Thursday, May 10, 2012

പുരുഷനും വേണം നീതി


ഈ ആധുനിക കാലത്തുപോലും സ്ത്രീക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. ലൈംഗിക, സാമ്പത്തിക, സാമൂഹിക വൈകല്യം ബാധിച്ച പുരുഷന്‍െറ ഏകപക്ഷീയമായ ആധിപത്യശ്രമം തന്നെയാണിതിനു പിന്നില്‍. സ്ത്രീയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതും അവള്‍ക്ക് തുല്യനീതി ഉറപ്പാക്കേണ്ടതുമെല്ലാം ഭാരതത്തെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ‘അമ്മ’യുടെ സ്പന്ദിക്കുന്ന പ്രതീകമായ സ്ത്രീയുടെ സുരക്ഷയും മാനവും അവകാശവുമെല്ലാം ഉറപ്പാക്കേണ്ടതും ഭരണകൂട ധര്‍മം തന്നെയാണ്. എന്നാല്‍, മേല്‍പറഞ്ഞ വൈകല്യങ്ങളുള്ള ചില പ്രത്യേകതരം പുരുഷന്മാരുടെ കാട്ടുനീതിബോധം മൂലം സംഭവിക്കുന്ന ഇത്തരം അപമാനവീകരണങ്ങളെ മുന്‍നിര്‍ത്തി പുരുഷവര്‍ഗത്തെ അപ്പാടെ സ്ത്രീവിരുദ്ധമെന്നോ സ്ത്രീയുടെ അവകാശ നിഷേധകരെന്നോ മുദ്രകുത്തുന്നത് പുരോഗമനപരമായിരിക്കില്ല.

ഭാരതത്തെപ്പോലെ, വിവിധ സംസ്കാരങ്ങള്‍ ഇഴചേര്‍ന്ന് കഴിയുന്നൊരു രാജ്യത്ത് ‘കുടുംബം’ എന്ന അടിസ്ഥാന സാമൂഹിക സ്ഥാപനത്തിന്‍െറ കെട്ടുറപ്പിനായി രൂപപ്പെടുത്തിയ ഒരു നിയമത്തിലെ ചില കാര്യങ്ങള്‍ ഒരു വിഭാഗത്തിന് തുല്യതക്ക്പകരം അനീതിയാണ് നല്‍കുന്നത് എന്നത് ആശങ്കാജനകമാണ്.

