കുട്ടനാട്ടില്‍മുട്ടാര്‍ എന്ന സ്ഥലത്ത് പതിനഞ്ചുകാരനായ ലെജിന്‍ എന്ന വിദ്യാര്‍ത്ഥി സഹപാഠിയാല്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവം നടുക്കത്തോടെയാണ് കേരളം അറിയുന്നത്. ആ നടുക്കത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടാകൂ. അതിനാല്‍, ഇടയ്ക്കിടെ കേരളത്തെ നടുക്കാന്‍ ഇനിയും ഇത്തരം കഴുത്തറുപ്പുകള്‍ ഉണ്ടാകുക തന്നെ ചെയ്യും.
മുന്‍പൊക്കെ അമേരിക്കയില്‍നിന്ന് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് നാം നടുങ്ങിയിരുന്നത്. അവിടെ വിദ്യാര്‍ത്ഥി തോക്കുമായി ക്ലാസിലെത്തി കുറേപ്പേര്‍ക്കുനേരേ വെടിയുതിര്‍ക്കുകയും ചിലപ്പോള്‍ കുടുംബത്തില്‍ത്തന്നെ മാതാപിതാക്കള്‍ക്കുനേരേ വെടിയുതിര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അമേരിക്ക മൊത്തം ഒരു നിശാസദനത്തിലായിരുന്നെന്നും ഇപ്പോഴത് ഭ്രാന്താലയത്തിലാണെന്നും സാഹിത്യഭംഗി കലര്‍ന്ന തോതില്‍ സാഹിത്യകാരന്മാരും മനശ്ശാസ്ത്രജ്ഞരുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്.
അവിടം അങ്ങനെയെങ്കില്‍ അവിടെനിന്ന് ഇത്തരം വാര്‍ത്തകള്‍ വരുന്നതില്‍ വിസ്മയമില്ല. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടായ ഗ്ലോബല്‍ വില്ലേജ് എന്ന സങ്കല്പത്തില്‍ എല്ലാടവും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതിന്റെ അനന്തരഫലങ്ങള്‍ നമ്മുടെ സമൂഹം ആഴത്തില്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട് എന്നതിന്റെ അടയാളംകൂടിയാണ് ഈ അമേരിക്കന്‍ മോഡല്‍ കഴുത്തറപ്പ്.
എന്നാല്‍, കുടുംബത്തിനപ്പുറത്ത് സമൂഹം എന്ന വലിയ കുടുംബത്തിന് ഒരാളുടെ വളര്‍ച്ചയിലും വികാസത്തിലും ഒരു പങ്കുമില്ലേ? കുറ്റക്കാരന്‍ സ്കൂളില്‍ പഠിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവന്‍ ഈ സ്കൂളിലേക്കു മാറ്റം വാങ്ങിയെത്തിയതാണ്. എന്നിട്ടും അവന്‍ ക്ലാസില്‍ ലീഡറായി. ലീഡറായിരിക്കെ വര്‍ത്തമാനം പറഞ്ഞതിന് ലെജിന്റെ പേര് അവന്‍ എഴുതി. അതിന്റെ പേരില്‍ ലെജിനുമായി ഇടിയുണ്ടായി. അന്ന് ഇടിയേറ്റതിന്റെ ദേഷ്യം ഒരു കൊല്ലം കാത്തുവച്ച് പകയാക്കിയാണ് അവനിപ്പോള്‍ ലെജിന്റെ കഴുത്തറുത്ത് പകരം വീട്ടിയത്.
ഈ പകയുണ്ടാക്കിയത് സിനിമകളാണ് എന്ന ഒഴികഴിവിലാണ് സമൂഹം എത്തിച്ചേര്‍ന്നിരിക്കുന്നത്. പിന്നവന്റെ കുടുംബസാഹചര്യവും. പൂര്‍ണസംതൃപ്തിയില്‍ വാഴുന്ന ഒരു കുടുംബവുമില്ല എന്നതാണു സാമൂഹികയാഥാര്‍ത്ഥ്യം. കാരണം, ജൈവികമായിത്തന്നെ കുടുംബം ഒരു ശരിയായ അവസ്ഥയല്ല. സാമൂഹികമായ, സാമ്പത്തികമായ ഒരാവശ്യമാണത്. ആ നിലയ്ക്ക് കുടുംബത്തിന്റെ അവസ്ഥ ഒരിക്കലും ഒരു വ്യക്തിത്വവികാസത്തിലും ഒന്നാം കാരണമാകില്ലെന്നാണു കരുതേണ്ടത്. അല്ലെങ്കില്‍ എല്ലാവരും അതിന്റെ വൈകല്യസാദ്ധ്യതകള്‍ക്ക് ഇരയാണെന്നു പറയേണ്ടിവരും.
