സാധാരണ മലയാളിയുടെ എനര്‍ജി ഡ്രിങ്കാണു ചായയും കാപ്പിയും. മലയാളിയുടെ മാത്രമല്ല, ഒട്ടെല്ലാ മാലോകരുടെയും ഊര്‍ജ പാനീയങ്ങളാണിവ. ചായ അല്ലെങ്കില്‍ കാപ്പി അതാണു മിക്ക രാജ്യങ്ങളിലും നട്ടുനടപ്പ്. എന്നാല്‍, മലയാളിക്കു രണ്ടും ഒരേപോലെ പഥ്യം.
അതിനിപ്പോഴെന്താ പ്രശ്നമെന്ന് ആരെങ്കിലും ചോദിച്ചാല്‍, പ്രശ്നം ഉണ്ടെന്നു തന്നെ മറുപടി. ആരെടാ വലിയവന്‍, അതാണിപ്പോഴത്തെ പ്രശ്നം.
ചായ ദേശീയ പാനീയമാക്കണമെന്ന തേയില വ്യാപാരികളുടെ ആവശ്യത്തിനു പിന്നാലെ കാപ്പിക്കു വേണ്ടി ആ മേഖലയും രംഗത്തെത്തിയതോടെ വിവാദം ചൂടു പിടിക്കുകയാണ്. ചായയും കാപ്പിയും തമ്മില്‍ നടക്കുന്ന കിടമത്സരത്തില്‍ ചായ ഒരുമുഴം മുന്നിലെത്തിയെന്നാണു സൂചന. 2013 ഏപ്രിലില്‍ ചായയെ ദേശീയ പാനീയമായി പ്രഖ്യാപിക്കുമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ കഴിഞ്ഞ മാസം ഒരു യോഗത്തില്‍ പ്രഖ്യാപിച്ചതോടെയാണു ചായ-കാപ്പി മത്സരത്തിനു കൊടി ഉയര്‍ന്നത്. അസമിലെ ആദ്യ തേയില കര്‍ഷകനും ഒന്നാം സ്വാതന്ത്ര്യസമര നേതാവുമായിരുന്ന മണിറാം ദിവാന്‍റെ 212 ാം ജന്മദിത്തോടനുബന്ധിച്ചാവും പ്രഖ്യാപനമെന്ന് അസം ടീ പ്ലാന്‍റേഷന്‍ അസോസിയേഷന്‍റെ പ്ളാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ അലുവാലിയ അറിയിച്ചിരുന്നു. സമ്മേളനവേദിയെ പ്രകമ്പനം കൊള്ളിച്ച കരഘോഷങ്ങളോടെയാണു തേയില വ്യാപാരികള്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ചായയ്ക്കു കല്‍പ്പിച്ചുകിട്ടുന്ന ദേശീയ പാനീയപ്പട്ട പ്രഖ്യാപനം വലിയ ആഘോഷമാക്കാനുള്ള ഒരുക്കങ്ങളും വ്യാപാരികള്‍ തുടങ്ങി.
വിഷയം ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയായി. വിഷയം രാജ്യസഭയില്‍ വരെ എത്തി. അലുവാലിയയുടെ വാഗ്ദാനത്തിനു പിന്നാലെ വാണിജ്യ വ്യവസായ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രസ്താവന ദേശീയ പാനീയ ചര്‍ച്ച കൂടുതല്‍ സജീവമാക്കി. ചായ ദേശീയ പാനീയമായി പ്രഖ്യാപിക്കാനുള്ള തീരുമാനം 2006 ല്‍ കൈക്കൊണ്ടതാണ്. എന്നാല്‍, ചില സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
കാപ്പിയും മത്സര പ്രാധാന്യമുള്ള പാനീയമാണെന്നും അതിന് അതിന്‍റേതായ വിപണി മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മറ്റൊന്നിന്‍റെ ചെലവില്‍ ദേശീയ പാനീയമാകാനാണു സാധ്യതയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ഈ പ്രസ്താവന തേയില വ്യാപാരികളെ ചൊടിപ്പിച്ചു. കാപ്പിയുടെ ചെലവില്‍ ചായയ്ക്ക് ആളാവണ്ടെന്നാണു തേയില വ്യാപാരികളുടെ പ്രതികരണം. കാപ്പി ഉള്‍പ്പെടെയുളള മറ്റു പാനീയങ്ങള്‍ക്ക് അവരുടേതായ വിപണി വിഹിതമുണ്ടെന്നും നോര്‍ത്ത് ഈസ്റ്റ് ടീ അസോസിയേഷന്‍ ചെയര്‍മാന്‍ വൈദ്യാനന്ദ് ബര്‍ക്കത്തോയി പറയുന്നു.
