അഴിമതി വിരുദ്ധ പടപ്പുറപ്പാടുകള്‍കൊണ്ട് സമൃദ്ധമാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ പൊതുസമൂഹം. സ്പെക്ട്രം അഴിമതിയുടെ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. ഡി. രാജയുടെ കാരാഗൃഹവാസം അതിന്‍റെ ഒന്നാം എപ്പിസോഡ് പൂര്‍ത്തിയാക്കി താത്കാലിക വിരാമത്തില്‍. ആദര്‍ശ് അഴിമതിയുടെ പുകിലുകള്‍ അടങ്ങിയിട്ടില്ല. ആന്‍ട്രിക്സ്- ദേവാസ് കരാര്‍ അഴിമതിക്കഥകളുടെ അധ്യായങ്ങള്‍ പലതും ഇനിയും പുറം ലോകം വായിക്കാനിരിക്കുന്നു. ടട്ര ട്രക്ക് അഴിമതിയുടെ പരുക്കുകള്‍ ഇന്ത്യന്‍ സേനാതലവന്മാരുടെ തന്നെ വിശ്വാസ്യതയ്ക്ക് മുറിവേല്‍പ്പിച്ചു. പൊതുഖജനാവില്‍ നിന്നു കൊള്ളയടിക്കപ്പെട്ട അനേകലക്ഷം കോടികള്‍ അന്യദേശ ബാങ്കുകളില്‍ ഇപ്പോഴും സുരക്ഷിതം. സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കുഴിച്ചു മൂടപ്പെട്ട കോടികള്‍ തിരിച്ചുകൊണ്ടുവരൂ എന്നു രാജ്യത്തിന്‍റെ പരമോന്നത കോടതി തന്നെ പലയാവര്‍ത്തി കല്‍പ്പിച്ചുകഴിഞ്ഞു രാജ്യം ഭരിക്കുന്നവരോട്. അന്താരാഷ്ട്ര സാമ്പത്തിക സന്ധികളുടെ ചാരിത്ര്യനഷ്ടം ഭയന്ന്, അതിനു ധൈര്യം പോരാതെ നില്‍ക്കുന്നു നമ്മുടെ ഭരണകൂടം.
സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ കോടികള്‍ കടല്‍കടന്ന് തിരികെയെത്തുമോ രാജ്യത്തിന്‍റെ പൊതുഭണ്ഡാരത്തിലേക്ക്. അഞ്ചുവര്‍ഷം കാലാവധി തികയ്ക്കും മുന്‍പ് അങ്ങനെയൊരു "അതിക്രമ' ത്തിനു തന്‍റേടമുണ്ടാകുമോ യുപിഎ സര്‍ക്കാരിന്. അടുത്ത ഊഴം അധികാരം കൈവന്നാല്‍ ഇന്ത്യയിലേക്കു തിരികെയെത്തിക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനം. അഥവാ രണ്ടുവര്‍ഷം കാലേകൂട്ടി ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം. വാക്കുതരുന്നത് വാജ്പേയ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിപദമലങ്കരിച്ച യശ്വന്ത് സിന്‍ഹ. രണ്ടു വട്ടം രാജ്യം ഭരിച്ചപ്പോള്‍ ഇതാവാമായിരുന്നില്ലേ എന്ന ചോദ്യം അങ്ങനെ തന്നെ നില്‍ക്കട്ടെ. ചാനല്‍ സ്പോണ്‍സേര്‍ഡ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെ അഭിനവ ഗാന്ധിപ്പട്ടം പിടിച്ചെടുത്ത ഹസാരെ സംഘത്തിലിപ്പോള്‍ പോര് ടീം അംഗങ്ങള്‍ തമ്മിലാണ്. ഹസാരെയുടെ ഉണ്ണാവൃതം കൊഴുപ്പിക്കാന്‍ രാജ്യമെമ്പാടും നിന്നു പിരിച്ചതില്‍ കള്ളപ്പണമെത്ര, വെള്ളപ്പണമെത്ര എന്നതിന്‍റെ കണക്കുകള്‍ അനന്തം അജ്ഞാതം. അതിന്‍റെ വരവു ചെലവു നാള്‍വഴിക്കണക്കുകളാവട്ടെ ഇപ്പോഴും അപ്രകാശിതം. കെജ്രിവാളിന്‍റെ "ധനകാര്യം ' ഇപ്പോള്‍ ആരോപണ വിധേയം. ശാന്തിഭൂഷണിന്‍റെ പേരില്‍ വസ്തു രജിസ്ട്രേഷന്‍ നികുതി വെട്ടിച്ചതിനു കേസ്. ബാബാ രാംദേവിന്‍റെ ആദായ നികുതിക്കണക്കുകളില്‍ സര്‍വം മായ. അഴിമതിക്കാരെന്നു മുദ്രക്കുത്തപ്പെട്ടവരെയോ അഴിമതി വിരുദ്ധ പ്രക്ഷോഭകരെയോ വിശ്വസിക്കാനാവാതെ എല്ലാം കണ്ടും കേട്ടും പാവം ജനം.
