റവലൂഷനറി പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദിത്വത്തിൽ നിന്നു പുറത്തുകടക്കാനാകാതെ സിപിഐ(എം) പ്രയാസപ്പെടുമ്പോൾ തന്നെ പൊതുപ്രവണതക്ക് വിരുദ്ധമായി തീർത്തും വ്യത്യസ്തമായ നിലപാടുകൾ കൈരളി ചാനലിലും, പാർട്ടി സെക്രട്ടറി പിണറായി വിജയനിൽ നിന്നുമുണ്ടായത് പിന്നീടുള്ള ബഹളത്തിൽ മുങ്ങിപ്പോയെങ്കിലും, കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ അന്വേഷണ സംഘം കണ്ടെത്തിയ ചില വസ്തുതകളുമായി യാദൃശ്ചികമായെങ്കിലും ബന്ധമുള്ളതാണ്.
ടിപിയുടെ കൊലപാതകം സിപിഎമ്മുമായി ബന്ധപ്പെട്ട പതിവു രാഷ്ട്രീയ കൊലപാതകത്തിനപ്പുറമുള്ള രാഷ്ട്രീയമാനങ്ങളോടെ പാർട്ടിയെ ശക്തമായി അക്രമിക്കാൻ തുടങ്ങിയതു മുതൽ, പാർട്ടി നിയന്ത്രണത്തിലുള്ള കൈരളി ചാനൽ ടി.പിയുടെ കൊലപാതകത്തിനുത്തരവാദികൾ എൻ.ഡി എഫ് എന്ന നിലക്കുള്ള ബ്രേക്കിങ് ന്യൂസ് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എൻ.ഡി.എഫിനെ കൊലപാതകത്തിനു ബന്ധിപ്പിക്കത്തക്ക തെളിവുകൾ അന്വേഷണ സംഘത്തിനു കിട്ടി എന്ന നിലക്കുള്ള വാർത്താ പ്രചാരണം. അതിനു കാരണം പ്രധാനപ്രതിയായി ആരോപിക്കപ്പെട്ട വ്യക്തിയുടെ മുസ്ലിം നാമവും.
അല്പസമയത്തിനകം പാർട്ടി സെക്രട്ടറിയും സമാനമായ വാദങ്ങളുമായി രംഗത്തു വന്നു. മതതീവ്രവാദികളാണ് ടി.പിയുടെ കൊലപാതകത്തിനു പിന്നിൽ എന്നായിരുന്നു പിണറായി വിജയന്റെ കണ്ടെത്തൽ. കാരണമായി പറഞ്ഞത് മതതീവ്രവാദികൾ നടത്തുന്ന കൊലപാതക രീതി പോലെയുള്ള കൃത്യമാണ് ടി.പി വധത്തിൽ നടന്നതെന്നായിരുന്നു. എന്നാൽ ടി.പിക്ക് കൈരളിയും, പിണറായിയും ലക്ഷ്യം വെക്കുന്ന വിഭാഗങ്ങളുമായി ഒരു നിലക്കുള്ള ഭിന്നതയോ, ശത്രുതയോ ഇല്ലെന്നു മാത്രമല്ല സി.പി.എം വിട്ടു പുതിയ പാർട്ടി രൂപീകരിച്ചതിനു ശേഷം ഈ പറയുന്ന വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും പകല്പോലെ വ്യക്തമായിരുന്നു. അതിനേക്കാളുപരി കൊലപാതകത്തിന്റെ നേർക്കുനേരെയുള്ള ഉത്തരവാദിത്വം സി.പി.എമ്മിനു നേരെ തിരിയുന്ന ശക്തമായ സാഹചര്യങ്ങളാണ് നിലനിന്നിരുന്നതെന്നത് കൊണ്ടു തന്നെ കൈരളിയും, പിണറായിയും തൊടുത്ത അമ്പിനു സംഘപരിവാര ജിഹ്വയായ ജന്മഭൂമി പത്രത്തിനപ്പുറം ആയുസ്സുണ്ടായില്ല. മറ്റു മാദ്ധ്യമങ്ങൾ ഒന്നും തന്നെ ഈ വാദങ്ങൾക്ക് പരിഗണന നൽകിയില്ലെന്നു മാത്രമല്ല കൈരളിയുടെയും, പിണറായിയുടെയും വാദങ്ങളെ തള്ളിക്കളയുന്ന വാർത്തകളും, വിശകലനങ്ങളുമായാണ് മാദ്ധ്യമങ്ങള്‍ ടിപി വധത്തെ കൈകാര്യം ചെയ്തതു.
