Wednesday, May 23, 2012

ഇന്ത്യന്‍ ക്രിക്കറ്റും ചിയര്‍ഗേള്‍സും


Night-Party-IPL-Raid-1
ന്ത്യന്‍ ക്രിക്കറ്റും അതില്‍ അണിനിരക്കുന്ന സമര്‍ത്ഥരായ താരങ്ങളും പോകുന്നത് വഴിപിഴച്ച പോക്കിലേക്ക്. ലോകത്തിന്റെ ആകെ ശ്രദ്ധയും അഭിമാനവും അനുമോദനങ്ങളും പിടിച്ചുപറ്റിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുക്കുകുത്തി വീഴുന്നത് കടുത്ത അധാര്‍മികതയുടെയും സദാചാരമുല്യനിരാസത്തിന്റെയും നിയമലംഘനത്തിന്റെയും പടുകുഴിയിലാണ്.


ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇപ്പോള്‍ അടക്കി ഭരിക്കുന്നത് മെട്രോനഗരങ്ങളിലെ ദുഷിച്ച രാഷ്ട്രീയനേതൃത്വവും കള്ളപ്പണക്കാരും മദ്യരാജാക്കന്‍മാരും പെണ്‍വാണിഭ സംഘങ്ങളും റോയല്‍പിമ്പുകളുമാണെന്നാണ് പൊതുസമൂഹത്തില്‍ ഇതിനകം ഉയര്‍ന്ന ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച മുംബൈ മഹാനഗരത്തിലെ ജുഹു ബീച്ചിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള അത്യാഢംബര ഹോട്ടലില്‍ കാണാന്‍ കഴിഞ്ഞത്. 

ക്രിക്കറ്റ് എന്നാല്‍ കള്ളക്കളികളുടെ കേളീരംഗമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനകത്തും പുറത്തും നടത്തിയിരുന്ന ടെസ്റ്റ് ക്രിക്കറ്റിനും തുടര്‍ന്ന് നിലവില്‍ വന്ന ഏകദിന ക്രിക്കറ്റിനും ശേഷം ക്രിക്കറ്റ് മേളകള്‍ ട്വന്റി-20 മേളകളായി മാറിയതോടെയാണ് ഇത് വന്‍ വ്യവസായമായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടത്. ഈ മേളകള്‍ നടത്താന്‍ ഐപിഎല്‍ എന്ന സ്വകാര്യ മനേജുമെന്റുകളും രംഗത്തിറങ്ങി. മദ്യരാജാവും വിമാനക്കമ്പനിയുടമയുമായ വിജയ്മല്യ മുതല്‍ ഇന്ത്യക്കാരെ കന്നുകാലികളെന്ന് വിളിച്ചതിന് കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്ന തിരുവനന്തപുരം എം.പി ശശിതരൂരും പത്‌നി സുനന്ദയുമടക്കം ഐപിഎല്‍ കമ്പനി വിവാദത്തിലെ ആദ്യ പങ്കാളികളായിരുന്നു. 

കുതിരപന്തയക്കളത്തിലെ കുതിരകളെ പോലെയാണ് ഐപിഎല്‍ കമ്പനിയുടമകള്‍ ക്രിക്കറ്റ് കളിക്കാരെ കാണുന്നത്. ഈ കളിക്കാരെ മുന്നിലിറക്കിയാണ് ഇവര്‍ വാതുവെപ്പും ലേലവും നടത്തുന്നത്. മുന്തിയ ഇനം ഇരകളെ കൈക്കലാക്കാന്‍ കോടികള്‍ എറിഞ്ഞുള്ള കളികളാണ് ഇവിടെ നടക്കുന്നത്. ഈ കളികള്‍ക്ക് കൊഴുപ്പുപകരുന്നത് മദ്യവും മദിരാക്ഷികളും തന്നെ. ഇതിന്റെ നഗ്നമായ തെളിവുകളാണ് ജുഹു ബീച്ചില്‍ നിന്ന് പുറത്തുവന്നത്. 

