Monday, May 21, 2012

ഇങ്ങനെയൊരു ഐ.പി.എല്‍ എന്തിന്‌?


ക്രിക്കറ്റ്‌ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കായികവിനോദമാണ്‌. 1983-ല്‍ ലോര്‍ഡ്‌സിലെ പുല്‍ത്തകടിയില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിശ്വകിരീടം ഉയര്‍ത്തിയതോടെയാണ്‌ ക്രിക്കറ്റ്‌ ഒരു വികാരമായി ഇന്ത്യന്‍ ജനതയില്‍ ആഴത്തില്‍ വേരോടിയത്‌. തുടര്‍ന്നിങ്ങോട്ട്‌ ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വാധിനം വളര്‍ന്നു വലുതായി.
ക്രിക്കറ്റ്‌ എന്ന കായികവിനോദത്തിന്‌ ഒപ്പം അതിലെ ബിസിനസ്‌ സാധ്യതകളും ആകാശത്തോളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനതയ്‌ക്ക്‌ ക്രിക്കറ്റിനോടുള്ള ഇഷ്‌ടത്തെ കോടികളാക്കി മാറ്റിയെടുക്കുകയാണ്‌ ഇവിടുത്തെ ക്രിക്കറ്റ്‌ ഭരണാധികാരികളും കളിക്കാരും വന്‍കിട കോര്‍പറേറ്റുകളും. അങ്ങനെയിരിക്കെയാണ്‌ ക്രിക്കറ്റിലെ കുട്ടിരൂപമായ 20-ട്വന്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ അഥവാ ഐപിഎല്‍ എന്ന പേരില്‍ ഒരു കാര്‍ണിവല്‍ ബിസിസിഐ സംഘടിപ്പിക്കുന്നത്‌.
ക്രിക്കറ്റിനെ കച്ചവടമാക്കുന്നതില്‍ ഏറെ വിജയിച്ചിട്ടുളള ലളിത്‌ മോഡി എന്ന കൗശലക്കാരനെ ഐപിഎല്ലിന്റെ ചുമതലക്കാരനാക്കി. ചിയര്‍ ഗേള്‍സിന്റെ അര്‍ദ്ധ നഗ്‌ന നൃത്തവും കോടികള്‍ കിലുങ്ങിയ താരലേലവും മല്‍സരദിവസങ്ങളിലെ നിശാപാര്‍ട്ടിയുമൊക്കെയായി മോഡി ഐപിഎല്ലിനെ മറ്റൊരു തലത്തിലേക്ക്‌ എത്തിച്ചു. എന്നാല്‍ പിന്നീടാണ്‌ മോഡിയുടെ കള്ളക്കച്ചവടങ്ങളും സുതാര്യമല്ലാത്ത ഇടപാടുകളും പുറംലോകം അറിയുന്നത്‌. ക്രിക്കറ്റിനെ വിറ്റ്‌ കോടികളുണ്ടാക്കിയ മോഡി ഇന്ത്യയെ വഞ്ചിച്ച്‌ അന്യരാജ്യങ്ങളില്‍ സുഖമായി കഴിയുന്നു.
മോഡിയെ പുറത്താക്കി ചിയരൂ അമന്‍ എന്ന മരുന്നു വ്യവസായിയെ ഐപിഎല്‍ ചുമതലക്കാരനാക്കിയ ബിസിസിഐ, ഐപിഎല്‍ കൂടുതല്‍ സുതാര്യമാണെന്ന്‌ പ്രഖ്യാപിച്ചു. എന്നാല്‍ ഓരോ സീസണ്‍ കഴിയുമ്പോഴും ഐപിഎല്‍ വിവാദങ്ങളില്‍ കുടുങ്ങിയാണ്‌ മുന്നേറുന്നത്‌. കൊച്ചി ടീമിന്റെ നിരോധനവും ഒത്തുകളിയും ഷാരൂഖിന്റെ വാംഖഡെ വിലക്കും, ഒടുവില്‍ സ്‌ത്രീപീഡനം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ഇന്ത്യ തിരയുന്ന അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ഇടപെടലിലൂടെ ഐപിഎല്ലില്‍ കോടികളുടെ ഒത്തുകളിയാണ്‌ നടക്കുന്നത്‌. കഴിഞ്ഞദിവസം വാതുവെയ്‌പ്പിന്‌ പിടിലായവര്‍ പൊലീസിന്‌ നല്‍കിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌. ഒരു ലങ്കന്‍താരം 10 കോടി രൂപ കോഴ വാങ്ങിയത്രെ. കൂടാതെ ഇന്ത്യക്കാരായ കളിക്കാരും കോഴ വാങ്ങിയിട്ടുണ്ട്‌ എന്നും വെളിപ്പെടുത്തലുണ്ട്‌.