പക്ഷെ കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ കൊലപാതകത്തിന്നുപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിന്റെ പിൻഗ്ലാസിൽ കണ്ട അറബി – ഇസ്ലാമിക വാചകവും കൈരളിയുടെയും പിണറായിയുടെയും മുൻകൂട്ടിയുള്ള പ്രചാരണങ്ങളും കൂട്ടിവായിച്ചാൽ ടിപിയുടെ കൊലപാതകത്തിനുത്തരവാദിത്വം ചില കേന്ദ്രങ്ങളുടെ മേലെ കെട്ടിവെക്കാനുള്ള ഒറ്റപ്പെട്ടതല്ലാത്ത ആസൂത്രിതമായ നീക്കം പ്രതികളുടെ ഭാഗത്തു നിന്നു മാത്രമല്ല സിപിഎം കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിരുന്നോ എന്ന സംശയം പ്രസക്തമാണ്. പ്രതികൾ കൊലയ്ക്കുപയോഗിച്ച ഇന്നോവ കാറിന്റെ ഉടമ ഒരു അമുസ്ലിം ആണെന്നു മാത്രമല്ല കാറ് വാടകക്ക് നൽകുമ്പോൾ യാതൊരു തരത്തിലുള്ള സ്റ്റിക്കറോ, വിശുദ്ധവചനങ്ങളോ പതിച്ചിരുന്നില്ലെന്ന കാർ ഉടമയുടെ മൊഴിയും ഇവിടെ ശ്രദ്ധേയമാണ്. കാറു വാടകക്ക് എടുത്തതിനു ശേഷമാണ് കൊലയാളികൾ ഈ സ്റ്റിക്കർ പതിച്ചതെന്ന് വ്യക്തം.
ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വെളിപ്പെടുത്തലുകളും വ്യക്തമായ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് കൊലപാതകം നടത്തി അതിന്റെ ഉത്തരവാദിത്വം മുസ്ലിം തീവ്രവാദികളിൽ ആരോപിക്കത്തക്കരീതിയിൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു കാറിന്റെ പിൻഭാഗത്ത് വിശുദ്ധവചനങ്ങളോടു കൂടിയ സ്റ്റിക്കർ പതിച്ചതെന്നാണ് ഇതെപ്പറ്റി പൊലീസ് പറഞ്ഞത്. വ്യക്തമായി പറഞ്ഞാൽ കാറിനു പിന്നിൽ കാണപ്പെട്ട ‘മാശാ അല്ലാ’ പോസ്റ്റർ കാണുന്ന അന്വേഷണ സംഘം കൊലയ്ക്കു പിന്നിൽ മുസ്ലിം തീവ്രവാദികൾ ആണെന്ന് കരുതി അന്വേഷണം ആ വഴിക്ക് തിരിച്ചുവിടും എന്ന ഉദ്ദേശത്തോടെയാണ് ഈ കൃത്യം ചെയ്തതെന്നു വ്യക്തം.
