Sunday, May 13, 2012

ആധാര്‍ ആര്‍ക്കുവേണ്ടി ?


നുഷ്യശരീരത്തിലെ എല്ലാ അടയാളങ്ങളും ഓരോ മനുഷ്യന്റെയും അതീവ രഹസ്യങ്ങളായ എല്ലാമെല്ലാം, അവന്റെ സ്വകാര്യമായ എല്ലാം അടയാളപ്പെടുത്തുന്ന ‘ആധാര്‍’ എന്ന വ്യക്തിഗതവിവരശേഖരം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ പൗരന്റെയും എല്ലാ വ്യക്തിവിശേഷങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ പൗരനും ഓരോ പതിനാറക്ക നമ്പറായി മാറും. പിന്നെ സര്‍ക്കാര്‍ കണക്കില്‍ അയാള്‍ക്ക് ഒരു നമ്പറായിരിക്കും ഉണ്ടാവുക. അയാള്‍ അറിയപ്പെടുന്നത് ഈ നമ്പറിലായിരിക്കും, പട്ടാളക്കാരെപ്പോലെ, ജയില്‍പുള്ളികളെപ്പോലെ, ഒറ്റ രൂപാനാണയംപോലെ, ബാങ്ക് എക്കൗണ്ട് നമ്പറിനെപ്പോലെ എ.ടി.എം കാര്‍ഡുപോലെ ഒരു സ്മാര്‍ട്ട് കാര്‍ഡും നമുക്ക് കിട്ടും.
തൊണ്ണൂറ് ശതമാനം ആള്‍ക്കാര്‍ക്കും മടിശ്ശീലയോ പണപ്പെട്ടിയോ പേഴ്‌സോ ഇല്ലാത്ത ഒരു രാജ്യത്ത് ഈ സ്മാര്‍ട്കാര്‍ഡ് എങ്ങിനെ സൂക്ഷിക്കും. പേഴ്‌സുള്ളവര്‍ക്ക് അവരുടെ പേഴ്‌സിന്റെ കള്ളികകളില്‍ അനേകം ക്രഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം ആധാര്‍കാര്‍ഡിനും സ്ഥലം ലഭിക്കും. ‘ആധാര്‍’ സ്മാര്‍ട്ട്കാര്‍ഡ് ഒരു റേഷന്‍കാര്‍ഡുപോലെ നമ്മുടെ ജീവിതത്തിന് ഒരു പിടിവള്ളിയായിത്തീരുന്ന കാലമാണ് ഇനി വരാന്‍ പോവുന്നത്. ആധാറില്‍ നിര്‍ബന്ധമായും പേജു ചേര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേ ശ്വാസത്തില്‍ ഇനി ഭാവിയില്‍ എല്ലാതരം വിനിമയങ്ങള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും മനുഷ്യജീവിതത്തിന്റെ എല്ലാത്തരം കര്‍മങ്ങള്‍ക്കും ജനനത്തിനും മരണത്തിനും രോഗത്തിനും യാത്രയ്ക്കും എല്ലാത്തരം വിനിയോഗങ്ങള്‍ക്കും വിനിമയങ്ങള്‍ക്കും ആധാര്‍ വേണ്ടിവരുമെന്നും സര്‍ക്കാര്‍ പറയുന്നു. അതിനര്‍ത്ഥം ആധാര്‍ കാര്‍ഡില്ലാതെ ഇന്ത്യയില്‍ ഒരു പൗരജീവിതം സാധ്യമല്ലെന്നു തന്നെയാണ്. വേറൊരര്‍ഥം കൂടിയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതം ഭരിക്കുന്നവരുടെ നിരീക്ഷണത്തിലാണ്.
എപ്പോഴും എന്നും ഇനിമുതല്‍ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ സേവകരല്ലെന്നും അവരുടെ യജമാനന്മാരാണെന്നതുമാണ് മറ്റൊരര്‍ഥം. ഭരണീയരെ അടിമുതല്‍ മുടിവരെ അറിയാമെന്നും ഞങ്ങളുടെ അധികാരത്തില്‍ തൊട്ടുകളിക്കരുതെന്നുമാണ് അതിന്റെ ‘ പച്ചമലയാളം’ വിവരാവകാശനിയമം കൊണ്ടു വിവശരായ ഭരണാധികാരികള്‍ വേറൊരു വിവരശേഖരണത്തിലൂടെ ജനങ്ങളെ അധികാരത്തിന്റെ ചങ്ങലക്കിടാനുള്ള നീക്കമാണ്.
അധികാരത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഓരോന്നായി മുറുക്കികൊണ്ടിരിക്കുന്നു. അറവ് മൃഗങ്ങളെപ്പോലെ പൗരന്മാരുടെ മേല്‍ അധികാരത്തിന്റെ ചാപ്പകള്‍ ഓരോന്നായി കുത്തിക്കൊണ്ടിരിക്കുന്നു. പൗരന്റെ സ്വകാര്യതകളിലേക്ക് അധികാരത്തിന്റെ നീരാളിക്കണ്ണുകളും കയ്യുകളും നീണ്ടുകൊണ്ടിരിക്കുന്നു. വെറും കണ്ണുകളല്ല, പാറക്കണ്ണുകളാണ്, നീരാളിയുടെ ആണ്ടിറങ്ങുന്ന കൊമ്പുകളുള്ള പെനാക്കിളുകള്‍.
