Saturday, May 5, 2012

ഛീ...ദേ, ഒരു പെണ്‍കുഞ്ഞ്! കൊല്ല്...അതിനെ കൊല്ല്...


ഛീ...ദേ, ഒരു പെണ്‍കുഞ്ഞ്!  കൊല്ല്...അതിനെ കൊല്ല്...
കഴിഞ്ഞമാസമാണ് ബംഗളൂരുവില്‍ അഫ്രീന്‍ എന്നുപേരായ പിഞ്ചുകുഞ്ഞിനെ പിതാവ് തറയിലടിച്ചുകൊന്ന വാര്‍ത്തവായിച്ച് ഞാന്‍ ഞെട്ടിയത്. പെണ്ണാണെന്ന് തിരിച്ചറിയിക്കുന്നതെല്ലാം ഒരു മന്ത്രവടി ഉപയോഗിച്ച് മായ്ച്ചുകളയാന്‍ എന്തു വഴിയുണ്ടെന്ന് അഫ്രീന്‍ ആലോചിച്ചിട്ടുണ്ടാവില്ല. മൂന്നുമാസം മാത്രം പ്രായമുണ്ടായിരുന്ന ആ തലച്ചോറിന് അറിവുണ്ടാകാന്‍ വയ്യല്ലോ, ജനിപ്പിച്ചവന്‍തന്നെ ആലോചിച്ച് പദ്ധതികളുണ്ടാക്കി ജീവനെടുക്കാന്‍ തുനിയുമെന്ന്...

അവളുടെ ചെറുപ്പക്കാരനായ പിതാവിന് ഭ്രാന്താവും എന്നോ അല്ലെങ്കില്‍ അയാള്‍ ലഹരിക്കടിമയായിരിക്കുമെന്നോ വിചാരിക്കാന്‍ ഒരുപക്ഷേ, ആഗ്രഹിക്കാന്‍ ആ വാര്‍ത്തയറിഞ്ഞതു മുതല്‍ എല്ലാവരും ഉല്‍ക്കടമായി പരിശ്രമിക്കുകയായിരുന്നു. മാതൃത്വത്തിലും പിതൃത്വത്തിലുമുള്ള വിശ്വാസം മുറുക്കിപ്പിടിക്കാന്‍വേണ്ടി... ആ വിശ്വാസങ്ങളുടെ ബലത്തില്‍ തുടര്‍ന്ന് ജീവിക്കാന്‍വേണ്ടി... പക്ഷേ, അയാള്‍ക്ക് പെണ്‍കുഞ്ഞിനോട് കടുത്ത വെറുപ്പായിരുന്നു, കുഞ്ഞിനെ വേണ്ടായിരുന്നു, ഇല്ലാതാക്കാന്‍ ജനിച്ചദിവസം മുതല്‍ ക്രൂരമായ പല ശ്രമങ്ങളും നടത്തിവരുകയായിരുന്നു എന്നു വെളിപ്പെട്ടപ്പോള്‍... ആ വെറുപ്പിന്‍െറ ആഴം എത്രയെന്ന് അളക്കാനാവാതെ തകര്‍ന്ന് ചിതറാന്‍ മാത്രമേ എല്ലാവര്‍ക്കും കഴിഞ്ഞുള്ളൂ. ആണിനെയും പെണ്ണിനെയും ജനിപ്പിക്കുന്നത് പുരുഷബീജംതന്നെയാണെന്ന ശാസ്ത്രസത്യം ഈ 21ാം നൂറ്റാണ്ടില്‍പോലും വേണ്ടത്ര മനസ്സിലാക്കപ്പെടാതെപോവുകയും അമ്മമാരും പെണ്‍കുട്ടികളും അതിന്‍െറ പേരില്‍ നരകയാതനകള്‍ സഹിക്കേണ്ടിവരുകയുമാണല്ലോ എന്നോര്‍ത്ത് വേദനിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ശാരീരികമായി സംഭവിച്ചുപോകുന്ന, അറിയാതെ പറ്റിപ്പോകുന്ന ഒരു അബദ്ധം മാത്രമാണോ ഒരു പെണ്‍കുഞ്ഞിന്‍െറ അച്ഛനാകലും അമ്മയാകലും? ഏറ്റവുംവേഗം തിരുത്തപ്പെടേണ്ട ഒരു തെറ്റ്? അതെ, എന്നുതന്നെയാണ് കഴിഞ്ഞ 20കൊല്ലത്തെ കണക്കുകള്‍ നമ്മളോട് വിളിച്ചുപറയുന്നത്. ഈ കാലയളവില്‍ മാത്രം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഇല്ലാതാക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍ ഒരു കോടിയിലധികമാണ്. ഭ്രൂണമായും ജനിച്ചുകഴിഞ്ഞും അഞ്ചു വയസ്സിനകംതന്നെ ആര്‍ക്കും വേണ്ടാതായ പെണ്‍കുഞ്ഞുങ്ങള്‍... പുതിയ സെന്‍സെസ് റിപ്പോര്‍ട്ട് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലെങ്കിലും അത് 900ത്തില്‍ താഴെയുമാണ്. കഴിഞ്ഞ 50 വര്‍ഷമായി പെണ്‍കുട്ടികളുടെ എണ്ണം കുറച്ചുകുറച്ച് കൊണ്ടുവരുന്ന പ്രവണതയുണ്ടെങ്കിലും ഈ 20വര്‍ഷത്തിലാണ് ഇത്രയും രൂക്ഷമായ കുറവുണ്ടായത്. 2020 ആകുമ്പോഴേക്കും സ്ത്രീകളെ അപേക്ഷിച്ച് രണ്ടരക്കോടി പുരുഷന്മാര്‍ ഇന്ത്യയില്‍ അധികമായി ഉണ്ടായിരിക്കുമത്രെ!

