Sunday, May 6, 2012

റുഷ്ദിയും വിവാദവും പാക്കിസ്ഥാന്‍ വരെ




എന്നും വിവാദങ്ങളുടെ നടുവിലായിരുന്നു സല്‍മാന്‍ റുഷ്ദി. ഒരു വിഭാഗം ആളുകളുടെ അപ്രീതിക്ക് എന്നും ഈ ഇന്ത്യന്‍ വംശജനായ ഇംഗ്ലിഷ് എഴുത്തുകാരന്‍ ഇരയായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. എഴുത്തിലും ജീവിതത്തിലും എന്നും റുഷ്ദി ഒരു വിവാദ നായകനായിരുന്നു. എഴുത്തിലെയും ജീവിതത്തിലെയും ഈ വ്യത്യസ്തത ഒരു കൂട്ടം ജനങ്ങള്‍ എന്നുംശ്രദ്ധിച്ചുകൊണ്ടുമിരുന്നു. ലോകത്തിന്‍റെ എല്ലായിടങ്ങളിലും റുഷ്ദിയെ വെറുക്കുന്നവരുണ്ടാകാം; അതുപോലെ റുഷ്ദിയിലെ എഴുത്തുകാരനെ, പ്രതിഭയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുമുണ്ട്.

1986 സെപ്റ്റംബര്‍ 26നു ബ്രിട്ടനില്‍ സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ച നാള്‍ തൊട്ട് ഇന്നു വരെ റുഷ്ദിമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എണ്ണിയാല്‍ തീരാത്തത്രയുണ്ട്. ജനുവരിയില്‍ രാജസ്ഥാനില്‍ നടന്ന ജയ്പ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതേയുള്ളൂ. ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരുന്ന റുഷ്ദിക്കെതിരേ വിവിധ സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണി സര്‍ക്കാരിനെയും സംഘാടകരെയും കുറച്ചൊന്നുമല്ല കുഴക്കിയത്. റുഷ്ദി പങ്കെടുക്കുമെന്നു വിചാരിച്ചിരുന്നവരെല്ലാം നിരാശരായി. വിഡിയൊ കോണ്‍ഫറന്‍സിങ് പോലും അനുവദിച്ചില്ല. രാജ്യത്തിന്‍റെ മാത്രമല്ല, ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നും സംഭവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ന്നു. ബ്ലോഗിലും ഫെയ്സ്ബുക്കിലും സംഭവം കത്തിപ്പടര്‍ന്നു.

പാക്കിസ്ഥാനിലെ പെഷവാര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടതാണ് എറ്റവും പുതിയ വിവാദം. റുഷ്ദിയുടെ ലോകപ്രശസ്ത കൃതികളായ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ (ങശറിശഴവ'േ െഇവശഹറൃലി), ഷെയിം (ടവമാല) എന്നീ നോവലുകള്‍ പെഷവാര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇംഗ്ലിഷ് ആന്‍ഡ് അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എംഫില്‍, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കാണു നോവലുകള്‍ പഠിക്കാനുള്ളത്. ഡിപ്പാര്‍ട്ട്മെന്‍റ് ഫാക്കല്‍റ്റി ബോര്‍ഡ് പുസ്തകകങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

റുഷ്ദിക്കെതിരേ സര്‍വകലാശാലയിലും പുറത്തും പ്രക്ഷോഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു വിദ്യാര്‍ഥികള്‍. മതനിന്ദയും ദൈവനിഷേധവും പ്രചരിപ്പിക്കുന്നു എന്ന് ആക്ഷേപമുള്ള റുഷ്ദിയുടെ കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ അക്കാഡമിക് കൗണ്‍സിലിനിനെതിരേ കടുത്ത വിമര്‍ശനമാണു വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്. അക്കാഡമിക് കണ്‍സിലില്‍ പുസ്തകം ഉള്‍പ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ചപോലും നടന്നിട്ടില്ലെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. അക്കാഡമിക് കൗണ്‍സിലിലെ ഒരു മെംബര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്നു കൈമലര്‍ത്തിയതും വിദ്യാര്‍ഥികളെ കൂടുതല്‍ രോക്ഷാകുലരാക്കി.