വൈവാഹിക പങ്കാളി എന്ന നിലക്കുള്ള സ്ത്രീയുടെ അവകാശം സംരക്ഷിക്കുന്നതിനായി നിര്‍മിച്ച ‘ഇന്ത്യന്‍ ഗാര്‍ഹിക പീഡന നിയമം-2006’ ചില പ്രധാന മേഖലകളില്‍ പുരുഷന്‍െറ വ്യക്തിത്വത്തിനും സ്വതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാകുന്നുണ്ട് എന്ന ഗൗരവതരമായ നിരീക്ഷണം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പീഡന നിയമത്തിന്‍െറ ആമുഖം ഐക്യരാഷ്ട്രസഭയുടെ 1994ലെ വിയന്ന ധാരണയും 1995ലെ ബെയ്ജിങ് രാജ്യാന്തര സമ്മേളനവും കൊണ്ടലങ്കരിച്ചിരിക്കുന്നുവെങ്കിലും, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിന്‍െറ ഉള്‍ത്തളങ്ങളിലെ ചില വകുപ്പുകള്‍ ഇതിന്‍െറ നഗ്നലംഘനമാണെന്നത് ഖേദകരമാണ്.
ബെയ്ജിങ് തീരുമാനം ഖണ്ഡിക എട്ടില്‍ ‘അംഗരാജ്യങ്ങള്‍ വൈവാഹിക പങ്കാളികളില്‍ രണ്ടുപേരുടെയും തുല്യതയും അന്തസ്സും നിലനിര്‍ത്തുന്നതിനുള്ള നിയമം’ നിര്‍മിക്കണമെന്ന് അനുശാസിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ പീഡന നിയമം 32 (2) പറയുന്നത് നോക്കുക. 
‘പരാതിക്കാരിയുടെ സാക്ഷ്യത്തിന്‍െറ മാത്രം അടിസ്ഥാനത്തില്‍ പ്രതി (ഭര്‍ത്താവ്) വകുപ്പ് 31(1) പ്രകാരമുള്ള കുറ്റം ചെയ്തുവെന്ന് അനുമാനിക്കാവുന്നതാണ്’. ഇവിടെ യഥാര്‍ഥത്തില്‍ ‘തുല്യത’ എന്ന മഹാസങ്കല്‍പം ഒറ്റയടിക്ക് മൃതിയടയുകയാണ്. പ്രസ്തുത കുറ്റങ്ങള്‍, വാറന്‍റില്ലാതെ അറസ്റ്റു ചെയ്യാമെന്ന് ബോധ്യപ്പെട്ട കുറ്റങ്ങള്‍ ആണെന്നും അതിന് ജാമ്യമോ ഒത്തു തീര്‍പ്പോ ഇല്ലെന്നുംകൂടി അറിയുമ്പോഴാണ് ജീവിത പങ്കാളിയായ ‘ഭര്‍ത്താവ്’ എന്ന പുരുഷന്‍െറ അനാഥത്വം നമുക്ക് ബോധ്യമാവുക. പീഡനക്കുറ്റത്തിന് ഭാര്യ നല്‍കുന്ന പരാതിയില്‍ ഭര്‍ത്താവ് എപ്പോള്‍ വേണമെങ്കിലും ഏകപക്ഷീയമായി അറസ്റ്റു ചെയ്യപ്പെടാം. എന്നാല്‍, ഒരു വ്യക്തിയെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ ചിട്ടകള്‍ പലപ്പോഴും പൊലീസ് പാലിക്കാറില്ല. മാത്രവുമല്ല, ഒരു കൊടുംകുറ്റവാളിയെയോ തീവ്രവാദിയെയോ കസ്റ്റഡിയിലെടുക്കുന്നതുപോലെയാണ് പൊലീസ് പലപ്പോഴും പെരുമാറുന്നത്. സബ് ഇന്‍സ്പെക്ടറില്‍ കുറഞ്ഞ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റു ചെയ്യാന്‍ അധികാരമില്ലെങ്കിലും നമ്മുടെ നാട്ടിലെ നടപ്പ് പ്രകാരം പലപ്പോഴും ഹെഡ്കോണ്‍സ്റ്റബ്ളോ മറ്റോ ആണ് അറസ്റ്റു ചെയ്യാനെത്തുക. റാങ്ക് കുറയുന്നതിനനുസരിച്ച് പൊലീസ് ഏമാന്മാരുടെ സഭ്യത കുറയുന്ന നമ്മുടെ നാട്ടില്‍ ഇത്തരക്കാരില്‍നിന്ന് പുരുഷന് ഒരു സാധാരണ കുറ്റവാളിയുടെ നീതിപോലും ലഭിക്കുന്നില്ലെന്നതാണ് ഏറെ വേദനാജനകം.

ഇന്ന് മറ്റ് കോടതികളേക്കാള്‍ തിരക്കനുഭവപ്പെടുന്നത് കുടുംബ കോടതികളിലാണ്. അഭിഭാഷകര്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതും ഇത്തരം കോടതികളിലത്രെ. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കുടുംബ കോടതികളിലും അതിരാവിലെ മുതല്‍ വൈകീട്ട് മൂന്നുവരെ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെടുന്നത്. ഇത്തരം കേസുകളുടെ വര്‍ധനവാണിത് കാണിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരം പുരുഷനെ അറസ്റ്റു ചെയ്ത് ജയിലിലടച്ച് സ്ത്രീപീഡകനും സാമൂഹികവിരുദ്ധനുമാണെന്ന് ആദ്യമേ മുദ്രകുത്തുന്നതിലൂടെ സ്ത്രീയുടെ അഭിഭാഷകര്‍ അരയും തലയും മുറുക്കി ഇറങ്ങുന്നത് വലിയൊരു സാമ്പത്തിക നേട്ടം ലാക്കാക്കിയാണെന്നുള്ള സത്യത്തിലേക്ക് ഭരണകൂട-സമൂഹ ദൃഷ്ടി പതിയേണ്ടതാണ്. കുടുംബ കോടതികളിലെ വിചാരണയുടെ അന്ത്യഫലം ഭൂരിപക്ഷവും പുരുഷന് എതിരാവുമെന്നും അതുവഴി പിഴ വിധിക്കുന്ന ലക്ഷക്കണക്കിന് രൂപയില്‍നിന്നും നല്ലൊരു ശതമാനം തനിക്ക് പങ്കുപറ്റാമെന്നുമുള്ള മോഹനസ്വപ്നമാണ് ഭൂരിഭാഗം അഭിഭാഷകരെയും അവിടേക്കടുപ്പിക്കുന്നത്.

