Thursday, May 17, 2012

കൊച്ചി ബിനാലെ : ഒരു ഓണ്‍ലൈന്‍ അങ്കം വെട്ടിന്റെ കഥ




നേര്‍ക്ക്‌ നേരുള്ള സംവാദമാണ് സോഷ്യല്‍ മീഡിയകളുടെ പ്രത്യേകത. അച്ചടി മാദ്ധ്യമങ്ങളില്‍ നമുക്ക് വിയോജിപ്പുള്ള കാര്യങ്ങളില്‍ നമ്മുടെ അഭിപ്രായം അറിയിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഓരോ വാക്കിനെയും കീറി മുറിച്ച് അഭിപ്രായം പറയാനുള്ള വേദി കിട്ടുന്നു എന്നതാണ് അതിനെ ജനകീയമാക്കുന്നത്. മലയാള സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ഏറ്റവും തീക്ഷ്ണമായ വാദ പ്രതിവാദങ്ങള്‍ക്ക് ഇട നല്‍കിയ ഒന്നാണ് കൊച്ചി ബിനാലെ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയപ്രത്യേകിച്ച് ഫെയ്സ് ബുക്ക് ഏറ്റെടുത്ത നേര്‍ക്ക്‌ നേരുള്ള സംവാദമായിരുന്നു ബിനാലയുടെ പേരില്‍ നടന്നത്. എഴുത്തുകാരും കലാകാരന്മാരും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു ബൌദ്ധിക നിര ഒന്നായി രണ്ടു പക്ഷത്തുമായി നിന്നപ്പോള്‍ സംവാദം ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയരുകയായിരുന്നു.
"കൊച്ചിയില്‍ രണ്ടുകൊല്ലത്തിലൊരിക്കല്‍ അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം നടത്താന്‍ പോകുന്നു എന്നത് കഴിഞ്ഞ രണ്ടുകൊല്ലമായിട്ടുള്ള കൊട്ടിഘോഷമാണ്. ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നീ രണ്ട് നാമങ്ങളാണ് ഈ പെരുമ്പറയിലുടനീളം മുഴങ്ങിനില്‍ക്കുന്നത്. കേരളത്തെ വിശ്വകലാഭൂപടത്തില്‍ നങ്കൂരമടിപ്പിച്ചേ അടങ്ങൂ, ഇന്നാട്ടിലെ കലാകാരന്മാരെ ഉദ്ധരിച്ചുകളയും, പോരാ, നാട്ടുകാരുടെ ലാവണ്യാനുഭൂതിശേഷി പൊക്കിയെടുക്കണം എന്നിത്യാദിയാണ് ഈ ‘ബിനാലെ’ അഭ്യാസിയുടെ പ്രത്യക്ഷ വാചാടോപം. ഇതൊക്കെ കേട്ടാല്‍ സാധാരണഗതിയില്‍ ആദ്യമുയരുക രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ആരാണീ മഹാശയന്മാര്‍. രണ്ട്, എന്തുകൊണ്ട് സര്‍ക്കാര്‍ ഇവരെത്തന്നെ പണിയേല്‍പിക്കുന്നു?"
മാദ്ധ്യമം ആഴ്ച്ചപ്പതിപ്പിലൂടെ 'കലയുടെ പുകമറയില്‍ ഒരു രസികന്‍ തട്ടിപ്പ്' എന്ന ലേഖനത്തില്‍ വിജു വി നായര്‍ ഉയര്‍ത്തിയ ഈ ചോദ്യമാണ് ഒരര്‍ഥത്തില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. പിന്നീട് ഭാഷാപോഷിണി, ജനശക്തി, മാദ്ധ്യമം, മലയാളം, മാതൃഭൂമി എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തിപടര്‍ന്ന വാദ പ്രതിവാദങ്ങള്‍ പിന്നീട് ഫേസ്ബുക്ക് ഏറ്റെടുത്തു.
ജോണി എംഎല്ലും ഉത്തമനും ഫേസ് ബുക്കിലേക്ക് ആനയിച്ച ഈ ബിനാലെ ചര്‍ച്ച കൂടുതല്‍ സജീവമായത് യുവകവിയായ ക്രിസ്പിന്‍ ജോസഫിന്റെ ഇടപെടലോടെയാണ്.'എന്തുകൊണ്ട് ബിനാലെ എതിര്‍ക്കപ്പെടുന്നു...? ആരാണ് എതിര്‍ക്കുന്നത്..?' എന്ന നോട്ടിലൂടെ ബിനാലയെ എതിര്‍ക്കുന്നവരോട് ക്രിസ്പിന്‍ പറയുന്നു
" യൂസഫ് അറയ്ക്കലും കാനായി കുഞ്ഞിരാമനും റിംസനുമെല്ലാം ബിനാലെ അഴിമതിയാണെന്ന് തറപ്പിച്ചു പറഞ്ഞു. തങ്ങള്‍ ബീഡിയും മുറുക്കാനും ചില്ലറ സാധനങ്ങളും മേടിച്ച് സര്‍ക്കാരിലേക്ക് സ്വരൂക്കൂട്ടിയ പണത്തില്‍ ഒരല്പംപോലും കലയ്ക്കുവേണ്ടി ചെലവഴിക്കാന്‍ പാടില്ലെന്ന് റിംസനും കാനായിയും കൂട്ടരും തറപ്പിച്ച് പറഞ്ഞു... ഇതിനിടയില്‍ ബിനാലെ എന്താണെന്നുപോലും അറിയാത്ത സാധാരണ ജനങ്ങള്‍ പെട്ടുപോയെന്ന് പറയുന്നതാകും ശരി. ബിനാലെയെന്നാല്‍, സംഘാടകരായ ബോസ് കൃഷ്ണമാചാരിക്കും റിയാസ് കോമുവിനും ചിത്രങ്ങളും ശില്പങ്ങളും വന്‍വിലയ്ക്ക് വില്‍ക്കാനുള്ള ഇടങ്ങളാണെന്ന് ഇവര്‍ പ്രചരിപ്പിച്ചു. ബിനാലെയെന്നാല്‍ കലയുടെ പ്രദര്‍ശനമേളയാണെന്ന് പോലും ഇവര്‍ പറഞ്ഞില്ല. എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ പല ബിനാലെകളിലും പങ്കെടുത്തവര്‍ ഉണ്ടായിട്ടും നടക്കുന്നത് പ്രദര്‍ശനം മാത്രമാണെന്ന് ആരും പറഞ്ഞില്ല."
