Saturday, May 19, 2012

അമ്മയുടെ കുതിപ്പും ദീദിയുടെ കിതപ്പും

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഏറ്റിട്ട് ഒരു വര്‍ഷം. പ്രതിപക്ഷം കോട്ടങ്ങളുടെ പട്ടിക നിരത്തുമ്പോഴും നേട്ടങ്ങള്‍ ഏറെ പറയാനുണ്ട് യുഡിഎഫ് സര്‍ക്കാരിന്. ജനക്ഷേമ- വികസന പ്രവര്‍ത്തനങ്ങളുടെ അതിവേഗ നടത്തിപ്പ് സര്‍ക്കാര്‍ മുഖമുദ്രയെന്ന് അവകാശപ്പെടും യുഡിഎഫ് ക്യാംപ്. സര്‍ക്കാരിന്‍റെ ജനപിന്തുണയ്ക്കു തെളിവാണു പിറവം ഉപതെരഞ്ഞെടുപ്പു വിജയമെന്നും പറയുന്നു ഉമ്മന്‍ ചാണ്ടിയും കൂട്ടരും. ദിവസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുക സര്‍ക്കാരിന്‍റെ വിലയിരുത്തലാവും എന്നതില്‍ സംശയമില്ല മുഖ്യമന്ത്രിക്ക്. രാഷ്ട്രീയ ചക്രം തിരിയുന്നതു നെയ്യാറ്റിന്‍കര നോക്കിയാവുന്നു ഇപ്പോള്‍. അവിടുത്തെ ജനവിധി എങ്ങനെയെന്നു കാത്തിരിക്കുക. 

കഴിഞ്ഞ വര്‍ഷം മേയില്‍ കേരളത്തിനൊപ്പം മറ്റു നാലു സംസ്ഥാനങ്ങളില്‍ കൂടി തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭകള്‍ അധികാരമേറ്റിരുന്നല്ലോ. അസമില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതും കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടിയുണ്ടാക്കിയ എന്‍. രാമസ്വാമി പോണ്ടിച്ചേരിയില്‍ ഭരണം പിടിച്ചതും താരതമ്യേന ചെറിയ സംഭവങ്ങളായി മാറ്റിനിര്‍ത്തിയാല്‍ പിന്നെ വരുന്നതു തമിഴ്നാടും പശ്ചിമ ബംഗാളും. ദേശീയ രാഷ്ട്രീയം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളിലും. രണ്ടിടത്തും അധികാരം പിടിച്ചതു ശക്തരായ വനിതാ നേതാക്കള്‍. 
തമിഴ്നാട്ടില്‍ ജയലളിതയുടെയും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെയും ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുക രണ്ടു തരത്തില്‍. അമ്മ(ജയലളിത)യുടെ കട്ടൗട്ടുകളും പാര്‍ട്ടി പതാകകളും വഴിനീളെ നിരത്തിയും പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഭരണത്തിളക്കം ആഘോഷിക്കുമ്പോള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയൊന്നുമില്ല പശ്ചിമ ബംഗാളിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക്. ദീദിയുടെ ഒരു വര്‍ഷത്തെ ഭരണം ബംഗാളികളെ നിരാശപ്പെടുത്തിയെന്നു പറയേണ്ടിവരും. സമരരംഗത്തെ തീപ്പൊരി നേതാവ് റൈറ്റേഴ്സ് ബില്‍ഡിങ്ങിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ ആവേശമൊക്കെ കെടുത്തിക്കളഞ്ഞു. പരിചയ സമ്പന്നയായ മുഖ്യമന്ത്രിയും കന്നിക്കാരിയും തമ്മിലുള്ള അന്തരം പകല്‍പോലെ തെളിഞ്ഞുകാണുന്നു തമിഴ്നാട്ടിലും ബംഗാളിലുമായി.

മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് മുന്‍നിര്‍ത്തി ഇരുട്ടിന്‍റെ ഒരുവര്‍ഷം എന്നു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി വിശേഷിപ്പിക്കുമ്പോഴും തിളങ്ങിനില്‍ക്കുന്ന നിരവധി ജനക്ഷേമ പദ്ധതികള്‍ നിരത്താനുണ്ട് ജയലളിതയ്ക്ക്. ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ നൂറുവര്‍ഷത്തെ കുതിപ്പിനു പര്യാപ്തം എന്നു ഭരണകക്ഷിക്കാരുടെ അവകാശവാദം. വരും വര്‍ഷങ്ങളില്‍ പദ്ധതികളുടെ പുരോഗതിയെങ്ങനെ എന്ന് അറിയാനിരിക്കുന്നു എന്നതു സത്യം. പക്ഷേ, തുടക്കം ഒട്ടും മോശമല്ല എന്നുതന്നെയാണു വിലയിരുത്തലുകള്‍. മെഗാപദ്ധതി പ്രഖ്യാപനങ്ങളുടെ വര്‍ഷം എന്നു പറയാം ഒറ്റവാക്കില്‍ ഇതിനെ. 

ബസ് ചാര്‍ജ് വര്‍ധന, പാല്‍- പാചകവാതക വിലക്കയറ്റം എന്നിവ സാധാരണക്കാരുടെ ദുരിതം കൂട്ടിയെന്നു പറയും പ്രതിപക്ഷം. പക്ഷേ, അതെല്ലാം അനിവാര്യം എന്നു മുഖ്യമന്ത്രി. ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം 20 കിലോ സൗജന്യ അരി, പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായമായി നാലു ഗ്രാം സ്വര്‍ണവും പണവും, 16 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായി മിക്സികളും ഗ്രൈന്‍ഡറുകളും ഫാനുകളും, കറവപ്പശുക്കളുടെയും ആടുകളുടെയും വിതരണം, വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് കംപ്യൂട്ടര്‍ വിതരണം, സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കു സാമ്പത്തിക സഹായ വര്‍ധന തുടങ്ങി ജനങ്ങളെ കൈയിലെടുക്കുന്ന ക്ഷേമപദ്ധതികള്‍ നിരവധിയുണ്ട് ജയയുടെ വക. 
ദാരിദ്ര്യത്തില്‍ നിന്നു പൂര്‍ണമോചനം ലക്ഷ്യമിടുന്ന വിഷന്‍ തമിഴ്നാട് 2023 ഏറെ വാര്‍ത്താപ്രാധാന്യം നേടി. അടിസ്ഥാന സൗകര്യ വികസനത്തിന് 15 ലക്ഷം കോടി രൂപ മുതല്‍മുടക്കുന്ന പദ്ധതി വഴി 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണു മുഖ്യമന്ത്രി അവകാശപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമായി ഇതോടെ തമിഴ്നാട് മാറുമത്രേ. വിദ്യാര്‍ഥിക്ഷേമം, വ്യവസായ വികസനം, ഭവന നിര്‍മാണം, പൊതുമരാമത്ത്, ടൂറിസം, കാര്‍ഷിക വികസനം തുടങ്ങി സര്‍വ മേഖലകളിലും മുന്നേറ്റത്തിന്‍റെ കണക്കുകള്‍ നിരത്താനുണ്ട് സര്‍ക്കാരിന്. വിവിധ മേഖലകള്‍ പ്രവര്‍ത്തനരംഗത്തു സജീവമെന്നു തോന്നിപ്പിക്കും വിധം പ്രവര്‍ത്തിക്കാനാവുന്നു എന്നു സാരം. കൂടംകുളം ആണവ നിലയ പ്രശ്നവും ലങ്കന്‍ തമിഴരുടെ പ്രശ്നങ്ങളും ഉയര്‍ത്തിയ വിവാദങ്ങളില്‍ തളര്‍ന്നില്ല സര്‍ക്കാര്‍ എന്നതും ശ്രദ്ധേയം. 

ജനക്ഷേമ പദ്ധതികളില്‍ മുഴുകിയിരിക്കുന്ന മുഖ്യമന്ത്രി എന്ന ഇമെജ് വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു ജയലളിതയെങ്കില്‍ പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളിലാണു മമതയുടെ ശ്രദ്ധ. 34 വര്‍ഷത്തെ ഇടതുഭരണം പാപ്പരാക്കിയ ഖജനാവ് നിറയ്ക്കാന്‍ മാര്‍ഗമില്ലെന്നു വിലപിക്കുന്നു മുഖ്യമന്ത്രി. കേന്ദ്ര സഹായത്തിനു കാത്തുകാത്തിരിക്കുകയാണവര്‍. കേന്ദ്രമാവട്ടെ ഇനിയും വഴങ്ങിയിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര സഹായം ലഭിച്ചില്ലെങ്കില്‍ യുപിഎ സ്ഥാനാര്‍ഥിയെ തുണയ്ക്കില്ലെന്നു വരെ ഭീഷണിപ്പെടുത്തിക്കഴിഞ്ഞു മമതയെന്നു റിപ്പോര്‍ട്ടുകള്‍. 

