പേരുകള്‍ പലതാണ്. 'വികാസ് കി ചിങ്കാരി' എന്നായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസുകാര്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. വികസനത്തിന്റെയും പുരോഗമനത്തിന്റെയും സ്ഫുലിംഗം.
അടിയന്തരാവസ്ഥക്കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നെങ്കിലും ദല്‍ഹിയിലായിരുന്നു പൊറുതി. അപ്പോള്‍ കിട്ടിയ പേര് 'ന്യൂദല്‍ഹി തിവാരി'. സഞ്ജയ് ഗാന്ധിയുടെ സന്തതസഹചാരിയായിരുന്നപ്പോള്‍ 'സഞ്ജയ് കി സവാരി'യായി. പിന്നെയും കിട്ടി വിളിപ്പേരുകള്‍ ഇഷ്ടം പോലെ. 'നത്തിങ് ഡൂയിങ് തിവാരി' എന്ന പേരാണ് ഇതില്‍ ഏറ്റവും അന്വര്‍ഥം എന്ന് ആരോപിക്കുന്നവരുണ്ട്. ഒന്നിനും കൊള്ളാത്ത ഒന്നും ചെയ്യാത്ത ആള്‍ എന്ന അര്‍ഥത്തില്‍. 'നര്‍, ന നാരി, മേരാ നാം നാരായണ്‍ ദത്ത് തിവാരി' (ഞാന്‍ നരനോ നാരിയോ അല്ല, എന്റെ പേര് നാരായണ്‍ ദത്ത് തിവാരി) എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ശത്രുക്കള്‍ വേറെ.
ആണോ പെണ്ണോ അല്ല നപുംസകമാണെന്ന് ആക്ഷേപിച്ച ശത്രുക്കള്‍ ഇനിയെന്തു പറയും? രണ്ടു മൂന്നുകൊല്ലമായി മകനാണെന്ന് അവകാശപ്പെട്ട് ഒരു യുവാവ് പിറകെയുണ്ട്. പിതൃത്വപരിശോധനയില്‍നിന്ന് ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു ഇതുവരെ. ഇനിയത് നടപ്പില്ല. പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ദേഹത്തുനിന്ന് പരിശോധനക്കുള്ള രക്ത സാമ്പിള്‍ എടുക്കാന്‍ ദല്‍ഹി ഹൈകോടതി ഉത്തരവിട്ടിരിക്കുന്നു.
മകനാണെന്ന വാദവുമായി വന്ന ചെറുക്കന് വയസ്സ് 32. പേര് രോഹിത് ശേഖര്‍. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ഉജ്ജ്വല ശര്‍മയുടെ മകന്‍. മുന്‍കേന്ദ്രമന്ത്രി ഷേര്‍സിങ്ങിന്റെ ചെറുമകന്‍. അഭിഭാഷകനാണ്. ഇത്രയും കാലം ഇവന്‍ എവിടെയായിരുന്നുവെന്ന തിവാരിയുടെ ചോദ്യത്തില്‍ കോടതി കാര്യം കണ്ടില്ല. കോടതിവഴിയല്ലാതെ നടത്തിയ ശ്രമങ്ങള്‍ക്കു മുന്നില്‍ തിവാരി വാതില്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്തത്. അമ്മക്ക് തിവാരിയുമായി ഉണ്ടായിരുന്ന ബന്ധത്തില്‍നിന്നാണ് തന്റെ പിറവിയെന്നും ഒരാള്‍ക്ക് തന്റെ പിതാവിനെ നിര്‍ണയിച്ചുകിട്ടാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും രോഹിത് ശേഖര്‍ വാദിക്കുന്നു.
കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന അപൂര്‍വം സ്വാതന്ത്രൃസമര സേനാനികളില്‍ ഒരാള്‍. പാര്‍ട്ടിയുടെ പഴയ പടക്കുതിര. രാജീവ് ഗാന്ധിക്കു ശേഷമുള്ള രണ്ടാമത്തെ പ്രമുഖ നേതാവ്. പ്രധാനമന്ത്രിക്കസേരയിലേക്കു പോലും പരിഗണിക്കപ്പെട്ട പേര്. ഉത്തര്‍പ്രദേശില്‍ മൂന്നുവട്ടം മുഖ്യമന്ത്രി. ഉത്തരഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ അവിടത്തെ പ്രഥമ മുഖ്യമന്ത്രി. കേന്ദ്രത്തിലും മന്ത്രിയായിരുന്നു. വഹിച്ച ചുമതലകളും വലുത്. വിദേശകാര്യം, ധനകാര്യം, ആസൂത്രണം. നെഹ്റുകുടുംബവുമായി അമ്പതുകള്‍ മുതലുണ്ട് അടുത്ത ബന്ധം. സോണിയയെ പൂവിട്ടു പൂജിച്ചുകൊണ്ടാണ് ഓരോ ദിവസവും തുടങ്ങിയത്. സോണിയയെ സീതയോടുപമിച്ച കാളിദാസ സമാനമായ കാവ്യഭാവനയെ മിനിമം ഒരു ജ്ഞാനപീഠമെങ്കിലും കൊടുത്ത് ആദരിക്കേണ്ടതായിരുന്നു. സീതയും കൗരവമാതാവ് ഗാന്ധാരിയും വിദേശികള്‍ തന്നെയാണെന്ന് തിവാരിയുടെ കാവ്യഭാവനയില്‍ തോന്നി. ഭാരതീയ സംസ്കാരത്തിന്റെ സൂക്ഷിപ്പുകാരായ ബി.ജെ.പി വിടുമോ? അവര്‍ തിവാരിയെ പിന്നെ കണ്ടത് രാവണന്റെ പുനര്‍ജന്മമായാണ്.