യു.ഐ.ഡി ഒരു നിര്‍ബന്ധിത നമ്പറല്ല എന്നാണാദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീടവര്‍ പറയുന്നു, ഈ നമ്പറില്ലെങ്കില്‍ പൗരജീവിതം ദുഷ്‌കരമാവുമെന്ന്. ആദ്യം പറഞ്ഞതുപോലെ ഒരു തമാശ പദ്ധതിയാണ് യു.ഐ.ഡി എങ്കില്‍ എന്തിനാണീ ആധാറിന്റെ ആശാന്‍ നന്ദന്‍ നീലങ്കണിയെ ക്യാബിനറ്റ് റാങ്കില്‍ ഇതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത്?, എന്തിനാണ് സര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിക്കാതെ 48,000 മുതല്‍ ഒരു ലക്ഷം കോടിവരെ ചെലവാക്കുന്നത്?, എന്തിനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ യു.ഐ.ഡി നമ്പര്‍ അടിക്കാനായി സ്വാകാര്യ ഏജന്‍സികളെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്?, രാജ്യത്ത് സെന്‍സസ് പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനകത്തെ ആവശ്യത്തിലേറെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രജകളില്‍ നിന്ന് ഊറ്റിയെടുത്തുകൊണ്ടിരിക്കുമ്പോള്‍, ഇപ്പോള്‍ തന്നെ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ ഏകദേശം ഇരുപതോളം രേഖകളും കാര്‍ഡുകളും ഉള്ളപ്പോള്‍ ‘ പാട്ടില്‍ പറയുന്നതുപോലെ’ മറ്റൊരു വെണ്ണിലാവ് എന്തിനായി?’ എല്ലാം സുതാര്യമാക്കാന്‍ എന്നായിരിക്കും ഉത്തരം. വിവരാവകാശ നിയമം ഭരണാധികാരികളെ സുതാര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണാധികാരികള്‍ പൗരന്റെ എല്ലാ സ്വാകാര്യതകളിലും കടന്നുകയറി അവന്റെ അവളുടെ ഇത്തിരിലോകത്തെ വസ്ത്രാക്ഷേപം ചെയ്യുന്നു.
വിവരാവകാശ നിയമം അറിയാനുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യത്തില്‍ പൗരന്‍ എങ്ങിനെ ഭരിക്കപ്പെടുന്നുവെന്ന് അറിയാനുള്ള അവകാശം പൗരനുണ്ട്. എന്നാല്‍ പൗരന്റെ സ്വകാര്യതകള്‍ അറിയാന്‍ ഭരണകൂടത്തിന് എന്തവകാശമാണുള്ളത്. ഇത് ഫാഷിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കുമുള്ള ആദ്യത്തെ കാല്‍വെപ്പാണ്. ഇതിന് പിന്നാലെ ഏല്ലാവരേയും ഡി.എന്‍.എ ടെസ്റ്റു നടത്തി ഡി.എന്‍.എ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പോകുന്നു.
ഭൂമിയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പുതുക്കി ഭൂസ്വത്തവകാശം തട്ടിപ്പറിച്ചെടുക്കാനും അതിനെ കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള നീക്കങ്ങള്‍ നടത്തുന്നു. സാധാരണക്കാരില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ചെടുത്ത് കുത്തകകള്‍ക്ക് സമ്മാനിക്കുന്നതിന്റെ ‘ ആദ്യ അങ്ക’ മാണിത്. ആദ്യം വിദൂഷകന്‍ പ്രത്യക്ഷപ്പെട്ടു അരങ്ങേറാന്‍ പോവുന്ന നാടകത്തിന്റെ കഥ ഏറെക്കുറേ തമാശ ചേര്‍ത്ത് പറയാറില്ലേ, അതേപോലെ നന്ദന്‍ നിലങ്കനി വിദൂഷകവേഷം കെട്ടിയാടുകയാണ്, കൂടെ മന്‍മോഹനും ആലുവാലിയയും.
പൗരന്റെ സ്വകാര്യതകളിലേക്കുള്ള ഈ കടന്നുകയറ്റം പ്രയോഗിച്ച് ഉപേക്ഷിച്ച രാജ്യങ്ങളാണ് ബ്രിട്ടനും മറ്റും. യു.ഐ.ഡി നമ്പറുകള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിച്ച് ഒടുക്കം എല്ലാ നശിപ്പിച്ചുകളഞ്ഞത് ബ്രിട്ടനാണ്. അന്ന് താച്ചര്‍ അതിനു പറഞ്ഞ കാരണം ‘ ഭരണാധികാരികള്‍ ജനങ്ങളുടെ ദാസന്മാരാണ്, ഇത്തരം വിവരശേഖരണങ്ങള്‍ ഞങ്ങളെ പൗരന്മാരുടെ യജമാനന്മാരാക്കും’ എന്നാണ്. അതുകൊണ്ടാണ് യു.ഐ.ഡി പദ്ധതി ഉപേക്ഷിക്കുന്നത് എന്നാണ്.