‘സ്ത്രീകള്‍ എണ്ണത്തില്‍ കുറയുന്നത് വളരെ മോശപ്പെട്ട ഒരു കാര്യംതന്നെയാണ്, എങ്കിലും എനിക്ക് ആണ്‍കുട്ടി മതി, നിങ്ങള്‍ക്ക് വേണമെങ്കില്‍ പെണ്ണാവാം’ എന്നാണ് എല്ലാവരുടേയും ഈ പ്രശ്നത്തിലുള്ള ചിന്താഗതി. ‘ഒരു കുഞ്ഞേയുള്ളൂ? അതും പെണ്ണ്! അയ്യോ! കഷ്ടമായി...’ എന്ന് തികച്ചും ആത്മാര്‍ഥമായി സഹതപിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേയുള്ളൂ. ഈ 21ാം നൂറ്റാണ്ടിലും നൂറു പുത്രന്മാരുണ്ടാവട്ടെ എന്നു മാത്രം അനുഗ്രഹിക്കുന്ന ആചാരങ്ങളാണല്ലോ തികഞ്ഞ സംസ്കാരസമ്പന്നരായ നമുക്കുള്ളത്.

അധികാരവും പണവും പദവിയും തൊഴിലും സ്വത്തുക്കളുമെല്ലാം പുരുഷന്മാരുടെ കൈവശമായതുകൊണ്ടും അവനാണ് ഈ ലോകം തിരിക്കുന്നത് എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടുമാണല്ലോ ആ അനുഗ്രഹം ഒരു പുതുഭാര്യക്ക് എല്ലാവരും സമൃദ്ധമായി നല്‍കുന്നത്. അപ്പോള്‍പിന്നെ, ഒരു സമ്പാദ്യത്തിനും ഇട നല്‍കാത്ത ചെലവുകളുടേതു മാത്രമായ പെണ്‍പിറവി എങ്ങനെയെങ്കിലും ഒഴിവാക്കിയല്ലേ പറ്റൂ. സാധിക്കുമെങ്കില്‍ ഇരു ചെവിയറിയാതെ അമ്മയുടെ വയറ്റില്‍ത്തന്നെ അവസാനിപ്പിക്കുക, പറ്റിയില്ലെങ്കില്‍ പുറത്തുവന്നശേഷം നാലഞ്ചു വയസ്സിനുള്ളില്‍ ഏതു വിധേനയെങ്കിലും അവളെ ഒഴിവാക്കിയെടുക്കുക. ‘എന്‍െറ കുഞ്ഞാണെങ്കില്‍ അത് ആണായിരിക്കും’ എന്ന് ഉറപ്പിച്ചുപറഞ്ഞ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല. അയാളുടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭാര്യ ലേബര്‍റൂമില്‍ കയറുംമുമ്പ് പേടിച്ചരണ്ടിരുന്നു. അവള്‍ പ്രസവിക്കുന്നത് ആണ്‍കുഞ്ഞിനെയല്ലെന്നുവന്നാല്‍...
