Thursday, May 17, 2012

ഇതോ പുതുമ?

മലയാളത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേര്‍ത്ത്‌ നവതരംഗമെന്നും ന്യൂ ജനറേഷന്‍ സിനിമയെന്നും മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവമെന്നും വിളിച്ചുവരികയാണ്‌. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്‍, കേട്ടുപരിചയിച്ചതില്‍നിന്നു വ്യത്യസ്‌തമായ കഥകള്‍, നായകപ്രാമുഖ്യമില്ലാത്ത ഇതിവൃത്തഘടനകള്‍, ഛായാഗ്രഹണത്തിലും ദീപസംവിധാനത്തിലും എഡിറ്റിംഗിലും സന്നിവേശിക്കപ്പെടുന്ന പുതുശൈലികള്‍, കുറഞ്ഞ മുതല്‍മുടക്ക്‌ എന്നിവകള്‍ ഈ ചിത്രങ്ങള്‍ക്കു പൊതുവായുണ്ട്‌.
ഇത്തരം ചിത്രങ്ങളുണ്ടാക്കുന്ന വിപ്ലവകരമായ വ്യത്യസ്‌തതയുടെ അവസാനവാക്ക്‌ എന്ന മട്ടിലാണ്‌ 22 എഫ്‌ കെ എന്ന ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്‌. ഓണ്‍ലൈനിലും അച്ചടിമാദ്ധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഈ ചിത്രം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും സംവാദമുണര്‍ത്തുകയും ചെയ്യുന്നു. മാതൃഭൂമി പോലെ പ്രമുഖമായ ഒരു സാഹിത്യാനുകാലികത്തില്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണമെന്നു ഭാവിച്ച്‌ കവിത വരെ വന്നിരിക്കുന്നു. ബ്ലോഗുകളിലും സോഷ്യല്‍ കമ്യൂണിറ്റി നെറ്റ്‌ വര്‍ക്കുകളിലും ഇതു വ്യാപകമായി സമ്മാനിതമാകുന്നു.
ഈ അവസരത്തിലും ഈ ചിത്രം പൂര്‍ണമായി അങ്ങ്‌ അംഗീകരിക്കപ്പെട്ടു എന്നു കരുതാന്‍ വയ്യ. ഫെമിനിസ്റ്റ്‌ മുഖംമൂടിയണിഞ്ഞെത്തിയ ഈ ചിത്രം കൊടും ഫെമിനിസ്റ്റുവിരുദ്ധസിനിമയാണെന്ന സൈദ്ധാന്തികരില്‍ ചിലരെങ്കിലും പറയുന്നു. അതുപക്ഷേ, മള്‍ട്ടിപ്ലക്‌സ്‌ സിനിമകളെ മൊത്തത്തില്‍ പറയുന്ന അരാഷ്‌ട്രീയതയുടെ ഭാഗമാകുകയും ചെയ്യുന്നു.
തന്നെ പ്രേമംനടിച്ചു വഞ്ചിച്ച ഒരു പുരുഷനെയും തന്നെ അവനിലൂടെ കീഴ്‌പെടുത്തി, ചതിച്ച്‌ ബലാല്‍സംഗത്തിനു വിധേയയാക്കിയ മറ്റൊരു പുരുഷനെയും ടെസ്സ എന്ന നഴ്‌സ്‌ തന്റെ പകയ്‌ക്കും പ്രതികാരത്തിനും ഇരയാക്കുന്നതാണ്‌ ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം എന്നു പറയാം.
വിദ്വേഷത്തിന്റെ രാഷ്‌ട്രീയത്തിലാണ്‌ പ്രാഥമികമായും പ്രതികാരനിര്‍വഹണസിനിമകള്‍ നിലകൊള്ളുന്നത്‌. മലയാളത്തില്‍ ഒരിക്കല്‍ വിപ്ലവം കൊണ്ടുവന്നു എന്നു പറയപ്പെടുന്ന പ്രമുഖനായ പത്മരാജന്റെ മിക്ക സിനിമകളും ഈയൊരു വിദ്വേഷത്തിന്റെ ആഘോഷങ്ങളായിരുന്നു എന്നതാണു സത്യം. ഇതാ ഇവിടെ വരെ, കരിമ്പിന്‍പൂവിനക്കരെ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌ തുടങ്ങി പല ചിത്രങ്ങളിലും വിദ്വേഷം എന്ന മനോഭാവം ബീഭല്‍സമായി വളരുന്നതുകാണാം. നവംബറിന്റെ നഷ്‌ടമെന്ന ചിത്രത്തില്‍ സ്‌ത്രീയുടെപ്രതികാരം തന്നെ പത്മരാജന്‍ വിഷയമായി സ്വീകരിച്ചിട്ടുമുണ്ട്‌.
