Sunday, May 13, 2012

മള്‍ട്ടിപ്ലക്‌സ്‌ പ്രതിവിപ്ലവം / നവതരംഗതുരങ്കങ്ങള്‍


മാധ്യമം ആഴ്ചപ്പതിപ്പില്‍ സി.എസ്‌.വെങ്കിടേശ്വരന്‍ എഴുതിയ മലയാളസിനിമയും ജീവിതവും - ചില മള്‍ട്ടിപ്ലക്‌സ്‌ കാഴ്‌ചകള്‍ (ഏപ്രില്‍ 23ന്റെ ലക്കം) എന്ന ലേഖനത്തിന്റെ തുടക്കത്തില്‍ ബി.അബുബക്കര്‍ ക്വോട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇപ്പോള്‍ പൊതുവേ നവതരംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരുപിടി പുതുനിരസിനിമകളെപ്പറ്റിയുള്ള ലേഖനമാകയാല്‍, അതേ നിര സിനിമകളുടെ പടപ്പുറപ്പാടിനെ മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവം എന്നു വിശേഷിപ്പിച്ച എന്റെ, ഒരു ലേഖനത്തിലെ ഏതാനും വരികളാണ്‌ അദ്ദേഹം എടുത്തുചേര്‍ത്തത്‌. അത്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമകളുടെ ഗുണവശങ്ങളെ നിര്‍വചിക്കുവാനോ സംക്ഷിപ്‌തമായി പറഞ്ഞുവയ്‌ക്കാനോ അര്‍ത്ഥമാക്കിയ വരികളായിരുന്നു. എന്നാല്‍, ക്വോട്ടുചെയ്‌ത വരികള്‍ ശരിയായ പ്രകരണത്തിലാണോ സംഭവിച്ചത്‌ എന്ന സന്ദേഹത്താല്‍ ഈ പ്രതികരണം.

നായകശൂന്യത, പരമ്പരാഗതമായ പ്ലോട്ടുകളുടെ നിരാകരണം, പ്രാന്തവല്‍കൃതകഥാപാത്രങ്ങളുടെ സന്നിഹിതത്വം തുടങ്ങിയ പല കാര്യങ്ങള്‍ അവിടെ പറയപ്പെടുന്നുണ്ട്‌.എന്നാല്‍ ക്വോട്ടു ചെയ്യപ്പെടുന്ന വരികള്‍ ആകെ മൊത്തം തോന്നിപ്പിക്കുക, അവയുടെ തുടര്‍ച്ചയായുള്ള ലേഖനത്തിന്റെ ആകെത്തുകയുമായി ചേര്‍ന്ന്‌, ബുദ്ധിജീവികളും സാമാന്യപ്രേക്ഷകരും ഈ പുതുനിരസിനിമകളെ അംഗീകരിച്ചിരിക്കുകയാണെന്നും അവയുടെ രാഷ്‌ട്രീയപരതയില്‍ പ്രതിലോമപരമായ അംശങ്ങളുണ്ടെങ്കിലും മറ്റു പല വിധത്തിലും അവ സ്വീകരിച്ചിരിക്കുന്ന മേന്മകളിലും, പ്രമേയപരവും ശില്‌പപരവും സാങ്കേതികവും സാമൂഹികവും കലാപരവുമായ വൈവിദ്ധ്യത്തിലും മുന്നേറ്റത്തിലും ബി അബുബക്കറടക്കമുള്ള നിരൂപകര്‍ ഈ സിനിമകളെ പുകഴ്‌ത്തുകയാണെന്നാണന്നുമാണ്‌. ഇരുവശങ്ങളും പറയപ്പെടുന്ന ലേഖനമാണെങ്കിലും വ്യക്തമായ ഒരു നിലപാടിലേക്ക്‌ എത്തിച്ചേരാന്‍ സി.എസ്‌.വെങ്കിടേശ്വരന്‍ തയ്യാറാകുന്നതായി ബോദ്ധ്യമാകാത്തതും ഈ പ്രതികരണത്തിനു കാരണമാകുന്നു.
ബുദ്ധിജീവികളേ അതിലേ, ഇതിലേ എന്നാണ്‌ എന്റെ ലേഖനത്തിന്റെ ശീര്‍ഷകം. എന്നാലത്‌ ലേഖനത്തിലെ എടുത്തുചേര്‍ക്കലില്‍ ബുദ്ധിജീവികളേ ഇതിലേ, ഇതിലേ എന്നായി മാറി. രണ്ടും തമ്മിലുള്ള വ്യത്യാസം വെറുമൊരു ഇ-യുടെതല്ലെന്ന്‌ ഇ-യുഗത്തിലും ഉറപ്പാണല്ലോ. അദ്ദേഹം ക്വോട്ടുചെയ്‌തു നിര്‍ത്തിയിടത്തുനിന്ന്‌ എന്റെ ലേഖനം മുന്നോട്ടുനീങ്ങുന്നത്‌ തികച്ചും മറ്റൊരു ഗിയറില്‍, ടേണിംഗെടുത്താണ്‌.
