Thursday, April 12, 2012

റിപ്പോർട്ടർ അനോണിയുടെ പേരുവെളിപ്പെടുത്തുമ്പോള്‍

മറിയം റഷീദയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മറിയം റഷീദ എന്ന മാലി വനിതയെ ISRO-യിലെ ഏതാനും ശാസ്ത്രജ്ഞര്‍ ഒരു വിമാനത്തില്‍ വച്ചു പരിചയപ്പെട്ടതിന്റെ പിന്നാലെ കുറ്റാന്വേഷണ പത്രപ്രവര്‍ത്തനവുമായി കേരളത്തിലെ മാദ്ധ്യമങ്ങള്‍ ചാടിയിറങ്ങി. മറിയം റഷീദ എന്ന സ്ത്രീയെ മാതാഹാരിയെപ്പോലെ ഒരു ചാരവനിതയാക്കി. മാലി ചാരക്കേസ് നിയമസഭയില്‍ വിവാദമായി. ശാസ്ത്രജ്ഞരുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും താറുമാറായി.

മറിയം റഷീദയെ കേരള പോലീസ് കുറച്ചുനാള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചു. അന്വേഷണത്തിനൊടുവില്‍ അവരെ തെളിവൊന്നും കിട്ടാതെ വെറുതേ വിട്ടു. ശാസ്ത്രജ്ഞര്‍ക്കെതിരെയുള്ള അന്വേഷണത്തിലും കുറ്റകരമായ ഒന്നും കണ്ടെത്താനാവാത്തതോടെ അവരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.ഈ കേസിന്റെ പുരോഗതി പത്രങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്കു നീങ്ങി, പിന്നീട് ഇത് വാര്‍ത്തയേ അല്ലാതെയായി.

ചാരക്കേസില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തക പരമ്പര എഴുതി താളുകള്‍ നിറച്ച് നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ആത്മഹത്യയുടെ വക്കോളമെത്തിച്ച മനോരമ പത്രം തന്നെ, ഇതെല്ലാം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം, അദ്ദേഹവുമായി അഭിമുഖം നടത്തി നടത്തി ആ അഭിമുഖം വനിത മാസികയുടെ കവര്‍ സ്റ്റോറിയായി കൊടുത്തു എന്നതാണ് ഏറ്റവും ഐറണി. നമ്പിനാരായണന്റെ കുടുംബം, ഹോബികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ഇങ്ങനെ പോകുന്ന സ്ഥിരം വനിതാ സ്റ്റൈല്‍ ഇന്റര്‍വ്യൂവിനിടയ്ക്ക് പണ്ട് ചാരക്കേസ് കാരണം ഒരുപാട് പീഡിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം പറയുന്നുണ്ട്. അത് സഹതാപത്തോടെ 'വനിത' എഴുതിയിട്ടുണ്ട്. ആരാണ് പീഡിപ്പിച്ചത്, ഏതൊക്കെ പത്രങ്ങളായിരുന്നു, എന്നൊന്നും ഇല്ല.

"ജോര്‍ജ്ജ് ഓര്‍വ്വല്‍ എഴുതിയ 1984 എന്ന നോവലില്‍ കേന്ദ്ര കഥാപാത്രമായ വിന്‍സ്റ്റണ്‍ സ്മിത്ത് എന്നയാളെ കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കുന്നത് ഒ'ബ്രയന്‍ എന്നയാളാണ്. എന്നിട്ടും പീഡനങ്ങള്‍ അല്പം കുറയുന്ന വേളയില്‍ വിന്‍സ്റ്റണ്‍ സ്മിത്ത് ഒ'ബ്രയനെ കെട്ടിപ്പിടിച്ചു കരയുന്നു, അയാള്‍ക്ക് ഒ'ബ്രയനോട് എന്തെന്നില്ലാത്ത സ്നേഹവും വിശ്വസ്തതയും തോന്നുന്നു, ഒബ്രയനാണ് തന്റെ രക്ഷകന്‍ എന്നു അയാള്‍ക്കു തോന്നുന്നു. മനോരമ തന്നെ നമ്പിനാരായണന്റെ ഇന്റര്‍വ്യൂ നല്‍കിയതു വായിച്ചപ്പോള്‍ ഇതാണ് ഓര്‍മ്മവന്നത്." ജോര്‍ജ്ജ് ഓര്‍വ്വല്‍ എഴുതിയ 1984 എന്ന നോവലില്‍ കേന്ദ്ര കഥാപാത്രമായ വിന്‍സ്റ്റണ്‍ സ്മിത്ത് എന്നയാളെ കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കുന്നത് ഒ'ബ്രയന്‍ എന്നയാളാണ്. എന്നിട്ടും പീഡനങ്ങള്‍ അല്പം കുറയുന്ന വേളയില്‍ വിന്‍സ്റ്റണ്‍ സ്മിത്ത് ഒ'ബ്രയനെ കെട്ടിപ്പിടിച്ചു കരയുന്നു, അയാള്‍ക്ക് ഒ'ബ്രയനോട് എന്തെന്നില്ലാത്ത സ്നേഹവും വിശ്വസ്തതയും തോന്നുന്നു, ഒബ്രയനാണ് തന്റെ രക്ഷകന്‍ എന്നു അയാള്‍ക്കു തോന്നുന്നു. മനോരമ തന്നെ നമ്പിനാരായണന്റെ ഇന്റര്‍വ്യൂ നല്‍കിയതു വായിച്ചപ്പോള്‍ ഇതാണ് ഓര്‍മ്മവന്നത്.

ആ ഇന്റര്‍വ്യൂവിന്റെ ക്രൂരമായ ഫലിതം നിര്‍ത്തിക്കൊണ്ടു തന്നെ സംശയിച്ചുപോവുന്നു, നമ്പിനാരായണനെയും ശശികുമാറിനെയും തേജോവധം ചെയ്യാന്‍ മനോരമയ്ക്ക് വിശ്വസനീയമായ വാര്‍ത്തകള്‍ കൊടുത്തത് ആരായിരുന്നു? പോലീസിനെപ്പോലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കൊടുത്തുകൊണ്ടിരുന്നത് ആരായിരുന്നു?

സോറി, അവര്‍ അനോണികളാണ്. അവരുടെ പേരുവെളിപ്പെടുത്തിക്കൂടാ. അവരെപ്പറ്റി ഇത്രമാത്രമേ എഴുതാവൂ - വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചു.

'വിശ്വസനീയമായ കേന്ദ്രങ്ങള്‍' ഡി.എച്ച്. ആര്‍.എം. എന്ന ദളിത സംഘടനയെ ഭീകര പ്രവര്‍ത്തകരാക്കി. പിന്നാലെ പോലീസ് അവരുടെ നേതാവിനെ വര്‍ക്കല കൊലക്കുറ്റത്തിന്റെ പേരില്‍ പിടികൂടി ലോക്കപ്പിലടച്ചു. കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിച്ച് ഗരുഡന്‍ തൂക്കം നടത്തി, ലിംഗത്തില്‍ മുളകുപൊടി പുരട്ടി, എന്നിട്ടും പോലീസിനു ഇതുവരെ കൊലപാതകം നടത്തിയത് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരാണെന്നതിനു തെളിവൊന്നും കണ്ടെത്താനായില്ല. പക്ഷേ മാദ്ധ്യമങ്ങളുടെ കൃപ, ജനമദ്ധ്യത്തില്‍ ഡി.എച്ച്.ആര്‍.എം. ഭീകരപ്രവര്‍ത്തകരും സൂക്ഷിക്കേണ്ടവരുമായിക്കഴിഞ്ഞു. ദളിതര്‍ക്കു സംഘടിച്ചു മുന്നേറാനുള്ള ഒരു സുവര്‍ണ്ണാവസരത്തിലാണ് 'വിശ്വസനീയ കേന്ദ്രങ്ങള്‍' മുളകുപൊടി പുരട്ടിയിരിക്കുന്നത്.

ഇങ്ങനെ വിശ്വസനീയ കേന്ദ്രങ്ങള്‍ പത്രങ്ങളിലൂടെ തകര്‍ത്ത ജീവിതങ്ങള്‍ ഒരുപാടാണ്. ഈ വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കിയ വാര്‍ത്ത കൊടുത്ത് പത്രങ്ങള്‍ ഒരുപാടുപേര്‍ക്ക് പേര്‍ക്കു സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാനാവാതെയാക്കി, പലരെയും കണ്ണീര്‍ കുടിപ്പിച്ചു.

പക്ഷേ വാര്‍ത്ത തെറ്റാണെങ്കിലോ? അവിടെയാണ് അനോണിമിറ്റിയുടെ ഏറ്റവും വലിയ ഗുണം. വിവരം നല്‍കുന്നത് ആരാണ് എന്നു വായനക്കാര്‍ അറിയാത്തതുകൊണ്ട് വിവരം നല്‍കുന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല. ഒരു പത്രവും തെറ്റു തിരുത്താറില്ല; മലയാളം പത്രങ്ങള്‍ക്കു തെറ്റു പറ്റാറുമില്ല!

"'വിശ്വസനീയമായ കേന്ദ്രങ്ങള്‍' ഡി.എച്ച്. ആര്‍.എം. എന്ന ദളിത സംഘടനയെ ഭീകര പ്രവര്‍ത്തകരാക്കി. പിന്നാലെ പോലീസ് അവരുടെ നേതാവിനെ വര്‍ക്കല കൊലക്കുറ്റത്തിന്റെ പേരില്‍ പിടികൂടി ലോക്കപ്പിലടച്ചു. കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിച്ച് ഗരുഡന്‍ തൂക്കം നടത്തി, ലിംഗത്തില്‍ മുളകുപൊടി പുരട്ടി, എന്നിട്ടും പോലീസിനു ഇതുവരെ കൊലപാതകം നടത്തിയത് ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരാണെന്നതിനു തെളിവൊന്നും കണ്ടെത്താനായില്ല. പക്ഷേ മാദ്ധ്യമങ്ങളുടെ കൃപ, ജനമദ്ധ്യത്തില്‍ ഡി.എച്ച്.ആര്‍.എം. ഭീകരപ്രവര്‍ത്തകരും സൂക്ഷിക്കേണ്ടവരുമായിക്കഴിഞ്ഞു. ദളിതര്‍ക്കു സംഘടിച്ചു മുന്നേറാനുള്ള ഒരു സുവര്‍ണ്ണാവസരത്തിലാണ് 'വിശ്വസനീയ കേന്ദ്രങ്ങള്‍' മുളകുപൊടി പുരട്ടിയിരിക്കുന്നത്." വിശ്വസനീയ കേന്ദ്രങ്ങള്‍ കുറച്ചുനാളായി കൊലപാതകിയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മറ്റൊരാള്‍ സുഭാഷ് എന്ന എന്‍ഐറ്റി അദ്ധ്യാപകനാണ്. സുഭാഷ് കൊലപാതകിയാണെന്നും വ്യക്തമായ തെളിവുകള്‍ കിട്ടിയെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ പലതവണ മുഖ്യധാരാ പത്രങ്ങള്‍ക്കു വാര്‍ത്ത കൊടുത്തു, പത്രങ്ങള്‍ വെണ്ടയ്ക്കയില്‍ ആഘോഷിച്ചു, പക്ഷേ പോലീസിന്റെയോ കോടതിയുടെയോ മുന്നില്‍ ഈ വിശ്വസനീയ കേന്ദ്രങ്ങളുടെ തെളിവുകളെല്ലാം നനഞ്ഞ പടക്കങ്ങളായി, ഇന്ദുവിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നു, എന്തായാലും അതുമാത്രം പത്രങ്ങള്‍ വെണ്ടക്കാ വലിപ്പത്തില്‍ കൊടുത്തില്ല.

കാലങ്ങളായി തുടരുന്ന ഈ മഞ്ഞപ്പത്രപ്രവര്‍ത്തന പശ്ചാത്തലത്തിലാണ്, ഇതാ റിപ്പോര്‍ട്ടര്‍ ടി.വി, ഒരു വിശ്വസനീയ കേന്ദ്രത്തെ വെളിപ്പെടുത്തിയത്.

അനോണിയെ വെളിപ്പെടുത്തുകയോ? ഇന്റര്‍നെറ്റിലും പുറത്തുമുള്ള പത്രപ്രവര്‍ത്തക വൃന്ദം ഞെട്ടല്‍ രേഖപ്പെടുത്തി. ഇനി ഏത് അനോണിയാണ് തങ്ങള്‍ക്കു രഹസ്യ വാര്‍ത്തകള്‍ ചോര്‍ത്തിത്തരിക, പതിനാലും പതിനാറും താളുകള്‍ ദിവസവും എങ്ങനെയാണ് നിറയ്ക്കുക എന്ന് പത്രപ്രവര്‍ത്തകര്‍ വിലപിക്കുന്നു. റിപ്പോര്‍ട്ടര്‍ ടി.വി. ഒരിക്കലും അനോണിയെ വെളിപ്പെടുത്തരുതായിരുന്നു, ചെയ്തത് ചെറ്റത്തരമാണ്, കേരളത്തിന്റെ പത്രപ്രവര്‍ത്തന പാരമ്പര്യമാണ് കളഞ്ഞുകുളിച്ചത്, പത്രപ്രവര്‍ത്തകരും അനോണികളും തമ്മിലുള്ള സനാതനബന്ധത്തിന്റെ പൊക്കിള്‍ക്കൊടിയിലാണ് റിപ്പോര്‍ട്ടര്‍ വെട്ടിയത് എന്നിങ്ങനെ വിലാപങ്ങള്‍ പോകുന്നു.

ഇവിടെ മറന്നുപോകുന്ന മറ്റൊരു സമീപകാല സംഭവമുണ്ട്: 2ജി വിവാദം. മന്ത്രിസഭാ രൂപീകരണത്തില്‍ കോര്‍പ്പറേറ്റുകള്‍ ഇടപെടുന്നതിനെപ്പറ്റി എന്‍.ഡി.ടി.വിയിലെ ബര്‍ഖാദത്തിനു നീരാ റാദിയ എന്ന വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും തല്‍സമയം വിവരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. ബര്‍ഖാദത്ത് അനോണി-മാദ്ധ്യമപ്രവര്‍ത്തന സുവര്‍ണ്ണ നിയമങ്ങള്‍ ലംഘിച്ചില്ല. ഇരുപത്തിനാലും എന്‍.ഡി.ടി.വി.യില്‍ നിറഞ്ഞുനന്ന അവര്‍ ഒരിക്കലും നീരാ റാദിയയെപ്പറ്റി പരാമര്‍ശിച്ചില്ല. ഈ വിവാദത്തെപ്പറ്റി മിക്കവാറും എല്ലാ പത്രങ്ങളും എഴുതാന്‍ മടിച്ചപ്പോഴും ഇതെപ്പറ്റി ധീരമായി എഴുതിയ ഓപ്പണ്‍ മാഗസിന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍, മനു ജോസഫ്, ബര്‍ഖാ ദത്തിനോടു ചോദിച്ചത് - ബര്‍ഖാ, വാസ്തവത്തില്‍ ഏറ്റവും വലിയ വാര്‍ത്ത - കോര്‍പ്പറേറ്റുകള്‍ ഇന്ത്യയിലെ മന്ത്രിസഭയില്‍ ആരാകണം മന്ത്രി എന്നു നിശ്ചയിക്കുന്നു എന്നതല്ലേ, അതെന്താണ് കാണാതെ പോയത്?, എന്നാണ്.

"ബാലകൃഷ്ണപിള്ളയൊക്കെ പൊളിച്ചടുക്കേണ്ട അനോണികളാണ്. ചെളിയില്‍ മുങ്ങി നില്‍ക്കുന്നതുകൊണ്ടാണ് ബാലകൃഷ്ണപിള്ളയെ നാറുന്നു എന്ന് അറിയാന്‍ പറ്റാത്തത്. സ്വയം പൂണ്ടുനില്‍ക്കുന്നത് ചെളിയിലാണ് എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും നമ്മുടെ പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരട്ടെ." ഇത് ഓര്‍ക്കുന്ന ഒരാള്‍ക്ക് - അരണയുടെ മറവി ഇല്ലാത്ത ഒരാള്‍ക്ക് - ജയിലില്‍ക്കിടക്കുന്ന ഒരു കുറ്റവാളി യഥേഷ്ടം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു, നിര്‍ബാധം തന്റെ രാഷ്ട്രീയ പാര്‍ട്ടിയെയും അനുചരരെയും നിയന്ത്രിക്കുന്നു എന്ന വാര്‍ത്ത എങ്ങനെ കാണാതെ പോകാന്‍ കഴിയും?മരങ്ങള്‍ കാണുന്നുണ്ട്, പക്ഷേ കാടു കാണാന്‍ വയ്യ എന്നാണോ? ബര്‍ഖാദത്ത് നീരാ റാദിയ എന്ന വിവരസ്രോതസ്സിനെ സംരക്ഷിച്ചതുപോലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലകൃഷ്ണപിള്ള എന്ന വിവരസ്രോതസ്സിന്റെ അനോണിമിറ്റി സംരക്ഷിക്കണം എന്നാണോ നമ്മുടെ പത്രപ്രവര്‍ത്തകര്‍ കരുതുന്നത്?

ഇന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ വാര്‍ത്ത ചോര്‍ത്തി നല്‍കുന്ന പല അനോണികളും ഇന്റലിജന്‍സ് ബ്യൂറോ, സ്റ്റേറ്റ് പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരാണ് എന്നറിയുമ്പൊഴാണ്, വാര്‍ത്തകള്‍ക്കു പിന്നില്‍ പലപ്പൊഴും ഇവര്‍ക്കു വ്യക്തമായ താല്പര്യങ്ങള്‍ ഉണ്ടാകാം എന്നറിയുമ്പൊഴാണ്, അഭ്യൂഹങ്ങള്‍ വാര്‍ത്തകളാകുന്നതിലെ വിഷം മനസിലാകുന്നത്.

വാസ്തവത്തില്‍ ഈ അനോണികള്‍ ഇല്ലെങ്കില്‍ എന്തുപറ്റും?

സ്വാഭാവികമായും പതിനാലു കോളം എങ്ങനെ നിറയ്ക്കും എന്ന് പത്രങ്ങള്‍ക്ക് ആശങ്കപ്പെടാം. സൂചനകള്‍, ഊഹാപോഹങ്ങള്‍ എന്നിവ വലിയ തോതില്‍ കുറയും, പത്രത്താളുകളില്‍ കുറെ സ്ഥലം വെറുതേ ഒഴിച്ചിടേണ്ടി വരുമായിരിക്കും. (അടിയന്തിരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ്പിനോടുള്ള പ്രതിഷേധസൂചകമായി പത്രങ്ങള്‍ കോളങ്ങള്‍ വെറുതേ ഒഴിച്ചിട്ടു എന്നു കേട്ടിട്ടുണ്ട്, ഇപ്പോള്‍ വാര്‍ത്തകിട്ടാതെ താളുകള്‍ ഒഴിച്ചിടേണ്ടി വന്നേക്കാം). പക്ഷേ ബാക്കിയുള്ള താളുകളില്‍ വരുന്ന വാര്‍ത്തകള്‍ക്കു പിതൃത്വമുണ്ടായിരിക്കും, വാര്‍ത്താ സ്രോതസ്സിനു ഊരും പേരുമുണ്ടായിരിക്കും. അതുകൊണ്ടു തന്നെ വാത്തകളുടെ വിശ്വാസ്യത ഉയരും. തെറ്റായ വാര്‍ത്തകളുടെ ശതമാനം കുറയും. വാര്‍ത്തകള്‍ക്കും അതു നല്‍കുന്നവര്‍ക്കും ഉത്തരവാദിത്വം ഉയരും, അഭ്യൂഹങ്ങളും പകല്‍ക്കിനാവുകളും വാര്‍ത്തകളുടെ രൂപമെടുത്ത് ഒന്നാം പേജില്‍ നിറയുന്നത് നില്‍ക്കും. അതായത്, മുഖ്യധാരാ ജേണലിസം ടാബ്ലോയിഡ് സ്വഭാവം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.

ഒരു കാര്യം കൂടി ഓര്‍ക്കണം. പൊലീസിനേയും ഭരണകൂടത്തേയും പലവിധത്തിലും പ്രലോഭിപ്പിച്ചും സ്വാധീനിച്ചും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്ന ഒരു പത്രം, ആ സെന്‍സേഷണലിസത്തിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലില്‍ മൂക്കും കുത്തി വീണ് പൂട്ടിപ്പോയി. നൂറ്റമ്പതു വര്‍ഷം പഴക്കമുള്ള "ന്യൂസ് ഓഫ് ദ് വേള്‍ഡ്", ബ്രിട്ടനില്‍ അധാര്‍മിക പത്രപ്രവര്‍ത്തനത്തെത്തുടര്‍ന്ന് പൂട്ടി. പ്രശസ്തമായ സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ പത്രവുമായുള്ള ബന്ധത്തിന്റെ പേരില്‍ രാജിവച്ചു. പത്രത്തിന്റെ മുതലാളി മര്‍ഡോക്ക് മാപ്പുപറഞ്ഞു. ഇതൊക്കെ അങ്ങുദൂരെ ബ്രിട്ടനില്‍ മാത്രമേ നടക്കൂ, അവിടത്തെ റ്റാബ്ലോയിഡ് ജേണലിസമല്ല ഇവിടത്തെ റ്റാബ്ലോയിഡ് ജേണലിസം എന്നു വിചാരിക്കരുത്.
 
ബാലകൃഷ്ണപിള്ളയൊക്കെ പൊളിച്ചടുക്കേണ്ട അനോണികളാണ്. ചെളിയില്‍ മുങ്ങി നില്‍ക്കുന്നതുകൊണ്ടാണ് ബാലകൃഷ്ണപിള്ളയെ നാറുന്നു എന്ന് അറിയാന്‍ പറ്റാത്തത്. സ്വയം പൂണ്ടുനില്‍ക്കുന്നത് ചെളിയിലാണ് എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും നമ്മുടെ പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരട്ടെ.

No comments:

Post a Comment