34 വര്‍ഷത്തെ ഇടതു ഭരണത്തിനു ശേഷം , പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പിന്നിട്ടു.അവരുടെ നടപടികളെക്കുറിച്ചും രീതികളെക്കുറിച്ചും ചുരുങ്ങിയ കാലത്തിനുള്ളില്‍ പരാതികളാണ് കൂടുതലും ഉണ്ടായിട്ടുള്ളത്.തന്നിഷ്ടമനുസരിച്ച് കാര്യങ്ങള്‍ നടത്തുകയും വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന അവര്‍ക്ക് ഒരു ഭരണാധികാരിയെന്ന നിലയില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാനായിട്ടില്ല
ഒരു വര്‍ഷം ഒരു സര്‍ക്കാറിന്റെയും ഭരണം വിലയിരുത്താനുള്ള കാലയളവല്ല. പക്ഷേ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിതന്നെ തന്റെ സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തിന് നൂറില്‍ നൂറു മാര്‍ക്ക് നല്‍കി ഒരു വിലയിരുത്തലിന് വഴിയൊരുക്കിയിരിക്കുകയാണ്.
ജനങ്ങളില്‍ ഒരു വിഭാഗം മമത ബാനര്‍ജിയെ അധികാരത്തിലേറ്റുമ്പോള്‍ വന്‍ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അതേസമയം, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അല്പമെങ്കിലും ശുദ്ധവായു മാത്രമായിരുന്നു ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഏതു പത്രം വായിക്കണമെന്നുപോലും സര്‍ക്കാറാണ് തീരുമാനിക്കുന്നത് എന്ന സ്ഥിതി വന്നിരിക്കയാണ്. സര്‍ക്കാര്‍ ഗ്രന്ഥശാലകളിലും സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഗ്രന്ഥശാലകളിലും മുഖ്യധാരാ പത്രങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ചത് വിവാദത്തിനു വഴിവെച്ചിരിക്കുന്നു. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളുടെ മേലുള്ള കുതിര കയറലായാണ് പൗരസമൂഹം ഈ നടപടിയെ വീക്ഷിക്കുന്നത്.
മമതയുടെ കരിസ്മ, ഐക്യപ്പെട്ട പ്രതിപക്ഷം, ഇടതുപക്ഷ മുഖം, ഇടതു മുന്നണിയിലെ അണികള്‍ക്കിടയില്‍ തന്നെയുള്ള അസംതൃപ്തി എന്നിവയായിരുന്നു 34 വര്‍ഷത്തെ ഇടതുമുന്നണിയുടെ ഭരണക്കുത്തക തകര്‍ത്തത്. പക്ഷേ, ഇക്കാര്യം മമത സൗകര്യപൂര്‍വം മറക്കുകയാണ്. കൂടെ നിന്നവരെ വെറുപ്പിക്കുകയും പുറത്തുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യുകയെന്നത് മമതയുടെ മാത്രം രാഷ്ട്രീയകലയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ മമതയുടെ പ്രകടനം മമതയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഏവരെയും നിരാശപ്പെടുത്തിയിരിക്കുന്നു. മമതയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചവരില്‍ പ്രധാനികളായ പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവി, കവിയും ഗായകനും എം.പി. യുമായ കബീര്‍ സുമന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ സുനന്ദ സന്യാല്‍ തുടങ്ങി നിരവധിപേര്‍ ഇന്ന് മമതയുടെ കടുത്ത വിമര്‍ശകരായി മാറിയിരിക്കയാണ്. മാവോവാദി നേതാവ് കിഷന്‍ജി മമതയുടെ സര്‍ക്കാറിന്റെ സേനയാല്‍ത്തന്നെ നിഷ്‌കരുണം വധിക്കപ്പെടുകയായിരുന്നു. നക്‌സല്‍ വിഭാഗങ്ങള്‍ വളരെ മുമ്പുതന്നെ മമതയോട് വിട പറഞ്ഞിരുന്നു. മുന്‍ ട്രേഡ് യൂണിയന്‍ നേതാവ് പൂര്‍ണേന്ദു ബസു മാത്രമാണ് മമത നല്‍കിയ മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടയാള്‍. നാടകപ്രവര്‍ത്തകന്‍ ബ്രാത്യ ബസുവിനെയും മന്ത്രിപദം നല്‍കി നിശ്ശബ്ദനാക്കിയിരിക്കയാണ്. എസ്.യു.സി.ഐ., കോണ്‍ഗ്രസ്, ഭൂമി ഒഴിപ്പിക്കല്‍ വിരുദ്ധ സമരസമിതി യുടെ നേതാവ് സിദ്ദിക്കുള്ള ചൗധരി (മമതയുടെ ന്യൂനപക്ഷമുഖം) യുടെ പാര്‍ട്ടി, ജമാഅത്തെ ഉലമാ ഇ ഹിന്ദ് എന്നിവയെല്ലാം ഇപ്പോള്‍ മമതയെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
ജംഗല്‍ മഹലില്‍ നിന്ന് സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന മമത തന്റെ ഭരണകാലത്ത് സി.പി.എം. സര്‍ക്കാര്‍ തുടര്‍ന്നുവന്ന മാവോവേട്ട കൂടുതല്‍ തീവ്രമാക്കുകയും ഇടതുമുന്നണിയെ താഴെ ഇറക്കാനുള്ള മുന്നേറ്റങ്ങളില്‍ തന്റെ സമരസഖാവ് കൂടിയായിരുന്ന കിഷന്‍ജിയെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചു നീക്കുകയും അദ്ദേഹത്തിന്റെ അണികളെ ജയിലിലടയ്ക്കുകയും ചെയ്തിരിക്കയാണ്. ഇടതുമുന്നണിയുടെ കാലത്തെ രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ഇടതുമുന്നണി സര്‍ക്കാറിനെതിരെ സമരം ചെയ്തിരുന്ന നിരവധിപേരെക്കൂടി അതേ കാരണത്താല്‍ ജയിലഴികള്‍ക്കുള്ളിലാക്കിയിരിക്കുന്നു. മമതയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച അധ്യാപകനെ തല്ലിച്ചതച്ചതും ജയിലിലാക്കിയതും മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകരുടെ ജാഥയെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതും സി.പി.എം. ഓഫീസ് ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ചതും ഒക്കെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈസ്റ്റേണ്‍ ബൈപ്പാസിന് സമീപമുള്ള നോണ ഡംഗ ചേരികളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനെതിരെ സമരത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞനായ പാര്‍ഥോ ചൗധരിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് മമതയുടെ സ്വേച്ഛാധിപത്യ മനോഭാവത്തെയാണ് കാണിക്കുന്നത്. ഏകകക്ഷി മേധാവിത്വത്തില്‍ നിന്ന് ഏകവ്യക്തി മേധാവിത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കയാണെന്നാണ് മമതയുടെ കാലത്തെ സിവില്‍ സൊസൈറ്റി ബുദ്ധിജീവികളിലൊരു വിഭാഗം പറയുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസ് മാത്രമല്ല സഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസുകളടക്കം കൈയേറുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പോലീസും മുഖ്യമന്ത്രിയും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. ഒരു നഗരസഭയടക്കം ആറ് മുനിസിപ്പാലിറ്റികളിലേക്ക് ജൂണില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും പരസ്പരം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയാണുള്ളത്. തൃണമൂല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയാണെന്നും ഭീഷണിപ്പെടുത്തി അവരെക്കൊണ്ട് സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ പരാതി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് അനുവദിക്കുന്നില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിട്ടുണ്ട്.
ഇടതുമുന്നണിയും ഇതേ പരാതികളുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ നടമാടുന്ന ഭീകരതയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സുകാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും കൂടുന്നതിലേക്കുവരെ സ്ഥിതിഗതികള്‍ എത്തി. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും മമത ബാനര്‍ജിയുടെയും ഏകപക്ഷീയമായ തീരുമാനങ്ങളെ ആദ്യം എതിര്‍ത്തത് കോണ്‍ഗ്രസ്സിന്റെ ശക്തനായ എം.പി. അധീര്‍ ചൗധരിയും ദീപദാസ് മുന്‍ഷിയും മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമൊട്ടാകെത്തന്നെ അവര്‍ക്ക് പിന്നില്‍ അണിനിരന്നിട്ടുണ്ട്, മമതയെ വിമര്‍ശിക്കുന്ന കാര്യത്തില്‍. ''ഏതൊരു സര്‍ക്കാറിന്റെയും പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ ഒരുവര്‍ഷം ഒരു കാലയളവേ അല്ല. വിപ്ലവകരമായ മാറ്റമാണ് ഇടതുമുന്നണിയുടെ ഭരണം അവസാനിപ്പിച്ചത്. ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷകളായിരുന്നു. പക്ഷേ, ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്ന നടപടികളായിരുന്നു കഴിഞ്ഞ ഒരുവര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടായത്. സഖ്യകക്ഷിയായ തങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല. തങ്ങളും മുന്നണിയുടെ ഒരു ഭാഗമാണെന്ന തോന്നല്‍ പോലുമുണ്ടാകുന്നില്ല'' -സര്‍ക്കാറിന്റെ ഒരു കൊല്ലത്തെ ഭരണത്തെ വിലയിരുത്തികൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യയുടെ അഭിപ്രായമാണിത്.
സിംഗൂരിലെ കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു കൊടുക്കാമെന്നു പറഞ്ഞ മമത ഇപ്പോള്‍ അക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സിംഗൂരിലെ കര്‍ഷകരാകട്ടെ, പട്ടിണിയും പരിവട്ടവുമായി കഴിയുന്നു. മമതയുടെ വാക്ക് വിശ്വസിച്ച അവര്‍ക്ക് ഭൂമി തിരിച്ചു കിട്ടിയതുമില്ല; നഷ്ടപരിഹാരം വാങ്ങാനും കഴിഞ്ഞില്ല.
ഏതൊക്കെ സമരമാര്‍ഗങ്ങളിലൂടെയാണോ താന്‍ ഭരണത്തില്‍ കയറിയത്, ഇന്ന് മമത അവയൊക്കെ നിരോധിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഫിബ്രവരി 28-ന്റെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ അടിയന്തരാവസ്ഥക്കാലത്തെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള നടപടികളാണ് എടുക്കുന്നത്. ഹര്‍ത്താലുകളും വഴിയോരപ്രകടനങ്ങളും ഓഫീസുകളിലും ഫാക്ടറികളിലും സമരം ചെയ്യുന്നതുമൊക്കെ നിരോധിക്കുമെന്ന സര്‍ക്കാറിന്റെ ഭീഷണിക്കുമുന്നില്‍ തൊഴിലാളികള്‍ പകച്ചു നില്‍ക്കുകയാണ്. 34 വര്‍ഷം തങ്ങളെ വഞ്ചിച്ച ഇടതുമുന്നണി സര്‍ക്കാര്‍ പോയപ്പോള്‍ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുമെന്നും സര്‍ക്കാര്‍ മിനിമം കൂലി നിയമം നടപ്പാക്കുമെന്നുമുള്ള തൊഴിലാളികളുടെ പ്രതീക്ഷയ്ക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ ക്ഷുഭിതരാണ്. പോലീസിന്റെ പീഡനങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് അവരുടെ പരാതി. ടാക്‌സികളില്‍ ആറു യാത്രക്കാരെ വരെ കയറ്റാമായിരുന്നിടത്ത് നാലുപേരാക്കി ചുരുക്കിയത് യാത്രക്കാരെയും ടാക്‌സി തൊഴിലാളികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. ഇത് വന്‍കിട ടൂറിസ്റ്റ് കമ്പനികള്‍ക്ക് സഹായകരമായ നിലപാടാണെന്ന് അവര്‍ക്ക് പരാതിയുണ്ട്. ഇടതുമുന്നണിയുടെ കാലത്ത് തെരുവ് വാണിഭക്കാരെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തന്നെ തന്റെ കാലത്ത് തുടരാനും മമത മടിച്ചില്ല. ഇത് ധാരാളം വഴിവാണിഭക്കാരെ മമത സര്‍ക്കാറിനെതിരാക്കിയിരിക്കയാണ്.
ഇക്കാലയളവില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചതും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അതേസമയം, വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ സര്‍ക്കാറിനെ കരിതേച്ചുകാണിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ദേശീയ വനിതാകമ്മീഷന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളുടെ എണ്ണം ദേശീയതലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയുമാണ്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ വീട്ടമ്മയും ബര്‍ദ്വാന്‍ ജില്ലയിലെ കാട്ട്‌വായിലെ വീട്ടമ്മയും ബലാത്സംഗം ചെയ്യപ്പെട്ട സംഭവങ്ങളെക്കുറിച്ച് കെട്ടിച്ചമച്ച കഥകളാണെന്ന മുഖ്യമന്ത്രി മമതയുടെ അഭിപ്രായം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിംഗൂര്‍ സമരത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് മമതയോടൊപ്പം പ്രവര്‍ത്തിച്ച സാമൂഹികപ്രവര്‍ത്തക അനുരാധ തല്‍വാര്‍ പറഞ്ഞു. പാര്‍ക്ക് സ്ട്രീറ്റിലെ ബലാത്സംഗക്കേസില്‍ തെളിവുണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥ ദമയന്തി സെന്നിന് സ്ഥാനചലനം സംഭവിച്ചത് വിമര്‍ശനത്തിനു വിധേയമായി.
കൊല്‍ക്കത്ത സര്‍വകലാശാല അധ്യാപികയായ ഇഷിത മുഖര്‍ജി പറയുന്നു: ''ഈ സര്‍ക്കാറിലുള്ള ജനങ്ങളുടെ പ്രതീക്ഷകളെ വെറുതെ വിട്ടേക്ക്. പക്ഷേ, കുറഞ്ഞപക്ഷം സ്ത്രീകള്‍ക്ക് തെരുവിലിറങ്ങി നടക്കാനുള്ള സാഹചര്യമെങ്കിലും സൃഷ്ടിക്കേണ്ടതായിരുന്നു.''
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗ്രൂപ്പ് വഴക്കുകളില്‍ അവരുടെ തന്നെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും ജനങ്ങള്‍ നല്ല നിലയിലല്ല കാണുന്നത്. കോളേജുകളിലെയും സ്‌കൂളുകളിലെയും തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ ഛാത്ര പരിഷത്തിന്റെ തന്നെ രണ്ടും മൂന്നും ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം ഒതുക്കാനും പോലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്.
34 വര്‍ഷവും ജനങ്ങള്‍ സി.പി.എമ്മിനെ സഹിച്ചത് കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ 1970-കള്‍ ആവര്‍ത്തിക്കുമോ എന്ന ഭയത്താലായിരുന്നു. ഇടതുമുന്നണിക്കെതിരായ ജനവികാരമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടാക്കി മാറ്റിയത്. ജനങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയാണ് മമത പിന്തുടരുന്നത്. ഇത് തുടര്‍ന്നാല്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
കോഴിക്കോട്ട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനിടയില്‍ ബംഗാളിലെ സ്ഥിതിഗതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബംഗാളില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്, ''ഇപ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല. ധൃതിപിടിച്ച് ഒരു തീരുമാനവും എടുക്കുകയില്ല. ജനങ്ങള്‍ വോട്ടുകൊടുത്തതല്ലേ. അവര്‍ ഭരിക്കട്ടെ.'' ഭംഗ്യന്തരേണ പറയാന്‍ ശ്രമിച്ചത് ജനങ്ങള്‍ പാഠം പഠിക്കട്ടെ, അനുഭവിക്കട്ടെ അഞ്ചുവര്‍ഷം എന്നാണ്. അത് കഴിഞ്ഞാല്‍ വലിയ അധ്വാനമില്ലാതെ ഭരണം തിരിച്ചു പിടിക്കാം എന്ന മനോഭാവമാണ് ഈ അഭിപ്രായങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത്. പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിശ്ചലതയും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
No comments:
Post a Comment