-എന്നാല്‍, പ്രഖ്യാപിതബുദ്ധിജീവികള്‍ മുതല്‍ അപ്രഖ്യാപിത ബുദ്ധിജീവികളായ പ്രേക്ഷകരിലെ ഒരു വിഭാഗം വരെയുള്ളവരെല്ലാം ഒരേ സ്വരത്തില്‍ ഇത്തരം ചിത്രങ്ങളെ പുകഴ്‌ത്തി പുളകം കൊള്ളുന്നു എന്നും നമുക്കു ധരിക്കുക വയ്യ. സത്യം പറഞ്ഞാല്‍ സിനിമകാണുന്നവരില്‍ അഭിപ്രായം പറയുകയും അത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയൊന്നടങ്കം വിപുലമായ അര്‍ത്ഥത്തില്‍ ബുദ്ധിജീവികളെന്നു വിളിക്കുകയാണെങ്കില്‍, ഇത്തരം ചിത്രങ്ങള്‍ ബുദ്ധിജീവികളെ രണ്ടുതട്ടിലാക്കുന്ന, ചിലപ്പോള്‍ മൂന്നുതട്ടിലാക്കുന്നവയാണെന്നും പറയാം. ആ നിലയ്‌ക്ക്‌ ബുദ്ധിജീവികളേ, അതിലേ ഇതിലേ എന്ന ആശയക്കുഴപ്പത്തിന്റെ ഒരു ആഹ്വാനം കൂടിയാണ്‌ ഈ ചിത്രങ്ങള്‍. ബുദ്ധിജീവികളെ പലപാടു പായിക്കുകയും പല തട്ടിലാക്കുകയും ചെയ്യുന്ന പുതിയൊരു മാതൃകയത്രേ ഈ അടുത്ത കാലത്ത്‌. ഈ ബഹുസ്വരതയെ ബഹുതലത്തില്‍ ബഹുമാനിക്കാതെ വയ്യ. -
ഇങ്ങനെയാണു ആ ലേഖനം അതിന്റെ ഗതി തുടരുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍, ദീര്‍ഘകാലം ഗാന്ധിസത്തെ എതിര്‍ത്തുപോന്നിരുന്ന ഒരാള്‍ തന്റെ എതിര്‍പ്പുദര്‍ശനം ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി, ഗാന്ധിസത്തെ ഒന്നു സംക്ഷിപ്‌തമായി വിലയിരുത്തുന്ന ഒരു പ്രാരംഭപാരഗ്രാഫ്‌ എഴുതിയതിനെ ക്വോട്ടുചെയ്‌തുകൊണ്ട്‌ അയാള്‍ ഗാന്ധിസത്തെ ഇങ്ങനെ വിലയിരുത്തുന്നു എന്നതുപോലെയായോ സി.എസിന്റെ ക്വോട്ടിംഗ്‌ എന്നൊരു വൈഷമ്യം. അതില്‍ വലിയ കാര്യമില്ലെന്നറിയാം. കാരണം ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ലിങ്കിന്റെ വള്ളിയില്‍ തൂങ്ങിയാല്‍ ബി. അബുബക്കറുടെ ലേഖനം വായിക്കാവുന്നതേയുള്ളൂ.
ശരി, നമുക്കു വിഷയത്തിലേക്കു വരാം.
ഈ സിനിമകളെ നവതരംഗസിനിമകളെന്നു വിളിക്കുന്നത്‌ തീര്‍ത്തും തെറ്റായ കാര്യമാണെന്ന്‌ പറയാതെ വയ്യ. ആ വാക്കിന്‌ സാംസ്‌കാരികവും സാമ്പത്തികവുമായ മാനങ്ങളുണ്ട്‌. ലോകത്തെ വിവിധ ഭാഷാസിനിമാലോകങ്ങളില്‍ നവതരംഗങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനെ വളരെ വിശദമായി പ്രതിപാദിച്ച്‌ ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്‍ എന്ന ഇഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ വിനോദ്‌ നാരായണന്‍ ഈയടുത്ത്‌ എഴുതിയിരുന്നത്‌ മലയാളത്തിലെ ഈ പുതുതലമുറസിനിമകളെനവതരംഗം, ന്യൂ വേവ്‌ എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കുന്നതിലെ അപാകതയെക്കുറിച്ചാണ്‌.
വെറുതെ പുതിയൊരു ബഹളം എന്ന അര്‍ത്ഥത്തില്‍ അങ്ങനെ വിളിക്കാമെങ്കില്‍ ആവാമെന്നല്ലാതെ ആ വാക്കുയര്‍ത്തുന്ന തരം സാംസ്‌കാരികപരിസരം മലയാളസിനിമാലോകത്ത്‌ ഉദയം ചെയ്‌തതായി തോന്നുന്നില്ലെന്നുതന്നെയാണ്‌, ഈ പറയപ്പെടുന്ന ഒരുപറ്റം സിനിമകളുടെ രാഷ്‌ട്രീയപരവും സാമ്പത്തികവും സാമൂഹികവുമായ ദൗത്യം വ്യക്തമാക്കുന്നത്‌. ഇവ നമ്മുടെ തിയറ്ററുകളില്‍ എങ്ങനെയെല്ലാമുള്ള പ്രതികരണപ്രതിഫലനങ്ങളാണുണ്ടാക്കുന്നത്‌ എന്ന്‌ കെ.പി.ജയകുമാര്‍, അനൂപ്‌ കിളിമാനൂര്‍, അഖില ഹെന്‍റി തുടങ്ങിയ ചലച്ചിത്രനിരൂപകര്‍ (പഠിതാക്കള്‍) ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഈ ചിത്രങ്ങളുടെ പ്രതിലോമപരതയെ അനേകം ലേഖനങ്ങളിലൂടെ ജി.പി.രാമചന്ദ്രനും എതിര്‍ത്തുപോരുന്നു.
സ്‌ത്രീകള്‍ക്കോ ദലിതുകള്‍ക്കോ ന്യൂനപക്ഷങ്ങള്‍ക്കോ നേരേയുണ്ടാകുന്ന പ്രതിലോമകരമായ സൂചനകളെയും സദാചാരലംഘനത്വരയെന്ന മട്ടില്‍ തുടങ്ങി, പഴഞ്ചന്‍ സദാചാരത്തിലേക്ക്‌ തലപൂഴ്‌ത്തുന്ന ഒട്ടകപ്പക്ഷിത്തം നിറഞ്ഞ സംഭാഷണങ്ങളെയും തിയറ്ററുകള്‍ ഏറ്റെടുത്ത്‌ ആഘോഷമാക്കുന്നത്‌ ഈ പറയുന്ന ഏതൊരു സിനിമയും തിയറ്ററില്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ അറിയാവുന്നതായിരിക്കും. ബി.അബുബക്കറിന്റെ ലേഖനങ്ങളുടെ താഴെ, സിനിമയുടെ രാഷ്‌ട്രീയപ്രതിലോമപരതയെ മനസ്സിലാക്കുന്ന ആളുകളിടുന്ന കമന്റുകളും ഇതേ സിനിമകളുടെ നവതരംഗസ്വഭാവത്തെ കൊണ്ടാടുന്ന ആളുകളിടുന്ന കമന്റുകളും തമ്മിലുള്ള സാംസ്‌കാരികവിഭിന്നത കാണാന്‍ ഈ അവസരത്തില്‍ ഞാന്‍ വാനയക്കാരെ ക്ഷണിക്കുകയാണ്‌.
