Friday, May 25, 2012

തിരിച്ചിറക്കം?


പ്രധാനമന്ത്രിക്കസേരയിലിരിക്കുമ്പോഴെങ്കിലും വല്ലപ്പോഴും ഓര്‍ക്കാതെ വയ്യ പമുലപര്‍ത്തി വെങ്കട നരസിംഹ റാവുവിനെ. നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളില്‍ നിന്ന് ആഗോളീകരണത്തിന്‍റെ പാതയിലേക്കു രാജ്യത്തെ നയിക്കാന്‍ ചങ്കുറപ്പു കാണിച്ച പ്രധാനമന്ത്രിയത്രേ അദ്ദേഹം. പരിഷ്കാരങ്ങള്‍ ഇന്നാട്ടിലെ സാധാരണക്കാരെ എങ്ങനെ ബാധിച്ചു എന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ചരിത്രം എഴുതപ്പെട്ടതു തന്നെയാണല്ലോ. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ച ചാണക്യനെന്നു പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍പോലും അത്ര തത്പരരല്ലതന്നെ. നെഹ്റു- ഗാന്ധി കുടുംബത്തിനു പുറത്തുള്ള റാവുവിനെ കൂടെക്കൂടെ ഓര്‍ക്കുന്നതെന്തിന്? പോരാത്തതിന് മറ്റു ബ്ലാക് മാര്‍ക്കുകള്‍ പലതുമുണ്ട് റാവു ഭരണത്തിന്. 

ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുമ്പോഴും കടുപ്പമേറിയ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ സധൈര്യം നടപ്പാക്കിയ നേതാവാണ് റാവു. ലൈസന്‍സ് രാജില്‍ നിന്നു രാജ്യത്തെ മോചിപ്പിച്ച റാവുവിന്‍റെ ഏറ്റവും വലിയ ചുവട് ഡോ. മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിക്കസേരയില്‍ ഇരുത്തിയത്. പാപ്പരായ ഖജനാവു നിറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറായ മന്‍മോഹനെ കയറൂരി വിട്ടു അദ്ദേഹം. ആഭ്യന്തര വ്യവസായങ്ങളെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയും മൂലധന വിപണിയില്‍ സമൂല പരിഷ്കരണങ്ങള്‍ കൊണ്ടുവന്നും വിദേശ നിക്ഷേപമൊഴുക്കിനു വഴി തുറന്നും മന്‍മോഹന്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ധനക്കമ്മി കുറച്ചും സ്വകാര്യവത്കരണം നടപ്പാക്കിയും അടിസ്ഥാന സൗകര്യ വികസനത്തിനു പണമിറക്കിയും പ്രതീക്ഷയുടെ പുത്തന്‍ തുരുത്തുകള്‍ വളര്‍ത്തിയെടുത്തു റാവുവും മന്‍മോഹനും. 

സാമ്പത്തിക രംഗത്ത് അടിമുടി പരിഷ്കരണം ഉറച്ചായിരുന്നു റാവു അധികാരമേറ്റതുതന്നെ. തനിക്കൊപ്പമുള്ള സീനിയര്‍ രാഷ്ട്രീയ നേതാക്കളെയൊന്നും ശുഷ്കമായ പണപ്പെട്ടി ഏല്‍പ്പിച്ചില്ല അദ്ദേഹം. ധനകാര്യ വിദഗ്ധനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്റ്ററുമായ ഐ.ജി. പട്ടേലിനെ ധനമന്ത്രിയാക്കാനായിരുന്നു മോഹം. പട്ടേല്‍ അതു നിഷേധിച്ചതോടെ മന്‍മോഹനായി അവസരം. പിന്നീട് സോണിയ ഗാന്ധി സ്വയം വേണ്ടെന്നു വച്ചപ്പോഴാണു പ്രധാനമന്ത്രിസ്ഥാനത്തും മന്‍മോഹന്‍ എത്തിയതെന്നോര്‍ക്കുക. രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരം ചില ട്വിസ്റ്റുകള്‍ പതിവാണ്. ത്യജിക്കുന്നതും ഒഴിഞ്ഞുമാറുന്നതുമെല്ലാം മറ്റു ചിലര്‍ക്ക് അവസരമൊരുക്കുന്നു. 

