Monday, May 7, 2012

നദീസംയോജനപദ്ധതിയും കേരളവും


ഏതാണ്ട് മൂന്നു പതിറ്റാണ്ടിലധികമായി കേന്ദ്രസര്‍ക്കാരിന്റെയും കോടതികളുടെയും പരിഗണനയിലായിരുന്ന നദീസംയോജനമെന്ന മെഗാപദ്ധതി സംബന്ധിച്ച് ഫെബ്രുവരി 27നു് സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജ. കപാഡിയ അടക്കമുള്ള മൂന്നംഗബഞ്ചാണ് ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിധി പ്രഖ്യാപിച്ചത്.

കോടതിവിധിയില്‍ പറയുന്നതുപോലെ കോടതിയുടേത് കേവലമായ ഒരാഗ്രഹപ്രകടനമല്ല,നദീസംയോജനം നടപ്പിലാക്കിക്കൊള്ളണമെന്ന ശാസനയാണ് ഈ വിധി. ഇതോടെ 2002ലെ വിലനിലവാരമനുസരിച്ച് 5,60,000 കോടിരൂപ ചെലവു കണക്കാക്കപ്പെട്ടിരിക്കുന്ന ഈ പദ്ധതി (ഇന്ന് ഈ ചെലവ് ഇരട്ടിയിലേറെയായിരിക്കും) നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഈ പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്നവരുടെ കമ്മിറ്റിയും നടപ്പിലാക്കിയില്ലെങ്കിലുള്ള ഭവിഷ്യത്തും എല്ലാം കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ട്. പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാന്‍ Amicus curieയ്ക്കു് (അഭിഭാഷക സുഹൃത്ത്) അധികാരവും നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഫെബ്രുവരിയിലെ സുപ്രീംകോടതിവിധി നദീസംയോജനപദ്ധതി നടപ്പിലാക്കിയേതീരു എന്നനിലയില്‍ കാര്യങ്ങളെ എത്തിച്ചിരിക്കുന്നു.
ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കേണ്ടത്? ഇതിന്റെയൊക്കെ നേട്ടങ്ങളും കോട്ടങ്ങളുമെന്ത്? ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? നദീസംയോജനപദ്ധതി കേരളത്തെ ഏതുവിധമാണ് ബാധിക്കുക? ഇവയൊക്കെ സാമാന്യമായി പരിശോധിക്കുവാനാണിവിടെ ശ്രമിക്കുന്നത്. എന്നാല്‍ അതിലേക്കു കുടക്കുന്നതിനു മുമ്പ് സുപ്രീംകോടതി വിധിയുടെ അന്തര്‍ധാരകളെപ്പറ്റി ഒന്നു പരാമര്‍ശിക്കേണ്ടതുണ്ട്.

നദീസംയോജനം: സുപ്രീംകോടതി വിധിയുടെ അന്തരാര്‍ത്ഥങ്ങള്‍
സുപ്രീംകോടതിവിധിക്ക് ആധാരമായ ഹര്‍ജികളില്‍ പ്രധാനപ്പെട്ടത് നദികളുടെ ദേശസാത്ക്കരണം ആവശ്യപ്പെട്ടുകൊണ്ടു നല്‍കിയ ഹര്‍ജിയായിരുന്നു. 2002ലെ സ്വാതന്ത്ര്യദിനത്തലേന്ന് ഇന്ത്യയുടെ രാഷ്ട്രപതി രാജ്യത്തോടായി ചെയ്ത പ്രസ്താവനയില്‍ നദീസംയോജനപദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പ്രസിഡന്‍ഷ്യല്‍ റഫറന്‍സായി കണക്കിലെടുത്തുകൊണ്ടുകൂടിയാണ് ഈ കേസ് സുപ്രീംകോടതി പരിഗണിച്ചത്. മറ്റുചില പൊതുതാത്പര്യ ഹര്‍ജികളും ഇതിനോടൊപ്പമുണ്ടായിരുന്നു. പ്രസക്തമായ സംഗതി, നദികളുടെ ദേശസാത്കരണമാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രധാന ഹര്‍ജി എന്നതാണ്.
