സച്ചിന്‍ രമേഷ് ടെന്‍ഡുല്‍കര്‍ ! ഹങ്ങനെ കാത്തുകാത്തിരുന്ന സെഞ്ച്വറിയും പിറന്നു, സെഞ്ച്വറികളാലൊരു സെഞ്ച്വറി. പ്രായം മുപ്പത്തിയൊന്‍പത് തികഞ്ഞു. കളിക്കുന്ന ഓരോ കളികളിലും ഫീല്‍ഡിലെ ഓരോ മിനിറ്റിലും പുതിയ റെക്കോര്‍ഡുകള്‍ പിറക്കുന്നു. ഇനി ഏകദിനങ്ങളില്‍ അരസെഞ്ച്വറികളാലൊരു സെഞ്ച്വറി, ഒരു നാലെണ്ണത്തിന്റെ കുറവുകൂടി മാത്രം. പിന്നെ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഓരോ കളിയും കളിക്കാം. കുറേ കളികള്‍ റണ്‍സെടുക്കാതെ വിടാം, പിന്നെ വിമര്‍ശകരുടെ നാവടക്കാനായി ഇടയ്ക്കോരോ സെഞ്ച്വറി...
ക്രിക്കറ്റിലൂടെ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം നിറവേറ്റിയ സച്ചിനു ഇനി രാജ്യസഭയിലിരുന്ന് രാജ്യസേവനം നടത്താനൊരു അവസരം ലഭിക്കുന്നു. ഐ.പി.എല്‍ അഞ്ചാം ഭാവത്തില്‍ ആഘോഷിക്കുമ്പോഴും സച്ചിന്റെ രാഷ്ട്രീയപ്രവേശമാണ് ഇപ്പോള്‍ കായികലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. കായികലോകം മാത്രമല്ല, രാഷ്ട്രീയരംഗവും സച്ചിനു പിന്നാലെ തന്നെ. മറ്റുള്ളവര്‍ അകലെയിരുന്നു പതിവുപോലെ സച്ചിന്റെ കളി കാണുന്നു, അഭിപ്രായം പറയുന്നു, വിമര്‍ശിക്കുന്നു.
അതായത്, കാക്കേടെ വിശപ്പും മാറി പശൂന്റെ കടീം മാറി. സര്‍വ്വജനസമ്മതനായ ഒരു താരത്തെ തിരഞ്ഞെടുത്തു കൊണ്ട് എതിര്‍പ്പുകളുടെ തലവേദന കോണ്‍ഗ്രസ്സ് ഒഴിവാക്കി. ഒപ്പം മറ്റുള്ളവര്‍ക്ക് ചര്‍ച്ച ചെയ്ത് തൃപ്തിയടയാന്‍ പുതിയൊരു വിഷയം കൂടി. അങ്ങനെ ആ കാക്കേടെ വിശപ്പ് അവിടെ ഏതാണ്ടൊക്കെ തീരുന്നു.
ഇനി അത് തകര്‍ക്കപ്പെടാനുള്ള സാധ്യതയോ? ഏകദിനത്തില്‍ പോണ്ടിങ്, ജയസൂര്യ, ഇന്‍സമാം, ജാക്ക് കാലിസ് എന്നിവരാണ് സച്ചിനു പിന്നില്‍. അവരില്‍ ജയസൂര്യയും ഇന്‍സമാമും നേരത്തേ വിരമിച്ചു കഴിഞ്ഞു. മുപ്പത്തിയൊന്‍പതു വയസ്സുള്ള സച്ചിനു പിന്നില്‍ പിന്നീട് ബാക്കിയുള്ളത് മുപ്പത്തിയേഴുകാരന്‍ പോണ്ടിങും മുപ്പത്തിയാറുകാരന്‍ കാലിസും മാത്രം. അങ്ങേയറ്റം രണ്ടോ അല്ലെങ്കില്‍ മൂന്നോ വര്‍ഷം കൂടി മാത്രം കളിക്കളത്തില്‍ തുടരുന്ന പോണ്ടിങ് അല്പം കഷ്ടപ്പെട്ടാലും സച്ചിന്റെ ഏകദിന സമ്പാദ്യവുമായുള്ള വ്യത്യാസം അയ്യായിരത്തോളം റണ്‍സ് എന്ന കണക്ക് ഒരല്പം കുറയ്ക്കാമെന്നതല്ലാതെ മറികടക്കാനാവില്ല. മുപ്പത്തിയാറുകാരനായ കാലിസിന്റെ കാര്യവും തഥൈവ. ഏഴായിരത്തോളം റണ്‍സിന്റെ വ്യത്യാസമാണ് ഒന്നാം സ്ഥാനക്കാരനും അഞ്ചാമനും തമ്മിലുള്ളത്.അതിനൊരു ബാല്യം കാലിസിനില്ല.
