Monday, May 7, 2012

അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കുന്നവർ


കേരള സമൂഹത്തിലേക്ക്അരാഷ്ട്രീയതകടന്നു വരുന്നത് 1990കളിലാണ്. 90കളിൽ രണ്ട് വഴിത്തിരിവുകൾ ചരിത്രത്തിലുണ്ടായി. ഒന്ന് കമ്മ്യൂണിസ്റ്റ് ബ്‌ളോക്കിന്റെ തകർച്ച, മറ്റൊന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണം. ഇവ രണ്ടും നമ്മുടെ സമൂഹ നിർമ്മിതിയെ പ്രത്യക്ഷമായി തന്നെ ബാധിച്ചു. മറ്റൊരു പ്രധാന സംഭവം ബാബറിപ്പള്ളിയുടെ ധ്വംസനമാണ്. രാഷ്ട്രീയം ഒഴിഞ്ഞ മനസുകളിൽ വർഗ്ഗീയത കയറി പറ്റാൻ ബാബറിപ്പള്ളിയുടെ തകർക്കൽ ഒരു കാരണമായി എന്നതും ഓർക്കാതെ പോകുന്നത് ശരിയല്ല.

സാമൂഹിക രാഷ്ട്രീയ ബോധങ്ങൾ ക്രമേണ കേരള സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാകാൻ തുടങ്ങി. സിനിമയും സാഹിത്യവും അതിന്റെ നല്ല അനുരണനങ്ങൾ കാട്ടി. പൊളിറ്റിക്കൽ സിനിമകൾ (ബക്കറും ജോണും ചിലപ്പോഴൊക്കെ അടൂരും മോഹനനും ഒക്കെ ചെയ്തത്) വറ്റി വരണ്ടു. പോപ്പുലർ സിനിമകളിൽ തന്നെ ഐ വി ശശിയെ പോലെ സോഷ്യൽ സബ്‌ജക്റ്റുകൾ കൈകാര്യം ചെയ്തിരുന്നവർ അപ്രത്യക്ഷരായി. ശ്രീനി-സത്യൻ ടീമിന്റെ കോമഡിയിൽ പൊതിഞ്ഞ അരാഷ്ട്രീയതയും പ്രിയദർശന്റെ കോമഡിക്കാവിയും രജ്ഞിത്ത്-ഷാജി കൈലാസിന്റെ ഹിംസാത്മക കാവിയും അരങ്ങു വാണു.

ക്യാമ്പസുകളിൽ മറുഭാഷാ സിനിമകൾ അപ്രമാദിത്തം പുലർത്തി. കവിതയും സാഹിത്യവും അരങ്ങു വാണിടത്തേക്ക് അന്തസാര രഹിതമായ വിനോദങ്ങൾ ഇടിച്ചു കയറി.
രാഷ്ട്രീയ ബോധം ക്യാമ്പസുകൾക്ക് നഷ്ടപ്പെട്ടതും ഈ കാലത്താണ്. എനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല എന്ന ഉദ്ദീരണം ഒരു ഫാഷനായി. രാഷ്ട്രീയം കൊണ്ട് എനിക്കെന്ത് പ്രയോജനം എന്ന ചോദ്യം ചിലർ ചോദിക്കാൻ തുടങ്ങിയതും അക്കാലത്താണ്.
രാഷ്ട്രീയത്തിന്റെ വാക്വം കയ്യടക്കിയത് മത തീവ്രവാദമാണ്. തീവ്ര വിശ്വാസത്തിൽ തുടങ്ങി ആശയപരമായ ഇഴയടുപ്പത്തിൽ കുരുങ്ങി ഭീകരവാദത്തിൽ എത്തി നിൽക്കുന്ന മത തീവ്രവാദം. ക്ഷേത്രപരിസരങ്ങളിൽ കുറുവടി കറക്കി കാക്കിയിട്ട് ഹിന്ദു തീവ്രവാദം ഇവിടെ കുറേ കാലമായി ശക്തമായിരുന്നു. സംഘർഷത്തിലൂടെ പരസ്പരം വളർത്തുന്ന കാര്യത്തിൽ ഇരു വിഭാഗങ്ങളും മത്സരിച്ചു. മീററ്റിനെയും അഹമദാബാദിനെയും പോലെ നമ്മുക്കും ഉണ്ടായി പറഞ്ഞഭിമാനിക്കാൻ ഒരുമാറാട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ അഞ്ചു വർഷത്തിൽ തന്നെ അരാഷ്ട്രീയതയുടെ വേഷം കെട്ടി വരുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്ന് പലരും പറഞ്ഞും മനസ്സിലാക്കിയും തുടങ്ങി. സൈബർ ലോകത്തിലും മറ്റും ഈ വാദങ്ങൾക്ക് നല്ല പിന്തുണ ലഭിക്കുകയും ചെയ്തു. അണ്ണാ ഹസാരെയുടെ സമരത്തിനു കിട്ടിയ വിമർശനങ്ങൾ ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ നിന്നുള്ളവയായിരുന്നു. സോഷ്യൽ നെറ്റ്‌വർക്കുകളിൽ രാഷ്ട്രീയം നല്ല തോതിൽ തിരിച്ചു വന്നതും പോസിറ്റീവായ ഒരു സൂചകമാണ്.