ആനിലയ്ക്ക് വിദ്യാഭ്യാസം നേടുന്ന ഇടം കുടുംബത്തേക്കാള്‍ പ്രധാനമാകുന്നു. എന്നാല്‍, കുടുംബത്തേക്കാള്‍ ആത്മാവില്‍ ചീഞ്ഞളിഞ്ഞ ഇന്നത്തെ വിദ്യാലയസമ്പ്രദായത്തിന് അങ്ങനെയൊരു വ്യക്തിത്വവൈകല്യത്തെ കണ്ടെത്താനോ തിരുത്താനോ കഴിയില്ലെന്നതിന്റെ പ്രത്യക്ഷമായ തെളിവായിട്ടാണ് ഈ പതിനഞ്ചുകാരന്റെ കൊലയെ കാണേണ്ടത്.
കൊല്ലപ്പെട്ട ലെജിന്റെ അമ്മയെ സാന്ത്വനിപ്പിക്കുന്ന പ്രധാനാദ്ധ്യാപികയുടെ ചിത്രം പത്രങ്ങളില്‍ കണ്ടു. സത്യത്തില്‍ അവര്‍ കണ്ണാടിയില്‍ നോക്കി താനാണു പ്രധാനപ്രതിയെന്നു പറയുകയാണ്. കാരണം, ഇത്രയും പകയും ക്രിമിനല്‍ വാസനയും ഉള്ള ഒരു കുട്ടിയെ കണ്ടെത്താനോ മനസ്സിലാക്കാനോ അടുത്തറിയാനോ തിരുത്താനോ അവര്‍ക്കോ അവരുടെ സഹാദ്ധ്യാപകര്‍ക്കോ കഴിഞ്ഞില്ലല്ലോ.
സ്കൂളുകളില്‍ അദ്ധ്യാപകര്‍ കുട്ടികളെ ലീഡറാക്കുന്നത് തീര്‍ത്തും തെറ്റായ ഒരു നടപടിയാണ്. മോറല്‍ പോലീസിംഗിന്റെ ആദ്യപടി. അദ്ധ്യാപകര്‍ എന്താവശ്യത്തിനു പോകുമ്പോഴാണ് ക്ലാസില്‍ ഒരു മോണിട്ടറിംഗിന്റെ ആവശ്യം വരുന്നത് എന്നു മനസ്സിലാകുന്നില്ല. ഏതായാലും കുട്ടികള്‍ക്കിടയില്‍നിന്നു തന്നെ മോണിട്ടറിംഗ് വരുന്നത് വലിയ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് എക്കാലവും തോന്നിയിട്ടുണ്ട്. ആ തോന്നല്‍ തെറ്റായിരുന്നില്ലെന്ന് അടിവരയിടുന്നു ഈ സംഭവം.
വിദ്യാലയങ്ങളില്‍ അടി നിരോധിച്ചതാണ് പ്രശ്നകാരണമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരോടുള്ള മറുപടി ഇത്രമാത്രം. പോലീസ് ഇല്ലാത്തതുകൊണ്ടല്ല കുറ്റകൃത്യങ്ങള്‍ ഉള്ളത്, പട്ടാളമില്ലാത്തതുകൊണ്ടല്ല യുദ്ധങ്ങളുള്ളത്, മറിച്ച്, അവയുള്ളതുകൊണ്ടാണ്.
ഏതായാലും ഈ കുട്ടിക്കുറ്റവാളി ഇനി കുട്ടികളുടെ ജയിലിലും ചിലപ്പോള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വലിയവരുടെ ജയിലിലും കഴിയേണ്ടതായി വന്നേക്കാം. അവിടെനിന്ന് അവനൊരു കൊടുംകുറ്റവാസനയുള്ളവനായി പുറത്തിറങ്ങുമ്പോള്‍ നാം സമൂഹത്തിന് ഒരിക്കല്‍ക്കൂടി മന്ദഹസിക്കാം. അങ്ങനെ ഒരുത്തനെക്കൂടി കൊടുംഭീകരനാക്കിമാറ്റിയെന്നോര്‍ത്ത്.
അന്‍വര്‍ അബ്ദുള്ള
malayal.am
No comments:
Post a Comment