ഇതൊരു വലിയ ലേഖനമാക്കാന്‍ ഉദ്ദേശ്യമില്ല. അതുകൊണ്ടുതന്നെ പറയേണ്ട കാര്യങ്ങളെ സൂചിപ്പിച്ചു പിന്‍മാറാന്‍ മാത്രമേ സാധിക്കൂ. ആ സൂചനകളെ ഫലപ്രദമാക്കാന്‍ പോന്നൊരു സമകാലികസംഭവം ഇവിടെ പറയാം. ചാപ്പാകുരിശ്‌ എന്ന ചിത്രത്തിലെ ചുംബനരംഗത്തോടെ, മലയാളസിനിമയുടെ സദാചാരമുഖംമൂടി ഉരിഞ്ഞുവീണുവെന്നാണ്‌ പറയപ്പെടുന്നത്‌. ഇക്കാര്യം ആ നടിയും പലേടങ്ങളില്‍ പറയുകയുണ്ടായി. എന്നാല്‍ ഈ നടിയുടെ ഇതേ അഭിപ്രായമുള്ള അഭിമുഖങ്ങളില്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്‌.
ചാപ്പാകുരിശിനുശേഷം, പലരും സമീപിക്കാറുണ്ട്‌. ഉഗ്രനൊരു വേഷമുണ്ട്‌... മൂന്നു കിസ്സ്‌, ഒരു റേപ്പ്‌ എന്നു പറഞ്ഞ്‌. പറ്റില്ലെന്നു പറഞ്ഞാല്‍ ചാപ്പാകുരിശില്‍ അങ്ങനെയുണ്ടല്ലോ എന്നാണ്‌ മറുപടി. അവരോടു ഞാന്‍ പോയി ചാപ്പാകുരിശ്‌ കാണ്‌ എന്നു പറയും
(കടപ്പാട്‌ - വെള്ളിനക്ഷത്രം)
ചാപ്പാകുരിശ്‌ കണ്ടവര്‍ തന്നെയാണ്‌ ഈ റോള്‍ വാഗ്‌ദാനം നടത്തുന്നത്‌ എന്ന്‌ അറിയാത്ത ആളാണോ നടിയെന്നറിയില്ല. ഏതായാലും, ചുംബനംകൊണ്ട്‌ ഫഹദ്‌ ഫാസിലിന്‌ തകര്‍ക്കാന്‍ കഴിയാത്ത സദാചാരമുഖംമൂടിയാണ്‌, അതേ ചുംബനത്തിലെ അധരപങ്കാളിയായ രമ്യാ നമ്പീശന്‍ സാധിച്ചത്‌ എന്നു പറയുന്നിടത്ത്‌ കാര്യങ്ങള്‍ അത്ര ശുഭകരമാണെന്നു തോന്നുന്നില്ല. ഇന്ത്യന്‍ സിനിമയുടെ ആരംഭകാലം മുതല്‍ ഉണ്ടായിരുന്നതും പിന്നീട്‌ സര്‍ക്കാര്‍ ഇടപെടലിന്റെ കാര്‍ക്കശ്യം മൂലം നിന്നുപോയതുമായ ഒന്നാണ്‌ അധരചുംബനം.
പ്രേമം കാണിക്കാന്‍ ചുംബനം പോലും അനുവദനീയമല്ലെന്നു പറഞ്ഞ്‌ സത്യജിത്‌ റായിയും സെന്‍സര്‍ ബോര്‍ഡ്‌ തലവനായിരുന്ന ചേതന്‍ ആനന്ദും ഒക്കെ പരിതപിച്ചിട്ടുണ്ട്‌. എന്നാല്‍, പിന്നീട്‌, തൊണ്ണൂറുകളുടെ രണ്ടാം പാതിയോടെ ഹിന്ദിസിനിമയില്‍ സ്‌മൂച്ചുകളുടെ കാലമായി. ഇനിയേതു നടിയാണു സ്‌മൂച്ചുചെയ്യാന്‍ ബാക്കിയുള്ളതെന്നായി ഗോസായിമാരുടെ മൂന്നാംപേജെഴുത്തുകാരുടെ ദൈനംദിനചിന്താസരണി. കമല്‍ ഹാസന്‍ അടുത്ത ചിത്രത്തില്‍ ആരെ നായികയാക്കും എന്നല്ല, ആരെ സ്‌മൂച്ചുചെയ്യും എന്നായി സിനിമാവാര്‍ത്തയും വര്‍ത്തമാനവും. ഇതിനൊക്കെ ഓരം മാറി മലയാളത്തിലും ഒന്നുരണ്ടു കൊച്ചുസ്‌മൂച്ചുകള്‍ പിച്ചവച്ചുനടന്നു.
മലയാളസിനിമയില്‍ ആരെങ്കിലും ചുംബനവിപ്ലവത്തിന്റെ ക്രെഡിറ്റിന്‌ അര്‍ഹനാകുന്നെങ്കില്‍ അത്‌ സാക്ഷ്യത്തില്‍ ഗൗതമിയുമായും അദ്‌ഭുതത്തില്‍ ഓഡ്രിയ, മംത എന്നിവരുമായും ലങ്കയില്‍ മംതയുമായും അധരചുംബനരംഗങ്ങളില്‍ അഭിനയിച്ച സുരേഷ്‌ ഗോപിയായിരിക്കും. ഇന്ന്‌ നവതരംഗത്തിന്റെ പ്രാന്തങ്ങളിലെങ്ങോ കിടക്കുന്ന അതേ ചെരിഞ്ഞ കൊമ്പന്മാരില്‍ ഒരാള്‍.