ഈ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ ഈ ഏജന്‍സികളെല്ലാം കച്ചവടതാല്‍പര്യമുള്ളവരാണ്. ഇവരെല്ലാം ഏതെങ്കിലും വ്യാവാര സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംങ് സര്‍വേ നടത്തുന്നവരാണ്. രഹസ്യമായി സൂക്ഷിക്കുമെന്ന് പറയുന്ന വിവരങ്ങളെല്ലാം സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തും. മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് കൈമാറാനും അവര്‍ക്ക് കഴിയും. ഇവര്‍ വഴി ഈ വിവരങ്ങളെല്ലാം ബഹുവിധത്തിലുള്ള ചാരസംഘടനകള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും കൈമാറപ്പെടും. മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന ഒരു പാട് ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നതും വിനിമയം ചെയ്യപ്പെടുന്നതും.
ഫെയ്‌സ്ബുക്ക് വഴി നമ്മളെ മുഴുവനായി ലോകത്തിന് കൊടുക്കുന്നതുപോലെ അതിലേക്ക് ലോകത്തിലെ മുഴുവന്‍ വ്യാപാര താല്‍പര്യങ്ങളും നമ്മളറിയാതെ ഇരച്ചുകയറുന്നതുപോലെ നമ്മള്‍ നമ്മളെ കോര്‍പ്പറേറ്റുകള്‍ക്ക് യു.ഐ.ഡി വഴി ഏറിഞ്ഞുകൊടുക്കുകയാണ്. ഇതോടൊപ്പം വിവരാവകാശ നിയമത്തിന് ക്ലിപ്പിടാനുളള നീക്കങ്ങള്‍ ഭരണതലത്തില്‍ നിന്നും ആരംഭിച്ചുവെന്നുള്ളതും കൂട്ടിവായിക്കേണ്ടതാണ്. വിവരാവകശാ നിയമത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സര്‍ക്കാരിന്റെ സമയം വല്ലാതെ ഇതപഹരിക്കുന്നവത്രേ!. ഭരണ നിര്‍വഹണത്തെ അത് തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സത്യത്തില്‍ കോര്‍പ്പറേറ്റ് ലോകത്തെ വിവരാവകാശനിയമം അലോസരപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയെ വിവരാവകാശ നിയമം ചൊടിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്.
ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍മാരുടെ ആറാം സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇങ്ങിനെ പറഞ്ഞത്. ഈ സമ്മേളനം പ്രധാനപ്പെട്ട മൂന്ന് വ്യാപാരകേന്ദ്രങ്ങളായ എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, ASSOCHAM എന്നീ സംഘടനകളേയും പങ്കെടുപ്പിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 2ജി സ്‌പെക്ട്രം അഴിമതികള്‍ കോര്‍പ്പറേറ്റുകളെയും കുടുക്കി എന്ന കാര്യവും ഇതിനൊപ്പം നമ്മള്‍ ചേര്‍ത്തു വായിക്കണം. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്ന സ്വാകാര്യ സംരഭകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ തടയാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയടക്കമുള്ള പൊതു പ്രവര്‍ത്തകെ ഒഴിവാക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ വലിയൊരു ഗുഢാലോചനയുടെ ഭാഗമാണ് യു.ഐ.ഡി . അത്തരം ഗൂഢാലോചനകളെ തകര്‍ക്കാനുള്ള ശക്തി നമ്മുടെ പൗരബോധത്തിനുണ്ടാവട്ടെ. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ. ജനങ്ങള്‍ സ്വയം അതിനുള്ള വഴികള്‍ കണ്ടുപിടിക്കും.
നങ്ങളുടെ സ്വകാര്യതകളുടെ കണക്കെടുപ്പ് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. എല്ലാ സമഗ്രാധിപത്യവും അതിനായി കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ജനങ്ങളുടെ സ്വകാര്യതയെ കടന്നാക്രമിക്കുന്നുവെന്നായിരുന്നു പ്രചരണം. ജനാധിപത്യമാണ് ഇത്തരം ആക്രമണത്തിനെതിരായ ഒറ്റമൂലി എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ജനാധിപത്യം തന്നെ ജനങ്ങളുടെ സ്വാകാര്യതയെ പിടിച്ചു പറിക്കുന്നു.
പൊതുതാല്‍പര്യമുള്ള വിഷയമാണെങ്കില്‍ മാത്രമേ വിവരാവകാശനിയമ പ്രകാരം മറുപടി പറയേണ്ടതുള്ളൂവെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ആവശ്യപ്പെടുന്ന വിവരം പൊതുതാല്‍പര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ്? ഓരോ പൗരന്റെയും നീതി നിഷേധം പൊതുതാല്‍പര്യമാണ്. നീതി നിഷേധിക്കപ്പെടുമ്പോഴാണല്ലോ പൗരന്‍ അതിന്റെ കാരണം ആവശ്യപ്പെടുന്നത്. അത്തരം ആവശ്യങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വിവരാവകാശം ഫലത്തില്‍ ഇല്ലാതാവുകയാണ്.