ത്രേതായുഗത്തില്‍ സീതാദേവിയെ അപമാനിക്കാന്‍ ധൈര്യം വന്നത് രാക്ഷസരാജാവിനു മാത്രം. കലിയുഗത്തില്‍ അതിന് ഒരുമ്പെട്ടിറങ്ങിയ തിവാരി ആരായിരിക്കണം?. രാക്ഷസരാജന്റെ പുനര്‍ജന്മം. ഞെട്ടിപ്പിക്കുന്ന ആ കാവ്യഭാവനയോളം തീക്ഷ്ണമായിരുന്നു സോണിയയോടുള്ള ഭക്തി. പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. സദാചാരത്തിന്റെ കാര്യം വന്നാല്‍ പിന്നെ സോണിയക്കുമാവില്ല രക്ഷിക്കാന്‍ എന്ന് ചരിത്രം തെളിയിച്ചു. സീതയുടെ ചാരിത്യ്രശുദ്ധിയില്‍ സംശയം തോന്നിയപ്പോള്‍ രാമന്‍ അഗ്നിപരീക്ഷ നടത്തിയില്ലേ. അതുപോലെ തിവാരിയുടെ സദാചാരത്തിന്റെ പേരില്‍ അഭിനവസീതക്കും പഴികേള്‍ക്കേണ്ടിവരുമെന്ന സ്ഥിതി വന്നു. അങ്ങനെ തിവാരിക്ക് ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടിവന്നു.
രണ്ടുവര്‍ഷം മുമ്പു നടന്ന ആ മഹാഭാരതകഥക്ക് എരിവും പുളിയും കൂടും. 86ാം വയസ്സിന്റെ അവശതയിലും ശരീരകാമനകള്‍ കത്തിജ്വലിച്ചുനില്‍ക്കുമെന്ന് വിസ്മയിപ്പിച്ച അപവാദകഥ. ജപിച്ചും പ്രാര്‍ഥിച്ചും കഴിയേണ്ട കാലത്ത് മൂന്നു യുവതികള്‍ക്കൊപ്പം കിടക്കുന്ന അശ്ലീല വീഡിയോ എ.ബി.എന്‍ ആന്ധ്ര ജ്യോതി പുറത്തു വിട്ടത് വന്ദ്യവയോധികന് വിനയായി. ഔദ്യോഗിക വസതിയായ രാജ്ഭവന്‍ കാമലീലകളുടെ വേദിയാക്കി എന്ന ആരോപണമുയര്‍ന്നപ്പോള്‍ പറയാന്‍ മറുപടിയില്ലാതെ വലഞ്ഞു. സംഗതി മാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷിച്ചപ്പോള്‍ ദൃശ്യങ്ങളിലെ വൃദ്ധന്‍ താനല്ലെന്ന് ആണയിട്ടുകൊണ്ട് രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. ആരോഗ്യകാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നായിരുന്നു വിശദീകരണം. കഥക്ക് ഒരു ഉപകഥയുണ്ട്. ഖനനത്തിന് പാട്ടം കൊടുക്കാമെന്നു വാഗ്ദാനംചെയ്ത തിവാരിക്ക് താന്‍ മൂന്നു യുവതികളെ ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാധിക എന്ന സ്ത്രീ രംഗത്തുവന്നു.
ഗവര്‍ണര്‍ വാക്കു മാറ്റിയപ്പോള്‍ ഒളികാമറയില്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളുമായി മാധ്യമങ്ങളെ സമീപിച്ചു. എരിവും പുളിയുമുള്ള വാര്‍ത്തയുണ്ടാക്കാന്‍ രാപ്പകല്‍ ഓടിനടക്കുന്ന ചാനലിന് വീണുകിട്ടിയ ഈ എല്ലിന്‍ കഷണത്തിന് നല്ല രുചി തോന്നിക്കാണും. രണ്ടിലൊന്ന് ആലോചിക്കാതെ അവര്‍ ഇത് സംപ്രേഷണം ചെയ്തു. ജീവിതം തുടങ്ങുന്നത് 86ാം വയസ്സിലാണെന്ന് തിവാരി തെളിയിച്ചുവെന്ന് പറഞ്ഞ് രാജ്ദീപ് സര്‍ദേശായി ആവേശം കൊണ്ടു. സ്വന്തം വ്യക്തിത്വത്തേക്കാള്‍ ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം കേള്‍ക്കേണ്ടിവന്നു.