ചുംബനത്തെയും സെല്‍ഫോണിനെയും സ്‌ത്രീയ്‌ക്കെതിരായ രീതിയില്‍ ചിത്രീകരിക്കുമ്പോഴാണ്‌, തിരിച്ചുള്ളപ്പോഴല്ല ഇവിടെ സിനിമ വളര്‍ച്ച പ്രാപിക്കുന്നത്‌ എന്നു സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ചാപ്പാ കുരിശിന്റെ അണിയറപ്രവര്‍ത്തകര്‍ രമ്യയുടെ ചുംബനരംഗത്തെ സിനിമയുടെ വാണിജ്യഘടകമായി ഉപയോഗപ്പെടുത്തുകതന്നെയാണു ചെയ്‌തത്‌. സ്‌ത്രീയുടെ നഗ്നത, അധരചുംബനം എന്നിവകളെ സെലിബ്രിറ്റിത്തവുമായി കൂട്ടിയിണക്കുകയാണ്‌, മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ മദ്ധ്യവര്‍ഗ അസംതൃപ്‌തികളുടെ കൂത്തരങ്ങുകളായ ഇന്ത്യന്‍ പ്രാദേശികഭാഷകളിലെ സിനിമകളിലൊട്ടുക്കു ചെയ്‌തിട്ടുള്ളത്‌. ഇവിടെ അതുകൊണ്ട്‌ നഗ്നത എന്റെ രാഷ്‌ട്രീയപ്രസ്‌താവനയാണ്‌ എന്ന സ്‌ത്രീനിലപാടിലേക്കു കാര്യങ്ങള്‍ പാകപ്പെട്ടിട്ടുണ്ടെന്ന മട്ടില്‍ കാണാനാകില്ല.
പിന്നെ, നായകന്റെ കൊഴിഞ്ഞുപോക്ക്‌. അത്‌ കമ്യൂണിസത്തിലെ ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കുപോലെയുള്ള ഒരു സങ്കല്‌പം മാത്രമാണ്‌. ഓരോ മുപ്പതുവര്‍ഷം കൂടുമ്പോഴുമാണ്‌ ലോകചരിത്രഗതിയിലാകെ നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉണ്ടായിവരുന്നതെന്ന്‌ ഞാന്‍ കരുതുന്നു (22 എഫ്‌ കെ- ഏപ്രിലിന്റെ കഷ്‌ടം). അത്‌ ചരിത്രത്തിന്റെ പ്രച്ഛന്നവേഷത്തിലുള്ള പുനരവതാരമായി കാണേണ്ടതേയുള്ളൂ. മുല്ലവിപ്ലവമായാലും മലയാളസിനിമയിലെ നവതരംഗമായാലും തമിഴിലെ താരത്തെ കുത്തിക്കൊല്ലലായാലും വ്യത്യാസമില്ല.
മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഈ സിംഹാസനപതനങ്ങളുണ്ടായിട്ടുണ്ട്‌. എംജിആറിനെയും ശിവാജിയെയും പിന്തള്ളി പുതുതമിഴ്‌ സിനിമ കരുത്താര്‍ജ്ജിക്കുന്നത്‌ മഹേന്ദ്രന്‍, ബാലു മഹേന്ദ്ര, കെ.ബാലചന്ദര്‍, ഭാരതീരാജ തുടങ്ങിയവരുടെ സിനിമകളിലൂടെയാണ്‌. ഇവരുടെയൊക്കെ, എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും പുറത്തുവന്ന സിനിമകളിലൂടെ മുന്‍കാലതാരസിംഹാസനങ്ങളെ കടപുഴക്കിയവരാണ്‌ രജനീകാന്തും കമല്‍ഹാസനും മറ്റും. ഇവരാണ്‌ പിന്നീടു മുപ്പതുവര്‍ഷം തമിഴിലെ മുടിചൂടാമന്നന്മാരാകുന്നത്‌. ഉതിരിപ്പൂക്കളിലാണെന്നു തോന്നുന്നു രജനീകാന്ത്‌ കൈയില്ലാത്ത, അടിക്കുന്നവനെ തിരിച്ചടിക്കാനാകാത്ത നായകനാണ്‌. പുഷ്‌പകവിമാനത്തിലെ കമല്‍ഹാസന്‍ അധോമുഖനായ പട്ടിണിക്കാരന്‍... നായകപരിവേഷത്തിലേക്കു പടര്‍ന്നശേഷമുള്ള കാര്യമാണിത്‌. ഇതിനുശേഷം അവര്‍ ഉലകനായകനും പടയപ്പയുമായി വളരുകയാണ്‌.
ഇതേ സംഗതി തന്നെയാണ്‌ മലയാളത്തിലും നസീറിനും മധുവിനും ശേഷം ഉണ്ടാകുന്നത്‌. ജയന്റെ മരണവും അതിനൊരു ആക്കമുണ്ടാക്കി. പിന്നെ വന്ന മമ്മൂട്ടിയും മോഹന്‍ലാലും അന്നത്തെ മദ്ധ്യവര്‍ത്തിസിനിമാക്കാരുടെ തലോടലില്‍ വളര്‍ന്നുവന്നു. അതിന്റെ പ്രച്ഛന്നമായൊരു കൂളിയാട്ടമല്ലാതെ മറ്റെന്തിങ്കിലുമാണോ ഇന്നത്തെ ഈ നായക(താര)ഭാവനഷ്‌ടം?
തമിഴില്‍ പരുത്തിവീരനും ആയിരത്തില്‍ ഒരുവനുമായെത്തിയ കാര്‍ത്തി ഇന്നവിടെ ചിരുത്തയും പയ്യായും ഒക്കെയാണ്‌. നന്ദയും ശ്രീയുമായെത്തിയ സൂര്യ സിങ്കമാണ്‌. സേതുവായും പിതാമകനായും പിടിച്ചുകയറിയ വിക്രം അന്ന്യനും കന്താസാമിയുമാണ്‌. ഇവിടെ താരസിംഹാസനങ്ങളെ പിടിച്ചുകുലുക്കിയെന്നു പറയുന്ന അനൂപ്‌ മേനോനോ ഫഹദ്‌ ഫാസിലോ ഒക്കെ ഓരോ സിനിമ കഴിയുന്തോറും വിലയേറുന്ന താരങ്ങളായി മാറുന്നത്‌ എങ്ങനെയാണെന്നു പരിശോധിക്കണം.