ക്രിക്കറ്റ് കളിക്കളങ്ങളില്‍ ഇപ്പോള്‍ ഹരം പകരുന്ന മുഖ്യയിനം ചിയര്‍ഗേള്‍സുമാരുടെ പ്രകടനങ്ങളാണ്. ഇവരുടെ പ്രകടനങ്ങള്‍ കാണാന്‍ മാത്രം സ്റ്റേഡിയത്തില്‍ ഇരമ്പിയെത്തുന്നവരുണ്ട്. ഇവര്‍ ഒരുതരം മനോരോഗവിഭ്രാന്തികളില്‍ അടിമപ്പെട്ടവരുമായിരിക്കും. നിശാനൃത്തശാലകളിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണുന്ന അതേ വികാരമാണ് അത്തരക്കാര്‍ക്ക്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സമൂഹത്തില്‍ സൃഷ്ടിച്ച സാംസ്‌ക്കാരിക അധഃപതനത്തിന്റെ പ്രത്യക്ഷരൂപങ്ങളായി ഐപിഎല്‍ ക്രിക്കറ്റ് മാറികഴിഞ്ഞു. 

മുംബൈ മഹാനഗരം കേന്ദ്രീകരിച്ച അധോലോക സംഘങ്ങളുടെ പിടിയില്‍മുറുകിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളും സിനിമാ നടീ നടന്‍മാരുമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഹാജി മസ്താന്‍ മുതല്‍ ദാവൂദ് ഇബ്രാഹിം വരെ നീളുന്ന അധോലോക രാജാക്കന്‍മാര്‍ക്ക് ചലച്ചിത്ര രംഗത്തുള്ള വമ്പിച്ച സ്വാധീനം കുപ്രസിദ്ധമാണ്. ഇനി ഇക്കൂട്ടരും ഐപിഎല്ലില്‍ ഇറങ്ങിയില്ലെങ്കിലെ അല്‍ഭുതമുള്ളു. മലയാളിയായ ശ്രീശാന്തും മുമ്പൊരിക്കല്‍ പാകിസ്ഥാനില്‍ നിന്നെത്തി മുംബൈയിലെ ഡാന്‍സ് ബാറുകളില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ ക്രിക്കറ്റ് താരങ്ങളെ കുറിച്ചും വാര്‍ത്തകളായിട്ടുണ്ട്. ഇപ്പോള്‍ റേവ പാര്‍ട്ടിയെന്ന ഉന്മാദ കേളികള്‍ സംഘടിപ്പിക്കുന്നത് ഒന്നടങ്കം ക്രിക്കറ്റ് താരങ്ങളെയും അര്‍ധനഗ്നകളായ തരുണീമണികളെയും അണിനിരത്തിയാണ്. ജുഹു ബീച്ചിലെ പാര്‍ട്ടിയില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളും യുവതികളും പിടിയിലായപ്പോള്‍ അവരില്‍ നിന്ന് കണ്ടെടുത്തത് കൊക്കെയിനും ചരസും ഹഷീഷും അടങ്ങിയ മാരക ലഹരിക്കൂട്ടുകളായിരുന്നു. ഈ സംഭവം സ്‌പോര്‍ട്‌സ് ലോകത്തിന് മുമ്പില്‍ ഇന്ത്യക്ക് ലജ്ജകൊണ്ട് തലകുനിക്കാന്‍ ഇടയാക്കിയത് നമ്മുടെ ക്രിക്കറ്റ് ലോകത്തിനേറ്റ വന്‍തിരിച്ചടിയും നാണക്കേടും കൂടിയാണ്. 

ദേശീയ ഐക്യത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും ഇന്ത്യന്‍ ബഹുസ്വരതയുടെയും പ്രതീകമായിരുന്നു നമ്മുടെ ക്രിക്കറ്റ്. മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയും സുനില്‍ ഗവാസ്‌ക്കറും ചന്ദ്രശേഖറും കപില്‍ദേവും നയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ ബാര്‍ഗേള്‍സിനൊപ്പവും ചിയര്‍ഗേള്‍സിനൊപ്പവും കാമകേളികളാടി പഞ്ചനക്ഷ്ത്ര ഹോട്ടല്‍ലുകളിലെ ശീതികരിച്ച മുറികളില്‍ ചുറ്റിത്തിരിയുന്നതതും മതിമറന്നാടുന്നതും. ഇതില്‍ പരം ലജ്ജിക്കാന്‍ ഇന്ത്യക്കിനിയെന്തുവേണം.

No comments:

Post a Comment