ഈ നിലയ്ക്കുള്ള നീക്കം ആദ്യമായല്ല ഉണ്ടാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾക്കു ശേഷം കൃത്യമായി അവശേഷിപ്പിക്കുന്ന ചില നിർണ്ണായക തെളിവുകള്‍ക്കു സമാനമായ സംഭവം തന്നെ എന്നു പറയാം. രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും, സ്ഫോടനം നടന്ന വാഹനമോ, ചാവേറോ തന്നെ ചിന്നഭിന്നമായാലും ഒരു പോറൽ പോലും ഏൽക്കാതെ ചില നിർണ്ണായക തെളിവുകൾ എല്ലായ്പ്പോഴും അവശേഷിക്കാറുണ്ട്. ഈ തെളിവുകള്‍ക്കു മാത്രം ഒരു പോറൽ പോലും സംഭവിക്കുകയില്ല. മുസ്ലിങ്ങൾ ഉപയോഗിക്കുന്ന ജപമാല, ഖുർആൻ വചനങ്ങൾ, ചില റൂട്ട് മാപ്പുകൾ, ഉന്നതരായവരുടെ പേരുകൾ, അവരുടെ നമ്പറുകൾ പിന്നെ ഒന്നോ രണ്ടോ പിസ്റ്റളുകൾ, ഏ.കെ 47 തോക്കുകൾ കൂട്ടത്തിൽ ആർഡീഎക്സുമൊക്കെയാണ് ഒരു നിലക്കുമുള്ള കേടുപാടുകളും കൂടാതെ സ്ഫോടനാനന്തരം അവശേഷിക്കുന്ന തെളിവുകള്‍. ഈ തെളിവുകള്‍ വച്ചാണ് ഇന്ത്യൻ മുജാഹീദ്ദീൻ ആണോ, ഡെക്കാൻ മുജാഹിദ്ദീൻ ആണോ, അതോ സാക്ഷാൽ സിമി തന്നെ ആണോ എന്നു പോലീസ് വേർതിരിച്ചു കണ്ടുപിടിക്കുക.
ജപമാലയുടെ കളർ നോക്കി സ്ഫോടനം നടത്തിയത് ഡെക്കാൻ മുജാഹിദീൻ ആണോ അതോ ഫുജി ആണോ എന്നു കണ്ടുപിടിക്കാൻ ഐബിയും പോലീസുമൊക്കെ വിദഗ്ദന്മാരാണ്. ഈ കണ്ടെത്തലിന്റെ തുടർച്ചയായിട്ടാണ് അന്വേഷണവും മുന്നോട്ടു നീങ്ങുക. പക്ഷെ ഏറെ കാലം ഈ കേടുപാടു പറ്റാതെ അവശേഷിക്കുന്ന തെളിവുകള്‍ക്ക് അയുസ്സുണ്ടായില്ല. രാജ്യത്ത് നടന്ന പല സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം സാക്ഷാൽ ഹിന്ദുത്വ തീവ്രവാദികള്‍ക്കാണെന്നു വ്യക്തമായപ്പോൾ സ്ഫോടനാനന്തരം യാദൃശ്ചികമെന്നോണം അവശേഷിക്കപ്പെടുന്ന ഇത്തരം നിർണ്ണായക തെളിവുകളുടെ യാഥാർത്ഥ്യവും പുറത്തുവന്നു തുടങ്ങി. മാത്രമല്ല ബോംബ് നിർമ്മിക്കുമ്പോൾ കൊലചെയ്യപ്പെട്ട ചില ഹിന്ദുത്വ തീവ്രവാദികളുടെ പക്കൽ നിന്നു വെപ്പുതാടി, പാക്കിസ്ഥാനി സൽവാർ കമ്മീസുകൾ, ജപമാല, ഖുർആൻ എന്നിവയൊക്കെ കണ്ടെടുക്കപ്പെട്ടതായി റിപ്പോർട്ടുകളും വന്നു.
അതായത് രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചു വാചാലരാകുന്ന, മറ്റെല്ലാവരുടെയും രാജ്യസ്നേഹം കാപട്യമാണെന്നും അത്തരക്കാരെ പുറംതള്ളണമെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വഭീകരർ തന്നെയാണ് രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുവാനായി സ്ഫോടനങ്ങൾ സൃഷ്ടിച്ചതെന്നും അന്വേഷണത്തെ വഴിതിരിച്ചുവിട്ട് മുസ്ലിംകളിലേക്ക് എത്തിക്കുവാനാണ് മുസ്ലിം ബന്ധമുള്ള ചിഹ്നങ്ങളും സ്ഫോടന സ്ഥലത്തു ബോധപൂർവം നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള യാഥാർഥ്യം പിന്നീടു പുറത്തുവന്നു.
