അനുസ്യൂതമായ പതനത്തിലാണ് ഇന്ത്യന്‍ കറന്‍സി. ഗ്രീസടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധി ഇന്ത്യന്‍ ഓഹരിക്കമ്പോളത്തെയും ചവിട്ടിത്താഴ്ത്തുന്നു. യൂറോ സോണ്‍ പ്രതിസന്ധിയുടെ കരിനിഴല്‍, ഇന്ത്യന്‍ പ്രതീക്ഷകളുടെ ആകാശത്തെയും മേഘാവൃതമാക്കിയേ തീരൂ. അങ്ങനെയാണു സാമ്പത്തിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നമുക്കു മുന്നറിയിപ്പു തരുന്നത്. രൂപ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും അഗാധമായ പതനത്തിലേക്കു മൂക്കു കുത്തുമ്പോള്‍, ഭീതിയുടെ തണുപ്പും മരവിപ്പും കലര്‍ന്നിരിക്കുന്നു ഭരണ നേതൃത്വത്തിന്‍റെ "ശരീരഭാഷ'യില്‍.
ചെലവു ചുരുക്കല്‍ വേണ്ടിവരും എന്നു താരതമ്യേന നിര്‍ദോഷമായ ഭാഷയില്‍ നമ്മെ ജാഗ്രതപ്പെടുത്തുന്നു രാജ്യത്തിന്‍റെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. പാചകവാതക സബ്സിഡി ഘട്ടം ഘട്ടമായും വിവിധ സ്ലാബുകളിലായും വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം, ഏതു നിമിഷവും നടപ്പില്‍വരാം. പെട്രോള്‍ വില അഞ്ചു രൂപ വര്‍ധിപ്പിക്കണോ, അതോ എട്ടു രൂപ കൂടി കൂട്ടണോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ തര്‍ക്കം ബാക്കിയുള്ളു. ഡീസല്‍ വില നിയന്ത്രണത്തിന്‍റെ ആയുസ് ഇനി എത്ര നാള്‍ കൂടി? ഉത്തരമില്ലാത്ത അനേകമനേകം ചോദ്യങ്ങള്‍. മറുപടിയോ പരിഹാരമോ വിശദീകരണമോ തരാത്ത എത്രയോ അധികം ആശങ്കകള്‍. എല്ലാം ചേര്‍ന്ന് ഒരു വലിയ വാള്‍മുന പോലെ തൂങ്ങിനില്‍ക്കുകയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്‍റെ ശിരസിനു മീതെ ഇപ്പോള്‍.
വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ കണക്കുകളാണു നാളിതുവരെ നമുക്കു ചുറ്റും മുഴങ്ങിക്കേട്ടിരുന്നത്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ എസ്കലേറ്ററുകളിലേറി രാജ്യം മുന്നോട്ടു കുതിക്കുന്നതിന്‍റെ കണക്കുകള്‍. വമ്പന്‍ സാമ്പത്തിക ശക്തികളുടെ വളര്‍ച്ചാനിരക്കുകളെ നമ്രശിരസ്കമാക്കാന്‍ പോന്ന കണക്കുകളായിരുന്നു നമ്മുടെ പ്രതീക്ഷകള്‍ ഇത്ര നാളും വിളംബരം ചെയ്തിരുന്നത്. കടുംപിടിത്തങ്ങളുടെ കെട്ടഴിച്ച കോട്ടവാതിലുകള്‍ ഭേദിച്ചു ലോക മൂലധനത്തിന്‍റെ കുത്തൊഴുക്ക്. അമെരിക്കയെപ്പോലും ഒന്നോ രണ്ടോ ദശകങ്ങള്‍ക്കുള്ളില്‍ പിന്നിലാക്കാന്‍ പോന്ന സാമ്പത്തിക കുതിപ്പ്. ഏതു സാമ്രാജ്യത്വ ഖജനാവിനെയും നിഷ്പ്രഭമാക്കാന്‍ പോന്ന ധനശേഷി. ഉപ്പുമാവ് റവയും പാല്‍പ്പൊടിയും എഫ്എല്ലും പിച്ചയിരന്നു വാങ്ങിയ പഴയ ഇന്ത്യയുടെ ഭാവിയെ ഞങ്ങളിതാ ഭയക്കുന്നു എന്ന് ഒബാമയും ബുഷും മറ്റും സര്‍ട്ടിഫിക്കറ്റെഴുതിത്തന്നതു ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് ഇന്ത്യയുടെ ഭിത്തിയില്‍. രണ്ടു ദശകം കൂടി വളര്‍ന്നാല്‍ ഇന്ത്യയ്ക്കു പിന്നെ ഭയക്കാന്‍ ചൈന മാത്രം. ശിഷ്ടമെല്ലാം തൃണം.