മറ്റൊന്ന്‌, അപൂര്‍വം ചിലരൊഴിച്ച്‌ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു വരുന്നതു മുഴുവന്‍ സിനിമാപാരമ്പര്യമുള്ളവരാണെന്നതാണ്‌. അതിപ്പോള്‍ പൃഥ്വിരാജായാലും വിനീത്‌ ശ്രീനിവാസനായാലും ഫഹദ്‌ ഫാസിലായാലും. ഇത്‌ കേരളീയസമൂഹം വിശേഷിച്ചും നേരിടുന്ന ആധുനികോത്തര ഫ്യൂഡല്‍ പ്രച്ഛന്നതയുടെ പ്രത്യക്ഷോദാഹരണമാണ്‌. കുലത്തൊഴിലെന്ന സങ്കല്‌പത്തിന്റെ ഭീകരമായൊരു മുഖമാണിവിടെ പ്രത്യക്ഷമാകുന്നത്‌. ഡോക്‌ടറുടെ മകനോ മകളോ ഡോക്‌ടറാകുന്നതുപോലെ സിനിമാക്കാരുടെ മകനോ മകളോ സിനിമാക്കാരു തന്നെയാകുന്നു. അവിടെയും പുരുഷപക്ഷമാണു സംഭവിക്കുന്നതെന്നതും പ്രധാനം.
ഇതെല്ലാം കഴിഞ്ഞാലും നായകന്‍ എന്ന ഇല്ലായ്‌മ മലയാളസിനിമയുടെ നവഭാവമാണോ. എംടിയുടെ നായകന്മാര്‍ നഷ്‌ടത്തില്‍ തകരുന്നവരും തോല്‍ക്കുന്നവരുമായിരുന്നു. മുറപ്പെണ്ണു മുതല്‍ സുകൃതം വരെയുള്ള സിനിമകളിലെല്ലാം നായകന്‍ തോല്‍വിയില്‍ അവസാനിക്കുന്നതു കാണാം. പത്മരാജന്റെ ഇതാ ഇവിടെ വരെയിലൂടെ നായകനെന്ന നിലയിലും വില്ലനെന്ന നിലയിലുമുള്ള കഥാപാത്രവല്‍ക്കരണത്തെ തിരിച്ചിടുന്നതിനു വ്യത്യസ്‌തമായൊരു തുടക്കം കാണപ്പെട്ടു. മധു സംവിധാനം ചെയ്‌ത പ്രിയയില്‍ തുടങ്ങുന്നതാണ്‌ നായകനെ പ്രതിച്ഛായ എന്ന നിലയിലും കഥാപാത്രമെന്ന നിലയിലും പൊളിക്കുന്ന സമീപനം. ഒരു പെണ്ണിന്റെ കഥ മുതല്‍ ഉയരങ്ങളില്‍ വരെയുള്ള സിനിമകളില്‍ ആരാണു നായകന്‍? പിന്നെ, പെണ്ണിന്റെ പ്രതികാരം എന്ന നിലയില്‍ ഇപ്പോള്‍ 22 എഫ്‌ കെ എന്ന സിനിമയെ മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റു സിനിമയെന്നു വിളിക്കുമ്പോള്‍ പെണ്ണിന്റെ കഥയിലെ ഷീല ഇന്നും ജീവിച്ചിരിക്കുന്നു.
ഇതൊന്നുമല്ല, ആഷിക്‌ അബു ആദ്യചിത്രമായ ഡാഡികൂളില്‍ മമ്മൂട്ടിയെ നായകനാക്കിയെന്നതു മുതല്‍ ഇന്നും ചിത്രത്തിനു മുന്നില്‍ അദ്ദേഹത്തിനും ദൈവത്തിനും നന്ദിപറയുന്നു. അടുത്തുതന്നെ ഒരു മമ്മൂട്ടിപ്പടവും ചെയ്യുന്നുണ്ട്‌. ട്രാഫിക്കെടുത്ത രാജേഷ്‌ പിള്ളയുടെ അടുത്ത പടമായ ഗോള്‍ഡില്‍ മമ്മൂട്ടിയാണു നായകന്‍. ട്രാഫിക്കിന്റെ രചയിതാക്കള്‍ അടുത്തതായി ചെയ്‌തത്‌ കാസനോവയാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ റിവിഷനിസ്റ്റുകളും നവകൊളോണിയല്‍ ശക്തികളും തമ്മിലുള്ള അന്തര്‍ദ്ധാര സജീവമായിത്തന്നെ തുടരുന്നെന്നുതന്നെ! നായകന്‍ നാടുവിട്ടിട്ടില്ല.
സിനിമയുടെ പ്രത്യക്ഷത്തിലുള്ള ഉപഭോക്താവ്‌ ടെലിവിഷന്‍ ചാനലുകളും പരോക്ഷ ഉപഭോക്താക്കള്‍ പരസ്യദാതാക്കളായ ജ്വല്ലറി, ടെക്‌സ്റ്റൈല്‍ കക്ഷികളുമാണ്‌. ഇവരുടെ താല്‌പര്യങ്ങളെ വിദൂരമായെങ്കിലും പ്രതിഫലിപ്പിക്കുന്നതുതന്നെയായിത്തീരുന്നുണ്ട്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍. കുടുംബമാണ്‌ കച്ചവടയുഗത്തിലെ എല്ലാത്തിന്റെയും ആവശ്യക്കാരന്‍. കണ്‍സ്യൂമര്‍ കിംഗ്‌ ഭര്‍ത്താവും ക്യൂന്‍ ഭാര്യയുമാണ്‌. കുടുംബം എന്ന സ്ഥാപനത്തെ നിലനിര്‍ത്താന്‍ പ്രതിലോമകരമായി ഈ മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ കൂട്ടത്തോടെ ശ്രമിക്കുന്നതു കാണുമ്പോള്‍ ഇതില്‍ ന്യായമില്ലേ എന്നു സംശയിക്കുകയെങ്കിലും വേണ്ടേ?...