രാഷ്ട്രീയത്തെ എതിർത്തിരുന്നവർക്ക് എന്നും ഇന്ധനമായ ചില വാദങ്ങളുണ്ട്. അതിൽ പ്രധാനം രാഷ്ട്രീയത്തിൽ പലപ്പോഴും കണ്ടു വരുന്ന അക്രമ പ്രവർത്തനങ്ങളാണ്. തർക്കങ്ങളും എതിർവാദങ്ങളും ഉന്നയിക്കാനും അവ പരിഹരിക്കാനും ധാരാളം മെക്കാനിസമുള്ള ഒരു ജനാധിപത്യമാണ് ഇന്ത്യയുടേത്. അവിടെ വാളിന്റെ തീർപ്പിൽ കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്ന അവസ്ഥ ദുരന്തമാണ്. ജീവിക്കാനും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭരണഘടന നമ്മുടെ അവകാശങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
കണ്ണിനു കണ്ണെന്നുള്ളതോ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ളതോ ആധുനിക സമൂഹത്തിന്റെ നീതിശാസ്ത്രത്തിൽ പെടുന്ന വാക്യങ്ങളല്ല. അവയെ ശിലായുഗത്തിൽ ഉപേക്ഷിച്ചാണ് മനുഷ്യൻ തന്റെ സാംസ്ക്കാരിക പരിണാമം പൂർത്തിയാക്കിയത്.
സ: ടിപി ചന്ദ്രശേഖരന്റെ മരണത്തിനു ഉത്തരവാദികൾ ആരായാലും അവർ ചെയ്യുന്നതും അരാഷ്ട്രീയതയുടെ കത്തിക്ക് അരം വെയ്ക്കുന്ന ജോലിയാണ്. പരാജയപ്പെട്ട ഒരു തത്വസംഹിതയുടെ വക്താക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് കൊലയാളികൾ ചെയ്തത്. സിപിഎം ആണ് അത് ചെയ്തതെങ്കിൽ കമ്മ്യൂണിസത്തെ സംബന്ധിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ ആശയപരമായി ശൂന്യമാണെന്ന് പറയുവാൻ എനിക്ക് മടിയില്ല. അതു കൊണ്ട് കമ്മ്യൂണിസം പരാജയപ്പെട്ടു എന്നു വരുന്നില്ല. ഇത്തരം കൊലയാളികളൂടെ ചെല്ലിലും ചെലവിലുമല്ല കമ്മ്യൂണിസം വളർന്നത്.
അല്പം ചരിത്രം
മാദ്ധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും ആളുകൾ വാഴ്ത്തിപാടുന്നതു പോലെ ഒരു ആശയപരമായ ഭിന്നിപ്പിന്റെ പുറത്തല്ല ഒഞ്ചിയം ആർ എം പി ഉണ്ടായത്. അഴിയൂർ‌ ഏറാമല പഞ്ചായത്തുകളിൽ അവശേഷിച്ച 2 വർഷം ജനതാദളിനു കൊടുക്കാമെന്ന കരാർ പാലിക്കാൻ ജില്ലാ കമ്മിറ്റി നിർബന്ധിച്ചു. അതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടവരാണ് ഈ പാർട്ടി ഉണ്ടാക്കിയത്.
അവർക്ക് പിന്നെ യഥാർത്ഥ ഇടതുപക്ഷത്തിന്റെയും അതിവിപ്ലവത്തിന്റെയും ലേബല്‍ ചാർത്തിക്കൊടുത്തത് ഏഷ്യാനെറ്റിലെ ഷാജഹാനും ഇന്ത്യാവിഷനിലെ സി കെ വിജയനും മറ്റുമാണ്. പാർട്ടി ഓഫീസിന്റെ മുന്നിലെ റിബൽ ചുവരെഴുത്ത് മൈദാ മാവുണങ്ങുന്നതിനു മുൻപ് കാണാനുള്ള ഭാഗ്യം സിദ്ധിക്കാറുള്ള ദിവ്യന്മാരായ ഇവരാണല്ലോ കുറേ കാലമായി സിപിഎം ഗ്രൂപ്പുകളിയിലെ സെന്റർ ഫോർവേർഡുമാർ.
ഏതായാലും പാർട്ടി പിളർന്നു. ജനിച്ച കാലം മുതൽ (അല്ലെങ്കിൽ 1964 മുതൽ) കേൾക്കുന്ന/ പഠിപ്പിച്ച പല്ലവി ആയതു കൊണ്ടാവും ഏതായാലും പുത്തൻ പാർട്ടിക്ക് മാതൃപാർട്ടിയടക്കം സകല നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളും റിവിഷനിസ്റ്റുകളായിരുന്നു.
ഐറണി എന്താണെന്നു വെച്ചാൽ ആർക്കു വേണ്ടിയാണോ സിപിഎം ജില്ലാ കമ്മിറ്റി കടുംപിടുത്തം പിടിച്ചത്, ആ ജനതാദൾ എല്‍ഡിഎഫ് സഖ്യം വിടുകയും ഏറാമലയിലും മറ്റും ആർ എം പിയുമായി തോളോട് തോൾ ചേരുകയും ചെയ്തു.
പ്രശാന്ത് എം

No comments:

Post a Comment