Monday, May 14, 2012

ഉത്സവപ്പറമ്പുകള്‍ കൊലക്കളങ്ങളാക്കരുത്



ആനക്കലിക്ക് ഒരു രക്തസാക്ഷി കൂടി. കോമ്പാറ സ്വദേശി വിക്രമന്‍റെ മകന്‍ ഒന്നര വയസുള്ള യദുകൃഷ്ണന്‍ എന്ന പിഞ്ചുകുഞ്ഞാണ് ഇന്നലെ മരിച്ചത്. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിനെത്തിയതായിരുന്നു യദു. ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ തിരക്കില്‍ അമ്മയുടെ കൈയില്‍ നിന്നു നിലത്തുവീണു പരുക്കേറ്റതാണു മരണകാരണം. ആനക്കലി ഉണ്ടാക്കിയ തിക്കിലും തിരക്കിലും അന്‍പതില്‍പ്പരം പേര്‍ക്കു പരുക്കുണ്ട്. പലരുടെയും നില ഗുരുതരം. ഇന്നലെ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. പൂരപ്പറമ്പിലടക്കം തൃശൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ ഏഴു മാസത്തിനിടെ പലവട്ടം ആനകള്‍ ഇടഞ്ഞിട്ടുണ്ട്. പത്തു പാപ്പാന്മാരും രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ആനക്കലിയേറ്റു മരിച്ചവരില്‍പ്പെടും. മിക്ക അപകടങ്ങളും ഉണ്ടായത് ഉത്സവപ്പറമ്പിലോ, മറ്റ് ആഘോഷവേളകളിലോ ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആനപ്രേമികളുള്ള നാടാണ് കേരളം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ആനകളടക്കമുള്ള വന്യജീവികളെ വളര്‍ത്തുന്നുണ്ടെങ്കിലും കേരളത്തിലെപ്പോലെ നാട്ടില്‍ ആനക്കൂട്ടമുള്ള പ്രദേശം നന്നേ കുറയും. എഴുനൂറ്റന്‍പതില്‍പ്പരം നാട്ടാനകള്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ഇവയില്‍ പകുതിയും ബിഹാറും അസമും അടക്കം അന്യനാടുകളില്‍ നിന്നു കൊണ്ടു വന്നവ. വളരെയധികം അനുസരണയും മനുഷ്യനോട് ഏറ്റവും ഇണക്കവുമുള്ള വന്യജീവിയാണ് ആന. അതേസമയം, നാട്ടില്‍ ഇത്രയേറെ അക്രമഭീഷണിയുള്ള വേറേ വന്യജീവികളുമില്ല. ചന്ദനക്കുടം പോലുള്ള എഴുന്നള്ളിപ്പിന് ഉപയോഗിക്കാറുണ്ടെങ്കിലും ആനയെഴുന്നള്ളിപ്പ് കൂടുതലും ഹൈന്ദവ ആരാധനാലയങ്ങളിലാണ്. ഒരു ആനയ്ക്ക് ഒരു ദിവസത്തെ ഫീസ് 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ. കടത്തുകൂലി, പാപ്പാന്‍റെ ബാറ്റ, മറ്റു ചെലവുകള്‍ എന്നിവ പുറമേ. എത്ര ഉയര്‍ന്ന നിരക്കായാലും തലയെടുപ്പുള്ള ആനയെ എഴുന്നള്ളപ്പിനെത്തിക്കാന്‍ ഉത്സവക്കമ്മിറ്റിക്ക് ഉത്സാഹം കൂടും.

