന നിന്റെ പെട്ടി...'' നീ തുറന്നുനോക്ക്‌... നോക്ക്‌...''

ഞാന്‍ നോക്കാന്‍ തയാറായില്ല.

''മോനേ... നീ ഓരോന്നെടുത്തു കാണിക്ക്‌...അമ്പോറ്റീ അമ്മായിയുടെ സ്വത്തൊക്കെ നീയൊന്നു കാണിച്ചേക്ക്‌...'' പെട്ടിയില്‍ എന്താണെന്നു ഉറപ്പിച്ചിട്ടാണ്‌ ഈ പറയുന്നത്‌.

പക്ഷേ എന്നോടുള്ള ശത്രുതയിലാണെങ്കിലും സ്വന്തം ചേച്ചിയുടെ മകനെക്കൊണ്ടാണ്‌ അതൊക്കെ ചെയ്യിക്കുന്നതെന്നുകൂടി ആലോചിച്ചില്ല. പോലീസുകാര്‍ക്കും കാര്യം പിടികിട്ടിയെന്നു തോന്നി. അപ്പോഴേക്കും കല്‍പന എല്ലാം കുടഞ്ഞിട്ടു. ഇതെല്ലാം ദൈവംപോലെ കേള്‍ക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. പൊടിച്ചേച്ചി. വീട്ടിലേക്കു കയറുമ്പോള്‍ നീ മൊബൈല്‍ ഓണ്‍ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു പൊടിച്ചേച്ചി. അതനുസരിച്ചു ഞാന്‍ ഓണാക്കിവച്ചിരുന്ന മൊബൈലിലൂടെ പൊടിച്ചേച്ചി ഇതെല്ലാം അപ്പോഴപ്പോള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കാര്യങ്ങളൊക്കെ പൊടിച്ചേച്ചിക്കു മാത്രമല്ല പോലീസുകാര്‍ക്കും മനസിലായി.

''ങ്ങും... ങ്ങും...'' എന്നു മൂളി പോലീസുകാര്‍ എന്നെക്കൂട്ടി മടങ്ങി. രണ്ടുദിവസം സുബ്ബലക്ഷ്‌മി മാഡത്തിന്റെ വീട്ടിലാണു കഴിഞ്ഞത്‌. കുളിച്ചിട്ടു മാറാന്‍ മറ്റൊരു ഡ്രസ്‌ പോലുമില്ല. ഇതറിഞ്ഞു പൊടിച്ചേച്ചി പറഞ്ഞിട്ട്‌ എനിക്കു ഡ്രസ്‌ വാങ്ങിത്തന്നു.

ചെന്നൈയിലേക്ക്‌: 

അടുത്തദിവസം ഫ്‌ളൈറ്റ്‌ടിക്കറ്റെടുത്തു തന്നു പൊടിച്ചേച്ചിയുടെ അടുത്തേക്കുതന്നെ കൊണ്ടുപോയി. പൊടിച്ചേച്ചിയുടെ വീട്ടില്‍ നാലുദിവസം ചേച്ചിക്കൊപ്പം താമസിച്ചു. ചേച്ചി എല്ലാവിധത്തിലും ഒപ്പം നിന്നെങ്കിലും ഒരുപക്ഷേ ചേച്ചിക്ക്‌ ഞാനും ഒരു ബാധ്യതയായിരിക്കണം. അതുകൊണ്ട്‌ പോസ്‌റ്റലില്‍ നിര്‍ത്താനായി മാനേജരെ കൂട്ടിവിട്ടു. പക്ഷേ ഒരിടത്തും അതിനും അവസരം കിട്ടിയില്ല. ചേച്ചിയുടെ വിഷമം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു:

''ചേച്ചി എന്റെ അച്‌ഛന്റെ സുഹൃത്തിന്റെ ഒരുവീടുണ്ട്‌. ഞാന്‍ അവിടെപ്പോയി നോക്കാം.''