ഇതേ വിദ്വേഷാടിസ്ഥാന പ്രതികാരകഥയാണു 22 എഫ്‌ കെയും സ്വീകരിക്കുന്നത്‌. അതു ചാപ്പാകുരിശായാലും കോക്‌ടെയിലായാലും വ്യത്യാസമൊന്നും കാണാനില്ല. ഈ വിദ്വേഷത്തിന്‌ പത്മരാജന്‍ കൊടുത്തതില്‍ നിന്നു വ്യത്യസ്‌തമായ, അതായത്‌ വൈയക്തികപ്രതികരണം എന്നതിലപ്പുറം സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തിലുള്ള പ്രതികരണം എന്ന നിലയില്‍ കുറേക്കൂടി വ്യാപകത്വം വരുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇതു രാഷ്‌ട്രീയപരമായി കൂടുതല്‍ തെറ്റാകുകയും ചെയ്യുന്നുണ്ട്‌.
ഉന്മൂലനം എന്ന പ്രതികാരനടപടിയെ സാമൂഹികമായ ഒരാവശ്യമായിട്ടാണ്‌ ഈ ചിത്രങ്ങളിലൊക്കെ ചെയ്യുന്നത്‌. അവന്‍ ശിക്ഷയനുഭവിക്കേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമാണെന്നും ശിക്ഷ ഇത്തരം തന്നെയായിരിക്കേണ്ടതുണ്ടെന്നും പ്രേക്ഷകരില്‍ ചിന്തയുണര്‍ത്തുകയും പ്രാകൃതസമൂഹങ്ങള്‍ വധശിക്ഷാസ്ഥലങ്ങളില്‍ കൂടിനിന്ന്‌ കാഴ്‌ചകണ്ട്‌ ആനന്ദിച്ചതിനു തുല്യമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യാന്‍ ഈ ചിത്രങ്ങള്‍, പ്രത്യേകിച്ച്‌ 22 എഫ്‌ കെ പ്രത്യേകമായും ശ്രമിക്കുന്നുണ്ട്‌. അപരിഷ്‌കൃതമായ ഈ ശിക്ഷാവിധികള്‍ക്കു മുന്‍പ്‌ കൃത്യമായി വിചാരണകളും നടക്കുന്നുണ്ട്‌.
കോക്‌ടെയിലിലും ചാപ്പാകരിശിലും ഇപ്പോള്‍ 22 എഫ്‌ കെയിലും ക്ലൈമാക്‌സ്‌ വിചാരണയുടേതാണ്‌. തെറ്റ്‌ ബോദ്ധ്യപ്പെടുത്തി, താന്‍ ശിക്ഷയ്‌ക്കു വിധേയനാകേണ്ടവന്‍ തന്നെ എന്നുറപ്പിച്ചാണ്‌ എല്ലാ കഥാപാത്രങ്ങളും ശിക്ഷയിലൂടെ കടന്നുപോകുന്നത്‌. പക്ഷേ, കോക്‌ടെയിലിലും ചാപ്പാ കുരിശിലും ഈയടുത്തകാലത്തിലുമെല്ലാം തെറ്റുകാരനായ പുരുഷന്‍ ആത്യന്തികമായി രക്ഷപ്പെടുന്നതാണ്‌ കാണുന്നത്‌. ശിക്ഷയേറ്റുവാങ്ങുന്നത്‌ കോക്‌ടെയിലില്‍ ദേവി എന്ന ഭാര്യയോ ചാപ്പാ കുരിശില്‍ അന്‍സാരി എന്ന മുസ്ലിമോ ആണ്. അന്‍സാരിയുടെ ജോലിയും കാമുകിയും നഷ്‌ടമാകുമ്പോള്‍ അര്‍ജുനന്‌ അവയെല്ലാം തിരികെക്കിട്ടുന്നു. ഈ അടുത്ത കാലത്തില്‍ രൂപയും മാധുരിയും എക്കാലത്തേക്കും സ്വസ്ഥത നഷ്‌ടപ്പെട്ടവരായിത്തീരുന്നു.