യേശുകൃസ്തുവിന്റെ ഉല്‍പ്പത്തി തന്നെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഇസ്രായേല്‍ സന്തതികളും അവര്‍ കഴിഞ്ഞുകൂടുന്ന ഇടങ്ങളില്‍ നിന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരണമെന്ന് രാജാവ് ആവശ്യപ്പെടുന്നു. സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയിലാണ് മറിയം യേശുക്രിസ്തുവിന് ജന്മം നല്‍കുന്നത്.
ഈ വിവരശേഖരണം തന്നെ ജനിയ്ക്കാന്‍ പോവുന്ന മിശിഹയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ്. ഇസ്രായേലിന്റെ രക്ഷകന്റെ പിറവി ഇല്ലാതാക്കാന്‍ ജനതയുടെ സ്വകാര്യതയുടെ വിവരശേഖരണം ജനതയുടെ ജനാധിപത്യ ബോധത്തെയും സ്വന്തന്ത്ര കാമനകളുടേയും സ്വാതന്ത്ര്യദാഹത്തിന്റെയും നാമ്പുകളെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണ്. ജനതയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. ഒരു പക്ഷെ ഇതിലൂടെ നടക്കാന്‍ പോവുന്നത് മതന്യൂനപക്ഷത്തിന്റെ കണക്കെടുപ്പായിരിക്കും.
ഈ കണക്കെടുപ്പ് അത്ഭുതകരമാം വിധം മഹാത്മാഗാന്ധിയുടെ പോരാട്ടങ്ങളുടെ ആരംഭത്തിലേക്ക് തങ്ങളെ നയിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് ഗാന്ധിജി തന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മനുഷ്യാവകശാങ്ങള്‍ക്കുവേണ്ടി പോരാടുന്ന യെമനിലെ വനിതാ പോരാളി ഇത്തവണ നോബേല്‍ പുരസ്‌കാരം നേടിയ ധീരവനിത തന്റെ ഇരിപ്പുമുറിയില്‍ സ്ഥാപിച്ച ഫോട്ടോകളില്‍ ഒന്ന് ഗാന്ധിജിയുടേതാവുന്നത് അര്‍ത്ഥമധുരവുമാണ്. ഗാന്ധിജി മനുഷ്യാവകശാലംഘനങ്ങള്‍ക്കെതിരെയുള്ള പടയോട്ടങ്ങളുടെ കൊടിയടയാളമാവുന്നതും അങ്ങിനെയാണ്. നിരാകരണത്തിന്റെയും സ്വീകരണത്തിന്റെയും ഒരുപാട് സന്ദേഹങ്ങള്‍ക്കിടയില്‍ എവിടെയോ ഗാന്ധിജിയുടെ ശാന്തിനിറഞ്ഞ മന്ദഹാസമുണ്ട്.
മഹാത്മഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ രാഷ്ട്രീയ പൊതുപ്രസംഗം 1918 ആഗസ്റ്റ് 18നായിരുന്നു. ഇന്നേക്ക് 93 വര്‍ഷം മുമ്പ്. സൗത്ത് ആഫ്രിക്കയിലെ ഫോര്‍ഡ്‌സ് ബര്‍ഗിലെ ഹമീദിയാ പള്ളിയുടെ അങ്കണത്തില്‍ മൂവ്വായിരത്തിലേറെ ആള്‍ക്കാര്‍ പങ്കെടുത്ത ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യപ്രസംഗം നടത്തുന്നത്. ശ്രോതാക്കള്‍ മുഴുവനും മുസ്‌ലീംങ്ങളായിരുന്നു. മുസ്‌ലീം ആരാധനാലയവും മുസ്‌ലീം ജനസാമാന്യവുമാണ് ആ പ്രസംഗത്തിന് കാതോര്‍ത്തത്.
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനും തടയാനും സൗത്ത് ആഫ്രിക്കയിലെ വെളുത്തവരുടെ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാനും ഇന്ത്യക്കാര്‍ക്ക് പ്രത്യേകതരം റസിഡന്റ് പെര്‍മിറ്റുകള്‍ നല്‍കാനും നല്‍കാനും ഉത്തരവായതിനെതിരെയായിരുന്നു ചരിത്ര പ്രസിദ്ധമായ ആ പ്രസംഗം. ഇന്ത്യക്കാരെ സംബന്ധച്ചിടത്തോളം അന്ന് ദക്ഷിണാഫ്രിക്ക വിദേശരാജ്യമായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിലെ ഒരു പ്രവിശ്യമാത്രം. ദക്ഷിണാഫ്രിക്കക്കാരും ഇന്ത്യക്കാരുമൊക്കെ ബ്രിട്ടീഷ് പ്രജകള്‍ ആണ്. പിന്നെന്തുകൊണ്ടീ വിവേചനം?.
