- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.ഐ. (എം) പോളിറ്റ്ബ്യൂറോ നടത്തിയ പ്രസ്താവന വലതുപക്ഷ മാദ്ധ്യമങ്ങള്‍ പതിവുപോലെ വാര്‍ത്തയാക്കുകയുണ്ടായി. കേരളത്തിന്റെ വികാരങ്ങള്‍ പ്രതിഫലിക്കുന്നതായില്ല പ്രസ്താവന എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്ന കാര്യമാണ്, കേരളത്തിലെ ജനങ്ങളുടെ ആശങ്കയല്ല പ്രസ്താവനയുടെ ആദ്യഭാഗത്തുണ്ടായത് എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപം.
തമിഴ്‌നാടിന്റെ കൃഷിയേക്കാള്‍ പ്രധാനമായത് 35 ലക്ഷം കേരളീയരുടെ ജീവനല്ലേ എന്ന ലളിതയുക്തി ഉന്നയിച്ചുകൊണ്ട് പി.ബി.യുടെ നിലപാടിനെതിരെ ജനവികാരം വളര്‍ത്തുന്നതില്‍ അവര്‍ മിടുക്ക് കാട്ടുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും അവധാനതയോടെ പരിശോധിക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു തര്‍ക്കമാണ്. രണ്ടു സംസ്ഥാനങ്ങള്‍ (രണ്ടു വ്യക്തികളായാലും) തമ്മിലൊരു തര്‍ക്കമുണ്ടാകുമ്പോര്‍ അവരുടെ നിലപാടുകളിലെ ശരിതെറ്റുകളെക്കാള്‍ പ്രശ്നപരിഹാരത്തിന് പ്രസക്തമായിട്ടുള്ളത് അവര്‍ക്ക് രണ്ട് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടെന്ന് അംഗീകരിക്കലാണ്. കാരണം സാമൂഹ്യ ശാസ്ത്രപരമായി ശരിതെറ്റുകള്‍ തികച്ചും ആപേക്ഷികമാണ്.
കേരളത്തിന്റെ ആവശ്യം അങ്ങേയറ്റം നീതിയുക്തമാണെന്ന് നിഷ്പക്ഷമായി ഈ പ്രശ്നത്തെ സമീപിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. സാര്‍വ്വദേശീയമായ കാഴ്ചപ്പാടുള്ള സി.പി.ഐ. (എം) ന്റെ നേതൃ ഘടകത്തിന് പക്ഷേ അക്കാര്യം പിടികിട്ടാതെ പോയി എന്ന് കരുതുന്നത് തികച്ചും മൌഢ്യമാണ്. മാദ്ധ്യമങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന വികാരപ്രകടനങ്ങളല്ല പ്രശ്നപരിഹാരത്തിനുള്ള സമൂല നിര്‍ദ്ദേശങ്ങളാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് തീര്‍ച്ചയായും അതാണുതാനും.
പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും അതിന് പണംമുടക്കാനും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാനും കേരളം തയ്യാറായിട്ടും അത് സാധ്യമാകുന്നില്ല. എന്തുകൊണ്ട്? അതിന്റെ ഒരേ ഒരു കാരണം കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്‌നാട് അംഗീകരിക്കുന്നില്ല എന്നത് മാത്രമാണ്. കേരളത്തിന്റെ ന്യായവാദങ്ങളെക്കാള്‍ തമിഴ്‌നാട് ഉയര്‍ത്തുന്നത് അവരുടെ ന്യായവാദങ്ങളാണ്. അവര്‍ ഭയപ്പെടുന്നത് കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൌകര്യങ്ങള്‍ നഷ്ടപ്പെടും എന്നാണ്. മലയാളിയുടെ നഷ്ടത്തിനല്ല തങ്ങളുടെ നേട്ടത്തിനാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നത് എന്നര്‍ത്ഥം. നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ സമൂഹത്തില്‍ അത് സ്വാഭാവികവുമാണ്.
തമിഴരുടെ ഭയത്തിന് ചരിത്രപരമായും മനഃശാസ്ത്രപരമായും ഒരു പശ്ചാത്തലമുണ്ട്. ഒന്നര നൂറ്റാണ്ട് മുമ്പ് മധുര, രാമപുരം പ്രദേശത്തുണ്ടായ അതികഠിനമായ വരള്‍ച്ചയും അതേ തുടര്‍ന്നുണ്ടായ ദുരന്തങ്ങളുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മിതിയിലേക്ക് നയിച്ചത്. വെള്ളം തുടര്‍ന്ന് ലഭിക്കാതെപോയാല്‍ ഉണ്ടാകുന്ന കഷ്ടങ്ങളെ മുന്‍കാല ദുരന്തങ്ങളുമായി താരതമ്യം ചെയ്ത് ഭാവനയില്‍ കാണുക എന്നത് ഒരു മാനസിക പ്രവര്‍ത്തനമാണ്. അത്തരമൊരു ഭാവനക്കുമുമ്പില്‍ മറ്റൊരു ജനത അനുഭവിക്കാന്‍ ഇടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ന്യായവാദങ്ങള്‍ക്കോ ആശങ്കകള്‍ക്കോ വലിയ പ്രസക്തിയില്ല.
തന്നെയുമല്ല തമിഴ്‌നാടിലെ 5 ജില്ലകള്‍ മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് കാര്‍ഷികമേഖലയില്‍ നിന്നു മാത്രം വര്‍ഷത്തില്‍ 400 കോടി രൂപയുടെ ആദായം ഉണ്ടാക്കുന്നു എന്നാണ് കണക്കാക്കുന്നത്. കുടിവെള്ളവും വൈദ്യുതി ഉല്പാദനവും ഇതിനുപുറമെയാണ്. ഇവയെല്ലാം നഷ്ടപ്പെടുമോ എന്നും അവര്‍ ഭയക്കുന്നുണ്ട്. തമിഴ് ജനതയുടെ ഇത്തരം ഭയങ്ങളെ ദൂരികരിക്കാനല്ല; വര്‍ദ്ധിപ്പിക്കാനാണ് സങ്കുചിത നിലപാടുകളുള്ള തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിലെ ഒന്നാമത്തെ പരിഗണനാവിഷയം. അതായത് തമിഴ്‌നാടിന്റെ ആശങ്കകളെ അഭിസംബോധന ചെയ്യുന്നത് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് എന്നര്‍ത്ഥം. കാരണം തമിഴരുടെ ആശങ്കകള്‍ അകറ്റേണ്ടത് അവരുടെ ആവശ്യത്തെക്കാള്‍ മലയാളിയുടെ ആവശ്യമാണ്. രാഷ്ട്രീയത്തിലെയും സാമൂഹ്യ ജീവിതത്തിലേയും നയതന്ത്രജ്ഞതയുടെ ഈയൊരു തലത്തിലാണ് പി.ബിയുടെ പ്രസ്താവന വായിക്കപ്പെടേണ്ടത്.
കേരളത്തിലെ മാദ്ധ്യമങ്ങളും ഒരുവിഭാഗം രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ ആത്മഹത്യാപരമാണ്. ഈ വിഷയത്തില്‍ തങ്ങളും ഇടപെട്ടു എന്ന വ്യാജ സംതൃപ്തി ഉണ്ടാക്കാന്‍ സഹായിക്കുമെന്നല്ലാതെ ഈ നില തുടര്‍ന്നാല്‍ പ്രശ്നപരിഹാരം അകലെയായിരിക്കും എന്ന് തീര്‍ച്ചയാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്തകള്‍ ക്രമീകരിക്കുന്ന രീതിയെ വിശകലവിധേയമാക്കേണ്ടതാണ്. ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ ക്ലോസപ്പില്‍ കാണിച്ചും ജലനിരപ്പിന്റെയും അണക്കെട്ടിന്റെയും ദൃശ്യങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വിന്യസിച്ചും അതിന്റെ പശ്ചാത്തലത്തില്‍ 35 ലക്ഷം ജനങ്ങള്‍ മരണത്തിന്റെ മുനമ്പിലെന്ന് വിളിച്ചു കൂവുമ്പോള്‍ സ്വാഭാവികമായും ഭയചകിതരായ ജനങ്ങളില്‍ നിന്ന് യുക്തിയോ ദീര്‍ഘവീക്ഷണമോ പ്രതീക്ഷിക്കരുത്. അവര്‍ വൈകാരികമായി തെരുവിലിറങ്ങും.