അന്തര്‍സംസ്ഥാന നദികളൊഴിച്ചുള്ള ജലവിഭവങ്ങള്‍ ഭരണഘടനാപദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരപരിധിയിയില്‍ പെട്ടതാണ്. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ രണ്ടാംലിസ്റ്റിലാണ് ഇതുള്‍പ്പെടുന്നത്. ഇന്ത്യന്‍ ജുഡീഷ്യറി നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനുവേണ്ടി പുലര്‍ത്തുന്ന നിതാന്തജാഗ്രതയുടെ സുപ്രധാനമായ ഒരുദാഹരണം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവങ്ങള്‍ തോന്നിയതുപോലെ മാറ്റിമറിക്കാനാവില്ലെന്ന നിലപാടാണ്. ഫെഡറലിസം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് എന്നതുസംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഇതിനെതിരായ ഏതൊരു വെല്ലുവിളിയും ഇന്ത്യയുടെ രാഷ്ട്രീയമായ സുസ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്നതിനു ചരിത്രം സാക്ഷിയാണ്.
നദികളുടെ ദേശസാത്കരണം എന്നത് ഫെഡറലിസം എന്ന അടിസ്ഥാനഘടനയെ ചോദ്യംചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു ഹര്‍ജി പ്രഥമദൃഷ്ട്യാ തന്നെ ഇന്ത്യയുടെ പരമോന്നത നീതിപീഠം തള്ളിക്കളയേണ്ടതായിരുന്നില്ലേ എന്ന ചോദ്യം ഉയരേണ്ടതുണ്ട്.
നദീസംയോജന പരിപാടിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട ഒരു പ്രോജക്റ്റിനു പോലും നിയമപരമായി ആവശ്യമായിട്ടുള്ള അനുമതി (statutory clearance) ഒന്നുംതന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ സുപ്രീംകോടതിവിധി അടിസ്ഥാനമാക്കുന്നത് നാഷണല്‍ കൌണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക്‍ റിസേര്‍ച്ചിന്റെ (NCAER) ഒരവലോകനത്തെയാണ്. ഇതിന്റെ അന്തസത്തയാകട്ടെ, വെള്ളത്തിന്റെ ചരക്കുവത്ക്കരണത്തെ (commoditization) ഉദാത്തവത്കരിക്കുന്നതാണ്. നദീസംയോജനത്തിലൂടെ ജലസേചനത്തിനു ലഭ്യമാകുന്ന വെള്ളം ഒരു economic good ആയി കണക്കാക്കണം എന്നതാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.
ജലവിതരണത്തിന്റെ കാര്യക്ഷമത ജലത്തിന്റെ വിലയുമായി കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നടത്തിപ്പുചെലവ് മാത്രമല്ല മൂലധനച്ചെലവിന്റെ ഒരു ഭാഗവും വെള്ളത്തിന്റെ വിലയായി ഈടാക്കണം എന്നതാണ് ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ദേശീയ ജലനയത്തിന്റെ കരടും ഇതേ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ നയത്തെ സുപ്രീംകോടതി വിധിയില്‍ എടുത്തുപറഞ്ഞുകൊണ്ട് അംഗീകാരം നല്‍കിയിരിക്കുന്നു എന്നു കാണണം. അതായത് വെള്ളത്തിന്റെ ചരക്കുവത്ക്കരണത്തിന് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഈ വിധിയിലൂടെ അംഗീകാരം നല്‍കിയിരിക്കുന്നു എന്നര്‍ത്ഥം.
നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനു ശാസനങ്ങള്‍ നല്‍കാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാല്‍ ഈ കോടതിവിധി ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെന്നു കാണാം. ഇന്നത്തെ വിലനിലവാരമനുസരിച്ച് 10-12 ലക്ഷംകോടി രൂപം ചെലവുവരുന്ന ഒരു പദ്ധതി നടപ്പിലാക്കിക്കൊള്ളണം എന്നുവിധിക്കുകവഴി ആസൂത്രണപ്രക്രിയയുടെ അന്തസത്തതന്നെ അട്ടിമറിക്കപ്പെടുകയാണ്. ഇത്രയും വിപുലമായ ഒരു പദ്ധതിക്ക് ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണ പ്രക്രിയയില്‍ എവിടെയാണ് സ്ഥാനം എന്നു നിര്‍ണ്ണയിക്കാതെ അടിച്ചേല്‍പ്പിക്കുന്നത് പരിമിതമായ വിഭവങ്ങളുടെ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിനിയോഗത്തിന് വലിയ തിരിച്ചടിയായിത്തീരും എന്നതിനു സംശയമില്ല. ആസൂത്രണപ്രക്രിയ ജൂഡീഷ്യറി ഏറ്റെടുക്കുന്നത് എത്രത്തോളം അഭികാമ്യമാണ് എന്നതു വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്.
ഇതൊക്കെ മാറ്റിവച്ചാലും സുപ്രീംകോടതിവിധിപ്രകാരം കേന്ദ്രസര്‍ക്കാര്‍ എന്താണ് നടപ്പിലാക്കേണ്ടത്? നദീസംയോജന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 30 പദ്ധതികളില്‍ ഒന്നിന്റെപോലും വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് (detailed project report) ഇതുവരെ തയ്യാറായിട്ടില്ല. ഒരു പദ്ധതിക്കും വനനിയമപ്രകാരമോ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമോ ഉള്ള അനുമതികള്‍ ഒന്നും ലഭിച്ചിട്ടില്ല. ഒരു പദ്ധതിയുടെ പോലും വിശദമായ പാരിസ്ഥിതികാഘാത പത്രികയും തയ്യാറാക്കിയിട്ടില്ല. വിശദമായ പദ്ധതിരേഖ തയ്യാറാക്കി അതിനു നിയപരമായി വേണ്ട അനുമതികള്‍ (statutory clearances) തേടിയ ശേഷമാണ് ഇത്തരം ഒരു പദ്ധതി planning commissionന്റെയും ക്യാബിനറ്റിന്റെയും പരിഗണനയ്ക്കു വരുന്നത്. ഈ ഘട്ടങ്ങളിലെല്ലാം അംഗീകാരം ലഭിക്കുമ്പോള്‍ മാത്രമേ ഒരു പദ്ധതി നടപ്പിലാക്കുന്നതിനു യോഗ്യമായി തീരുകയുള്ളൂ.
സുപ്രീംകോടതിവിധിയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ 30 പദ്ധതികളില്‍ KEN-BATWA പദ്ധതിക്കു മാത്രമാണ് സാധ്യതാപഠനമെങ്കിലും (feasibility report) പൂര്‍ത്തിയായിട്ടുള്ളത്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നതിന് നമ്മുടെ രാജ്യത്ത് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഈ നടപടിക്രമങ്ങള്‍ സുതാര്യതയും ശാസ്ത്രീയതയും എല്ലാം ഉറപ്പുവരുത്തുന്ന പ്രധാനസംഗതിയാണ്. ഇതിനെയെല്ലാം ഒറ്റയടിക്ക് മറികടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്. ചുരുക്കത്തില്‍ ഫെബ്രുവരി 27ലെ ഈ സുപ്രീംകോടതിവിധി അസാധാരണമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നദീസംയോജനപദ്ധതി: ഒരു ലഘുചിത്രം
രാജ്യത്തിന്റെ ഒരുഭാഗത്ത് കടുത്ത വെള്ളപ്പൊക്കം, മറ്റൊരിടത്ത് കടുത്ത വരള്‍ച്ചയും. രണ്ടും ഒരുപോലെ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. വേണ്ടസമയത്ത് വേണ്ടത്ര അളവില്‍ വെള്ളമെത്തിക്കാന്‍ കഴിയാത്തതുമൂലം ഭക്ഷ്യധാന്യങ്ങളുടെയും മറ്റും ഉല്‍പാദനം വേണ്ടത്ര വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്നില്ല. അധികജലമുള്ള സ്ഥലത്തുനിന്നും വരള്‍ച്ചബാധിതപ്രദേശത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ ഇതിനൊരു പരിഹാരമാകും. ഇത്ര ലളിതമായ ഒരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്തര്‍ നദീതട ജലകൈമാറ്റ പദ്ധതിക്ക് (Inter basin water transfer) രൂപം നല്‍കപ്പെട്ടത്.