'ഇത് സാംസ്കാരികമായ കുറ്റകൃത്യമാണ്' എന്ന തലക്കെട്ടില്‍ മാദ്ധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു കത്തിനുള്ള ഒരു മറുപടിയും ക്രിസ്പിന്‍ നല്‍കുന്നു. അതില്‍ ഒപ്പിട്ടിട്ടുള്ളവരുടേയും പേര് ചേര്‍ക്കപ്പെട്ടിട്ടുള്ളവരുടെയും പേരുകള്‍ പരിശോധിച്ച് ഇപ്പോള്‍ കാര്യമായി ക്രിയേറ്റീവ് വര്‍ക്ക് ചെയ്യാത്തവരാണ് ബിനാലെ വിരുദ്ധരെന്നു ക്രിപ്സിന്‍ സമര്‍ഥിക്കുന്നു.
"അക്കാദമിയുടെ ഭാഗമായി നിന്നിട്ടും കലയ്ക്കുവേണ്ടി ഒന്നും ചെയ്യാത്ത, ഒരു നല്ല മേളപോലും നടത്താത്ത സംഘാടകരും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാര്യമായൊരു ഷോപോലും കണ്ടക്ട് ചെയ്യാത്തവരുമാണ് പ്രധാനമായും ബിനാലെയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ അന്താരാഷ്ട തലത്തിലേക്ക് സ്വയമുയരാന്‍ ശേഷിയുള്ള എത്ര കലാകാരന്മാര്‍ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് നോക്കുന്നതും നല്ലതായിരിക്കും. പേടിച്ചരണ്ട വൃദ്ധന്മാരുടെ എതിര്‍പ്പാണ് ബിനാലെയ്കെതിരെ ഉയരുന്നത് എന്നുവേണം അനുമാനിക്കാം."
പല വാദങ്ങളുമായി വന്ന് ബിനാലെയെ ആക്രമിക്കുന്നതിനെതിരെ ഇക്കൂട്ടര്‍ കലഹിക്കുന്നു. ബോംബെ, ഡല്‍ഹി എന്നീ വേദികളെ പിന്തള്ളി ബിനാലെയുടെ വേദിയായി കൊച്ചിയെ തെരഞ്ഞെടുത്തത് പുതിയ കലാകാരന്മാര്‍ക്ക് കലയെ കൂടുതല്‍ അടുത്തറിയാനും തങ്ങളുടെ രചനകള്‍ ലോകമറിയാനും ഇടവരുത്തുമെന്നതില്‍ കലയെ സ്നേഹിക്കുന്ന ചെറുപ്പക്കാര്‍ സന്തോഷിക്കുന്നു. പുതിയ ലോകകലയെ സ്വീകരിക്കാന്‍ ഒരു പേടിയുമില്ലാത്തവര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനവും ഇവര്‍ നല്‍കുന്നു.
ചെറുപ്പക്കാരായ കലാകാരന്മാര്‍ കൂടുതലും ബിനാലയെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ക്രിസ്പിന്റെ നോട്ടിനുള്ള കമന്റില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ നോക്കുക. മിനി മോഹന്‍ പറയുന്നു
" ചിത്രകലയുടെ നവീനതയും കിഴക്ക് പടിഞ്ഞാറന്‍ വ്യതിയാനങ്ങള്‍ ഒക്കെ പുതിയ കലാകാരന്മാര്‍ക്ക് കാണുവാനും അറിയുവാനും അടുത്ത് കാണുവാനും... കലാകാരന്മാരുമായി ഇടെപെടുവാനും പുതിയ ആവിഷ്കാരങ്ങള്‍ക്കും ഒക്കെ ബിനാലെ സഹായകരം ആകും എന്നതില്‍ സംശയത്തിനു വകയില്ല... മുതിര്‍ന്ന കലാകാരന്‍മാര്‍ ഗുരുപൂജ്യര്‍ ഒക്കെ തങ്ങളുടേതായ നിലയില്‍ വിദേശ പര്യടനങ്ങള്‍ നടത്തി പ്രസിദ്ധി നേടിയവരാണ്... പുറമേ നടത്തിയ പ്രദര്‍ശനങ്ങളില്‍ ആവേശം കൊള്ളുന്ന ഇവരെല്ലാം സ്വന്തം നാട്ടില്‍ വരുന്ന ഒരു ഇന്റര്‍നാഷണല്‍ ഇവന്റിനെ അനുകൂലിക്കുകയും തങ്ങളുടെ ശിഷ്യന്‍മാര്‍ക്ക് കിട്ടുന്ന എക്സ്പോഷറില്‍ അഭിമാനിക്കുകയുമല്ലേ വേണ്ടതു? ഇവിടെ ഒരുവിവാദം കലാകാരന്‍മാര്‍ തമ്മില്‍ ആവശ്യമുണ്ടോ? ഇതിന്റെ പിന്നിലെ പൊളിറ്റിക്സ് അഴിമതി ഇവ ഉണ്ട് എങ്കില്‍ ചര്‍ച്ച ചെയ്യപ്പെടുകതന്നെ വേണം... അതിനു പ്രതേക സെല്‍ രൂപീകരിച്ചു അന്വേഷിക്കാമല്ലോ. അല്ലാതെ കേരളത്തിലേക്ക് വരുവാനുള്ള ഒരു പ്രോഗ്രാം അനാവശ്യ വിവാദങ്ങളിലൂടെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുമ്പോള്‍ കാന്‍വാസും ബ്രഷും വാങ്ങുവാന്‍ കഴിവില്ലാതെ കഷ്ടപ്പെടുന്ന ഒരുകൂട്ടം കലാകാരന്‍മാര്‍ക്ക്‌ അവരുടെ സൃഷ്ടികള്‍ വിദേശ പ്രതിനിധികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടമാക്കരുത്"
ഈ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് സാജന്‍ മണി പറയുന്നു
"രവി വര്‍മ്മക്ക് ശേഷം പ്രളയം എന്ന രീതിയില്‍ ആണ് പോക്ക്. നമ്മുടെ ആസ്വാദന നിലവാരം കുറഞ്ഞത്‌ തന്നെ ആണ്. അത് സിനിമയില്‍ ആയാലും കലയില്‍ (Art) ആയാലും. ആദ്യം നമുക്കൊന്ന് ലോകത്ത് നടക്കുന്ന കല മാറ്റങ്ങള്‍ നേരില്‍ കാണാം. എന്നിട്ട് മതി, ബോസിനോടും കോമുവിനോടും ഉള്ള കൊതിക്കെറുവ് "
യുവാക്കള്‍ക്ക്‌ പ്രത്യേകിച്ച് കലാ വിദ്യാര്‍ത്ഥികള്‍ക്ക് ബിനാലെയോട് ഉണ്ടായ ഈ മമതയെ എതിര്‍ത്തു കൊണ്ട് ഉത്തമന്‍ പറയുന്നു
"മറ്റൊന്ന് കലാകാരന്മാരുടെ വര്‍ക്കുകള്‍ പുറത്തുനിന്നുള്ള ആളുകള്‍ (സായിപ്പ് ) വന്നു കാണും, എന്നും നന്നായി പണിയെടുക്കേണ്ടിവരും വര്‍ക്കുകള്‍ ധാരാളം ചെയ്യേണ്ടിവരും, വാങ്ങലുകാരും മറ്റും കൊച്ചിയില്‍ കുതിച്ചെത്തും എന്നി യുവാക്കളുടെ കാലമാണ്... അങ്ങനെ ബാങ്കില്‍ കുരുങ്ങാതെ പ്രചരണം ശക്തിപ്രാപിച്ചു. പാവപ്പെട്ട കലാകാരന്മാരും , കലാകാരന്മാരെ സ്നേഹിക്കുന്നവരും , കലയെ സ്നേഹിക്കുന്നവരും തെറ്റിദ്ധരിക്കാന്‍ ഇതില്‍പരം ഗീബല്‍സീയന്‍ അടവുകളുടെ ആവശ്യം ഉണ്ടെന്നു തോനുന്നില്ല. അതിനായി അവര്‍ ലോകത്ത് നടന്ന ബിനാലകളെല്ലാം പോസ്ടിച്ചു. സത്യത്തില്‍ ആ ബിനാലകളുമായി കൊച്ചി ബിനാലയെ കൂട്ടികെട്ടുന്നതിലൂടെ പണി പകുതി കുറയുമെന്ന് അവര്‍ കരുതിയിരുന്നു".