ധനമന്ത്രിക്കസേരയിലെത്തിയ മന്‍മോഹന്‍റെ വിവാദമുയര്‍ത്തിയ ഓരോ പരിഷ്കരണ നീക്കങ്ങളിലും കരുത്തായതു റാവുവിന്‍റെ കടുകിട മാറാത്ത ഉറച്ച നിശ്ചയദാര്‍ഢ്യം. ഇന്നു വാഴ്ത്തിപ്പാടുന്ന മന്‍മോഹനിസം തഴച്ചുവളര്‍ന്നതിനു പിന്നില്‍ പാറപോലെ ഉറച്ചുനിന്ന, നിര്‍വികാരനെന്നു വിശേഷിപ്പിക്കപ്പെട്ട ഒരു പ്രധാനമന്ത്രിയുണ്ടെന്നര്‍ഥം. 

1991ല്‍ മന്‍മോഹന്‍ ധനമന്ത്രിയാവുമ്പോള്‍ രാജ്യത്തിന്‍റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 8.5 ശതമാനത്തിനടുത്ത്. കറന്‍റ് അക്കൗണ്ട് കമ്മി മൂന്നര ശതമാനത്തിനടുത്ത്. ഏതാനും ആഴ്ചയിലെ ഇറക്കുമതിക്കു മാത്രം തികയും വിധം വിദേശ നാണയ ശേഖരം 100 കോടിയോളം ഡോളര്‍. പിടിച്ചുനില്‍ക്കാന്‍ ഗതിയില്ലാതെ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യോടു സഹായം ചോദിക്കുന്നു സര്‍ക്കാര്‍. അവര്‍ നിബന്ധനകളുടെ കെട്ടഴിക്കുന്നു. ഇന്ത്യന്‍ വിപണി വിദേശ നിക്ഷേപകര്‍ക്കും അന്താരാഷ്ട്ര മത്സരത്തിനും തുറന്നുകൊടുക്കപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദം മുഴുവന്‍ സഹിച്ചതു റാവു തന്നെ. 1993ല്‍ കടപ്പത്ര കുംഭകോണം ധനമന്ത്രാലയത്തെ വരിഞ്ഞുമുറുക്കിയപ്പോള്‍ രാജിക്കൊരുങ്ങിയതാണു മന്‍മോഹന്‍. കുംഭകോണ സാധ്യതകള്‍ മുന്‍കൂട്ടി കാണാതിരുന്ന ധന മന്ത്രാലയത്തിന് എതിരായിരുന്നു പാര്‍ലമെന്‍ററി കമ്മിറ്റി റിപ്പോര്‍ട്ട് വരെ. എന്നാല്‍, രാജി നിരസിച്ച് മന്‍മോഹനെ കസേരയില്‍ ഉറപ്പിച്ചിരുത്തി റാവു. മറ്റു നിരവധി മേഖലകളിലെ പരാജയങ്ങള്‍ മൂലം 1996ലെ ജനവിധി റാവു സര്‍ക്കാരിനെതിരായി. നരസിംഹ റാവു ജനപ്രിയനല്ലാതെയും വന്നു. പക്ഷേ, പേരെടുത്ത മന്‍മോഹനിസം തഴച്ചു വളര്‍ന്നു. 

ഐക്യമുന്നണി, എന്‍ഡിഎ ഭരണങ്ങള്‍ക്കു ശേഷം അതേ മന്‍മോഹന്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ എട്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. വിദേശ നാണയ ശേഖരം 28,300 കോടി ഡോളറിലേക്കു വളര്‍ന്നിരിക്കുന്നു. ഇതിനിടെ (2007ല്‍) സാമ്പത്തിക വളര്‍ച്ച ഒമ്പതു ശതമാനം വരെ ഉയര്‍ന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യവും നാണയപ്പെരുപ്പ ഭീഷണിയും ബാധിക്കും വരെ വളര്‍ച്ചയുടെ തലയെടുപ്പിനെക്കുറിച്ചാണു മന്‍മോഹന്‍ സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത്. 

ജനക്ഷേമ പദ്ധതികളും കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുപോലുള്ള പോപ്പുലിസ്റ്റ് നയങ്ങളുമായി 2009ല്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരമേറ്റു മന്‍മോഹന്‍. സര്‍ക്കാര്‍ വീഴുമെന്ന ആശങ്കപോലും അവഗണിച്ച് ആണവ പദ്ധതിയുമായി മുന്നോട്ടുപോയ മന്‍മോഹന്‍റെ നിശ്ചയദാര്‍ഢ്യത്തിലും വിശ്വാസമര്‍പ്പിച്ചു ജനകോടികള്‍. ഉറപ്പുള്ള സര്‍ക്കാരിനു കൂടുതല്‍ മികച്ച ഭൂരിപക്ഷമാണു ജനം നല്‍കിയതും. ഇടതുപക്ഷ തടസങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സുവര്‍ണാവസരം. 

പക്ഷേ, രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ എല്ലാം തലതിരിഞ്ഞിരിക്കുന്നു. വളര്‍ച്ചാ കണക്കുകള്‍ തലകുത്തി വീണിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തില്‍ താഴെയായി. ധനക്കമ്മി ആറു ശതമാനത്തിന് അടുത്തെത്തി. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി രൂപ മാറി. അഴിമതി, കുംഭകോണ വിവാദങ്ങള്‍. പഴയ പ്രതിസന്ധികാലത്തെ ഓര്‍മിപ്പിക്കുന്ന സാഹചര്യങ്ങള്‍. ഒന്നിലും ഒരുറപ്പുമില്ലാത്ത, നിര്‍ജീവ സര്‍ക്കാര്‍ എന്ന ആരോപണങ്ങള്‍. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാര്‍ എന്ന പഴി ഉയര്‍ന്നു കേള്‍ക്കുന്നു. മമത ബാനര്‍ജിയുടെ ചൂണ്ടുവിരലില്‍ ഒതുങ്ങിയമരുന്നു വിദേശ നിക്ഷേപകരും വന്‍കിട വ്യവസായികളും പരിഷ്കാര മോഹികളും കാത്തുകാത്തിരിക്കുന്ന തീരുമാനങ്ങള്‍. വിദേശ നിക്ഷേപം പുറത്തേക്കു തിരിച്ചൊഴുകുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിച്ചതിനു പിന്നില്‍ ഈയൊരു സാഹചര്യമുണ്ട്. 

രാജ്യത്തിന്‍റെ വാണിജ്യ കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം) ഒരു വര്‍ഷം കൊണ്ട് 56 ശതമാനമാണ് ഉയര്‍ന്നത്. കയറ്റുമതി വളര്‍ച്ച കുറയുന്നതിനൊപ്പം ഇറക്കുമതി കൂടിക്കൊണ്ടേയിരിക്കുന്നു. വാണിജ്യക്കമ്മിയിലെ വന്‍ വര്‍ധന അടവുശിഷ്ട നിലയിലെ കറന്‍റ് അക്കൗണ്ട് കമ്മി നാലു ശതമാനത്തിനു മുകളിലാക്കി. ഇതും സ്വാധീനിക്കുന്നു രൂപയെ. ആഗോള സാഹചര്യങ്ങളും ആഭ്യന്തര അനിശ്ചിതത്വങ്ങളുമെല്ലാം ചേര്‍ന്ന് ഇതുവരെ നീട്ടിപ്പാടിയ നേട്ടങ്ങളുടെ മുനയൊടിക്കുമ്പോള്‍ ശക്തമായൊരു നേതൃത്വത്തിന്‍റെ അഭാവം എടുത്തുകാണിക്കപ്പെടുന്നു. കുതിപ്പിന്‍റെ ശില്‍പ്പി തന്നെ കിതപ്പിന്‍റെ വക്താവായി മാറുന്നു! 