2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യ 1500 മുതല്‍ 1800 ദശലക്ഷം വരെ ആകുമെന്നും ഭക്ഷ്യധാന്യ ആവശ്യകത ഇന്നത്തെ ലഭ്യതയുടെ ഇരട്ടിയിലധികമാകുമെന്നും കണക്കാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 95 ദശലക്ഷം ഹെക്റ്റര്‍ ആണ് രാജ്യത്തെ ജലസേചിതഭൂമി. ഇത് 160 ദശലക്ഷം ഹെക്റ്ററെങ്കിലുമാക്കണം. എന്നാലേ, ഭക്ഷ്യധാന്യലഭ്യത ഉറപ്പുവരുത്താനാകൂ. ഇന്നുള്ള സാധ്യതകള്‍ പരമാവധി വിനിയോഗിച്ചാലും 120-130 ദശലക്ഷം ഹെക്റ്റര്‍ സ്ഥലത്തേ വെള്ളമെത്തിക്കാനാകൂ. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ ജലവിഭവവികസന കര്‍മ്മപദ്ധതി (national perspective plan for water resource development) 1980ല്‍ രൂപപ്പെടുന്നത്. അന്നുതൊട്ടിന്നോളം ഈ പദ്ധതി വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
ഈ കര്‍മ്മപദ്ധതിയില്‍ വിഭാവനം ചെയ്ത പരിപാടിക്ക് രണ്ടു ഘടകങ്ങളുണ്ട്. ഹിമാലയന്‍ നദികളുമായി ബന്ധപ്പെട്ട ഘടകവും (Himalayan component) ദക്ഷിണേന്ത്യന്‍ നദികളുമായി ബന്ധപ്പെട്ട ഘടകവും (Peninsular component). ഹിമാലന്‍ ഘടകത്തില്‍ 14 പദ്ധതികളും ദക്ഷിണേന്ത്യന്‍ ഘടകത്തില്‍ 16 പദ്ധതികളുമാണ് ഈ പരിപാടിയിലുള്ളത്. ഗംഗ, ബ്രഹ്മപുത്ര, ഇവയുടെ പ്രധാന കൈവഴികള്‍, ഇവയിലെല്ലാം റിസര്‍വോയറുകള്‍ നിര്‍മ്മിച്ച് ജലസമൃദ്ധമായ കിഴക്കന്‍ ഭാഗത്തുനിന്നും ജലക്ഷാമമുള്ളിടത്തേക്ക് വെള്ളമെത്തിക്കുക എന്നതാണ് ഹിമാലയന്‍ ഘടകത്തിലെ പദ്ധതികളുടെ ലക്ഷ്യം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നദികളുടെ സംയോജനം, പടിഞ്ഞാറോട്ടൊഴുകുന്ന ജലസൃമദ്ധമായ നദികളുടെ ഗതിമാറ്റം (diversion), ഇവയാണ് peninsular ഘടകത്തിലെ പദ്ധതികളുടെ ലക്ഷ്യം. പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ പദ്ധതി ഒരു ഗതിമാറ്റപദ്ധതിയാണ് (diversion scheme).