അങ്ങനെ അച്‌ഛന്റെ സുഹൃത്ത്‌ മേനോന്‍ അങ്കിളിനോടും ഉഷയാന്റിയോടും ഞാനെന്റെ അവസ്‌ഥ തുറന്നുപറഞ്ഞു. കാര്യങ്ങള്‍ കേട്ടപ്പോള്‍ അവരുടെ വീട്ടിലേക്കു ചെല്ലാന്‍ പറഞ്ഞു ഉഷയാന്റി. അന്ന്‌ എന്തൊക്കെയോ വാങ്ങാനുമൊക്കെയായി എന്റെ കൈയില്‍ കുറച്ചു പണം തന്നിരുന്നു പൊടിച്ചേച്ചി. ബാക്കി 7500 രൂപ എന്റെ കൈയില്‍ ഉണ്ടായിരുന്നു. യാത്രപറഞ്ഞ്‌ ഉഷയാന്റിയുടെ വീട്ടില്‍ പോകുമ്പോള്‍ ഈ പണം മടക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഉഷയാന്റിയുടെ വീട്ടില്‍ ചെന്നിട്ടാണ്‌ ഇക്കാര്യം ഞാന്‍ വിളിച്ചുപറഞ്ഞത്‌.

''അതു കുഴപ്പമില്ല മക്കളേ. നിന്റെ അത്യാവശ്യകാര്യമൊക്കെ നീ നടത്ത്‌.''

അന്നാണ്‌ ഞാന്‍ ശരിക്കും മനസിലാക്കിയത്‌. ഈ ലോകത്ത്‌ ആര്‍ക്കും എന്നെ രക്ഷിക്കാനോ പരിരക്ഷിക്കാനോ പറ്റില്ല. തനിയെ ജീവിച്ചേ പറ്റൂ. രക്ഷപ്പെട്ടേ പറ്റൂ.

എന്റെ മനസില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. കമലേട്ടന്‍ തിരിച്ചുവരും. ഞാന്‍ അത്ര സ്‌നേഹിച്ചു... പരിപാലിച്ച ആളല്ലേ. ആ പ്രതീക്ഷയിലായിരുന്നു പിന്നീടെന്റെ ജീവിതം.

ഞാന്‍ കമല്‍റോയ്‌:

ചെന്നൈയില്‍ ജനിച്ചുവളര്‍ന്നതാണെങ്കിലും ഒരിക്കലും ചെന്നൈപോലും നന്നായി ചുറ്റിക്കണ്ടിട്ടില്ല. പക്ഷേ ജീവിതത്തിന്റെ പ്രതിസന്ധികള്‍ ജീവിക്കാന്‍ പഠിപ്പിക്കുമെന്നു കേട്ടിട്ടില്ലേ. അങ്ങനെ ഞാന്‍ ജീവിക്കാന്‍ പഠിക്കുകയായിരുന്നു. പല സംവിധായകരെയും പരിചയപ്പെട്ടു. അഭിനയിക്കാനുള്ള താല്‍പര്യം അറിയിച്ചു. പലരോടും ഞാനെന്റെ അവസ്‌ഥ തുറന്നുപറഞ്ഞു.

ഒരു മോശപ്പെട്ട രീതിയിലും പോകാതെ എനിക്ക്‌ അവസരങ്ങള്‍ കിട്ടി. ചിലയിടത്ത്‌ പൈസ കിട്ടിയില്ല... ചിലപ്പോള്‍ അല്‍പം കൂടുതല്‍ പണം കിട്ടി. എങ്കിലും മുടങ്ങാതെ വര്‍ക്കുണ്ടായിരുന്നു. അങ്ങനെ ഒരു മുറിയും ബാത്‌റൂമുമുള്ള താമസ ഇടം കണ്ടെത്തി. ആര്‍ട്ടിസ്‌റ്റ് നളിനി മാഡത്തിന്റെ ചേച്ചിയുടെ വീടിന്റെ മുകളിലെ നിലയില്‍. ചേച്ചിക്ക്‌ എന്റെ അച്‌ഛനെയും അമ്മയെയും അറിയാം. വര്‍ക്കില്ലാത്ത സമയത്ത്‌ ഞാന്‍ തൃശൂരിലെ വീട്ടില്‍ വരാറുണ്ട്‌. ആ സമയത്ത്‌ എനിക്ക്‌ ഒരു ഫോണ്‍.