ഇടതുപക്ഷം എതിര്‍ക്കുന്ന സാമ്പത്തിക നയങ്ങളെ അതേപോലെ എതിര്‍ക്കുന്നുണ്ട് മമത. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ഇന്ധന വില വര്‍ധന, പെന്‍ഷന്‍ ബില്‍ തുടങ്ങിയവയിലെ എതിര്‍പ്പ് ഉദാഹരണം. തന്‍റെ നിലപാടു മൂലം മന്‍മോഹന്‍ സര്‍ക്കാര്‍ ഇവയില്‍ നിന്നു പിന്മാറുമ്പോള്‍ ഇടതുപക്ഷത്തിനു വീണ്ടും വേരുപിടിക്കാനുള്ള സാധ്യതകള്‍ നുള്ളിക്കളയുന്നു എന്നത്രേ ദീദിയുടെ ചിന്ത. എതിര്‍ക്കാന്‍ താനുള്ളപ്പോള്‍ എന്തിന് ഇടതുപക്ഷം? 
എന്നാല്‍, കേന്ദ്ര സര്‍ക്കാരിനു നിരന്തരം ഭീഷണി ഉയര്‍ത്തുന്ന മുഖ്യമന്ത്രി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു പ്രധാന തടസം എന്നു തിരിച്ചറിയുന്നു വ്യവസായികള്‍. മമതയെ വിശ്വസിക്കാന്‍ തയാറല്ലാത്തതിനാല്‍ അവര്‍ വരുന്നതേയില്ല ബംഗാളിലേക്ക്. വ്യവസായ വികസനം എന്ന ജനപ്രതീക്ഷ അതോടെ തകര്‍ന്നു വീഴുന്നു. തടസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏകാധിപതി എന്ന മട്ടിലായിട്ടുണ്ട് മമതയുടെ വിശേഷണങ്ങള്‍. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഏറെ വര്‍ഷക്കാലം കഠിനാധ്വാനം ചെയ്ത മമതയുടെ ദൃഢനിശ്ചയം ഭരണത്തില്‍ കാണാനേയില്ല. ഒന്നടങ്കം വോട്ടുചെയ്ത ബംഗാളികളെ ഇതു നിരാശപ്പെടുത്തുന്നു. 

ഗൂര്‍ഖാലാന്‍ഡിനു കൂടുതല്‍ സ്വയംഭരണം അനുവദിച്ച കരാറാണ് ഒരു വര്‍ഷത്തിനിടെ പ്രധാന നേട്ടമായി മമതയ്ക്കു ചൂണ്ടിക്കാട്ടാനുള്ളത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കു തടയിട്ടെന്നും പറയും സര്‍ക്കാര്‍. ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ ലിസ്റ്റില്‍ ബരാക് ഒബാമയ്ക്കും ഹിലരി ക്ലിന്‍റണുമൊക്കെയൊപ്പം മമതയുടെ പേരുമിട്ടു ടൈം മാഗസിന്‍. ദശകങ്ങള്‍ ഇളകാതെ നിന്ന ഇടതുകോട്ട തകര്‍ത്തു തരിപ്പണമാക്കിയ രാഷ്ട്രീയ ശക്തിക്കാണ് ഈ ബഹുമതി. അമെരിക്കന്‍ വ്യവസായ താത്പര്യങ്ങളുമായി ഹിലരി ക്ലിന്‍റണ്‍ അടുത്തിടെ കോല്‍ക്കത്തയിലെത്തി മമതയെ കാണുകയും ചെയ്തു. പക്ഷേ, അതുകൊണ്ടു ജനത്തിനെന്തു പ്രയോജനം. സര്‍ക്കാര്‍ ലൈബ്രറികളില്‍നിന്ന് ഇഷ്ടമില്ലാത്ത പത്രങ്ങളെ പുറംതള്ളിയും തന്‍റെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച പ്രൊഫസറെ അറസ്റ്റു ചെയ്തുമെല്ലാം വേണ്ടത്ര വിവാദങ്ങളുണ്ടാക്കി ബംഗാള്‍ മുഖ്യമന്ത്രി. 

രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ വായ്പാബാധ്യതയുമായാണ് ഇടതുപക്ഷം അധികാരമൊഴിഞ്ഞത്. ദയനീയമായ ഈ അവസ്ഥയില്‍ നിന്ന് സംസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരു വര്‍ഷം പോരെന്നു പറയുന്നു മമത. വരും വര്‍ഷങ്ങളില്‍ എന്ത് അത്ഭുതമാണു ബംഗാളില്‍ കാണുകയെന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. 

No comments:

Post a Comment