വളരെ യാന്ത്രികമായി വിഭാവനം ചെയ്യപ്പെട്ട ഒരു എഞ്ചിനീയറിങ് പദ്ധതിയാണിത് എന്നുവ്യക്തം. വരള്‍ച്ചബാധിതമായ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം സമൃദ്ധമായി എത്തിക്കുന്നതുകൊണ്ട് കൃഷിതന്നെ സാധ്യമാണോ? ഈ ഭൂമി / ഇത്തരം പ്രദേശങ്ങള്‍, ജലസേചനം നടത്താവുന്നവ (irrigable) ആണോ? നദികളെ സംയോജിപ്പിക്കുമ്പോഴോ തിരിച്ചുവിടുമ്പോഴോ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എവ്വിധമാണ്? ഈവക കാര്യങ്ങളൊന്നും എഞ്ചിനീയറിങ് പരിഹാരത്തിന്റെ വക്താക്കള്‍ക്കു ബാധമകല്ല. വെള്ളപ്പൊക്കത്തെയും വരള്‍ച്ചയേയും നദികളേയുമെല്ലാം തോന്നുംവിധം കൈകാര്യം ചെയ്യുന്ന യാന്ത്രികസമീപനത്തിന്റെ സൃഷ്ടിയാണ് ഈ നദീസംയോജന പരിപാടി.
1980ലെ national perspective planന്റെ ഭാഗമായി വന്ന ഈ നദീസംയോജന പരിപാടിക്ക് രണ്ടുമുന്‍ഗാമികളുണ്ടെന്നു പറയാം. 1972ലെ Dr. K L Rao Committee നിര്‍ദ്ദേശിച്ച national water grid proposal-ഉം 1977ലെ captain Dustingന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത Garland canal projectഉം. ഇന്ത്യന്‍ നദികളെ മാലപോലെ കൊരുത്ത് നദീജലവിതരണത്തിന് തയ്യാറാക്കിയ ഈ പദ്ധതികള്‍ പക്ഷെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ തള്ളിക്കളയുകയായിരുന്നു. പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യ ഭരണകൂടം ഇവ തള്ളിക്കളഞ്ഞത്.
എന്നാല്‍ 1980ലെ national perspective planന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട ഇപ്പോഴത്തെ നദീസംയോജന പരിപാടി 2002ലെ NDA സര്‍ക്കാരിന്റെ കാലത്ത് ദേശീയ പരിപാടിയായി മാറി. ഒന്നാം UPA സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെയും മറ്റും ചില ആശങ്കകളുടെ പശ്ചാത്തലത്തില്‍ മുന്‍ഗണനാപരിപാടിയല്ലാതായി. അതേസമയം ഈ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച national water development agency (NWDA) യ്ക്ക് സാധ്യതാപഠനം നടത്തുന്നതിനും മറ്റുമുള്ള budget സഹായം തുടര്‍ന്നുപോന്നു. ഇതിനിടയിലാണ് കോടതിയില്‍ കേസുകളെത്തുന്നതും സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിവരുന്നതും.
പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതി
നദീസംയോജനപരിപാടിയിലെ peninsular componentലെ 16 പദ്ധതികളില്‍ ഒന്നാണ് പമ്പ, അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതി. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള ഒരു diversion scheme ആണ് പമ്പ, അച്ചന്‍കോവില്‍, വൈപ്പാര്‍ ലിങ്ക് പദ്ധതി (PAVLP). തമിഴ്‌നാട്ടിലെ മധുര, വിരുതനഗര്‍, തൂത്തുക്കുടി, തിരുനല്‍വേലി ജില്ലകളിലെ വരള്‍ച്ചബാധിതപ്രദേശങ്ങളിലെ ജലസേചനത്തിനായി പമ്പയിലേയും അച്ചന്‍കോവിലിലേയും അധികജലം വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടുന്ന പദ്ധതിയാണിത്.
635 ദശലക്ഷം ഘനമീറ്റര്‍ ജലം വൈപ്പാര്‍ തടത്തിലേക്ക് തിരിച്ചുവിട്ട് അവിടുത്തെ 91,400 ഹെക്റ്റര്‍ സ്ഥലത്ത് ജലസേചന സൌകര്യമൊരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2588 കോടി രൂപയാണ് ഈ പദ്ധതിയുടെ മതിപ്പുചെലവ് (2002ലെ വിലനിലവാരത്തില്‍).