അത് കഴിഞ്ഞു മൂന്നുവര്‍ഷം കഴിയുമ്പോഴേയ്ക്കും 1911 സെപ്റ്റംബര്‍ 11ന് അതൊരു വമ്പന്‍ സ്മാരകമായി മാറി. 1911 സെപ്റ്റംബര്‍ 11ന് ജൊഹന്നാസ്ബര്‍ഗിലെ എംപയര്‍ തിയ്യേറ്ററില്‍ തടിച്ചുകൂടിയ ജനങ്ങളോടു ഗാന്ധിജി റസിഡന്റ് പെര്‍മിറ്റുകള്‍ ചുട്ടുകളയാന്‍ ആഹ്വാനം ചെയ്തു. റസിഡന്റ് പെര്‍മിറ്റുകള്‍ കത്തിയെരിഞ്ഞ ആ സായാഹ്നമാണ് ചരിത്രത്തിലെ ആദ്യത്തെ 11/9. യോഗത്തിനുശേഷം രോഷം പൂണ്ട ഭരണാധികാരികള്‍ ജനക്കൂട്ടം പിരിഞ്ഞുപോയി മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പ് എംപയര്‍ തിയ്യേറ്റര്‍ തീവെച്ചു ചാമ്പലാക്കി.
എട്ടുവയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും റസിഡന്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. കയ്യിലെ പത്തുവിരലുകളുടേയും മുദ്രകളോട് കൂടിയത്. യു.ഐ.ഡിയും ഇത്തരത്തിലുള്ള ഐഡന്റിറ്റി കാര്‍ഡാണ് വിതരണം ചെയ്യാന്‍ പോവുന്നത്. ഇതിനെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പോലീസിന് പരിധിയില്ലാത്ത അധികാരങ്ങളാണ് നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി വീടുകളില്‍ അതിക്രമിച്ചുകയറാനും പോലീസിന് അധികാരമുണ്ടായിരുന്നു. യു.ഐ.ഡി കാര്‍ഡുകള്‍ ഇല്ലാത്തവരെ മുഴുവനും രാജ്യദ്രോഹികളാക്കി മുദ്രകുത്താനും അവരെ ഉന്മൂലനം ചെയ്യാനും ഭാവിയില്‍ സര്‍ക്കാര്‍ തയ്യാറാക്കുകയില്ലെന്നൊന്നും കരുതാന്‍ നിര്‍വാഹമില്ല.
ഇത്തരം അടയാള മുദ്രകള്‍ നല്കാത്തവരെല്ലാം മാവോവാദികളും തീവ്രവാദികളുമായി കണക്കാക്കിയേക്കാം. അതിനെതിരെ പ്രതികരിക്കുന്നവരെ തടങ്കലിലാക്കിയേക്കാം. അമിതാധികാരത്തിന്റെ നാളുകളാണ് ഇനിവരാന്‍ പോവുന്നത്. ഗാന്ധിജിയുടെ ജീവചരിത്രമെഴുതുന്ന ഇന്ത്യക്കാര്‍ ഈ ചരിത്രപാഠവും നിയോഗവും വിട്ടുകളയുന്നതില്‍ അത്ഭുതമില്ല. യു.ഐ.ഡി കാര്‍ഡ് വേണ്ടെന്ന് തീരുമാനിച്ച ഒരു രാജ്യത്തിന്റെ പ്രജയായ ജോസഫ് ലെലിവെല്‍ഡ് ചരിത്രം ഏറ്റെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജോസഫ് ലെലി വെല്‍ഡിന്റെ ‘GREAT SOUL’ (മഹാത്മാ) എന്ന ജീവചരിത്ര ഗ്രന്ഥത്തെ നിരോധിക്കണമെന്ന് പറയാനും ഇവിടെ ആള്‍ക്കാരുണ്ടല്ലോ. ഗാന്ധിജിയുടെ പ്രണയമാണ് അവരെ ചൊടിപ്പിക്കുന്നത്.
പ്രണയവും ജീവിതവും ഇല്ലാത്ത എല്ലാവരും അറവുമാടുകളാകുന്ന കാലത്തിലേക്കാണ് യു.ഐ.ഡി നമ്മളെ തെളിച്ചുകൊണ്ടുപോവുന്നത്.

ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

ഡോ.ഉഷാ രാമനാഥന്‍
നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്‍. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പല തവണ എക്‌സ്‌പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്‍. ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.
2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ. വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. 2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈയില്‍ നന്ദന്‍ നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.
ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്. പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്. അത്‌കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.

ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭീഷണി
ധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്‍മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്. അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല. എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്‍കിടെക്ചര്‍’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
പേര്, വയസ്സ്, ലിംഗം തുടങ്ങിയ തുടങ്ങിയ പൗരന്റെ ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷേ സംഭവിക്കുന്നത് അതല്ല, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ ജനങ്ങളുടെ ഏറ്റവും സ്വകാര്യ വിവരങ്ങള്‍ വരെ അധികൃതര്‍ ശേഖരിക്കുന്നു എന്നതാണ് സത്യം. മേഘാലയയില്‍ സംസ്ഥാന സര്‍ക്കാര്‍ യു.ഐ.ഡി പദ്ധതിക്ക് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഏല്‍പ്പിച്ച പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്നാണ് ലഭിച്ച നിര്‍ദേശം.
