Tuesday, May 22, 2012

കള്ളപ്പണത്തിനു മുന്നില്‍ കൈവിറയ്ക്കുന്ന യുപിഎ


ഉള്ളി പൊളിച്ചതു പോലെ എന്നൊരു പ്രയോഗമുണ്ട്, മലയാള ഭാഷയില്‍. അടുക്കിന് ഒരുപാട് ആവരണങ്ങളുണ്ടെങ്കിലും അവസാനമെത്തുമ്പോള്‍ ഒന്നും കിട്ടാത്ത അവസ്ഥ സൂചിപ്പിക്കുന്നതാണ് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഈ പ്രയോഗം. അതിന്‍റെ അര്‍ഥശുദ്ധിക്കു വളരെ ചേരും വിധത്തിലാണ് ഇന്നലെ ധനമന്ത്രി ഡോ. പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്‍റില്‍ രാജ്യത്തിന്‍റെ കള്ളപ്പണത്തെക്കുറിച്ച് അവതരിപ്പിച്ച ധവളപത്രം. 


രാജ്യത്തിന്‍റെ പൊതുസ്വത്ത് കൊള്ളയടിച്ചു വിദേശ ബാങ്കുകളിലും സ്വകാര്യ കീശകളിലും കുത്തിനിറച്ച സഹസ്രകോടീശ്വരന്മാരെ നിയമത്തിന്‍റെ വഴിക്കു കൊണ്ടുവരുമെന്നും അവരുടെ സമ്പാദ്യം പൊതുഖജനാവിലേക്കു കണ്ടുകെട്ടുമെന്നും വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരാണ്, തങ്ങളുടെ നാലാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കിയത്. കള്ളപ്പണത്തിന്‍റെ അക്കൗണ്ടില്‍ ഒന്നും രണ്ടും കോടി രൂപയല്ല. ഏകദേശം ഒന്നര ലക്ഷം കോടി ഡോളര്‍ വരുമത്രേ. നമ്മുടെ വിലയില്ലാത്ത രൂപയിലേക്കു മാറ്റി എഴുതിയാല്‍ ഏതാണ്ട് 82.5 ലക്ഷം കോടി. രണ്ടു ലക്ഷം കോടിയോളം രൂപയുടെ സ്പെക്ട്രം അഴിമതിക്കേസിന്‍റെ വിചാരണ തുടങ്ങും മുന്‍പ്, ഒന്നര വര്‍ഷത്തോളം ജാമ്യം നിഷേധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്ന മുന്‍കേന്ദ്ര മന്ത്രി എ. രാജയുടെ ഗതികൂടി ഇവിടെ ഓര്‍ക്കുന്നതു കൊള്ളാം. രാജയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും അതുള്‍പ്പെട്ട മുന്നണിയും ഉദ്യോഗസ്ഥരും അതിന്‍റെയെല്ലാം ഗുണഭോക്താക്കളായ ലക്ഷക്കണക്കിന് ആളുകളും സ്പെക്ട്രം കൊള്ളയില്‍ പങ്കാളികളായപ്പോള്‍, അതിന്‍റെ നാല്പതിരട്ടിയോളം വരുന്ന തീവെട്ടിക്കൊള്ളയുടെ ഗുണഭോക്താക്കള്‍ കഷ്ടിച്ച് ആയിരത്തില്‍ത്താഴെ മാത്രം. ഒരു സുപ്രഭാതത്തില്‍ കുമിഞ്ഞുകൂടിയതല്ല, ഇത്രയും വലിയ കൊള്ളമുതല്‍. രാഷ്ട്രീയ നേതാക്കളും അധികാര ദല്ലാളന്മാരും കച്ചവടക്കാരും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥരും മറ്റുമായി വര്‍ഷങ്ങളായി നടത്തുന്നതാണ് ഈ കള്ളപ്പണ സമ്പാദ്യം. ആയുധ ഇടപാട്, തീവ്രവാദ പ്രവര്‍ത്തനം, കള്ളനോട്ട്, ഇടനിലക്കച്ചവടം, ഖനി കുംഭകോണം തുടങ്ങി എത്രയെത്ര തരത്തിലുള്ള അഴിമതിയിലൂടെയാണ് ഇത്രയും വലിയ തുക വിദേശബാങ്കുകളിലേക്ക് ഒഴുകിയത്. 
വളരെ വിചിത്രമായ നിയമപരിരക്ഷയിലൂടെ, ഈ പണമത്രയും തങ്ങള്‍ക്കും സന്തതിപരമ്പരകള്‍ക്കും മാത്രം അവകാശപ്പെട്ടതാക്കി മാറ്റാനും അവര്‍ക്കു കഴിയുന്നു. 


2010ല്‍ ഉണ്ടാക്കിയ ഇരട്ട നികുതി ഒഴിവാക്കല്‍ ധാരണയിലൂടെ, തങ്ങളുടെ ബാങ്കുകളില്‍ അംഗത്വമുള്ള ഇന്ത്യക്കാരെക്കുറിച്ചു വിവരം നല്‍കാന്‍ സ്വിസ് അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതു പൂര്‍ണമായി നടപ്പാക്കിയില്ലെങ്കിലും ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടിഷ് മള്‍ട്ടി നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസ് കമ്പനി -എച്ച്എസ്ബിസി- മുഖേന 782 ഇന്ത്യന്‍ നിക്ഷേപകരുടെ പേരുവിവരം ഇന്ത്യാ ഗവണ്മെന്‍റിനു ലഭിച്ചു. ഈ പട്ടികയില്‍ ഭരണപക്ഷത്തുള്ള പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന സംശയം പ്രബലമായിരുന്നു. എന്നാല്‍ യുപിഎ സഖ്യത്തിലെ ഒരു എംപിയുടെ പേരു പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനു സര്‍ക്കാര്‍ തയാറായില്ല. പാര്‍ലമെന്‍റിലും പുറത്തും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കള്ളപ്പണത്തെക്കുറിച്ചു ധവളപത്രം ഇറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. അതാണ് ഇന്നലെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, എച്ച്എസ്ബിസി നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്താതെ, വെറുമൊരു "വെള്ളപ്പേപ്പര്‍' വായിച്ചു പാര്‍ലമെന്‍റിനെ അപഹാസ്യമാക്കി, യുപിഎ സര്‍ക്കാരും അതിന്‍റെ ട്രബിള്‍ ഷൂട്ടര്‍ പ്രണബ് കുമാര്‍ മുഖര്‍ജിയും. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചവര്‍ ആരൊക്കെയെന്നു ധവളപത്രത്തില്‍ ഒരു സൂചന പോലുമില്ല. 


കൊള്ളമുതലിന്‍റെ കൃത്യമായ ചിത്രവും അവ്യക്തം. തൊണ്ണൂറ്റേഴു പേജു വരുന്ന ധവളപത്രത്തില്‍ പറയുന്നതെല്ലാം കള്ളപ്പണം തടയാന്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും നടപടികളും. പൊതുസമ്പത്ത് കൊള്ളയടിക്കുന്നതു തടയാന്‍ യോജിച്ച നയങ്ങളും പദ്ധതികളും ആവിഷ്കരിക്കണമെന്നാണു പ്രധാന നിര്‍ദേശം. അതിനു വേണ്ടി ജനങ്ങള്‍ അധികാരപ്പെടുത്തിയ ഒരു സര്‍ക്കാര്‍ ഇപ്പോള്‍ ആര്‍ക്കാണ് ഈ ഉപദേശം നല്‍കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെക്കഴിയുന്ന അറുപതു കോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളോടോ? 


സാമ്പത്തിക ക്രമക്കേടുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുക, ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് ഇടപാടുകള്‍ക്കു നികുതി ഇളവ് അനുവദിക്കുക, സ്വര്‍ണവ്യാപാര രംഗത്തെ നിബന്ധനകള്‍ ലഘൂകരിക്കുക, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വെട്ടിപ്പ് തടയുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട് ധവള പത്രത്തില്‍. അതുകൊണ്ട് ആര്‍ക്ക്, എന്തു പ്രയോജനം? 


സാധാരണക്കാരന്‍റെ അടുപ്പിലൊഴിക്കുന്ന ഒരിറ്റു മണ്ണെണ്ണയുടെ സബ്സിഡി പോലും വെട്ടിക്കുറയ്ക്കുന്നതിനു വാളെടുക്കാന്‍ കൈക്കരുത്തുള്ള സര്‍ക്കാരിന്, അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ എല്ലാത്തരം നികുതികളും മരവിപ്പിച്ചു നിര്‍ത്താന്‍ ഉതകുന്ന കള്ളപ്പണത്തിന്‍റെ കണക്കെടുക്കുമ്പോള്‍ കൈവിറയ്ക്കുന്നത് എന്തുകൊണ്ട് എന്നു പറയാനുള്ള മാന്യതയെങ്കിലും ഉണ്ടാവണം.

No comments:

Post a Comment