പമ്പ, അച്ചന്‍കോവില്‍ നദികളുടെ കൈവഴികളില്‍ ജലസംഭരണി നിര്‍മ്മിച്ച് അവയെ പരസ്പരം ബന്ധിപ്പിച്ച് പശ്ചിമഘട്ടം കടത്തി വൈപ്പാര്‍ നദീതടത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനാണ് പരിപാടി. ഇതിനായിപമ്പ കല്ലാറില്‍ പുന്നമേട്ടില്‍ ഒരു ജലസംഭരണി നിര്‍മ്മിക്കും. അച്ചന്‍ കോവില്‍ കല്ലാറ്റില്‍ മറ്റൊരു സംഭരണിയും നിര്‍മ്മിക്കും ഇവയെ എട്ടുകിലോമീറ്റര്‍ നീളമുള്ള ഒരു ടണല്‍വഴി ബന്ധിപ്പിക്കും. അതിനുശേഷം ഒന്‍പതു കിലോമീറ്റര്‍ മലതുരന്ന് പശ്ചിമഘട്ടം കടത്തി വൈപ്പാറിന്റെ കൈവഴിയായ അലശര്‍ ഓടയിലെത്തിച്ച് അവിടെ നിന്നു തുടങ്ങുന്ന 50-68 കിലോമീറ്റര്‍ നീളമുള്ള പ്രധാന കനാല്‍വഴി വൈപ്പാര്‍ തടത്തിലെ 91,400 ഹെക്റ്റര്‍ സ്ഥലത്ത് ജലസേചനം നടത്തുകയാണ് ചെയ്യുക.
അച്ചന്‍കോവിലില്‍ നിര്‍മ്മിക്കുന്ന ഒരു pumbed storageല്‍ നിന്നും വൈദ്യുതി ഉത്പാദനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. വേനല്‍ക്കാലത്ത് വേമ്പനാട്ടിലേക്ക് 150 ദശലക്ഷം ഘനമീറ്റര്‍ വെള്ളം നിയന്ത്രിതമായി വിട്ടുകൊടുക്കാന്‍ കഴിയും എന്നതും ഈ പദ്ധതിയുടെ നേട്ടമായി ദേശീയജലവികസന അഥോറിറ്റി ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ ഒരുകാര്യം വ്യക്തമാണ്. ഈ പദ്ധതിയാകെ രൂപപ്പെടുത്തിയിരിക്കുന്നത് പമ്പയിലും അച്ചന്‍കോവിലിലും അധികജലമുണ്ട് എന്ന നിഗമനത്തിലാണ്. പമ്പയും അച്ചന്‍കോവിലും വേമ്പനാട്ടിലും കുട്ടനാട്ടിലും കൂടെ കടന്ന് അറബിക്കടലിലെത്തുകയാണ് ചെയ്യുന്നത്. മധ്യതിരുവിതാംകൂറിലെയും കുട്ടനാട്ടിലെയും എല്ലാം കൃഷി, കുടിവെള്ളം, അഴുക്കുനീക്കല്‍, ഓരുകയറ്റ നിയന്ത്രണം, കൊച്ചി തുറമുഖത്തിന്റെ നിലനില്‍പ്പ്, ഇവയെല്ലാം ഈ നദികളിലെ നീരൊഴുക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. വേമ്പനാട് തണ്ണീര്‍ത്തടം അതീവ പാരിസ്ഥിതിക സവിശേഷതകളുള്ള Ramsar പ്രദേശമാണ്. വേമ്പനാട്ടിലേക്ക് ഒഴുകിയെത്തുന്ന നദികളിലെ ആകെ ജലം 12,582 ദശലക്ഷം ഘനമീറ്റര്‍ ജലമായിരിക്കുമ്പോള്‍ ഈ തണ്ണീര്‍ത്തട വ്യവസ്ഥയുടെ ജല ആവശ്യം 22,268 ദശലക്ഷം ഘനമീറ്റര്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
വേമ്പനാട്ടിലേയ്ക്കൊഴുകിയെത്തുന്ന എല്ലാ നദികളിലെയും കണക്ക് ഒരുമിച്ചെടുക്കുമ്പോള്‍ മാത്രമല്ല, ഈ ജലദൌര്‍ലഭ്യം പ്രകടമാകുന്നത്. പമ്പയുടെയും അച്ചന്‍കോവിലിന്റെയും വെള്ളത്തിന്റെ കണക്കെടുത്താലും വെള്ളത്തിന്റെ കുറവുകാണാം.