രാജ്യത്തു ദേശീയ മൃഗം, പക്ഷി, ജലജീവി, വൃക്ഷം എന്നു വേണ്ട ഒരോ വിഭാഗത്തില്‍ നിന്നും ഒന്നുവീതം പ്രത്യേക പ്രാധാന്യം നല്‍കി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ പഴമായി പ്രഖ്യാപിച്ചിരിക്കുന്നതു മാമ്പഴത്തെയാണ്. ഇത് ആപ്പിളിന്‍റെയോ മറ്റേതെങ്കിലും പഴത്തിന്‍റെയോ ചെലവിലാണോ? തേയില വ്യാപാരികളുടെ ഈ ചോദ്യത്തില്‍ ന്യായമില്ലേയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ 83 ശതമാനം വീടുകളിലും ചായയാണു മുഖ്യ പാനീയം. മറ്റൊരു പാനീയത്തിനും ഇത്രയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. തേയിലയുടെ വാര്‍ഷികോത്പാദനം 9.8 കോടി കിലോഗ്രാമാണെങ്കില്‍ കാപ്പിയുടേത് 3.02 കോടി കിലോഗ്രാം മാത്രമാണ്. ചായയുടെ വാര്‍ഷിക ഉപഭോഗം 8.15 കോടി കിലോഗ്രാമും കാപ്പിയുടേത് 1.08 കോടി കിലോഗ്രാമും മാത്രം. ചായയുടെ ആളോഹരി ഉപഭോഗം 730 ഗ്രാമാണെങ്കില്‍ കാപ്പിയുടേത് 75 ഗ്രാം മാത്രമാണെന്നും ടീ അസോസിയേഷന്‍ ചെയര്‍മാന്‍ ബര്‍ക്കത്തോയി . ഇങ്ങനെയുള്ളപ്പോള്‍ ചായയ്ക്കു തന്നെയല്ലേ ദേശീയ പാനീയ പദവി നല്‍കേണ്ടത്? അത് അംഗീകരിച്ചു കിട്ടാന്‍ മറ്റാരുടെയെങ്കിലും ഔദാര്യത്തിനു കാത്തു നില്‍ക്കേണ്ട കാര്യമില്ലെന്നാണു വ്യാപാരികളുടെ നിലപാട്. വ്യാപാരികള്‍ എന്തു പറഞ്ഞാലും സംഗതി നടക്കണമെങ്കില്‍ കേന്ദ്രം കനിയണം.
ബിവ്റെജസ് ഡൗട്ട്
ചായയും കാപ്പിയുമൊന്നുമല്ല, യഥാര്‍ഥ ദേശീയ പാനീയമെന്ന വാദവുമായി കേരളത്തിലെ ബിവ്റെജസ് കോര്‍പ്പറേഷനു രംഗത്തു വരാവുന്നതാണ്. പണ്ടു നാടുവാണിരുന്ന നാടന്‍ ചാരായവും കൊട്ടുവടിയുമൊക്കെ ഇപ്പോള്‍, നാടുനീങ്ങിയെന്നാണ് എക്സൈസ് വകുപ്പിന്‍റെ നിലപാട്. (അഥവാ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് എക്സൈസ് ഏമാന്മാരുടെ അനുവാദത്തോടെ വാറ്റി വിതരണം ചെയ്യപ്പെടുന്നതാകും). ഒന്നോ രണ്ടോ അകത്താക്കിയാല്‍, കൂടം കൊണ്ടു തലയ്ക്ക് അടിയേറ്റ ആളുടെ അവസ്ഥയിലാകുന്ന ദേശീയ പാനീയത്തിന്‍റെ വിതരണക്കുത്തക ബിവ്റെജസ് കോര്‍പ്പറേഷനു തന്നെയാണല്ലോ.
ഇപ്പോള്‍, അരങ്ങു വാഴുന്നതു മധുരയും ജവാനും ജോഹറുമൊക്കെയെന്ന കാര്യത്തില്‍ കോര്‍പ്പറേഷനു സംശയമേയില്ല. ഒപി-ഒസി ആറുകളും മുന്‍പന്തിയില്‍ത്തന്നെയുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിനെയങ്ങു ദേശീയ പാനീയമാക്കിയാല്‍ പോരേയെന്നു ബിവ്റെജസ് ക്യൂവില്‍ നിന്നു കാല്‍കുഴഞ്ഞ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, അത്രയ്ക്കുണ്ട് അവയുടെ ജനപ്രീതി!
No comments:
Post a Comment