ഈ അടുത്ത കാലത്ത്‌, കോക്‌ടെയില്‍, ട്രാഫിക്എന്നിങ്ങനെ മിക്കവാറും മള്‍ട്ടിപ്ലക്‌സ്‌ സിനിമകളിലെല്ലാംതന്നെ ദാമ്പത്യേതരബന്ധത്തിനു പുറപ്പെടുന്ന ഭാര്യ ശിക്ഷ വാങ്ങുന്നതു വ്യക്തമായി കാട്ടിയിരിക്കുന്നു. പത്മരാജന്റെ സിനിമകളെ നാം തള്ളിക്കളഞ്ഞാലും ബലാല്‍സംഗത്തിനിരയായ പെണ്ണിനെ സ്വീകരിക്കാന്‍ തന്റേടമുള്ള കാമുകനെ അദ്ദേഹം കാട്ടി. അതിനുമപ്പുറം, ആ സിനിമയുടെ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) അവസാനഷോട്ട്‌ സോളമന്റെ അമ്മച്ചിയുടെ മന്ദഹാസമാണ്‌. അവിടെ ഒരു വലിയ പാരമ്പര്യഭാരം തകര്‍ന്നുവീഴുന്നു. ഇവിടെ, കോക്‌ടെയിലില്‍ ദാമ്പത്യേതരബന്ധത്തിനു പോയ ഭാര്യ തീരാരോഗിയായി കോമയില്‍ വീഴുന്നു, ട്രാഫിക്കില്‍ അതേ ഭാര്യ കാറിടിച്ചു മരണാസന്നയാകുന്നു, ഈ അടുത്തകാലത്തില്‍ ഭാഗ്യം കൊണ്ടും ഒരു പുരുഷന്റെ സഹായംകൊണ്ടും മാത്രം രക്ഷപ്പെടുന്നു, എന്നാലും ആ ചിത്രത്തിലെ രണ്ടു സ്‌ത്രീകളും ജീവിതകാലം മുഴുവന്‍ അത്തരം ബന്ധങ്ങളിലേര്‍പ്പെട്ടുപോയതിന്റെ ശിക്ഷയേല്‍ക്കാന്‍ പോകുന്നുവെന്നാണ്‌ ചിത്രാന്ത്യത്തിലെ സൂചന.
അതായത്‌, കുടുംബത്തെ അടിച്ചുറപ്പിക്കുകയും, കുടുംബസ്ഥാപനത്തിന്റെ മതാത്മകമായ നിലനില്‍പ്പിനാധാരമാകേണ്ട സാമ്പ്രദായികമായ സദാചാരസംഹിതകളെ എണ്ണിയിട്ടുമിനുക്കുകയും ചെയ്യുകതന്നെയാണ്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമ ചെയ്യുന്നത്‌. ഇവിടെ പെണ്ണിന്റെ ലൈംഗികസ്വാതന്ത്ര്യതൃഷ്‌ണയെ പ്രതിനിധാനം ചെയ്യുന്നു എന്ന നാട്യം മാത്രമേ ഉള്ളൂ. അത്‌, നമ്മുടെ സ്വാതന്ത്ര്യസമരം മൂലം മാത്രമാണ്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതെന്നു പറയുന്നതുപോലെ അബദ്ധമാകും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ലോകക്രമമാറ്റമാണ്‌ (അന്തരാളഘട്ടം) ഇന്ത്യയുടെതടക്കം പല രാജ്യങ്ങളുടെയും സ്വാതന്ത്ര്യപ്രാപ്‌തികളുടെ പ്രബലകാരണം. അതുപോലെ, അണുകുടുംബത്തിലെ ആദ്യതലമുറയുടെ അന്ധാളിപ്പിനു ശേഷം രണ്ടാം തലമുറയുടെ മുതിര്‍ന്നുപൊന്തലോടെ, സമൂഹത്തില്‍ സ്‌ത്രീ കൈവരിച്ച സാമ്പത്തികസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്‌ ഈ സര്‍വതലസ്‌പര്‍ശിയായ സ്വാതന്ത്ര്യബോധത്തിന്റെ ആവിര്‍ഭാവം. അതിനെ കഷ്‌ടപ്പെട്ടു തടഞ്ഞുവയ്‌ക്കുകയല്ല രണ്‍ജി പണിക്കരും ഷാജി കൈലാസും മമ്മൂട്ടിയും കൂടി (കിംഗ്‌) ചെയ്‌തതെന്നുകരുതേണ്ടതില്ലാത്തതുപോലെ, അതിനെയങ്ങു തുറന്നുപറത്തിവിടുകയാണ്‌ അനൂപ്‌ മേനോനും മുരളീഗോപിയുമെന്നും കരുതേണ്ട. അതു സ്വന്തം ചിറകിലും ചെലവിലും പറക്കുന്ന പക്ഷിയാണ്‌. സാമ്പത്തികസ്വാതന്ത്ര്യം നേടിയ സ്‌ത്രീ ആധുനികോത്തരസാമൂഹികക്രമത്തില്‍ തന്റേതായ അവസരങ്ങള്‍ കണ്ടെത്തുന്നു. അതു ജോലി സ്വീകരിക്കുന്നതുമുതല്‍ വിവാഹേതരപുരുഷസുഹൃത്തിനെ കണ്ടെത്തുന്നതില്‍ വരെ നീളുന്നു. അതിന്റെ കുതി മുറിക്കുവാനുള്ള വിചിത്രശ്രമങ്ങളാണു മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ ചെയ്യുന്നതെന്നു വേണമെങ്കില്‍ പറയാം.
ഒപ്പംതന്നെ, കുടുംബത്തിന്റെ എക്കാലത്തെയും എതിരാളിയായിരുന്ന പ്രേമം എന്ന അനുഭവത്തെ റദ്ദാക്കാനും മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ ശ്രമിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നു ചോദിച്ച്‌ കല്യാണസ്വര്‍ണരാമന്മാര്‍ നമ്മുടെ കുടുംബങ്ങളിലെ ഇളംതലമുറയെ വൈകാരികമായി ബ്ലാക്‌ മെയില്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ പ്രേമങ്ങളെ കുറ്റങ്ങളാക്കി മാറ്റിയിരിക്കുന്നു. അന്‍പതുകൊല്ലമായി എല്ലാ ഭാഷാകച്ചവടസിനിമകളും പ്രേമത്തെ ഉദാത്തീകരിച്ചിരുന്നിടത്താണിത്‌. കുടുംബജീവിതം എന്തു വന്നാലും സംരക്ഷിക്കണം എന്നു പ്രഖ്യാപിക്കുന്ന കോക്‌ടെയില്‍, ഈ അടുത്ത കാലത്ത്‌,ബ്യൂട്ടിഫുള്‍, സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരേസമയം ഷോപ്പിംഗ്‌ എന്ന നവാനുഭൂതിയെ നിരന്തരമായി പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ കൂടിയാണ്‌. ഇതുകൊണ്ടാണ്‌ സിഎസ്‌ വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്ന (തില്‍നിന്നു വ്യത്യസ്‌തമായി) മാളുകള്‍ നിരന്തരമായി ഇത്തരം ചിത്രങ്ങളില്‍ കടന്നുവരുന്നത്‌.