‘പെണ്‍കുട്ടി ആണ്‍കുട്ടിക്കൊപ്പം’, ‘മക്കള്‍ തമ്മില്‍ ഭേദമരുത്’ എന്നൊക്കെ ടി. വിയിലും വര്‍ത്തമാനക്കടലാസുകളിലും സര്‍ക്കാര്‍വക പരസ്യം കാണാറുണ്ട്. സിഗരറ്റ്വലി ആരോഗ്യത്തിന് ഹാനികരമെന്ന് സിഗരറ്റ്പാക്കറ്റിനു പുറത്ത് അച്ചടിക്കുന്നതു പോലെ...മദ്യപാനം ഹാനികരമെന്ന് മദ്യക്കുപ്പിയിന്മേല്‍ അച്ചടിക്കുന്നതുപോലെ ഒരു കള്ളത്തരം മാത്രമാണ് സര്‍ക്കാറിന്‍െറ ഈ പരസ്യങ്ങള്‍. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ, അതുകൊണ്ടുതന്നെ തീര്‍ത്തും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ നിത്യേനയെന്നോണം സംഭവിക്കുമ്പോഴും അതിനെതിരെ കാര്യക്ഷമമായ ഒരു പ്രതിരോധവും നിയമംവഴിപോലും നടപ്പാക്കാനാവാത്ത സര്‍ക്കാറിന്‍െറ വെറും തമാശയാണ് ഈ പരസ്യങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ വീണ്ടുംവീണ്ടും പ്രചരിപ്പിക്കുന്ന സാഹിത്യത്തിനും കലക്കും മതങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയത്തിനും അധികാരത്തിനും പരമ്പരാഗത ആചാര വിശ്വാസങ്ങള്‍ക്കും മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ സമൂഹം പ്രാധാന്യംനല്‍കുന്നത്. അതുതന്നെയാണ് ഇമ്മാതിരിയുള്ള കൊടും പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമാകുന്നതും.

2003ല്‍ റിലീസ്ചെയ്യപ്പെട്ട, മനീഷ് ഝാ സംവിധാനംചെയ്ത ‘മാതൃഭൂമി’ എന്ന ഹിന്ദി സിനിമ പെണ്ണുങ്ങളില്ലാതായിത്തീര്‍ന്ന ഒരു ഗ്രാമത്തിന്‍െറ തീവ്രാനുഭവമാണ്. ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം, തികച്ചും പ്രവചനാത്മകമായ ഒരു മഹാസത്യമെന്നതുപോലെ, ആ സിനിമ നെഞ്ചിലിടിച്ച് വിങ്ങുന്നു. 2003ലെ വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും പോളണ്ട് ഫിലിം ഫെസ്റ്റിവെലിലും ഗ്രീസിലെ തെസ്സലോനികി ഫിലിം ഫെസ്റ്റിവെലിലും ഫ്ളോറന്‍സ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലുമായി നിരവധി അവാര്‍ഡുകളും ഈ സിനിമ നേടുകയുണ്ടായി. തമിഴ്, തെലുങ്ക്, ഗുജറാത്തി, ഭോജ്പുരി, ബംഗാളി എന്നീ ഇന്ത്യന്‍ഭാഷകളിലും ഫ്രഞ്ച് ഭാഷയിലും സിനിമ ഡബ് ചെയ്യപ്പെട്ടു.

പെണ്‍കുഞ്ഞുങ്ങളെ കൊന്നുകൊന്ന് പൂര്‍ണമായും സ്ത്രീരഹിതമായിത്തീര്‍ന്ന ഒരു ഗ്രാമമാണ് സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഒരു സ്ത്രീശരീരത്തിനായി പുരുഷന്മാര്‍ ദാഹാര്‍ത്തരായി ഉഴറുന്ന ഗ്രാമം. കഥയിലെ ധനികനായ അച്ഛന്‍ ഗ്രാമത്തില്‍നിന്ന് ദൂരെ പാര്‍ക്കുന്ന കല്‍ക്കിയെന്ന പെണ്ണിനെ പണം കൊടുത്ത് വാങ്ങി അഞ്ചാണ്‍മക്കളുടെയും തന്‍െറയുംകൂടി ഭാര്യയാക്കുന്നു. ഏറ്റവും ഇളയ മകന്‍ മാത്രമാണ് ഇതില്‍ അല്‍പം മനുഷ്യത്വമുള്ളയാള്‍. അയാളെ സ്വസഹോദരന്മാര്‍തന്നെ കല്‍ക്കിയുമായുള്ള അടുപ്പത്തിന്‍െറ പേരില്‍ നിഷ്കരുണം വധിക്കുകയാണ്. പുരുഷന്മാര്‍ തമ്മിലുള്ള ജാതി വഴക്കുകളില്‍ കല്‍ക്കി ഒരു പണയവസ്തുവാകുകയും കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷം അവളെ ഒരു കാലിത്തൊഴുത്തില്‍ കെട്ടിയിടുകയാണ്. ആ ബന്ധനത്തില്‍ കിടന്നുകൊണ്ടുതന്നെ അവള്‍ക്ക് പല പുരുഷന്മാരെയും തൃപ്തിപ്പെടുത്തേണ്ടിയും വരുന്നുണ്ട്. അവള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടാവുകയാണെന്നറിയുമ്പോള്‍ കല്‍ക്കിയും പെണ്‍കുഞ്ഞും തന്‍െറയാണ് തന്‍െറയാണ് എന്ന അവകാശവാദത്തില്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ പരസ്പരം വെട്ടിയുംകുത്തിയും ചാകുന്നു.

സിനിമ തീരുമ്പോള്‍ ചുവന്നു തുടുത്ത കനല്‍ക്കട്ടകള്‍ പോലെ നീറിപ്പിടിക്കുന്ന പൊള്ളലും ഭയവും വേദനയും കാണികളെ വേട്ടയാടാതിരിക്കില്ല.

അച്ഛന്മാര്‍തന്നെ അമ്മമാരും ആങ്ങളമാര്‍തന്നെ പെങ്ങള്‍മാരും ഭര്‍ത്താക്കന്മാര്‍തന്നെ ഭാര്യമാരും ആണ്‍മക്കള്‍തന്നെ പെണ്‍മക്കളുമാകുന്ന ഏകലിംഗലോകത്തിലേക്ക് പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിവേഗം പ്രവേശമുണ്ടാകട്ടെ. അമ്മിഞ്ഞകളില്ലാത്ത അമ്മമാരും മുറ്റിയ താടിയുള്ള പെങ്ങള്‍മാരും കട്ടിമീശയുള്ള പുത്രിമാരും ഗര്‍ഭാശയങ്ങളില്ലാത്ത ഭാര്യമാരും ലോകം കീഴടക്കട്ടെ. ആര് കണ്ടു, ചിലപ്പോള്‍ കുരുതികൊടുക്കപ്പെടുന്ന ഒരുപാട് പെണ്‍ജീവനുകളുടെ അവസാന തുടിപ്പുകളില്‍നിന്നാവാം അവരെ പെറ്റിട്ടവര്‍ മറ്റൊരു ലോകമുണ്ടാക്കാന്‍ തുടങ്ങുന്നത്...
എങ്കിലും അഫ്രീന്‍... നിന്‍െറ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.

-Madhyamam

No comments:

Post a Comment