ഇതിനോട് ചേർത്തുവായിക്കാവുന്ന തെളിവു നിക്ഷേപം തന്നെയാണ് ഇന്നോവ കാറിന്റെ പുറകിൽ പതിച്ച അറബിയിലുള്ള വിശുദ്ധ വചനങ്ങളും. പ്രതികൾ മാത്രമല്ല ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നത് ഈ വിഷയത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നതാണ്. മുൻകൂട്ടി തിരുമാനിക്കപ്പെട്ടതു പോലെയാണ് പാർട്ടി ചാനലിൽ ടിപി വധത്തിന്റെ ഉത്തരവാദിത്വം എൻഡിഎഫ് ആണെന്ന നിലയ്ക്കുള്ള ബ്രേക്കിങ് ന്യൂസുകൾ വന്നുകൊണ്ടിരുന്നത്. അതിനൊപ്പം തന്നെയാണ് ഇതേ നിലയ്ക്കുള്ള പാർട്ടി സെക്രട്ടറിയുടെ ആരോപണങ്ങളും വന്നത്. കൊലയാളികളുടെ ലക്ഷ്യവും പാർട്ടി ചാനലിന്റെ പ്രചാരണവും, പാർട്ടി സെക്രട്ടറിയുടെ ആരോപണങ്ങളുമെല്ലാം ഒരേ സ്വഭാവം പുലർത്തിയത് തീർത്തും യാദൃശ്ചികം മാത്രമാണോ? അതോ ബോധപൂർവമായ ഒരു ഗൂഢാലോചനയും അഭിപ്രായ ഐക്യവും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടോ?
സമാനമായ മറ്റൊരു സംഭവത്തിൽ പാർട്ടി സ്വീകരിച്ച നിലപാടു കൂടെ ഇവിടെ പരിശോധിക്കുമ്പോഴാണ് വെറും യാദൃശ്ചികതകൾക്കപ്പുറമുള്ള മാനം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്ക് ഉണ്ട് എന്ന് മനസ്സിലാക്കാൻ നിര്‍ബന്ധിതരാകുന്നത്.
2006 ഒക്ടോബർ 22നു തലശ്ശേരി സൈദാർപീടികയിൽ വെച്ചു എൻഡിഎഫ് പ്രവർത്തകനും, തേജസ് ദിനപത്രത്തിന്റെ ഏജന്റുമായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ട സംഭവവും അതിനോടു സിപിഎം സ്വീകരിച്ച നിലപാടുകളും ഇവിടെ പരിശോധിക്കപ്പെടേണ്ടത് ആവശ്യമാണ്. തലശ്ശേരിയിൽ സംഘപരിവാരവും എൻഡിഎഫും തമ്മിൽ നിലനിന്നിരുന്ന ചെറിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിയില്‍ നിന്നു പത്രക്കെട്ടെടുക്കാന്‍ സൈക്കിളില്‍ പോകവെ സൈദാര്‍ പള്ളിക്ക് സമീപം ഫസൽ കൊല്ലപ്പെടുന്നത്.
ഫസൽ കൊല്ലപ്പെടുന്ന സമയത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയും, തലശ്ശേരി എംഎൽഎയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ തന്നെ ഉണ്ടായിരുന്നു. സംഘപരിവാരവുമായി നിലനിന്നിരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫസലിന്റെ കൊലയ്ക്കുത്തരവാദികൾ സംഘപരിവാരം ആയിരിക്കുമെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവർ ആദ്യം എത്തിയത്. ഫസലിന്റെ മൃദദേഹം കാണാൻ തലശ്ശേരി അശുപത്രിയിൽ വന്ന ആഭ്യന്തര മന്ത്രി കോടിയേരിയും കൊലയ്ക്കുത്തരവാദികൾ സംഘപരിവാരം ആണെന്ന നിലയ്ക്കുള്ള പ്രസ്താവനയാണ് നടത്തിയത്. മാത്രമല്ല സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി കാരായി രാജൻ സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായി സംഘപരിവാരമാണ് കൊല നടത്തിയതെന്ന പ്രസ്താവനയും നടത്തി.