22 എഫ്‌ കെയിലും സംഗതികള്‍ക്കു വ്യത്യാസമൊന്നുമില്ല. അവസാനവിചാരണയ്‌ക്കു മുന്‍പു തന്നെ ശിക്ഷ നടപ്പാക്കുന്നു എന്നതാണ്‌ ഇവിടത്തെ പ്രത്യേകത. ശിക്ഷാവിധി നടപ്പാക്കിയതായി ടെസ്സ എന്ന നഴ്‌സ്‌ സിറിളിനോടു പ്രഖ്യാപിക്കുകയാണ്‌. കോക്‌ടെയിലിലും 22 എഫ്‌ കെയിലും സ്‌ത്രീ പ്രതികാരം നിര്‍വഹിക്കാന്‍ തന്റെ ശരീരം പുരുഷന്റെ മുന്‍പാകെ വില്‌പനച്ചരക്കാക്കുന്നതും കാണാം. ഈയടുത്തകാലത്തിലും മാധുരിയുടെ അന്യപുരുഷസംഗമത്തിനു പിന്നില്‍ ഭര്‍ത്താവിനോടുള്ള പ്രതിഷേധമാണുള്ളത്‌.
22 എഫ്‌ കെ എന്ന സിനിമ ഉയര്‍ത്തുന്ന മറ്റൊരു രാഷ്‌ട്രീയസമസ്യ കാലികമായ പ്രശ്‌നപരിസരങ്ങളെ പ്രമേയമാക്കുമ്പോഴും അവിടത്തെ സാമൂഹികചര്‍ച്ച ആവശ്യപ്പെടുന്ന പ്രധാനപ്രശ്‌നത്തെക്കുറിച്ച്‌ കുറ്റകരമായി മൗനം പാലികക്കുക എന്നതുമാണ്‌. നഴ്‌സുമാര്‍ നായികമാരാകുന്ന കാലം നഴ്‌സുമാരുമായി ബന്ധപ്പെട്ട തൊഴിലവകാശനിഷേധങ്ങളുടെ പരിസരവുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. ഇന്ന്‌ നഴ്‌സുമാര്‍ അവരുടെ ഇത്രയും കാലത്തെ തൊഴില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ വിവിധവന്‍നഗരങ്ങളില്‍ സമരത്തിലാണ്‌.
ഈ സമരമടക്കം മിക്കവാറും സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ മാനേജ്‌മെന്റുകള്‍ സ്വീകരിച്ച മൃഗീയമായ നടപടികള്‍ കുറേയൊക്കെ നാം കണ്ടതാണ്‌. ഇത്തരം തൊഴില്‍ സമരങ്ങള്‍ വലിയ ചര്‍ച്ചയുണര്‍ത്തുകയും സര്‍ക്കാരുകള്‍ അവയിലിടപെടാന്‍ വരെ നിര്‍ബന്ധിതമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ ആഷിഖ്‌ അബു കോട്ടയംകാരിയും ബാംഗ്ലൂരില്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുകയും കനഡയിലേക്കു കടക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ടെസ്സയുടെ കഥ പറയാന്‍ തീരുമാനിക്കുന്നത്‌.
എന്നാല്‍, ഈ ചിത്രത്തിലെ ടെസ്സയുടെ ആശുപത്രി നോക്കുക. എല്ലാത്തരത്തിലും തൊഴില്‍ മര്യാദ പുലര്‍ത്തുന്ന, മാന്യമായ സമീപനം കാഴ്‌ചവയ്‌ക്കുന്ന, സുരക്ഷിതമായ ഒരിടമായിട്ടാണ്‌ അവിടം തോന്നിക്കുക. അവിടെ നഴ്‌സുമാര്‍ പ്രശ്‌നം നേരിടുന്നത്‌ രോഗികളുടെ ഒപ്പം നില്‍ക്കുന്ന ബൈസ്റ്റാന്‍ഡര്‍മാരില്‍നിന്നാണ്‌.