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍, ഷെയിം എന്നീ നോവലുകള്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലും ഷെയിം പാക്കിസ്ഥാന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടും. രണ്ടു നോവലുകളും എഴുത്തുകാരന്‍ എന്ന നിലയില്‍ റുഷ്ദിയുടെ പ്രതിഭ വെളിച്ചപ്പെടുന്ന കൃതികളാണ്. എന്നാല്‍ വിട്ടൊഴിയാത്ത വിവാദങ്ങളും ഇതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ രാത്രിയില്‍ ജനിച്ച സലീം സിനായ് എന്ന കുട്ടിയിലൂടെ മുന്നോട്ടു പോകുന്നു. സലീം സിനായിയുടെ ജനനത്തിനും 32 വര്‍ഷം മുന്‍പ്, 1915ലാണ് നോവല്‍ ആരംഭിക്കുന്നത്. 1915 തുടങ്ങി 1977 വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയവും ജനതയുടെ ജീവിതവും ഇന്ത്യയിലെ മുസ്ലിം കുടുംബങ്ങളുടെ ജീവിതവും ഇതില്‍ പ്രതിപാദിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട ചില ഏടുകളിലൂടെയും നോവല്‍ സഞ്ചരിക്കുന്നു- ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല, ക്വിറ്റ് ഇന്ത്യ സമരം, സ്വാതന്ത്ര്യം, ഇന്ത്യ-പാക്ക് വിഭജനം, അടിയന്തരാവസ്ഥ തുടങ്ങിയ സംഭവങ്ങള്‍ ഒരു സാധാരണ പൗരന്‍റെ കാഴ്ചയിലൂടെ വരച്ചിടുന്നു. വിവാദങ്ങള്‍ ഏറെ ക്ഷണിച്ചുവരുത്തിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ഇന്ദിര ഗാന്ധിയുടെ അപ്രീതിയും പിടിച്ചുപറ്റിയിരുന്നു. 1981ല്‍ പുറത്തിറങ്ങിയ നോവല്‍ ബുക്കര്‍ പ്രൈസ് ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ റുഷ്ദിക്കു നേടിക്കൊടുത്തവയാണ്.

മിഡ്നൈറ്റ്സ് ചില്‍ഡ്രനു ശേഷം 1983ല്‍ പുറത്തിറങ്ങിയ ഷെയിം എന്ന നോവലിന്‍റെ അടിത്തറ പാക്കിസ്ഥാനിലെ രാഷ്ട്രീയ പശ്ചാത്തലമാണ്. വ്യാപക അന്താരാഷ്ട്ര പ്രശംസയും അപ്രീതിയും പിടിച്ചുപറ്റിയ നോവല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെയും മുഹമ്മദ് സിയ ഉള്‍ ഹഖിന്‍റെയും ജീവിതം തുറന്നിടുന്നവയാണെന്നു കാണാന്‍ കഴിയും. പാക്കിസ്ഥാനിലെ രാഷ്ട്രീയം, മതവും പ്രശ്നങ്ങളും, അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വം തുടങ്ങിയ വിഷയങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുകയും അനാവരണം ചെയ്യുകയും ചെയ്യുന്നു.

ഈ രണ്ടു നോവലുകളും ഇന്ത്യയിലും പാക്കിസ്ഥാനിലും വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടിണ്ട്. എന്നാല്‍ പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയില്‍ നോവലിന്‍റെ പേരില്‍ റുഷ്ദിക്കു പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സാത്താനിക് വേഴ്സസ് എന്ന നോവലിലൂടെ മുസ്ലിം ജനതയുടെ അപ്രീതിക്കു പാത്രമായി തീര്‍ന്ന റുഷ്ദിക്കെതിരേ ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിരുന്നു.

ദൈവനിന്ദ ചെയ്യുന്നവന്‍ എന്ന് ആരോപണമുള്ള സല്‍മാന്‍ റുഷ്ദിയുടെ നോവലുകള്‍ പഠനത്തിനു നിര്‍ദേശിച്ചതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്തിയില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയിലും പൊതു സമൂഹത്തിലും വീണ്ടും റുഷ്ദി വിരോധ ചലനങ്ങള്‍ ഉണ്ടാക്കുമോ. 

No comments:

Post a Comment