പക്ഷെ അന്വേഷണത്തിന്റെ ആദ്യസൂചനകൾ തന്നെ പ്രതിസ്ഥാനത്ത് സംഘപരിവാരമല്ല മറിച്ച് സിപിഎം പ്രവർത്തകർ ആണെന്ന സൂചനകൾ ആണു നൽകിയത്. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കുമ്പോഴേക്കും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഒന്നും രണ്ടു തവണയല്ല മൂന്നു തവണയാണ് ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഇടതുപക്ഷ സർക്കാർ മാറ്റിപ്രതിഷ്ഠിച്ചത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ആകട്ടെ സംഘപരിവാരമല്ല മറിച്ചു സിപിഎമ്മാണു കൊലക്കു പിന്നിലെന്ന യാഥാർഥ്യം ഗ്രഹിച്ചവർ ആയിരുന്നു. അവസാനം കൊലപാതകവുമായി ബന്ധപ്പെട്ടു ചില സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫസല്‍ വധക്കേസില്‍ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഡിവൈഎസ്‌പി ദുരൂഹമായ സാഹചര്യത്തിൽ ഒരു പെണ്ണുകേസിൽ അകപ്പെടുകയും സസ്പെൻഷനിൽ ആകുകയും ചെയ്തു. കേസ് അന്വേഷണം ഈ നിലക്കു മുന്നോട്ടു പോയാൽ ഇടതുപക്ഷ സർക്കാരിന്റെ പോലീസിൽ നിന്നു ഫസൽ വധകേസിൽ നീതി ലഭിക്കുകയില്ല എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ഫസലിന്റെ വിധവ മറിയു ഫസൽ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പു നിരന്തരം നടത്തിയ ഇടപെടലുകളും, അട്ടിമറികളും തെളിവു സഹിതം ഹൈക്കോടതിയെ ബോധിപ്പിച്ചു. മറിയുവിന്റെ വാദം അംഗീകരിച്ചും സർക്കാരിന്റെ ശക്തമായ എതിർവാദം നിരാകരിച്ചും ഫസൽ വധക്കേസ് സിബിഐക്കു വിടാൻ ഹൈക്കോടതി തിരുമാനമെടുത്തു. ഈ വിധിക്കെതിരെ ഇടതുപക്ഷ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലിനെ സർക്കാർ ചെലവിൽ നിശ്ചയിച്ചുകൊണ്ടാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാരിന്റെ വാദം തള്ളിക്കൊണ്ട് ഫസൽ വധക്കേസ് സിബിഐക്കു വിടാനുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കേസ് അന്വേഷണത്തിൽ അനാവശ്യമായ ഭരണകൂട ഇടപെടൽ നടന്നതായി ഇരു കോടതികളും എടുത്തു പറയുകയും സർക്കാരിന്റെ സമീപനത്തെ ശക്തമായി വിമർശിക്കുകയും ചെയ്തു.
സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ കേസിൽ ഇതുവരെ അറസ്റ്റിലായത് എല്ലാം സിപിഎം പ്രവർത്തകർ. കൊലപാതകത്തിനുത്തരവാദികള്‍ സംഘപരിവാരം ആണെന്നു പ്രസ്താവന ഇറക്കിയ അന്നത്തെ സിപിഎം ഏരിയാ സെക്രട്ടറിയും, ഇപ്പോൾ ജില്ലാ കമ്മറ്റി അംഗവുമായ കാരായി രാജനെ അടക്കം അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ നടന്നുവരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന പി. ശശിയെ ഫസൽ വധക്കേസുമായി ബന്ധപ്പെട്ടു സിബിഐ ചോദ്യം ചെയ്തു കഴിഞ്ഞു. പാർട്ടിയിലെ പല താപ്പാനകളും ഫസൽ വധക്കേസിന്റെ അന്വേഷണപരിധിയിൽ ആണെന്ന റിപ്പോർട്ടുകളും വരുന്നു. സിബിഐ നൽകിയ എഫ് ഐ ആറിൽ ഫസലിനെ വധിച്ചതു സിപിഎം തന്നെയാണെന്നു പറയുന്നു. സിപിഎം പ്രവർത്തകൻ ആയിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്ന വൈരാഗ്യത്തിലാണ് സിപിഎം കൊലപ്പെടുത്തിയത്. മാത്രമല്ല ദേശാഭിമാനി വരിക്കാരായിരുന്ന ചില വീടുകളിൽ തേജസ് ദിനപത്രം വരിചേർപ്പിച്ചതും കൊലപാതകത്തിനു കാരണമായതായി സിബിഐ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു.
