Sunday, April 15, 2012

ഒന്നും പഠിക്കാത്ത കോണ്‍ഗ്രസ്


Dated: March 24, 2012

2004ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ കേരളത്തിലെ രാഷ്ട്രീയ പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തിയ ബി.ബി.സി റേഡിയോവിലെ രണ്ടു വനിതാ പ്രതിനിധികളോടൊപ്പം നഗരം ചുറ്റുന്നതിനിടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന്‍െറ പൂര്‍ണകായ പോസ്റ്റര്‍ അവരിലൊരാളുടെ ശ്രദ്ധ പിടിച്ചുപറ്റി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സൗകുമാര്യവും വശ്യമായ പുഞ്ചിരിയും അവരെ വല്ലാതെ ആകര്‍ഷിച്ചെന്ന് തോന്നുന്നു. ‘ഈ മണ്ഡലത്തില്‍ എത്രശതമാനം സ്ത്രീ വോട്ടര്‍മാരുണ്ട്’-അയര്‍ലന്‍ഡുകാരിയുടെ പൊടുന്നനെയുള്ള ചോദ്യത്തിന് 50ശതമാനത്തോളം വരുമെന്ന് പറഞ്ഞ് മെല്ലെ തടിയൂരി. മറുപടി കേട്ടപ്പോള്‍ ആവേശപൂര്‍വം അവര്‍ ഒരു പ്രവചനം നടത്തി. ഈ സ്ഥാനാര്‍ഥി ജയിക്കുമെന്നുറപ്പ് ! കാരണം? ഇത്രക്കും സ്മാര്‍ട്ടായ സ്ഥാനാര്‍ഥിക്കല്ലാതെ മറ്റാര്‍ക്കാണ് യുവാക്കളും സ്ത്രീകളും വോട്ട് ചെയ്യുക?’ ഇന്ത്യയിലെ ജനങ്ങള്‍ വളരെ ചിന്തിച്ചാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതെന്നും മുഖസൗന്ദര്യമോ ആകാരസൗഷ്ഠവമോ അല്ല അവര്‍ നോക്കുന്നതെന്നും മനസ്സിലാക്കികൊടുക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു. രണ്ടാഴ്ചക്കുശേഷം ലണ്ടനില്‍നിന്നുള്ള അന്വേഷണത്തിന് മാഡത്തിന്‍െറ ‘സ്മാര്‍ട്ട് കാന്‍ഡിഡേറ്റ്’ തോറ്റെന്നും വയോധികനായ പി.കെ. വാസുദേവന്‍ നായരാണ് ജയിച്ചതെന്നും മറുപടി നല്‍കിയപ്പോള്‍ അവരുടെ പ്രതികരണം അല്‍പം പരിഹാസത്തോടെയായിരുന്നു: അയ്യേ! സൗന്ദര്യബോധം തൊട്ടുതീണ്ടാത്ത വര്‍ഗം!
സൗന്ദര്യബോധത്തേക്കാള്‍ രാഷ്ട്രീയ ബോധമുള്ളവരാണ് ഉത്തര്‍പ്രദേശില്‍, വളരെ ‘സ്മാര്‍ട്ട് ’ ആയ രാഹുല്‍-പ്രിയങ്ക സഹോദരങ്ങളുടെ അധികാര സ്വപ്നം നിഷ്കരുണം തകര്‍ത്തത്. ഫെബ്രുവരി 14ന്, അമത്തേിയില്‍ സ്ത്രീകള്‍ തിങ്ങിക്കൂടിയ ഒരു റാലിയില്‍ പ്രിയങ്ക ആവേശപൂര്‍വം പറഞ്ഞു; ‘ഞങ്ങളുടെ തറവാട് മണ്ഡലങ്ങളായ അമത്തേിയിലെയും റായ്ബറേലിയിലെയും പത്തില്‍ പത്ത് സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് ഞങ്ങള്‍ മമ്മിക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്.’ ഉദ്ബുദ്ധ ജനം സോണിയാപുത്രിക്ക് ഒരുറപ്പും കൊടുത്തിരുന്നില്ലെന്ന് ഫലംവന്നപ്പോള്‍ തെളിഞ്ഞു. റായ്ബറേലിയിലെ അഞ്ചു സീറ്റിലും മമ്മിയുടെ പാര്‍ട്ടി തോറ്റു. അമത്തേിയില്‍ രണ്ടുസീറ്റ് സമാജ്വാദി പാര്‍ട്ടി പിടിച്ചെടുത്തു.
അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും പിടിച്ചെടുക്കലിന്‍െറയും ബാലന്‍സ്ഷീറ്റ് സത്യസന്ധമായി പരിശോധിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനോട് ലവലേശം സഹതാപം തോന്നാന്‍ സാധ്യതയില്ല. കാരണം, ആറര പതിറ്റാണ്ടിന്‍െറ ജനായത്ത അനുഭവങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസ് കാപട്യത്തിന്‍െറയും ഇരട്ടത്താപ്പിന്‍െറയും ശൈലി തിരുത്താന്‍ തയാറായിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലത്തെ അനുഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. പാളിച്ചകളില്‍നിന്ന് പാളിച്ചകളിലേക്കാണ് സോണിയയുഗത്തിലും കോണ്‍ഗ്രസിന്‍െറ പോക്ക്. അതിന്‍െറ മ്ളേച്ഛമായ കുറെ ചിത്രങ്ങളാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍െറ നാളുകളില്‍ നാം കണ്ടത്. സച്ചാര്‍ കമ്മിറ്റിയുടെയും രംഗനാഥ് മിശ്ര കമിഷന്‍െറയും റിപ്പോര്‍ട്ടുകള്‍ തലയണയായിവെച്ച് കൂര്‍ക്കംവലിച്ചുറങ്ങിയ പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിംകള്‍ക്ക് നാലര ശതമാനം സംവരണം വാഗ്ദാനം ചെയ്തു. അത് അധരസേവ മാത്രമാണെന്ന് മനസ്സിലാക്കിയ മുസ്ലിംകള്‍ അശേഷം ആവേശം കൊണ്ടില്ല. പക്ഷേ, ആ പ്രഖ്യാപനം വര്‍ഗീയ, ജാതി ചേരിതിരിവിന് സാഹചര്യമൊരുക്കി. തന്‍െറ പരാജയത്തിന് ഏക കാരണം മുസ്ലിംകളും മാധ്യമങ്ങളുമാണെന്ന് തുറന്നുപറഞ്ഞ മായാവതി കോണ്‍ഗ്രസ് കളിച്ച വൃത്തികെട്ട രാഷ്ട്രീയ പകിടകളിയുടെ അപായ മാനങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്, അഴിമതിനിറഞ്ഞ ദുര്‍ഭരണമാണ് തന്‍െറ പതനത്തിന് വഴിവെച്ചതെന്ന യാഥാര്‍ഥ്യം മൂടിവെക്കാനായിരുന്നുവെങ്കിലും അവര്‍ പറഞ്ഞതിലും കഴമ്പുണ്ടായിരുന്നു. മുസ്ലിംകള്‍ക്ക് നാലര ശതമാനം സംവരണം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദ ഹിന്ദുവും മുസ്ലിമും തമ്മിലുള്ള പോര്‍ക്കളമാക്കി മാറ്റാന്‍ ബി.ജെ.പി പരമാവധി ശ്രമിച്ചു. ഭൂരിപക്ഷ വോട്ടിന്‍െറ ഏകീകരണം ഹിന്ദുത്വ പാര്‍ട്ടിയുടെ തിരിച്ചുവരവിന് വഴിവെച്ചേക്കുമോ എന്ന ആശങ്ക മുസ്ലിംകളെ ഒന്നടങ്കം മുലായമിന്‍െറ പിന്നില്‍ അണിനിരത്തി. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് അശക്തമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും തോറ്റ മുഖ്യമന്ത്രി പറയുന്നു. എന്തുകൊണ്ട് 2007ലെ തെരഞ്ഞെടുപ്പില്‍ സവര്‍ണ, മുസ്ലിം, ദലിത് വോട്ടര്‍മാരെ തന്‍െറ പിന്നില്‍ ഫലപ്രദമായി അണിനിരത്തിയ തനിക്ക് ഇത്തവണ അതിന് സാധിച്ചില്ലെന്ന ചോദ്യത്തിന് മായാവതിയുടെ പക്കല്‍ ഉത്തരമുണ്ടാവില്ല.