CWRPM വേമ്പനാട്ടിലേക്കൊഴുകിയെത്തുന്ന നദികളുടെ പാരിസ്ഥിതികധര്‍മ്മങ്ങള്‍ക്ക് അനിവാര്യമായ ജലത്തിന്റെ കണക്കുവച്ച് ഈ നദികളിലെ ജലത്തിന്റെ സ്ഥിതി കണ്ടെത്തിയിട്ടുണ്ട്. അച്ചന്‍കോവിലിന് 459 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തിന്റെ കുറവാണുള്ളത്. കായംകുളം താപവൈദ്യുത നിലയത്തിന്റെ ശേഷി ഉയര്‍ത്തുമ്പോള്‍ അച്ചന്‍കോവിലില്‍ നിന്നും നല്‍കേണ്ടിവരുന്ന വെള്ളത്തിന്റെ അളവുകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ ജലക്കമ്മി ഇനിയും എത്രയോ ഉയരും. പമ്പയുടെ സ്ഥിതിയാകട്ടെ ഇതിലും പരിതാപകരമാണ്. വേമ്പനാട്ടിലെ ഇന്നത്തെ മലിനീകരണത്തോതനുസരിച്ച് അതിലെ അഴുക്കുകള്‍ ഒഴുക്കിക്കളയുന്നതിന് 4745 ദശലക്ഷം ഘനമീറ്റര്‍ ജലം വേണം എന്നു കണക്കാക്കിയിരിക്കുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ പമ്പയുടെ ജലക്കമ്മി 3537 ദശലക്ഷം ഘനമീറ്ററാണ്. അതായത് പമ്പയ്ക്കും അച്ചന്‍കോവിലിനും കൂടി അവയുടെ സ്വാഭാവികപാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ ജലത്തില്‍ ഏതാണ്ട് 4000 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തിന്റെ കമ്മിയുണ്ട് എന്നാണ് CWRDMന്റെ പഠനം കാണിക്കുന്നത്. ഈ സ്ഥിതിയിലാണ് 635 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഗതിമാറ്റിയൊഴുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
മറ്റുപ്രധാനനദികളിലെ ജലക്കമ്മി ഇപ്രകാരമാണ്. മൂവാറ്റുപുഴ - 1671 ദശലക്ഷം ഘനമീറ്റര്‍, മീനച്ചില്‍ - 203 ദശലക്ഷം ഘനമീറ്റര്‍
നദീസംയോജനപദ്ധതിയുടെ വക്താക്കള്‍ പുഴയിലെ നീരൊഴുക്കിനെ കടലില്‍ വെള്ളം പാഴാകുന്നതായിട്ടാണ് കാണുന്നത്. 1972ലെ national watergrid proposal പദ്ധതി നിര്‍ദ്ദേശിച്ച കെ എല്‍ റാവുവിനെ തന്നെയാണ് തണ്ണീര്‍മുക്കം ബണ്ടിനെ സംബന്ധിച്ച് പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. അറബിക്കടലിലേക്കുള്ള നീരൊഴുക്ക് തടയപ്പെട്ടാല്‍ കൊച്ചി തുറമുഖത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന തുറമുഖ ട്രസ്റ്റിന്റെ പരാതിയെ തുടര്‍ന്നാണ് കെ എല്‍ റാവു കമ്മിറ്റിയെ നിയോഗിച്ചത്.