ഇങ്ങനെ, ലക്ഷക്കണക്കിന് രൂപ സ്ത്രീയില്‍നിന്ന് കമീഷനായി വാങ്ങി ഭാര്യ-ഭര്‍തൃ ബന്ധത്തിലെ ചെറിയ വിള്ളലുകളെ വളര്‍ത്തിപ്പിളര്‍ത്തി വൈവാഹിക പ്രശ്നങ്ങളെ മെച്ചപ്പെട്ട ‘വ്യാപാരമാക്കി’ മാറ്റുന്ന ഒട്ടനവധി അഭിഭാഷകര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കിലും ഭരണകൂടമോ രാഷ്ട്രീയ കക്ഷികളോ ഇതിനെതിരെ പ്രതികരിക്കുന്നില്ല.

ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും വാര്‍ത്തയുടെ യാഥാര്‍ഥ്യം തേടുന്നില്ലെന്നത് ഖേദകരമാണ്. ലേഖകര്‍ കോടതി രേഖകളില്‍നിന്നും ലഭിക്കുന്ന ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മാത്രം വാര്‍ത്ത തയാറാക്കി നല്‍കുമ്പോള്‍ പുരുഷന്‍െറ മാനവും അന്തസ്സുമാണ് ചോരുന്നത്. എന്തുകൊണ്ടാണ് ഒരാള്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത്, പരാതി വ്യാജമാണോ, ഇതില്‍ സ്ത്രീയുടെ പങ്കെന്താണ് തുടങ്ങിയ വസ്തുതകളൊന്നും അന്വേഷിക്കാതെ വാര്‍ത്ത നല്‍കുന്ന പ്രവണത അപകടകരമാണ്. കുറ്റങ്ങളുടെ നിര്‍വചനങ്ങളില്‍ (വകുപ്പ് 3, വിശദീകരണം i (iii) (എ) പ്രകാരം) വാച്യവും വൈകാരികവുമായ പീഡനങ്ങളില്‍ പരിഹാസവും കളിപ്പേര് വിളിയും പെടും. ഇങ്ങനെ വരുമ്പോള്‍ സാധാരണ സംഭാഷണങ്ങളില്‍ ഏതെങ്കിലുമൊന്ന് കനത്തുപോയാലും ഭര്‍ത്താവിനെതിരെ പീഡനകേസ് കൊടുക്കാവുന്ന അവസ്ഥയാണുള്ളത്.

ബെയ്ജിങ് തീരുമാനം 15ല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ അവകാശം നല്‍കണമെന്നും കുടുംബത്തിന്‍െറ ചുമതലകള്‍ പങ്കിടണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ പീഡന നിയമത്തില്‍ ഭാര്യയുടെ ചുമതലയെക്കുറിച്ച് ഒരക്ഷരം പോലുമില്ലെന്നു തന്നെയല്ല, ഭര്‍ത്താവ് സ്വന്തം വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് വകുപ്പ് 19 (1) പ്രകാരം മജിസ്ട്രേറ്റിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യാം.