'വസ്തുതാപരമായി പ്രശ്നങ്ങളെ സമീപിക്കാത്ത കേട്ടുകേഴ്വി ആണ് കൊച്ചി ബിനാലെ' എന്ന ലേഖനത്തില്‍ ഉത്തമന്‍ തുടരുന്നു
" ബിനാലെയെ അനുകൂലിക്കുന്നതില്‍ തെറ്റു കാണുകയല്ല, മറിച്ചു അതില്‍ അഭിരമിക്കാനുള്ള കാരണത്തെ അന്വേഷിക്കുകയാണ്. യഥാര്‍ത്തത്തില്‍ ബിനാലെയെകുറിച്ചും അത് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ചും അവബോധത്തോടുകൂടി ചര്‍ച്ച ചെയ്തിട്ടാണോ അതില്‍ ആവേശം കാണിക്കുന്നത് എന്നറിയില്ല. പുറം ലോകത്ത് എന്തുനടക്കുന്നു എന്ന കൌതുകവും അന്വേഷണവും നല്ലതായിരിക്കുമ്പോള്‍ തന്നെ തന്റെ പരിസരങ്ങളിലെ കലയെ തിരിച്ചറിയാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ എന്നും അറിയില്ല. അന്താരാഷ്ട്രം എന്നത് നമ്മുടേത്‌ കൂടി ചേര്‍ന്നതാണ് എന്ന ബോധത്തില്‍ അല്ല, അത് പുറത്തുനിന്നും വരുന്നതാണ് എന്ന 'അബോധത്തിലാണ്' അവര്‍ ഭരിക്കപ്പെടുന്നത്. ഈ വീക്ഷണകോണിലൂടെ നോക്കി കാണുന്നതുകൊണ്ടാണ് ബിനാലെ എന്നത് കലാകാരന്മാരുടെ ആകമാനം 'രക്ഷകവേഷം' ചാര്‍ത്തപ്പെടുന്നത്. "
ഈ രക്ഷകവേഷം ബിനാലയെ എതിര്‍ക്കുന്നവര്‍ക്ക് എടുത്തണിയാന്‍ പാടില്ലായിരുന്നോ എന്ന അകപ്പൊരുളോടെ കീര്‍ത്തി സുകുമാരന്‍ ക്രിസ്പിന്റെ ഒരു പോസ്റ്റിലെ കമന്റില്‍ ചോദിക്കുന്നു
"ബിനാലെയെ എതിര്‍ക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ആശയം പോലും മുന്നോട്ടു വയ്കാന്‍ ഇതു വരെ കഴിയാതിരുന്നതെന്ന് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ആശയം പോലും മുന്നോട്ടു വയ്ക്കാന്‍ കഴിയാത്തവരും കലാകാരന്മാര്‍ക്കോ കലാ വിദ്യാര്‍ഥികള്‍ക്കോ പ്രയോജനമുള്ള ഒരു കാര്യവും ചെയാതെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി അധികാരവും പദവിയും ദുരുപയോഗം ചെയ്ത ഇവര്‍ക്ക് ആകെ ചെയാന്‍ പറ്റുന്ന ഒരു കാര്യമാണ് മറ്റുളവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ സമൂഹത്തിന് മുന്‍പില്‍ തെറ്റിദ്ധരിപ്പിച്ചു കാണിക്കുക എന്നത്. ബിനാലെയെ എതിര്‍ക്കുന്നവരില്‍ ആരെങ്കിലും ഇന്ന് വരെ കലാലോകത്തിനു സഹായമാകുന്ന ഒരു കാര്യംപോലും ഇതുവരെ ചെയ്തിട്ടുണ്ടോ?"
പിന്നീട് പ്രശസ്ത ക്യൂറേറ്ററും എഴുത്തുകാരനുമായ ജോണി എം എല്‍ ഈ പ്രശ്നത്തെ ഏറ്റെടുക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പുതിയൊരു മാനം കൈവരുന്നു. തുടര്‍ച്ചയായി സീരീസില്‍ ബിനാലയെ എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം എന്ന് അദ്ദേഹം വളരെ വിശദമായി അവതരിപ്പിക്കുന്നു 'എന്ത് കൊണ്ട് ബിനാലെയെ എതിര്‍ക്കേണ്ടതുണ്ട്?'എന്ന നോട്ടിലൂടെ ജോണി എം എല്‍ വിവരിക്കുന്നു
"വിജുവും ഞാനും ഉള്‍പ്പെടെ ഉള്ളവര്‍ ഉയര്‍ത്തിയത്‌ രണ്ടു പ്രശ്നങ്ങള്‍ ആണ്- ഒന്ന്, പുതുതായി ഉണ്ടാക്കിയ ഒരു ട്രസ്റ്റിന് അഞ്ചു കോടി രൂപ കൊടുത്തതിന്റെ സാംഗത്യം. രണ്ടു, ഇത്തരം പണം കൈമാറ്റം ചെയ്ത ശേഷം, ആഘോഷമായി പ്രഖ്യാപനം നടന്ന ശേഷം, ഒരു വര്‍ഷത്തോളം പ്രസ്തുത ഫൌണ്ടേഷന്റെ ഒരു പരിപാടികളെ കുറിച്ചും കലാ പ്രവര്‍ത്തകര്‍ക്ക് പിടിയില്ലാതായ വേളയില്‍, അതില്‍ എന്തോ സുതാര്യതയില്ലായ്മ ഉണ്ട് എന്നതിനെ കുറിച്ചുള്ള അന്വേഷണം. ഇത് സര്‍ക്കാര്‍ പണം ആയതു കൊണ്ട് മാത്രം ഉയര്‍ത്തപ്പെട്ട രണ്ടു ചോദ്യങ്ങള്‍ ആണ്. അതില്‍ നിന്നും പ്രതികൂലികള്‍ ആരും തന്നെ അണുവിട മാറിയിട്ടില്ല, ഇനി മാറുകയും ഇല്ല. "
പിന്നീട് 'നശീകരണ മുതലാളിത്തവും വിവാദ ബിനാലെയും' എന്ന ലേഖനത്തില്‍ ജോണി എം എല്‍ തുടരുന്നു
"ആത്മാഭിമാനം ഇല്ലാത്തതാണ് കേരളത്തിലെ കലാകാരന്മാരെ ബോസിനും റിയാസിനും ജയ്‌ വിളിക്കുന്നവരാക്കുന്നത്. പുറത്തുപോയി വിജയിച്ചു വന്ന ധീരന്മാര്‍ എന്ന പരിവേഷമാണ് ഇവര്‍ക്കുള്ളത്. അതെ സമയം, പണിയെടുക്കാന്‍ സ്റ്റുഡിയോ ഉണ്ടെങ്കില്‍, ചിത്രങ്ങളും ശില്പങ്ങളും വീഡിയോയും ഒക്കെ കാണിക്കാന്‍ സൌകര്യങ്ങള്‍ ഉണ്ടെങ്കില്‍ ബോംബയില്‍ നിന്ന് ഇതാ ബോസ് വരുന്നു, റിയാസ് വരുന്നു, വിരുന്നു തരുന്നു എന്ന് പറഞ്ഞു ഓടേണ്ട ഗതികേട് കേരളത്തിലെ കലാകാരന്മാര്‍ക്ക് ഉണ്ടാകില്ല. നശീകരണ മുതലാളിത്തത്തിന്റെ ഇടപെടലുകള്‍ തിരിച്ചറിയണമെങ്കില്‍ ആത്മാഭിമാനം നേടണം. ഇടശ്ശേരി പറഞ്ഞത് ഓര്‍മ്മ ഇല്ലേ, 'അധികാരം കൊയ്യണം നാമാദ്യം, അതിനുമേല്‍ ആകട്ടെ പൊന്നാര്യന്‍.' നില്‍ക്കാന്‍ ഒരു നിലപാട് തറ ഉണ്ടാക്കൂ ആദ്യം. പിന്നയാകട്ടെ സംസ്കാരത്തിന്റെ ഇറക്കുമതി"
" പരാമൃഷ്ടരായ മലയാളി ലോക പ്രശസ്തര്‍ പണം അപഹരിച്ചു എന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ബിനാലെ എന്നാല്‍ ചക്കയാണോ മാങ്ങയാണോ, അഞ്ജനം എന്നാല്‍ അത് മഞ്ഞള് പോലെ വെളുത്തിരിക്കും എന്നാണോ എന്നൊക്കെ പൊതുജനത്തെ ധരിപ്പിക്കേണ്ടത്, ആരുടെ ചുമതലയാണ്? താങ്കളുടെ അഭിപ്രായത്തില്‍ അത് പ്രതികൂലികളുടെ ചുമതലയാണെന്ന് വരുന്നു? അതെങ്ങനെ? ഇത്രയും ബൃഹത്തായ ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍, അത് എന്താണ് എന്ന് മാലോകരോട് പറയേണ്ടത് ലോകപ്രശസ്തരുടെ കടമ ആയിരുന്നില്ലേ? അത് ചെയ്യാത്തത് കൊണ്ടല്ലേ പ്രതികൂലികള്‍ സുതാര്യത എന്ന വിഷയം മുന്നോട്ടു വെച്ചത്? സുതാര്യമല്ലാത്ത ഒന്നില്‍ അഴിമതി ഉണ്ടായേക്കും എന്നുള്ള ചിന്ത, അതും അഞ്ചുകോടി രൂപ സര്‍ക്കാരിന്റേതായി അതില്‍ ഉള്‍പ്പെട്ടത് കൊണ്ടല്ലേ, റിംസനും, കാനായിയും, യൂസുഫും എല്ലാം ഇതില്‍ തട്ടിപ്പ് വരാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടിയത്? "
ഇതിനോട് അനുകൂലിച്ചു കൊണ്ട് ഹംബിള്‍ ഷൈന്‍ കമന്റിലൂടെ ചേര്‍ക്കുന്നു
"കുറെയധികം ചിത്ര ശില്പകലാവിദ്യാര്‍ത്ഥികള്‍ ബിനാലെ നടക്കുന്നതോടെ തങ്ങളുടെയെല്ലാ പ്രശനങ്ങള്‍ക്കും പരിഹാരമ്മാകും എന്നു കരുതുകയൊ, വിശ്വസ്സിപ്പിയ്ക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്നു മാത്രം. ഈ ബിനാലെയ്ക്കു ചെലവാക്കന്‍ പോകുന്ന [ഇതുവരെ ചെലവാക്കിയതവിടെ നില്‍ക്കട്ടെ] തുകയുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ദര്‍ബാര്‍ ഹാള്‍ പോലുള്ള ഓരോ ആര്‍ട്ട് ഗ്യാലറി പണിയാം."
ബിനാലെക്കെതിരെയുള്ള ആരോപണങ്ങളില്‍ ഏറ്റവും മുന്തിയ പരിഗണന അഴിമതിക്ക് ആയിരുന്നു. ഇത്ര വലിയ അഴിമതിക്ക് സാധ്യതയുള്ള ഒരു പരിപാടി എന്ന നിലയിലാണ് അതിനെ ചുറ്റിപ്പറ്റിയുള്ള എതിര്‍പ്പുകള്‍ വരുന്നത്. അതിനെ ക്രിസ്പിന്‍ നേരിടുന്നത് നോക്കുക
"ബിനാലെക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ആരോപണങ്ങള്‍ക്കപ്പുറം അത് തെളിയിക്കാന്‍ ഈ നിമിഷംവരെ എതിര്‍ക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍, അത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ അങ്ങനെയൊരു ആരോപണം ഉന്നയിച്ചുകൊണ്ട് നടക്കാന്‍ പോകുന്ന ബിനാലെയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല എന്നുതന്നെയാണ് എന്റെ വാദം. ക്രിയാത്മകമായ സംവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കേണ്ടത്. "
ഈ അഴിമതി ആരോപനങ്ങളെക്കുറിച്ച് ആന്റോ ജോര്‍ജ് ഇങ്ങനെ പറയുന്നു
"ഒരു ബിനാലെ ഇവിടെ നടക്കാതിരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുക... ബോസ്സും റിയാസും നടത്തിയെന്ന് പറയപ്പെടുന്ന അഴിമതി അന്വേഷണം നടത്തി തെളിയാത്തത്... ആരോപണം മാത്രം... ബിനാലെ നടക്കാതിരിക്കാന്‍ ചെയ്യുന്ന തെളിഞ്ഞ അഴിമതി എന്ത് ചെയ്യണം? എതിര്‍ക്കുന്നവര്‍ ബിനാലെയെ അല്ല എതിര്‍ക്കുന്നത്, അഴിമതിയെയാണ് എന്ന് അഭിനയിക്കുന്നു... എങ്കില്‍ എന്തിനു ബിനാലെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു... അത് നടക്കട്ടെ എന്ന് വിചാരിക്കരുതോ? ഇതു നടത്തരുത് എന്ന് കാണിച്ചു കലാകാരന്മാരെ പ്രതിനിധീകരിച്ചു മെമ്മോറാണ്ടം അയച്ചല്ലോ... അത്രയും ഹീനകൃത്യം ചെയ്തവര്‍ കലാകാരന്മാര്‍ക്കുവേണ്ടിയോ കലാപഠനത്തെക്കുറിച്ചോ സംസാരിക്കാന്‍ അര്‍ഹരല്ല എന്ന് എനിക്ക് തോന്നുന്നു... അത് അയക്കുന്നതിനുമുന്‍പു എത്ര കലാകാരന്മാരെ അവര്‍ കണ്ടിട്ടുണ്ട് ? എത്ര കലാകാരന്മാരോട് ചോദിച്ചു ?.....അതില്‍ എത്ര കലാകാരന്മാര്‍ ഒപ്പുവെച്ചു?... ഒന്ന് ഇവിടെ ചോദിക്കട്ടെ... അത്... സര്‍ക്കാരിലേക്ക് അയച്ചത്... ഒന്ന് കലാകാരന്മാര്‍ക്ക് കാണിച്ചുകൊടുക്കാമോ? ഫേസ് ബുക്കില്‍ ഇതുപോലെ ഇടാമോ ? കാണട്ടെ വീറും വാശിയും അഴിമതി വിരുദ്ധ ശുഷ്കാന്തിയും... ആഗോള തലത്തില്‍ സ്വന്തം നാടിനെ നാണം കെടുത്തുന്ന രാജ്യസ്നേഹം... എന്തൊരു മഹാ വികസന ദാഹം... റോഡ്‌ അഴിമതി എന്നാല്‍ പിന്നെ റോഡ്‌ വേണ്ട... മെട്രോ അഴിമതി എന്നാല്‍ പിന്നെ മെട്രോ വേണ്ട... എന്നൊക്കെ നമ്മള്‍ പറയാറുണ്ടോ? ഉത്സവത്തിന്‌ പിരിവിന്റെ കണക്കില്‍ തര്‍ക്കം ഉണ്ടായാല്‍ ഉത്സവം വേണ്ടെന്നും പറയാറില്ല..."
ബിനാലയെക്കുറിച്ച് അദ്ധ്യാപകരുടെ വിവിധ അഭിപ്രായങ്ങളെ ലീന സന്തോഷ്‌ ഇങ്ങനെ നേരിടുന്നു
"തൃശൂര്‍ പൂരത്തിന് ലക്ഷക്കണക്കിന് ജനങ്ങള്‍ വരുമല്ലോ. ആ കൂട്ടത്തില്‍ വിദേശികളും. അപ്പോള്‍ എന്തുകൊണ്ട് ബിനാലെ പൂരത്തിനൊപ്പം തൃശ്ശൂരില്‍ നടത്തിക്കൂടാ എന്ന് കേരളത്തിലെ ഒരു ചിത്രകലാ അധ്യാപകന്‍ ചോദിച്ചത് ഈ തരുണത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ഇവരാണ് പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ശുഷ്കാന്തി കാട്ടുന്നത്. പൂരത്തിനിടയിലോ , പൊങ്കാലയ്ക്കിടയിലോ ബിനാലെ നടത്താന്‍ ആവശ്യപ്പെടുന്നവരെ ഉള്‍ക്കൊള്ളിച്ച് സംവാദം നടത്തിയാലും സ്ഥിതി മറിച്ചാവാന്‍ ഇടയില്ല! യോജിപ്പായാലും വിയോജിപ്പായാലും നവീന ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരെയായിരിക്കണം സംവാദത്തില്‍ ഉള്‍പ്പെടുത്തേണ്ടത്."
'കേരളത്തിലെ കലാ വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത് എന്ത്- ഒരു ചരിത്ര വീക്ഷണം' എന്ന നോട്ടില്‍ ജോണി എം എല്‍ വിവിധ ഘട്ടങ്ങളിലെ കലാ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മാനസിക അവസ്ഥകളെപ്പറ്റി വിശകലനം ചെയ്തിട്ട പറയുന്നു
"പക്ഷെ രണ്ടായിരത്തി എട്ടാം ആണ്ടു ഒടുവില്‍ കുമിള പൊട്ടി. പിന്നെ നാല് വര്‍ഷത്തെ അരക്ഷിതാവസ്ഥ ആയിരുന്നു. ആ അരക്ഷിതാവസ്ഥ അറിയാതെ കലാ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാര്‍ത്ഥികളാണ് ഇന്ന് കണ്ണടച്ചു ബിനാലെ പോലുള്ള സംരംഭങ്ങളെ അനുകൂലിക്കുന്നത്. അവരുടെ മുന്നില്‍ ഉള്ളത് അവര്‍ക്ക് മുന്‍പേ പഠിച്ചവരുടെ വിജയ ഗാഥകള്‍ ആണ്. അത് അവര്‍ക്കും വേണം എന്ന ആഗ്രഹം സ്വാഭാവികം മാത്രം. ആ ആഗ്രഹത്തിന്റെ ചെറിയ തീപ്പൊരികളെ ഊതിക്കത്തിച്ച് ആത്മഹത്യാപരമായ കാട്ടുതീ ആക്കാനാണ് ബിനാലെക്കാരുടെ ശ്രമം. വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത് ബിനാലെ വരുന്നതോടെ സ്വാഭാവികമായും കമ്പോളത്തിന്റെ ബൂം തിരികെ വരും എന്നാണ്. അത് അങ്ങിനെ അല്ല എന്ന് ബിനാലെക്കാര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊടുക്കുന്നില്ല. പകരം, നിങ്ങള്‍ ഇറങ്ങിക്കോളൂ, ഇതാ സ്വര്‍ഗ രാജ്യം പന്ത്രണ്ടേ പന്ത്രണ്ടേ പന്ത്രണ്ടേ എന്ന തീയതിയില്‍ വരും എന്ന് പറഞ്ഞു കൊടുക്കുന്നു. സത്യത്തില്‍ വിദ്യാര്‍ഥികളെ ഇവര്‍ നിരാശയുടെ പടുഗര്‍ത്തത്തില്‍ ഇറക്കി വിട്ടു ആത്മഹത്യയിലേക്ക് നയിക്കുകയല്ലേ ചെയ്യുന്നത്? "
70 കള്‍ക്കും 90 കള്‍ക്കും ഇടയില്‍ എന്ന ഒറ്റവാക്കില്‍ ആര്‍ എല്‍ വി യിലെ കലാവിദ്യാര്‍ത്ഥികളുടെ ജീവിതത്തെയും ചരിത്രത്തെയും എഴുതാനാകില്ല എന്ന് പറഞ്ഞു കൊണ്ട് കലാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉയരുന്ന ചോദ്യശരങ്ങള്‍ക്ക് ശ്രീജിത്ത്‌ എസ് ദേവ് 'മത്തായി ചേട്ടനുള്ള മറുപടി അഥവാ അടിസ്ഥാന സൗകര്യങ്ങള്‍ക്കു ശേഷം ആര്‍ എല്‍ വിയില്‍ നിന്ന് ഉണ്ടാകേണ്ട വിപുലമായ കലാചര്‍ച്ച' എന്ന നോട്ടിലൂടെ നല്‍കുന്നു.
"പഠിക്കുന്ന വിഷയത്തെ സംബന്ധിച്ച് ഞങ്ങള്‍ നടത്തുന്ന അന്യേഷണങ്ങളെ, കലയെ സംബന്ധിച്ച ഞങ്ങളുടെ ചോദ്യങ്ങളെ "കറന്‍സിയുടെ പുറകെ പായുന്ന ആഗോളീകരണ പ്രേമം മാത്രം..." എന്നൊക്കെ പറഞ്ഞ് പരിഹസിക്കരുത് ! ബിനാലെയെ ഞങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്വീകരിക്കുന്നത്. നിങ്ങള്‍ പറയുന്ന അഴിമതി കഥകള്‍ക്ക് ഞങ്ങളുടെ ഇടയില്‍ സ്വീകാര്യത ഇല്ലാത്തതും അതുകൊണ്ട് തന്നെയാണ്. എങ്കിലും ഈ ചോദ്യത്തിന് ഞങ്ങളുടെ മറുചോദ്യം ഇതാണ് public & private partnership ന് മാത്രം യാഥാര്‍ത്ഥ്യം ആക്കാന്‍ കഴിയുന്ന കലയുടെ വലിയൊരു അന്താരാഷ്ട്ര പ്രദര്‍ശനപദ്ധതിയെ തുടക്കസമയത്തുതന്നെ അഴിമതിയെന്ന് ആരോപിച്ച്‌ മുടക്കുവാന്‍ ശ്രമിക്കുന്നവര്‍ അകാല വാര്‍ധക്യം ബാധിച്ച, വെളിച്ചത്തെ ഭയക്കുന്ന കലാ അധ്യാപകരും, വിമര്‍ശകരും തങ്ങള്‍ക്ക് ശേഷം പ്രളയം എന്ന് വിശ്വസിക്കുന്ന ഒന്നോ രണ്ടോ കലാകാരന്മാരും അടങ്ങുന്ന ഒരു കൊച്ചു സംഘമാണെന്നും ഞങ്ങള്‍ക്കറിയാം. അഴിമതിയുടെ ഒരു ചെറിയ മണമടിച്ചാല്‍ ആരോപണങ്ങളുമായി രംഗത്തുവരുന്ന ഇടത്‌ വലത് രാഷ്ട്രീയക്കാര്‍ പോലും രണ്ടു കയ്യും നീട്ടി ബിനാലയെ സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ നടത്തുന്ന ഈ പ്രഹസനം ഒരു കൊച്ചുകുട്ടിയെപ്പോലും കബളിപ്പിക്കുവാന്‍ ഉതകുന്നതല്ല! കേരളത്തെ രക്ഷപെടുത്താനുള്ള ഒരുപാട് മാര്‍ഗങ്ങളില്‍ ഒന്നാണ് ബിനാലെ എന്നാണ്‌ എനിക്ക് തോന്നിയത് എന്ന എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. വിദ്യാര്‍ത്ഥിസമൂഹവും..."
'ഒരു കലാ വിദ്യാര്‍ഥി പൂര്‍വ വിദ്യാര്‍ഥിയോട് അഥവാ...' എന്ന നോട്ടിലൂടെ അരുണ്‍ പൌലോസും ഈ വാദങ്ങള്‍ക്കുള്ള മറുപടിയുമായെത്തുന്നു.
"ഞാന്‍ കൊച്ചി മുസിരിസ് ബൈനാലെയെ സപ്പോര്‍ട്ട് ചെയ്യുന്നു. കാരണം, മുയല്‍ ഇടയ്ക്കു ഉറങ്ങിപ്പോയതുകൊണ്ടാണ് ആമ ഓട്ട മത്സരത്തില്‍ ജയിച്ചതെന്നു ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.കേരളീയ കലയിലെ ആമയോട്ടങ്ങള്‍ തന്നെ, ഇന്ന് ഇന്ത്യന്‍ കലയുടെ അമരത്ത് മലയാളി കലാകാരന്‍മാര്‍ ആധിപത്യം ഉറപ്പിച്ചിട്ടും കേരളത്തില്‍ സമകാലീന കലയും കലാ പഠനവും മുരടിച്ചു നില്‍കുന്നത് " ബൈനാലെ കൊണ്ടുവരേണ്ടത് അല്ല അത്മെല്ലെ മെല്ലെ പയ്യെ പയ്യെ തനിയേ സംഭവിക്കേണ്ടതാണ് ". എന്ന് ഹോച്ച്മിന്‍ ചേട്ടന്‍ പറഞ്ഞത് ഓര്‍ത്ത് പറയുന്നതാണിത്.കലയുടെ സാഹചര്യം (സുവര്‍ണകാലം) സംജാതമാവുകയും ഗവണ്മെന്റ് cultural പോളിസികള്‍ നടപ്പിലാക്കുകയും ജനങ്ങള്‍ സമകാലീന കലയെയും ചരിത്രത്തെയും തിരിച്ചറിഞ്ഞു രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ബൈനാലെ തനിയേ സംഭവിക്കും എന്ന് കരുതി കാത്തിരിക്കുന്നത് കോഴിക്ക് 'breast ' വരാനുള്ള കാത്തിരിപ്പു പോലെ അല്ലെ. ചുറ്റും കണ്ണോടിക്കുമ്പോള്‍ പലകാര്യത്തിലും വൈകിപ്പോയില്ലേ എന്ന സന്ദേഹം ഞങ്ങള്‍ students സിന് ഉണ്ട് അത് മാര്‍ക്കറ്റിനെ കുറിച്ചല്ല നടപ്പിലാകേണ്ടിയിരുന്ന കലാ പദ്ധതികളെ കുറിച്ചാണ് എന്ന് ഓര്‍മിപ്പിക്കട്ടെ. "
'കൊച്ചി - മുസിരിസ് ബിനാലെ എന്ന ആദ്യ ഇന്ത്യന്‍ ബിനാലെയോട് കേരളീയര്‍ കുറച്ചുകൂടി മാന്യമായി പ്രതികരിക്കുക. വഞ്ചിതരാകാതെ സൂക്ഷിക്കുക' എന്ന നോട്ടില്‍ ശ്രീജിത്ത്‌ എസ് ദേവ് എഴുതുന്നു
ബിനാലയെ എതിര്‍ക്കുന്ന പക്ഷവും അനുകൂലിക്കുന്ന പക്ഷവും ഉണ്ടായിക്കഴിഞ്ഞു ഇതോടൊപ്പം പുറത്തുനില്‍ക്കുന്ന ഒന്നിലും പെടാത്ത ജനങ്ങള്‍ തന്നെയാണ് ആ മറുപക്ഷം. ഇപ്പോള്‍ നടക്കുന്നത് അവരെ കയ്യിലെടുക്കാനുള്ള അഭ്യാസങ്ങളാണ്. ഒന്നിലും പെടാത്ത പാവം ജനങ്ങളെ tax money , alligation , അന്യദേശ ചിത്രകല , സായിപ്പിന്റെ കല , ഇന്ത്യക്കാരന്റെ കല, 80 ലെ കല 90 ലെ കല , പഴയ കല , അവരുടെ കല , കാഴ്ചക്കാരന്റെ കല , ചിത്രകാരന്റെ കല , പാവപ്പെട്ടവന്റെ കല , പണക്കാരന്റെ കല , ഗാലറിക്കാരന്റെ കല , കച്ചവട കല , ബോസിന്റെ കല , റിയാസിന്റെ കല , എന്റെ കല , നിന്റെ കല എന്നെല്ലാം പറഞ്ഞ്, പറഞ്ഞ് വേലികള്‍ കെട്ടി തിരിക്കുന്നു, വായിക്കുന്നവനെ പറ്റിക്കാനുള്ള ശ്രമങ്ങള്‍. സത്യത്തില്‍ കലകള്‍ ഇങ്ങനെ തരം തിരിഞ്ഞാണോ കിടക്കുന്നത് ?
ബിനാലെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏതൊരു വലിയ പരിപാടിക്കും എതിരെ നമുക്ക് ചോദിക്കാവുന്നതേ ഉള്ളൂ... എല്ലാം അറിയാവുന്നവരാണ് ചോദിക്കുന്നതെങ്കില്‍ അവരുടെ പ്രശ്നം മറ്റൊന്നാണെന്ന് മനസ്സിലാക്കാം.
ഈ പ്രശ്നത്തിനിടയ്ക്ക് ആര്‍ട്ടിസ്റ്റ് രാജന്‍ തന്റെ അഭിപ്രായം തുറന്നു പറയുന്നു
"എല്ലാവരും സമചിത്തതയോടെ വിഷയത്തെ സമീപിക്കുക. വികാരതീവ്രതയോ രാഷ്ടീയ വേർതിരിവുകളോ മാറ്റിവെയ്ക്കുക. സത്യം പറഞ്ഞാല്‍ ഈ പഴമക്കാരാരും കലയ്ക്കുവേണ്ടി ഒന്നും ചെയ്തില്ല എന്നുമാത്രമല്ല സ്വജനപക്ഷപാതം കാട്ടുകയും ചെയ്തു. ഇനി പുതിയതലമുറ അവർക്കു വല്ലതും സാധിക്കുമോ എന്നു നോക്കട്ടെ. ആവര്‍ തെറ്റുചെയ്യാതിരിക്കാന്‍ സര്‍ ക്കാരാണു നോക്കേണ്ടത്..എല്ലാവരും വിഷയത്തെ ഗൗരവമായി കാണുവാന്‍ ആഗ്രഹിക്കുന്നു. "
'ബിനാലെ കാലത്തെ നിരാസങ്ങള്‍ ' എന്ന നോട്ടില്‍ ജോണി എം എല്‍ പറയുന്നു
"ബിനാലെ അനുകൂലികള്‍ ഒരു കാര്യം മനസ്സിലാക്കുക. ബിനാലെ നടക്കുന്നതിനു മുന്നോടിയായി തന്നെ പ്രാദേശിക കലാകാരന്മാരുടെ അവസരങ്ങള്‍ ഒന്നൊന്നായി ഇല്ലാതായി തുടങ്ങിയിരിക്കുന്നു. ആദ്യം ദര്‍ബാര്‍ ഹാള്‍. പിന്നെ സ്വകാര്യ ഗ്യാലറികള്‍. പിന്നെ അക്കാദമിയുടെ തന്നെ പ്രാദേശിക ഗ്യാലറികള്‍. കൊടുങ്ങല്ലൂരില്‍ തുടങ്ങിയ മാധവ മേനോന്‍ സ്മാരക ഗ്യാലറി പോലും മുസിരിസിന്റെ പേരില്‍ ഇനി ഉപയോഗിക്കുന്നത് വിദേശികളും മറുനാടന്‍ മലയാളികളും ആയിരിക്കും. നിങ്ങള്‍ തന്നെ സമരം ചെയ്തു നേടിയെടുത്ത ബിനാലെ നിങ്ങള്‍ക്കായി നല്‍കുന്ന സമ്മാനം. പ്രാദേശിക സ്വകാര്യ ഗ്യാലറികള്‍ കേരളത്തിലെ കലാകാരന്മാരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുക എന്ന പരിപാടി നിറുത്തി വന്‍നഗരങ്ങളിലെ ഗ്യാലറികള്‍ തെരഞ്ഞെടുക്കുന്ന കലാകാരന്മാരുടെ വര്‍ക്കുകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഇടങ്ങളായി മാറും. സൂചനകള്‍ ചുറ്റും നോക്കിയാല്‍ ലഭിക്കും. "
ഉന്മേഷ് സെന്ന ദസ്തക്കിര്‍ ഈ ആരോപണങ്ങളെ അതിശക്തമായ ഭാഷയിലൂടെയാണ്‌ ഒരു കമന്റിലൂടെ എതിര്‍ക്കുന്നത്
"അഴിമതിയേക്കാളുപരി തങ്ങളോട് ആലോചിക്കാതെ ബിനാലെയെക്കുറിച്ച് ചര്‍ച്ചകളും ഒരുക്കങ്ങളും നടത്തുന്നു എന്നതാണ് ബിനാലെയെ എതിര്‍ക്കുന്ന കേരളത്തിലെ ചില തലമൂത്ത കലാകാരന്മാരുടെ പ്രധാനപ്രശ്നം. അതത്ര കാര്യമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. അത് അവരുടെ മാത്രം പ്രശ്നമാണ്, കലാസ്വാദകരുടെയല്ല. ചിത്രകലയും ശില്പകലയും എന്നാല്‍ എം.വി.ദേവനും കാനായിയും മാത്രമല്ലെന്ന് മലയാളികള്‍ക്ക് മനസ്സിലാക്കാനെങ്കിലും ബിനാലെ കാരണമാകട്ടെ. അല്ലെങ്കില്‍ മലപ്പുറം യക്ഷിയുടെ മുലയെക്കുറിച്ചും മത്സ്യകന്യകയുടെ ചന്തിയെക്കുറിച്ചും തന്നെയാവും അടുത്ത തലമുറയും ചർച്ച ചെയ്യുക"
'കൊച്ചി - മുസിരിസ് ബിനാലെ - ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് കലാവിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഒരു തുറന്ന സംവാദം വേണ്ടേ നമുക്ക് ?' എന്ന നോട്ടില്‍ ശ്രീജിത്ത്‌ എസ് ദേവ് മറ്റൊരു വശം പറയുന്നു
"സര്‍ക്കാരിനും ഒരുപോലെ ഗുണമുണ്ടാകുന്ന ആശയമല്ലേ ബിനാലെ? ബിനാലെ കേരളത്തില്‍ നടന്നാല്‍ അത് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വികസനം ഉണ്ടാക്കാന്‍ പ്രാപ്തമാണ് എന്ന് ബിനാലെ അനുകൂലികള്‍ക്കും, പ്രതികൂലികള്‍ക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ്, മറ്റ് രാജ്യത്തെ കലകളെയും, കലാകാരന്മാരെയും അടുത്തു കാണുവാനും പരിചയപ്പെടുവാനും ബിനാലെ കാരണമാകുന്നു. അങ്ങനെ നമ്മുടെ ക്യുറേട്ടര്‍മാരും , സാമ്പത്തികം കയ്യിലുള്ള കലാകാരന്മാരും മാത്രം നിലവില്‍ അനുഭവിക്കുന്ന ആ അനുഭൂതി നമുക്കും കിട്ടും എന്ന ബിനാലെക്കാരുടെ വാഗ്ദാനം നടന്നാല്‍ അതു കൊള്ളാം... പെര്‍ഫോമിംഗ് ആര്‍ട്ടിലും,സംഗീതത്തിലും, സിനിമയിലും മറ്റ് മേഖലകളിലും കാര്യങ്ങള്‍ അങ്ങനെ തന്നെ. ബിനാലെ നടന്നാല്‍ കേരള ടൂറിസത്തിനും കാര്യമായ വരുമാനം ഉണ്ടാകും എന്നുറപ്പ്. കാരണം, ലോകത്തില്‍ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര മേഖലയാണ് ഇന്ന് നമ്മുടെ കേരളം, പ്രത്യേകിച്ച് കൊച്ചി. ആ സാഹചര്യത്തില്‍ കേരളം കാണാന്‍ വരുന്നവര്‍ക്ക് ബിനാലെയും കൂടി കാണാം എന്ന സ്ഥിതി വരുന്നു. ഇത് ആ മേഖലയുടെ ഉന്നമനത്തിന് കാരണമാകില്ലെ ? പിന്നെ ഞാന്‍ ആദ്യം സൂചിപിച്ച വിദ്യാര്‍ഥി സമൂഹത്തിനും ബിനാലെ ഉണര്‍വ് പകരും എന്നുറപ്പല്ലേ? ന്യൂ മീഡിയ ആര്‍ട്ടിനെക്കുറിച്ചും, വീഡിയോ ആര്‍ട്ടിനെക്കുറിച്ചുമെല്ലാം എന്ത് കഥയാണ്‌ ഇന്നത്തെ ഈ പ്രാചീന സിലബസ്സില്‍ നമുക്ക് പഠിക്കുവാനുള്ളത്? കുട്ടികള്‍ ഓണ്‍ലൈന്‍ വഴിയല്ലേ ഇതെല്ലാം പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത്? പരമ്പരാഗത മീഡിയത്തില്‍ നിന്നും മാറി പുതിയ മീഡിയം തിരഞ്ഞെടുത്ത എത്ര കലാകാരന്മാരുണ്ട് കേരളത്തില്‍ ? പ്രാക്ടീസ് ചെയ്യുന്ന എത്ര പേര്‍ക്ക് കേരളത്തില്‍ സ്റ്റുഡിയോ ഉണ്ട്? അത്തരം പ്രദര്‍ശനത്തിന് കേരളത്തില്‍ ബിനാലെ ഫൌണ്ടേഷന്‍ നവീകരിച്ച ദര്‍ബാര്‍ ഹാള്‍ അല്ലാതെ വേറെ എത്ര ഗാലറികള്‍ ഉണ്ട്?"
കൊച്ചി ബിനാലെ പോലെ ഇത്രയും ആശയ സമ്പുഷ്ടവുമായ ഒരു ചര്‍ച്ച ഓണ്‍ലൈന്‍ ഇടങ്ങളില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ബിനാലെയെ എതിര്‍ത്ത് സംസാരിക്കുന്ന ആരുംതന്നെ ഇതുപോലൊരു കലാമേള ഇതിന് മുമ്പ് നടത്തിയിട്ടില്ല. ബിനാലെയ്ക്ക് പകരം മറ്റൊരു ബദലിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നുമില്ല. ബിനാലയുടെ അഴിമതിയെപ്പറ്റിയും നടത്തിപ്പുകാരെപ്പറ്റിയും ഒക്കെയാണ് എതിര്‍പ്പിന്റെ സ്വരങ്ങള്‍. ഇതൊക്കെ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണ്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പരാതിപ്പെടാനും പരിഹരിക്കാനും ഇവിടെ നീതിന്യായ വ്യവസ്ഥകള്‍ ഉണ്ടല്ലോ. വന്‍ അഴിമതി നടക്കും എന്ന പേരില്‍ നടക്കാനിരിക്കുന്ന ഒരു പദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കുന്നത് നീതീകരിക്കാവുന്നതല്ല.
തര്‍ക്കങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ ഒന്നും നടക്കാത്ത ഒരു നാട്ടില്‍ ബിനാലെ പോലൊരു ഇവന്റ് നടക്കണം എന്നതാണ് യഥാര്‍ത്ഥ കലയെ ഇഷ്ടപ്പെടുന്നവരുടെ ആവശ്യം. നമ്മള്‍ കണ്ടു ശീലിച്ച യക്ഷിയുടെയും മത്സ്യകന്യകയുടെയും രാജാരവിവര്‍മ ചിത്രങ്ങള്‍ക്കപ്പുറവും കലയുണ്ടെന്നും, കലയുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ സാംസ്കാരികമായ വികാസം കൂടി സംഭവിക്കുന്നു എന്നതും സത്യമാണ്. ആദ്യം ബിനാലെ സംഭവിക്കട്ടെ, അതിനു ശേഷമാകകാം വിവാദം.

No comments:

Post a Comment