മാളുകള്‍ നടത്തുന്നവരും ചാനലുകള്‍ കൊണ്ടുനടക്കുന്നവരും സിനിമാനിര്‍മാതാക്കളാകുന്നതു വെറുതേയല്ല. റിലയന്‍സിനെ ആര്‍ക്കാണു പേടി എന്നു പണ്ട്‌ സിഎസ്‌ വെങ്കിടേശ്വരന്‍ ചോദിച്ചു. പേടിയല്ല, ഒരു ജാഗ്രത മാത്രമാണ്‌ ആവശ്യപ്പെടുന്നത്‌. മാളുകളുടെയും ആഡംബരവ്യാപാര, ഫാഷന്‍ വ്യാപാരസ്ഥാപനങ്ങളുടെയൊക്കെ ബ്രാന്‍ഡ്‌ പ്രമോഷന്‍ കൂടിയാണ്‌ ഈ മള്‍ട്ടിപ്ലക്‌സ്‌ ചിത്രങ്ങളെന്നത്‌ ചിത്രം തുടങ്ങുമ്പോഴുള്ള ക്രെഡിറ്റുകള്‍ ശ്രദ്ധിച്ചാലറിയാം. കുടുംബങ്ങളെ തകര്‍ക്കണമെന്ന്‌ ഇതിനൊന്നും അര്‍ത്ഥമില്ല. രസകരമെന്നു പറയട്ടെ, പ്രായംകഴിഞ്ഞ അവിവാഹിതരായി ആളുകള്‍ നിന്നുപോകുന്നതും ഇവിടെ അനുവദനീയമല്ല. സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ അതു തെളിയിക്കുന്നു. ആ ചിത്രത്തെ ആരും അങ്ങനെ കണ്ടിട്ടില്ല എന്നു തോന്നുന്നു.
ഇനിയൊന്ന്‌, ആരുടേതാണ്‌ ഈ മള്‍ട്ടിപ്ലക്‌സുകള്‍ എന്ന ചോദ്യമാണ്‌. കാല്‍നൂറ്റാണ്ടുകൊണ്ട്‌ സിനിമാത്തിയറ്ററുകളിലെ ടിക്കറ്റ്‌ നിരക്ക്‌ സാധാരണഗതിയില്‍ത്തന്നെ പത്തിരട്ടിയാണു കുറഞ്ഞതു വര്‍ദ്ധിച്ചിരിക്കുന്നത്‌. മള്‍ട്ടിപ്ലക്‌സുകളില്‍ അതിനെ മുപ്പതിരട്ടി വര്‍ദ്ധനയായി കണക്കാക്കാം. എന്നാല്‍, താരങ്ങളുടെ പ്രതിഫലത്തിലുണ്ടായ വര്‍ദ്ധന നൂറ്റന്‍പതിരട്ടിവരെയാണ്‌. ഈ കാശ്‌ പണ്ടു ബി ക്ലാസ്‌, സി ക്ലാസ്‌ തിയറ്റുകളില്‍ നിന്നാണു വന്നിരുന്നതെങ്കില്‍ ഇന്നത്‌ ഏതാണ്ടു പൂര്‍ണമായും ചാനലുകളില്‍നിന്നും എ ക്ലാസ്‌ തിയറ്ററുകളില്‍നിന്നും മാത്രമാണ്‌. ഈ ചാനല്‍ റൈറ്റിനെ പ്രതിയാണ്‌ താരങ്ങളുടെ പ്രതിഫലവും ഇരിക്കുന്നത്‌. ചാനലുകള്‍ക്ക്‌ അഭിമതരാകുന്നതിനും അനഭിമതരാകുന്നതിനും അനുസരിച്ച്‌ മമ്മൂട്ടിയുടെ പ്രതിഫലം ഒരുകോടിയില്‍നിന്ന്‌ അഞ്ചുലക്ഷത്തിലേക്കും ഫഹദ്‌ ഫാസിലിന്റേത്‌ അഞ്ചു ലക്ഷത്തില്‍നിന്ന്‌ ഒരു കോടിയിലേക്കും പോകാവുന്നതേയുള്ളൂ. ഈ പണം സിനിമ തിയറ്ററില്‍ പോയി കാണുന്നവനില്‍നിന്നു മാത്രമായിട്ടല്ല ലഭിക്കുന്നത്‌. നിത്യനിദാനവസ്‌തുക്കള്‍ കാശുകൊടുത്തു വാങ്ങുന്ന ഓരോരുത്തനും ചേര്‍ന്നാണു കൊടുക്കുന്നത്‌.
