Tuesday, May 22, 2012

വാടകക്കൊലയുടെ സാമൂഹികശാസ്ത്രം


ഈയിടെ കേരളത്തെ ഞെട്ടിച്ച ഒരു അരുംകൊല പത്രങ്ങളും മറ്റു മാധ്യമങ്ങളും മുക്തകണ്ഠം ആഘോഷിച്ചു. പ്രതികരണങ്ങള്‍, ലേഖനങ്ങള്‍, പരമ്പരകള്‍ എന്ന മട്ടില്‍ പലപല രീതിയില്‍ ആളുകള്‍ ആ സംഭവത്തിലിടപെട്ടു. വിലാപം, ആവലാതി, ശാപവചസ്സുകള്‍ എല്ലാമുണ്ടായി. കൊലയുടെ വിശദാംശങ്ങള്‍, ഒളിഞ്ഞും തെളിഞ്ഞുമുള്ള കുറ്റംചാരല്‍, പിന്നെ സ്ഥിരം പരിപാടിയായ ഏഷണിപ്രയോഗങ്ങളും. ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ മിണ്ടാതിരിക്കാനാവുമോ എന്നു ചോദിക്കാം. കഴിയില്ലെന്നത് നേരുതന്നെ. പ്രസക്തമായ സംഭവത്തിന്റെ സാമൂഹികശാസ്ത്രപരമോ നൈതികമോ ആയ ഒരു വശംപോലും അപഗ്രഥനവിധേയമായില്ല എന്നത് അത്ര ശുഭോദര്‍ക്കമായ കാര്യമല്ല. സംഭവിച്ചതോ, മനുഷ്യന്റെ മനസ്സാക്ഷിയെ ഞെട്ടിക്കേണ്ട ഒരു സംഭവം ആസ്വാദനക്ഷമമായ ഒരു ദൃശ്യാനുഭവമോ വായനാനുഭവമോ ഒക്കെയായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ ഡിറ്റക്ടീവ് നോവലുകള്‍ നിര്‍വഹിച്ച അതേ ദൗത്യമാണ് ഇപ്പോള്‍ ഇത്തരം പത്രലേഖനങ്ങള്‍ ചെയ്യുന്നത്. ഒരു പരിഷ്‌കൃതസമൂഹം എന്ന നിലയില്‍ ഗണിക്കപ്പെടാന്‍ മലയാളികള്‍ അനര്‍ഹരാവുകയാണോ? എങ്കില്‍ അതില്‍പ്പരം ഒരു ചേതം കേരളത്തിന് വന്നുകൂടാനില്ല. പൈശാചികസംഭവങ്ങളില്‍ വികാരം കൊള്ളുന്നതൊന്ന് വേറെ, സംഭവങ്ങളുടെ അടിയിലോളം ഇറങ്ങിച്ചെന്ന് പുറമേക്ക് കാണാത്ത മട്ടില്‍ ഒളിഞ്ഞുകിടക്കുന്ന വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതൊന്നു വേറെ. ആദ്യത്തേതുമാത്രം മതിയെന്നുവരുന്നത് ചിന്തയെ പടിയടച്ചു പിണ്ഡം വെക്കുന്നതിന് തുല്യം. പക്ഷേ, എന്നും എല്ലാവര്‍ക്കും അതുമാത്രം കൊണ്ട് തൃപ്തിപ്പെടാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതൃപ്തി കൊള്ളുന്ന ആ ചെറിയ വിഭാഗത്തോടാണ് ഈ കുറിപ്പ് ഇടപെടാന്‍ തുനിയുന്നത്.

ചിന്താവിഷയമായ സംഭവത്തില്‍ ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്. ഒന്ന്, പ്രത്യേകിച്ച് വൈരാഗ്യമോ പകയോ വെച്ചുകൊണ്ട് കൊലയാളികള്‍ ചെയ്ത കൃത്യമല്ല അത്. കൊലയാളികള്‍ക്ക് ഇരയെ നേരിട്ട് അറിയുകപോലുമില്ല. പിന്നെന്തിനീ പണി ചെയ്തു എന്ന ചോദ്യമുണ്ട്. ഉത്തരം കണ്ടെത്താന്‍ അത്ര പണിപ്പെടേണ്ട കാര്യമൊന്നുമില്ല. പണത്തിനുവേണ്ടിയുള്ള ഇത്തരം ഹീനകര്‍മങ്ങള്‍ സമൂഹം അംഗീകരിച്ച മട്ടായിരിക്കുന്നു. മത്സ്യം പിടിക്കുന്നപോലെ, തേങ്ങ പറിക്കുന്നതുപോലെ, അതുമല്ലെങ്കില്‍, സ്റ്റണ്ട് രംഗം അഭിനയിക്കുന്ന പോലെ ഉള്ള ഒരു 'പണി.' ഒരു ജീവനൊടുക്കുന്നത് അത്ര ലാഘവത്തോടെ! ഇതിന് പശ്ചാത്തലമായി രണ്ട് ഘടകങ്ങളുണ്ട്. ഏറെയേറെ പണം ആവശ്യമാവുമ്പോഴത്തെ പണത്തോടുള്ള ആര്‍ത്തി; കുറ്റം ചെയ്താല്‍ ശിക്ഷയില്ലെന്ന ധൈര്യവും. എളുപ്പപ്പണം (വമീള്‍ ൗ്ൃവള്‍) നേടാന്‍ പറ്റിയ വഴിയാണ് വാടകക്കൊല എന്ന് വന്നിരിക്കുന്നു. ഇത് വ്യക്തികളുടെ ദുഷ്ടത കൊണ്ടുണ്ടായതല്ല. 'കുറ്റവും ശിക്ഷയും' എന്ന അതി പ്രധാനവിഷയവുമായി ബന്ധപ്പെട്ട കാര്യമാണിത്. കുറ്റംചെയ്താല്‍ താമസിയാതെ അതിനുള്ള ശിക്ഷ കിട്ടുമെന്നു വരട്ടെ, കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ താഴോട്ട് പോരും, തീര്‍ച്ച.

രണ്ടാമത്, സംഭവത്തെ വഴിതെറ്റിച്ച് ഒരു പ്രത്യേക മതതീവ്രവാദവുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമവും ഉണ്ടായി. ഇത് വളരെ പ്രധാനമാണ്. മതവുമായി ബന്ധമുണ്ടെങ്കില്‍ തീവ്രവാദത്തിനുപോലും പിന്തുണയുണ്ടെന്നാണ് ഇത് നല്‍കുന്ന സന്ദേശം. ജാതിമതശക്തികള്‍ ഭരണത്തിലും നീതിന്യായത്തിലും രാഷ്ട്രമീമാംസാപരമായ കാര്യങ്ങളിലും കൈകടത്തുന്നതിന്റെ ഫലമാണിത്.

മുകള്‍പ്പരപ്പിനടിയില്‍ ഈ സംഭവം അധികാരത്തര്‍ക്കമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാനോ നീയോ പ്രധാനം എന്ന തര്‍ക്കമാണത്. അധികാരമോഹമാകട്ടെ, ജനസേവനത്തിനുള്ള ഒടുങ്ങാത്ത ആവേശം കൊണ്ടൊന്നുമല്ല. അധികാരം ലാഭമുള്ള കാര്യമാണ്. അത് എനിക്കെനിക്കെന്നതാണ് ഓരോരുത്തന്റെയും മോഹം. ജനാധിപത്യം ദുഷിക്കുമ്പോള്‍ ആദ്യം പ്രകടമാകുന്ന രാഷ്ട്രീയസ്വഭാവമാണിത്. നമ്മുടെ ജനാധിപത്യത്തില്‍ അറിവിനോ കാര്യപ്രാപ്തിക്കോ ഒരു സ്ഥാനവുമില്ലല്ലോ. അതിന്റെ ദുഷ്ഫലമാണ് അധികാരവടംവലികളും കക്ഷിമാറ്റവും മറ്റും. സംഭവം പ്രത്യയശാസ്ത്രപരമോ വൈജ്ഞാനികമോ ഒന്നുമല്ല എന്നാണ് പറയുന്നത്. നമ്മുടെ രാഷ്ട്രീയചിന്തകരാരും ഇമ്മട്ടില്‍ ചിന്തിച്ചുകാണുന്നില്ലെന്നത് നമ്മുടെ രാഷ്ട്രീയത്തിന്റെ പാപ്പരത്തമാണ് വിളിച്ചുപറയുന്നത്.

കൊന്നവനും കൊല്ലിച്ചവനും കുറ്റത്തിന് ശിക്ഷയില്ലാതെ രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്രയെങ്കിലുമുണ്ട്. അത്തരമൊരു സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ അടിയ്ക്കടി പെരുകുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. ഭാരതീയ പൈതൃകത്തിലെ ദണ്ഡനീതിയില്‍ കൊലക്കുറ്റത്തിന് വധശിക്ഷയാണ് വിധിച്ചത്. കൊല്ലിച്ചവനുമുണ്ട് അതുപോലുള്ള ദണ്ഡനം. ഇത് കാലക്രമംകൊണ്ട് പലവിധേന മാറിമറിഞ്ഞു. നിരപരാധികളെ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് ഏറിയേറിവന്നു. ഒപ്പം, ദണ്ഡനീതിയെന്നത് സ്വേച്ഛാചാരവുമായി. വിധികര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ദണ്ഡനീതിയില്‍ കണക്കിലേറെ കയറിക്കൂടി. ആ അവസ്ഥയ്‌ക്കൊരു പരിഹാരമെന്നോണമാണ് ന്യായവിചാരണ ദണ്ഡനീതിയുടെ ഭാഗമായത്. ന്യായവിചാരണ, സത്യത്തെ നിസ്സന്ദേഹമായി പുറത്തുകൊണ്ടുവരുന്നതിനാണ്. നീതി വൈകിക്കുന്നതിനല്ല. ന്യായവിചാരണ കാലത്താല്‍ ദുഷിച്ച് നീതി വിളംബപ്പെടുത്തുന്നതിനുള്ള അംഗീകൃതോപാധിയായി എന്നതാണനുഭവം. നീതിവിളംബം നീതിനിഷേധത്തിനു സമം. ഇതിന്റെ പിന്നില്‍ വ്യക്തിതാത്പര്യങ്ങളും ഒപ്പം നീതിന്യായപക്ഷത്തെ ഉദ്യോഗസ്ഥവിഭാഗവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നുള്ള കാര്യം എടുത്തുപറയുകതന്നെ വേണം. ഇതിനെല്ലാം പരിഹാരമാവേണ്ടത് ഉദ്ബുദ്ധമായ രാഷ്ട്രീയരംഗമാണ്. ഒരു വിഷയത്തിലും പ്രത്യേകിച്ചൊരു പരിജ്ഞാനവുമില്ലാത്ത അധികാരമോഹികള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടാനും അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റാനും പറ്റിയ രീതിയിലാണ് സ്വാതന്ത്ര്യാനന്തരം നമ്മുടെ നാട്ടില്‍ രാഷ്ട്രീയം രൂപാന്തരപ്പെട്ടത്. ഏതോ പിഴച്ച വഴികളില്‍ രാഷ്ട്രീയകക്ഷികളില്‍ കയറിക്കൂടുന്നവരാണ് രാഷ്ട്രീയനേതാക്കന്മാരുടെ കുപ്പായമിട്ട് അധികാരത്തിലേറുന്നത്. കെട്ടുനാറിയ ഈ വഴക്കം നമ്മുടെ നാട്ടിലല്ലാതെ പരിഷ്‌കൃതസമൂഹങ്ങളിലെങ്ങുമില്ല. സ്വയം മൂഢവും നിഷ്‌ക്രിയവുമാകയാല്‍ അതിന് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ചൊല്പടിക്കു നില്‍ക്കാനേ കഴിയൂ. ഫലമോ, അര്‍ഹിക്കുന്ന നീതികിട്ടാതെ സാമാന്യജനത നിരന്തരം പീഡിപ്പിക്കപ്പെടുന്ന അവസ്ഥ വന്നു. അതാണ് വര്‍ത്തമാനകാലത്തെ ഭാരതത്തിലെ സാമൂഹികനീതിയുടെ ഗതി.

ഈ അവസ്ഥയുടെ അടിയില്‍ പതിയിരിക്കുന്നത് മുതലാളിത്തമെന്ന ദുര്‍ഭൂതമാണെന്ന് തിരിച്ചറിയേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഒരു സാമൂഹികക്രമം എന്ന നിലയില്‍ മുതലാളിത്തം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഏതാനും പണക്കാരുടെ രാജ്യഭാരമെന്നല്ല. അതൊരു സമ്പദ്‌വ്യവസ്ഥയാണ്; സാമൂഹികപരിവര്‍ത്തനദശയാണ്. പണക്കാരുള്‍പ്പെടെ സകലരും അതിന്റെ ഇരകളാണ്. അതിനു പണമൊഴികെ വേറേ മൂല്യചിന്തയില്ല; അമ്മപെങ്ങമ്മാരില്ല, ബന്ധുമിത്രാദികളില്ല. മനുഷ്യത്വംതന്നെ അതിന് പണത്തില്‍ താഴെ മാത്രം. സാംസ്‌കാരികമായ പാരമ്പര്യമോ കാലത്താല്‍ നേടിയ നേട്ടങ്ങളോ ഇല്ലാത്ത വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്കു മാത്രമേ ഇങ്ങനെയൊരവസ്ഥയില്‍ സ്വാസ്ഥ്യത്തോടെ കഴിഞ്ഞുകൂടാനാവൂ. അല്ലാത്തവര്‍ക്കെല്ലാം അല്ലലുണ്ടാക്കുന്ന ഒന്നാണ് മുതലാളിത്തം. അതിന് നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങ് വീഴുമ്പോള്‍ മാത്രമേ മനുഷ്യത്വത്തിന്റെ സ്വരം ഉയരെക്കേള്‍ക്കുകയുള്ളൂ.

മുതലാളിത്തത്തിന്റെ എതിര്‍ചേരിയിലേക്കും മുതലാളിത്തത്തിന്റെ പ്രവണതകള്‍ നീണ്ടെത്താറുള്ളതായിട്ടാണ് ലോകാനുഭവം. മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങളെയടക്കം സാര്‍വത്രികമായി ബാധിക്കുന്ന ഈ ദുര്‍ഭൂതത്തെ ബന്ധിക്കണമെങ്കില്‍ അത്രയും ശക്തമായ പ്രസ്ഥാനത്തിനേ കഴിയൂ. അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം പ്രതീക്ഷിക്കേണ്ട ദശയെ വരവേല്‍ക്കാനുള്ള യത്‌നങ്ങളില്‍ എന്തുകൊണ്ടും മുമ്പില്‍ നടക്കേണ്ടത് വിദ്യാഭ്യാസമാകുന്നു. കാരണം, നിലവിലുള്ള വ്യവസ്ഥയെ അട്ടിമറിച്ചിടുക എന്നത് അത്ര സുഗമമായ ഒരു പരിപാടിയല്ല. ആശയപ്രചാരണത്തിന് വമ്പിച്ച പ്രാധാന്യം കല്പിക്കേണ്ട മേഖലയാണത്. ഒരു ബഹിരാകാശവാഹനം പരാജയപ്പെട്ടപ്പോള്‍ ആദ്യംചെയ്തത് രണ്ടാംതരത്തിലെ കണക്കിന്റെ പാഠ്യപദ്ധതി പുതുക്കുകയാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെ മനുഷ്യവര്‍ഗമൊന്നാകെ ദുരിതത്തിലേക്കു തലകുത്തി വീഴാതിരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുകയാണ് ആദ്യം വേണ്ടതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തെ നാം കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ ആശ്ചര്യംതോന്നും. ഒരു വിഷയത്തെപ്പറ്റിയും ഒരുതരം അറിവും പരിചയവും ആവശ്യമില്ലാത്ത ഒരു പണിയായാണ് നാം വിദ്യാഭ്യാസത്തെ വളരെക്കാലമായി കണക്കാക്കിപ്പോന്നിട്ടുള്ളത്. ഇതു മാറണം. ഈ വിഷയത്തില്‍ മുമ്പൊരു മാതൃക കാണിച്ചത് കേരളമാണെന്നോര്‍ക്കുമ്പോള്‍ ഇന്നത്തെ സ്ഥിതിയോര്‍ത്തുള്ള ഇച്ഛാഭംഗം പതിന്മടങ്ങാകുന്നു.

രാഷ്ട്രീയരംഗത്തെ മൂല്യച്യുതിയെപ്പറ്റി പ്രത്യേകം എടുത്തുപറയേണ്ടതില്ലാത്തവിധം അത്രമേല്‍ പരക്കെ അറിവുള്ള കാര്യമാണ്. ജനാധിപത്യം പിഴയ്ക്കുന്ന കാലത്ത് ജനപ്രതിനിധികളും നേതാക്കന്മാരും ജനങ്ങളുടെ യജമാനന്മാരായി സ്വയം മാറിത്തുടങ്ങുമെന്ന് അറിവുള്ള രാഷ്ട്രമീമാംസകന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. കെട്ടവരെ തിരഞ്ഞെടുത്തയയ്ക്കുന്നതിനു പകരം ഓരോ രംഗത്തും പഠിപ്പും പരിചയവുമുള്ളവരെ മാത്രം അവരോധിക്കുന്ന രീതി ഇന്നല്ലെങ്കില്‍ നാളെ വന്നേ മതിയാവൂ. അതിനുതകുംവിധം രാഷ്ട്രീയരംഗത്ത് സമൂലപരിവര്‍ത്തനം വരണം. അത്യാഗ്രഹികളും അല്പവിഭവരുമായ ഇന്നത്തെ നേതാക്കന്മാരെന്നെങ്കിലും അതിനു തയ്യാറാകുമെന്ന് കരുതുന്നതിലും വലിയ മൗഢ്യം വേറെയില്ല. കൊള്ളരുതാത്തവരെ വിട്ടുവീഴ്ച കൂടാതെ പുറത്താക്കി അറിവും കഴിവുമുള്ള പുതിയ ആളുകളെ അവരോധിക്കണം. ജനപ്രതിനിധികള്‍ക്ക് ഇന്ത്യാചരിത്രത്തിലും ഭാരതീയസംസ്‌കാരത്തിലും ദണ്ഡനീതിയിലും അറിവുണ്ടാകുന്നതരം പഠനപരിപാടികള്‍ ഏര്‍പ്പെടുത്തണം. അത്തരം പാഠങ്ങളിലുള്ള പ്രശസ്തവിജയം ജനപ്രാതിനിധ്യത്തിനും നേതൃത്വത്തിനും ഒഴിച്ചുകൂടാത്ത യോഗ്യതയായിരിക്കുകയുംകൂടി വേണം. അറിവിന്റെ കാര്യം ഐ.എ.എസ്സുകാര്‍ നോക്കിയാല്‍ മതിയെന്ന അലംഭാവം പാടേ നീങ്ങിപ്പോകണം.

ഏറ്റവും ഒടുവിലായി ഒരു കാര്യം: നമുക്കെന്നെന്നും ഇങ്ങനെ ആവലാതിയും പരാശ്രയവുമായി കഴിഞ്ഞാല്‍ മതിയോ? എന്നെങ്കിലുമൊരിക്കല്‍ നമുക്കും പരിഷ്‌കൃതലോകത്തിന്റെ ഒപ്പമെത്തേണ്ടേ? നാം തിരഞ്ഞെടുക്കുന്നവര്‍ അതിനു പറ്റിയവരാവണ്ടേ? ഓര്‍മവെക്കുക, ആദ്യം പിഴയ്ക്കുന്നത് ബാലറ്റുപെട്ടിയില്‍.

-Mathrubhumi

No comments:

Post a Comment