ഇവിടെ കൊലപാതത്തേക്കാൾ മാരകമായിരുന്നു അതിനു തെരഞ്ഞെടുത്ത സമയവും അതിന്റെ ഉത്തരവാദിത്വം സംഘപരിവാരത്തിന്റെ മേലെ ചാർത്താനുള്ള സിപിഎമ്മിന്റെയും സർക്കാരിന്റെയും ശ്രമങ്ങളും. സംഘപരിവാരവുമായി നിലനിന്നിരുന്ന സംഘർഷ പശ്ചാത്തലം തന്നെയാണ് ഫസലിനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം ഉപയോഗിച്ചത്. മാത്രമല്ല ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കൊലപാതകത്തിനു പിന്നിൽ സംഘപരിവാരം ആണെന്നു പ്രസ്താവന ഇറക്കുകയും ചെയ്തു.
സിപിഎം സ്വയം ചെയ്ത ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം തന്ത്രപരമായി സർക്കാർ മെഷിനറിയെ ഉപയോഗിച്ചു സംഘപരിവാരത്തിന്റെ മേലെ ചാർത്താൻ ശ്രമിച്ചത് ഏതു ലക്ഷ്യം വെച്ചായിരുന്നു? സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തേക്കാളുപരി ഒരു വർഗ്ഗീയ സംഘർഷ സാധ്യത മനഃപൂർവം സൃഷ്ടിക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അടിസ്ഥാനരഹിതമായ ഈ ആരോപണം സിപിഎം ബോധപൂർവം ഉന്നയിച്ചത് എന്നു വ്യക്തം. പാർട്ടിയിൽ നിന്നു വിട്ടുപോയ വർഗ്ഗശത്രുവിനെ ഇല്ലായ്മ ചെയ്യുക എന്ന പ്രഥമ അജണ്ടക്കുപരി ഈ കൊലപാതകത്തെ തുടർന്നു രൂപപ്പെടുന്ന വർഗ്ഗീയ സാമുദായിക വേർതിരിവും അവിടെ സമാധാനദൂതുമായിവന്നു കളംനിറഞ്ഞുകളിക്കാം എന്ന കണക്കുകൂട്ടലും പാർട്ടി ലക്ഷ്യം വെച്ചിരുന്നു എന്നു ചുരുക്കം.
എന്നാൽ ബന്ധപ്പെട്ടവരുടെ പ്രത്യേകിച്ച് എൻഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ കനത്ത ജാഗ്രത മൂലം ഒരനിഷ്ടസംഭവം പോലും ഫസലിന്റെ വധം മൂലം രൂപപ്പെട്ടില്ല എന്നു മാത്രമല്ല സർക്കാരിന്റെയും, സിപിഎമ്മിന്റെയും ഭാഷ്യം വിശ്വസിക്കാനും എൻഡിഎഫ് തയ്യാറായില്ല. അതുകൊണ്ട് തന്നെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം തലശ്ശേരിയിൽ പരാജയപ്പെടുകയാണുണ്ടായത്.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് കൊട്ടേഷൻ ടീമിന്റെ സ്റ്റിക്കറും, പാർട്ടി സെക്രട്ടറിയുടെ പ്രസ്താവനയും, പാർട്ടി ചാനലിന്റെ പ്രചാരണത്തെയും വിലയിരുത്താൻ. ആഗോളതലത്തിൽ തന്നെ ഇസ്ലാം വിരുദ്ധ ശക്തികള്‍ പരീക്ഷിച്ചു വിജയിച്ച, ഇന്ത്യയിൽ ഏറെക്കാലമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തന്ത്രമാണ് മതേതരത്വത്തിലും, മതസൌഹാർദ്ദത്തിലും സർവോപരി മാനവികതയിലും വിശ്വസിക്കുന്നു എന്ന് പറയുന്ന സിപിഎം പയറ്റിയത് എന്നത് തീർത്തും നിസാര സംഭവമല്ല. വ്യക്തമായ സാമുദായിക ചേരിതിരിവ് രൂപപ്പെടുത്തുമാറ് പാർട്ടിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണത്തിന്റെ കുന്തമുന സാമുദായികമായി വഴിതിരിച്ചു വിട്ടു നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുവേണം ഈ ശ്രമങ്ങളെ വീക്ഷിക്കാൻ.