പക്ഷേ ഈ വൈകാരിക പ്രകടനങ്ങളുടെ പ്രതിഫലനങ്ങള്‍ തമിഴ്‌നാട്ടിലുണ്ടായാല്‍ അതിന്റെ ദുരിതമനുഭവിക്കേണ്ടി വരിക മലയാളികളായിരിക്കുമെന്ന് മറക്കരുത്. തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കെതിരായ നീക്കങ്ങളാരംഭിച്ച സാഹചര്യത്തില്‍ വിശേഷിച്ചും ഇക്കാര്യങ്ങള്‍ കുറച്ചുകൂടി ഗൌരവത്തില്‍ പരിശോധിക്കേണ്ടതാണ്. കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും മാദ്ധ്യമങ്ങളുണ്ടെന്നുള്ളത് വിസ്മരിക്കരുത്. ഈ വിഷയത്തില്‍ അവര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ നമുക്ക് നേടിയെടുക്കേണ്ടതുണ്ട്. അതിന് കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് കേരളം ഇക്കാര്യത്തില്‍ വലിയ തോതില്‍ മുന്നോട്ടുപോവുകയുണ്ടായി. 2006 ഫെബ്രുവരിയില്‍ സുപ്രീകോടതി പുറപ്പെടുവിച്ച വിധി കേരള താല്‍പ്പര്യങ്ങള്‍ക്കെതിരായിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നും 136 അടിയില്‍ നിന്ന് 142 അടിയിലേക്കും പിന്നീട് ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 അടിയിലേക്കും ജലനിരപ്പ് ഉയര്‍ത്താമെന്നും കോടതി വിധിച്ചു. സുപ്രീകോടതിയില്‍ കേരളം സ്വീകരിച്ച ദുര്‍ബലമായ നിലപാടുകളായിരുന്നു അതിനുകാരണം.
എന്നാല്‍ പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിന്റെ നിലപാടുകള്‍ അംഗീകരിച്ചെടുപ്പിക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീകോടതി നേരെത്തെയെടുത്ത തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയും അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കുകയും ചെയ്തു. നിലവിലുള്ള കരാറിന്റെ പൊള്ളത്തരങ്ങളും യുക്തിരാഹിത്യവും കേരളത്തിന്റെ ആശങ്കകളും സുപ്രീകോടതിയെ ബോദ്ധ്യപ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനായി. ഇതിന്റെ തുടര്‍ച്ചയുണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടത്. വിവാദ വ്യവസയത്തില്‍ അഭിരമിക്കുന്ന മാദ്ധ്യമങ്ങള്‍ അതിനായി സര്‍ക്കാറിനെ പ്രേരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്.
പ്രശ്നത്തിന്റെ ഈ വിധമുള്ള വശങ്ങള്‍ പരിശോധിക്കാത്ത മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത് കേവലം ഉത്തരവാദിത്തരാഹിത്യം മാത്രമല്ല; ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ജനവിരുദ്ധനടപടികൂടിയാണ്. എല്ലാ കാര്യങ്ങളെയും സെന്‍സേഷനാക്കി വെടക്കാക്കുക എന്ന സമകാലിക മാദ്ധ്യമരീതി മുല്ലപ്പെരിയാര്‍ വിഷയത്തിലും അവര്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കി. മേമ്പൊടിയായി പതിവ് വിഭവമായ സി.പി.ഐ. (എം) വിരോധവും. ഈ വിധത്തില്‍ മാദ്ധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിരഹിത ആള്‍ക്കൂട്ടങ്ങളുടെ ഭാഗമാകാതെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ക്കും പ്രശ്നപരിഹാരത്തിന് അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും പിറകില്‍ അണിനിരക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.
വൈക്കോയെപ്പോലുള്ള സങ്കുചിത മനസ്ക്കരായ നേതാക്കളുടെ പകര്‍പ്പുകളായി ഗാലറിയുടെ കൈയടി കിട്ടാന്‍ കേരളത്തില്‍ ആരെങ്കിലും പരിശ്രമിച്ചാല്‍ അതിനു പിറകെപോകാനുള്ള ബാദ്ധ്യത പ്രബുദ്ധരായ മലയാളികള്‍ക്കില്ല. കാരണം അത്തരത്തിലുള്ള ഓരോ നീക്കവും ഹാനികരമാവുക കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത് തമിഴ്‌നാടിന്റെ ആശങ്കകളായതുകൊണ്ട് ആ ആശങ്കള്‍ പരിഹരിക്കേണ്ടത് അവരുടെ ആവശ്യമല്ല നമ്മുടെ ആവശ്യമാണ് എന്ന് വീണ്ടും വീണ്ടും തിരിച്ചറിയണം. അതിന് സഹായിക്കുന്നത് മാത്രമായിരിക്കണം നമ്മുടെ പ്രക്ഷോഭങ്ങള്‍.
K Jayadevan | Dec 19, 2011
(ഡിവൈഎഫ്ഐ പാലക്കാട് ജില്ലാപ്രസിഡന്റാണ് ലേഖകന്‍)
No comments:
Post a Comment