തണ്ണീര്‍മുക്കം ബണ്ടിനുള്ള അനുമതിയിലെ നിബന്ധനകളില്‍ പ്രധാനം തോട്ടപ്പള്ളി സ്പില്‍വെ വഴി ഇനിയും കൂടുതല്‍ വെള്ളം വഴിതിരിച്ചു വിടരുത് എന്നതായിരുന്നു. വെള്ളം സ്വാഭാവികമായി കുട്ടനാട്ടിലൂടെ ഒഴുകി കൊച്ചിവഴി അറബിക്കടലിലെത്തണം എന്നതായിരുന്നു, നിര്‍ദ്ദേശം. വേമ്പനാട്ടിലേക്കും കുട്ടനാട്ടിലേക്കുമെല്ലാമുള്ള ഓരുവെള്ളക്കയറ്റ നിയന്ത്രണത്തിനും കുടിവെള്ള സുരക്ഷയ്ക്കും ഇത് അനിവാര്യമാണ് എന്നുള്ളതായിരുന്നു കണ്ടെത്തല്‍. പിന്നീട് പ്രളയജലം നമുക്ക് ശാപമായി മാറി. അതോടെ ഈ അധികജലത്തെ തിരിച്ചുവിട്ടാലെന്ത് എന്ന വാദങ്ങള്‍ക്ക് ശക്തിയും കൂടി. ഇത്തരമൊരു ദുരന്തത്തിലാണ് നാമെത്തി നില്‍ക്കുന്നത്.
ഇതിലെ ചതിക്കുഴികള്‍ തിരിച്ചറിയണം. ദേശീയ ജലവികസന അഥോറിറ്റിയുടെ ഔദ്യോഗിക രേഖകളില്‍ നദീസംയോജനത്തിലെ വിജയകരമായ മാതൃകകളെക്കുറിച്ചു പറയുന്നുണ്ട്. അന്തര്‍നദീതട ജലകൈമാറ്റിന്റെ ഒന്നാമത്തെ മാതൃക പെരിയാര്‍ പ്രോജക്റ്റ് ആണത്രെ. "Periyar project is the most notable eneavor of the 19th century in trans-basin diversion" എന്നതാണ് ഈ രേഖകളില്‍ നിന്നുള്ള ഉദ്ധരണി. ഇതാണ് സാക്ഷാല്‍ മുല്ലപ്പെരിയാര്‍ പദ്ധതി.
രണ്ടാമത്തെ വിജയമാതൃക ചാലക്കുടി, ഭാരതപ്പുഴ തടങ്ങളില്‍ നിന്നും കാവേരി തടത്തിലേക്ക് ജലകൈമാറ്റം നടത്തിയെ പറമ്പിക്കുളംആളിയാര്‍ പദ്ധതിയാണ്.
ഇവയൊന്നും വേണ്ടായിരുന്നു എന്നല്ല, എന്നാല്‍ ഇക്കാര്യങ്ങളിലുണ്ടായ ജാഗ്രതക്കുറവ് കേരളത്തെ എവിടെ എത്തിച്ചു എന്ന പാഠം നാം പഠിക്കില്ല എന്ന ശാഠ്യം അപകടകരമാണ്.
ഈ കോടതിവിധി കേരളത്തിനു ബാധകമാണോ അല്ലയോ എന്നു നമുക്ക് തര്‍ക്കിച്ചുകൊണ്ടിരിക്കാം. മൊത്തം നദീസംയോജനപരിപാടിയുടെ പരിസ്ഥിതിവിരുദ്ധതയും പമ്പ - അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നമുക്കു വരുത്തിവയ്ക്കാന്‍ പോകുന്ന കഷ്ടതകളും സുപ്രീംകോടതിവിധിയുടെ ആന്തരാര്‍ത്ഥങ്ങളും ഇന്നുള്ളതിനേക്കാള്‍ ആഴത്തിലുള്ള ഒരു രാഷ്ട്രീയ സംവാദമായി കേരളത്തില്‍ വികസിക്കേണ്ടതുണ്ട്.
എം ഗോപകുമാര്‍

No comments:

Post a Comment