Friday, May 18, 2012

ദിനോസര്‍ വില്‍പ്പനയ്ക്ക്

നൂറ്റാണ്ടുകളോളം ഗോബി മരുഭൂമിയില്‍ മണ്ണിനടിയിലായിരുന്നു. എല്ലുകള്‍ പൊട്ടിച്ചിതറി. തലയോട്ടി പലതായി മുറിഞ്ഞു. പണ്ടെപ്പഴോ ഭൂമിയിലുണ്ടായിരുന്നു എന്നതിനു തെളിവായി ഒരു ബ്രിട്ടിഷുകാരനു കിട്ടി. മുറിഞ്ഞതും ഒടിഞ്ഞതുമൊക്കെ കൂട്ടിച്ചേര്‍ത്ത് ദിനോസറിന്‍റെ രൂപത്തിലാക്കിയപ്പോള്‍ അസ്ഥികള്‍ക്കു വില ആറരക്കോടി. ട്രൈനോസര്‍ വിഭാഗത്തില്‍പ്പെടുന്ന പുരാതന ജീവിയുടെ അവശിഷ്ടം ലേലത്തിനു വയ്ക്കുന്നത് ന്യൂയോര്‍ക്ക് ഓക്ഷന്‍സ്.

എണ്‍പതു മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ട്രൈനോസര്‍ ബതാര്‍ ഭൂമിയിലുണ്ടായിരുന്നത്. മംഗോളിയയില്‍ നിന്നാണ് ഒരു ഗവേഷകന് ഏറ്റവുമൊടുവില്‍ അക്കൂട്ടത്തിലൊന്നിന്‍റെ എല്ലിന്‍ കഷണങ്ങള്‍ കിട്ടിയത്. ഇരുപത്തിനാലടി നീളവും എട്ടടി ഉയരവുമുള്ള ട്രൈനോസറാണിതെന്ന് എല്ലുകള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് തിരിച്ചറിഞ്ഞത്. പൊട്ടിച്ചിതറിയ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പണം തികയാതെ വന്നപ്പോള്‍ അമെരിക്കയിലുള്ള ഒരു സുഹൃത്തില്‍ നിന്നു കടം വാങ്ങി. 

പൊള്ളയായ വലിയ എല്ലുകളുള്ള ട്രൈനോസറുകള്‍ വേഗതയുള്ളവയായിരുന്നു. ഡോര്‍സെറ്റുകാരനായ ഗവേഷകന് എല്ലിന്‍ കഷണം കിട്ടിയപ്പോള്‍ത്തന്നെ ഇത് ട്രൈനോസറിന്‍റേതാണെന്നു തിരിച്ചറിഞ്ഞു. പത്തു വര്‍ഷം മുന്‍പാണ് അവശിഷ്ടം കിട്ടിയതെന്നു പറയുന്നു ന്യൂയോര്‍ക്കിലെ ഹെരിറ്റേജ് ഓക്ഷന്‍സിലെ ഡേവിഡ് ഹെഴ്സ്കോവിറ്റ്സ്. കൂട്ടിയോജിപ്പിക്കാന്‍ ഒരു ലക്ഷം പൗണ്ട് ചെലവു വരുമെന്നു മനസിലായപ്പോള്‍ അയാള്‍ അമെരിക്കക്കാരനെ കൂട്ടുപിടിച്ചു. ട്രൈനോസറിന്‍റെ ബാക്കി കൂട്ടിച്ചേര്‍ക്കലുകള്‍ അമെരിക്കയില്‍ വച്ചാകാം എന്നു പറഞ്ഞു സുഹൃത്ത്. അറ്റ്ലാറ്റിക് സമുദ്രത്തിലൂടെ ഫ്ളോറിഡയിലെത്തിച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കി. കിട്ടിയ എല്ലിന്‍ കഷണങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ട്. ബാക്കിയുള്ള കുറച്ചു ഭാഗം കാലം കവര്‍ന്നെടുത്തുവെന്നതിനു തെളിവ്. 

അതിനൊക്കെയുള്ള പ്രതിഫലമായാണ് ആറരക്കോടി രൂപ ആവശ്യപ്പെടുന്നത്. ലേലം ചെയ്യപ്പെടുന്ന രണ്ടാമത്തെ ട്രൈനോസറാണിത്. ശരീരത്തില്‍ മുക്കാല്‍ ഭാഗം എല്ലുകളും കിട്ടിയെന്നതാണ് ഈ ട്രൈനോസര്‍ അവശിഷ്ടത്തിന്‍റെ പ്രത്യേകത. ശനിയാഴ്ചയാണ് ലേലം. ആറരക്കോടിയില്‍ വിളിച്ചു തുടങ്ങും. കാലപ്പഴക്കംകൊണ്ടും വലുപ്പംകൊണ്ടും വില കൂടാനേ സാധ്യതയുള്ളൂ...

No comments:

Post a Comment