ടെസ്സയുടെ സുഹൃത്ത്‌ ഒരു മദ്ധ്യവയസ്‌കനുമൊപ്പം തന്റെ അധികസമയം ചെലവിടുകയും അയാള്‍ക്ക്‌ ശരീരം നല്‌കി പണം സമ്പാദിക്കുന്നതും അവള്‍ക്ക്‌ ആവശ്യത്തിലധികം ലക്ഷ്വറി അനുഭവിക്കാനാണെന്ന ക്രൂരമായ സൂചന ചിത്രശരീരം അര്‍ബുദം പോലെ വഹിക്കുന്നുണ്ട്‌. അതുപോലെ തന്നെ ടെസ്സ കനഡയില്‍ പോകാന്‍ ആഗ്രഹിക്കുന്നത്‌ കൂടുതല്‍ പണമുണ്ടാക്കാനാണ്‌. ആ പണത്തിന്‌ അവള്‍ക്ക്‌ എന്തെങ്കിലും അത്യാവശ്യമൊന്നുമില്ല. അമിതമായ ആര്‍ത്തിയിലാണ്‌ നഴ്‌സുമാര്‍ വിദേശത്തേക്കു പോകുന്നതോ പ്രേമരഹിതമായ രതിയിടപാടുകള്‍ക്കു തയ്യാറാകുന്നതോ എന്നാണ്‌ കാലികമായ ഒരു പ്രശ്‌നപരിസരത്തെ ആഷിക്‌ അബുവും തിരക്കഥാകൃത്തുക്കളും വായിച്ചെടുക്കുന്നത്‌ എന്നത്‌ ഭീകരമായ സാമൂഹികവിരുദ്ധതയും സ്‌ത്രീവിരുദ്ധതയുമായി മാത്രമേ കാണാനാകൂ.
പ്രശ്‌നങ്ങള്‍ക്കു വൈയക്തിമായി മാത്രം പരിഹാരവും പ്രതികാരവും കാണാനാകുന്നവവിധത്തില്‍ അരാജകമായ ഒരു അവസ്ഥയാണു നമുക്കുള്ളതെന്ന അല്‌പം അതിശയോക്തിപരമായ ഒരു മുന്‍ധാരണയുടെ പുറത്താണ്‌ ഈ ചിത്രങ്ങള്‍ നില്‍ക്കുന്നത്‌. പെണ്ണുങ്ങള്‍ സുരേഷ്‌ ഗോപിക്കഥാപാത്രങ്ങളാകുന്നതുകൊണ്ടാണ്‌ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നത്‌ എന്ന രീതിയും ഗുണകരമല്ല. പക്ഷേ, ഇവിടെ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പോലും സ്‌ത്രീകള്‍ക്ക്‌ ആയോധനമുറകള്‍ പഠിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നു. അതാണോ അവരുടെ രക്ഷാമാര്‍ഗം. അങ്ങനെ ഇടതുപാര്‍ട്ടികള്‍ പോലും വിശ്വസിക്കാന്‍ തുടങ്ങുന്ന കാലത്ത്‌ തീര്‍ച്ചയായും ആഷിഖ്‌ അബുമാര്‍ വാഴ്‌ത്തപ്പെടും.
സിറിള്‍ എന്ന മുന്‍കാമുകന്റെ ലിംഗം ഛേദിച്ചുകൊണ്ടാണ്‌ ടെസ്സ പ്രതികാരം നിര്‍വഹിക്കുന്നത്‌. ഇതാണ്‌ ഈ ചിത്രത്തിലെ പുതുമ. ഇതുകണ്ട്‌ ജനം കൈമെയ്‌ മറക്കുന്നു. അതിനൊപ്പം നടക്കുന്ന വിചാരണയെയും ജനം ആഹ്ലാദത്തോടെ ഏറ്റുവാങ്ങുന്നു. കൊലപാതകങ്ങളെ വിനോദമായി കാണുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്റെ പരിണതി സിനിമയിലും വന്നുകൊണ്ടേയിരിക്കുന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണു കാട്ടുന്നത്‌ എന്നുവരികില്‍ ഇവരെ കലാകാരന്മാര്‍ എന്നാണോ അതോ, റിപ്പോര്‍ട്ടര്‍മാര്‍ എന്നാണോ വിളിക്കേണ്ടത്‌ എന്ന സംശയം വരും.
നായകന്‍ ഇല്ല എന്ന മട്ടിലാണ്‌ ഈ ചിത്രത്തെക്കുറിച്ച്‌ പ്രകീര്‍ത്തനക്കാര്‍ പറയുന്നത്‌.നായകന്‍ നാടുനീങ്ങി എന്ന മട്ടില്‍ മാദ്ധ്യമം വാരികയില്‍ സിഎസ്‌ വെങ്കിടേശ്വരന്‍ എഴുതുകയും ചെയ്‌തു. എന്നാല്‍, നായകന്‍ നാടുവിട്ടിട്ടില്ല എന്നാണ്‌ ഇതെഴുതുന്നയാളുടെ ശക്തമായ അഭിപ്രായം. തല്‍ക്കാലത്തെ ചില പ്രശ്‌നങ്ങള്‍ കാരണം ഒന്നു മാറിനില്‍ക്കുന്നെന്നേയുള്ളൂ. പ്രശ്‌നങ്ങളൊക്കെ ഒന്നു തണുക്കുമ്പോള്‍ ആളു തിരിച്ചെത്തും. അതിന്റെ ലക്ഷണമാണ്‌ ചാപ്പാ കുരിശിലൂടെയും 22 എഫ്‌കെയിലൂടെയും വിജയങ്ങള്‍ നേടിയ ഫഹദിനെ നായകതാരത്തിനു തുല്യം അവവരോധിക്കുന്ന മട്ടിലും അയാളുടെ ആന്റി ഹീറോ ഇമേജിന്റെ ജനപ്രിയതയെ കച്ചവടവല്‍ക്കരിക്കുന്ന വിധത്തിലും ഡയമണ്ട്‌ നെക്ലെസ്‌ എന്ന ചിത്രത്തിന്റെ പത്രപ്പരസ്യങ്ങളും പോസ്റ്ററുകളും വരുന്നത്‌.
വെങ്കിടേശ്വരന്റെ ലേഖനത്തോടു പ്രതികരണമായി ഞാനെഴുതിയ മാദ്ധ്യമംവാരികയിലെ ലേഖനത്തില്‍  സ്വര്‍ണക്കടക്കാരും ടെക്‌സ്റ്റൈല്‍ ഷോപ്പുകാരുമടങ്ങുന്ന വ്യാപാരസംഘമാണ്‌ സിനിമകളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നെഴുതിയിരുന്നു. അതിനു തിളങ്ങുന്ന ഒരു തെളിവാണ്‌ ചിത്രത്തിനു ഡയമണ്ട്‌ നെക്ലെസ്‌ എന്നു പേരിടുകയും ആ ചിത്രത്തിന്‌ ജോസ്‌കോ ജുവലറിയുടെ നിര്‍മാണസഹായം തേടുകയും ചെയ്യുന്നത്‌. അതോടെ പടം ജോസ്‌കോ ഡയമണ്ട്‌ നെക്ലെസ്‌ ആയിട്ടാണു നമ്മുടെ മുന്നിലേക്കെത്തുന്നത്‌.
22 എഫ്‌ കെ അടക്കമുള്ള ന്യൂ ജനറേഷന്‍ സിനിമകള്‍ പഴയ മൂല്യങ്ങളെ മറച്ചുവച്ചുകൊണ്ട്‌ പുതുതായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ്‌. നായകതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ മണോം കൊണോമില്ലാത്ത സിനിമകള്‍ പിന്‍നിരയിലേക്കു പോകുന്നത്‌ ഗുണപരമായ വശം തന്നെയാണ്‌. എന്നാല്‍, കല്ലുവച്ചവന്‍ പോയാല്‍ കടുക്കനിട്ടവനാണു വരുന്നതെങ്കില്‍ ഉച്ചിക്കുവച്ച കൈ ഉദകക്രിയയാണുദ്ദേശിച്ചിരിക്കുന്നതെന്നതാകും സത്യം.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ അഞ്ചാറുകൊല്ലം കൊണ്ടുനടന്നെന്നു പറയുന്ന നവതരംഗവിപ്ലവത്തിന്റെ തുടര്‍ച്ചയെന്നോണമാണ്‌ ഈ കേരളത്തില്‍ ഇതു സംഭവിക്കുന്നത്‌. തമിഴ്‌സിനിമയ്‌ക്കും സംഭവിച്ച ഈ പുതുവസന്തത്തില്‍ അരാഷ്‌ട്രീയമായ രക്തക്കൊതി കാണാനുണ്ടായിരുന്നു. മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ മദ്ധ്യവര്‍ഗാഭിരുചിയുടെ ആഘോഷമാണ്‌, അവര്‍ അണ്ണാ ഹസാരേ മോഡല്‍ നീതിനിര്‍വഹണമാണു സ്വപ്‌നം കാണുന്നതെന്നു മനസ്സിലാക്കാന്‍ ബോളിവുഡിലെ വെനസ്‌ഡേ മുതല്‍ കഹാനി വരെയുള്ള ചിത്രങ്ങളും തമിഴിലെ മൈന മുതല്‍ ഈശന്‍ വരെയുള്ള ചിത്രങ്ങളും മലയാളത്തിലെ ചാപ്പാ കുരിശുമുതല്‍ 22 എഫ്‌ കെ വരെയുള്ള ചിത്രങ്ങളുമെടുത്തു പരിശോധിച്ചാല്‍ മതിയാകും.
ബി അബുബക്കര്‍
(കേരളഭൂഷണത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment