Saturday, May 12, 2012

ഒ രാജഗോപാല്‍ നിയമസഭയില്‍ എത്തിയാല്‍ ഭൂകമ്പമുണ്ടാകുമോ?


തെരഞ്ഞെടുപ്പ് അടുത്താല്‍ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ബഹുഭൂരിപക്ഷം കേരളീയരും തികഞ്ഞ മതേതരവാദികളാണ്. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും കടുത്ത മതവാദികളും തികഞ്ഞ വിശ്വാസികളും (ചിലപ്പോള്‍ വിശ്വാസികളെ വെല്ലുന്ന അന്ധവിശ്വാസികളും) ആയ കേരളീയര്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രം മതേതരവാദികളായി പരിണമിക്കുന്നതിന്റെ രാസഘടനയെക്കുറിച്ച് വലിയൊരു ഗവേഷണത്തിന് തന്നെ സ്‌കോപ്പുണ്ട്.

ബി ജെ പിയും അവരുടെ കടിഞ്ഞാണായ ആര്‍ എസ് എസും മതേതര കേരളീയന് അമേദ്യതുല്യമാണ്. ആര്‍ എസ് എസിനോട് ഗാന്ധിവധം തൊട്ടുള്ള ശത്രുതയാണ് മതേതരവാദിയായ ഇന്ത്യക്കാരനും പ്രത്യേകിച്ച് കേരളീയനുമുള്ളത്. ബി ജെ പിയുണ്ടായപ്പോള്‍ ആര്‍ എസ് എസ് വിരോധം ബി ജെ പിയോടുമായി. ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവും ആര്‍ എസ് എസും ബി ജെ പിയും ഉള്ളിടത്തോളം കാലം അവരെ വേട്ടയാടും. എന്നാല്‍ അടിയന്തരാവസ്ഥ പീഡനവും ഇന്ദിരാവധത്തിന്റെ അലയൊലികളും നക്‌സല്‍ വേട്ടകളും കോണ്‍ഗ്രസിന് പ്രശ്‌നമേയല്ല. സിംഗൂരിലും നന്ദിഗ്രാമിലും പിന്നെ ബംഗാളില്‍ എമ്പാടും മൂന്നുപതിറ്റാണ്ടായി സി പി എം നടത്തിയ നരനായാട്ടുകള്‍ മതേതര കേരളീയന്‍ സി പി എമ്മിന്റെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി മാത്രം കാണുകയാണ്.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം സി പി എമ്മിന് വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് യഥാര്‍ത്ഥ തൊഴിലാളി വര്‍ഗമുന്നേറ്റത്തിന്റെ ഭാഗമാണ്. കെ ടി ജയകൃഷ്ണനെയും അടുത്തകാലത്ത് ഫസലിനെയും ഷുക്കൂറിനെയും കണ്ണൂരില്‍ വെട്ടിനുറുക്കിയത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പ്രക്രിയയാണ്. ഇപ്പോള്‍ ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് സി പി എം ആണയിടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഇപ്പോഴും വിശ്വസിക്കുന്നത് കൊല നടത്തിയത് സി പി എം തന്നെയാണെന്നാണ്.
കൊല്ലപ്പെടുന്നതിന് മുമ്പ് ചന്ദ്രശേഖരന്‍ തന്നെയും സി പി എമ്മിന്റെ കൊലക്കത്തിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതെല്ലാം നടത്തുന്ന സി പി എം അടക്കമുള്ള പാര്‍ട്ടിക്കാര്‍ക്ക് ബി ജെ പി ഇപ്പോഴും വര്‍ഗീയതയുടെയും ഭീകരതയുടെയും മൂര്‍ത്തരൂപമാണ്. അതിനാല്‍ ബി ജെ പിയെ കെട്ടുകെട്ടിക്കാന്‍ കോണ്‍ഗ്രസുകാരനും മുസ്ലീംലീഗുകാരനും വരെ വോട്ടുമറിക്കും.
വടക്കേ ഇന്ത്യയിയെ ജനങ്ങളുടെ കോണ്‍ഗ്രസ് വിരോധം മുതലാക്കാന്‍ ബി ജെ പിക്ക് ഒരു പരിധിവരെ സാധിക്കുകയും തുടര്‍ന്ന് കേന്ദ്രഭരണം തന്നെ തട്ടിക്കൂട്ടി കയ്യിലാക്കുകയും ചെയ്തിട്ടും തെക്കേ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ബി ജെ പിക്ക് അടുത്ത കാലം വരെ മണ്ണുതൊടാനായില്ല. എന്നാല്‍ കര്‍ണാടകത്തില്‍ ബി ജെ പിയുടെ മാജിക്ക് കേരളത്തിലെ ബി ജെ പിക്കാര്‍ക്കും ഏറെ സന്തോഷത്തിന് വക നല്‍കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളീയന്റെ മതേതരസംഘശക്തി അതിന്റെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവന്നു.
മഞ്ചേശ്വരം, കാസര്‍കോട്, നേമം മണ്ഡലങ്ങളില്‍ ബി ജെ പി മുന്നണിയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. എല്‍ ഡി എഫിന് നേതൃത്വം നല്‍കുന്ന സി പി എമ്മും ഇപ്പോള്‍ യു ഡി എഫിന് നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലും നേമത്ത് സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഈ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നെങ്കിലും ബി ജെ പി ഇക്കുറി കേരള നിയമസഭയില്‍ കാലുകുത്തുമായിരുന്നു. ദീര്‍ഘകാലമായി കേരളത്തിലെ ഇടതുവലതുരാഷ്ട്രീയക്കാര്‍ കളിക്കുന്ന പൊറാട്ടുനാടകം ബി ജെ പിയെ നിയമസഭയില്‍ നിന്ന് അകറ്റി നിര്‍ത്തുക തന്നെയാണ്.
ബി ജെ പിയെ അടിയന്തിരമായി നിയമസഭയില്‍ കൊണ്ടുവരണമെന്നല്ല ഈ പറയുന്നതിന് അര്‍ത്ഥം. അതിന് തക്ക പരമയോഗ്യന്മാരുടെ പാര്‍ട്ടിയാണ് അതെന്നും കരുതുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിമയസഭയില്‍ ഇരിക്കുന്ന പല മാന്യജനപ്രതിനിധികളെയും വച്ചുനോക്കുമ്പോള്‍ ചില ബി ജെ പിക്കാരും ഇവിടെ വന്നിരിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് മാത്രം. പി കെ കുഞ്ഞാലിക്കുട്ടിക്കും കെ അച്യുതനും സി പി എമ്മിലെ പി ജയരാജനും ഇ പി ജയരാജനും പി ജെ ജോസഫിനും കെ ബി ഗണേഷ്‌കുമാറിനും ബാബു പാലിശേരിക്കും നിയമസഭയില്‍ പലവട്ടം ഇരിക്കാമെങ്കില്‍ ഒ രാജഗോപാലിനും സി കെ പത്മനാഭനും എം ടി രമേശിനും വി മുരളീധരനും എന്തുകൊണ്ട് അവിടെയിരുന്നുകൂടാ?
എല്‍ ഡി എഫും യു ഡി എഫും ആയതിന്റെ പേരില്‍ മാത്രം ഒരു പഞ്ചായത്ത് വാര്‍ഡിലൊതുങ്ങാന്‍ പോലുമില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടിക്കാര്‍ എം എല്‍ എമാരും എം പിമാരും മന്ത്രിമാരുമാകുന്നത് നമ്മുടെ ഈ നാട്ടില്‍ തന്നെയല്ലേ? കെ ബി ഗണേഷ്‌കുമാറും ഷിബു ബേബി ജോണും മന്ത്രിമാരായത് എന്തുതരം ജനപിന്തുണയുടെ അടിസ്ഥാനത്തിലാണ്? പി കെ ജയലക്ഷ്മി മന്ത്രിയായത് എന്ത് രാഷ്ട്രീയപരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ്? കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ മന്ത്രിയായത് ആര്‍ എസ് പിയുടെ ശക്തി സംസ്ഥാനത്തുടനീളം തെളിയിച്ചിട്ടാണോ? കയ്യിലെയും കാലിലെയും വിരലുകള്‍ കൂട്ടിയെണ്ണിയാല്‍ തികയാത്ത ആള്‍ വലിപ്പമുള്ള കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിയാകാമെങ്കില്‍ ബി ജെ പിക്കാര്‍ ആയതിന്റെ പേരില്‍ മാത്രം വര്‍ഷങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും പൊതുജനസേവന സന്നദ്ധതയുമുള്ള ഒ രാജഗോപാലും സി കെ പത്മനാഭനും എം ടി രമേശിനും വി മുരളീധരനും പോലുള്ളവര്‍ നിയമസഭയില്‍ എന്തുകൊണ്ട് എത്തിക്കൂടാ?
ഒന്നാം യു പി എ സര്‍ക്കാരിന് മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന എന്‍ ഡി എ സര്‍ക്കാരില്‍ ഒ രാജഗോപാല്‍ സഹമന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നാണ് ബി ജെ പിക്കാര്‍ അദ്ദേഹത്തെ രാജ്യസഭയില്‍ എത്തിച്ചത്. പാര്‍ലമെന്റില്‍ എത്താന്‍ ഭാഗ്യം സിദ്ധിച്ച കേരളീയനായ ഏക ബി ജെ പിക്കാരനാണദ്ദേഹം. അദ്ദേഹം റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയില്‍മന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയില്‍ വികസനം ഉണ്ടായത് രാജഗോപാല്‍ മന്ത്രിയായ കാലത്താണെന്ന് കോണ്‍ഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും.
പാതയിരട്ടിപ്പിക്കല്‍, പുതിയ ട്രയിനുകള്‍, മേല്‍പ്പാലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം, റെയില്‍വേ വൈദ്യുതീകരണം തുടങ്ങി റെയില്‍വേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാല്‍. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കി സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തിട്ടില്ല. ബി ജെ പിക്കാരനായതുകൊണ്ട് വര്‍ഗീയവാദിയായും ഹിന്ദുത്വവാദിയായും കണക്കാക്കാമെന്ന് മാത്രം. നെയ്യാറ്റിന്‍കരയില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജഗോപാല്‍. കാലുമാറ്റക്കാരും സമുദായം  നക്കികളുമായ ശെല്‍വരാജിനെക്കാളും ലോറന്‍സിനെക്കാളും മാന്യന്‍.
ആഴ്ചകള്‍ക്ക് മുമ്പുവരെ സി പി എമ്മുകാരനായിരുന്ന സെല്‍വരാജ് എന്ന കത്തോലിക്കാ നാടാര്‍ സമുദായാംഗത്തിന് വേണ്ടി കോണ്‍ഗ്രസുകാര്‍ കൈപ്പത്തി ചിഹ്നത്തില്‍ അരമനകള്‍ കയറിയിറങ്ങുന്നതും നായര്‍-ഈഴവസമുദായനേതാക്കളുടെ കാലുനക്കുന്നതും കുറെ ദിവസങ്ങളായി മതേതര കേരളീയന്‍ കണ്ടുരസിക്കുകയാണ്. ലോറന്‍സ് എന്ന പഴയ കാലുമാറ്റക്കാരനായ സി എസ് ഐ നാടാര്‍ സമുദായാംഗത്തിന് വേണ്ടി ഇതേ പണികളൊക്കെത്തന്നെയാണ് സി പി എമ്മും നടത്തുന്നത്. ഇതിനിടെയുണ്ടായ ചന്ദ്രശേഖരന്‍ വധം യു ഡി എഫിന് മുതലാക്കാനാകുന്നുണ്ട്. ഇവര്‍ ഇരുകൂട്ടരും കടുത്ത മതേതരവാദികളും വര്‍ഗീയവിരുദ്ധരുമാണ്.
എന്നാല്‍ സമുദായനേതാക്കളുടെയും മതനേതാക്കളുടെയും കാലുനക്കുന്നതിലും അവര്‍ പറയുന്നത് മുട്ടിലിഴഞ്ഞ് നടത്തിക്കൊടുക്കുന്നതിലും ഭേദം, അതായത് കാര്യസാധ്യത്തിനായി ആണും പെണ്ണും കെട്ട് പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതിലും ഭേദം വര്‍ഗീയവാദത്തിലും ഹിന്ദുത്വവാദത്തിലും ഉറച്ചുനില്‍ക്കുന്ന രാജഗോപാല്‍ തന്നെയാണ്. ആറു വര്‍ഷം ബി ജെ പി ഭരിച്ചിട്ട് ഇന്ത്യ പൊട്ടിപ്പിളര്‍ന്ന് പോയില്ലെങ്കില്‍ പിന്നെ രാജഗോപാല്‍ കേരള നിയമസഭയില്‍ എത്തിയാല്‍എന്ത് ഭൂകമ്പമുണ്ടാകാന്‍?
തെരഞ്ഞെടുപ്പുകാലത്തെ കേരളീയന്റെ മതേതരവാദത്തിന് പിന്നിലുള്ള പ്രധാന കാരണവും ലക്ഷ്യവും ബി ജെ പി എന്ന പ്രത്യക്ഷഹിന്ദുപ്പാര്‍ട്ടിയെ മാറ്റിനിര്‍ത്തുക എന്നത് മാത്രമാണ്. ഇത് സാധാരണ കേരളീയന്റെ ലക്ഷ്യമല്ല, മറിച്ച് അഞ്ച് വര്‍ഷങ്ങള്‍ ഇടവിട്ടിടവിട്ട് അധികാരം നുണയുന്ന ഇടതുവലതുമുന്നണികളുടെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്-സി പി എം നേതൃത്വങ്ങളുടേതുമാണ്. തങ്ങള്‍ രണ്ട് പങ്കുവയ്പ്പുകാര്‍ക്കിടയില്‍ മൂന്നാമതൊരുവന്‍ കൂടി വന്ന് അധികാരം കടിച്ചുവലിക്കേണ്ടെന്ന നിര്‍ബന്ധമാണ് 'കേരളീയന്റെ ഈ മതേതരചിന്ത'യുടെ പിന്നിലുള്ള പ്രധാന ഘടകം.
അടുത്തകാലം വരെ കേരളീയന്റെ മതേതര അജണ്ട സെറ്റ് ചെയ്തിരുന്ന സി പി എം ഈ വ്യാജ മതേതരചിന്തയെ ശക്തിപ്പെടുത്തിയപ്പോള്‍  മൃദു ഹിന്ദുഹിന്ദുവാദികളായ, ഭൂരിപക്ഷ ഹൈന്ദവതാല്‍പര്യക്കാരുടെ സംരക്ഷകരായ കോണ്‍ഗ്രസിന് ബി ജെ പി അടുത്തകാലം വരെ വോട്ടുവിലയ്‌ക്കെടുക്കാനുള്ള സംഘം മാത്രമായിരുന്നു. കേരളത്തില്‍ ബി ജെ പി നേരിട്ട് അക്കൗണ്ട് തുറക്കുന്നതിനെ ഇവര്‍ ഇരുകൂട്ടരുമാണ് ഭയപ്പെടുന്നത്. അല്ലാതെ കേരളത്തിലെ വോട്ടര്‍മാരല്ല എന്ന് സാരം. നിയമസഭയില്‍ ഒരു ബി ജെ പി എം എല്‍ എ ഇരുന്നാല്‍ കേരളീയന്റെ തലപൊട്ടിത്തെറിക്കുമെന്ന് ആരും കരുതുന്നില്ല.
കോണ്‍ഗ്രസിനും സി പി എമ്മിനുമുള്ള ജനപിന്തുണ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളത് ബി ജെ പിക്കാണ്. വോട്ടിംഗ് ശതമാനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ നിയമസഭയിലും അധികാരത്തിന്റെ മറ്റ് ഇടനാഴികളിലും ഇതുവരെ ഉയര്‍ന്നിട്ടില്ല. മറിച്ച് ബി ജെ പിയെക്കാള്‍ അപകടകരമായ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ഒന്നോ രണ്ടോ ജില്ലകളില്‍ മസില്‍ പെരുപ്പിക്കുന്നവരുമായ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് കക്ഷികള്‍ എക്കാലത്തും അധികാരത്തിനുള്ളില്‍ തന്നെയാണ്. അവര്‍ പണം കട്ടാലും പെണ്ണുപിടിച്ചാലും പാര്‍ട്ടി മാറിയാലും മുന്നണിയില്‍ നിന്ന് ചാടിയാലും എല്ലാവരും സഹിക്കും. വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കും, നിയമസഭയില്‍ എത്തിക്കും, മന്ത്രിസ്ഥാനത്തിരുത്തും.
നിക്ഷിപ്തതാല്‍പര്യക്കാരും സങ്കുചിത ചിന്താഗതിക്കാരുമായ ഒരു ഡസനിലേറെ രാഷ്ട്രീയ കക്ഷികളാണ് പറയത്തക്ക ജനപിന്തുണയൊന്നുമില്ലാതെ തന്നെ പതിറ്റാണ്ടുകളായി ഇടതുവലതുമുന്നണികളുടെ തണലില്‍ അധികാരം പങ്കിട്ട് പൊതുഖജനാവ് കട്ടുമുടിച്ച് ശക്തരും ധനികരുമായി മാറിയത്. കേരളാ കോണ്‍ഗ്രസ് ബിയ്ക്കും കേരളാ കോണ്‍ഗ്രസ് ജേക്കബിനും ആര്‍ എസ് പിക്കും ആര്‍ എസ് പി ബിയ്ക്കും എന്‍ സി പിക്കും കോണ്‍ഗ്രസ് എസിനും ജെ എസ് എസിനും സി എം പിക്കും ജനതാദള്‍ എസിനും സോഷ്യലിസ്റ്റ് ജനതയ്ക്കും ജെ എസ് എസിനും വരെ എം എല്‍ എമാരും മന്ത്രിമാരും ഉണ്ടാകാമെങ്കില്‍ ബി ജെ പിക്ക് എന്തുകൊണ്ട് നെയ്യാറ്റിന്‍കരയില്‍ നിന്ന് എം എല്‍ എ ഉണ്ടായിക്കൂടാ? ഒ രാജഗോപാലിന് കേരള നിയമസഭയില്‍ ഏറ്റവും പുറകിലെ സീറ്റിലെങ്കിലും ഇരുന്നുകൂടേ?
ഷിബു ജോസഫ്

No comments:

Post a Comment