Sunday, April 15, 2012

സോമാലിയക്കാരുടെ സ്വപ്നവും കടല്‍ കൊള്ളയും തമ്മിലെന്തു ബന്ധം?


Dated: January 28, 2012

പണം എങ്ങനെ വന്നാലും അത് ഞങ്ങളുടെ നഗരത്തിന് ജീവന്‍ വയ്പ്പിച്ചു. ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ ഭക്ഷണത്തെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടുന്നില്ല. അവര്‍ മദ്രസകളില്‍ പോവുന്നു. വൈകീട്ട് ഫുട്ബോള്‍ കളിക്കുന്നുമുണ്ട്. ഞങ്ങള്‍ സന്തുഷ്ടരാണ്.' സോമാലിയയിലെ ഹരാര്‍ധീര്‍ നഗരത്തിലെ ഒരു സ്ത്രീ സന്തോഷത്തോടെ പറഞ്ഞതായി 2008ല്‍ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോകത്തിന്റെ കണ്ണില്‍ സോമാലിയയിലേത് കടല്‍ക്കൊള്ളയാണെങ്കിലും അവിടത്തെ ജനങ്ങളെ സംബന്ധിച്ചിടുത്തോളം അത് മറ്റു ചിലതുകൂടിയാണ്.
ദശകങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തിനും സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ലോകത്തിനു മുന്നില്‍ അവശേഷിക്കുന്ന ചിത്രം തീര്‍ച്ചയായും കൊള്ളയുടേതാണെങ്കിലും. 1991 വരെയും നിലനിന്നിരുന്ന വ്യവസ്ഥാപിത ഭരണകൂടം നിലംപതിക്കുന്നതുവരെയും രാജ്യത്തെ 50 ശതമാനം ജനങ്ങളും കന്നുകാലികളെ വളര്‍ത്തിയും ചെറുകിട കാര്‍ഷിക വൃത്തി ചെയ്തുമാണ് ജീവിച്ചിരുന്നത്. 1970-80 കാലത്ത് ഐ.എം.എഫ് നേതൃത്വം കൊടുത്തു നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങള്‍ രാജ്യത്തെ സ്വാഭാവിക സമ്പദ്ഘടനയെ താറുമാറാക്കി. കാര്‍ഷികമേഖല തകര്‍ന്നു. മൃഗ സംരക്ഷണമേഖലയിലെ സ്വകാര്യ നിക്ഷേപം പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കി. രാജ്യം പാപ്പരത്തത്തിലേക്കും ജനങ്ങള്‍ ദാരിദ്യ്രത്തിലേക്കും കൂപ്പുകുത്തി. ഇത് മറികടക്കാന്‍ സാമ്രാജ്യത്വരാജ്യങ്ങളുടെ നേതൃത്വത്തില്‍ 'ഭക്ഷ്യ സഹായ' വിതരണം ആരംഭിച്ചു. ഓരോ വര്‍ഷവും ഈ 'സഹായം' 30 ശതമാനം കണ്ട് വളര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
1981 ലെ സോമാലി നാണയമായ ഷില്ലിങ്ങിനുണ്ടായ മൂല്യത്തകര്‍ച്ചയുടെ കാലത്ത് ഈ 'ഭക്ഷ്യ ധാന്യ സഹായം' സര്‍ക്കാര്‍ പൊതു വിപണിയില്‍ വിറ്റഴിക്കാന്‍ തുടങ്ങി. ഇതില്‍ നിന്നുള്ള വരുമാനമായിരുന്നു സര്‍ക്കാര്‍ റവന്യൂവിലെ മുഖ്യ ഇനം എന്നത്, ഭക്ഷ്യസഹായവും സോമാലിയന്‍ സമ്പദ്ഘടനയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിനു തെളിവാണ്. ഇതിനൊക്കെപ്പുറമെ വലിയൊരു കടല്‍ത്തീരമുള്ള സോമാലിയയില്‍ മീന്‍പിടിത്തം കൊണ്ട് ജീവിക്കുന്ന വലിയൊരു ജനവിഭാഗവുമുണ്ട്.
1991നു ശേഷമുണ്ടായ രാഷ്ട്രീയ അരാജകത്വത്തിന്റെ കാലത്ത് സോമാലി കടല്‍ത്തീരം യൂറോപ്യന്‍ ട്രോളറുകളുടെ വിഹാരഭൂമിയായിരുന്നു. മല്‍സ്യസമ്പത്തുകൊണ്ട് സമ്പന്നമായ ഈ കടലിനെ വിദേശട്രോളറുകള്‍ വളരെ പെട്ടെന്ന് വരണ്ടതാക്കി മാറ്റി. കൂടാതെ, ലോകത്തിന്റെ വിവിധപ്രദേശങ്ങളില്‍ നിന്നുള്ള വിഷാംശമുള്ള മാലിന്യങ്ങള്‍ സോമാലി കടല്‍ത്തീരത്ത് മറ്റു രാജ്യങ്ങള്‍ നിക്ഷേപിക്കുന്നതും ഇക്കാലയളവിലാണ്. വിദേശ ട്രോളറുകളുടെ ചൂഷണവും മാലിന്യനിക്ഷേപവും കൂടി സോമാലി മുക്കുവരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുത്തി. ഇതിനെതിരെയുള്ള ആഭ്യന്തര ചെറുത്തു നില്‍പ്പായാണ് 'കടല്‍ക്കൊള്ള' ആരംഭിക്കുന്നത്.

No comments:

Post a Comment