ഇങ്ങനെയെല്ലാം ദിഗന്തങ്ങള്‍ ഞെട്ടുമാറു മുഴങ്ങിയ ഇന്ത്യന്‍ ആത്മവിശ്വാസത്തിന് എന്തോ സാരമായ ഇടിവു സംഭവിച്ചിരിക്കുന്നു ഇപ്പോള്‍. അതിന്‍റെ തണുപ്പും മരവിപ്പുമാണു മന്‍മോഹന്‍ സിങ്ങിന്‍റെയും പ്രണബിന്‍റെയുമെല്ലാം അശുഭ സൂചനകളില്‍ അരിച്ചു കയറുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഗണിതമോ, യൂറോ സോണില്‍ സംഭവിക്കുന്ന വലിയ ഭൂകമ്പത്തിന്‍റെ പാര്‍ശ്വചലനങ്ങളോ ഒന്നും ശരാശരിക്കാര്‍ക്കു വായിച്ചെടുക്കാവുന്ന ഭാഷയല്ല. അരിവിലയും ഗോതമ്പുവിലയും പഞ്ചസാരവിലയും പെട്രോള്‍ വിലയും അനുനിമിഷം കുതിക്കുന്നതിന്‍റെ അന്താരാഷ്ട്ര പ്രശ്നങ്ങളും സാധാരണക്കാരന്‍റെ ബുദ്ധിക്കു പിടികൊടുത്തെന്നു വരില്ല. പക്ഷേ, എത്രയൊക്കെ കൂട്ടിക്കിഴിച്ചാലും പിന്നെയും പിഴച്ചു പോവുന്ന കുടുംബ ബജറ്റിന്‍റെ ഭാഷ ഏത് അക്ഷര ശൂന്യന്‍റെ ബുദ്ധിക്കും ദഹിക്കും. ജനപ്രിയമല്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍, അഥവാ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും എന്ന അപായ സൈറണ്‍ പ്രണബിന്‍റെ ബംഗാളിച്ചുവയുള്ള ശബ്ദത്തില്‍ പിടയുമ്പോള്‍, അതിന്‍റെ ധ്വനികളും മനസിലാവും, അതിജീവനത്തിന്‍റെ യുദ്ധത്തില്‍പ്പെട്ടുപോയ ഏതൊരാള്‍ക്കും.
2004ല്‍ അധികാരമേറ്റ ഒരു സര്‍ക്കാരിന്‍റെ തുടര്‍ച്ച, ഭരണ നൈരന്തര്യത്തിന്‍റെ എട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഓരോ നിത്യോപയോഗ സാധനത്തിന്‍റെയും വിലയില്‍ സംഭവിച്ച വര്‍ധന ഇരുനൂറോ മുന്നൂറോ അതിലും ഏറെയോ ശതമാനം. അടുപ്പിലെരിയുന്ന തീ ഇപ്പോള്‍ ഓരോ ശരാശരിക്കാരനെയും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നത് ഈ പൊള്ളുന്ന കണക്കാണ്. ജനപ്രിയമായ ഒരുപാടു കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത ഒരു സര്‍ക്കാരല്ല ഇപ്പോള്‍ ജനതാത്പര്യം മറക്കും ഞങ്ങള്‍ എന്നു സ്വന്തം ജനതയെ ഭീഷണിപ്പെടുത്തുന്നത്. ജനപ്രിയമായതെന്തെങ്കിലും ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടുപോയ ഒരു ഭരണകൂടം, ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന സ്വന്തം ആം ആദ്മിയുടെ നെഞ്ചിന്‍ കൂടിനു നേര്‍ക്കു വധഭീഷണിയുടെ പരിഹാസ്യമായ തോക്കിന്‍മുന ചൂണ്ടിപ്പിടിക്കുന്നു. അതിലപ്പുറം എന്തുണ്ട്, വരാനിരിക്കുന്ന ഗതികേടുകളെക്കുറിച്ചു രാജ്യത്തിന്‍റെ ധനമന്ത്രി മുഴക്കുന്ന അപകട മുന്നറിയിപ്പില്‍? മൂക്കും വായയും ഒരേ സമയം പൂട്ടിപ്പിടിക്കപ്പെടുമ്പോഴും, ഒരു ചോദ്യം പുറത്തേക്കു തുറിക്കുന്നുണ്ട് രാജ്യത്തെ സാധാരണക്കാരുടെ കണ്ണുകളില്‍ നിന്ന്. എവിടെ മന്‍മോഹനിസമെന്ന പുത്തന്‍ സാമ്പത്തിക നയം ഇത്രയും കാലം പൊലിപ്പിച്ച വളര്‍ച്ചാ നിരക്കുകള്‍? എവിടെ, പഴഞ്ചന്‍ നെഹ്റൂവിയന്‍ സാമ്പത്തിക കല്‍പ്പനകളെ പടിയിറക്കി കടന്നുവന്ന പുത്തന്‍ നയങ്ങള്‍ പറഞ്ഞു കൊതിപ്പിച്ച വാഗ്ദത്ത ഇന്ത്യ?
No comments:
Post a Comment