ഇതിനിടെ, അന്‍പതു രൂപയുടെ അഴിമതി പോലും ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല എന്നു രാജ്യത്തിന്‍റെ പരമോന്നത കോടതി നിരീക്ഷിക്കുമ്പോള്‍ അതു ശ്രദ്ധേയം, കൗതുകകരം. ഗുജറാത്തിലെ ഭാവ്നഗര്‍ സിറ്റി സര്‍വെയിലെ രണ്ട് ഉദ്യോഗസ്ഥരുടെ ശിക്ഷ ഇളവ് അപേക്ഷയിന്മേലാണ് സുപ്രീം കോടതിയുടെ കര്‍ശന പരാമര്‍ശം. സര്‍വെ വകുപ്പില്‍ ഏതോ രേഖയില്‍ പേരുമാറ്റത്തിന് അപേക്ഷ വച്ചയാളോട് അന്‍പതു രൂപ കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥര്‍. പ്രിവന്‍ഷന്‍ ഒഫ് കറപ്ഷന്‍ ആക്റ്റ് പ്രകാരം സ്പെഷ്യല്‍ കോടതി വിധിച്ച ശിക്ഷ ഗുജറാത്ത് ഹൈക്കോടതി പിന്നീട് ശരിവച്ചു. കേവലം അന്‍പതു രൂപ കൈക്കൂലി പറ്റിയതിന് ഇത്ര പെരുത്ത ശിക്ഷയോ എന്നു ഭരണ ഘടനയുടെ 142 ാം വകുപ്പ് ഉദ്ധരിച്ച് അനുതാപം തേടിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ എത്തിപ്പെട്ടത്. അഴിമതി എത്ര തന്നെ ചെറുതാവട്ടെ, അതു രാജ്യത്തിന്‍റെ നട്ടെല്ലിനെ അര്‍ബുദം പോലെ കാര്‍ന്നു തിന്നുന്നു എന്നു നിര്‍ദാക്ഷിണ്യം നിരീക്ഷിച്ചാണ് പരമോന്നത നീതിപീഠം ഈ വാദത്തെ പുറന്തള്ളുന്നത്. കേവലം അന്‍പതുരൂപയുടെ പോലും അഴിമതി, രാജ്യത്തിന്‍റെ നിയമ വ്യവസ്ഥ വിധിക്കുന്ന ശിക്ഷയുടെ പരിധിയില്‍ വന്നേ തീരു എന്ന കര്‍ക്കശമായ നിലപാടില്‍ എല്ലാ അഴിമതിക്കാര്‍ക്കുമെതിരെയുള്ള കടുത്ത സന്ദേശം തീര്‍ച്ചയായും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഒരു സംവിധാനവും മുക്തമല്ല നമ്മുടെ രാജ്യത്ത് എന്നതാണു വാസ്തവം. ജുഡീഷ്യറി പോലും ഈ പൊതു തത്വത്തിന് അതീതമല്ല എന്നു വെളിപ്പെട്ടിട്ടുണ്ട് എത്രയോവട്ടം.
അന്‍പതുരൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്ന കര്‍ശന നിലപാട് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശരിയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. പതിനായിരം കോടിയും ലക്ഷം കോടിയും കവര്‍ന്നവര്‍ക്ക് പാര്‍ലമെന്‍റിലും മന്ത്രി മന്ദിരങ്ങളിലും ആരതിയുഴിഞ്ഞു വരവേല്‍പ്പൊരുക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇതു പക്ഷേ വിരോധാഭാസം എന്നും കൂടി വിലയിരുത്തപ്പെട്ടേക്കും. എങ്കിലും....
No comments:
Post a Comment