രാജ്യസഭയിലേക്ക് കയറുന്ന സച്ചിന്‍ നൂറ് തികച്ചിട്ടാണെത്തുന്നതെങ്കില്‍ രാഷ്‌ട്രപതിഭവനില്‍ നിന്നു പ്രതിഭ പാട്ടീല്‍ പടിയിറങ്ങുന്നത് ഇരുന്നൂറ് തികച്ചുകൊണ്ടാണ്. ഇരുന്നൂറ് കോടിയിലധികം രൂപ ചെലവഴിച്ചുകൊണ്ടുള്ള ഇരുപതിലധികം വിദേശയാത്രകളാണ് പ്രതിഭാജി അഞ്ച് വര്‍ഷത്തിനിടെ നടത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള പേടി മൂലം സകുടുംബമായിരുന്നു യാത്രകളെല്ലാം. സകുടുംബമെന്നാല്‍ ഭര്‍ത്താവും മക്കളുമാണെന്ന് തെറ്റിധരിക്കരുതേ. അമ്മാവന്മാരും അമ്മായിമാരും മക്കളും മരുമക്കളും ചേട്ടന്മാരും ചേച്ചിമാരും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും അങ്ങനെയങ്ങനെ ഒരു നീണ്ട നിര തന്നെ പലപ്പോഴുമുണ്ടാവും. ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ രാജ്യങ്ങളിലും ചെറിയ തോതില്‍ ഒരു കുടുംബസംഗമം തന്നെ നടത്തി.
പന്ത്രണ്ട് പര്യടനങ്ങളിലായി ഇരുപത്തിരണ്ടോളം വിദേശരാജ്യങ്ങളാണ് പ്രസിഡന്റ് സന്ദര്‍ശിച്ചത്. ഏകദേശം ഇരുനൂറ്റിയഞ്ച് കോടി രൂപയാണ് ചുമ്മാ അങ്ങു പൊടിച്ചു കളഞ്ഞത്. നമ്മുടെ സെക്കന്തരാബാദില്‍ നടത്തിയ പതിനൊന്നു ദിവസ സന്ദര്‍ശനത്തിന് ഒരുക്കങ്ങളുടെ ഭാഗമായി മാത്രം ചെലവായത് അന്‍പതു കോടി. എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് സഞ്ചരിക്കുന്ന നമ്മുടെ പ്രസിഡന്റിന്റെ യാത്രാക്കൂലി ഇനത്തിലെ നൂറ്റിയറുപത്തിയൊന്‍പത് കോടി രൂപയോളമാണ് എയര്‍ ഇന്ത്യക്കു ലഭിക്കാനുള്ളത്. അതില്‍ നൂറ്റിയന്‍പത്തിമൂന്ന് കോടി നല്‍കിയെന്നും ബാക്കി പതിനാറു കോടി സംഘടിപ്പിക്കാനായി കേന്ദ്രം കേരളത്തിന്റെ കാരുണ്യ ബമ്പര്‍ എടുത്ത് ഫലം പ്രതീക്ഷിച്ചിരിക്കുകയാണത്രേ. ഒരു മുപ്പത്തിയാറു കോടിയുടെ കണക്ക് 'മറ്റു ചെലവുകള്‍' ആക്കി വിദേശകാര്യ മന്ത്രാലയം ബാലന്‍സ് ഷീറ്റ് വരച്ചു വച്ചിട്ടുണ്ടത്രേ.
തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് ചെലവിന്റെ കാര്യത്തില്‍ വന്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് പേരിന്റെ ഗുണം കാണിക്കാത്ത പ്രതിഭ. റെക്കോര്‍ഡുകളുടെ എണ്ണത്തില്‍ പോലും റെക്കോര്‍ഡ് ഉള്ളവര്‍ രാജ്യസഭയില്‍ എത്തുമ്പോള്‍ പ്രസിഡന്റ് എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ. ഇല്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്നു പറഞ്ഞിട്ട് എന്താ കാര്യം. തന്റെ കാലാവധി കഴിയുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും സൗത്ത് ആഫ്രിക്ക വരെ പോകാനുള്ള തത്രപ്പാടിലാണ് അവര്‍. ചേട്ടന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ മകനു സൗത്ത് ആഫ്രിക്കയിലെ കപ്പലണ്ടി മുട്ടായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു പോയി പ്രതിഭാജി, ഇല്ലെങ്കില്‍ ഇനി ചെറുക്കന്റെ പിച്ചും മാന്തുമൊക്കെ കൊള്ളണം. പിച്ച് കൊള്ളണോ കുത്തു കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് മാഡമിപ്പോള്‍.
പണി പോയിക്കഴിയുമ്പോള്‍ കുത്തിയിരിക്കാനുള്ള കൊട്ടാരം ഡല്‍ഹിയില്‍ പോരാ, പൂനെയില്‍ മതിയെന്ന് കുഞ്ഞമ്മാവന്‍ പറഞ്ഞ കേള്‍ക്കാന്‍ പോയിട്ട് ഇപ്പൊ ചെവിതല കേള്‍ക്കാന്‍ മേലാത്ത അവസ്ഥയിലായി. കളിച്ച് കളിച്ച് പെര പണിയാന്‍ പട്ടാളക്കാരുടെ കളത്തില്‍ കേറിയല്ലേ കളിച്ചത്. മിലിട്ടറി ഏരിയയിലെ വീഴാറായിരുന്ന രണ്ട് കെട്ടിടം തള്ളിയിട്ടു, അതും ബ്രിട്ടീഷുകാര്‍ പണിതു വച്ചിരുന്നത്. അതു കണ്ട് പഴയ ജവാന്മാരെല്ലാം ഇളകി. അങ്ങനെ കുഞ്ഞമ്മാനെ പിണക്കിക്കൊണ്ട് ആ തീരുമാനനം അങ്ങ് എടുത്തു, 'എനിക്കിനി ആ വീടു വേണ്ടാ' .. ഇനി വീട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കുമോ എന്തോ.. ഒന്നുരണ്ട് മാസം കൂടിയല്ലേ ഉള്ളൂ, സൗത്ത് ആഫ്രിക്ക യാത്രയേലും നടക്കുമോ എന്തോ.
ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയില്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരുമറിഞ്ഞു, അതുകഴിഞ്ഞ് അവസാനം കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ കാരണവും എല്ലാവരുമറിഞ്ഞു. വേറേ പ്രയോജനങ്ങളൊന്നും ചെയ്തിട്ടില്ലാത്ത കൊണ്ട് പെട്ടെന്നങ്ങു പൊയ്ക്കോട്ടെ. അധികം ബുദ്ധിമുട്ടിച്ചില്ലല്ലോ. നന്നായി...
അനന്തു വാസുദേവ്
No comments:
Post a Comment