ഫസൽ വധക്കേസ് സംഘപരിവാരത്തിന്റെ മേലെ ചാർത്തിക്കൊണ്ട് രൂപപ്പെടുത്താൻ ശ്രമിച്ച സാമുദായിക ധ്രുവീകരണം തന്നെയാണ് അറബി സ്റ്റിക്കർ കൊണ്ടും കൊലയാളികൽ ഉദ്ദേശിച്ചതെന്ന് വ്യക്തം. ഇവിടെ കൊലയാളികളുടെ തെളിവു നശിപ്പിക്കാനുള്ള, അല്ലെങ്കിൽ അന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അറബി സ്റ്റിക്കർ പതിച്ചതെങ്കിൽ ഈ അജണ്ട തന്നെയായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രസ്താവനയിൽ നിന്നും, പാർട്ടി ചാനലിന്റെ പ്രചാരണത്തിൽ നിന്നും വെളിപ്പെടുന്നത്. സമൂഹത്തിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷത്തിന്റെയും, സാമുദായിക ചേരിതിരിവുകളുടെയും അടിസ്ഥന കാരണങ്ങൾ അന്വേഷിച്ചാൽ ചെന്നെത്തുക ഇത്തരം കുതന്ത്രങ്ങളിലായിരിക്കുമെന്നത് ഒട്ടും ആശാസ്യമല്ല
സിപിഎം പോലുള്ള ഒരു പാർട്ടിക്കു ചേരുന്നതാണോ ഈ സാമുദായിക അജണ്ടകൾ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വർഗ്ഗീയ സ്പർദ്ധ ഉണ്ടാക്കിക്കൊണ്ട് അതിൽ നിന്നു മുതലെടുക്കാൻ പാകത്തില്‍ രാഷ്ട്രീയം പയറ്റുക എന്നതാണോ സിപിഎം സ്വയം മുന്നോട്ടുവെക്കുന്ന പുരോഗമന രാഷ്ട്രീയത്തിന്റെ കാതൽ എന്നും സ്വയം വിലയിരുത്തേണ്ടതുണ്ട്. എന്‍കൌണ്ടര്‍ എന്ന വിശേഷണത്തിലൊളിച്ച് നിരായുധരായ എതിരാളികളെ കൊന്നുതള്ളി അവരുടെ ജഡത്തിൽ ആയുധവും, മതഗ്രന്ഥവും നിക്ഷേപിക്കുന്ന വർഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നു അകലെയല്ല സിപിഎം മുന്നോട്ടു വെക്കുന്ന മതേതര രാഷ്ട്രീയം എന്നുവരുന്നത് അപകടകരമാണ്. അധികാരം നിലനിർത്താനായി, പാർട്ടി എതിരാളികളെ ഇല്ലായ്മ ചെയ്യാനായി വർഗ്ഗീയ ചേരിതിരിവടക്കം എതു തന്ത്രവും പാർട്ടി പയറ്റുമെന്നതിനുള്ള വ്യക്തമായ സൂചനയും.
-malayal.am
No comments:
Post a Comment