കാലംമാറിയതും ഇന്ത്യന്‍ വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്‍െറ തെളിവാണ് പ്രചാരണ ഗോദയില്‍ കണ്ട ഗിമ്മിക്കുകളെല്ലാം. ഇലക്ഷന്‍ കമീഷന്‍ തന്‍െറ തലയെടുത്താലും ശരി മുസ്ലിംകള്‍ക്ക് നാലര ശതമാനം സംവരണം നല്‍കിയേ അടങ്ങൂവെന്ന കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്‍െറ ആക്രോശങ്ങള്‍ മുസ്ലിം വോട്ടര്‍മാരെല്ലാം വിഡ്ഢികളാണ് എന്ന തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഫാറൂഖാബാദ് മണ്ഡലത്തില്‍ മത്സരിക്കുന്ന തന്‍െറ ഭാര്യ ലൂയി സല്‍മാനെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കുകയായിരുന്നു കേന്ദ്രമന്ത്രിയുടെ നാടകം കളിയുടെ പിന്നിലെന്ന് മനസ്സിലാക്കിയ വോട്ടര്‍മാര്‍ ആ കാപട്യത്തിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കി. അഞ്ചാം സ്ഥാനംകൊണ്ട് മന്ത്രിപത്നിക്ക് തൃപ്തിപ്പെടേണ്ടിവന്നു. കോണ്‍ഗ്രസിലെ ‘ഹിന്ദുത്വവിരുദ്ധ’മുഖമായി മീഡിയ എടുത്തുകാട്ടാറുള്ള ദ്വിഗ്വിജയ് സിങ് പ്രചാരണ കൂതൂഹലങ്ങള്‍ക്കിടയില്‍ വലിയൊരു പച്ചക്കള്ളം തട്ടിവിട്ടു; ബട്ല ഏറ്റുമുട്ടലിന്‍െറ വീഡിയോ ചിത്രംകണ്ട് മാഡം സോണിയ പൊട്ടിക്കരഞ്ഞെന്ന്. ഭരണകൂട ഭീകരതയുടെ താണ്ഡവമേറ്റ് ജയിലുകളില്‍ നരകയാതനകള്‍ അനുഭവിക്കുന്ന സ്വന്തം മക്കളുടെ കണ്ണീര്‍ കണ്ട് പൊട്ടിക്കരഞ്ഞ കുറെ ഉമ്മമാരുടെ ശാപം കോണ്‍ഗ്രസിനെ പിന്തുടരുന്നുണ്ട് എന്ന് ഇതുവരെ മനസ്സിലാക്കാതിരുന്നതാണ് ആ പാര്‍ട്ടിയെ നാണംകെട്ട തോല്‍വിയിലേക്ക് നടത്തിച്ചത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പൊലീസ് ഭീകരമുദ്രകുത്തി അഅ്സംഗഢില്‍നിന്ന് നിരപരാധികളായ പണ്ഡിതന്മാരെയും ചെറുപ്പക്കാരെയും പിടിച്ചുകൊണ്ടുപോയപ്പോള്‍ ഒരു പ്രദേശമാകെ രോഷാഗ്നിയാല്‍ ആളിക്കത്തി. അതിന്‍െറ പ്രത്യാഘാതം തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്യമായി പ്രതിഫലിച്ചു. പ്രദേശത്തെ നാല് സീറ്റിലും മുസ്ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചു; സമാജ്വാദി പാര്‍ട്ടിയുടെ ലേബലില്‍. എസ്.പിയുടെ അഅ്സംഖാന് 95,000 വോട്ട് കിട്ടിയപ്പോള്‍ അമര്‍സിങ്-ജയപ്രദ ഗ്രൂപ്പിന്‍െറ സ്ഥാനാര്‍ഥിക്ക് 5000വോട്ട് തികക്കാന്‍ കഴിഞ്ഞില്ല.
ഓരോ വോട്ടും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍, അതീവ സൂക്ഷ്മതയോടെയാണ് മുസ്ലിംകള്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് നിഷ്ക്രിഷ്ടമായ അപഗ്രഥനത്തില്‍ വായിച്ചെടുക്കാം. ബാബരിമസ്ജിദിന്‍െറ തകര്‍ച്ചക്ക് കാരണക്കാരനായ കല്യാണ്‍ സിങ്ങുമായി ചങ്ങാത്തം കൂടിയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുലായമിനെ കൈവിടാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതരാക്കിയത്്. അതിനു മാപ്പുപറഞ്ഞുവെന്ന് മാത്രമല്ല, പാര്‍ട്ടിയെ കോര്‍പറേറ്റ് പ്രഭുക്കളുടെ അരമനകളിലേക്ക് വലിച്ചിഴച്ച, സവര്‍ണ ജീര്‍ണതകളുടെ പര്യായമായ അമര്‍സിങ്ങിനെ പുറന്തള്ളുകയും ചെയ്തു. ഓരോ മണ്ഡലത്തിന്‍െറയും നാഡീസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് എസ്.പി മത്സരിപ്പിച്ചത്. അങ്ങനെയാണ് 25ശതമാനത്തിന് മുകളില്‍ മുസ്ലിംകളുള്ള 85 മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ അഖിലേഷ് യാദവ് എന്ന യഥാര്‍ഥതാരം പരീക്ഷിക്കുന്നത്. ഇതില്‍ 43പേര്‍ വിജയം കണ്ടു. അതോടെ ഭരണം ‘നേതാജി’യുടെ കാല്‍ക്കലേക്ക് ചെന്നു. സമാജ്വാദി പാര്‍ട്ടിക്ക് വിജയസാധ്യതയില്ലെന്ന് ഉറപ്പായ മണ്ഡലങ്ങളില്‍ മാത്രമാണ് മുസ്ലിംകള്‍ മറ്റു സെക്കുലര്‍ പാര്‍ട്ടികളെ സഹായിച്ചത്. ബുദ്ധിപൂര്‍വമുള്ള ആ കരുനീക്കം യു.പി നിയമസഭയിലെ മുസ്ലിം പ്രാതിനിധ്യം നിലവിലെ 56നിന്ന് 69ലേക്ക് ഉയര്‍ത്തി. ( എസ്.പി -43, ബി.എസ്.പി- 16, കോണ്‍ഗ്രസ് -4, പീസ് പാര്‍ട്ടി -3, ഖൗമി ഏകതാ ദള്‍-2, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍-1 ). ചരിത്രത്തില്‍ ഇതാദ്യമായിരിക്കാം ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ജനസംഖ്യക്ക് ആനുപാതികമായി സഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.
സ്വാതന്ത്ര്യലബ്ധി തൊട്ട് എണ്‍പതുകളുടെ ഒന്നാം പാദം വരെ കോണ്‍ഗ്രസിനെയായിരുന്നു യു.പി മുസ്ലിംകള്‍ പിന്തുണച്ചിരുന്നത്. നിരന്തരമായ വര്‍ഗീയ കലാപങ്ങളുടെ ശനിരാശികളില്‍ ഒരു ജനതയെ അസ്തിത്വദു$ഖത്തിന്‍െറയും അന്യവത്കരണത്തിന്‍െറയും തമോഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ടും ഇന്ദിര ഗാന്ധിയുടെ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാതിരുന്നത് അവരുടെ മുന്നില്‍ ഒരു മതേതര ബദല്‍ ഇല്ലാത്തതുകൊണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാലഘട്ടമാണ് കോണ്‍ഗ്രസുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റാന്‍ മുസ്ലിംകളെ നിര്‍ബന്ധിതരാക്കിയത്. ബാബരിമസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍, പാര്‍ട്ടിയുടെ ജന്മബാധ്യത വിസ്മരിച്ച് കോണ്‍ഗ്രസ് സ്വീകരിച്ച ഭൂരിപക്ഷ പ്രീണനനയം ആ പാര്‍ട്ടിയുടെ ശിഥിലീഭവത്തിന് വഴിവെച്ചു എന്നുമാത്രമല്ല ഹിന്ദുത്വയെ പരിപോഷിപ്പിക്കുന്നതിലും ബി.ജെ.പിയെ രണ്ടംഗ ബലത്തില്‍നിന്ന് രാജ്യംഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്തുന്നതിലും മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ അനുവദിച്ചതും ബാബരിമസ്ജിദിന്‍െറ കവാടങ്ങള്‍ പൂജക്കായി തുറന്നുകൊടുത്തതും എല്ലാറ്റിനുമൊടുവില്‍ പള്ളി ധ്വംസനത്തിന് മൗനാനുവാദം നല്‍കിയതും കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിടാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചരിത്രസന്ധിയില്‍ നാമ്പെടുത്ത ദലിത്, യാദവ സ്വത്വ ബദല്‍ പരീക്ഷണമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരം കൈയാളുമ്പോഴും ഊനംതട്ടാതെ ജൈത്രയാത്ര നടത്തുന്നത്. ജനത്തിന്‍െറ ആഭിമുഖ്യം തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ തൊട്ടറിയുന്ന പ്രാദേശിക കക്ഷികളോടാണ്. അല്ലാതെ ആകാശത്തുനിന്ന് ചരടുകെട്ടി തങ്ങളുടെ തലക്കുമീതെ കൊണ്ടിറക്കുന്ന കുടുംബവാഴ്ചയുടെ പുത്തനവതാരങ്ങളോടല്ല. സംഘടനാ അടിത്തറയില്ലാതെ രാഹുലും പ്രിയങ്കയും എത്ര കാതങ്ങള്‍ ഊരുചുറ്റിയാലും കാണാന്‍ ആളുകൂടുമെന്നല്ലാതെ പെട്ടിയില്‍ വോട്ട്് വീഴില്ല. ‘രാഹുല്‍ മാജിക്’കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്. ഒരുവേള ആ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാത്ത കാലത്തോളം സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നുറപ്പ്. ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക. അല്ലാതെ, നെഹ്റു കുടുംബത്തിന്‍െറ കുലമഹിമ തങ്ങളെ രക്ഷിക്കുമെന്ന് കരുതിയിരിക്കാന്‍ തന്നെയാണ് ഭാവമെങ്കില്‍ 2014ല്‍ ദല്‍ഹി സിംഹാസനത്തില്‍ ഇരിക്കുന്നത് രാഹുലിന് പകരം ദേവഗൗഡയുടെ ഗണത്തില്‍പെട്ട ഏതെങ്കിലും അജ്ഞാതനാമമായിരിക്കും.

No comments:

Post a Comment