സിപിഎം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന വിവാദം കൊഴുത്തിട്ട് ഏറെ നാളായിട്ടില്ല. വാസ്തവത്തില്‍ യുഡിഎഫിനാണ് ഇവന്റ് മാനേജ്‌മെന്റ് സംസ്‌കാരം ഏറ്റവും യോജിക്കുന്നതെന്ന് അടുത്ത കാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു.
പിറവം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ശെല്‍വരാജിന്റെ രാജിയും നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. പിറവം തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് സമകാലീനസംഭവങ്ങളിലും തുറന്നുകാട്ടപ്പെട്ടത് യുഡിഎഫിന്റെ രാഷ്ട്രീയ കളിയാണ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശെല്‍വരാജിനെ പോലൊരു എംഎല്‍എ രാജിവെച്ചത് യുഡിഎഫില്‍ നിന്നുള്ള വ്യക്തമായ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചു. കടലിലെ കൊലപാതകവിഷയത്തിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യുഡിഎഫും യുപിഎയും എടുത്ത നിലപാടും തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് എടുത്ത നിലപാടും തീര്‍ത്തും വിരുദ്ധമാണ്.
ടിപിയുടെ കൊലപാതകവും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. വര്‍ഗ്ഗവഞ്ചകനായ ശെല്‍വരാജിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ കളത്തിലിറങ്ങിയിരിക്കുന്ന സഖാക്കന്മാര്‍ തലയില്‍ അല്‍പ്പമെങ്കിലും വെളിവുണ്ടെങ്കില്‍ ഇക്കാര്യത്തിനു മുതിരില്ലെന്ന കാര്യം ഉറപ്പാണ്. ഇവിടെയാണ് പിറവത്തെ പോലൊരു ഇവന്റ് മാനേജ്‌മെന്റ് തന്ത്രം മണക്കുന്നത്.
ആശയപരമായി വ്യത്യാസമുള്ള ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കണമെങ്കില്‍ സിപിഎമ്മിന് അത് എന്നേ ആകാമായിരുന്നു. അതല്ല, ഇപ്പോഴാണ് നല്ല സമയം എന്നു പാര്‍ട്ടി കരുതുന്നതെങ്കില്‍ അതിന് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആര്‍ക്കാണ് ടിപി ചന്ദ്രശേഖറിന്റെ മരണം കൊണ്ടുള്ള മെച്ചം? തീര്‍ച്ചയായും യുഡിഎഫിനാണ് . സിപിഎം അല്ലെങ്കില്‍ ഇത്രയും കൃത്യതയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നത് എന്‍ഡിഎഫിനും പ്രൊഫഷണല്‍ കൊലപാതക സംഘങ്ങള്‍ക്കുമാണ്.
എന്‍ഡിഎഫിനെ പരിഗണിക്കുകയാണെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനം കേരളത്തില്‍ ശക്തമാകുന്നതിനെ എന്നും എതിര്‍ക്കുന്ന വിഭാഗമാണവര്‍. യുഡിഎഫ് ഭരണത്തില്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യം കൂടിയാണ്. മുസ്ലീംലീഗില്‍ വ്യക്തമായ ആധിപത്യം നേടി കഴിഞ്ഞ സംഘടനയ്ക്ക് വളരണമെങ്കില്‍ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം വേണം. യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ഇതു സാധ്യമാകുന്നത്.
ഒടുവില്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ടിപി ചന്ദ്രശേഖരനെ ആക്രമിച്ച സംഘത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ നിറമുള്ള ഇന്നോവ കാറിലെത്തിയവരാണ് കൊലപാതകം നടന്നതെന്ന കാര്യം വ്യക്തമായത്. ചൊക്ലിയില്‍ കണ്ടെത്തിയ കാറിന്റെ മുന്‍ഭാഗത്തുള്ള പരിക്കുകള്‍, കാര്‍ രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിയത് എല്ലാം വിരല്‍ ചൂണ്ടുന്നത് പ്രൊഫഷണല്‍ സംഘത്തിലേക്കാണ്.
ഉപേക്ഷിച്ച ഇന്നോവ, അതിന്റെ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍, അവര്‍ വിരല്‍ചൂണ്ടുന്ന സിപിഎം പ്രവര്‍ത്തകര്‍ എല്ലാം വ്യക്തമാക്കുന്നത് വലിയൊരു ഗൂഡാലോചനയാണ്. കണ്ണൂര്‍ പായപ്പക്കി റഫീക്ക് എന്നയാളാണ് മുഖ്യപ്രതിയെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്ന പ്രതികള്‍ സിപിഎംകാരാണെങ്കില്‍, പിണറായി അടക്കമുള്ള നേതാക്കളുടെ മൗനാനുവാദത്തോടെയാണ് ഈ കൊലപാതകം നടന്നതെങ്കില്‍ ഇത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയമായ പതനം കൂടിയാണ്.
നെയ്യാറ്റിന്‍കരയിലെ ത്രികോണ മത്സരത്തിലെ സമവാക്യം മാറ്റാന്‍ സിപിഎം നടത്തിയ ഇവന്റ് മാനേജ്‌മെന്റ് തന്ത്രമാണെന്ന് പറയുന്നവര്‍ കുറവാണ്. എന്നാല്‍ പാര്‍ട്ടിയുടെ അടവ് നയത്തിന്റെ ഭാഗമാണോ ഈ കൊലപാതകം? എന്തായാലും മറ്റൊരു കാര്യമുറപ്പാണ്. ഈ കേസില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. തേഞ്ഞുമാഞ്ഞു പോകാനുള്ള മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി. ശ്രീജിത്തും കൂട്ടരും ചികഞ്ഞ് ചികഞ്ഞെത്തുമ്പോള്‍ അത് ഇനി ഏത് മുന്നണിയിലേക്കായാലും അന്വേഷണത്തിന് കര്‍ട്ടനിടും.
No comments:
Post a Comment