അങ്ങനെ ഇരുപത്തിമൂന്നു വര്‍ഷം സ്വന്തം ആഗ്രഹം പോലെ ഭാരതത്തിനു വേണ്ടി കളിച്ചു. അപ്പോഴും ഒരു സംശയം, ബി.സി.സി.ഐ ബോധിപ്പിച്ചത് ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ടീമില്ല, ഉള്ളത് ബി.സി.സി.ഐക്കു മാത്രമാണത്രേ. അപ്പോള്‍ ചിലര്‍ക്കൊരു സംശയം, സച്ചിന്‍ കളിക്കുന്നത് ഭാരതത്തിനു വേണ്ടിയോ അതോ ബി.സി.സി.ഐക്കു വേണ്ടിയോ എന്ന്! എങ്കിലും ഭാരതത്തിനു വേറൊരു ടീമില്ല എന്ന സത്യം മനസ്സിലാക്കി സമാധാനിക്കാം.
ആകെപ്പാടെ എല്ലാം കൂടിക്കുഴഞ്ഞ ഒരു അവസ്ഥ അല്ലേ? അതു തന്നെയാണ് കുറച്ച് കാലമായി സച്ചിന്റെ കാര്യവും. കുറേ നാള്‍ ഒരു സെഞ്ച്വറിക്കു വേണ്ടി കാത്തിരുന്നു ബഹളം. പിന്നെ വിരമിക്കണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍. അതിനിടെയാണ് പുതിയ വാര്‍ത്ത, സച്ചിനൊരു രാജ്യസഭാ സീറ്റ്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്, സച്ചിനോട് ചോദിക്കാതെയോ സമ്മതം വാങ്ങാതെയോ ആവില്ല കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം. സിനിമാതാരം രേഖയ്ക്കൊപ്പം സച്ചിനെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം പല ചോദ്യങ്ങള്‍ക്ക് ഉത്തരവും, പുതിയ പല ചോദ്യങ്ങളും നല്‍കുന്നു. ഈ വാര്‍ത്തയെക്കുറിച്ചുള്ള പല പ്രശസ്തരുടേയും അഭിപ്രായപ്രകടനങ്ങളില്‍ അതു പലതും കാണാം.
'മുങ്ങുന്ന കപ്പലായ യു.പി.എ. സര്‍ക്കാര്‍ ഏറെ സമ്മര്‍ദം ചെലുത്തിയാവണം സച്ചിന്റെ സമ്മതം വാങ്ങിയത്. ഇപ്പോഴത്തെ മറ്റു പല പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായിട്ടാണ് സച്ചിനേയും രേഖയേയും നോമിനേറ്റ് ചെയ്തത്. സച്ചിനെ സംബന്ധിച്ചിടത്തോളം സര്‍വ്വജനസമ്മതനാണ്, ആരും എതിര്‍ക്കുകയുമില്ല, അതാണ് പ്രധാന ലക്ഷ്യം'
- ബാബാ രാംദേവിന്റെ അഭിപ്രായമാണിത്. എന്നാല്‍ സപ്പോര്‍ട്ടിനും പല ഇതരവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാനും തന്നെയാണ് ഈ പ്രഖ്യാപനം എന്നത് അംഗീകരിക്കാവുന്ന ഒരു വസ്തുതയാണ്.
ഈ വിഷയം രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഏറെ പ്രാധാന്യമുളവാക്കുന്നതാണ്. രാഷ്ട്രീയത്തിലെ കാര്യങ്ങളാണെങ്കില്‍ കഷ്ടമാണ്. ഇറ്റാലിയന്‍ കപ്പല്‍ ഒഴുക്കി വിട്ടപ്പോള്‍ സ്വന്തം കപ്പല്‍ മുങ്ങുന്ന അവസ്ഥയിലാണ് കേന്ദ്രം. അതൊന്നു പൊക്കിയെടുക്കണമെങ്കില്‍ വമ്പന്മാര്‍ ആരെങ്കിലും തന്നെ വേണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ആ ബോധോദയമാണ് ടെന്‍ഡുല്‍ക്കറിലും രേഖയിലും എത്തി നില്‍ക്കുന്നത്.
സ്വതേ നാവിനു പകരം ബാറ്റ് ഉപയോഗിച്ച് മാത്രം മറുപടി പറഞ്ഞു ശീലിച്ചയാളാണ് സച്ചിന്‍. നാവുകൊണ്ട് നാവടക്കിയ സംഭവങ്ങള്‍ നന്നേ കുറവാണ്. അങ്ങനെ ഒരാള്‍ രാഷ്ട്രീയത്തിലെത്തി മിണ്ടാതിരുന്നാല്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കൊക്കെ അറിയുമോ എന്തോ... പക്ഷേ ആ സ്വഭാവം മറ്റൊരു തരത്തില്‍ നല്ലതാണ്. നാവിനു പകരം ബാറ്റ് കൊണ്ട് മറുപടി പറയുക എന്നാല്‍ വാചകമടിക്കാതെ പ്രവര്‍ത്തിച്ച് കാണിക്കുക എന്നൊരു അര്‍ത്ഥം കൂടി ഉണ്ടാവുമല്ലോ, എന്തെങ്കിലുമൊക്കെ ചെയ്തു കാണിച്ചാല്‍ നന്നായി. എങ്കിലും വാചകമടിക്കാതെ എങ്ങനെയാണാവോ രാഷ്ടീയക്കളത്തില്‍ പയറ്റുന്നത്. സച്ചിന്റെ ഈ സ്വഭാവസവിശേഷതകളൊക്കെ നന്നായറിയാവുന്നവരെ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം ഞെട്ടിച്ചു, പക്ഷേ സച്ചിന്റെ സമ്മതമുണ്ടെന്നതാണ് കൂടുതല്‍ ഞെട്ടിച്ചത്.
സച്ചിന്റെ വരവിനെ സ്വാഗതം ചെയ്യുകയാണ് രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും. എന്നാല്‍ അവരില്‍ ഭേദപ്പെട്ട ഒരു പ്രതികരണം നല്‍കുന്നത് കണ്ടത് ബി.ജെ.പി ലെജിസ്ലേറ്റര്‍ മാധവ് ഭണ്ടാരി ആണ്.
"ഒരു ടെന്‍ഡുല്‍ക്കര്‍ ഫാന്‍ എന്ന നിലയില്‍ ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു, പക്ഷെ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെത്തുമ്പോള്‍ അത് അദ്ദേഹത്തിന്റെ പാഷന്‍ ആയ ക്രിക്കറ്റിനെ ബാധിക്കും. അദ്ദേഹത്തിനു ഭാരത് രത്ന നല്‍കാതിരിക്കാനുള്ള യു.പി.ഏ യുടെ അടവായും ഇതു വ്യാഖ്യാനിക്കാം."
അപ്പോള്‍ പറഞ്ഞുവന്നത്... സച്ചിനു ഭാരത് രത്ന നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യട്ടെ, സച്ചിന്‍ രാജ്യസഭയില്‍ എത്താന്‍ എങ്ങനെ സമയം കണ്ടെത്തുമെന്നാണറിയേണ്ടത്. ടെസ്റ്റിലും ഏകദിനത്തിലും ഐ.പി.എല്ലിലും ഇപ്പോഴും കളിക്കുന്ന സച്ചിന്‍ ഇതിനിടെ എങ്ങനെ നാട്ടുകാരുടെ കാര്യം നോക്കും? കഴിഞ്ഞ വര്‍ഷം അന്തര്‍ദ്ദേശീയ ക്രിക്കറ്റും ഐ.പി.എല്ലുമായി അറുപത്തിയേഴു ദിവസം സച്ചിന്‍ ഫീല്‍ഡില്‍ ആയിരുന്നു. എങ്കിലും യാത്രകളും തയ്യാറെടുപ്പുകളുമായി ഇരുനൂറ്റിപ്പത്തു ദിവസവും തിരക്കു തന്നെ. രാജ്യസഭയിലെ പ്രധാന സമ്മേളനങ്ങളും ബജറ്റ് അവതരണവും മറ്റും ക്രിക്കറ്റ് കലണ്ടറിലെ തീയതികളുമായി അടുപ്പമുള്ളതാണെന്നത് തികച്ചും യാദൃശ്ചികം മാത്രമാണേ... ചുരുക്കം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം മുക്കാലും സച്ചിന്‍ ക്രിക്കറ്റിന്റെ കൂടെ തന്നെയായിരുന്നു. അപ്പൊ പറഞ്ഞുവരുന്നതു മറ്റൊന്നും തന്നെയല്ല, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ !
ഇനി പശൂന്റെ കടിയുടെ കാര്യം. അതും, നേരത്തെ പറഞ്ഞു കൊണ്ടിരുന്ന (ക്രിക്കറ്റിലും ഈ പ്രഖ്യാപനം ഉളവാക്കിയ പ്രാധാന്യം) കാര്യവും ഒന്നിച്ചാണ് പറയേണ്ടത്. സച്ചിനാണെങ്കില്‍ നൂറാം സെഞ്ചുറിക്കു വേണ്ടി കുറേ കാത്തിരുന്നു, വിരമിക്കാന്‍ പറഞ്ഞ പലരോടും ദേഷ്യം മൂത്ത് പലതും പറയണ്ടതായി വന്നു, ഉടനെ വിരമിക്കില്ല, വിരമിച്ചാല്‍ വ്യക്തിഗത നേട്ടമായ നൂറാം സെഞ്ചുറിക്കു വേണ്ടിയാണ് ഇത്ര നാളും ടീമില്‍ കടിച്ചു തൂങ്ങി കിടന്നതെന്ന് പലരും പറയും. ഇതിപ്പോള്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. രാജ്യസേവനമെന്ന പേരില്‍ രാഷ്ട്രീയത്തിലേക്കിറങ്ങി സമയമില്ല എന്ന കാരണത്താല്‍ പതിയെ ക്രിക്കറ്റില്‍ നിന്നു വിരമിക്കുക..
ആദ്യം പറഞ്ഞ പോലെ ഇനി തിരുത്തിക്കുറിക്കാന്‍ അതിപ്രധാനമായ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ല. പിന്നെയുള്ളത് അരസെഞ്ച്വറികള്‍ കൊണ്ടൊരു സെഞ്ച്വറി. അതു വെറും നാലെണ്ണം അപ്പുറെ. വേറെന്താണ് ഇനി തിരുത്താന്‍? ഇനി സച്ചിന്റെ റെക്കോര്‍ഡ് വേറാര്‍ക്കെങ്കിലും തിരുത്തണോ, കുറചു കാലം പിടിയ്ക്കും ! ഏകദിനത്തില്‍ പതിനെണ്ണായിരത്തിലധികവും ടെസ്റ്റില്‍ പതിനയ്യായിരത്തിലധികവും റണ്‍സോടെ വേട്ടയില്‍ സച്ചിന്‍ തന്നെയാണ് മുന്നില്‍.
ഇനി ടെസ്റ്റില്‍ നോക്കിയാല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഈ മൂന്ന് പേര്‍ കൂടാതെയുള്ളത് ദ്രാവിഡും ലാറയുമാണ്. ഇരുവരും വിരമിച്ചുകഴിഞ്ഞു. സച്ചിനു പോണ്ടിങ്ങുമായുള്ള വ്യത്യാസം ഏകദേശം രണ്ടായിരം റണ്‍സ് മാത്രം. കാലിസുമായി കഷ്ടിച്ച് മൂവായിരം റണ്‍സും. രണ്ടു പേരും ഒന്നു ശ്രമിച്ചാല്‍ എന്തെങ്കിലുമൊക്കെ നടക്കും.
ചുരുക്കം പറഞ്ഞാല്‍ സച്ചിന്റെ രാഷ്ട്രീയ പ്രവേശനത്തെ നമുക്കിങ്ങനെ വ്യാഖ്യാനിക്കം. ഏകദിനത്തില്‍ നിന്ന് ഏറെ താമസിയാതെ വിരമിച്ചേക്കും. റെക്കോര്‍ഡ് തിരുത്തപ്പെടാതിരിക്കാന്‍ ഒരു പക്ഷേ ഒരു വര്‍ഷം കൂടി കളിച്ച് റണ്‍ മലയുടെ നീളം കൂട്ടാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ കാര്യങ്ങളുടെ രണ്ടിലൊന്ന് അറിയുവാന്‍ ഈ പ്രഖ്യാപനത്തിന്റെ പരിണിതഫലങ്ങള്‍ പ്രതീക്ഷിച്ചിരിക്കം. അങ്ങനെ സച്ചിന്‍ രാഷ്ട്രീയത്തിലേക്ക് വിരമിക്കുന്നു എന്നു പ്രതീക്ഷിക്കാം !
അനന്തു വാസുദേവ്
No comments:
Post a Comment