ഇത് നടപ്പിലായാല്‍ പൗരനെക്കുറിച്ചുള്ള ഏറ്റവും ചെറിയ വിവരങ്ങളടക്കം വിശദമായ വിവരങ്ങള്‍ തന്നെ സര്‍ക്കാറിന്റെ കൈയ്യിലാകും. വ്യക്തിയുടെ രഹസ്യവും പരസ്യവുമായ ജീവിതത്തിന് മുകളില്‍ ഒരു മൂന്നാം കണ്ണ് എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കും. ഒരു അസുഖത്തിന് നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുകയാണെന്നിരിക്കട്ടെ, രാജ്യത്തെ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും വേണമെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും. നിങ്ങള്‍ രാവിലെ പല്ലു തേക്കുന്നത് ഏത് പേസ്റ്റ് കൊണ്ടാണെന്ന് പോലും വേണമെങ്കില്‍ അറിയാന്‍ കഴിയുമെന്നര്‍ത്ഥം.

വ്യക്തികളുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും
വ്യക്തികളുടെ ശേഖരിച്ച വിവരങ്ങള്‍ യു.ഐ.ഡി മാത്രമെ കൈവശം വെയ്ക്കൂ എന്ന തെറ്റായ സുരക്ഷാ ബോധമാണ് ഈ രാജ്യത്തെ പൗരന് നല്‍കപ്പെട്ടിരിക്കുന്നത്. ഇന്ത്യ പോലെ വലുതും ജനപ്പെരുപ്പം ഏറെയുമുള്ളൊരു രാജ്യത്ത് പൗരന്‍മാരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുക എന്നത് പ്രയാസമേറിയതാണ്. അതിനാല്‍, വിവര ശേഖരണം വിവധ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് യു.ഐ.ഡി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഗ്യാസ് ഏജന്‍സികളെയും ബാങ്കുകളെയും പോലോത്തവയെ. ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ യു.ഐ.ഡിക്ക് അയച്ചു കൊടുക്കും. പരിശോധനക്കായി യു.ഐ.ഡി ലഭിച്ച ഡാറ്റകളുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നു. പിന്നെ ഒരേ കാര്‍ഡ് രണ്ടുപേര്‍ ഉപയോഗിക്കാതിരിക്കാന്‍ ഡ്യൂപ്ലിക്കേറ്റ് കോപ്പി നശിപ്പിക്കുകയും ചെയ്യുന്നു.
യു.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കുന്നത് ഒരു രജിസ്ട്രാറായിരിക്കും. ശേഖരിച്ച വിവരങ്ങള്‍ക്കപ്പുറത്ത് വ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ട വിവരങ്ങള്‍ എന്തായാലും ഈ രജിസ്ട്രാര്‍ക്ക് ചോദിക്കാന്‍ അധികാരമുണ്ടായിരിക്കും. പരിശോധനക്കായി ഈ വിവരങ്ങള്‍ പല കൈകളിലൂടെ സഞ്ചരിച്ച് വീണ്ടും ഈ രജിസ്ട്രാറില്‍ തന്നെ എത്തും. ശേഖരിച്ച വിവരങ്ങള്‍ പരസ്യമാക്കനുള്ള അനുവാദം വ്യക്തിയോട് ചോദിക്കുന്ന കോളം യു.ഐ.ഡിയുടെ ഫോമിലുണ്ട്. പക്ഷേ ആരുമായാണ് വിവരങ്ങള്‍ പങ്കുവെക്കേണ്ടത് എന്ന കോളം അതിലില്ല. ഏതെങ്കിലും സംഘടനകളുമായോ ഏജന്‍സികളുമായോ നമ്മുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടാല്‍ പിന്നെ എന്തു സ്വകാര്യതയാണ് നമുക്കുള്ളത്?
ദേശീയ ഇന്റലിജന്‍സുമായി യു.ഐ.ഡിക്ക് ബന്ധമുണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രി പി.ചിദംബരമാണ് ഈ ലിങ്ക് ഉണ്ടാക്കിയത്. ശേഖരിച്ച വിവരങ്ങള്‍ സംയോജിപ്പിച്ച ശേഷം നമ്മള്‍ക്ക് യാതൊരു നിയന്ത്രണവും സാധ്യമല്ലാത്ത മേഖലകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
നമ്മുടെ സമൂഹത്തില്‍ മുതലാളിത്ത മനോഭാവത്തോടെ ജനങ്ങളെ വീക്ഷിക്കുന്ന ഒരു വിഭാഗമുണ്ട്. തങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ഉത്പന്നം എത്തിക്കാന്‍ കോര്‍പ്പറേറ്റ് മാര്‍ക്കറ്റുകളും മുതലാളിത്ത ശക്തികളും യു.ഐ.ഡി പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാം. നമ്മളെക്കുറിച്ചുള്ള ഇത്രയും വിശദമായ വിവരങ്ങള്‍ പരസ്യമാക്കപ്പെടുമ്പോള്‍ ബിസിനസ്സ് കമ്പനികള്‍ക്കും പരസ്യങ്ങള്‍ക്കും ഏറ്റവും അനായാസമായി നമ്മെ ലക്ഷ്യമിടാന്‍ സാധിക്കും.