ക്ഷേത്രാചാരങ്ങളോ ആരാധനയോ ആയി ബന്ധപ്പെട്ട് ആന നിര്‍ബന്ധമെന്നു വേദങ്ങളിലും പുരാണങ്ങളിലുമൊന്നും പറയുന്നില്ല. ആരാധനാലയങ്ങളില്‍ ആനയെഴുന്നള്ളിപ്പിനു കര്‍ശനമായ നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ടുതാനും. ആനയെഴുന്നള്ളിപ്പിന് കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് ജില്ലാ കലക്റ്ററുടെ അനുമതി തേടിയിരിക്കണമെന്നു വ്യവസ്ഥ. എഴുന്നള്ളിപ്പിനും ആള്‍ക്കൂട്ടത്തില്‍ ഇടപഴകുന്നതിനും ശേഷിയുള്ളതാണ് എഴുന്നള്ളിപ്പിനു കൊണ്ടുവരുന്ന ഓരോ ആനയുമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. 1972ലെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 40 മുതല്‍ 49 വരെയുള്ള ചട്ടങ്ങള്‍ക്കു വിധേയമായിട്ടാണ് ആന എഴുന്നള്ളിപ്പും മറ്റ് ആഘോഷങ്ങളും നടത്തേണ്ടത്. 1962 ലെ വന്യമൃഗ സംരക്ഷണ നിയമവും ബാധകം. തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ മാത്രമേ ആനയെ എഴുന്നള്ളിപ്പിക്കാവൂ. അഞ്ചു മണിക്കൂര്‍ കഴിഞ്ഞാല്‍ 12 മണിക്കൂര്‍ വിശ്രമം അനിവാര്യം. രണ്ടു സ്ഥലങ്ങളിലെ വ്യത്യസ്ത എഴുന്നള്ളിപ്പിന്‍റെ ഇടവേളയിലും ആനയ്ക്ക് അഞ്ചു മണിക്കൂര്‍ വിശ്രമം നിര്‍ബന്ധം. ആവശ്യത്തിനു ഭക്ഷണം, വെള്ളം, ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടെങ്കില്‍ മരുന്ന്, ഇതൊന്നും മുടങ്ങാന്‍ പാടില്ലെന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട് ഗജപരിപാലനച്ചട്ടങ്ങളില്‍. പക്ഷേ, ഇതൊന്നും ആരും മുഖവിലയ്ക്കെടുക്കുന്നതേയില്ല. 

ഒരു വര്‍ഷം നൂറ് എഴുന്നള്ളിപ്പ് വരെ നടത്തുന്ന ആനകളുണ്ട്. തലയെടുപ്പുള്ള വമ്പന്‍ കൊമ്പന്മാര്‍ക്ക് പ്രിയം കൂടും. അവയുടെ പ്രതിദിന പാട്ടത്തുക ലക്ഷത്തോടടുക്കുമ്പോള്‍, നിയമം പാലിക്കാനല്ല, ലംഘിക്കാന്‍ തന്നെയാകും വ്യഗ്രത. നവംബര്‍ പകുതി മുതല്‍ മേയ് പകുതി വരെയാണു ക്ഷേത്രങ്ങളില്‍ ഉത്സവകാലം. ഏറ്റവും ചൂടേറിയ ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളാകുമ്പോഴേക്കും തിരക്ക് വളരെയേറും. ഈ ദിവസങ്ങളില്‍ ഒരു ദിവസം പോലും വിശ്രമില്ലാതെ തിടമ്പേന്തിയും വെയില്‍ച്ചൂടും ആലക്തിക ദീപച്ചൂടും തീവെട്ടിച്ചൂടും മറ്റുമേറ്റ് ആനകള്‍ വശംകെടും. ആനയ്ക്കൊപ്പം അത്യധ്വാനം ചെയ്യുന്ന പാപ്പാന്‍റെ പീഡനവും അച്ചടക്കമില്ലാത്ത ജനക്കൂട്ടത്തിന്‍റെ ഉപദ്രവവും മറ്റും കൂടിയാകുമ്പോള്‍ എത്ര ശാന്തശീലനായ ആനയും നിയന്ത്രണം വിട്ടുപോകും. ആനവാല്‍പ്പിടിത്തം, ആനച്ചങ്ങല ഞാലല്‍ തുടങ്ങിയ പ്രാകൃത പീഡനാചാരങ്ങളും മറ്റുമാകുന്നതോടെ ഉത്സവപ്പറമ്പുകള്‍ കൊലക്കളമാകും. 

വന്യമൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ തയാറാക്കിയിട്ടുള്ള മുഴുവന്‍ നിമങ്ങളും കര്‍ശനമാക്കുക, അതു പാലിക്കുന്ന യഥാര്‍ഥ ഉടമകള്‍ക്കു മാത്രം ആനവളര്‍ത്തലിന് അനുമതി നല്‍കുക, ആനകള്‍ക്കു യോജിച്ച പരിചരണം നല്കുക, പാപ്പാന്മാര്‍ക്കും ഉടമകള്‍ക്കും വേണ്ടത്ര പരിശീലനം നല്‍കുക, തുടങ്ങിയവയിലൂടെ മാത്രമേ ആനക്കലിക്കു ശമനമുണ്ടാകൂ. ഉത്സവപ്പറമ്പുകളില്‍ ആനയും ജനങ്ങളും തമ്മില്‍ നിശ്ചിത അകലം സൂക്ഷിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ ആളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടത്ര രക്ഷാവാതിലുകള്‍ സജ്ജമാക്കുക തുടങ്ങിയവയും നിര്‍ബന്ധമാക്കണം. അല്ലാത്തിടത്തോളം ഉത്സവപ്പറമ്പുകള്‍ കൊലക്കളങ്ങളായിത്തന്നെ തുടരും.

No comments:

Post a Comment