സബ്സിഡികള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ രണ്ടു ശതമാനത്തില്‍ ഒതുക്കണമെന്നാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് അടുത്തിടെയും പറഞ്ഞു അദ്ദേഹം. പിന്നാലെയിതാ പെട്രോള്‍ വില ഉയര്‍ന്നിരിക്കുന്നു. മറ്റ് ഇന്ധനങ്ങളുടെ വിലയും കൂട്ടേണ്ടിവരും. നാണയപ്പെരുപ്പത്തെ കൂടുതല്‍ സഹായിക്കും ഈ നീക്കം. വിലക്കയറ്റത്തിന്‍റെ വികാരക്ഷോഭത്തില്‍ ഞെരുങ്ങും സര്‍ക്കാര്‍. ഘടകകക്ഷികള്‍ പോലും വാളെടുക്കും. നാലാം വര്‍ഷത്തിലും കയ്പ്പേറിയ ദിനങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിനെ കാത്തിരിക്കുന്നത്. 

സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സംഭാവന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമെന്നു വിലയിരുത്തുന്നവരുണ്ട്. നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ വര്‍ധിപ്പിച്ചു കൊണ്ടിരുന്നതു വളര്‍ച്ച മുരടിപ്പിച്ചു. സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ നിരന്തരം പൊളിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇനിയും ഉയരാന്‍ വഴിയൊരുങ്ങിക്കിടക്കുകയും ചെയ്യുന്നു! ഉള്ളി (സവാള) വില വര്‍ധന സര്‍ക്കാരുകളെ താഴെയിറക്കിയ രാജ്യത്താണിതെന്ന് ഓര്‍ക്കുക. 1980ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയെ തകര്‍ത്തു തിരിച്ചുവരാന്‍ ഇന്ദിരാ ഗാന്ധി ആയുധമാക്കിയത് ഉള്ളി വില. 1998ല്‍ ബിജെപിക്കു ഡല്‍ഹിയും രാജസ്ഥാനും നഷ്ടമായതിലും പ്രധാന പങ്കുണ്ട് ഉള്ളിക്ക്. 

ഫോക്കസ്

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. യുപിഎയിലെ സമുന്നത നേതാക്കള്‍ക്കൊപ്പം വേദി അലങ്കരിച്ച അദ്ദേഹം അവരോടു ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നു വര്‍ഷത്തെ സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡ് നെഞ്ചോടു ചേര്‍ത്തുപിടിച്ചാണു നില്‍പ്പ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞു മുലായത്തിന്‍റെ പാര്‍ട്ടി അധികാരം പിടിച്ചിട്ട്, മകന്‍ അഖിലേഷിനെ മുഖ്യമന്ത്രിക്കസേരയില്‍ വാഴിച്ചിട്ട്, മൂന്നു മാസം തികഞ്ഞിട്ടില്ല. സമാജ്വാദി പാര്‍ട്ടിയുടെ പ്രകടന പത്രിക രാഹുല്‍ ഗാന്ധി പ്രചാരണ വേദിയില്‍ പിച്ചിച്ചീന്തിയെറിഞ്ഞതടക്കം ഇരു പാര്‍ട്ടികളും തമ്മിലുള്ള “യുദ്ധം’ മറക്കാറായിട്ടില്ല. കേന്ദ്രത്തിലേതു കുംഭകോണങ്ങളുടെ സര്‍ക്കാര്‍ എന്ന് ഇപ്പോഴും പറയുന്നു എസ്പി നേതാക്കള്‍. അപ്പോഴും സെവന്‍ റേസ്കോഴ്സ് റോഡിലെ ഡിന്നര്‍ ടേബിളില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ ആസ്വദിച്ചിരിക്കാന്‍ മുലായം തയാര്‍! ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയത്തിലെ മറിമായങ്ങള്‍!

No comments:

Post a Comment