യു.ഐ.ഡിയും ദേശീയ സുരക്ഷയും
ദേശീയ സുരക്ഷയെ യു.ഐ.ഡി പദ്ധതി ശക്തിപ്പെടുത്തും എന്നൊരു അവകാശ വാദം അധികാരികള്‍ക്കുണ്ട്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ‘ദേശീയ സുരക്ഷക്ക് ഭീഷണി ഉണ്ട്’ എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? സമാധാനപരമായ പ്രതിഷേധമാണെങ്കിലും അഴിമതിക്കെതിരെയുള്ള നീക്കങ്ങളാണെങ്കിലും ആദിവാസികളുടെ പ്രക്ഷോഭങ്ങളാണെങ്കിലും എല്ലാം ഇന്ത്യയില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പരമാധികാരമുള്ള സ്‌റ്റേറ്റിനാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും വസ്തുക്കള്‍ മാത്രമായി ജനാധിപത്യ സംവിധാനത്തില്‍ നാം മാറും. നിങ്ങള്‍ സംസാരിക്കുന്ന വ്യക്തി ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് സ്‌റ്റേറ്റിന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
സര്‍ക്കാര്‍ ജനങ്ങളോട് ഇന്ന് ഉത്തരവാദിത്വമുള്ളവരാകുന്നത് വിവരാവകാശ നിയമം മുഖേനെയാണെങ്കില്‍ നാളെ അത് യു.ഐ.ഡി മുഖേനെ ആയി മാറും. യു.ഐ.ഡിയിലൂടെ ശേഖരിച്ച ഒരോ വിവരങ്ങളും നമുക്കെതിരായി സ്‌റ്റേറ്റ് ഉപയോഗിച്ചേക്കാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പൗരന്റെ ഭരണഘടനാവകാശങ്ങളെ ഇല്ലാതാക്കുന്നു
രു പരാതിയിലെ കുറ്റാരോപിതന്‍ പോലും ഭരണഘടനയിലെ അനുഛേദം 20ഉം (Article 20) ഉപ അനുഛേദം 3ഉം (Sub Article 3) പ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ അനുഛേദങ്ങള്‍ പ്രകാരം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങള്‍ കുറ്റാരോപിതന് ലഭിക്കുന്നു. അവര്‍ക്കെതിരെ കേസില്‍ ഉപയോഗിക്കപ്പെട്ട ഒരു വിവരങ്ങളും പരസ്യമാക്കാന്‍ പാടില്ല. യു.ഐ.ഡി പദ്ധതി നടപ്പിലായാല്‍ സാധാരണ പൗരന് ഈ അവകാശം നിഷേധിക്കപ്പെടും. നമ്മള്‍ പരിഗണിക്കപ്പെടുന്നത് പൗരന്‍മാര്‍ എന്നാണെങ്കിലും നമ്മള്‍ ഭരണകൂടത്തിന്റെ വെറും കളിപ്പാവകള്‍ മാത്രമായിത്തീരും.
25% പബ്ലിക് സെക്ടറില്‍ പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ സാധിക്കും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ പൗരന്റെ വ്യക്തി വിവരങ്ങള്‍ കൈവശം വെച്ചേക്കാം. സ്വകാര്യ കമ്പനികളെ നമ്മള്‍ എങ്ങിനെയാണ് വിശ്വസിക്കുക? ഇത് അംഗീകരിക്കാനാകുമോ? അവരുടെ കൈയ്യിലകപ്പെടുന്ന നമ്മുടെ ജീവിത വിവരങ്ങള്‍ സുരക്ഷിതമെന്ന് കരുതി എത്രകാലം നാം ജീവിക്കും?


വിവരങ്ങള്‍ ശേഖരിക്കാന്‍ ബയോമെട്രിക് സ്‌കാനുകളും
വ്യക്തികളുടെ ശരീരം സ്‌കാന്‍ (Biometric test) ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി രണ്ട് കമ്പനികള്‍ക്കാണ് യു.ഐ.ഡി അനുമതി നല്‍കിയിരിക്കുന്നത്. എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന്‍ (L1 Identity Solution), ആക്‌സഞ്ചര്‍ (Accenture) എന്നീ കമ്പനികളാണ് അവ. ബയോമെട്രിക്‌സില്‍ മനുഷ്യ ശരീരം ഒരു ഉപകരണമായാണ് കണക്കാക്കപ്പെടുന്നത്. വിരലടയാളങ്ങളും ഫോട്ടോഗ്രാഫുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതെങ്കിലും ഐറിസ് സ്‌കാന്‍ (Iris scan) കൂടി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഡി.എന്‍.എ ടെസ്റ്റ് പോലും ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം.
ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തീരുമാനിക്കുന്നത് മൂന്നാമതൊരു വ്യക്തിയായിരിക്കും. ഇന്ന് നമ്മള്‍ അറിയപ്പെടുന്നത് നമ്മുടെ സ്വന്തം വ്യക്തിത്വം കൊണ്ടാണെങ്കില്‍ നാളെ യു.ഐ.ഡി പദ്ധതി ചാര്‍ത്തി നല്‍കുന്ന ‘ഐഡന്റിറ്റി’യിലൂടെയാകും നമ്മള്‍ അറിയപ്പെടുക. ഒരു ആദിവാസിയുടെ നിലനില്‍പ്പ് പോലും യു.ഐ.ഡി എങ്ങിനെ അവനെ സ്‌റ്റേറ്റിന് പരിചയപ്പെടുത്തു എന്നതിന്റെ അടിസ്ഥാനത്തിലായി മാറും.
പത്ത് വിരലുകളുടെയും വിരലടയാളം, ഐറിസ് സ്‌കാന്‍ (കണ്ണ് സ്‌കാന്‍ ചെയ്യുന്നത്), മുഖത്തിന്റെ ഫോട്ടോ എന്നിവയാണ് ബയോമെട്രിക് സ്‌കാനില്‍ ഉള്‍പ്പെടുന്നത്. എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന് ലോകബാങ്കുമായി ബന്ധമുണ്ട്. എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണ് എന്നത് അതിനേക്കാള്‍ ഗൗരവമേറിയ കാര്യമാണ്. സ്‌റ്റേറ്റിനും കോര്‍പറേറ്റ് മാര്‍ക്കറ്റുകള്‍ക്കും മുന്‍പില്‍ ഈ പദ്ധതി നമ്മളെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാം.

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യു.ഐ.ഡി പ്രവര്‍ത്തനങ്ങള്‍
പ്ലാനിംഗ് കമ്മീഷന്റെ ഉത്തരവിന്‍മേലാണ് യു.ഐ.ഡി പദ്ധതി ഇന്ത്യയില്‍ ഉടലെടുത്തത്. സുതാര്യമല്ലാത്തതും ചോദ്യം ചെയ്യപ്പെടാനാകാത്തതുമാണ് യു.ഐ.ഡിയുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഒരു കോര്‍പ്പറേറ്റ് സംസ്‌കാരം അവതരിപ്പിക്കുന്നതാണ് യു.ഐ.ഡിയുടെ പരാജയം. എല്ലാവരെയും ഭയക്കുന്ന ഒരു സമൂഹത്തിന്റെ പ്രവര്‍ത്തനമാണ് യു.ഐ.ഡി. മാനസിക വിഭ്രാന്തിയുള്ള സമൂഹത്തെ സൃഷ്ടിക്കാനെ ഇതിന് സാധിക്കൂ. ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് എന്താണിത്ര വാശി?
യു.ഐ.ഡിയുടെ സാമ്പത്തിക ക്രയവിക്രയങ്ങളും ചോദ്യം ചെയ്യപ്പെടില്ല. ഇതിന്റെ പ്രായോഗികതയും ഇതുവരെ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യപ്പെടുമ്പോഴും നിശ്ശബ്ദമായി തുടരുന്ന യു.ഐ.ഡിയുടെ പ്രവര്‍ത്തന രീതി ജനാധിപത്യ സംവിധാനമെന്ന നിലക്ക് ആരോഗ്യകരമായ കാര്യമല്ല. അത്‌കൊണ്ട് പദ്ധതിയെക്കുറിച്ച് അവര്‍ പൊതുജനങ്ങള്‍ക്ക് അറിയിച്ചു കൊടുക്കേണ്ടതുണ്ട്. പദ്ധതിയുടെ ചിലവ് ഇത്‌വരെ കണക്കാക്കപ്പെട്ടിട്ടില്ല. 45 കോടി രൂപ ഇതിനോടകം ചിലവാക്കിക്കഴിഞ്ഞു. തോന്നിയ രീതിയില്‍ പണം ചിലവഴിക്കാന്‍ എന്താണ് അവര്‍ക്ക് അധികാരം? രാജ്യവ്യാപകമായ ഇത്രയും വലിയ ഒരു പദ്ധതിക്ക് എങ്ങിനെയാണ് സ്ഥിതി വിവരക്കണക്കുകളില്ലാതെ പോകുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ രാജ്യത്തെ ജനങ്ങളോട് യു.ഐ.ഡി ഉത്തരം പറയേണ്ടതുണ്ട്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങളും മറ്റു വിവരങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. പക്ഷേ എല്ലാം അഴിമതിക്കറ പുരണ്ട സര്‍ക്കാറിന്റെ കൈയ്യിലാണ്. ഈ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു നിയമവും ഇതുവരെ ഇല്ല. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം ദുര്‍ബലപ്പെടുകയാണ്. സ്‌റ്റേറ്റിന് മുമ്പില്‍ നമ്മള്‍ വിനയത്തോടെ കീഴടങ്ങുകയാണ്.



No comments:

Post a Comment