കൂടുതല്‍ പണം ലഭിക്കുന്നതുകൊണ്ടുമാത്രമാണ്‌ പല കളിക്കാരും ഐപിഎല്ലിന്‌ എത്തുന്നത്‌. രാജ്യത്തിന്‌ വേണ്ടി കളിക്കുന്നതിനേക്കാള്‍ പ്രാമുഖ്യം ഐപിഎല്ലിന്‌ നല്‍കുന്നതിന്‌ കാരണം ഇതാണ്‌. എത്രയോകാലമായി ക്രിസ്‌ ഗെയ്‌ല്‍ വെസ്‌റ്റ്‌ഇന്‍ഡീസ്‌ ദേശീയ ടീമിനായി കളിക്കുന്നില്ല. പക്ഷെ കോടികള്‍ ലഭിക്കുന്ന ഐപിഎല്ലില്‍ കളിക്കാനും കൂടുതല്‍ റണ്‍സ്‌ നേടാനും ഗെയ്‌ലിന്റെ ആവേശം ഒന്നുവേറെ തന്നെയാണ്‌. ഇതില്‍നിന്ന്‌ പണത്തോടുള്ള ആര്‍ത്തിയാണ്‌ പലരെയും ഐപിഎല്ലിലേക്ക്‌ അടുപ്പിക്കുന്നതെന്ന്‌ മനസിലാകും. ഇനി പണത്തിന്റെ കാര്യം പോകട്ടെ, എന്തിനാണ്‌ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്‌. അതുകൊണ്ടാണല്ലോ കഴിഞ്ഞദിവസം ഓസീസ്‌ താരം ലൂക്ക്‌ പോമര്‍ബാഷ്‌ സ്‌ത്രീപീഡനത്തിന്‌ അറസ്‌റ്റിലായത്‌. എന്തൊരു നാണംകെട്ട സംഭവമായിരുന്നു അത്‌. ഇത്തരം വൃത്തികേടുകള്‍ക്കെല്ലാം അവസരമൊരുക്കുന്നത്‌ ബിസിസിഐയാണ്‌. 
ക്രിക്കറ്റിനോടുള്ള ഇഷ്‌ടം കൊണ്ടാണ്‌ ഇന്ത്യയിലെ കോടികണക്കിന്‌ വരുന്ന സാധാരണക്കാര്‍ ഐപിഎല്‍ കാണാന്‍ ടിവിക്ക്‌ മുന്നിലും സ്‌റ്റേഡിയത്തിലും തടിച്ചുകൂടുന്നത്‌. എന്നാല്‍ ആരാധകരുടെ കളിപ്രേമത്തെ എത്രത്തോളം വിറ്റുകാശാക്കാനുള്ള ശ്രമമാണ്‌ ബിസിസിഐയും കോര്‍പറേറ്റുകളും ചാനലുകളും നടത്തുന്നത്‌. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ സ്വാധീനം കാരണം ഫുട്‌ബോള്‍, ദേശീയഗെയിം എന്ന പേപ്പറില്‍ മാത്രം കാണപ്പെുന്ന ഹോക്കി, അത്‌ലറ്റിക്‌സ്‌ ഇവയ്‌ക്കൊന്നും ഒരു വളര്‍ച്ചയും ഉണ്ടാകുന്നില്ല എന്നത്‌ വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യമാണ്‌. നൂറുകോടിയിലധികം ജനസംഖ്യയുണ്ടായിട്ടും കായികലോകത്ത്‌ ഇന്ത്യ ഒന്നുമാകാത്തതിന്റെ ഉത്തരമാണ്‌ ക്രിക്കറ്റും ഐപിഎല്ലുമൊക്കെ. ഇത്തരത്തില്‍ നാണക്കേടുകളും വിവാദങ്ങളും ഒത്തുകളിയും കൊടികുത്തിവാഴുന്ന ഐപിഎല്‍ ഇനിയും തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ടോയെന്ന്‌ ചിന്തിക്കേണ്ടത്‌ ബിസിസിഐയാണ്‌...

No comments:

Post a Comment