സുപ്രീംകോടതി, ഹൈകോടതികള്‍, ചില കീഴ്കോടതികള്‍ എന്നിവ പീഡന നിയമത്തിലെ പക്ഷപാതത്തെയും അനീതിയെയും വിമര്‍ശ വിധേമാക്കിയിട്ടുണ്ട്. ജസ്റ്റിസ് മളീമഠ് കമ്മിറ്റി, ഇന്ത്യന്‍ ശിക്ഷാനിയമം 498 എ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്, ‘സഹിഷ്ണുത കുറഞ്ഞ, ക്ഷിപ്രകോപിയായ ഒരു സ്ത്രീക്ക് നിസ്സാര കാര്യങ്ങള്‍ക്ക് ഭര്‍ത്താവിനെതിരെ പരാതി ഫയല്‍ ചെയ്യാം. ഭര്‍ത്താവിന്‍െറ ജോലി നഷ്ടപ്പെടാം, നിരപരാധിയെ ജയിലില്‍ ഇടാം. പിന്നീട്, എല്ലാം മനസ്സിലാകുമ്പോള്‍ അവള്‍ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ലാതാവുന്നു’ എന്നാണ്.

2005 ജൂലൈ 20ലെ സുപ്രീംകോടതി വിധിയില്‍ ജസ്റ്റിസ് പസായത്ത് ഭരണഘടനാ ലംഘന ഹരജി തള്ളിയെങ്കിലും നിരീക്ഷിച്ചത് ‘എന്നാല്‍ നിയമത്തിലെ വകുപ്പുകള്‍ ഒരു പുതിയ നിയമഭീകരത അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. നിയമം ഒരു പരിചയാക്കണമെന്നാണ് ഉദ്ദേശ്യം. കൊലയാളിയുടെ ആയുധമായ വാള്‍ ആകരുത്’ എന്നായിരുന്നു. എന്നാല്‍, ഗാര്‍ഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഒരു നിയമനടപടിക്കും വകുപ്പില്ലെന്നിരിക്കെ, ഇവിടെ പരിച നിരപരാധിക്കുമേല്‍ തൂങ്ങുന്ന വാളായി മാറുന്നത് നിസ്സഹായതയോടെ നാം അറിയുകയാണ്.
2006-2009 കാലഘട്ടത്തില്‍ ഏകദേശം അഞ്ചുലക്ഷം പുരുഷന്മാരാണ് പീഡന നിയമ പ്രകാരം അറസ്റ്റിലായത്. അഴിമതി നിരോധന നിയമത്തില്‍ പോലും വ്യാജപരാതിക്കെതിരെ നിയമ നടപടിക്ക് വകുപ്പുള്ളപ്പോള്‍ ഗാര്‍ഹിക പീഡന നിയമത്തില്‍ ഇതിന് വകുപ്പില്ല. 2010 ആഗസ്റ്റ് 18ലെ 217ാം നമ്പര്‍ സുപ്രീംകോടതി വിധിയില്‍ പീഡനകേസുകള്‍ ഇരുകക്ഷികള്‍ക്കും കനത്ത യാതന സൃഷ്ടിക്കുന്നുവെന്നും ഒടുവില്‍ വെറുതെ വിട്ടാല്‍പോലും വിചാരണയുടെ പീഡനങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്ത്രീ സംരക്ഷണം ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പീഡന നിയമത്തില്‍ കുലസ്ത്രീകള്‍ക്കുപോലും വിനാശകരമായ വകുപ്പുകള്‍ പലതുമുണ്ട്. വകുപ്പ് 2 (എഫ്) പ്രകാരം നിയമപരമായി വിവാഹം ചെയ്യാതെ സഹവസിച്ചിരുന്ന ഏതു സ്ത്രീക്കും ഭാര്യയുടെ തുല്യസ്ഥാനം ലഭിക്കുന്നു. ഫലം ഏത് പരസ്ത്രീക്കും മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്യാമെന്ന വിരാധാഭാസം. പരാതി തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതികള്‍ക്കായതിനാല്‍ പരസ്ത്രീക്ക് കൈയും കെട്ടിയിരുന്ന് മറ്റൊരു സ്ത്രീയെയും ഭര്‍ത്താവിനെയും നിയമക്കുരുക്കില്‍പ്പെടുത്താം. 2010 ഒക്ടോബര്‍ 21ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി ഏറെ ശ്രദ്ധേയമാണ്. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ജീവനാംശത്തിന്‍െറ അര്‍ഹതക്ക് കുടുംബംപോലെ സഹവസിക്കണമെന്ന് ചൂണ്ടിക്കാട്ടി പരസ്ത്രീയുടെ അവകാശം തള്ളുകയായിരുന്നു.

സാംസ്കാരികവും പ്രബുദ്ധവുമായി ഏറെ മുന്നിലെന്ന് വീമ്പിളക്കുന്ന കേരളത്തില്‍ കുടുംബ കോടതികളിലെ വിവാഹ മോചന കേസുകള്‍ നിത്യേനപെരുകുന്നു. കുടുംബ തകര്‍ച്ചക്ക് കാരണം പുരുഷനാണെന്ന പരമ്പരാഗത മുന്‍വിധി പ്രകാരമാണ് നിയമവ്യവസ്ഥയും ഭരണകൂടവും നടപടികള്‍ സ്വീകരിക്കുന്നത്. ഭര്‍ത്താവിനെപോലെ തന്നെ ഭാര്യക്കും കുടുംബ ബന്ധം തകരുന്നതില്‍ പങ്കുണ്ട്. എന്നാല്‍, സ്ത്രീ കാരണമുണ്ടാകുന്ന കുടുംബ തകര്‍ച്ച കണ്ടില്ലെന്ന് നടിക്കുകയും കുറ്റം ഭര്‍ത്താവിന്‍െറ മേല്‍ മാത്രം കെട്ടിവെക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്ന് പരക്കെ കാണുന്നത്.

ഏത് സ്ത്രീക്കും ഏത് പുരുഷന്‍െറ പേരിലും പീഡന, ചെലവ് കേസുകള്‍ നല്‍കാമെന്ന അവസ്ഥയാണ്. ദൗര്‍ഭാഗ്യവശാല്‍ കോടതികള്‍ ഭര്‍ത്താവിന്‍െറ മാനസിക, സാമ്പത്തിക, സാമൂഹിക വശങ്ങള്‍ കണക്കിലെടുക്കാതെ ഭാര്യ എഴുതി നല്‍കുന്ന ഹരജി അംഗീകരിക്കുകയാണ് പലപ്പോഴും. ഭൂരിഭാഗം കുടുംബകോടതികളും ഭര്‍ത്താവിന് പറയാനുള്ളത് കേള്‍ക്കാന്‍ സാവകാശം കാണിക്കാതെ ഭാര്യയുടെ വക്കീല്‍ നിരത്തുന്ന യഥാര്‍ഥവും അയഥാര്‍ഥവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത് എന്ന പരാതി വ്യാപകമാണ്. ഫലമോ, എടുക്കാത്ത സ്വര്‍ണാഭരണത്തിന്‍െറയും അര്‍ഹതപ്പെടാത്ത ചെലവ് കേസിന്‍െറയും മറ്റുംപേരില്‍ ലക്ഷങ്ങള്‍ നല്‍കാന്‍ ഭര്‍ത്താക്കന്മാര്‍ നിര്‍ബന്ധിതരാകുന്നു. ഇതിനെ മനുഷ്യാവകാശ ലംഘനം എന്നല്ലാതെ എന്താണ് വിളിക്കുക? കേരളത്തിലെ കുടുംബ കോടതികളിലും മജിസ്ട്രേറ്റ് കോടതികളിലും എത്തുന്ന 70 ശതമാനം കേസുകളും വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, യഥാര്‍ഥ പീഡനം അനുഭവിക്കുന്നവര്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണെന്നും ഇത്തരക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നതുമാണ് യാഥാര്‍ഥ്യം.

ചുരുക്കത്തില്‍, സ്ത്രീക്കും പുരുഷനും തുല്യമായ അവകാശവും ചുമതലയും ഉറപ്പാക്കി കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ചോര്‍ന്നുപോകാതെ കൂട്ടിയിണക്കിക്കൊണ്ടുപോകുന്ന ഒരു നിയമ വ്യവസ്ഥയാണ് നമുക്കുവേണ്ടത്. കുടുംബ കോടതികളും മറ്റും സ്ത്രീ കോടതികളാകാതെ പുരുഷനും അര്‍ഹമായ നീതി ഉറപ്പാക്കുന്ന തലത്തിലേക്ക് മാറണം.
-Madhyamam

No comments:

Post a Comment