''എടാ രേഖാ... ഞാന്‍ കമല്‍റോയ്‌... ഞാനാ മക്കളേ... നിന്റെ കമലേട്ടന്‍.''

എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കമലേട്ടന്‌ ഓര്‍മ്മ തിരിച്ചുകിട്ടിയിരിക്കുന്നു.

കമലേട്ടന്‌ എന്റെ കൂടെ വരണമെന്ന്‌ ആഗ്രഹം. ഇക്കാര്യം ഞങ്ങളുടെ ഒരു സുഹൃത്തുവഴി കമലേട്ടന്‍ എന്നെ അറിയിച്ചു. ഞാന്‍ സ്വപ്‌നംകണ്ടു. ഇത്രനാള്‍ ജീവിച്ചതും അതിനുവേണ്ടിയാണ്‌. അങ്ങനെ കമലേട്ടനെ വിളിക്കാനായി ഞാന്‍ തൃപ്പൂണിത്തുറയില്‍ ചെന്നു. കല്‍പനയുമുണ്ട്‌ വീട്ടില്‍.

കമലേട്ടന്‌ എന്റെ കൂടെ വരണം. പക്ഷേ കല്‍പന സമ്മതിക്കില്ല. അവസാനം കല്‍പന ഒരു വ്യവസ്‌ഥവച്ചു.

''ഇനി കമല്‍റോയിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‌ ഉത്തരവാദി താനായിരിക്കുമെന്ന്‌ എഴുതി ഒപ്പിട്ടു രേഖ തരണം. എന്നാലേ കമലിനെ വിടൂ.''

ഒരുവശത്ത്‌ എന്റെ കൂടെ വരണമെന്ന്‌ ആഗ്രഹിക്കുന്ന കമലേട്ടന്‍... മറുവശത്ത്‌ ഇത്തരം ഒരു ഭീഷണി. എനിക്കുമുന്നില്‍ കമലേട്ടന്റെ ഒപ്പമുള്ള ജീവിതമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ വെള്ളപ്പേപ്പറില്‍ എഴുതി ഒപ്പിച്ചുകൊടുത്തു. കമലേട്ടനെയും കൂട്ടി പാലക്കാട്‌ ഒരു വീട്‌ വാടകയ്‌ക്കെടുത്തു താമസിച്ചുതുടങ്ങി. അന്നും സീരിയലുകള്‍ അത്രയ്‌ക്കില്ല.

കൈയില്‍ പണമില്ല. ഇടയ്‌ക്ക് തൃപ്പൂണിത്തുറയില്‍ പോകണമെന്ന്‌ കമലേട്ടനു നിര്‍ബന്ധം. എല്ലാം സാധിച്ചുകൊടുക്കും. കാരണം എന്നെ എത്രമാത്രം സ്‌നേഹിക്കുന്നയാളാണ്‌. ഞാനതു തുറന്നുപറഞ്ഞിട്ടുണ്ട്‌.

''ജീവിതത്തില്‍ എന്നെ മാത്രമല്ലേ കമലേട്ടന്‍ ചതിക്കാതെയുള്ളൂ.''

''ആരു പറഞ്ഞു നീ അമ്മേ ദേവീ സീരിയലിന്റെ ഷൂട്ടിംഗിനു പോകുമ്പോള്‍ ഹൊറൈസന്‍ ഹോട്ടലില്‍ എനിക്കൊപ്പം ഒരാള്‍ ഉണ്ടായിരുന്നു.''

ഞാന്‍ തരിച്ചിരുന്നുപോയി.

എന്റെ ഈ കൈകൊണ്ട്‌ മൂത്രവും മലവും കോരി... എല്ലാവരുടെയും ആട്ടും തുപ്പും കേട്ടത്‌ ഈ ആള്‍ക്കുവേണ്ടിയാണല്ലോ എന്ന്‌ ആലോചിച്ചുപോയി. അന്ന്‌ എനിക്കു മനസിലായി. ഇനി ഈ ജീവിതവും മുന്നോട്ടു പോകില്ല.''

No comments:

Post a Comment