സാധാരണ കോണ്‍ഗ്രസുകാരെപ്പോലെ അഴിമതിയുടെ പേരിലല്ല പ്രശസ്തി. സ്ത്രീവിഷയത്തിലാണ് കമ്പം കൂടുതല്‍. ഉത്തരഖണ്ഡ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നേപ്പാള്‍ യുവതി സരികയുമായുള്ള ബന്ധം വിവാദമായിരുന്നു. അവയത്രയും എതിരാളികളുടെ ആരോപണങ്ങളായി കണ്ട് അന്ന് പാര്‍ട്ടിനേതൃത്വം തുണച്ചു. മൂന്നാംതവണ യു.പി. മുഖ്യമന്ത്രിയായിരിക്കെ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായി വാര്‍ത്ത സൃഷ്ടിച്ചു. പ്രഗജ്റൗളയില്‍ ഒരു സ്വകാര്യകമ്പനി ഗസ്റ്റ്ഹൗസില്‍ ഒരു 'സുഹൃത്തി'നൊപ്പം സുഖവാസത്തിലായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.
ഉത്തരഖണ്ഡിലെ നൈനിറ്റാളില്‍ 1925ല്‍ ജനനം. വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ് പൂര്‍ണാനന്ദ് തിവാരി. 1942 ഡിസംബര്‍ 14ന് ബ്രിട്ടീഷ് വിരുദ്ധ ലഘുലേഖകള്‍ എഴുതിയതിന്റെ പേരില്‍ പിടിക്കപ്പെട്ടതുമുതലാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അന്ന് നൈനിറ്റാള്‍ ജയിലില്‍ കൂട്ടിന് അച്ഛനുമുണ്ടായിരുന്നു. 15 മാസങ്ങള്‍ക്കുശേഷം പുറത്തുവന്ന് അലഹബാദ് സര്‍വകലാശാലയില്‍ ചേര്‍ന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി. 1945-49 കാലത്ത് അഖിലേന്ത്യാ സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. 1952ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ എത്തി. അന്ന് പാര്‍ട്ടി പ്രജാ സമാജ്വാദിയായിരുന്നു.
1957ല്‍ വീണ്ടും നിയമസഭയില്‍. പിന്നീട് പ്രതിപക്ഷനേതാവായി. 1963ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1976മുതല്‍ 88 വരെയുള്ള കാലയളവില്‍ മൂന്നു തവണ യു.പി മുഖ്യമന്ത്രിയായി. സഞ്ജയ് ഗാന്ധിയുടെ ചെരിപ്പേന്തി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ സഞ്ജയ് വന്നപ്പോള്‍ സുരക്ഷാഭടന്റെ തോക്കില്‍നിന്ന് അറിയാതെ വെടിയുതിര്‍ന്നു. പേടിച്ചരണ്ട സഞ്ജയ് വേദിക്കരികെ അഴിച്ചുവെച്ച ചെരിപ്പിടാതെ ഓടി. വിനീത വിധേയനായ തിവാരി ആ ചെരിപ്പുകള്‍ ഭവ്യതയോടെ എടുത്ത് തന്റെ പ്രിയപ്പെട്ട നേതാവിന്റെ കാല്‍ക്കല്‍ വെച്ചു.അന്ന് യു.പിയില്‍ സഞ്ജയിന്റെ ഏജന്റായിരുന്നു.
സ്ത്രീവിഷയം പോലെ ദൗര്‍ബല്യം മറ്റൊരു കാര്യത്തിലുമുണ്ട്. മൃദുഹിന്ദുത്വം. പിറന്നത് ബ്രാഹ്മണ കുടുംബ്ധിലാണ്. അല്‍പസ്വല്‍പം സവര്‍ണത സിരകളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അനുഗ്രഹാശിസ്സുകളോടെ 1989 നവംബര്‍ ഒമ്പതിന് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിനായി നടന്ന ശിലാന്യാസച്ചടങ്ങിന് എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത മുഖ്യനാണ്. നരസിംഹറാവുവിന്റെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി അര്‍ജുന്‍ സിങ്, നട്വര്‍സിങ്, ഷീലാ ദീക്ഷിത് എന്നിവര്‍ക്കൊപ്പം 1994ല്‍ പുതിയ കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. പാര്‍ട്ടി വേരുപിടിക്കാതായപ്പോള്‍ തറവാട്ടില്‍ മടങ്ങിവന്നു.
ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അമ്മയും മകനും. വാര്‍ധക്യത്തില്‍ പുത്രന്‍ രക്ഷിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു
.
No comments:
Post a Comment