തങ്ങളുടെ പ്രയത്‌നത്തേക്കാള്‍ എത്രയോ ഇരട്ടി പണമാണ്‌ സിനിമാക്കാര്‍ സമ്പാദിക്കുന്നതെന്നത്‌ സാമ്പത്തികദര്‍ശനപരമായി ചര്‍ച്ചചെയ്യേണ്ട വേറേ കാര്യം. താരങ്ങളുടെ ആധിപത്യത്തില്‍നിന്ന്‌ സിനിമയിലെ സമ്പത്തിനെ (പണമൊഴുക്കിനെ) വിമോചിപ്പിച്ച്‌, അതിനെ സാങ്കേതിപ്രവര്‍ത്തകരുടെ കൈയിലാക്കുകയെന്ന ഒട്ടും മെച്ചപ്പെട്ടതല്ലാത്ത കാര്യമേ മള്‍ട്ടിപ്ലക്‌സ്‌ ചിത്രങ്ങള്‍ ചെയ്യുന്നുള്ളൂ. ഒരു കാര്യം ശ്രദ്ധിച്ചാലറിയാം, സംവിധായകരെല്ലാം നിര്‍മാണക്കമ്പനികള്‍ തുടങ്ങുകയാണ്‌. ലാല്‍ജോസ്‌ പ്രൊഡക്ഷന്‍സ്‌, അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സ്‌... കൃത്യമായി പ്ലാന്‍ ചെയ്‌ത്‌ ഒരു രൂപയുടെ മാവുകൊണ്ട്‌, അതും കൊറിയയില്‍നിന്നോ കോംഗോയില്‍നിന്നോ വരുത്തിയ മാവുകൊണ്ട്‌, ദോശചുട്ട്‌, അത്‌ അഞ്ചിനല്ല, അന്‍പതുരൂപയ്‌ക്കു വില്‍ക്കുന്ന മിനിമം പണക്കളിയാണിവിടെ ഈ വിപ്ലവത്തിന്റെ ഫലശ്രുതിയാകാന്‍ പോകുന്നത്‌. ഹിന്ദിയില്‍ രാംഗോപാല്‍ വര്‍മ കാട്ടിത്തന്ന അതേ മാര്‍ഗവും മാര്‍ഗച്യുതിയുംതന്നെ.
പറഞ്ഞുതുടങ്ങിയത്‌ പൂരിപ്പിക്കാം. ക്രയശേഷി കുറഞ്ഞവന്റെ കൈയില്‍നിന്ന്‌ സിനിമയെയും അതിന്റെ പൊതുഇടങ്ങളെയും മള്‍ട്ടിപ്ലക്‌സ്‌ സിനിമ ശരിക്കും ഹൈജാക്ക്‌ ചെയ്യുകയാണ്‌. ക്രയശേഷി കുറഞ്ഞവന്‍ അല്ല, മാര്‍ക്കറ്റില്‍നിന്ന്‌ അക്ഷയതൃതീയയ്‌ക്ക്‌ വൈരംവാങ്ങാന്‍ ഇടികൂടുന്നതുമുതല്‍ ചോക്കലേറ്റുമിഠായി വാങ്ങുന്നതുവരെ. വന്‍നഗരങ്ങളില്‍ മള്‍ട്ടിപ്ലക്‌സ്‌ തിയറ്ററുകളില്‍ പടംതുടങ്ങുന്നതുവരെ ഇരുന്നൂറും ഇരുന്നൂറ്റമ്പതും രൂപയ്‌ക്കു വില്‍ക്കുന്ന ടിക്കറ്റുകള്‍, സീറ്റൊഴിവുണ്ടെങ്കില്‍ പടം തുടങ്ങിയശേഷം പത്തുമിനിറ്റു കഴിഞ്ഞാല്‍ ഇരുപത്തഞ്ചും അന്‍പതും രൂപയ്‌ക്കു കൊടുക്കാറുണ്ടത്രേ. അങ്ങനെ പടം തുടങ്ങി പത്തുമിനിറ്റുകഴിയാന്‍ ക്രയശേഷി കുറഞ്ഞ താഴ്‌ന്ന മദ്ധ്യവര്‍ഗക്കാരന്‍ പ്രേക്ഷകന്‍ കാത്തുനില്‍ക്കാറുണ്ടത്രേ. അവനെ ആദ്യത്തെ പത്തുമിനിറ്റുനേരം സിനിമയ്‌ക്കു വേണ്ട. കാരണം, ആ പത്തുമിനിറ്റിലാണ്‌ മാളുകളുടെയും പബ്ബുകളുടെയും മറ്റും പരസ്യമായ രഹസ്യസഹായവിനിമയക്കാര്‍ഡുകള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ വന്നുമറയുക.
മള്‍ട്ടിപ്ലക്‌സ്‌ സിനിമയുമായി ബന്ധപ്പെട്ട്‌ ഇങ്ങനെ എഴുതിയാല്‍, ഒരു പുസ്‌തകം തന്നെ എഴുതാനാകും. അത്ര സാഹസം കാട്ടുന്നില്ല. പുതുയുഗത്തിലെ അത്യാഡംബരകാറുകളുടെ മുന്‍ലൈറ്റുകള്‍ കണ്ടിട്ടില്ലേ... പകല്‍നേരത്തും (കത്താത്തപ്പോഴും) കത്തിയതായി തോന്നും. രാജവീഥികളില്‍ മുതല്‍ പഞ്ചായത്തുറോഡുകളില്‍ വരെ മറ്റു വാഹനങ്ങള്‍ അത്തരം കാറുകള്‍ക്കു വഴിമാറിക്കൊടുത്തുപോകും. അവര്‍ എന്തോ അത്യാവശ്യത്തിനു ലൈറ്റിട്ടുപോകുകയാണെന്ന ചിന്തയില്‍. അതേപോലെ അത്യാവശ്യത്തിനൊന്നുമല്ലെങ്കിലും പുറമേ വെറുതെ ലൈറ്റിട്ടുപായുകയാണു മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍. അതൊരു വ്യാജവെളിച്ചമാണെന്നു തിരിച്ചറിയുക. ജോര്‍ജൂട്ടി കേറോഫ്‌ ജോര്‍ജ്ജൂട്ടിയിലെ പപ്പുവിന്റെ ജീപ്പുപോലെയുമാണത്‌. പോലീസ്‌ എന്നു തോന്നിച്ച്‌ നമ്മെ വിരട്ടുകയാണീ മള്‍ട്ടിപ്ലക്‌സ്‌ പ്രതിവിപ്ലവക്കാര്‍. ശരിക്കും പൗലോസ്‌ എന്നാണെഴുതിയിരിക്കുന്നതെന്ന്‌ അടുത്തുവരുമ്പോഴേ അറിയൂ... അതുകൊണ്ട്‌ അടുത്തുവരുന്നതുവരെയെങ്കിലും കാത്തിരിക്കുക. അതിനുമുന്‍പ്‌ നവതരംഗമെന്നൊക്കെ വിളിച്ച്‌ ആ വാക്കിന്റെ ആഴമാര്‍ന്ന സാംസ്‌കാരികദ്ധ്വനിയെ വെറുതെ കെടുത്തരുതേ!
ബി അബുബക്കര്‍
(മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment