| സി.പി.എമ്മില്‍ പൊട്ടിത്തെറിക്കു വഴിമരുന്നിട്ടുകൊണ്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗംകൂടിയായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തെ 1964 ലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍പ്പിനോട് ഉപമിച്ചത്. അന്നു പിളര്‍പ്പിനു വഴിവച്ച വലതുപക്ഷക്കാരനായ പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ. ഡാങ്കെ പിന്നീട് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ കറിവേപ്പിലയായ കാര്യവും വി.എസ്. ഓര്‍മിപ്പിച്ചു. മുള്ളും മുനയും ഒട്ടേറെ സൂചനകളുമുള്ള ആ പരാമര്‍ശം 1964-ലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ചും ഡാങ്കെയുടെ നിലപാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പില്‍ക്കാല രാഷ്‌ട്രീയദുരന്തത്തെക്കുറിച്ചും കൗതുകമുണര്‍ത്തുകതന്നെ ചെയ്യും. എന്തായിരുന്നു 1964 ലെ പിളര്‍പ്പിനു കാരണം? എങ്ങനെയായിരുന്നു ഡാങ്കെയ്‌ക്കുണ്ടായ തിരിച്ചടി? 1964 ഒകേ്‌ടാബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇടയിലാണ് സി.പി.ഐയില്‍ പിളര്‍പ്പുണ്ടായി സി.പി.എം. രൂപീകൃതമാകുന്നത്. അതിനും എത്രയോ മുമ്പുതന്നെ പിളര്‍പ്പിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടിരുന്നു. 1956 ഏപ്രില്‍ 19 മുതല്‍ 29 വരെ പാലക്കാട്ട് നടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണ് വിഭാഗീയത പ്രത്യക്ഷമായിത്തുടങ്ങിയത്. 1961-ല്‍ കാട്ടാമ്പള്ളിയില്‍ നടന്ന സംസ്‌ഥാനസമ്മേളനത്തിലും വിഭാഗീയത രൂക്ഷമായിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഈ ആശയസമരത്തെ രൂക്ഷമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചു. അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ഈ പ്രശ്‌നത്തെ രണ്ടു തരത്തിലാണു സമീപിച്ചിരുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് ആയുധം ശേഖരിച്ചു കൊണ്ടാണെങ്കിലും ചൈനയെ എതിരിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, അതിര്‍ത്തിത്തര്‍ക്കങ്ങള്‍ സമാധാനപരമായി ഉഭയകക്ഷിചര്‍ച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത് എന്നു മറുവിഭാഗം നിലപാട് എടുത്തു. 1961 ഏപ്രില്‍ ഏഴു മുതല്‍ 16 വരെ വിജയവാഡയില്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കുവരെ എത്തി. ഏകീകരിച്ച ഒരു രാഷ്‌ട്രീയ പ്രമേയം പോലും അംഗീകരിക്കാന്‍ ആ പാര്‍ട്ടി കോണ്‍ഗ്രസില്‍ സാധിച്ചിരുന്നില്ല. ഇരുനേതൃത്വവും പിളര്‍പ്പ് ഒഴിവാക്കിയെങ്കിലും പാര്‍ട്ടിയുടെ ഐക്യം തുടര്‍ന്നു ശക്‌തിപ്പെടുത്താന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അജയ്‌ഘോഷിനു സാധിച്ചില്ല. 1962-ല്‍ അജയ്‌ഘോഷിന്റെ മരണത്തോടെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി. അടുത്ത ജനറല്‍ സെക്രട്ടറി ആരായിരിക്കണമെന്ന കാര്യത്തില്‍ സഖാക്കള്‍ക്കു യോജിക്കാന്‍ കഴിഞ്ഞില്ല. ഒത്തുതീര്‍പ്പുപ്രകാരം പൊളിറ്റ്‌ബ്യൂറോ അംഗവും ഉറച്ച കോണ്‍ഗ്രസ് പക്ഷപാതിയുമായിരുന്ന എസ്.എ. ഡാങ്കെ പാര്‍ട്ടിയുടെ ചെയര്‍മാനായും മറ്റൊരു പൊളിറ്റ്‌ബ്യൂറോ അംഗമായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനറല്‍സെക്രട്ടറിയുമായി ചുമതലയേറ്റു. ഇ.എം.എസ്. ഇടതും ഡാങ്കെ വലതും വിഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു. ഈ സംയുക്‌ത നേതൃത്വത്തിനു തുടരാന്‍ കഴിയാത്തവിധം തര്‍ക്കങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. പുതിയ സംവിധാനത്തില്‍ സി.പി.ഐയുടെ മുഖപത്രമായ ന്യൂ ഏജിന്റെ ചുമതല ഇ.എം.എസിനായിരുന്നു. ഇ.എം.എസ്. എഴുതിയ മുഖപ്രസംഗത്തില്‍ ചൈനീസ്‌ചാരന്മാരെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തിട്ടുള്ളവരെ മോചിപ്പിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാരിക അച്ചടിക്കുന്നതിനുമുമ്പ് ഇ.എം.എസിന്റെ മുഖപ്രസംഗം ചെയര്‍മാന്‍ എന്ന നിലയില്‍ ഡാങ്കെയുടെ പരിശോധനയ്‌ക്കു വന്നു. ഇ.എം.എസിനോടു ചോദിക്കുകപോലും ചെയ്യാതെ സഖാക്കളെ ജയില്‍ വിമുക്‌തരാക്കണമെന്ന ഭാഗമെല്ലാം വെട്ടിത്തിരുത്തിയാണു പ്രസിലേക്കയച്ചത്. ഇ.എം.എസ്. രോഷാകുലനായി. ജനറല്‍ സെക്രട്ടറിസ്‌ഥാനം രാജിവച്ചു. ഡാങ്കെയുടെ അവിഹിതമായ ഈ നടപടി പാര്‍ട്ടി പിളര്‍പ്പിലേക്കുള്ള ആദ്യചുവടുവയ്‌പായി. 1964 ഏപ്രില്‍ 11ന് നടന്ന അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് 31 നേതാക്കള്‍ ഇറങ്ങിപ്പോക്കു നടത്തി. ഇറങ്ങിപ്പോയ നേതാക്കള്‍ ആന്ധ്രാപ്രദേശിലെ തെനാലിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചു കൂട്ടുകയും പാര്‍ട്ടിയുടെ ഏഴാം കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തു. 1964 ഒകേ്‌ടാബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു. അതേസമയം ബോംബെയില്‍ ഡാങ്കെയുടെ വിഭാഗം പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുകൂട്ടുകയും ചെയ്‌തു. അതോടെ അവിഭക്‌ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമായി. തന്റെ വലതുപക്ഷ തത്ത്വശാസ്‌ത്രവുമായി സി.പി.ഐയില്‍ അധീശത്വം പുലര്‍ത്താന്‍ ഡാങ്കെയ്‌ക്കു കഴിഞ്ഞില്ല. അടിയന്തരാവസ്‌ഥയെയും ഇന്ദിരാഗാന്ധിയുടെ നയങ്ങളെയും പിന്തുണച്ച ഡാങ്കെയെ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ തള്ളിപ്പറഞ്ഞു. വി.എസ്. മുള്ളുവച്ചു പറഞ്ഞപോലെ പില്‍ക്കാലത്ത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ കറിവേപ്പിലയായിരുന്നു ആ പഴയ പാര്‍ട്ടി ചെയര്‍മാന്‍. മംഗളം റിസര്‍ച്ച് ഡെസ്‌ക് |
Sunday, May 13, 2012
ഡാങ്കേ മുതല്‍ ... വരെ വി.എസ്. പറയുന്നതെന്തെന്നാല്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment