റെവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതാവും സിപിഎമ്മില്‍നിന്നു രാജിവച്ച വിമതസ്വരത്തിന്റെ കാര്‍ക്കശ്യവുമായിരുന്ന ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. ആ കൊലപാതകം കേരളത്തില്‍ ആര്‍ക്കൊക്കെയോ സന്തോഷമാകുകയാണ്. അവരില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു രാജിവച്ച്, പാര്‍ട്ടി മാറി, വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന ശെല്‍വരാജ് മുതല്‍ നുണപരിശോധനയന്ത്രത്തെപ്പോലും ഇക്കാര്യത്തില്‍ വെല്ലുവിളിക്കുന്ന ചീഫ് വിപ്പ് പിസി ജോര്‍ജു വരെയുണ്ട്.
ശെല്‍വരാജ്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ശെല്‍വരാജിനെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാണ്. സിപിഎമ്മില്‍നിന്നു പുറത്തായതോടെയാണ് അതുവരെ മറച്ചുവച്ചിരുന്ന കള്ളപ്പണക്കാരന്‍, സ്പിരിറ്റുകച്ചവടക്കാരന്‍ തുടങ്ങിയ മുഖങ്ങള്‍ പൊതുമദ്ധ്യത്തില്‍ തെളിയുന്നത്. ധനുവച്ചപുരം കോളജില്‍ ഒരു എബിവിപി പ്രവര്‍ത്തകനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത പഴയ ഏരിയ സെക്രട്ടറി എന്ന ആരോപണവും ബിജെപി മുഖപത്രമായ ജന്മഭൂമി സഹായിച്ച് അലടയിക്കുന്നുണ്ട്. പാര്‍ട്ടിമാറിയ ആള്‍ എന്ന ഇമേജും ഗുണകരമല്ല. ഇതിനുപുറമേ, നെയ്യാറ്റിന്‍കരയില്‍ നല്ല വേരോട്ടമുള്ള ലോറന്‍സ് എതിര്‍സ്ഥാനാര്‍ത്ഥിയായിട്ടെത്തിയതോടെ മത്സരം പ്രശ്നഭരിതമായി. തോല്‍ക്കാന്‍ നല്ല സാദ്ധ്യത.
തോറ്റാലുള്ള കുഴപ്പം പലതാണ്. കോണ്‍ഗ്രസിലേക്കും അവരുടെ ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിത്വത്തിലേക്കും നൂലില്‍ക്കെട്ടിയിറക്കപ്പെട്ട ഈ പുതിയ അല്‍ഭുതക്കുട്ടിയെ പ്രാദേശിക കോണ്‍ഗ്രസ് സ്ഥാനമോഹികള്‍ ഉള്ളില്‍ ആനന്ദത്തോടെയൊന്നുമല്ല, സ്വീകരിച്ചത്. കോണ്‍ഗ്രസിനും ഇതൊരു താപ്പുമാത്രം. ഏറ്റാല്‍ വീണ്ടും എറിയാന്‍ കരുതിയേക്കാവുന്ന കുറുവടി. എന്നാല്‍, തോറ്റാല്‍ അതോടെ കഴിയും മധുവിധു. അടുത്ത നാലുകൊല്ലംകൊണ്ട് ശെല്‍വരാജിനെ കോണ്‍ഗ്രസിനു വേണ്ടാതാകും. അടുത്ത തെരഞ്ഞെടുപ്പുവരുമ്പോള്‍ കോണ്‍ഗ്രസില്‍ ആരുമല്ലാത്ത ഒരു കീറച്ചാക്കായിരിക്കും അദ്ദേഹം.
ഇപ്പോള്‍ ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ചിരിക്കുന്ന പുതിയ അങ്കലാപ്പില്‍ പക്ഷേ, സിപിഎമ്മിനെതിരെ ജനവികാരം ശക്തമാകാനും നെയ്യാറ്റിന്‍കര ആ കലിയുടെ പ്രതിഫലനമാകാനും ഇടയുണ്ട്. ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പുകഴിയാതെ പ്രതികളെ പിടിക്കില്ലെന്നു പിണറായി പറഞ്ഞത്. പിറവം തെരഞ്ഞെടുപ്പില്‍ വന്നുവീണ എന്‍റിക്ക ലക്സി പോലെയായി ഈ കൊല. ഇറ്റാലിയന്‍ കണക്ഷന്‍ മുതല്‍ ഒഞ്ചിയം കണക്ഷന്‍ വരെ. ഏതായാലും ശെല്‍വരാജിന്റെ അന്തരംഗം പെരുമ്പറകൊട്ടിപ്പാടുന്നെങ്കില്‍ അതിലാര്‍ക്കും തെറ്റുപറയാനാവില്ല.
എം ആര്‍ മുരളി
ഇടതുപക്ഷ ഏകോപനസമിതിയില്‍ നിന്ന് ചന്ദ്രശേഖരനിടപെട്ട് പുറത്താക്കിയതാണ് മുരളിയെ. യുഡിഎഫില്‍ ചേര്‍ന്നതായിരുന്നു കാരണം. ഇനിയിപ്പോള്‍ ഇടതുപക്ഷ ഏകോപന സമിതിയെ മൊത്തമായി യുഡിഎഫില്‍ ചേര്‍ക്കാന്‍ ഒരു കാരണമായി. ആഹ്ലാദിക്കാതെന്തുചെയ്യും!
ആര്‍എംപി നേതാക്കള്‍
ആര്‍എംപി എന്ന വിമതപാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയപരമായ അസ്തിത്വം നഷ്ടമാകുന്ന കാലമായിരുന്നു ഇത്. അവര്‍ സിപിഎം വിട്ടുപുറത്തുപോയത് രാഷ്ട്രീയാദര്‍ശപരമായിരുന്നുവോ അതോ കേവലമായ വൈകാരികാവേഗത്തിന്റെ ഫലമായിട്ടായിരുന്നുവോ എന്ന രീതിയിലേക്ക് കാര്യങ്ങളുടെ ചര്‍ച്ചാതലം മാറിവരികയുമായിരുന്നു. അവരുടെ സാന്നിദ്ധ്യങ്ങളും ശക്തിപ്രകടനങ്ങളും കൊണ്ട് സിപിഎമ്മിനെ ചില മണ്ഡലങ്ങളില്‍ പലപ്പോഴും തോല്‍പ്പിക്കാന്‍ സാധിക്കുന്നതില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങിപ്പോകുന്ന മട്ടിലായിരുന്നു ഗതിപരിണാമം.
അതെന്തിന് സിപിഎമ്മിനെ തോല്‍പ്പിക്കണം? അങ്ങനെ തോല്‍പ്പിക്കുന്നതുകൊണ്ട് നേട്ടം യുഡിഎഫിനു മാത്രം. അങ്ങനെയെങ്കില്‍ അവര്‍ക്കു യുഡിഎഫിന്റെ ഘടകകക്ഷിയായിക്കൂടേ എന്ന ചോദ്യമാണവശേഷിക്കുക. അതേസമയം യുഡിഎഫിന്റെ ഘടകകക്ഷിത്വത്തില്‍ ആറെംപിയുടെ ജന്മകാരണമായ വീരന്‍ ജനതാദളുണ്ടുതാനും.
ഇപ്പോള്‍ ടിപിയുടെ വധം കമ്മിറ്റഡ് കമ്യൂണിസ്റ്റുകാരന്റെ യഥാര്‍ത്ഥമായ ജീവത്യാഗത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ പാര്‍ട്ടിയെ വീണ്ടും സാമൂഹികാന്തരീക്ഷത്തില്‍ സജീവമാക്കുന്നു. ഒപ്പം സിപിഎം തന്നെയാണു പ്രതിസ്ഥാനത്തെങ്കില്‍ അവരുടെ രാഷ്ട്രീയാസ്തിത്വം ഒന്നുകൂടി ബലംവയ്ക്കുന്നു. അതുകൊണ്ടുതന്നെ പല ആറെംപിക്കാരും ടീപിയെക്കൊന്നത് സിപിഎം തന്നെയാകണേ എന്നു വിചാരിക്കുന്നുണ്ട്. അവരുടെ വാക്കുകളിലെ സൂചനകള്‍ അതു ചൂണ്ടിക്കാട്ടുന്നു. അതും സിപിഎമ്മിലെ പിണറായി പക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് അവരുടെ ആഗ്രഹവും. ആറെംപിയുടെ നേതൃത്വമേറ്റെടുക്കുന്ന ടീപിയുടെ വിധവ രമ, വിഎസ് സിപിഎം വിട്ട് തങ്ങളുടെ നേതാവാകണം എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതും പ്രധാനപ്പെട്ട സൂചനയാണ്.
വി എസ്അച്യുതാനന്ദന്‍
സഖാവു വിഎസിനെ സംബന്ധിച്ചിടത്തോളം ശത്രുപ്രമുഖനായ പിണറായിക്കെതിരെ ഒളിയമ്പുകള്‍ എയ്യുവാന്‍ കിട്ടിയ മറയാണ് ഈ കൊല. ടീപിയുടെ മരണമെന്ന മതിലിനു മറഞ്ഞുനിന്ന് ധീരനായ മാര്‍ക്സിസ്റ്റായിരുന്നു ടീപിയെന്നു പറയുകയും അവിടം സന്ദര്‍ശിക്കുകയും ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ തന്റെ വെറും വ്യക്തിപരമായ പറച്ചിലുകളല്ല എന്ന സൂചനയുമൊക്കെ ചില കൈചൂണ്ടികളാണ്. ഇതു വ്യക്തമായി മനസ്സിലാക്കുന്നതുകൊണ്ടാണ് പിണറായി വിജയന് പഴയ കൂലംകുത്തിപ്രയോഗം വീണ്ടും നടത്തേണ്ടിവരുന്നത്. അതും അവസരമാക്കിയെടുത്ത്, കുലംകുത്തി എന്നതു വിജയന്റെ മാത്രം അഭിപ്രായമാണെന്നും അതു പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും തനിക്ക് അങ്ങനൊരഭിപ്രായമില്ലെന്നും പറഞ്ഞ് ഗ്യാലറിയിലിരുന്നു കളികാണുന്നവരുടെ കയ്യടി വാങ്ങുകയാണ് എപ്പോഴത്തെയുംപോലെ വിഎസ്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കേണ്ടിവന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ മോശം പ്രതിച്ഛായയില്‍നിന്നും ഭരണവൈകല്യങ്ങളുടെ ചോദ്യങ്ങളില്‍നിന്നും ഒറ്റയടിക്ക് ഒരു രക്ഷ. രണ്ടാള്‍ക്കും ഇടയിലെ ശണ്ഠ രണ്ടാളെയും തകര്‍ക്കുന്ന രീതിയില്‍ മുന്നേറുമ്പോഴാണ് ഈ കൊലപാതകം അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രസ്താവനകള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം, ആത്മാര്‍ത്ഥയുടെ അരക്കഴഞ്ചുപോലുമില്ലാത്ത മുതലക്കണ്ണീര്‍ ഈ മുഖങ്ങളില്‍ ഉണങ്ങിനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ടീപിയുടെ ഭൌതികദേഹം ആ തറയില്‍നിന്നു മാറ്റിയ അടുത്ത നിമിഷം യുഡിഎഫിലെ കൊലകൊമ്പന്മാരെല്ലാം ചേര്‍ന്നുനിന്ന് രാഷ്ട്രീയച്ചിരി ചിരിക്കുന്നത്. ആ പടം കാണുമ്പോള്‍ വിനു ഏബ്രഹാം രാജന്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ഏക ഫോട്ടോഫിക്ഷനായ കഴുതപ്പുലികളുടെ ചിരിയാണോര്‍മവരിക.
ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍
അര്‍ബുദബാധിതനായി മരണടുത്ത സമയത്താണ് സിപിഐയുടെ മുന്‍ സംസ്ഥാനസെക്രട്ടറി സി കെ ചന്ദ്രപ്പന്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. അതിലൂടെ നേടാനാവുന്ന പൊതുസമ്മതിയെക്കുറിച്ചും കരഗതമാവുന്ന അമര്‍ത്യതാപരിവേഷത്തെക്കുറിച്ചും വി എസ് അച്യുതാനന്ദന്‍ എന്ന ജീവിക്കുന്ന വി ഗൈഡ് നോക്കി കാണാതെ പഠിച്ചിരുന്നു, സികെ.
ചന്ദ്രപ്പനു പിന്നാലെ സെക്രട്ടറിയായ പന്ന്യന് താന്‍ ഒത്തുതീര്‍പ്പു സെക്രട്ടറിയാണെന്നും അതേ ലൈന്‍ തുടര്‍ന്നില്ലെങ്കില്‍ കാനം രാജേന്ദ്രന്‍ ഇടക്കുത്തു കുത്തുമെന്നും പേടികാണും. അതുകൊണ്ടു തന്നെ സിപിഎം വിരുദ്ധത നടിച്ച് സിപിഐക്കാരുടെ വിശ്വാസമാര്‍ജിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതിനു വീണുകിട്ടിയ അവസരമായി, ഈ അരുംകൊല.
ബിനോയ് വിശ്വമാകട്ടെ, ആളു ചെറുപ്പമാണെങ്കിലും കാലേകൂട്ടി എറിഞ്ഞു പരിശീലിക്കയാണ്. അടുത്ത ടേം പിടിച്ചെടുക്കാനായാലോ? മന്ത്രിപ്പണി തനിക്കു പറ്റിയതല്ലെന്നു കഴിഞ്ഞ ഭരണകാലംകൊണ്ട് മനസ്സിലായി. എത്രകാലം വേള്‍ഡ് യൂത്ത് എന്നുംപറഞ്ഞ് കാലക്ഷേപം കഴിക്കാനാവും? എത്രനാള്‍ മരത്തെ കെട്ടിപ്പിടിച്ചു് വിലാപകാവ്യമാലപിക്കാനാവും? സിപിഐയുടെ സെക്രട്ടറിയെങ്ങാനുമായിക്കിട്ടിയാല്‍ രക്ഷപെട്ടില്ലേ? വേറെയൊന്നും ചെയ്തില്ലെങ്കിലും ദിവസവും രണ്ടുനേരം സിപിഎമ്മിനെ കുറ്റം പറഞ്ഞാല്‍ മതിയല്ലോ. അതിനു് ഇതിനേക്കാള്‍ പറ്റിയ സമയമേതുണ്ട്?
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
ബോംബാണെന്നു കരുതി എറിയുന്ന ഏറെല്ലാം ഏറുപടക്കമായി മാറുന്നതിന്റെ ഖിന്നതയുമായി കാത്തിരിക്കുന്ന കടല്‍ക്കിഴവന്‍ ബെര്‍ലിന് ഇതൊരു തക്കം. അതുകൊണ്ട് തെളിവുമായാണ് അദ്ദേഹം ചാടിവീഴുന്നത്. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കാണുന്നതും അതു കുടിക്കുന്നതും എന്തൊരാനന്ദപുളകിതപുണ്യം. അദ്ദേഹത്തേക്കൂടി അങ്ങ് സിപിഐയിലെടുക്കണേ ബദരീങ്ങളേ...
പി.സി.ജോര്‍ജ്
ജോര്‍ജുമാഷിന് അങ്ങനെയൊന്നുമില്ല. എവിടെ എന്തു കാപാലികപ്രവര്‍ത്തനം ഉണ്ടായാലും അതിലൊക്കെ തന്റെ പേരുകൂടിയൊന്ന് ചേര്‍ത്തുകണ്ടാല്‍ മതി. അതിപ്പോള്‍ വിമാനത്തില്‍വച്ച് ആരെങ്കിലും സീറ്റിനിടയില്‍ കൈയിട്ടതായാലും നെയ്യാറ്റിന്‍കര സ്പിരിറ്റുകേസായാലും എന്തായാലും വേണ്ടില്ല. നാറ്റക്കഥകളില്‍ തന്റെ പേരുകൂടി വേണം. ഇവിടെയും അതു സംഭവിച്ചു. ഇപ്പോഴദ്ദേഹം പറയുന്നത് വേണ്ടിവന്നാല്‍ ഈ കേസില്‍ നിരപരാധിയാണെന്നു കാണിക്കാന്‍ നുണപരിശോധനയ്ക്കുപോലും തയ്യാറാണെന്നാണ്. ഇദ്ദേഹം നുണപരിശോധനായന്ത്രവുമായി കൂടിക്കാണുന്നതിനെപ്പറ്റിയാലോചിക്കുമ്പോള്‍ പണ്ടൊരു വിദ്വാന്‍ തൂക്കം നോക്കുന്ന മെഷീനില്‍ കയറിയതാണ് ഓര്‍മവരുന്നത്. അതില്‍ നൂറ്റമ്പതു കിലോ വരെയേ തൂങ്ങുകയുള്ളൂ. ആശാന്‍ ഇരുന്നൂറുമിച്ചം. ആള്‍ കയറിയപ്പോള്‍ യന്ത്രം പൊട്ടിത്തെറിച്ചു. അതുപോലെ, ജോര്‍ജാശാനോടു മുട്ടി നുണയന്ത്രം പഞ്ചറാകുമോ എന്നതാണു സംശയം.
No comments:
Post a Comment